Story written by Akhilesh Reshja
“കറുത്ത പെൺകുട്ടികൾ വിഷമിയ്ക്ക ഒന്നും വേണ്ടാട്ടോ…നിങ്ങളെ കെട്ടാനും ആരെങ്കിലും ഒക്കെ വരും “
“ആരെങ്കിലും ഒക്കെയോ? ആ പ്രയോഗം അങ്ങട്ട് പിടിച്ചില്ലല്ലോ ടീച്ചറേ…എന്നാലും വരുമെന്ന് പറഞ്ഞല്ലോ അത് തന്നെ വലിയ കാര്യം. വരുമായിരിക്കും. ” എന്ന് മനസ്സിൽ ആശ്വാസിച്ചു കൊണ്ട് തൊട്ടപ്പുറത്തിരിയ്ക്കുന്ന സ്കൂളിലെ തന്നെ കൊച്ചു ഐശ്വര്യറായിയെ നോക്കി ഒന്ന് നിവർന്നിരുന്നു.
“എന്നെയൊക്കെ കെട്ടിക്കൊണ്ട് പോയി ബാക്കി ആണുങ്ങൾക്ക് പെണ്ണുങ്ങള് ഇല്ലാണ്ടാവുമ്പോൾ നിന്നെ കെട്ടാൻ വരും ” എന്നായിരുന്നോ അവളുടെ മുഖത്തെ ഭാവം എന്ന് എനിക്കിപ്പോഴും നല്ല സംശയം ഉണ്ട്. (കല്ല്യാണം ആണ് ഭാവിയിലെ ഏറ്റവും വലിയ കാര്യം എന്ന് ചെറുപ്പത്തിലേ ആരൊക്കെയോ ചേർന്ന് മനസ്സിൽ കുത്തി കയറ്റി വെച്ചിരുന്നു )
പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ… ‘മുഖത്തിന്റെ ഭംഗിയല്ല,മനസ്സിന്റെ നന്മയാണ് സൗന്ദര്യം ‘എന്നൊക്കെ ഇപ്പോൾ വലിയ വാചകം അടിയ്ക്കുന്ന എന്റെ മുൻപത്തെ അവസ്ഥയെക്കുറിച്ചായിരുന്നു.വെറും അവസ്ഥയല്ല…ഭീകരം, ലജ്ജാവഹം എന്നൊക്കെ പറയാം.
ഓമനത്തമുള്ള കുട്ടികളെ നോക്കി കഴിവ് അളക്കുന്ന ടീച്ചർമാർ നിങ്ങൾക്ക് ഉണ്ടായിരുന്നോ?..
ഭംഗിയുള്ള കൂട്ടുകാരെ മാത്രം തേടുന്ന ക്ലാസ്സ്‌മേറ്റ്സ് നിങ്ങൾക്ക് ഉണ്ടായിരുന്നോ?..
വെളുത്തു തുടുത്ത കവിളിൽ പിടിച്ച് നുള്ളി വാത്സല്യം പ്രകടിപ്പിയ്ക്കുന്ന മുതിർന്നവരെ കണ്ടിട്ടുണ്ടോ?..
എങ്കിൽ ചെറുപ്രായത്തിലെങ്കിലും, ഒന്ന് വെളുത്തു കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചിട്ടുണ്ടാകാം അല്ലേ… ഞാൻ അങ്ങനെ ആയിരുന്നു.
ചെറുപ്പത്തിൽ ക്ലാസ്സിൽ ലീഡർ ആയി തിരഞ്ഞെടുക്കുന്നത് മുതൽ ആയിരുന്നു ആ വേർതിരിവ് അറിയാൻ തുടങ്ങിയത്. കാണാൻ നല്ല ആകർഷണമുള്ള ഏതെങ്കിലും ഒരു കുട്ടി ആയിരിക്കും ആ ക്ലാസ്സിലെ ടീച്ചേഴ്‌സിന്റെ പോന്നോമനയായി ആദ്യം മാറിയിരുന്നത്. ക്ലാസ്സിലെ കുട്ടികൾ ആണെങ്കിലോ ഏറ്റവും ഭംഗിയുള്ള കൂട്ടുകാരെ തേടി പിടിയ്ക്കും. ഭംഗിയുള്ള കുട്ടികളുടെ സൗഹൃദം അഭിമാനം പോലെ ആയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ ആദ്യത്തിൽ മാത്രം ആയിരുന്നു കേട്ടോ അത്. പഠനത്തിൽ അത്യാവശ്യം മികവ് പുലർത്തിയിരുന്നത് കൊണ്ട് എങ്ങനെയൊക്കെയോ ടീച്ചേഴ്സിന്റെയും മറ്റു കുട്ടികളുടെ ഇടയിലും പിന്നോക്കം നിൽക്കേണ്ടി വന്നിട്ടില്ല എന്ന് മാത്രമല്ല ‘ഗുഡ് ബുക്കി’ൽ ഇടം നേടാനും കഴിഞ്ഞു.പക്ഷേ അറിഞ്ഞോ അറിയാതെയോ ആരെയും ഒറ്റ നോട്ടത്തിൽ അളക്കുന്ന, ഈ ബാഹ്യ സൗന്ദര്യത്തിന്റെ നേട്ടങ്ങൾ എനിക്കും വേണമെന്ന് വലിയൊരു ആഗ്രഹമായി വളർന്നു വന്നു.
അതിന്റെ നേട്ടം മറ്റാർക്കും അല്ലായിരുന്നു.’ഫെയർ ആൻഡ് ലവ് ലി ‘ കമ്പനി മുതലാളിയ്ക്ക് തന്നെ…
‘ഫെയർ ആൻഡ് ലവ് ലി ‘ നിത്യേന ഉപയോഗിച്ചിരുന്ന ഒരു കൗമാരം എനിക്കുണ്ടായിരുന്നു.എന്താ കാരണം എന്നല്ലേ…’നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി’ എന്ന് പറയും പോലെ എന്നെ വെളുപ്പിനോട് അഭിനിവേശം ഒരു കിറുക്കി ആക്കിയത് ആരെല്ലാമോ കൂടി ആയിരുന്നു.
ഒന്ന് രണ്ടു വയസ്സ് വരെ നല്ല നിറമുണ്ടായിരുന്നു.കുഞ്ഞായിരിക്കുമ്പോൾ ഉള്ള ഫോട്ടോസ് നോക്കി നെടു വീർപ്പിടുന്നത് പതിവായിരുന്നു.
“ഞാൻ വെളുത്തോ അമ്മേ…” എന്ന് ദിവസവും ചോദിയ്ക്കുമായിരുന്നു.
“നീ കൊക്കിനെ പോലെ വെളുത്തിട്ടുണ്ട് ” എന്ന് അമ്മ കളിയാക്കി പറയും.
അമ്മയോട് മാത്രമല്ല അടുത്ത ബന്ധുക്കളിൽ പലരോടും ചോദിക്കുമായിരുന്നു.ഇപ്പോൾ ആലോചിക്കുമ്പോൾ തന്നെ നാണക്കേട് തോന്നുന്നു.
വെളുക്കുക,സുന്ദരി ആയിരിക്കുക എന്നൊക്കെയുള്ള എന്റെ ആഗ്രഹങ്ങൾക്ക് അടുത്ത കാലത്ത് മാത്രമാണ് മാറ്റം വന്നത് എന്ന് ഒരു മടിയും ഇല്ലാതെ പറയാൻ കഴിയും.
ഇരുപത്തി രണ്ട് വയസ്സ് ആയി… എന്റെ ബോധമണ്ഡലത്തിലെ വിളക്കുകൾ ഇപ്പോഴായിരിക്കണം കത്തിയത്.
“ചേട്ടാ ഞാൻ കറുത്ത് പോയോ ” എന്ന് ചോദിയ്ക്കുമ്പോൾ എന്റെ പുന്നാര കെട്ട്യോൻ നോക്കുന്ന ഒരു നോട്ടമുണ്ട്. “കുഞ്ഞിക്കൂനൻ ” എന്ന സിനിമയിലെ വാസു അണ്ണൻ തോറ്റു പോകും. അത് കാണാൻ ആയിട്ട് മാത്രമാണ് എപ്പോഴും ആ ചോദ്യം എടുത്തിടാറുള്ളത്.
“നീ കറുത്താലും വെളുത്താലും നീ എന്റെ ഭാര്യ അല്ലേ…അതിന് മാറ്റം വരില്ലല്ലോ…” എന്നൊരു ചോദ്യം ഉണ്ട്.
( നിറം വെയ്ക്കാനുള്ള ക്രീമും മറ്റും വാങ്ങിച്ചു തരാതിരിക്കാനുള്ള കാഞ്ഞബുദ്ധിയാണോ എന്ന് സംശയം ഇല്ലായ്ക ഇല്ലാ…)
പണ്ടത്തെ ഞാൻ അല്ല ഇന്ന്. കുറേ ഏറെ മാറിയിട്ടുണ്ട്…ഇന്ന് കറുപ്പും വെളുപ്പും രണ്ടു നിറങ്ങൾ മാത്രമായിട്ടെ എനിക്ക് കാണാൻ കഴിയു.സൗന്ദര്യത്തിന്റെ അളവ് കോൽ ആയിട്ടല്ല…ഇനി സൗന്ദര്യം എന്ന് പറഞ്ഞാലോ…അത് പുറമേ കാണുന്ന ആകർഷണം ആയിട്ടും കാണാൻ കഴിയില്ല.
കുഞ്ഞായിരിക്കുമ്പോൾ മനസ്സിൽ പതിയുന്ന കാര്യങ്ങൾ,വിശ്വാസങ്ങൾ എല്ലാം മാറാൻ ഒരുപാട് സമയമെടുക്കും.അനുഭവങ്ങൾ ആയിരുന്നു ചിന്തകളെ വഴി തെറ്റിച്ചത്.
നമ്മൾ ചിരിക്കുമ്പോഴാണ് നാം സുന്ദരികളും സുന്ദരന്മാരും ആകുന്നത്. നമ്മുടെ പുഞ്ചിരിയിലെ സ്നേഹവും ആത്മാർത്ഥതയും മറ്റൊരാൾ തിരിച്ചറിയുമ്പോൾ ആണ് ആ വ്യക്തിയുടെ കണ്ണിൽ നമ്മുക്ക് ഭംഗിയേറുന്നത് എന്ന് പറയാം. നമ്മുടെ പെരുമാറ്റവും ചിന്തകളും എല്ലാം നമ്മുടെ സൗന്ദര്യമാണ്…അത് എത്ര നന്നാകുന്നുവോ അത്രയും സുന്ദരന്മാരും സുന്ദരികളും ആണ് നമ്മൾ.
നമ്മെ മനസ്സിലാക്കുന്ന,സ്നേഹിക്കുന്നവരുടെ കണ്ണുകളിൽ നാം ഒരിക്കലും വിരൂപീകൾ ആവില്ല എന്നതുറപ്പാണ്… നമ്മുടെ അമ്മമാരുടെ കണ്ണിലാണ് നമുക്ക് ഓരോരുത്തർക്കും ഏറെ സൗന്ദര്യം ഉള്ളത്… അത് തന്നെയല്ലേ നമുക്ക് വേണ്ടതും…നാം സ്നേഹിക്കുന്നവരും നമ്മെ സ്നേഹിക്കുന്നവരും നമ്മുടെ സൗന്ദര്യത്തെ തിരിച്ചറിഞ്ഞിരിക്കും.
(Nb.എല്ലാവരുടെ കണ്ണിലും നമ്മൾ സൗന്ദര്യം ഉള്ളവർ ആയിരിക്കില്ല കേട്ടോ… പണ്ട് സ്കൂളിൽ പഠിയ്ക്കുമ്പോൾ കോപ്പി അടിച്ചതിന്റെ പേരിൽ ഞാൻ ടീച്ചർക്ക് ഒറ്റികൊടുത്ത ഒരു ചെറുക്കൻ ഉണ്ടായിരുന്നു,എന്നെക്കാൾ കൂടുതൽ മാർക്ക് ആരും വാങ്ങണ്ട എന്നൊരു ചെറിയ കുശുമ്പ് കൊണ്ട് മാത്രം…അവന് ചിലപ്പോൾ ഇപ്പോഴും എന്നെ കാണുബോൾ ഡാകിനി അമ്മൂമ്മയോ മറ്റോ ആയിട്ട് തോന്നാം.)