ഇപ്പോൾ വീട്ടുകാർ മാത്രമേ അറിഞ്ഞിട്ടുള്ളു ഇനി നാടുമുഴുവൻ അറിയിക്കണോ അമ്മേടെ രണ്ടാം കെട്ട്….

അമ്മക്കായി

Story written by Jolly Shaji

“നാളെ എന്റെ അമ്മയുടെ വിവാഹമാണ്… ചടങ്ങ് ലളിതമാണ് എങ്കിലും പ്രിയപ്പെട്ട എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം…”

അഖിലിന്റെ ഫേസ്ബുക് പോസ്റ്റ്‌ കണ്ട കൂട്ടുകാർ പലരും അതിശയിച്ചു പോയി.. ചിലർ ആശ്ചര്യ ഇമോജി ഇട്ടേച്ചുപോയി… ചുരുക്കം ചിലർ ചിരിച്ചു തള്ളി, പിന്നെ ചിലർ ലവ് ഇമോജി ഇട്ടു അവർ കൺഗ്രാത്സ് കമന്റ്‌ ഇട്ടു.. പിന്നെ ചിലർ പരസ്പരം ഇൻബോക്സിൽ കുറ്റപ്പെടുത്തി…
എന്തായാലും അഖിൽ ഹാപ്പിയാണ്..

പോസ്റ്റ് ഇട്ട അഖിൽ നേരെ അമ്മയുടെ മുറിയിലേക്ക് ചെന്നു… അമ്മ തയ്യലിൽ ആണ്… നല്ലൊരു തയ്യൽക്കാരി ആണ് സുജ… നാളെ കല്യാണത്തിന് ഇടാനുള്ള ബ്ലൗസ് ആണ് തുന്നുന്നത്… മൊബൈലിൽ പാട്ട് കേട്ട് മൂളിപ്പാട്ടൊക്കെ പാടി ബ്ലൗസ് കൈത്തുന്നൽ നടത്തുന്ന അമ്മ വേറേതോ ലോകത്താണെന്നു മനസ്സിലാക്കിയ അഖിൽ മെല്ലെ തിരിഞ്ഞു നടന്നു അവന്റെ മുറിയിലേക്ക്…

റൂമിലെത്തിയ അഖിലിന്റെ ഫോണിലേക്ക് അപ്പോളാണ് അങ്കിതയുടെ കാൾ വരുന്നത്…

“ഹലോ എന്താ മോളെ ഈ സമയത്ത് ഉറങ്ങിയില്ലായിരുന്നോ…”

“എങ്ങനെ ഉറങ്ങും അത്രയ്ക്ക് സന്തോഷമുള്ള കാര്യമല്ലേ നടക്കുന്നത്…”

“എന്തെ, നന്ദൻ ആയി എന്തെങ്കിലും പ്രോബ്ലം ഉണ്ടായോ…”

“ഞാനും നന്ദേട്ടനും തമ്മിൽ ഇതുവരെ പ്രശ്നം ഒന്നും ഇല്ല ഇനി നിങ്ങൾ എല്ലാരും കൂടി ഉണ്ടാക്കാതിരുന്നാൽ മതി…”

“അതിനിപ്പോ എന്തോ ഉണ്ടായി..”

“ഏട്ടൻ ഫേസ്ബുകിൽ പോസ്റ്റ്‌ ഇട്ടേക്കുന്നതു ഡീലേറ്റ് ചെയ്തെ…”

“അതെന്തിന്… അത് നുണയൊന്നും അല്ലല്ലോ… പിന്നെന്താ..”

“ഇപ്പോൾ വീട്ടുകാർ മാത്രമേ അറിഞ്ഞിട്ടുള്ളു ഇനി നാടുമുഴുവൻ അറിയിക്കണോ അമ്മേടെ രണ്ടാം കെട്ട്….”

“നാടുമുഴുവൻ അറിയട്ടെടി നല്ലതല്ലേ… എന്റമ്മ ഒളിച്ചോടി പോകുന്നതല്ലല്ലോ… ഭർത്താവ് മരിച്ചു പത്തു പതിനെട്ടു കൊല്ലം വിധവയായി ജീവിച്ചവളാണ് എന്റമ്മ… അതും ചെറിയ പ്രായത്തിൽ.. എട്ടും പൊട്ടും തിരിയാത്ത അമ്മ ജീവിതത്തിൽ സുഖം എന്തെന്ന് അറിഞ്ഞിട്ടുണ്ടോ… പതിനേഴു വയസ്സിൽ എനിക്ക് ജന്മം തന്നത് മുതൽ അത് കഷ്ടപ്പെടുകയായിരുന്നു എനിക്കും നിനക്കും വേണ്ടി… ഈ നാൽപതിയഞ്ചു വയസ്സിൽ ഇനിയെങ്കിലും അതൊന്നു ജീവിതം എന്തെന്ന് ആസ്വദിച്ചോട്ടെ…”

“ഓ അപ്പോൾ ഞാൻ പറഞ്ഞത് കുറ്റമായി.. ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ല…. എന്നെ ആരും അങ്ങോടു പ്രതീക്ഷിക്കുകയും വേണ്ട..”

“മോളെ നീ എപ്പോളെങ്കിലും പ്രാക്റ്റിക്കലായി ചിന്തിച്ചിട്ടുണ്ടോ അമ്മയെ കുറിച്ച്… നിന്റെ പ്രായത്തിൽ ഒരു കുടുംബം ചുമലിൽ ഏറ്റിയവളാണ് നമ്മുടെ അമ്മ… അയൽ വീട്ടിലെ എച്ചിൽ പാത്രം കഴുകിയാണ് എനിക്കും നിനക്കുമവർ ഒരു നേരത്തെ ഭക്ഷണം തന്നുകൊണ്ടിരുന്നത്…”

“അതൊക്കെ കാർന്നവൻമാരുടെ കടമയാണ്…,”

“എന്ത് കടമ… ഏതേലും ഓർഫനേജിൽ നിന്നേയും എന്നേയും കൊണ്ടാക്കിയിട്ടു അവർക്കു വേറെ വിവാഹം കഴിച്ചു പോകാമായിരുന്നു അന്ന്… പലരും നിർബന്ധിച്ചതുമാണ്… പക്ഷെ എന്റെ മക്കൾ കഴിഞ്ഞേ എനിക്കെന്തും ഉള്ളെന്നു വാശി ആയിരുന്നു അമ്മക്കന്ന്…”

“അന്ന് കല്യാണം കഴിച്ചെങ്കിൽ കുഴപ്പമില്ലാരുന്നു… ഇതിപ്പോ മകളെ കെട്ടിച്ച് ഒരു കൊച്ചുമോൾ ആയപ്പോൾ… ശേ.. എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും…”

“നിന്നെ കെട്ടിച്ചു വിട്ട് നീ ഈ വീട്ടിൽ നിന്നും പോയിട്ട് വല്ലപ്പോഴും ഒന്ന് തിരിഞ്ഞു കേറുന്നതല്ലാതെ ഞാനും നീയും ഇവിടില്ലാത്തപ്പോൾ അമ്മ എങ്ങനെ കഴിഞ്ഞെന്നു നീ തിരക്കിയിട്ടുണ്ടോ… ഒറ്റപ്പെടൽ അവരെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടായിരുന്നു എന്ന് നിന്നെ അറിയിച്ചിട്ടുണ്ടോ അമ്മ…”

“അതുപിന്നെ കെട്ടിച്ചാൽ കെട്ടിയോന്റെ വീട്ടിൽ അല്ലേ നിൽക്കേണ്ടത്… എപ്പോളും അമ്മയുടെ കാര്യം നോക്കാൻ പറ്റുമോ..”

“പറ്റില്ലല്ലോ അല്ലെ… ആർക്കും പറ്റില്ല അതുകൊണ്ടാണ് അമ്മക്ക് ഞാനൊരു കൂട്ട് കണ്ട് പിടിച്ചത്… അമ്മ ഒരുപാട് എതിർത്തതും ആണ്.. പക്ഷെ ആ അച്ഛന്റെയും അവരുടെ മകളുടെയും നന്മ ആണ് എന്റമ്മയുടെ മനസ്സ് മാറ്റിയത്… ഇനിയെങ്കിലും എന്റമ്മ ഒന്ന് സന്തോഷിച്ചോട്ടെ… നീ വരുമോ വരാതിരിക്കുമോ അത് നിന്റിഷ്ടം… എന്തായാലും നന്ദൻ വരും അതെനിക്ക് ഉറപ്പാണ്… ആരും ഇല്ലെങ്കിലും ദേവീടെ നടക്കൽ വെച്ച് ഞാൻ എന്റെ അമ്മയുടെ കൈ പിടിച്ച് ആ അച്ഛനെ ഏല്പിക്കും…”

അഖിൽ അങ്കിതക്കു മറുപടി പറയാൻ അവസരം കൊടുക്കാതെ കാൾ കട്ട് ചെയ്തു..

അഖിലിന്റെ മനസ്സിൽ അമ്മ തങ്ങൾക്കായി കഷ്ടപ്പെട്ടതൊക്കെ ഓടിവന്നു… ഒരുപാട് കുത്തുവാക്കുകളും ചീത്തയും കേട്ടാണ് അമ്മ തങ്ങളെ വളർത്തിയതും പഠിപ്പിച്ചതും . പക്ഷെ ഒരിക്കൽ പോലും മക്കൾക്കായി കഷ്ടപ്പെട്ടു എന്ന് പറഞ്ഞു കേട്ടിട്ടേ ഇല്ല..

കഴിഞ്ഞകൊല്ലം നാട്ടിൽ വന്നിട്ട് പോയതിനു ശേഷമാണ് ഒരു ദിവസം അമ്മ വിളിച്ചപ്പോൾ പറഞ്ഞത്..

“മോനെ ഇന്നലെ രാത്രിയിൽ ആരോ വാതിലിൽ മുട്ടുന്ന ശബ്‍ദം കേട്ടു ജനലിൽ കൂടി നോക്കിയപ്പോൾ അപ്പുറത്തെ വീട്ടിലെ ഗോപാലേട്ടൻ… മദ്യപിച്ചു ബോധം ഇല്ലാതെ നിൽക്കുന്ന ഗോപലേട്ടനോട് ഞാൻ ജനൽ തുറന്ന് എന്താ വന്നതെന്ന് ചോദിച്ചു… അപ്പോൾ അയാൾ വളരെ മോശമായി സംസാരിച്ചു എന്നോട്…”

“അയാൾ എന്താണ് അമ്മയോട് പറഞ്ഞത്…”

“അത് നിന്നോട് എങ്ങനെ പറയും മോനെ… വേണ്ട.. അമ്മക്കിപ്പോ ഒറ്റയ്ക്ക് പേടിയായി തുടങ്ങി നീ ആ ജോലി കളഞ്ഞ് ഇങ്ങ് വാഇവിടെ ഒരു ജോലി ശരിയാക്കാം… കിട്ടുന്ന ശമ്പളം മതി മോനെ.. നീ ഒരു പെണ്ണ് കൂടി കെട്ടി നമുക്ക് സന്തോഷത്തോടെ ജീവിക്കാം…”

“ഞാൻ ശ്രമിക്കാം അമ്മേ..”

ആദ്യമാണ് അമ്മ ഇത്രയും വേദനിച്ചു കാണുന്നത്…. റൂമിലെ തന്റെ ആത്മമിത്രമായ ഹാഷിമിനോട് സംസാരിക്കുന്നതിനു ഇടയ്ക്കു ഇതും പറഞ്ഞു… അവനാണ് അമ്മയെ വിവാഹം കഴിപ്പിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്…

അവൻ പറഞ്ഞപ്പോളാണ് സത്യത്തിൽ താനും അതിത്ര സീരിയസ് ആയി ചിന്തിച്ചത് തന്നെ…ഹാഷിമിന്റെ സഹായത്തോടെയാണ് മാട്രിമോണിയിൽ പരസ്യം ഇട്ടത്…അമ്മയെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും പോസ്റ്റിൽ ഇട്ടിട്ടുണ്ടായിരുന്നു..ഇട്ടു ഒരുമണിക്കൂർ കഴിയും മുന്നേ വന്ന ആലോചന ആണ് ശ്രീകുമാർ എന്ന ആളിന്റെ…

അവർക്കു സംസാരിക്കണം എന്ന് മെസ്സേജ് കണ്ടപ്പോൾ സൈറ്റ് ഓൺ ആക്കി നോക്കി… അൻമ്പതിയഞ്ചു വയസ്സുള്ള ആളാണ്.. സ്വന്തമായി ബിസ്സിനസ്സ് നടത്തുന്നു… ഭാര്യ മരിച്ചിട്ടു പതിമൂന്നു വർഷം… ഒരു മോൾ ഉണ്ട്‌..

അവർ തന്ന നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുത്തത് അദ്ദേഹത്തിന്റെ മകൾ ആണ്… അഖിൽ തന്റെ കുടുംബത്തിലെ വിവരങ്ങളെല്ലാം ഐശ്വര്യയെ അറിയിച്ചു… ഐശ്വര്യക്ക് ഒരു പാട് വിവാഹലോചനകൾ വരുന്നുണ്ട് അച്ഛനെ തനിച്ചാക്കി പോകാൻ പറ്റാത്തതിനാൽ വരുന്ന ആലോചനകൾ ഐശ്വര്യ തള്ളിക്കളയുന്നു എന്ന് തിരിച്ചറിഞ്ഞപ്പോളാണ് അച്ഛൻ വിവാഹത്തിന് ഒരുങ്ങിയത്..

പിറ്റേന്ന് അഖിൽ അമ്മയെ വിളിച്ചപ്പോൾ കാര്യങ്ങൾ പറഞ്ഞു…

“മോനെ നീയെന്താ നിന്റെ അമ്മയെക്കുറിച്ച് വിചാരിച്ചത്… അന്തിക്കൂട്ടിനായി ഞാൻ ഒരാളെ തേടുന്നുണ്ട് എന്നാണോ…”

അമ്മയുടെ വായിൽ നിന്നും വന്ന മറുപടി കേട്ട അഖിൽ വല്ലാത്ത അവസ്ഥയിൽ ആയി..

“അമ്മാ, ഞാൻ ഒരിക്കലും എന്റമ്മയെ വേറൊരു രീതിലും കാണില്ലെന്നു അമ്മക്ക് അറിയാവുന്നതല്ലേ…. എന്റമ്മയെകുറിച്ച് മോശമായി ഞാൻ ചിന്തിക്കുക പോലും ഇല്ല… “

“പിന്നെന്തിനാണ് ഇപ്പോൾ ഈ നാടകം..”

“അതെന്റെ ആഗ്രഹം ആണമ്മേ… എന്റമ്മ ഏകാന്തത ആവോളം നുകർന്നില്ലേ…. ഇനിയും അത് പാടില്ല… ജീവിതത്തിൽ ഇതുവരെ സന്തോഷം എന്റമ്മ അനുഭവിച്ചിട്ടുണ്ടോ… ഇല്ല… ഇനിയെങ്കിലും എന്റമ്മ ഒന്ന് സമാധാനത്തോടെ ഉറങ്ങണം…”

“മോനെ ഒരു കല്യാണം കഴിച്ചാൽ എനിക്ക് ഇനി സന്തോഷം കിട്ടുമെന്ന് എന്തുറപ്പാണ് ഉള്ളത്… വരുന്ന ആള് മോശമാണെങ്കിൽ ഇനിയും ഞാൻ സങ്കടപ്പെടുകയല്ലേ ഉള്ളൂ… അതുമാത്രമോ… അങ്കിത മോൾ ഒരമ്മയായിക്കഴിഞ്ഞു അപ്പോൾ അവളുടെ അമ്മക്ക് കല്യാണം എന്ന് പറഞ്ഞാൽ അതെങ്ങനെ ശെരിയാകും മോനെ… നീയും വിവാഹപ്രായം എത്തി നിൽക്കുന്നു… അമ്മ ഇപ്പൊ കല്യാണം കഴിച്ചാൽ നിനക്കു നല്ലൊരു ജീവിതം കിട്ടുമോ…”

“അമ്മ പറഞ്ഞതൊക്കെ കാര്യങ്ങൾ ആണ്… പക്ഷെ ഇപ്പോൾ ഈ കല്യാണം അമ്മക്ക് ആവശ്യമാണ്… ഇത് എന്റെ തീരുമാനം ആണ്… അവർ അമ്മയെ കാണാൻ വരും…”

സുജക്ക്‌ മറുത്തൊന്നും പറയാൻ അവസരം കൊടുക്കാതെ അഖിൽ ഫോൺ കട്ട് ചെയ്തു…

പിറ്റേന്ന് ഐശ്വര്യ സുജയെ വിളിച്ച് സംസാരിച്ചു… വിവാഹത്തിന് തനിക്കു താത്പര്യം ഇല്ലെന്നു തന്നെയായിരുന്നു സുജയുടെ മറുപടി… എങ്കിലും ഞായറാഴ്ച തങ്ങൾ അവിടെ വരെ വരുന്നുണ്ടെന്നു പറഞ്ഞ് ഐശ്വര്യ ഫോൺ കട്ട് ചെയ്തു…

ഞായറാഴ്ച രാവിലെ മുതൽ സുജക്ക്‌ ഒരു വെപ്രാളം ആയിരുന്നു… അവർ വരുമോ, വന്നാൽ എന്ത് പറയും എല്ലാം ഓർത്തപ്പോൾ അവൾക്ക് ആകെ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു…. അഖിൽ വിളിച്ചപ്പോഴും വളരെ അസ്വസ്ഥമായ രീതിയിലാണ് സുജ സംസാരിച്ചത്…

” മോനേ അമ്മയ്ക്ക് എന്തൊക്കെയോ തോന്നുന്നല്ലോ…. അവരോട് വരേണ്ടെന്ന് മോന് പറഞ്ഞുകൂടെ… “

” എന്തിനാണ് എന്റെ അമ്മ പേടിക്കുന്നത്… അമ്മയുടെ മോൻ അമ്മയ്ക്ക് എല്ലാ സപ്പോർട്ടും ആയി കൂടെ ഉണ്ടല്ലോ… അവർ വന്ന് കാണട്ടെ എന്നിട്ട് നമുക്ക് തീരുമാനിക്കാം… “

അവർ വരുമല്ലോ എന്ന് കരുതി സുജ പ്രത്യേകം ഭക്ഷണം ഒന്നും ഉണ്ടാക്കിയില്ല… ഏകദേശം 11 മണിയോടെ അവർ എത്തി …. മുറ്റത്ത് കാറിന്റെ ശബ്ദം കേട്ടപ്പോൾ സുജയുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങുകയായിരുന്നു… കാളിങ് ബെൽ ശബ്ദം കേട്ടപ്പോൾ വിറയ്ക്കുന്ന കാലുകളോടെയാണ് അവൾ വാതിലിനടുത്തേക്ക് നീങ്ങിയത്….

വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന സുന്ദരിയായ ആ മകളെയും ശാന്തനായി നിൽക്കുന്ന അയാളെയും കണ്ടപ്പോൾ സുജയുടെ ജീവൻ തിരിച്ചു കിട്ടി.. അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു.. ഐശ്വര്യ വളരെയേറെ സന്തോഷത്തോടെയാണ് അകത്തുകയറിയത്…

” അമ്മ ഞാൻ ഇനി അങ്ങനെ വിളിക്കു.. “

ഐശ്വര്യയുടെ പെട്ടെന്നുള്ള സംസാരം കേട്ടപ്പോൾ സുജയിൽ ഒരു നടുക്കം ഉണ്ടായി…

” മോളെ അത്.. “

” ഒരു അതുമില്ല എനിക്ക് എന്നോ നഷ്ടമായ എന്റെ അമ്മയാണ് എനിക്ക്തിരിച്ചു കിട്ടിയിരിക്കുന്നത്… “

അപ്പോഴെല്ലാം ശ്രീകുമാർ നിശബ്ദനായിരുന്നു.. പക്ഷേ അയാൾ സുജയുടെയും ഐശ്വര്യയുടെയും സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

” അച്ഛാ എന്താ അച്ഛന് ഒന്നും സംസാരിക്കാൻ ഇല്ലേ… “

” അതെങ്ങനെ നീ നിർത്തിയിട്ട് വേണ്ടേ എനിക്ക് സംസാരിക്കാൻ… “

” ഹോ അപ്പോൾ ഞാൻ സംസാരിക്കുന്നത് നിർത്താൻ നോക്കിയിരിക്കുകയായിരുന്നു അല്ലേ.”

” ഹഹഹ എനിക്കെന്തു സംസാരിക്കാന് മോളെ എന്റെ മോളുടെ ഇഷ്ടം ആണ് എനിക്ക് എല്ലാം… “

” എങ്കിലും എന്റെ അച്ഛൻ ഇഷ്ടമായോ.. “

” അച്ഛന് ഇഷ്ടം ആയിട്ട് കാര്യമില്ലല്ലോ മോളെ അയാൾക്ക് കൂടി ഇഷ്ടം ആകണ്ടേ… “

” അച്ഛന് ഈ അമ്മയെ സ്വീകരിക്കാൻ തയ്യാറാണോ എങ്കിൽ ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം.”

ശ്രീകുമാറിന്റെ മുഖത്തുനിന്നും അയാൾക്ക് ഇഷ്ടമാണെന്ന് ഐശ്വര്യ തിരിച്ചറിഞ്ഞു…

ഐശ്വര്യ വേഗം സുജ യെയും ചേർത്തുപിടിച്ച് അടുക്കളയിലേക്ക് നടന്നു… അടുക്കളയിൽ ചെന്നപ്പോൾ ഒക്കെ ഐശ്വര്യ വാതോരാതെ അച്ഛനെക്കുറിച്ച് പറയുകയായിരുന്നു.. സുജ എല്ലാം മൂളിക്കേട്ടുകൊണ്ടേയിരുന്നു… ഐശ്വര്യയ്ക്കും ശ്രീകുമാറിനും കുടിക്കുവാനുള്ള സ്ക്വാഷ് സുജ ക്ലാസിലേക്ക് പകർന്നു..

” ഇതാ മോളെ ഒന്ന് അച്ഛന് കൊണ്ട് കൊടുക്ക് ഒന്ന് മോളും കുടിക്കു.. “

” അതെങ്ങനെ ഞാൻ കൊടുക്കും ഞാൻ ഇവിടുത്തെ അതിഥി അല്ലേ അമ്മ തന്നെ കൊണ്ടുപോയി കൊടുക്ക്.. “

മടിച്ചുമടിച്ചാണ് സുജ വെള്ളവുമായി ശ്രീകുമാറിന് മുന്നിലെത്തിയത് ട്രേയിൽ നിന്നും സ്ക്വാഷ് എടുത്ത് ശ്രീകുമാർ സുജയുടെ മുഖത്തേക്കൊന്നു നോക്കി… സുജയുടെ മുഖത്ത് ഒരു ചിരി വന്നു…

” ഞാൻ അടുക്കളയിലേക്ക് ചൊല്ലാം അച്ഛനുമമ്മയും ഒന്നു സംസാരിക്കു.. “

” മോള് പോകേണ്ട മോൾക്ക് മുന്നിൽനിന്നും സംസാരിക്കാനുള്ളത് ഞങ്ങൾക്കുള്ളൂ.. “

” എന്നാലും അതല്ല അതിന്റെ ശരി “

അവൾ വേഗം സ്ക്വാഷ് എടുത്ത ഗ്ലാസ്സുമായി അടുക്കളയിലേക്കു നടന്നു..

ശ്രീകുമാർ തന്റെ മനസ്സിലുള്ള കാര്യങ്ങൾ മുഴുവൻ സുജയുമായി പങ്കുവച്ചു .. സുജ തന്റെ ജീവിതത്തെ കുറിച്ചും അയാളോട് എല്ലാം പറഞ്ഞു..

മനസ്സ് തുറന്ന് സംസാരിച്ചു കഴിഞ്ഞപ്പോൾ രണ്ടുപേരിലും ഒരു അടുപ്പം ഉണ്ടാക്കി.. സുജ അടുക്കളയിലേക്ക് ചെന്നു ഐശ്വര്യ സ്ക്വാഷ് കുടിച്ച ഗ്ലാസ് ഒക്കെ കഴുകി അവിടെ എല്ലാം വൃത്തിയാക്കി ഇട്ടിരിക്കുന്നു…

” മോൾ എന്തിനാ ഇപ്പോൾ ഇതൊക്കെ ചെയ്തത്… അമ്മ ചെയ്തോളുമായിരുന്നല്ലോ.. “

” സാരമില്ല എന്റെ വീട്ടിലെ ജോലി എല്ലാം ഞാൻ അല്ലെ ചെയ്യുന്നത്… “

സുജയും ഐശ്വര്യയും കൂടി ഉച്ചയ്ക്ക് ത്തേക്ക് ചോറും കറികളും ഉണ്ടാക്കി.. ഒരുപാട് സന്തോഷത്തോടെയാണ് അച്ഛനും മകളും ഭക്ഷണം കഴിച്ച് അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങിയത്…

അവർ പോയി കഴിഞ്ഞപ്പോൾ അഖിൽ വിളിച്ചു..

” അമ്മേ എങ്ങനെയുണ്ട് അവർ അമ്മയ്ക്ക് ഇഷ്ടമായോ.. “

” ഇഷ്ടക്കുറവ് ഒന്നും ഇല്ല മോനെ നല്ലൊരു അച്ഛനും മകളും.. പക്ഷേ സമൂഹം എന്തു പറയും.. “

” സമൂഹത്തെ നോക്കിയാൽ നമുക്ക് ജീവിക്കാൻ പറ്റുമോ അമ്മേ… അമ്മ മറ്റൊന്നും ചിന്തിക്കേണ്ട ഞാൻ ബാക്കി കാര്യങ്ങൾ ചെയ്തു കൊള്ളാം.. “

ഐശ്വര്യയും അഖിലും പരസ്പരം സംസാരിച്ച് കാര്യങ്ങൾ എല്ലാം മുന്നോട്ടു കൊണ്ടു പോയി കൊണ്ടിരുന്നു … അഖിലിന് ലീവ് കിട്ടുന്നതനുസരിച്ച് കല്യാണം നടത്താം എന്ന് തീരുമാനിച്ചു ..

അവർ വന്നു പോയതിനു ശേഷം ഇടയ്ക്കിടെ ശ്രീകുമാറും ഐശ്വര്യയും സുജയേ വിളിക്കാറുണ്ട് … സംസാരിച്ചു സംസാരിച്ചു സുജ ഇപ്പോൾ ആ കുടുംബത്തിലെ അംഗത്തെ പോലെയായി…

അങ്കിതയോട് കാര്യങ്ങളെല്ലാം അഖിലാണ് സംസാരിച്ചത് … കേട്ടപ്പോൾ തന്നെ അവൾ എതിർപ്പായിരുന്നു.. പക്ഷേ നന്ദൻ എല്ലാത്തിനും സപ്പോർട്ട് നൽകി..

ഏകദേശം അഞ്ചു മാസം കഴിഞ്ഞാണ് താൻ ഇപ്പോൾ നാട്ടിൽ വന്നിരിക്കുന്നത്…. വന്നപ്പോൾ അമ്മയുടെ മുഖത്തെ സന്തോഷം തനിക്ക് വായിച്ചെടുക്കാൻ പറ്റി… തന്റെ ഈ തീരുമാനം അല്പം വൈകിയോ എന്ന് അഖിലിന് തോന്നിപ്പോയി…

ഓരോന്ന് ഓർത്തു കിടന്ന് അഖിൽ ഉറങ്ങിപ്പോയി…

പിറ്റേന്ന് വെളുപ്പിന് ഐശ്വര്യയുടെ ഫോൺ ശബ്ദം കേട്ടാണ് അഖിൽ കണ്ണുതുറന്നത്…

” അഖി… എന്തായി ഒരുക്കങ്ങൾ ‘

” ഞാൻ എഴുന്നേറ്റതേ ഉള്ളൂ … ഞാൻ പോയി നോക്കട്ടെ അമ്മ എന്തായെന്ന്..”

അവൻ വേഗം അമ്മയുടെ മുറിയിലേക്ക് ചെന്നു … സുജ കുളിച്ച് റെഡിയായി തുടങ്ങിയിരുന്നു…

” എന്റെ അമ്മ കുട്ടി…കല്യാണ പെണ്ണ് ഒരുങ്ങുന്നത് ഇവിടെയാണോ വാ ഞാനൊരു ബ്യൂട്ടീഷ്യനെ ഏർപ്പാടാക്കിയിട്ടുണ്ട് അവിടെ പോയി ഒരുങ്ങി വരാം.. “

” എന്തിനാ മോനെ അതൊക്കെ അമ്മയ്ക്ക് നന്നായി സാരിയുടുക്കാനും മുടി കെട്ടാനും അറിയാം… ഞാൻ തനിച്ച് ഒരുങ്ങി കൊള്ളാം.. “

” അത് പറ്റത്തില്ല സാധനങ്ങളെല്ലാം വേഗം എടുത്തുവയ്ക്കുക നമുക്ക് വേഗം പോയി വരാം “

അഖിൽ അമ്മയെക്കൊണ്ട് ബ്യൂട്ടിപാർലറിൽ പോയി ഒരുങ്ങി തിരിച്ചെത്തി.. അപ്പോഴേക്കും സുജയുടെ ഏറ്റവും അടുത്ത ചില ബന്ധുക്കൾ എത്തി.. ഒരുങ്ങി വന്ന സുജ യെ കണ്ടു എല്ലാവർക്കും അതിശയമായി വീണ്ടും ചെറുപ്പം ആയതു പോലെ തോന്നിച്ചു..

അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അങ്കിത യും നന്ദനും എത്തിയത്… അങ്കിത യുടെ മുഖം കണ്ടാലറിയാം അവൾക്ക് ഇഷ്ടം അല്ലാതെ വന്നതാണെന്ന് നന്ദൻ അവളെ നിർബന്ധിച്ച് കുട്ടി കൊണ്ടുവന്നതാണ്..

അഖിൽ വളരെയേറെ സന്തോഷത്തോടെയാണ് അമ്മയേയും കൊണ്ട് അമ്പലത്തിലേക്ക് തിരിച്ചത്..

ശ്രീകുമാറിന്റെ ഭാഗത്തുനിന്നും വളരെ കുറച്ച് ആളുകൾ മാത്രമേ വന്നിട്ട് ഉണ്ടായിരുന്നുള്ളൂ… പൂജാരി മന്ത്രം ജപിച്ച് താലി ശ്രീകുമാറിന് നൽകി.. താലി കഴുത്തിൽ അണിയുമ്പോൾ സുജയുടെ കണ്ണുകളിൽനിന്നും രണ്ടു തുള്ളി കണ്ണുനീർ ഇറ്റു വീണു.. പരസ്പരം മാലയിടൽ കഴിഞ്ഞപ്പോൾ
കൈ പിടിച്ചു കൊടുക്കാൻ ആരെങ്കിലും മുന്നോട്ടു വരാൻ പൂജാരി പറഞ്ഞു… അഖിൽ വേഗം മുന്നോട്ടു ചെന്നു കൂടെ ഐശ്വര്യയും…

” കാരണവന്മാർ ആരുമില്ലേ നീ മകനല്ലേ “

പൂജാരി ചോദിച്ചു..

” എന്റെ അമ്മയ്ക്ക് ഇപ്പോൾ ഞാനാണ് കാരണവർ.. എന്റെ അമ്മയുടെ കൈ പിടിച്ചു കൊടുക്കാൻ എന്നെക്കാൾ അർഹൻ വേറെ ആരുമില്ല .. “

പൂജാരി കൂടുതലൊന്നും പറഞ്ഞില്ല.. അഖിൽ അമ്മയുടെയും ശ്രീകുമാറിന്റെയും കൈകൾ തമ്മിൽ കൂട്ടിപ്പിടിച്ചു… നാലുപേരുടെ കണ്ണുകൾ അപ്പോൾ പൊട്ടിയൊഴുകി പക്ഷേ അത് സന്തോഷ കണ്ണുനീർ ആയിരുന്നു.

അമ്പലത്തിനടുത്തുള്ള ഓഡിറ്റോറിയത്തിൽ എല്ലാവർക്കും ഭക്ഷണം ഒരുക്കിയിരുന്നു… രണ്ടുകൂട്ടർക്കും വളരെയേറെ സന്തോഷമായി… ചെറുക്കൻ കൂട്ടർക്ക് പെണ്ണിനേയും പെണ്ണിന്റെ കൂട്ടർക്ക് ചെറുക്കനെയും ഒരുപാട് ഇഷ്ടമായി..

അമ്മയെ ശ്രീകുമാറിന്റെ വീട്ടിൽ കൊണ്ടുവിടാൻ അങ്കിത തയ്യാറായില്ല.. അവൾ ഓരോ കാരണം പറഞ്ഞു ഒഴിഞ്ഞു മാറി.. അഖിലാണ് അമ്മയെ കൊണ്ടുപോയി വിട്ടത്.. തിരിച്ച് വീട്ടിലെത്തിയ അഖിലിന് വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു… അമ്മയുടെ സാമീപ്യം അവൻ അപ്പോൾ പെട്ടെന്ന് കൊതിച്ചു… നേരെ ബെഡ്റൂമിൽ ചെന്ന അഖിൽ ബെഡിലേക്ക് വീഴുകയായിരുന്നു… ഉറക്കം അഖിലിന്റെ കണ്ണുകളിൽ കയറി…

ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് അഖിൽ ഉണർന്നത്.. ഐശ്വര്യ ആണല്ലോ എന്താണ് അവൾ ഈ സമയത്ത്..

” അച്ചു എന്താടോ വിളിച്ചത്.. ഇവിടെ എന്റെ അമ്മായി അച്ഛനും തന്റെ അമ്മായി അമ്മയും.. “

” രണ്ടാളെയും ഞാൻ പാല് കൊടുത്തു മുറിയിലേക്ക് വിട്ടിട്ടുണ്ട്…’

” അതെ എന്റെ അമ്മയെ സൂക്ഷിച്ചോളണേ… “

” എന്താ ഞങ്ങളിവിടെ മനുഷ്യന്മാർ അല്ലേ ജീവിക്കുന്നത്.. “

” അതൊക്കെയാണ് എന്നാലും അത് പാവമാണ്… “

” അഖി… ഇന്നലെവരെ നിന്റെ അമ്മയായിരുന്നു ഇന്ന് എന്റെയും അമ്മയാണ്.. നാളെ എന്റെ അമ്മായി അമ്മയും.. “

” അല്ലെടീ അതെങ്ങനെ നമ്മൾ ഇനി പൊട്ടിക്കും.. അച്ഛന് വിവാഹം ആലോചിച്ച് വന്നതാണ് മകൾ എന്നിട്ടോ വധുവിന്റെ മകനെ മകൾ പ്രണയിച്ചു.. “

” ഹോ ഞാൻ മാത്രമല്ലല്ലോ എന്നോട് ഇങ്ങോട്ട് ഇഷ്ടം കാണിച്ചിട്ട് അല്ലേ.. “

” എങ്ങനെ ആടി.. ഞാനും കെട്ടു പ്രായമെത്തിയ ഒരു പുരുഷൻ അല്ലേ. “

” ഓ എല്ലാം സമ്മതിച്ചു .. ഇനി എത്രയും പെട്ടെന്ന് നമ്മുടെ കാര്യം അച്ഛനെയും അമ്മയെയും അറിയിക്കണം … നമ്മുടെ വിവാഹവും ലളിതമായി നടത്തിയാൽ മതി.. നീ തിരിച്ചു പോകും മുമ്പ് നമ്മുടെ വിവാഹവും നടത്തണം.. “

” നീ സമാധാനമായി കിടന്നുറങ്ങ് പെണ്ണേ നമുക്ക് കാര്യങ്ങൾ നന്നായി നടത്താം… എന്തായാലും നമ്മുടെ ആഗ്രഹം നടന്നല്ലോ.. നമുക്ക് ആഗ്രഹം അച്ഛനുമമ്മയും നന്നായി ജീവിക്കണം എന്നായിരുന്നു അതിനൊരു തീരുമാനം ആയല്ലോ.. “

” എന്നാൽ ശരി അഖി… നിന്റെ അമ്മ എന്നും ഇവിടെ സന്തോഷമായിരിക്കും.. നീ സന്തോഷമായി ഉറങ്ങിക്കോ.. ഒറ്റയ്ക്ക് കിടക്കാൻ പേടി ആണെങ്കിൽ ഒരു തലയിണ കൂടി കെട്ടിപ്പിടിച്ചോ.. “

” പോടി പോത്തെ..ഗുഡ് നൈറ്റ്.. “

അഖിൽ ഫോൺ കട്ട് ചെയ്തു നേരെ ഫേസ്ബുക്ക് ഓണാക്കി… അച്ഛന്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞ ഫോട്ടോ അവൻ പോസ്റ്റ് ചെയ്തു… അതിൽ ക്യാപ്ഷൻ എഴുതി…

അങ്ങനെ എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു… എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം… ഞാനെന്ന മകൻ ഇന്ന് കൃതാർത്ഥനാണ്… എന്റെ അമ്മയ്ക്ക് എനിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സന്തോഷം ആണ് ഇന്ന് നടന്നത്… എന്റെ അമ്മ ഏകാന്തതയിൽ നിന്ന് ഇന്ന് വെളിച്ചത്തിലേക്ക് പറന്നു….