ആവി പറക്കുന്ന ചോറിന്റെ മുകളിൽ കുറുക്കിയ ചെറുപയർ കറി ഒഴിച്ചാൽ അങ്ങനെ പരന്നു കിടക്കും……

ചെറുപയറും ചോറും.

എഴുത്ത്:- ഹക്കീം മൊറയൂർ

രാവിലെ സ്കൂളിലേക്ക് പോവുമ്പോ തന്നെ ആദ്യം നോക്കുന്നത് ഉച്ചക്കഞ്ഞിക്കുള്ള വക്ക് പൊട്ടിയ സ്റ്റീൽ ബസ്സി ആണ്.

പഴക്കം കൊണ്ട് പേര് മാഞ്ഞു പോയ തുണിക്കടയുടെ കവറിലേക്ക് കൈ മാറിക്കിട്ടിയ പിഞ്ഞി തുടങ്ങിയ പഴയ ടെക്സ്റ്റ്‌ ബുക്കുകൾ തിരുകി കയറ്റുമ്പോൾ സ്റ്റീൽ ബസ്സി വെറുതെ ശബ്ദമുണ്ടാക്കും.

വള്ളി പൊട്ടാനായ ഹവായി ചെരുപ്പും ഇട്ട് സ്കൂളിലേക്ക് ഒരു ഓട്ടമാണ്. തുന്നി കൂട്ടി ഉണ്ടാക്കിയ നോട്ട് ബുക്കുകൾ സിമന്റ്‌ പേപ്പർ കൊണ്ട് പൊതിഞ്ഞു വൃത്തിയാക്കി വെച്ചിരിക്കും. ടെക്സ്റ്റ്‌ ബുക്കിന്റെ ആദ്യത്തെ പേജിൽ ആ പുസ്തകത്തിന്റെ പഴയ ഉടമകളുടെ നാലഞ്ചു പേരുകളെങ്കിലും വെട്ടി കളഞ്ഞത് കാണുമ്പോൾ പലരും ചിരിക്കാറുണ്ട്.

ഒരു നോട്ട് ബുക്കിൽ തന്നെ തിരിച്ചും മറിച്ചും രണ്ട് മൂന്നു വിഷയങ്ങൾ എഴുതി വെച്ചത് കണ്ടിട്ട് പലപ്പോഴും ടീച്ചേഴ്സിന്റെ വഴക്ക് കേട്ടിട്ടുണ്ട്.

എന്തൊക്കെയായാലും ഉച്ചക്ക് 12 മണി ആവുമ്പോഴേക്കും രുചികരമായ ഒരു മണം എനിക്ക് കിട്ടാൻ തുടങ്ങും. നല്ലോണം വെന്ത ചോറിന്റെയും ചെറുപയർ കറിയുടെയും കങ്ങിയ മണം വയറിനുള്ളിലെ ഉറങ്ങി കിടക്കുന്ന വിശപ്പിനെ വിളിച്ചുണർത്തും.

പിന്നെ ഒരു കാത്തിരിപ്പാണ്. നിമിഷങ്ങൾക്ക് മണിക്കൂറുകളുടെ ധൈർഘ്യം തോന്നി പോകും പലപ്പോഴും. കാത്തിരുന്നു കാത്തിരുന്നു 12.50 ആവുമ്പോ ചോറ് വിളമ്പാൻ തുടങ്ങും.

അന്നേരം ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിലാവും ഞങ്ങളുടെ ഓട്ടം. കൈ പോലും കഴുകാതെയാണ് ആ കുതിപ്പ്. ഓടി ചെന്നു ക്യുവിന്റെ മുന്നിൽ തന്നെ ചെന്നു നിൽക്കും.

ആവി പറക്കുന്ന ചോറിന്റെ മുകളിൽ കുറുക്കിയ ചെറുപയർ കറി ഒഴിച്ചാൽ അങ്ങനെ പരന്നു കിടക്കും. ചോറും കറിയും വാങ്ങിയിട്ടാണ് കൈ കഴുകാറ്. ആദ്യം കൈ കഴുകാൻ പോയാൽ വരി ഒരു പാട് നീണ്ടു പോവും.

കിട്ടിയ ചോറും കറിയും എവിടെങ്കിലും ഇരുന്നു ആസ്വദിച്ചു കഴിച്ചു തീർക്കും. പിന്നെ പൈപ്പിൽ പോയി പ്ലേറ്റ് കഴുകും. എന്നിട്ട് ആ പ്ലേറ്റിൽ തന്നെ വെള്ളം പിടിച്ചു അങ്ങനെ തന്നെ അരികോട് ചുണ്ട് ചേർത്തു മുഴുവനും കുടിച്ചു വയറു നിറയ്ക്കും.

ഇതിനെല്ലാം കൂടെ ആകെ എടുക്കുന്ന സമയം വെറും പത്തോ പതിനഞ്ചോ മിനുട്ട് ആയിരിക്കും. ക്ലാസ്സിലെ ഒരു പാട് കുട്ടികൾ സ്കൂളിലെ ചോറ് വാങ്ങി കഴിക്കാറില്ല. അവർ വീട്ടിൽ നിന്നാണ് ഊണ് കൊണ്ട് വരുന്നത്. അവരിൽ പലർക്കും ഞങ്ങളുടെ ഓട്ടവും ചോറ് കഴിപ്പും ഒരു അത്ഭുതം തന്നെയായിരുന്നു. അപൂർവം ചിലർക്ക് ചിരിക്കാനുള്ള വിഷയവും.

ചോറ് കഴിച്ചു കഴിഞ്ഞാൽ പിന്നെ നട്ടുച്ചക്ക് ചുട്ടു പൊള്ളുന്ന ചരൽ ഗ്രൗണ്ടിൽ ചെറിയ റബ്ബർ പന്ത് കൊണ്ട് ഫുട്ബോൾ കളിക്കും. വിശാലമായ ഗ്രൗണ്ടിൽ ഒരു പത്തു പതിനഞ്ചു ടീമെങ്കിലും അങ്ങനെ കളിക്കുന്നുണ്ടാവും. അതിനിടെ പത്താം ക്ലാസ്സിലെ കുട്ടികൾ വന്നു ചിലപ്പോൾ പന്ത് എടുത്തോണ്ട് പോവും. അല്ലെങ്കിൽ പിടിച്ചു ആകാശത്തേക്ക് ഉയർത്തി അടിച്ചു പറത്തും.

സ്കൂൾ ബെല്ലടിക്കുമ്പോഴേക്ക് വീണ്ടും ഓടിക്കിതച്ചു ക്ലാസ്സിലേക്ക് എത്തും.

സ്കൂൾ ജീവിതം ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുക ആ ചെറുപയറും ചോറുമാണ്. വിശന്നിരിക്കുന്ന അക്കാലത്തു അതിന്റെ രുചി ഒന്ന് വേറെയായിരുന്നു. അത് വാങ്ങി കഴിക്കാൻ എനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.

എന്നാൽ ഒരു ദിവസം എന്തോ ഒരു കാര്യത്തിന് ഒരു അധ്യാപകൻ ഉച്ചക്കഞ്ഞി ഇല്ലേൽ ഇവിടെ പലരും സ്കൂളിലേക്ക് വരില്ലെന്ന് കുത്തി പറഞ്ഞപ്പോ നെഞ്ച് പൊള്ളിപ്പോയി.

അന്നാദ്യമായി വരി നിൽക്കുമ്പോൾ കുറെ കണ്ണുകൾ ഞങ്ങളെ നോക്കുന്നതായി എനിക്ക് തോന്നി. തല കുനിച്ചാണ് അന്ന് മുതൽ ഞാനാ ചോറ് വാങ്ങിയത്. അന്നത്തേതിൽ പിന്നെ അതിന്റെ ഹൃദയത്തിൽ തട്ടുന്ന രുചിയും എനിക്കന്യമായി.

ഉച്ചക്കഞ്ഞിക്കായി മാത്രം സ്കൂളിൽ വരുന്നവർ എന്ന വിശേഷണം അത്രത്തോളം എന്റെ ആത്മാഭിമാനത്തെ ചവിട്ടി അരച്ചിരുന്നു.

ഇന്നും ഉച്ചക്കഞ്ഞിയുടെ സ്വാദ് ഓർക്കുമ്പോൾ വാൽ കഷ്ണം പോലെ ആ വാക്കുകളും എന്റെ മനസ്സിൽ ഓടി എത്താറുണ്ട്.

എങ്കിലും ഇന്നു വരെ ഞാൻ കഴിച്ചതിൽ എനിക്കേറ്റവും രുചികരവും മടുപ്പില്ലാത്തതും ആ കങ്ങിയ ചോറും കുറുക്കിയ ചെറുപയർ കറിയുമായിരുന്നു.

അതിന്റെ കാരണം എന്തെന്ന് ഇന്നു ഞാൻ മനസ്സിലാക്കുന്നത് അന്നെനിക്ക് നല്ല വിശപ്പുണ്ടായിരുന്നു എന്ന് മാത്രമാണ്.

അതെ, വിശപ്പാണ് ഭക്ഷണത്തിന്റെ രുചി നിർണയിക്കുന്നത്. ചുരുങ്ങിയ പക്ഷം എന്നെ പോലെ കുറച്ചു പേർക്കെങ്കിലും.