അവന്റെ പേടിയെ എല്ലാവരും അങ്ങനെ പറഞ്ഞ് കളിയാക്കാൻ തുടങ്ങി. സഹോദരങ്ങൾ പുറകെ നടന്നു…….

പേടിച്ചുതൂറി

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

ശക്തമായ ഇടിയും മഴയുമുള്ള ഒരു ഇടവപ്പാതി രാത്രിയാണ് നബീസയ്ക്കും ഉസ്മാനും മൂന്നാമത്തെ കുട്ടിയായി ജാഫർ പിറന്നതത്. രാത്രി ശക്തമായ ഇടിയും മിന്നലും കണ്ട് പേടിച്ചു കരയുന്ന ജാഫറിനെ നബീസ മാറോടു ചേർത്ത് ഉറക്കി. വീട്ടിലെ പൊന്നോമനയായി ജാഫർ വളർന്നു….

ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു പൊയ്ക്കൊണ്ടേ ഇരുന്നു. ജാഫർ ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോൾ നബീസ ഓരോന്ന് പറഞ്ഞു പേടിപ്പിച്ച് ജാഫറിന് ഭക്ഷണം കൊടുക്കും, ഭക്ഷണം കഴിച്ചില്ലേ ഊളൻ വരും, പട്ടി വരും, കുറുക്കൻ വരും അങ്ങനെ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കുമ്പോൾ ജാഫർ പേടിച്ചു ചോറ് കഴിക്കും…

ജാഫർ ഓടി നടക്കാൻ തുടങ്ങിയപ്പോൾ അവന്റെ പുറകെ ഓടാൻ മടിച്ച് നബീസ പറയും അങ്ങോട്ട് പോകല്ലേ അവിടെ ഊളൻ ഉണ്ട്, പ്രേതം ഉണ്ട്, കരടി ഉണ്ട് അങ്ങനെ പറഞ്ഞ് അവനെ പേടിപ്പിക്കും അത് കേൾക്കുമ്പോൾ അവൻ പേടിച്ചു നബീസയുടെ മടിയിൽ കയറി ഇരിക്കും…

പിന്നെ പിന്നെ ജാഫർ വളർന്നു വരുന്നതൊടെ അവന്റ പേടിയും വളർന്നു വന്നു. അവന് തനിച്ച് ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് പോകാനും, തനിച്ച് ഇരിക്കാനും ഒക്കെ പേടിയായി.. അവന്റെ പേടിയെ അവന്റെ ഉമ്മ തന്നെയാണ് ആദ്യം കളിയാക്കി ചിരിക്കാൻ തുടങ്ങിയത്..

” അയ്യേ പേടിച്ചുതൂറി….. “

അവന്റെ പേടിയെ എല്ലാവരും അങ്ങനെ പറഞ്ഞ് കളിയാക്കാൻ തുടങ്ങി. സഹോദരങ്ങൾ പുറകെ നടന്നു കളിയാക്കുമ്പോൾ അവന് ദേഷ്യം കൂടും. അവൻ ശക്തി സംഭരിച്ച് പേടിക്കാതെ ഇരിക്കാൻ ശ്രമിച്ചാലും അവന്റ ധൈര്യം പെട്ടെന്ന് ചോർന്നു പോകും…

പഠിക്കാൻ മിടുക്കൻ ആയത് കൊണ്ട് തന്നെ ജാഫർ തട്ടിയും മുട്ടിയും ഒൻപതിൽ രണ്ടു മൂന്ന് വട്ടം എഴുതി ആ കടമ്പ കടന്നതോടെ പിന്നെ ആ ആ വഴിക്ക് പോയില്ല. പിന്നെ വാപ്പയുടെ കൂടെ കടയിൽ സഹായിയായി നിന്നു. ഇരുട്ട് പേടി ആയത് കൊണ്ട് സന്ധ്യയ്ക്ക് മുൻപ് തന്നെ ജാഫർ വീട്ടിൽ കയറും. എത്രയൊക്കെ വളർന്നിട്ടും ജാഫറിന്റെ പേടിയും പേടിച്ചുതൂറി…. എന്ന വിളിയും മാത്രം മാറിയില്ല…

ജാഫറിന്റെ വാപ്പ മരിച്ചതോടെ കടയുടെ ചുമതല ജാഫറിന് ആയി. ജാഫർ സന്ധ്യയ്ക്ക് കട അടച്ച് വീട്ടിലേക്ക് പോകും. പതിവുപോലെ ഒരു ദിവസം കടയടച്ച് വീട്ടിലേക്ക് പോകുമ്പോൾ റോഡിൽ ഏതോ പാർട്ടിയുടെ സമ്മേളനം നടക്കുകയാണ് റോഡ് ഫുൾ ബ്ലോക്ക് ജാഫർ വന്ന ബസ്സും ബ്ലോക്കിൽ കുടുങ്ങി. ഇരുട്ടും ഒപ്പം നല്ല മഴക്കാറും വീണു തുടങ്ങുമ്പോൾ ജാഫറിന്റെ നെഞ്ചിടിപ്പും കൂടി കൂടി വന്നു..

മണിക്കൂറുകൾ നീണ്ട ബ്ലോക്ക്‌ കഴിഞ്ഞ് ബസ്സ് ഇറങ്ങിയപ്പോൾ സമയം ഒൻപതു മണി കഴിഞ്ഞു. വീട്ടിലേക്ക് നടക്കുമ്പോൾ ജാഫറിന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. പരിചയമുള്ള ഏതെങ്കിലും മുഖം ഉണ്ടോ എന്നവൻ ചുറ്റും നോക്കി പക്ഷെ ആരും ഇല്ലായിരുന്നു. ജാഫർ സർവ്വ ധൈര്യവും സംഭരിച്ച് മുന്നോട്ട് നടന്നു.

മെയിൻ റോഡ് കഴിഞ്ഞ് ഒരു ഇടവഴിയിലൂടെ കുറച്ചു നടന്നു വേണം ജാഫറിന് വീട്ടിൽ എത്താൻ. ഇടവഴിക്ക് ചുറ്റും വീടൊന്നും ഇല്ല ഇരുവശങ്ങളിലും റബ്ബർ മരങ്ങൾ വളർന്ന് പന്തലിച്ചു കിടക്കുകയാണ്. ഇരുട്ട് മൂടിയ ആ വഴി എത്തുമ്പോൾ ജാഫറിന്റെ ഭയം കൂടി കൂടി വന്നു.

ജാഫർ മുന്നോട്ട് നടങ്ങുമ്പോൾ അവന്റ പേടി കൂടി വന്നു. തന്റെ പുറകിൽ ആരോ ഉണ്ടല്ലോ എന്നൊരു സംശയം അവനിൽ ഉണ്ടായിതുടങ്ങി, എന്നാൽ തിരിഞ്ഞു നോക്കാൻ അവന് പേടി ആയിരുന്നു. അവന്റെ ശരീരം തളർന്ന് പോകുന്നത് പോലെ, അവൻ നടത്തത്തിന്റെ വേഗത കൂട്ടാൻ തുടങ്ങി പിന്നിൽ ഉള്ള രൂപവും അവന്റ ഒപ്പം വരുന്നത് പോലെ അവന് തോന്നി, കാലുകൾ തളർന്നു പോകുന്നത് പോലെ ..

നടത്തത്തിന്റെ വേഗത കൂടി അത് ഒരു ഓട്ടത്തിലേക്ക് മാറി, പുറകെ ഉള്ള രൂപവും അവനൊപ്പം ഓടുന്നത് പോലെ. ജാഫർ ആ ഓട്ടത്തിന്റെ ഇടയിൽ ഒന്ന് തിരിഞ്ഞു നോക്കി അപ്പോഴാണ് പെട്ടെന്ന് ആകാശത്ത് ഒരു മിന്നൽ ഉണ്ടായത് ആ മിന്നലിൽ തന്റെ പുറകെ ഓടി വരുന്ന ആ കറുത്ത രൂപത്തെ ജാഫർ കണ്ടു.. ജാഫർ ശക്തമായി നിലവിളിക്കാൻ ശ്രമിച്ചു എങ്കിലും അവന്റ നാക്ക് പൊങ്ങിയില്ല, പിന്നെ ഒരടി മുന്നോട്ട് വയ്ക്കാൻ കഴിയാതെ വെട്ടിയിട്ട വാഴ പോലെ ദേ ജാഫർ നിലത്ത് കിടക്കുന്നു…

ജാഫർ കണ്ണ് തുറന്ന് നോക്കുമ്പോൾ അവൻ തന്റെ വീട്ടിൽ ആണ്, ചുറ്റും ഉമ്മയും സഹോദരങ്ങളും അയൽക്കാരും എല്ലാം അവനെയും നോക്കി ചുറ്റും നിൽപ്പുണ്ട്, അവർക്ക് ഇടയിൽ നിന്ന് കറുത്ത പർദ്ദ ഇട്ട ഒരു പെൺകുട്ടി മുന്നോട്ട് നീങ്ങി നിന്നു..

” ന്റെ ജാഫറെ നീ ഓളെ കണ്ടിട്ടാണോ ഇങ്ങനെ പേടിച്ചു ബോധം കേട്ട് വീണത്… “

നബീസ തലയിൽ കൈ വച്ചു കൊണ്ട് ചോദിച്ചു, ജാഫർ ഒന്ന് ചിരിക്കാൻ ശ്രമിച്ചു…

” ഇത് ആ സുലൈമാന്റെ മോള് സുബൈദയാണ്, ഓള് ജോലി കഴിഞ്ഞു വന്നപ്പോൾ വൈകി, നിന്നെ കണ്ടപ്പോൾ നിന്റെ ഒപ്പം വരാൻ ശ്രമിച്ച ഓളെ കണ്ട് നിന്റെ ബോധം പോയി,, ഇങ്ങനെ ഒരു പേടിച്ചുതൂറി..”

നബീസ ദേഷ്യത്തോടെ പറഞ്ഞിട്ട് പുറത്തേക്ക് പോയി, അത് കേട്ടപ്പോൾ എല്ലാവരും പൊട്ടി ചിരിച്ചു, ജാഫർ നാണക്കേട് കൊണ്ട് ആരുടെയും മുഖത്ത് നോക്കിയില്ല.. സുബൈദ ഒന്ന് കൂടി ജാഫറിനെ നോക്കി ചിരിച്ചു കൊണ്ട് പുറത്തേക് പോയി.. ജാഫർ നാണക്കേട് കാരണം പുറത്ത് ഇറങ്ങിയില്ല…

പേടി മാറാൻ പലയിടത്ത് നിന്നും ചരട് വാങ്ങി ഇളിയിലും, കയ്യിലും, കാലിലും ഒക്കെ കേട്ടി എങ്കിലും ജാഫറിന്റെ പേടി മാറിയില്ല.ഒരു ദിവസം വീട്ടിലേക്ക് നടന്നു പോകുമ്പോൾ ജാഫർ സുബൈദയെ കണ്ടു..

” എന്താ പേടിയൊക്കെ മാറിയോ..”

സുബൈദ ചിരിച്ചു കൊണ്ട് ചോദിച്ചു… ജാഫർ ഒന്നും മിണ്ടാതെ തല കുനിച്ചു നടന്നു.. പിന്നെ സുബൈദ അതിനെ പറ്റി ചോദിച്ചില്ല. പിന്നെ ഉള്ള മിക്ക ദിവസങ്ങളിലും അവർ ഒരുമിച്ചാണ് വരാറുള്ളത്.

ഇടയ്ക്ക് വീണ്ടും ഒരു ദിവസം ജാഫർ വരാൻ അൽപ്പം വൈകി. വീട്ടിലേക്ക് നടക്കുമ്പോൾ അവന് ചെറിയ പേടി തുടങ്ങി, എന്നാലും എന്നും ഉള്ളത് പോലെ സുബൈദ തന്റെ കൂടെ ഉണ്ടെന്നത് പോലെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ ജാഫർ വീട്ടിലേക്ക് നടന്നു. രാത്രി വൈകിയും പേടിക്കാതെ തനിച്ചു വന്ന മോനെ കണ്ടപ്പോൾ നബീസയ്ക്ക് ആശ്ചര്യമായി…

ആ ധൈര്യത്തിൽ തന്നെയാണ് ജാഫർ സുബൈദയെ കെട്ടിച്ചു കൊടുക്കുമോ എന്ന് അവളുടെ വീട്ടിൽ പോയി ചോദിച്ചതും. എല്ലാവരുടെയും അനുഗ്രഹിത്തോടെ തന്നെ കല്യാണം നടന്നു. അവർക്ക് ഒരു ആൺകുട്ടിയും പിറന്നു..

ആ കുട്ടി ഓടി കളിക്കാൻ തുടങ്ങിയപ്പോ നബീസ പഴയപോലെ പറഞ്ഞോ മോനെ അവിടേക്ക് പോകല്ലേ അവിടെ ഊളൻ ഉണ്ട്, കടിക്കും, അത് കേട്ട് കുട്ടി പേടിച്ച് നബീസയുടെ അടുക്ക ലേക്ക് ഓടി. അത് കണ്ട ജാഫർ കുട്ടിയുടെ കയ്യും പിടിച്ച് ഇരുട്ടിലേക്ക് നടന്നു…

” കണ്ടോ മോനെ ഇവിടെ എങ്ങും ആരുമില്ല, മോനെ വെറുതെ പറ്റിക്കാൻ പറയുന്നതട്ടോ… “

മോനോട് അത് പറഞ്ഞ് ജാഫർ ഉമ്മയെ നോക്കി…

” അവനെങ്കിലും പേടിച്ചുതൂറി.. ആകാതെ വളരട്ടെ ഉമ്മ… “