അല്ല മോനെ ഈ പ്രായത്തിൽ ഇനി ലക്ഷ്മിക്കൊരു വിവാഹത്തിന്റെ ആവശ്യമുണ്ടോ.. അതെല്ലാവർക്കും നാണക്കേടല്ലേ…..

അമ്മയ്ക്കായ്…

Story written by Aswathy Joy Arakkal.

“നിനക്കൊരു വിവാഹം വേണമായിരുന്നുവെങ്കിൽ അതു നല്ല പ്രായത്തിൽ ആകാമായിരുന്നില്ലേ ലക്ഷ്മി? ഇതിപ്പോൾ മക്കള് പ്രായപൂർത്തി ആയി. മകളെ കെട്ടിച്ചയച്ചു പേരകുട്ടിയും ആയി, മകനെ കെട്ടിക്കേണ്ട പ്രായത്തിലാ അവളുടെയൊരു മുതുകൂത്ത്. നീയീ പ്രായത്തിലൊരു വിവാഹം കഴിച്ചാൽ നിവ്യമോളെ കെട്ടിച്ചയച്ച വീട്ടിൽ അവൾക്ക് പിന്നെന്താ ഒരു വില? നീരവിനു നല്ലൊരു വീട്ടിൽ നിന്നും പിന്നൊരു ബന്ധം കിട്ടുമോ? അങ്ങനെ എന്തെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നീ? “

ലക്ഷ്മിയുടെ മരിച്ചുപോയ ഭർത്താവ് ശേഖരന്റെ ചേട്ടൻ ശിവദാസൻ അമ്മയോട് കയർക്കുന്നത് കേട്ടുകൊണ്ടാണ് ലക്ഷ്മിയുടെ മകൻ നീരവ് വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലേക്ക് വന്നു കയറുന്നത്. നീരവ് നോക്കുമ്പോൾ ശിവദാസൻ വല്യച്ഛൻ ഒറ്റയ്ക്കല്ല അച്ഛന്റെ രണ്ടുപെങ്ങന്മാരും കെട്ടിച്ചയച്ച നീരവിന്റെ പെങ്ങൾ നിവ്യയും അടക്കം വലിയൊരു പട തന്നെയുണ്ട് അമ്മയെ ക്രോസ്സ് ചെയ്യാൻ. എല്ലാവരുടേയും മുന്നിൽ തലകുനിച്ചു ഒരു അപരാധിയെ പോലെ നിൽക്കുകയാണ് അമ്മ.

“ഉത്തരം ഞാൻ പറഞ്ഞാൽ മതിയോ? ” എന്ന ചോദ്യം കേട്ട എല്ലാവരും നോക്കുന്നത് നീരവിന്റെ മുഖത്തേക്കാണ്.

“എന്താ എല്ലാവർക്കും അറിയേണ്ടത്? എന്നോടു ചോദിക്കാം? ” സ്വല്പം ഗൗരവത്തിൽ തന്നെ നീരവ് പറഞ്ഞു.

“അല്ല മോനെ ഈ പ്രായത്തിൽ ഇനി ലക്ഷ്മിക്കൊരു വിവാഹത്തിന്റെ ആവശ്യമുണ്ടോ.. അതെല്ലാവർക്കും നാണക്കേടല്ലേ? ” ഞങ്ങളത് സംസാരിക്കുകയായിരുന്നു നീരവിന്റെ അച്ഛൻ പെങ്ങൾ പറഞ്ഞു.

“ഈ പ്രായത്തിൽ എന്റെ അമ്മ ഒരു വിവാഹം കഴിക്കുന്നതിൽ നാണക്കേടുള്ളവരൊന്നും ഇനി ഈ പടി കയറണമെന്നില്ല. പിന്നെ ഈ പ്രായത്തിൽ എന്റെ അമ്മ വിവാഹം കഴിക്കുന്നതിൽ നാണക്കേടുള്ള അപ്പച്ചി തന്നെയാണല്ലോ കുറച്ചുനാൾ മുൻപ് അപ്പച്ചിയുടെ ഭർത്താവിന്റെ അനിയന്റെ ഭാര്യ മരിച്ചപ്പോൾ അദ്ദേഹത്തെ കൊണ്ട് രണ്ടാമതൊരു വിവാഹം കഴിപ്പിക്കാൻ മുൻകൈയ്യെടുത്തതും എല്ലാത്തിനും മുന്നിൽ നിന്നതും. അദ്ദേഹത്തിന് അറുപതു വയസ്സ് പ്രായവും അന്നുണ്ടായിരുന്നു. എന്റെ അമ്മയ്ക്ക് അൻപത് തികഞ്ഞിട്ടില്ല ഇതുവരെ ” നീരവ് കുറച്ചു ഗൗരവത്തിൽ തന്നെ പറഞ്ഞു.

“ആണുങ്ങളെ പോലെ ആണോ പെണ്ണുങ്ങള്. ആണുങ്ങൾക്ക് എന്തിനും ഒരു കൈസഹായം വേണം. ഭാര്യയില്ലാതെ തനിച്ചു ജീവിക്കാൻ അവർക്ക് പാടാ.. അതുപോലെ ആണോ ഇവളുടെ മുത്തുകൂത്ത്. അങ്ങനെ കെട്ടാൻ മുട്ടി നിൽക്കുവായിരുന്നെങ്കിൽ ശേഖരൻ മരിച്ച സമയത്ത് ആ ചെറു പ്രായത്തിൽ ആരെയെങ്കിലും പിടിക്കാമായിരുന്നില്ലേ ഇവൾക്ക്? അല്ലാതെ ഈ വയസ്സാം കാലത്ത് നാട്ടുകാരെക്കൊണ്ട് പറയിക്കാൻ.. എന്റെ ശേഖരന്റെ ആത്മാവ് ഇതൊക്ക എങ്ങനെ സഹിക്കുമോ ആവോ? ” അപ്പച്ചി സാരിത്തലപ്പ് കൊണ്ട് കണ്ണീരൊപ്പിയ ശേഷം പറഞ്ഞു.

“അച്ഛന്റെ ആത്മാവിന് വേദനിക്കുന്ന കാര്യമോർത്തു കള്ളക്കണ്ണീരൊഴുക്കല്ലേ അപ്പച്ചി. എന്റെ അച്ഛൻ മരിക്കുമ്പോൾ നിവിയേച്ചിക്ക് ഏഴുവയസ്സാ എനിക്ക് നാലും. അതുവരെ അച്ഛന്റെ തണലിൽ ജീവിച്ച അമ്മ എട്ടുപൊട്ടും തിരിയാത്ത ഞങ്ങൾ മക്കളേയും ചേർത്തു പിടിച്ച് ഇനി മുന്നോട്ടെന്ത് എന്നാലോചിച്ചൊരു എത്തുംപിടിയും ഇല്ലാതെ നിന്നപ്പോൾ ഈ പറയുന്ന അപ്പച്ചിയടക്കം ആരും ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല. അന്ന് അച്ഛന്റെ ആത്മാവിനു വേദനിച്ച അത്രയൊന്നും ഇനി ഏതായാലും വേദനിക്കാൻ പോകുന്നില്ല. അതുകൊണ്ട് ആ സെന്റിമെൻസ് അപ്പച്ചി വിട്.. ” നീരവ് അത്രയുംപറഞ്ഞപ്പോൾ അപ്പച്ചിയടക്കം പലരും വായടഞ്ഞ പോലെ നിശ്ശബ്ദരായിരുന്നു.

നീരവ് തുടർന്നു…

“അന്നുതൊട്ട് ഒരു സുഖമോ സന്തോഷമോ എന്റെ അമ്മ അറിഞ്ഞിട്ടില്ല. ഒരു ജീവിതം മുഴുവൻ ഈ പാവം ഉഴിഞ്ഞു വെച്ചത് ഞങ്ങൾ മക്കൾക്ക് വേണ്ടി ആയിരുന്നു. മുണ്ടുമുറുക്കി ഉടുത്ത് കഷ്ടപ്പെട്ടാ അമ്മ ഞങ്ങളെ ഈ നിലയിൽ എത്തിച്ചത്.. അതൊന്നും ഇവർക്ക് അറിയില്ലെങ്കിലും നിനക്കറി യാവുന്നതല്ലേടി നിവിയേച്ചി. എന്നിട്ട് നീയും ഇവർക്കൊപ്പം ചേർന്ന് അമ്മയെ പ്രതിക്കൂട്ടിൽ നിർത്തിയല്ലേ? അല്ലെങ്കിലും എല്ലാവർക്കും സ്വന്തം ജീവിതം ആണല്ലോ വലുത്. അന്ന് അമ്മ സ്വന്തം സുഖവും സന്തോഷവും നോക്കി പോയിരുന്നെങ്കിൽ ഇന്നിങ്ങനെ ചോദ്യം ചെയ്യാൻ മാത്രം നമ്മൾ വളരുമായിരുന്നില്ല. അതു നീ ഓർത്തോ.. “

നീരവ് പറയുന്നതെല്ലാം കേട്ടുകൊണ്ട് കുറ്റബോധത്തോടെ കണ്ണുനിറച്ചു നിൽക്കാനേ നിവ്യക്കായുള്ളൂ..

“പിന്നെ അപ്പച്ചി, ആണുങ്ങളെ പോലെ തന്നെ സ്ത്രീകൾക്കും മനസ്സും ആഗ്രഹങ്ങളും ഉണ്ട്. മുതുകൂത്ത് എന്നും പറഞ്ഞു നിങ്ങൾ ആക്ഷേപിച്ചില്ലേ? കെട്ടാൻ മുട്ടി നിൽക്കുവായിരുന്നോ? എന്നു ചോദിച്ചു പരിഹസിച്ചില്ലേ. നിങ്ങളൊക്കെ കരുതുന്നത് പോലെ ശരീരസുഖത്തിനു വേണ്ടി മാത്രമല്ല വിവാഹം.. ഒരു കൂട്ട്.. സങ്കടങ്ങളിൽ ചാരാനൊരു തോൾ.. സന്തോഷങ്ങൾ പങ്കുവെയ്ക്കാനൊരു ഹൃദയം.. അങ്ങനെ പലതുമാണൊരു പങ്കാളി.. മഞ്ഞപിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞയായി തോന്നും അതുകൊണ്ടാണ് നിങ്ങൾ എല്ലാം ആ കണ്ണിലൂടെ മാത്രം കാണുന്നത്. പിന്നെ ഇനി നിങ്ങളൊക്കെ പറഞ്ഞത് പോലെ ആണെങ്കിൽ തന്നെ എന്താ അതിലൊരു തെറ്റ്.. എന്റെ അമ്മ രഹസ്യമായി ഇവിടെ ആരേയും വിളിച്ചു കയറ്റുക ഒന്നും അല്ല ചെയ്തത്.. നാലാളറിഞ്ഞു പരസ്യമായി വിവാഹം കഴിക്കാനാ പോകുന്നത്…ഡേറ്റ് തീരുമാനിക്കുമ്പോൾ ഞങ്ങൾ വന്നു ക്ഷണിക്കും. ഇഷ്ടമുള്ളവർക്ക് വന്നു പങ്കെടുക്കാം. “

“പിന്നെ ഞങ്ങൾക്ക് ഒരു കൈത്താങ്ങിന് ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ച നിമിഷങ്ങൾ ജീവിതത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. അന്നൊന്നും തിരിഞ്ഞു നോക്കാത്തവരുടെ ഉപദേശം ഇപ്പോൾ വേണ്ട. കുറ്റം പറയാനായി മാത്രം ആരും ഈ പടി കയറണമെന്നും ഇല്ല.. പിന്നെ രണ്ടാംവിവാഹം എന്നത് ലോകത്ത് നടക്കാത്തതൊന്നും അല്ലല്ലോ.. “

അത്രയും എല്ലാവരേയും നോക്കി പറഞ്ഞ ശേഷം “അമ്മേ ചായ എടുത്ത് വെക്ക്. ഞാനൊന്നു ഫ്രഷ് ആയി വരാം ” എന്നും പറഞ്ഞു നീരവ് റൂമിലേക്ക് പോയി. വന്നവരൊക്കെ പല്ലിറുമ്മിക്കൊണ്ട് പുറത്തേക്കും ഇറങ്ങി.

“എല്ലാവരേയും വെറുപ്പിച്ചിട്ട് എന്തിനാ മോനേ ഈ വിവാഹം.. ” ചർച്ചയും തീരുമാനങ്ങളും കഴിഞ്ഞു എല്ലാവരും പടിയിറങ്ങിയപ്പോൾ ലക്ഷ്മി മകനോടായി ചോദിച്ചു.

മറുപടിയായി നീരവ് അമ്മയെ ചേർത്തു പിടിച്ചു എന്നിട്ട് പുഞ്ചിരിയോടെ പറഞ്ഞു .. “എത്രയൊക്കെ സ്നേഹമുണ്ടെന്നു പറഞ്ഞാലും ഞങ്ങൾ മക്കൾക്ക് പല പരിമിതികളും ഉണ്ട്.. അതു ഞാൻ മനസ്സിലാക്കിയത് ചേച്ചിയുടെ വിവാഹത്തോടെയാണ്. എപ്പോഴും അമ്മ എന്നു പറഞ്ഞു നടന്നവൾക്ക് പലപ്പോഴും സ്വന്തം കുടുംബത്തിലെ തിരക്കായപ്പോൾ അമ്മയെ ഒന്നു വിളിക്കാൻ പോലും പലപ്പോഴും സമയം തികയാതായി. അതവളുടെ കുറ്റമല്ല. സാഹചര്യങ്ങൾ ആണ്. അവള് പോയതോടെ അമ്മ ഒരുപാട് ഒറ്റപ്പെട്ടതായി എനിക്ക് തോന്നി. അതിനു ശേഷമാണ് വർഷങ്ങൾ ആയുള്ള അമ്മയുടെ ഏകാന്തവാസത്തെപ്പറ്റി ഞാൻ കൂടുതൽ ചിന്തിക്കുന്നത്. അമ്മയുടെ മനസ്സു മനസ്സിലാക്കിയപ്പോൾ, ഒറ്റപ്പെടൽ തിരിച്ചറിഞ്ഞപ്പോൾ അമ്മയ്ക്കൊരു കൂട്ട് വേണം എന്ന് ഞാൻ ആഗ്രഹിച്ചതും അതുകൊണ്ടാണ്. പറയുന്നവർ പറയട്ടെ അമ്മേ.. എനിക്ക് അമ്മയുടെ സന്തോഷമാണ് വലുത്…. മറ്റാരെന്ത് പറഞ്ഞാലും എനിക്ക് ഒരു പ്രശ്നവുമില്ല. അമ്മ സന്തോഷമായിരുന്നാൽ മതി. പിന്നെ എന്റെ ഭാവിയെപ്പറ്റി ഓർത്തു അമ്മ വിഷമിക്കണ്ട. ഇതൊക്ക ഉൾക്കൊള്ളാൻ ആകുന്നൊരു കുട്ടി എന്റെ ജീവിതത്തിലേക്ക് വരും.. അതെനിക്കുറപ്പാ.. “

“വരും മോനെ. അവൾ ഭാഗ്യവതിയും ആയിരിക്കും. പെറ്റമ്മയെ മനസ്സിലാക്കിയവൻ അവളേയും പൊന്നുപോലെ നോക്കും എന്നെനിക്കുറപ്പുണ്ട്.. മനസ്സിലാക്കപ്പെടുക എന്നതാണ് ഒരു പെണ്ണിന്റെ ഏറ്റവും വല്യഭാഗ്യം..” നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് ലക്ഷ്മിയമ്മ പറഞ്ഞു.

“ഞങ്ങൾക്ക് വേണ്ടി ജീവിച്ച അമ്മയുടെ മനസ്സും ഒറ്റപ്പെടലുമെല്ലാം വെറും സ്വാർത്ഥതയുടെ പേരിൽ കണ്ടില്ല എന്നു നടിക്കാൻ എനിക്കാവില്ല.. അമ്മയ്ക്കൊരു കൂട്ട് വേണം. അതു മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാനെങ്ങനെ നല്ലൊരു മകനാകും. പിന്നെ നമ്മൾ എന്ത് ചെയ്താലും പറയാനുള്ളവർ പറഞ്ഞു കൊണ്ടിരിക്കും. അതുകൊണ്ട് മറ്റുള്ളവർ എന്ത് പറയുമെന്ന് കരുതിയല്ല നമ്മുടെ സന്തോഷങ്ങൾക്കായാണ് നമ്മൾ ജീവിക്കേണ്ടത്… ” സ്നേഹക്കടലായി മകനത് പറയുമ്പോൾ “സ്നേഹം എന്നത് വെറും വാക്കുകളിൽ ഒതുങ്ങേണ്ട ഒന്നോ, നമ്മുടെ ഇഷ്ടത്തിന് മറ്റൊരാൾ ജീവിക്കണമെന്ന സ്വാർത്ഥതയോ അല്ല.. പരസ്പരമുള്ള കരുതലാണ്.. ബഹുമാനിക്കലാണ്.. മനസ്സിലാക്കലാണ് സ്നേഹം.. എന്ന വാക്യത്തിന് കൂടെ അവിടെ അടിവരയിടുകയായിരുന്നു.. “