മകൻ ജോലിക്കു പോയിക്കഴിഞ്ഞാൽ ആരോ ഒരാൾ അവളെ തേടി അവിടെ വരുവാൻ തുടങ്ങി……..

കാലം

Story written by Suja Anup

“നീ ചെയ്യുന്നത് തെറ്റല്ലേ. അയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ട്. അവരെ ഓർത്തെങ്കിലും നീ അയാൾക്കൊപ്പം ഈ തെറ്റിന് കൂട്ട് നിൽക്കരുത്. അവരുടെ കണ്ണുനീരിനു ഒരിക്കൽ നീ വില കൊടുക്കേണ്ടി വരും.”

“തു ഫൂ. ഒരു ഉപദേശി വന്നിരിക്കുന്നൂ. എന്നെ ഉപദേശിക്കുവാൻ ആയിട്ട് ആരും ഇങ്ങോട്ടു വരേണ്ട. അപ്പനില്ലാത്ത ഒരു കുഞ്ഞിനെ വളർത്തിക്കൊണ്ടു വരുവാൻ ഞാൻ പെടുന്ന പാട് എനിക്കറിയാം.”

“എൻ്റെ കുഞ്ഞിനും അപ്പനില്ല. ഞാൻ ഒന്നും പറയുന്നില്ല. നീ ഉണ്ണുന്ന ഓരോ അരിമണിയും അവകാശ മുള്ള അവരുടെ കണ്ണുന്നീർ നാളെ ശാപമായി വരാതിരിക്കുവാൻ ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം..”

“എന്തോ ഇനി ആ വീട്ടിൽ പോകരുത്” എന്ന് എൻ്റെ മനസ്സ് പറഞ്ഞു..

**********************

ഞാനും രമണിയും അയല്പക്കകാരാണ്. ഞങ്ങളുടെ ഭർത്താക്കന്മാർ കൂട്ടുകാരാണ്, രണ്ടുപേരും മരപ്പണിക്കാർ. അവർ ഒരുമിച്ചു മാത്രമേ പണിക്കു പോകുമായിരുന്നുള്ളൂ.

സന്തോഷമായി കുടുംബവുമായി കഴിഞ്ഞു വരുന്ന സമയത്താണ് പെട്ടെന്ന് ഒരു ബൈക്ക് അപകടത്തിൽ ഞങ്ങളുടെ രണ്ടുപേരുടെയും ഭർത്താക്കൻമാർ ഒരുമിച്ചു മരിക്കുന്നത്.

എനിക്കും അവൾക്കും ഓരോ ആൺകുട്ടികൾ. എൻ്റെ മകൻ അവളുടെ മകനിലും രണ്ടു വയസ്സ് മൂത്തതാണ്. എൻ്റെ മകന് വയസ്സ് ഇപ്പോൾ പത്തായി.

ഭർത്താവു മരിച്ചപ്പോൾ കൂലിപ്പണിക്ക് ഞങ്ങൾ ഒരുമിച്ചു പോയി തുടങ്ങി. ജീവിക്കുവാൻ വേറെ വഴിയില്ല. ദൈവത്തിന് എല്ലാം തമാശയാണ്. തോന്നുമ്പോൾ ഓരോരുത്തരെ അങ്ങു വിളിക്കും. ബാക്കിയുള്ളവർ പിന്നെ എങ്ങനെ ജീവിക്കും എന്ന് അറിയേണ്ടല്ലോ…

പണിസ്ഥലത്തു വച്ചാണ് അവളുടെ ജീവിതം മാറി മറിയുന്നത്. പണി തരുന്ന മുതലാളിയുമായി അവൾക്കുള്ള അ വിഹിത ബന്ധം, ഞാൻ എത്ര പറഞ്ഞിട്ടും അത് തിരുത്തുവാൻ അവൾ തയ്യാറായില്ല. പണി എടുക്കാതെ അയാൾ കൊടുക്കുന്ന പണം മാത്രം കൊണ്ട് അവൾ ജീവിച്ചു തുടങ്ങി.

പണിസ്ഥലത്തു പലപ്പോഴും അവൾ മുതലാളി ചമഞ്ഞു തുടങ്ങി. എങ്ങനെ അവൾക്കു അതിനാകുന്നൂ. “ഭർത്താവു മരിച്ചിട്ടു വർഷം ഒന്ന് തികഞ്ഞില്ല. ഇത്ര വേഗം അവൾ അവളുടെ ബാബുവിനെ മറന്നോ. അവൻ്റെ ആത്മാവ് വേദനിക്കില്ലേ…?”

കഴിഞ്ഞ ദിവസം നടന്ന ആ സംഭവത്തോടെയാണ് ഞാൻ അവളെ വെറുത്തത്. ഇന്നലെ പണിസ്ഥലത്തേയ്ക്കു അവർ കടന്നു വന്നൂ. മുതലാളിയുടെ ഭാര്യ…. പഴയ ഒരു സാരി ഉടുത്തു ഒരു കുഞ്ഞിനെ ഒക്കത്തു വച്ച് മറ്റൊരു കുഞ്ഞിനെ കൈയ്യിൽ പിടിച്ചു ആകെ എല്ലും തോലുമായ ഒരു രൂപം.

അവർ നേരെ എൻ്റെ അടുത്തേയ്ക്കു വന്നൂ

“രമണി എവിടെ ലതേ…?”

ഞാൻ രമണിയെ കാണിച്ചു കൊടുത്തൂ..

അവർ രമണിയോട് എന്തൊക്കെയോ പറഞ്ഞു.

അവൾ അവരെ പുച്ഛത്തോടെ നോക്കി.

“നിൻ്റെ കയ്യിലിരിപ്പ് കൊണ്ടാണ് ഭർത്താവ് മറ്റു പെണ്ണുങ്ങളെ തേടി പോകുന്നത്. പറ്റുമെങ്കിൽ നീ അയാളെ നന്നാക്കുവാൻ നോക്കൂ..”

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

“നീ ചെയ്യുന്ന തെറ്റിൻ്റെ ഫലം ഒരിക്കൽ നീ അനുഭവിക്കും. ഈ കുഞ്ഞുങ്ങളെ ഓർത്തു ഞാൻ ആത്മഹത്യ ചെയ്യുന്നില്ല. ഒരു പക്ഷേ എൻ്റെ ഭർത്താവിന് നിന്നെ ഇഷ്ടം ആയിരിക്കും. എനിക്ക് അയാളെ തിരുത്തുവാൻ ആകുന്നില്ല. എൻ്റെ ഗതികേട്. എനിക്ക് പെൺകുട്ടികൾ രണ്ടു പേരാണുള്ളത്. അവർക്കു വേണ്ടി ഞാൻ എല്ലാം ക്ഷമിച്ചു ജീവിക്കും. കാരണം അവരെയും കൊണ്ട് പോകുവാൻ എനിക്ക് വേറെ ഇടമില്ല. എൻ്റെ ദുഃഖം ഒരിക്കലും എൻ്റെ പ്രായമായ മാതാപിതാക്കളെ ഞാൻ അറിയിക്കില്ല.

പക്ഷേ എൻ്റെ കണ്ണിൽ നിന്നും പൊടിയുന്ന ഈ ഓരോ തുള്ളിയും ഞാൻ ദൈവത്തിന് മുൻപിൽ സമർപ്പിക്കുന്നുണ്ട്. ഈ ഓരോ തുള്ളിക്കും ഒരിക്കൽ നീ മറുപടി പറയേണ്ടി വരും..”

ഞാൻ ദയനീയമായി അവരെ നോക്കി.

“അവരെ എങ്ങനെ ആശ്വസിപ്പിക്കുവാനാകും..?”

രമണി ഒരു പെണ്ണല്ലേ. ഒരു പെണ്ണിനെ മനസ്സിലാക്കുവാൻ മറ്റൊരു പെണ്ണിന് കഴിയില്ലേ.ആ സ്ത്രീയുടെ രൂപം കണ്ടാൽ മനസ്സിലാകും അവർ അനുഭവിക്കുന്ന ദുഃഖത്തിൻ്റെ ആഴം… ആ കണ്ണു നീർ രക്തത്തുള്ളികളായി എനിക്ക് തോന്നി. “ശാപത്തിനു മേൽ ശാപം” ആയി അത് രമണിയുടെ മേൽ വീഴും എന്ന് എനിക്ക് ഉറപ്പായിരുന്നൂ..

*****************

കാലം കടന്നു പോയി…

ഞങ്ങളുടെ രണ്ടു പേരുടെയും ആൺമക്കൾ വിവാഹിതരായി. എനിക്കും അവൾക്കും നല്ല മരുമക്കളെ ദൈവം തന്നല്ലോ എന്ന് ഞാനോർത്തൂ..

പുതുമോടി കഴിഞ്ഞതോടെ രമണിയുടെ മരുമകൾ അവളുടെ സ്വഭാവം പുറത്തെടുത്തൂ.

മകൻ ജോലിക്കു പോയിക്കഴിഞ്ഞാൽ ആരോ ഒരാൾ അവളെ തേടി അവിടെ വരുവാൻ തുടങ്ങി. പലതും കണ്ടെങ്കിലും മകനോട് പറയുവാൻ രമണിക്കു പേടിയായിരുന്നൂ.

മകന് അമ്മയുടെ പല കാര്യങ്ങളും അറിയാമായിരുന്നൂ. അവൻ വളർന്നതിൽ പിന്നെ അവരെ അവൻ ജോലിക്കു അയച്ചിട്ടില്ല. പത്താം തരാം പാസ്സായതോടെ പഠിപ്പു നിർത്തി അവൻ പണിക്കു പോയി തുടങ്ങി.

“അമ്മ ചീത്തയാണ്” എന്ന് നാട്ടുകാർ പറയുന്നത് അവനു മോശമായി തോന്നി ത്തുടങ്ങിയിരുന്നൂ.

സ്വന്തം ഭാര്യയെ അവനു പൂർണ്ണ വിശ്വാസം ആയിരുന്നൂ.. പെട്ടെന്നാണ് അത് സംഭവിച്ചത്.

മുറ്റത്തേയ്ക്ക് ഇറങ്ങിയ രമണി പതുക്കെ ഒന്ന് തെന്നി വീണൂ. നാലു പൊട്ടൽ കാലിൽ ഉണ്ടായിരുന്നൂ. ഡോക്ടറെ കാണിച്ചപ്പോൾ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലായി.. “ഓസ്റ്റിയോപോറോസിസ് ആണ്. കൂടുതൽ ശ്രദ്ധ വേണം.”

അവളുടെ കാര്യങ്ങൾ നോക്കുവാൻ മരുമകൾ തയ്യാറായില്ല. പതിയെ അവൾ കിടപ്പിലായി. കുളിപ്പിക്കുവാനും നോക്കുവാനും ആരുമില്ല. എന്നെകൊണ്ട് ആകുന്ന സഹായങ്ങൾ ഞാൻ ചെയ്തു കൊടുത്തൂ.. പുഴുത്തു നാറി അവൾ ഓരോ ദിവസ്സങ്ങൾ ആ ചായ്പ്പിൽ തള്ളി നീക്കി. വീടിനകത്തേയ്‌ക്ക്‌ മരുമകൾ അവളെ കയറ്റില്ല.. അന്നൊരിക്കൽ ഞാൻ അവിടേയ്ക്കു ചെന്നപ്പോൾ രമണി എൻ്റെ കൈ പിടിച്ചു കരഞ്ഞു.

“എല്ലാം എൻ്റെ തെറ്റാണ്‌. ഈ ശരീരം മുഴുവൻ ആ മുതലാളി തന്ന പണം ആണ്. പാപത്തിൻ്റെ ശമ്പളം മരണം ആണ്. എത്രയും വേഗം ഞാൻ ഒന്ന് മരിച്ചിരുന്നെങ്കിൽ. ദൈവം എന്തേ കരുണ കാണിക്കുന്നില്ല. എനിക്ക് മടുത്തൂ..”

“നീ കരയാതെ. എല്ലാം ശരിയാകും..”

“നീ ഒന്ന് ആ മുതലാളിയുടെ വീട് വരെ പോകണം. അവരോടു ഒന്ന് ഇവിടം വരെ വരുവാൻ പറയണം. ആ കാലിൽ പിടിച്ചു ഞാൻ മാപ്പു ചോദിക്കും..”

“ശരി, ഞാൻ ചെല്ലാം..” പിറ്റേന്ന് തന്നെ ഞാൻ കിട്ടിയ ബസ്സിന്‌ ഒരു കണക്കിന് ആ വീട്ടിൽ എത്തി. ബെല്ലടിച്ചതും നല്ല മുഖശ്രീയുള്ള ഒരു പെണ്ണുംപിള്ള കടന്നു വന്നൂ. എനിക്ക് ആദ്യം അവരെ മനസ്സിലായില്ല. പക്ഷേ അവർക്കു എന്നെ മനസ്സിലായി.

“ലത കയറി ഇരിക്കൂ. അദ്ദേഹം പോയതിൽ പിന്നെ നിങ്ങൾ ആരും ഈ വഴിക്കു വന്നില്ലല്ലോ..” ശരിയാണ്‌. എട്ടു വർഷം മുൻപേ മുതലാളി മരിച്ചു പോയിരുന്നൂ. പിന്നീട് അവരാണ് എല്ലാം നോക്കി നടത്തിയിരുന്നത് എന്ന് കേട്ടിരുന്നൂ. പണ്ടത്തെ ആ പേക്കോലം പോയി നല്ല ആഢ്യത്വം ഉള്ള ഒരു സ്ത്രീ എൻ്റെ മുന്നിൽ നിൽക്കുന്നൂ.

“ഒത്തിരി കരഞ്ഞെങ്കിലും അവരെ ദൈവം കാത്തൂ” എന്ന് ഞാൻ മനസ്സിലോർത്തൂ.

“എന്താ ലതേ ആലോചിച്ചിരിക്കുന്നത്. നീ വെറുതെ ഈ വഴിക്കു വരില്ല എന്ന് എനിക്കറിയാം..”

“മാഡം എന്നോട് ദേഷ്യപ്പെടരുത്. എനിക്ക് ഒരു സഹായം വേണം. ഒന്ന് രമണിയുടെ വീട് വരെ വരണം. അവൾ തളർന്നു കിടപ്പാണ്..” മാഡത്തിന് ആ പേര് കേൾക്കുന്നത് തന്നെ വെറുപ്പായിരുന്നൂ. അവർ പറഞ്ഞു തുടങ്ങി

“അവൾ കാരണം എനിക്ക് നഷ്ടമായത് എൻ്റെ കുടുംബം ആണ്. എൻ്റെ കുട്ടികൾ വളർന്നപ്പോൾ അദ്ദേഹത്തെ വെറുത്തു. പാപത്തിൻ്റെ ഭാരം പേറി അദ്ധേഹം മരിച്ചൂ. എനിക്ക് നഷ്ടമായ ജീവിതം ഇനി തിരിച്ചു കിട്ടില്ല. ഒരു ഭാര്യ എന്ന നിലയിൽ ഞാൻ ആഗ്രഹിച്ചതൊക്കെയും അവൾ തല്ലി തകർത്തൂ..” എനിക്ക് അതിനു മറുപടി ഉണ്ടായിരുന്നില്ല. ഭിത്തിയിലെ മുതലാളിയുടെ രൂപത്തിലേയ്ക്ക് നോക്കി അവർ കണ്ണുനീർ വാർത്തൂ…

ആദ്യം എതിർത്തെങ്കിലും മരിക്കുവാൻ പോകുന്ന ഒരാളുടെ അവസാന ആഗ്രഹം എന്ന നിലയിൽ അവർ കൂടെ വരുവാൻ തയ്യാറായി.. ഞങ്ങൾ അവരുടെ കാറിൽ രമണിയുടെ വീട്ടിൽ എത്തി. മാഡത്തിനെ കണ്ടതും രമണി പൊട്ടിക്കരഞ്ഞു. കാലു പിടിച്ചു മാപ്പു പറയുവാൻ അവൾ ആഗ്രഹിച്ചെങ്കിലും അത് ചെയ്യുവാൻ അവൾക്കായില്ല.

“വർഷം ഏഴായിരിക്കുന്നൂ അവൾ ഈ കിടപ്പു തുടങ്ങിയിട്ട്” ഞാൻ മാഡത്തിനോട് പറഞ്ഞു.

“ഇനി എങ്കിലും എനിക്ക് മാപ്പു തരുമോ..” രമണി കരഞ്ഞു തുടങ്ങി.
മാഡം പറഞ്ഞു..

“എനിക്ക് എൻ്റെ ഭർത്താവിനെ നേരെ ആക്കുവാൻ ആയില്ല. അതുകൊണ്ടാണ് അന്ന് നിന്നെ കാണുവാൻ ഞാൻ വന്നത്. ആ വിഷമത്തിൽ ഞാൻ ശപിച്ചതാണ്. ഇന്ന് നിനക്ക് ഞാൻ മാപ്പു തരുന്നൂ. നിന്നോട് ഞാൻ എന്തിനു വാശി കാണിക്കണം.”

മാഡം അത് പറഞ്ഞുകഴിഞ്ഞതും അവൾ കണ്ണടച്ചൂ. പിന്നീട് അവൾ കണ്ണ് തുറന്നില്ല. രമണി പോയതിൽ എനിക്ക് ദുഃഖം തോന്നിയില്ല. അത്രയ്ക്ക് അവൾ അനുഭവിച്ചു കഴിഞ്ഞിരുന്നൂ. പിറ്റേന്ന് അവളുടെ ചടങ്ങുകൾക്ക് മാഡം വന്നിരുന്നൂ..

അവൾക്കായി പൂങ്കണ്ണീരൊഴുക്കി കരയുന്ന മരുമകളുടെ കയ്യിലേയ്ക്ക് മാഡം ഒരു പിടി നോട്ടു നൽകി.

“ചടങ്ങുകൾ എല്ലാം നാന്നായി നടത്തണം. ഒരു കുറവും വരുത്തരുത് ” മാഡം പറഞ്ഞു. എനിക്ക് അപ്പോൾ മനസ്സിൽ ഒരു ചിന്ത മാത്രമേ വന്നുള്ളു.

“സ്വന്തം ഭർത്താവ് മരിച്ചതിനു ശേഷമാണ് രമണി തെറ്റ് ചെയ്തത്. ഭർത്താവു ജീവിച്ചിരിക്കുമ്പോൾ തന്നെ അവളുടെ മരുമകൾ തെറ്റ് ചെയ്യുന്നൂ. അമ്മയുടെ വിധി കണ്ടു അവൾ തിരുത്തിയില്ലെങ്കിൽ കാലം അവൾക്കായി എന്താവും കരുതി വച്ചിരിക്കുന്നത്..?”