എന്റെ പെണേ… നിന്നെപ്പോലൊരു പെണ്ണിനെ ഹൃദയത്തോളം ചേർത്ത് പിടിക്കുന്നതിൽ കൂടുതൽ ആനന്ദം ലോകത്ത്……..

പെണ്ണ്

എഴുത്ത്:-സാജു പി കോട്ടയം

എന്തിനാ മാഷേ… ഈ ദിവസം തന്നെ തിരഞ്ഞെടുത്തത് എന്നെ കാണാൻ വരാൻ..?

നമ്മൾ ആദ്യമായി കാണുമ്പോൾ മുറുകെ കെട്ടിപ്പിടിക്കണമെന്നും ആ നെഞ്ചിൽ മുഖം ചേർത്ത് വച്ചു കൊറേനേരം എല്ലാം മറന്ന് നിൽക്കണമെന്നും ഒടുവിൽ എന്നെപോലും സമർപ്പിച്ചു നിന്റെയരികിൽ തളർന്നു കിടക്കണമെന്നും എന്റെ സ്വപ്ന മായിരുന്നില്ലേ…?

പെണേ….. നിന്റെ… എല്ലാ ദിവസവും എനിക്ക് നീ പലപ്പോഴായി പറഞ്ഞു തന്നില്ലേ…..? എനിക്കറിയാം നീ ജനിച്ചതു മുതൽ നിന്റെ സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും നിന്റെ ശരീരത്തിന്റെ പോലും തിയതിയും വർഷവുമെല്ലാം

എന്തിനാ മാഷേ… ഈ ദിവസം തന്നെ തിരഞ്ഞെടുത്തത് എന്നെ കാണാൻ വരാൻ…??

ഇന്നല്ലെങ്കിൽ പിന്നെ ഏത് ദിവസമാണ് നിനക്കായി ഞാൻ തെരഞ്ഞെടുക്കേണ്ടത്… ഇന്നല്ലേ… നിനക്ക് ദേഷ്യവും വെറുപ്പും സങ്കടവും നിന്റെ അടിവയറ്റിൽ വേദനയും പുകച്ചിലുമൊക്കെ വരുന്ന ദിവസം.

ഇന്ന് മുഴുവനും നിന്റെ കൂടെയിരിക്കണമെന്നും നിനക്ക് കാപ്പിയും ചൂടുവെള്ളവും ഉണ്ടാക്കി തരണമെന്നും പിന്നെ നിന്റെ അടിവയറ്റിൽ തലോടിയും നെറുകയിൽ ചുംബിച്ചും രാത്രി മുഴുവനും നിന്റെ തലമുടികൾക്കിടയിലൂടെ വിരലുകൾ കൊണ്ട് തഴുകിയും നിന്നെയും ചേർത്തുപിടിച്ചു കിടക്കണം..

മാഷേ….. നിങ്ങളെന്നെയൊന്നു സ്നേഹത്തോടെ മുറുകെ കെട്ടിപ്പിടിക്കുമോ ഇപ്പോൾ..

ഒരു പുരുഷനും ഇതേ വരെയുമെന്നെ സ്നേഹത്തോടെ നെഞ്ചിൽ ചേർത്ത് നിറുത്തിയിട്ടില്ല.. ആറാം വയസ്സിൽ അച്ഛനെന്നെ ചേർത്തുപിടിക്കുമ്പോഴും ഒരുപാട് ആഗ്രഹിച്ചിരുന്നു അത് സ്നേഹത്തോടെ ആയിരിക്കണമെന്ന്.. പിന്നീട് വന്നവരെല്ലാം അച്ഛനെ പോലെ തന്നെയായിരുന്നു ഒരിക്കലും ആരുമെനിക്ക് സ്നേഹം മാത്രം തന്നില്ല . എന്റെ ശരീരം ചവച്ചു തുപ്പുന്നത്തിലായിരു അവർ ആനന്ദം കണ്ടെത്തിയിരുന്നത്..

മാഷേ….. നിങ്ങളെന്നെയൊന്നു സ്നേഹത്തോടെ മുറുകെ കെട്ടിപ്പിടിക്കുമോ ഇപ്പോൾ..

നിന്നെയല്ലാതെ ആരെയാണ് പെണ്ണേ ഇത്രയും സ്നേഹത്തോടെ ചേർത്തു പിടിക്കാൻ കഴിയുക

ഇന്ന് നീയെന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു കണ്ണീർ വറ്റുവോളം നിന്നെ ഞാൻ ചേർത്ത് പിടിക്കും.

ഇതിന്….. പകരമായി ഞാനെന്താണ് മാഷേ നിങ്ങൾക്ക് തരേണ്ടത്….?

എന്റെ പെണേ… നിന്നെപ്പോലൊരു പെണ്ണിനെ ഹൃദയത്തോളം ചേർത്ത് പിടിക്കുന്നതിൽ കൂടുതൽ ആനന്ദം ലോകത്ത് വേറെന്തിനാണ് നൽകാൻ കഴിയുന്നത്….