എഴുത്ത്:-മഹാ ദേവൻ
അച്ഛൻ തൊടിയിലേക്ക് ഇറങ്ങിയ നേരം നോക്കി റൂമിൽ കേറി ഗിരി അച്ഛന്റെ ഷർട്ടിന്റെ പോക്കറ്റിൽ കയ്യിടുമ്പോൾ ഇടയ്ക്ക് പെട്ടന്ന് കേറി വന്ന അമ്മ പറയുന്നുണ്ടായിരുന്നു
” നാണമില്ലേ നിനക്ക് ഇപ്പഴും അച്ഛന്റെ പോക്കറ്റിൽ കയ്യിട്ട് കാലം കഴിക്കാൻ ” എന്ന്.
അഭിമാനം വ്രണപ്പെടുത്തുന്ന ചോദ്യമാണെങ്കിലും ഒരു ഗുണോം ഇല്ലാത്ത അഭിമാനം വാരിയെടുത്ത് പോക്കറ്റിലിട്ട് ഒരു നാണോം ഇല്ലാത്ത പോലെ ഒന്ന് ചിരിച്ചു.
ആ ചിരിക്ക് പിന്നിൽ ഒത്തിരി സങ്കടം ഒളിപ്പിച്ചുകൊണ്ട്.
” എടാ , ഇങ്ങനെ ജോലി കിട്ടും ജോലി കിട്ടും എന്നും പറഞ്ഞ് വെറുതെ ഇരുന്ന് വേരുറയ്ക്കാതെ പത്തു കാശ് എന്തെങ്കിലും പണിക്ക് പൊക്കൂടെ? നീ കൊണ്ട്വന്ന് ഒന്നും തന്നില്ലേലും വേണ്ട, നിന്റ കാര്യങ്ങൾക്കെങ്കിലും ആവുമല്ലോ. ഈ വയസാം കാലത്തും അച്ഛൻ കഷ്ട്ടപ്പെടുന്നതിന്റെ പങ്ക് പറ്റാൻ നാണമില്ലേ നിനക്ക്. അവാത്ത കാലത്ത് മക്കൾ നോക്കുമല്ലോ എന്ന് കരുതി. ഇതിപ്പോ ആവാത്ത കാലത്തും വണ്ടിക്കാളയെ പോലെ അതിയാൻ ഇങ്ങനെ വലിക്കണമെന്ന് വെച്ചാൽ ഇച്ചിരി കഷ്ട്ടാണ് മോനെ. “
അമ്മ പറയുന്നതിൽ ഒത്തിരി കാര്യം ഉണ്ടെന്ന് അറിയാം. പക്ഷേ, ഇത്രേം പഠിച്ചിട്ട് കൂലിപ്പണിക്ക് ഇറങ്ങാന്ന് വേറെ വെച്ചാ….
നല്ല ഒരു ജോലി കിട്ടി അച്ഛനെയും അമ്മയെയും പൊന്ന് പോലെ നോക്കണം. അച്ഛന്റെ കഷ്ടപ്പാടുകൾ അവസാനിപ്പിച്ച് ഇനിയുള്ള കാലം വിശ്രമിക്കാൻ പറയണം എന്നൊക്കെ ഉണ്ട്. പക്ഷേ…
അവൻ ഒന്നും മിണ്ടാതെ തല കുനിച്ച് ആ റൂമിൽ നിന്നിറങ്ങി തന്റെ റൂമിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് അമ്മയുടെ വേവലാതി നിറഞ്ഞ പ്രാർത്ഥന കേൾക്കാമായിരുന്നു,
“എന്റെ ഈശ്വരാ… എന്റെ കുട്ടിക്ക് നല്ല ബുദ്ധി തോന്നിക്കണേ. ഒക്കെ അവന്റ സമയദോഷം ആണ്. എല്ലാം ഒന്ന് ശരിയായാൽ അവനെ കൊണ്ട് ശയന പ്രദക്ഷിണം ചെയ്യിക്കാമെ “
ഉച്ച വരെ തൊടിയിൽ ചേമ്പും ചേനയും നട്ട് വിയർപ്പ് തുടച്ചുകൊണ്ട് അകത്തേക്ക് വന്ന അച്ഛൻ അടുക്കളയിലേക്ക് ഒന്ന് എത്തിനോക്കികൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു
” എന്ത്യേടി ചെറുക്കൻ. പുറത്ത് പോയി വന്നില്ലേ ” എന്ന്.
” ഓഹ്, അവനെവിടേം പോയിട്ടില്ല. ദേ, ആ റൂമിൽ കുത്തിയിരിപ്പുണ്ട്. അല്ലേലും വെറുതെ തെണ്ടിതിരിയാൻ വേണ്ടിയല്ലേ പുറത്ത് പോകുന്നത്. അതിനും വേണം ദിവസം നൂറു രൂപ അവന്. രാവിലെ വന്ന് നിങ്ങടെ പോക്കറ്റ് തപ്പിയിരുന്നു. അതിലുള്ളത് ഞാൻ എടുത്ത് മാറ്റിവെച്ചത് കൊണ്ട് ഇന്നിപ്പോ എവിടേം പോയില്ല. ജോലിക്കോ പോണില്ല, എന്നാ പിന്നെ വീട്ടിലെങ്കിലും അടങ്ങി ഇരിക്കൂലോ “
അമ്മ അല്പം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് പണിയിൽ മുഴുകുമ്പോൾ അച്ഛൻ ദേഹം തുടച്ച തോർത്ത് തോളിലിട്ട് ദേവകിയെ ഒന്ന് രൂക്ഷമായി നോക്കി.
” നിന്നോടാര് പറഞ്ഞ് അതെടുത്തു മാറ്റാൻ? അവൻ പോക്കറ്റിൽ നോക്കുമെന്ന് അറിയാവുന്നത് കൊണ്ട് അവന് എടുക്കാൻ ഞാൻ വെച്ചതല്ലേ അത്. ഇവിടെ ഇങ്ങനെ ഇരുന്ന് ബോറടിക്കുമ്പോൾ കുട്ടികളായാൽ പുറത്തൊക്കെ പോകും. ജോലി ഇല്ലെന്നും പറഞ്ഞ് അവനെ വീട്ടിൽ ഇരുത്തിയാൽ എല്ലാം ശരിയാവോ? എടി, അവനു പടിപ്പുണ്ട്, വിവരമുണ്ട്, അതിന് ചേർന്നൊരു ജോലി കിട്ടണമെന്ന ആഗ്രഹമുണ്ട്, അവൻ ശ്രമിക്കുന്നതും ഉണ്ട്. പിന്നെ കിട്ടാത്തത് അവന്റ കുഴപ്പം കൊണ്ടല്ലല്ലോ. എല്ലാത്തിനും ഒരു സമയമുണ്ട്, അപ്പൊ ഒക്കെ ശരിയാകും. നീ ഇങ്ങനെ ഏത് നേരവും അവനെ കുറ്റം പറയാൻ തുടങ്ങിയാൽ അവന്റ മനസ്സ് വിഷമിക്കില്ലേ. “
” നിങ്ങളീ പറയുന്നത് കേട്ടാൽ തോന്നൂലോ എനിക്ക് എപ്പളും അവനെ കുറ്റം പറയലാ പണി എന്ന്. അവൻ നന്നായി കാണാൻ ആഗ്രഹം ഉള്ളോണ്ടാ ഞാനും പറയുന്നത്. അങ്ങനെ പറയുമ്പോഴേ അവന് ഇച്ചിരി വാശി ഉണ്ടാകു. ഇപ്പോൾ ജോലി കിട്ടാനൊക്കെ വല്ലാത്ത പ്രയാസം ആണ്. എന്ന് കരുതി വെറുതെ വീട്ടിലിരിക്കുന്നതിലും നല്ലത് അവന്റ കൂട്ടുകാരുടെ കൂടെ എന്തേലും ജോലിക്ക് പോവാലോ. ഏത് പണി ആയാലും നാളേയ്ക്ക് അതൊരു പാഠമാണ്.
മുന്നോട്ട് ജീവിക്കാനുള്ള ഗൃഹപാഠം. “
അമ്മ സങ്കടത്തോടെ കണ്ണുകൾ തുടയ്ക്കുമ്പോൾ അച്ഛൻ മറുത്തൊന്നും പറയാതെ മുറിയിലേക്കു നടന്നു.
അന്ന് കിടക്കുമ്പോൾ ഒരുപാട് ആലോചിച്ചു ഗിരി. അമ്മ പറഞ്ഞതല്ലേ ശരി. ഇത്രേം പ്രായം ആയിട്ടും ഇങ്ങനെ തിന്നാൻ മാത്രമായൊരു ജന്മം. അച്ഛൻ ഉള്ളത് കൊണ്ട് അന്നന്നത്തെ ആഹാരത്തിനു മുട്ടില്ല. എവിടേക്ക് എങ്കിലും ഒന്ന് ഇറങ്ങണേൽ, എന്തിന് ഒരു ആപ്ലിക്കേഷൻ അയയ്ക്കാനുള്ള കവർ വാങ്ങാൻ പോലും അച്ഛന്റെ മുന്നിൽ കൈ നീട്ടണം. ” പോക്കറ്റിലുണ്ട്, എടുത്തോ ” എന്നെ അച്ഛൻ പറയൂ. അത് മകനിലുള്ള വിശ്വസമാണ്. നാളെ എല്ലാം ശരിയാകും, മകൻ ഉയർന്ന നിലയിലെത്തും എന്നുള്ള വിശ്വാസം. അങ്ങനെ എത്രയെത്ര നാളെകൾ. ഒന്നും ശരിയാകുന്നില്ല. താൻ പോലും പ്രതീക്ഷ മുരടിച്ചവനെ പോലെ ഇരിക്കുമ്പോൾ അച്ഛൻ മാത്രം ഇപ്പോഴും പറയും ” ഒക്കെ ശരിയാവും മോനെ. തളർന്നാൽ നമ്മള് തോറ്റു എന്നാ. “
പിറ്റേ ദിവസം രാവിലെ കുളിച്ച് ഉമ്മറത്തു പരുങ്ങലോടെ നിൽക്കുമ്പോൾ അവസ്ഥ മനസ്സിലാക്കിയ അച്ഛൻ പോക്കറ്റിൽ വെച്ച് തന്ന നൂറു രൂപ അവന്റ കണ്ണുകളെ ഈറനണിയിച്ചു.
” രാവിലെ കുളിച്ചൊരുങ്ങി എങ്ങോട്ടാ നീ ” എന്നും ചോദിച്ചുവന്ന അമ്മയോട് വാങ്ങിക്കേണ്ട സാധനങ്ങളുടെ ബില്ല് വാങ്ങിയായിരുന്നു അവൻ പുറത്തേക്ക് നടന്നത്.
” ഇവനിത് എന്ത് പറ്റി. ബില്ല് വാങ്ങിപ്പോയി സാധനം വാങ്ങിക്കാൻ ഇവന്റെ കൈയിൽ എവിടുന്നാ കാശ്. ” എന്ന് അവൻ പടികടക്കും വരെ നോക്കിനിന്ന അമ്മ പിന്തിരിയുമ്പോൾ പിറകിൽ നിന്നിരുന്ന അച്ഛൻ ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു
” നമ്മളെ തേടി വരാത്തതിനെ നമ്മള് തേടി പിടിക്കണം എന്നല്ലേ, അവൻ തേടിപിടിച്ചിട്ടുണ്ട്. പഠിച്ചതല്ലെങ്കിലും വിധിച്ച ഒരു കച്ചിത്തുരുമ്പ്. അതിൽ നിന്ന് പഠിച്ചോളും.. പിന്നെ ഉയർന്നോളും. ! എന്തോ ഇന്നവന്റ മുഖത്തൊരു തെളിച്ചമുണ്ട്. ജയവും തോൽവിയുമല്ല, ലക്ഷ്യം മാത്രം മുന്നിൽ കണ്ടിറങ്ങുന്ന ഒരു പോരാളിയുടെ മുഖത്തെ തെളിച്ചം. !”
വൈകിട്ട് കയറിവന്ന ഗിരിയുടെ കയ്യില് അമ്മ പറഞ്ഞ സാധനങ്ങൾ ഉണ്ടായിരുന്നു. അത് കണ്ട അമ്മ അത്ഭുതത്തോടെ അവനെ നോക്കുമ്പോൾ അവൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു. പിന്നെ അകത്തേക്ക് നടന്നു.
അന്ന് കഞ്ഞിക്കു മുന്നിൽ ഇരിക്കുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു
” ഇന്ന് കഞ്ഞിക്കു നല്ല സ്വാദ് ആണല്ലോ അമ്മേ ” എന്ന്.
അത് കെട്ട അച്ഛൻ അമ്മയെ നോക്കി മന്ദഹസിച്ചു. അമ്മയും. പിന്നെ പതിയെ അവന്റ മുടിയിലൂടെ ഒന്ന് തലോടിക്കൊണ്ട് പറയുന്നുണ്ടായിരുന്നു ” ഇത് മോൻ കൊണ്ട് വന്ന അരിയാണ്. മോന്റെ വിയർപ്പിന്റെ കൂലിയാണ് . അതാണ് ഇതിന് അത്രയ്ക്ക് സ്വാദ്. ഒരു പിടി കഞ്ഞി ആണെങ്കിലും അത് സ്വന്തം അദ്ധ്വാനത്തിന്റെ നീക്കിയിരിപ്പിൽ നിന്നാണെങ്കിൽ അത് കഴിക്കുന്നിടത്തും ഒരു സമാധാനം ഉണ്ടാകും മോനെ. അത് ഉണ്ടാകുമ്പോൾ കഴിക്കുന്ന കഞ്ഞിക്കു നാം അറിയാത്ത ഒരു സ്വദും ഉണ്ടാകും.”
അതും പറഞ്ഞ് അമ്മ അവന്റ പ്ളേറ്റിൽ പിന്നെയും കഞ്ഞി വിളമ്പുമ്പോൾ അവന്റ വിയർപ്പ് കൊണ്ട് വാങ്ങിയ ഭക്ഷണം ആവേശത്തോടെ കഴിക്കുന്ന അച്ഛൻ അതിയായ സന്തോഷത്തോടെ പറയുന്നുണ്ടായിരുന്നു ” ജീവിതത്തിലേക്ക് എന്നും ഉപകരിക്കുന്ന ഒരു പാഠമാണ് മോനെ ഇത്. അമ്മ പറഞ്ഞപോലെ ഒരു പിടി കഞ്ഞി ആണെങ്കിലും അത് സ്വന്തം അദ്ധ്വാനത്തിന്റെ നീക്കിയിരിപ്പിൽ നിന്നാണെങ്കിൽ അത് കഴിക്കുന്നിടത്തും ഒരു സമാധാനം ഉണ്ടാകും, അത് ഉണ്ടാകുമ്പോൾ കഴിക്കുന്ന കഞ്ഞിക്കു നാം അറിയാത്ത ഒരു സ്വദും ഉണ്ടാകും.”
അതും പറഞ്ഞ് അച്ഛൻ അവന്റ തോളിൽ തട്ടികൊണ്ട് എഴുന്നേൽക്കുമ്പോൾ ആ മനുഷ്യനെ നിറകണ്ണുകളോടെ അവൻ നോക്കി.
അപ്പോഴും മനസ്സിൽ അച്ഛൻ പലപ്പോഴും പറഞ്ഞ വാചകമായിരുന്നു
തളർന്നാൽ നമ്മള് തോറ്റു എന്നാ. പൊരുതി നിന്നവനെ വിജയമുള്ളൂ, അതിപ്പോ കഥയിലാണെങ്കിലും ജീവിതത്തിൽ ആണെങ്കിലും