Story written by Murali Ramachandran
“എന്നാ.. ഞങ്ങള് ചെന്നിട്ട് വിവരം അറിയിക്കാം. കുടുംബത്തില് ചിലരോട് കൂടി ആലോചിക്കേണ്ടതുണ്ട്. എങ്കിൽ ശരി.”
വീടിന്റെ പടി ഇറങ്ങുന്നതിനു മുൻപ് അവസാനമായി അവർ അച്ഛനോട് പറയുമ്പോൾ ഞാനും ഒന്നു മനസ്സിൽ കുറിച്ചു. ഈ പെണ്ണ് കാണൽ ചടങ്ങും വെറുതെ ആണെന്ന്. ഇതോട് കൂടി അഞ്ജനയെ കാണാൻ വരുന്നവർ അഞ്ചാമത്തെ കൂട്ടരാണ്.
“മൂത്തമോൾടെ കെട്ടിയോൻ എവിടെ..? കണ്ടില്ലല്ലോ കക്ഷിയെ.. വിദേശത്താണോ..? അതോ..” പെട്ടെന്ന് ഉള്ള ആ ചോദ്യങ്ങളാണ് എല്ലാ കൂട്ടർക്കും ചോദിക്കാൻ ഉള്ളത്. മറുപടി പറയാൻ എന്റെ അച്ഛൻ ഏറെ പ്രയാസപ്പെടുന്നത് ഞാൻ പലപ്പോഴും കാണാറുണ്ട്. അത് എനിക്ക് സഹിക്കാൻ ആവുന്നില്ല. തുടക്കത്തിൽ തന്നെ നുണ പറയാൻ പോയാൽ വളരെ വലിയ തെറ്റിലേക്ക് പോകും എന്ന പേടി അച്ഛനുണ്ട്. എനിക്ക് സംഭവിച്ചത് പോലെ ആവരുത് അഞ്ജനയുടെ കല്യാണം. എല്ലാം നല്ലരീതിയിൽ അവരെ അറിയിച്ചു, ആലോചിച്ചു വേണം കല്യാണം നടത്താനെന്ന വാശി അച്ഛനുണ്ട്.
ഞാൻ പ്രണയിച്ചിരുന്നു, അതെന്റെ തെറ്റാണ്. എനിക്ക് അറിയാം. എന്നാൽ, ഞാൻ ചോദിക്കുന്നത്.. എനിക്ക് ഈ ഗതി വരുത്തിയത് ആരാണ്..? വീട്ടുകാരോ..? അതോ, മാറ്റാരുമോ..? പഠിക്കണം എന്നു പറയുമ്പോൾ അവർ എന്നെ പഠിപ്പിച്ചു, ഫോൺ ആവിശ്യമാണെന്ന് പറയുമ്പോൾ അതും വാങ്ങിച്ചു തന്നു. എന്നാൽ, എപ്പോളോ ഞാൻ അച്ഛന്റെ പ്രതീക്ഷകളെ മറന്നിരിക്കണം. വീട്ടുകാരുടെ ആഗ്രഹങ്ങൾക്ക് വിലകൊടുക്കാതെ എന്റെ ആഗ്രഹങ്ങൾക്ക് പിറകെ പോയിരുന്നിരിക്കണം. അതാണ് ഈ നിലയിൽ എന്നെ കൊണ്ടു ഇവിടെ എത്തിച്ചത്.
ഇന്ന് ഞാൻ പ്രണയത്തിന് എതിരല്ല, ഒരിക്കലും പ്രണയിക്കരുതെന്നു ഞാൻ പറയില്ല. അത് വേണം..! എനിക്കത് കല്യാണം കഴിഞ്ഞും ആകാമായിരുന്നു. അതും സ്വന്തം ഭർത്താവിനോട്.. അതൊന്നും ചിന്തിക്കാൻ എന്റെ ബുദ്ധിക്ക് അന്ന് ആയില്ല. പക്വത വരാത്ത തീരുമാനങ്ങൾക്ക് പിറകെ പോയത് എന്റെ മനസാണ്. അതാണ് ഞാൻ ചെയ്ത തെറ്റ്. അന്ന് ആ പോലീസ് സ്റ്റേഷനിൽ വെച്ച് എല്ലാരുടെയും കണ്ണീര് കണ്ടിട്ട് പോലും എന്റെ മനസ് അലിഞ്ഞില്ല. ഞാൻ ഇഷ്ടപ്പെട്ട ജീവിതത്തിനു പിറകെ ഇറങ്ങി ചെന്നു. അന്ന് തകർന്ന മനുഷ്യനാണ് എന്റെ അച്ഛൻ. അച്ഛന്റെ ആ വലിയ പ്രതീക്ഷകളും.. ഒരു വർഷം തികയും മുന്നേ താലി കെട്ടിയവൻ എന്നെ അടിച്ചിറക്കുമ്പോഴും ഈ വീടിന്റെ പടിയിറങ്ങി പോയവളെ വീണ്ടും സ്വീകരിക്കാൻ എന്റെ അച്ഛന് മാത്രമേ മനസ് വന്നുള്ളൂ. ആ വലിയ മനസിനെ ഞാൻ തിരിച്ചറിയാതെ പോയി.
“നീ ഒറ്റ ഒരുത്തി കാരണമാ എനിക്ക് ഒരു ആലോചനയും നേരെ ആവാത്തെ.. നീ നോക്കിക്കോ, ഇന്നു വന്നവരും ഇനി വരില്ല. എന്തിനാ ഇങ്ങനെ എന്നെകൂടി ബുദ്ധിമുട്ടിക്കുന്നേ..?” അഞ്ജനയുടെ ആ വാക്കുകൾ ഈ നിമിഷവും എന്റെ ചെവികളിൽ മുഴങ്ങി കേൾക്കുന്നുണ്ട്. അവൾ അത് ചോദിക്കുമ്പോൾ എനിക്ക് മറുപടി പറയാൻ ഉണ്ടായിരുന്നില്ല. എന്റെ അടുത്തു നിന്നിരുന്ന അമ്മയുടെ മൗനവും ആ ചോദ്യത്തിന് കൂടുതൽ ശക്തി പകർന്നു. നിറഞ്ഞ കണ്ണുകളോടെ ഞാൻ നോക്കുമ്പോൾ അഞ്ജന എനിക്ക് മുന്നിൽ നിന്നും ദേഷ്യത്തോടെ എഴുന്നേറ്റു പോയി.
ഇനി ഞാൻ ആർക്ക് വേണ്ടിയാണ് ജീവിക്കുന്നത്..? ഇവർക്കെല്ലാം ബുദ്ധിമുട്ടായി ഇനിയും ഈ വീട്ടിൽ ഞാൻ തുടരണോ..? അതോ, വിശ്വസിച്ചു ഞാൻ ഇറങ്ങി തിരിച്ചവന്റെ കൂടെ വീണ്ടും പോയി ജീവിക്കണോ..? അവന് വേണ്ടത് എന്റെ ശരീരത്തെ മാത്രാണെന്നു മനസിലാക്കിയ ഞാൻ, വീണ്ടും ഒരു അടിമയെ പോലെ ആ വീട്ടിലേക്ക് ചെല്ലണോ..? എന്നെ മനസിലാക്കാനും, എന്റെ കൂടെ നിൽക്കാനും എന്റെ വയറ്റിൽ ഒരു ജീവനുണ്ടായിരുന്നു. ഞാൻ ശപിക്കപ്പെട്ടവൾ ആയതു കൊണ്ടാവണം, ആ ജീവനും പൂർണ വളർച്ചയില്ലാതെ പാതിയിൽ എന്നെ വിട്ടു പോയി. ഇനി എന്റെ മുന്നിൽ ഒരു വഴിയെ ഉള്ളു. ആർക്കും ഒരു ബുദ്ധിമുട്ടുമില്ലാതെ ഒഴിഞ്ഞു മാറുക.
അതെ..! ഞാൻ ഇപ്പോൾ ചെയ്യുന്നതാണ് ശരി. ഇത് എന്റെ മാത്രം ശരിയാണ്, മറ്റുള്ളവരുടെ കണ്ണിലെ തെറ്റും. ഏതാനും ഗുളിക കൂടി കഴിച്ചതും അല്പം വെള്ളം മാത്രം കുടിച്ചിട്ട് ഞാൻ കിടന്നു. കണ്ണുകൾ അടക്കുമ്പോൾ അതുവരെ എന്നെ സ്നേഹിച്ചവരെ ഞാൻ വീണ്ടും ഓർത്തു. അവർക്ക് വേണ്ടി അവസാനമായി ആ ചൂട് കണ്ണീർ എന്നിലൂടെ ഊർന്നിറങ്ങി. കണ്ണുകളെ തീവ്രമായി അടച്ചുകൊണ്ട് ഇരുട്ടിന്റെ ആഴം തേടി ഞാൻ നടന്നു. തിരിച്ചു വരാൻ സാധിക്കാത്ത ആ കൂരിരുട്ടിലേക്ക്.