ചതി
Story written by Sebin Boss J
“”രാജീവേ ഞാനയച്ച ലിങ്കിൽ കേറി നോക്കിക്കേടാ പെട്ടന്ന്””
വെളുപ്പിന് ഒരു ഫ്രണ്ടിന്റെ കോൾ വന്നുണർന്ന രാജീവ് , മെസ്സഞ്ചറിൽ വന്ന ലിങ്കിൽ കയറി നോക്കിയതും തളർന്നിരുന്നു പോയി.
“” രാജിവേട്ടാ നമ്മളൊരിക്കലുമിനി കാണില്ല… എന്നെ ബന്ധപ്പെടാനും ശ്രമിക്കണ്ട””” സൗദിയിൽ ജോലി ചെയ്യുന്ന , തലേന്ന് രാത്രികൂടി സംസാരിച്ചു വെച്ച ഭാര്യയുടെ കോളും കൂടി ആയപ്പോൾ രാജീവിന്റെ തകർച്ച പൂർണമായി.
ഇന്ന് വെളുപ്പിനാണ് ആ വീഡിയോ കോൾ ആവസാനി ച്ചത്. ഫേക്ക് ഐഡിയിൽ തുടങ്ങിയ പരിചയം. അതാണിപ്പോൾ നെറ്റിൽ വൈറലായിരിക്കുന്നത്.
രാജീവ് തലയിൽ കൈവെച്ചിരുന്നുപോയി .
“”രാജീവ് എന്നെ ഓർമയുണ്ടോ””
“”ആരാണ് നീ”” പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് പൊടുന്നനെ കോൾ വന്നപ്പോൾ രാജീവ് അറ്റൻഡ് ചെയ്തു.
“” ഞാൻ അഹല്യയാണ്. ””
മറുവശത്തെ ശബ്ദം കേട്ടപ്പോൾ രാജീവിന്റെ മുഖം വിളറി .
“‘നിനക്ക് ..നിനക്കെന്താണ് വേണ്ടത് ?”’
”” എനിക്ക് വേണ്ടത് കിട്ടിക്കഴിഞ്ഞു രാജീവ് . ഒരു തകർച്ചയുടെ വക്കിൽ നിന്ന എനിക്ക് നിങ്ങളെ പരിചയപ്പെട്ടത് ഒരാശ്വാസമായിരുന്നു . ഞാൻ നിങ്ങളെ വിശ്വസിച്ചു,ആശ്രയിച്ചു. ആ വിശ്വാസം മുതലെടുത്ത നിങ്ങൾ ഞാൻ വിളിച്ച കോൾ റെക്കോർഡ് ചെയ്ത് നിങ്ങളുടെ മുഖം മറച്ചിട്ട് ഫ്രണ്ട്സിനു കൊടുത്തപ്പോൾ തകർന്നത് എന്റെ ജീവിതമാണ്. നീ ചെയ്ത അതേ ചതി തന്നെയാണ് എന്റെ മുഖം മാറ്റി ഞാൻ നിങ്ങളുടെ വീഡിയോ കോളും നെറ്റിൽ ഇട്ട് ചെയ്തത്. അതേ… ഞാൻ തന്നെയാണ് ആ ഫേക്ക് ഐഡിയിൽ വന്നത്. ചതി നിങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല രാജീവ്. ഞാൻ അനുഭവിച്ച വേദന നീയുമറിയണം .””
“””നിർത്തടി ഒരു മ്പെട്ടോളെ .. അന്യ പുരുഷന് മുന്നിൽ തുണിയുരിഞ്ഞ നിനക്കെന്ത് യോഗ്യതയാണുള്ളത് . എന്നിട്ട് പുണ്യാളത്തി ചമയുന്നു “‘ ഒരു രാത്രികൊണ്ട് സകലതും നഷ്ടപ്പെട്ട വേദനയോടെ രാജീവ് ദേഷ്യവും സങ്കടവും കൊണ്ടലറി
.”‘നീയിതേ പറയുകയുള്ളെന്ന് എനിക്കറിയാമായിരുന്നു . നിനക്കറിയാമല്ലോ രാജീവ് …മാളുവിന്റെ അച്ഛൻ എന്നെ ഉപേക്ഷിച്ചിറങ്ങിപ്പോയപ്പോഴാണ് ഞാൻ നിന്നോട് കൂടുതൽ അടുത്തത് . സോഷ്യൽമീഡിയയുടെ ചതിക്കുഴികളോ ഒന്നും അറിയാത്ത ഞാൻ , എന്റെ സങ്കടങ്ങളും വിഷമങ്ങളും ഇറക്കിവെക്കുവാനുള്ള ഒരത്താണിയായി നിന്നെ കരുതി . മരിക്കുവാൻ എളുപ്പമാണ് രാജീവ് . ജീവിക്കാനാണ് പാട് . അതിന് പണവും ജോലിയും മാത്രം പോരാ . ഒന്ന് പതറിയാൽ , വീണുപോയാൽ തനിക്കെന്നോരാൾ കൂടി വേണം . ഭർത്താവോ സഹോദരനോ കാമുകനോ നല്ലൊരു ഫ്രണ്ടോ അങ്ങനെ ആരെങ്കിലും ഒരാൾ .അങ്ങനെയാരുമില്ലാത്ത ഞാൻ നിന്നിലാണ് വിശ്വാസമർപ്പിച്ചത് . “”‘
“‘ ഭർത്താവ് ഉപേക്ഷിച്ച ഞാൻ ഏക ആശ്രയമായ നീയും കൂടി നഷ്ടപ്പെടരുതെന്നാഗ്രഹിച്ചു , നിന്റെ സന്തോഷത്തിനാണ് ഞാനത് ചെയ്തത്. .വികാരങ്ങളും വിചാരങ്ങളും നിങ്ങൾ ആണുങ്ങൾക്ക് മാത്രമാണോ ഉള്ളത് ? തെറ്റ് ചെയ്തത് ഇരുവരുമല്ലേ .. തെറ്റ് ചെയ്യുന്നത് ഒരു പങ്കാളിയുമായിട്ടൊന്നിച്ചാകുമ്പോൾ അതിന് തുല്യ ഉത്തരവാദിത്വമല്ലേ ഉള്ളത് ? എന്നിട്ടും ഞാനാണ് പിഴച്ചവൾ ..സ്ത്രീ ചെയ്യുന്നതാണ് പാപം .ഞാനൊന്ന് ചോദിക്കട്ടെ രാജീവ്… ആരോരുമില്ലാത്ത ഞാൻ ചെയ്തതാണ് നിന്റെ കണ്ണിൽ കുറ്റമെങ്കിൽ ഭാര്യയും മക്കളുമുള്ള സഹോദരങ്ങളും അച്ഛനുമമ്മയുമുള്ള നീയെന്തിനാണ് മറ്റൊരു റിലേഷൻ തേടിപ്പോയത് ? ””
””’ആരോടും പറയാനാവാതെ സങ്കടം ഉള്ളിൽ തികട്ടി വെച്ച് ഭ്രാന്താകുമെന്ന അവസ്ഥയിൽ ജീവിക്കുന്നവർ ഒരുപാടുണ്ട് രാജീവ് . അത് , ഒരു സ്ത്രീയോ പുരുഷനോ ആകട്ടെ മറ്റൊരാളോട് മനസ് തുറക്കുന്നതും സ്നേഹിക്കുന്നതും വെറും കാ മശമനത്തിന് മാത്രമാണെന്ന് ധരിക്കരുത് . അവർക്ക് കിട്ടാത്ത പരിഗണനക്കും സ്നേഹത്തിനും വേണ്ടി ആവുമത് . അവരുടെ സങ്കടം കേട്ടാൽ, സ്നേഹത്തോടെയുള്ള ആശ്വസിപ്പിക്കൽ കിട്ടിയാൽ, മുന്നോട്ടാടാനുള്ള ശേഷിയുണ്ടാകും അവർക്ക് . അതിന് വേണ്ടിയാകും അവർ പലപ്പോഴും നിങ്ങളിൽ ആശ്രയിക്കുന്നത് .ഒരിക്കലുമത് വെച്ച് മുതലെടുക്കരുത് ഇനിയും . .
”” ഞാൻ നിന്നെമറക്കില്ല രാജീവ് , ശപിക്കുകയുമില്ല . എനിക്കതിന് കഴിയില്ല . കാരണം ജീവിതത്തിൽ ഇരുട്ടിൽ തപ്പി തടഞ്ഞിരുന്ന എനിക്ക് നിന്റെ അന്നത്തെ വാക്കുകൾ വെളിച്ചമേകിയിരുന്നു , പൊള്ളുന്ന വേദനയോടെ നടന്നിരുന്ന എനിക്ക് നിന്റെ സാമീപ്യം അന്ന് തണലേകിയിരുന്നു .മരിക്കാൻ ഒരുങ്ങിയ എന്നെ പിന്തിരിപ്പിച്ചത് അന്ന് നീയാണ് . ഇന്നെന്റെ മോൾക്ക് വേണ്ടി ഞാൻ ജീവിക്കാൻ തന്നെ കാരണം നീ തന്നെയാണ് ….അങ്ങനെയുള്ള ഒരാളെ ശപിക്കാൻ ഒരാൾക്കും കഴിയില്ല രാജീവ് . സ്റ്റിൽ ലവ് യൂ . ഇനിയൊരിക്കലും നാം തമ്മിൽ കാണുവാനിടയുണ്ടാകാതിരിക്കട്ടെയെന്ന് മാത്രം പ്രാർത്ഥിക്കുന്നു .ഗുഡ് ബൈ രാജീവ്”””
ഒരു വിതുമ്പലോടെ അഹല്യ കോൾ അവസാനിപ്പിച്ചിട്ടും ഫോൺ കട്ടായതറിയാതെ ഫോൺ ചെവിയോട് ചേർത്ത് നിശ്ചലനായി ഇരിക്കുകയായിരുന്നു രാജീവ് അപ്പോഴും .