അമ്മയുടെ ന്യായം
Story written by Aswathy Joy Arakkal
ആരെന്തൊക്കെ പറഞ്ഞാലും ശരി എന്റെ കുട്ടിക്കൊരു ജീവിതം ആകാതെ ഈ സ്വത്തൊന്നും വീതം വച്ചു എടുക്കാമെന്ന് ആരും കരുതണ്ട… പതിനാറാമത്തെ വയസ്സ് തൊട്ടു കഷ്ട്ടപെടണതാ ന്റെ കുട്ടി… എന്നിട്ടിപ്പോ എല്ലാരും അവനവന്റെ ജീവിതം ഭദ്രാക്കി… എന്റെ മോൻ ആരും തുണയും ഇല്ലാത്തവനെ പോലെ… ഇനി ഉള്ള സ്വത്തും കൂടെ കൈയിലായാല് സുഭിക്ഷയിലോ അല്ലേ… ഗീതേ നീയും ഇവരുടെ കൂടെ കുടിയെല്ലോ എന്നാ അമ്മേടെ സങ്കടം… അമ്മിണിയമ്മ കരച്ചിലടക്കാൻ പാട് പെടുന്നുണ്ടായിരുന്നു…
അതുപിന്നെ അമ്മേ.. സുധിയേട്ടൻ പറയണതല്ലേ എനിക്ക് അനുസരിക്കാൻ പറ്റു… പിന്നെ എല്ലാവർക്കും മക്കളും, കുടുമ്പവുമൊക്കെ ആയില്ലേ അമ്മേ… ഞങ്ങൾക്കും ഉണ്ടാകില്ലേ ആവശ്യങ്ങള്‍.. ഗീത മുക്കിയും മൂളിയും, ഭർത്താവിനെ പഴി ചാരിയും സ്വന്തം ഭാഗം പറഞ്ഞു തുടങ്ങി…
അതെ നിങ്ങൾ ക്കൊക്കെ ജീവിതായി.. കുടുംബവും, മക്കളുമായി… അപ്പൊ എന്റെ വിനയനോ… അവനും വേണ്ടേ ഇതൊക്കെ..
ശ്രമിക്കാഞ്ഞിട്ടാണോ… മൂക്കില്‍ പല്ലുമുളച്ചു തുടങ്ങിയ ഏട്ടനിനി ആര് പെണ്ണ് കൊടുക്കാനാ… അതുപറഞ്ഞു ഇനി ഞങ്ങളെ കൂടി കഷ്ടപെടുത്തുന്നത് എവിടത്തെ ന്യായാ അമ്മേ …
അശോകാ.. അമ്മിണിയമ്മ ഉറക്കെ വിളിച്ചു…
നീയൊക്കെ എന്നാ അശോകാ.. ന്യായം പറയാറായതു… അച്ഛൻ മരിക്കുമ്പോ എന്റെ വിനയന് പത്തൊൻമ്പതു വയസ്സ് തികഞ്ഞിട്ടില്ല.. ഗീതക്ക് പതിനാറും, നിനക്കും, ആദിക്കും പതിമൂന്നു വീതം വയസ്സും ആണ് പ്രായം.. അച്ഛൻ മരിക്കുമ്പോ ഉള്ള ആകെ സമ്പാദ്യം ഈ മുപ്പതു സെന്റ് പുരയിടമാണ്… പഠിപ്പും ഉപേക്ഷിച്ചു എന്റെ മോൻ വിയർപ്പൊഴുക്കി നേടിയതാണ് ഇന്നു ഈ കാണുന്ന സൗഭാഗ്യങ്ങളെല്ലാം..
ശ്വാസം മുട്ടുകാരിയായ എനിക്ക് നേരാവണ്ണം അവനൊന്നു വെച്ചു വിളമ്പി കൊടുക്കാൻ കൂടെ സാധിച്ചിട്ടില്ല.. നിങ്ങളെ മൂന്ന് പേരെയും പഠിപ്പിച്ചു.. ഉദ്യോഗ സ്ഥരാക്കി… നിങ്ങളൊക്കെ പതിനായിരങ്ങൾ ശമ്പളങ്ങൾ വാങ്ങുന്ന വരായിട്ടും ഒരു കാൽ പവൻ സ്വർണ്ണമിട്ടോ ഗീതയുടെ കല്യാണത്തിന്… എല്ലാം അവൻ ഒറ്റക്കാ ചെയ്തത്… സ്വർണത്തിനു സ്വർണ്ണവും, കാറിനു കാറും ഒരു കുറവുമില്ലാതെയാ ഗീതയെ കെട്ടിച്ചത്… നിങ്ങള്‍ രണ്ടാളേം എഞ്ചിനീയർ മാരാക്കാൻ അവനെടുത്ത ലോണിനു ഒരു പൈസ നിങ്ങള്‍ തിരിച്ചടച്ചിട്ടുണ്ടോ… അവൻ വല്ല കണക്കും ചോദിച്ചിട്ടുണ്ടോ…
എന്നിട്ട് നിങ്ങളെന്താ ചെയ്തത്… മൂത്തവൻ ഒരുത്തൻ നിൽക്കുന്നുണ്ട് എന്നു പോലും കരുതാതെ.. പെങ്ങടെ കല്യാണം കഴിഞ്ഞു ആറു മാസം തികയുന്നതിനു മുന്നേ സ്വന്തം കാര്യം മാത്രം നോക്കി കല്യാണം കഴിച്ചു .. ഭാര്യമാർക്ക് അമ്മയെ പിടിക്കാത്തതു കൊണ്ടു വേറെ വീട് നോക്കി മാറി.. എന്നിട്ടിപ്പോ വന്നിരിക്കുന്നു ന്യായം പറഞ്ഞു വീതം വാങ്ങാൻ… അമ്മിണിയമ്മക്ക് കലി അടക്കാനായില്ല…
ഒന്ന് മിണ്ടാതിരിക്ക് അമ്മേ.. എനിക്കെന്തിനാ സ്വത്തും, മുതലും… എന്താ അവർക്കു വേണ്ടതെന്നു വെച്ചാ കൊടുത്തേക്കു.. വിനയൻ ഇടപെട്ടു..
നീ മിണ്ടാതിരിക്കു വിനയാ ഇവരുമാത്രം അങ്ങു മിടുക്കന്മാര് ആയാ പോരല്ലോ അമ്മിണിയമ്മ വാശിയോടെ പറഞ്ഞു..
അമ്മ ഇത്ര ദേഷ്യപ്പെടാനൊന്നും ഇല്ല..അന്ന് ഏട്ടനായിരുന്നു മൂത്തത്. അപ്പൊ ഏട്ടൻ ഉത്തരവാദിത്തമൊക്കെ ഏറ്റെടുത്തു കുടുമ്പം നോക്കി… അതിനിത്ര കണക്കു പറയേണ്ട ആവശ്യം ഒന്നും ഇല്ല… ഏട്ടൻ ചിലവാക്കിട്ടു ഉണ്ടെങ്കിൽ ഇത്രേം വർഷായില്ലെ ഈ പുരയിടത്തുന്നു കിട്ടിയ എന്തിനെങ്കിലും കണക്ക് ചോദിച്ചു ഞങ്ങള്‍ ആരെങ്കിലും വന്നിട്ടുണ്ടോ..
പിന്നെ ഏട്ടനോട് കെട്ടണ്ട, സ്വന്തം ജീവിതം നോക്കേണ്ട എന്നൊന്നും ആരും പറഞ്ഞിട്ടില്ല… ഏട്ടന്റല് കാശു ഉണ്ടായിരുന്നോണ്ട് ഏട്ടൻ എല്ലാം ചെയ്തു… അതിനു കണക്ക് പറഞ്ഞു ബാക്കി ഉള്ളവർക്ക് കിട്ടാനുള്ളത് കൂടെ തരാതിരിക്കുന്നത് എവിടത്തെ ന്യായാ.. ആദിയും സ്വന്തം ഭാഗം ന്യായീകരിച്ചു… അമ്മ വീതം വെക്കലിന് തയ്യാറായില്ലെങ്കിൽ ചിലപ്പോൾ ഞങ്ങൾക്ക് നിയമത്തിന്റെ വഴി നോക്കേണ്ടി വരും എന്നു കൂടി അവൻ കൂട്ടി ചേർത്തു..
അനിയന്മാരുടെ തമ്മിൽ തല്ലു കണ്ടു മനം മടുത്തു വിനയൻ എണിറ്റു റൂമിലേക്ക് പോയി..
എന്റെ മക്കളൊക്കെ അവനവന്റെ ഭാഗം നന്നായി ന്യായീകരിച്ചില്ലേ.. ഇനി അമ്മ ചിലതു പറയാം… ഗീതേ.. അമ്മേടെ കിടക്കയുടെ താഴെ രണ്ടു ഡയറി ഇരിപ്പുണ്ട് നീ ചെന്നു അതിങ്ങു എടുത്തിട്ടു വാ..
കുറച്ചുനേരം അവിടം നിശബ്ദമായിരുന്നു… ഗീത ഡയറിയുമായി എത്തി..
അമ്മിണിയമ്മ പറഞ്ഞു തുടങ്ങി… എന്റെ മക്കള്‍ മൂന്ന് പേരും ഇതു കണ്ടോ.. നിങ്ങടെ അച്ഛന്റെ മരണ ദിവസ്സം തൊട്ടു.. എന്റെ മോൻ മുടക്കിയ പൈസയുടെ ബില്ലടക്കം ഉണ്ട് ഇതില്‍… അച്ഛന്റെ സംസ്കാരത്തിനും, പിന്നീട് നിങ്ങളെ മൂന്നാളെയും പഠിപ്പിക്കാനും, ഇവളുടെ വിവാഹത്തിനും, പ്രസവത്തിനും എന്തിനു നിങ്ങലുടെ രണ്ടാളുടെയും വിവാഹങ്ങൾക്ക് പോലും അവനാണ് കാശു ഇറക്കി യേക്കണേ… അതുപോലെ തന്നെ പറമ്പിൽ നിന്നു കിട്ടിയ ആദായത്തിന്റെയും സകല കണക്കും ഉണ്ട് ഇതില്‍..
എന്റെ മക്കളൊരു കാര്യം ചെയ്യു… അവന്റെ കയ്യിൽ നിന്നു ചിലവായതൊക്കെ മൂന്ന് പേരും കൂടെയങ്ങു കൊടുത്തേക്കു.. പറമ്പിലെ ഇത്രയും കൊല്ലത്തെ ആദായം അണാപൈസ കുറയാതെ അവനങ്ങ് തന്നോളും.. ഏതായാലും അവൻ വേണ്ടെന്നു പറഞ്ഞിട്ടും ഞാനിതൊക്കെ സൂക്ഷിച്ചത് എത്ര നന്നായി.. എല്ലാത്തിനു മൊരു കണക്കായല്ലോ..
അതെവിടുത്തെ ന്യായമാ…. ചിലവാക്കിയിട്ടു.. കണക്കു പറയുന്നത്….. മൂന്നു പേരും പിറുപിറുത്തു..
നിങ്ങളല്ലേ ആദായത്തിനും, അവന്റെ കഷ്ടപ്പാടിനുമൊക്കെ വിലയിട്ടത്.. അതു നിങ്ങടെ ന്യായമെങ്കിൽ ഇതു എന്റെ ന്യായം.. നിങ്ങളെ പോലെ തന്നെ അവനും എന്റെ മോനാ… അല്ലാതെ നേർച്ചക്കോഴിയായ് നിങ്ങൾക്കൊക്കെ ഊറ്റി എടുത്തു ചണ്ടി ആക്കാൻ എവിടെ നിന്നും വെറുതെ കിട്ടിയാതൊന്നും അല്ല അവനെ എനിക്ക്… അതുകൊണ്ട് ഇതിനൊരു തീരുമാനം ആക്കിയിട്ട് വാ എന്റെ മക്കള്‍… പിന്നെ നിയമത്തിന്റെ വഴിക്കു പോകുന്നു പറഞ്ഞു ആദി അമ്മയെ വിരട്ടിയല്ലോ. ഈ കാണുന്നതൊക്കെ എന്റെ കെട്ടിയോൻ എന്റെ പേരില്‍ വാങ്ങിയ സ്വത്താണ്.. ഇതു എന്തു ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും .. പരാതിയുള്ളവര്‍ പോയി കേസ് കൊടുത്തിട്ടു വാ.. അതിന്റെ ബാക്കി ഞാൻ നോക്കി കൊള്ളാം…
മോനെ വിനയാ വാടാ അമ്മ ചോറെടുത്തു വെച്ചിട്ടുണ്ട് എന്നു പറഞ്ഞു ഒരു കൂസലുമില്ലാതെ അമ്മിണിയമ്മ അടുക്കളയിലേക്കു നടന്നു…
പിറകിൽ പ്രതികരിക്കാനാകാതെ ഇളിഭ്യരായി പരസ്പരം നോക്കി വീതത്തിനു വന്ന മൂന്ന് ന്യായ വാദികളും..
കുടുംബ ഭാരം മുഴുവൻ തലയിൽ ചുമന്നിട്ടും അവസാനം ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പ്രിയ സഹോദരങ്ങൾക്കായി സമർപ്പണം…