മേരിയുടെ സ്വന്തം ലിജോ
Story Written by Saji Thaiparambu
ഇന്നെന്താ മോനേ.. കളക്ഷൻ കുറവായിരുന്നോ? നിൻ്റെ മുഖമെന്താ വാടിയിരിക്കുന്നത് ?
ബസ്റ്റാൻഡിൽ പബ്ലിക് ടെലഫോൺ ബൂത്ത് നടത്തുന്ന മകൻ ലിജോ വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ
അമ്മ മേരി അവനോട് ജിജ്ഞാസയോടെ ചോദിച്ചു.
കളക്ഷൻ ഒക്കെ ഉണ്ടായിരുന്നമ്മേ.. പക്ഷേ ഇന്നലെ ഒരാൾ എന്നെ കബളിപ്പിച്ചു, ഞാനതറിയുന്നത് ഇന്നാണ്
ആരാ മോനേ… ആ ദുഷ്ടൻ? നീയൊരു അന്ധനാണെന്നറിഞ്ഞിട്ടു പോലും നിന്നെ കബളിപ്പിക്കാനും മാത്രം മനുഷ്യത്വമില്ലാത്തവനായിരുന്നോ അയാൾ?
അതേ അമ്മേ.. എന്നെ പോലെയുള്ളവരെ കബളിപ്പിക്കാൻ യാതൊരു പ്രയാസവുമില്ലല്ലോ?
അവൻ വേദനയോടെ പറഞ്ഞു
എന്താ മോനെ സംഭവിച്ചത് ?നീ അതൊന്നു തെളിച്ചു പറയ്
അത് അമ്മേ.. ഇന്നലെ ഒരാൾ ഐ എസ് ഡി കോൾ വിളിക്കാനായി, ബൂത്തിൽ വന്നിരുന്നു, 450 രൂപയ്ക്ക് കോൾ വിളിച്ചു കഴിഞ്ഞപ്പോൾ 500 രൂപ തന്നിട്ട് ഞാൻ കൊടുത്ത ബാക്കി 50 രൂപയുമായി അയാൾ തിരിച്ചുപോയി, ഇന്ന് രാവിലെ കടയുടമ വാടക പിരിക്കാൻ വന്നപ്പോൾ , ആ 500 രൂപ യോടൊപ്പം വേറൊരു 1000 രൂപയുടെ നോട്ടും കൂടെ വെച്ചിട്ടാണ് മുതലാളിക്ക് ഞാൻ വാടക കൊടുത്തത്, മുതലാളി ആ പൈസയുമായി ബാങ്കിൽ പോയി വന്നിട്ട് എന്നെ കുറെ ചീത്ത പറഞ്ഞമ്മേ…
അതെന്തിനാ മോനേ അയാൾ നിന്നെ ചീത്ത പറഞ്ഞത് ?
ഞാൻ അയാൾക്ക് കൊടുത്ത 500 രൂപ കള്ളനോട്ട് ആയിരുന്നെന്ന് ,അയാളുടെ ബന്ധുവായിരുന്നു ബാങ്കിലെ കാഷ്യർ ,അതുകൊണ്ട് മാത്രമാണ് അയാൾ പോലീസ് കേസിൽ പെടാതെ രക്ഷപെട്ടതെന്ന്, ആൾക്കാരെ ഇങ്ങനെ പറ്റിക്കരുതെന്ന് അയാൾ എന്നോട് പറഞ്ഞപ്പോൾ ഞാനാകെ നാണം കെട്ടുപോയമ്മേ .., ആ 500 രൂപ നോട്ട്, ഇന്നലെ ഐ എസ് ഡി വിളിക്കാൻ വന്നയാൾ എനിക്ക് തന്നതാണെന്ന് മുതലാളിയോട് പറഞ്ഞപ്പോഴാണ്, എൻ്റെ നിരപരാധിത്വം മുതലാളിക്ക് മനസ്സിലായത്, എനിക്ക് വയ്യമ്മേ .. ഞാൻ മടുത്തു, എത്രപേരാണ് കാഴ്ച യില്ലാത്തതിൻ്റെ പേരിൽ, സ്ഥിരമായി എന്നെ ഇങ്ങനെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നത്? എന്തിനാണമ്മേ.. ഈശ്വരൻ എന്നോടിങ്ങനെ ക്രൂരത കാണിച്ചത്? എനിക്കിങ്ങനെ ജീവിക്കേണ്ടമ്മേ… എന്നെപ്പോലെയുള്ള ചെറുപ്പക്കാരൊക്കെ ഈ ഭൂമിയിലെ മനോഹരമായ കാഴ്ച കളൊക്കെ കണ്ടാസ്വദിച്ച്, ഒരു കുറവുമില്ലാതെ ജീവിക്കുമ്പോൾ, എനിക്ക് അതിനൊന്നും കഴിയുന്നില്ലല്ലോ? എന്തിന്? എന്നെ ഇത്രയധികം സ്നേഹിക്കുന്ന എൻ്റമ്മയെ പോലും ഞാൻ കണ്ടിട്ടില്ല, ഇനിയൊരിക്കലും അതിന് കഴിയുമെന്നും തോന്നുന്നില്ല ,ഈ ലോകത്തിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയാതെ, എൻ്റെ അമ്മയുടെ മുഖമൊന്ന് കാണാൻ കഴിയാതെ, ഞാൻ മരിച്ചാൽ, എൻ്റെ ആത്മാവിന് പോലും ശാന്തി കിട്ടില്ലല്ലോ അമ്മേ..?
കടുത്ത നിരാശയോടെ ലിജോ അതുപറയുമ്പോൾ, മേരിക്ക് സങ്കടം സഹിക്കാനായില്ല.
എൻ്റെ മോൻ ഇങ്ങനെ വിഷമിക്കാതെടാ , നമ്മൾ ഒത്തിരി ആശുപത്രികളിൽ അപേക്ഷകൾ കൊടുത്തിട്ടുള്ളതല്ലേ? അതു പോരാഞ്ഞ് ജെയിംസ് ഡോക്ടറോടും പറഞ്ഞിട്ടുണ്ടല്ലോ? അവയവദാനത്തിന് ഒരുപാട് പേർ മുന്നോട്ട് വരുന്നുണ്ടെന്നാണ് , അവസാനം കണ്ടപ്പോഴും ഡോക്ടർ പറഞ്ഞത്, എന്നെങ്കിലുമൊരിക്കൽ , അങ്ങനെ വരുന്ന ആരുടെയെങ്കിലും ഒരാളുടെ കണ്ണുകൾ, എൻ്റെ മോന് വേണ്ടി ദൈവം കരുതി വെച്ചിട്ടുണ്ടാവും ,നീ പ്രതീക്ഷ കൈവിടാതിരിക്ക് മോനേ …
മേരി അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
കിഡ്നിയും കരളുമൊക്കെ എടുക്കുന്നതുപോലെ, ജീവിച്ചിരിക്കുമ്പോൾ, ഒരാളുടെ കണ്ണുകളെടുത്ത് മറ്റൊരാൾക്ക് ദാനം ചെയ്യാൻ കഴിയില്ലമ്മേ… ഒരാൾ മരിച്ചതിനുശേഷം എടുക്കുന്ന കണ്ണുകൾക്ക് വേണ്ടി കാത്തിരിക്കുന്ന ആയിരക്കണക്കിന് പേര് ഇന്നിവിടുണ്ടമ്മേ… അവരൊക്കെ നമ്മളെക്കാൾ എത്രയോ നാളുകൾക്ക് മുമ്പ് പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരാണ്, അവരുടെയൊക്കെ ആവശ്യങ്ങൾ കഴിഞ്ഞ്, നമുക്കുള്ള അവസരം , ഇനി എന്ന് വരുമെന്നാണ് അമ്മ പറയുന്നത്? അപ്പോഴേക്കും അമ്മയും ഞാനുമൊക്കെ ഈ ലോകത്തോട് വിട പറഞ്ഞിരിക്കും , അല്ലെങ്കിൽ പിന്നെ ,എന്നെ സ്നേഹിക്കുന്ന ആരെങ്കിലും ,എന്നോടലിവ് തോന്നിയിട്ട് ,എനിക്ക് കാഴ്ച ലഭിക്കാൻ വേണ്ടി ,മാത്രം സ്വന്തം ജീവൻ ബലി കഴിക്കണം, അങ്ങനെ ,ത്യാഗമനോഭാവമുള്ള ഒരാളും ഇന്നീ ഭൂമിയിൽ ജീവിച്ചിരിപ്പില്ല,
തൻ്റെ മകനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ, ആ പാവം അമ്മ നിസ്സഹായായിരുന്നു പോയി.
പിറ്റേന്ന് ടൗണിലേക്ക് പോകാനിറങ്ങിയ ലിജോയുടെ കയ്യിൽ, ജെയിംസ് ഡോക്ടറെ ഏല്പിക്കുവാനായി, മേരി ഒരു കത്ത് കൊടുത്തു വിട്ടു.
തൻ്റെ കയ്യിൽ കിട്ടിയ കത്ത് തുറന്ന് വായിച്ച ജെയിംസ് ഡോക്ടർ ഞെട്ടി.
മോനെ ലിജോ.. നമുക്ക് ഉടനെ നിൻ്റെ വീട്ടിലേക്ക് പോകണം
ജെയിംസ് ഡോക്ടർ, വെപ്രാളത്തോടെ അവനോട് പറഞ്ഞു.
എന്താ ഡോക്ടർ, എന്തുപറ്റി?
ഡാ നിൻറെ അമ്മ, നിനക്ക് കണ്ണുകൾ തരാനായി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന്, എന്ത് മണ്ടത്തരമാണ് അവർ ചെയ്യാൻ പോകുന്നത് ?ഈ ലോകത്ത് അവന് കാഴ്ച നൽകാൻ വേറെ ആരും ആത്മഹത്യ ചെയ്തില്ലെങ്കിലും അവനെ നൊന്ത് പ്രസവിച്ച താൻ അതിന് തയ്യാറാണെന്നും ,സ്വന്തം മക്കളുടെ സന്തോഷത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള നിരവധി അമ്മമാർ ഈ ലോകത്തുണ്ടെന്നും അവനോട് പറയണമെന്നുമൊക്കെയാണ് കത്തിലുള്ളത് ,എന്താടാ നീ അമ്മയുമായി വഴക്കിട്ടിരുന്നോ?
ഇല്ല ഡോക്ടർ അതിനെക്കുറിച്ചൊക്കെ വിശദമായി നമുക്ക് പിന്നീട് സംസാരിക്കാം, ഇപ്പോൾ നമുക്ക് എൻ്റെ വീട്ടിലേക്ക് പോകാം ഡോക്ടർ, പ്ലീസ് എനിക്കെൻ്റെ അമ്മയെ രക്ഷിക്കണം
ഡോക്ടറുടെ കാറിൽ , തിരിച്ചു വീട്ടിലെത്തിയ ,അവർ കണ്ടത്, വായിലൂടെ നുരയും പതയും ഒലിച്ചിറങ്ങി കട്ടിലിൽ കിടക്കുന്ന മേരിയെ ആയിരുന്നു
ഒട്ടും സമയം കളയാതെ ഡോക്ടറും ലിജോയും ചേർന്ന്, മേരിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി,
മേരിയെ ഐസിയുവിലേക്ക് കയറ്റിയപ്പോൾ , അവിടെ കിടന്ന ചാര് ബെഞ്ചിൽ ലിജോ ,പ്രാർത്ഥനയോടെയിരുന്നു
പേഷ്യൻ്റ് അപകടനില തരണം ചെയ്തിട്ടുണ്ട്, നാളത്തേക്ക് വാർഡിലേക്ക് മാറ്റാൻ പറ്റും, ഇനി ഒന്നും പേടിക്കാനില്ല
കുറച്ചു കഴിഞ്ഞപ്പോൾ ഐസിയുവിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന ,ഡോക്ടർ ഇറങ്ങിവന്ന് ,ലിജോയെ ആശ്വസിപ്പിച്ചു.
പിറ്റേന്ന് വാർഡിലേക്ക് മാറ്റിയ മേരിയുടെ ബെഡ്ഡിൽ ഇരുന്നുകൊണ്ട് , ലിജോ അവരുടെ കൈവിരലുകളിൽ
സ്നേഹത്തോടെ തലോടി
അപ്പോൾ അമ്മയ്ക്ക് എന്നോട് സ്നേഹമുണ്ടെന്ന് പറഞ്ഞത് വെറുതെയായിരുന്നു അല്ലേ?
ലിജോ പരിഭവത്തോടെ ചോദിച്ചപ്പോൾ, മേരി അവനെ ചോദ്യഭാവത്തിൽ നോക്കി.
എന്നോട് അല്പമെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ എന്നെ തനിച്ചാക്കി പോകാൻ അമ്മ ശ്രമിക്കുമായിരുന്നോ? നോക്കിക്കോ? ഇനി അമ്മ ഇങ്ങനെ എങ്ങാനും ചെയ്താൽ, കൂടെ ഞാനും വരും, എൻ്റെ അമ്മ ഇല്ലാതെ, ഈ ഭൂമിയിൽ എനിക്ക് കാഴ്ച മാത്രം കിട്ടിയിട്ട് എന്തിനാ?
മകൻ്റെ ആ ചോദ്യം കേട്ട്, ആ അമ്മയുടെ ഹൃദയം തരളമായി.