ഞാനറിഞ്ഞു…. അങ്ങാടിയിൽ നിന്ന് ഗോപാലനാ പറഞ്ഞത്…. അതും അത്രയും ആളുകൾക്കിടയിൽ വച്ച്……

താന്തോന്നി

Story written by Rinila Abhilash

എൻ്റെ നാട് ഒരു തനി ഗ്രാമമാണ്…. കുന്നുകളും പുഴയും കാവും കുളങ്ങളും പള്ളികളും ഒക്കെയുള്ള ഒരു തനി ഗ്രാമം….. … എനിക്കു തോന്നുന്നത് പലയിടവും ഇതുപോലെത്തന്നെയായിരിക്കും എന്നാണ്…. സ്നേഹം തന്നെ എല്ലായിടത്തും……

സംഭവം നടക്കുന്നത് ഞാൻ പ്ലസ് ടുവിന് പഠിക്കുന്ന സമയമാണ്….. പ്രാക്ടിക്കൽ ഉള്ളതുകൊണ്ട് സ്കൂളിൽ നിന്ന് ഇറങ്ങുമ്പോൾ അഞ്ച് മണിയായി.,,ബസ് കിട്ടി സ്റ്റോപ്പിലെത്തുമ്പോഴേക്കും അഞ്ചരയാവാറായി’…..

ബസ്സ്റ്റോപ്പിൽ നിന്ന് ഒരു അര മണിക്കൂറോളം റെയിൽപ്പാളത്തിലൂടെ നടന്നു വേണം വീട്ടിലെത്താൻ……

ആ സമയത്ത് മിക്കപ്പോഴും ആളുകൾ അൽപം കുറവായിരിക്കും നടത്തത്തിന്’….റോഡ് വഴി ആണേൽ കുറച്ചു ദൂരം കൂടുതൽ നടക്കേണ്ട വരുമെന്ന് കരുതി പലരും റെയിൽപാളം വഴി തന്നെയാണ് നടപ്പ്…..

അങ്ങനെ കയ്യിൽ റെക്കോർഡ് ബുക്കുകളും തോളിൽ ബാഗുമായി ഞാൻ നടക്കുകയാണ്.,,,,

പെട്ടെന്നാണ് ഒരു പരിചയമില്ലാത്ത യുവാവ് പിന്നിൽ നടക്കുന്നത് ശ്രദ്ധിച്ചത്…. സത്യത്തിൽ ഭയം തോന്നി….. ഞാൻ വേഗത അൽപം കുറച്ചു…. അയാൾ എന്നെ കടന്നു പോവട്ടെ എന്നു മനസ്സിൽ ചിന്തിച്ചു.,,,,

പക്ഷേ അയാളും വേഗത കുറച്ച് എൻ്റെ തൊട്ടുപിന്നിലുണ്ടെന്ന് അയാളുടെ കാലടികളുടെ ശബ്ദം കൊണ്ട് എനിക്ക് മനസിലായി.,,,, ധൈര്യം സംഭരിച്ച് ഞാൻ തിരിഞ്ഞു നോക്കി…. അയാൾക്ക് പിന്നിൽ അടുത്തൊന്നും ഒരാളെയും കാണുന്നില്ല.,….. അയാൾ ചില അപശബ്ദങ്ങൾ ഉണ്ടാക്കാൻ തുടങ്ങി….. എൻ്റെ കൈവെള്ളവരെ വിയർത്തു തുടങ്ങി…..

പിന്നെ ഒന്നും ചിന്തിക്കാതെ നടത്തത്തിൻ്റെ വേഗത കൂട്ടി…… മുന്നിൽ നീണ്ടു നിവർന്ന റെയിൽ പ്പാളങ്ങൾ…. ഇരുവശത്തുമുള്ള കുന്നുകളെ ഇടിച്ചു കളഞ്ഞ് റെയിൽ അതിലൂടെയാണ് നിർമിച്ചിരിക്കുന്നത്… കുന്നുകളെ യോജിപ്പിച്ച് പാലം നിർമിക്കുന്നുണ്ട്…. അതിനിടയിൽ ഇരുട്ടാണ്.,,, സന്ധ്യയായിത്തുടങ്ങി.,,,

അയാൾ വീണ്ടും പിറകിൽ നിന്ന് പലതും പറയുന്നു

ഞങ്ങൾ ഏകദേശം കുന്നുകൾക്കിടയിൽ എത്താറായി…. അതു കഴിഞ്ഞാൽ ക്ഷേത്രമുണ്ട്…. അവിടം മുതൽ ആളുകൾ ഉണ്ടാകും.,,, എങ്ങനെയും അവിടെ യെത്താനുള്ള കുതിപ്പിനിടയിലാണ് അയാളെൻ്റെ ബാഗിന് പിടുത്തമിട്ടത്.,,,, ഞാൻ…. എൻ്റെ കയ്യിലെ റെക്കോർഡുകൾ താഴെ വീണു.,,, എൻ്റെ ശബ്ദം തൊണ്ടയിൽ അടഞ്ഞ പോലെ…..

പെട്ടെന്നാണത് സംഭവിച്ചത് … എൻ്റെ പിറകിൽ നിന്നും ഒരാൾ ഓടി വന്ന് അയാൾക്കിട്ട് ശരിക്കും കൊടുത്തു.,,,,, നോക്കിയപ്പോൾ ….. നമ്മടെ നാട്ടിൽ പലരും പറയാറുള്ള അലമ്പ് കാട്ടണ ചെക്കൻമാർടെ ലീഡർ’….. പേര് തൽക്കാലം … ഗിരി എന്നു പറയാം (ഒരു പഞ്ചുള്ള പേരാവട്ടെ കരു തി’… ഒരു പാവം പിടിച്ചപേരാർന്നു ശരിക്കും.. )

” ടീ….. കൊടുക്കെ ടീ….. മുഖത്ത് നോക്കി ഒന്നു കൊടുക്ക്….. ” എന്നോട് ആക്രോശിക്കുന്നുണ്ട് ഗിരിയേട്ടൻ…..

ഞാൻ പകച്ചു നിൽക്കുകയാണ്.,,, ഇപ്പോൾ തന്നെ ആ ചെറുക്കന് കണക്കിന് കിട്ടിയിട്ടുണ്ട്….. അയാൾ തിരിച്ചു കൊടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല…..

” ടീ… പോത്തെ….. നിൻ്റെ ദേഹത്ത് തൊട്ടവനെയാ അടിക്കാൻ പറഞ്ഞത്…. അടിക്കടി…..”

പിന്നെ ഞാൻ ഒന്നും നോക്കീല ഒന്നങ്ങു കൊടുത്തു.,,,,

ഇനി മേലിൽ നിന്നെ ഈ നാട്ടിൽ കണ്ടു പോകരുത്…. കേട്ടോ ടാ’,,,.. നിന്നെ പിടിച്ച് പോലീസിലേൽപ്പിക്കയാ വേണ്ടത്…. പക്ഷേ ഈ കൊച്ചിൻ്റെ ഭാവി ആലോചിച്ചിട്ടാ….

അയാൾ കിട്ടിയ അടിയും കൊണ്ട് തിരിച്ച് നടക്കാൻ തുടങ്ങി…..

പാളത്തിൽ വീണു കിടക്കുന്ന റെക്കോർഡ് കയ്യിലെടുത്ത് ഞാൻ ഗിരിയേട്ടനെ നോക്കി….

” പെമ്പിള്ളേരായാൽ ഇത്തിരി ധൈര്യം വേണം… ഇതുപോലുള്ള അവസരത്തിൽ തന്നെ ആരെങ്കിലും രക്ഷിക്കാൻ വരും എന്ന ചിന്തയല്ല വേണ്ടത്…. ആ ചുറ്റുപാടിൽ നിന്നെ സംരക്ഷിക്കാൻ കയ്യിലോ ചുറ്റിലുമോ എന്തെങ്കിലുമുണ്ടോ എന്ന ചിന്ത വേണം….. ടീ…. അറ്റ്ലീസ്റ്റ് റെയിൽപാളമല്ലേ കുറച്ച് കല്ലെടുത്ത് എറിയാർന്നില്ലേ നിനക്ക്…… ഞാനിപ്പോ വന്നില്ലാർന്നേൽ….. അല്ലേലും പറഞ്ഞിട്ട് കാര്യല്ല്യ…. വെറും പഠിപ്പ് പഠിപ്പ്….. കുറച്ചൊക്കെ സ്വയം സംരക്ഷിക്കാനുള്ള വിദ്യകൾ ചെറുപ്പം മുതൽ പഠിക്കേണം….. സാക്ഷര കേരളം…… അതൊരു കായിക കേരളം കൂടിയാവണം…. അല്ല പിന്നെ

ഞാൻ കേട്ട് നിൽക്കുവാണ്….

നടക്ക് ഇനി ഒറ്റക്ക് പോണ്ട ” …. ഗിരിയേട്ടൻ മുന്നിലും ഞാൻ പിന്നിലുമായി നടക്കുവാണ്…..

ഏകദേശം വീടെത്തുന്നവരെ ഗിരിയേട്ടൻ കൂടെ വന്നു….

ഞാൻ നന്ദിയോടെ ചേട്ടനെ ഒന്നു നോക്കി യാത്ര പറഞ്ഞ് വീട്ടിലെത്തി.,,,,

ഇക്കാര്യം പറഞ്ഞാൽ ഒരു പക്ഷേ അമ്മ ഭയന്നാലൊ എന്നു കരുതി ഞാൻ പറഞ്ഞുമില്ല….

രാത്രി അങ്ങാടിയിൽ നിന്ന് പലചരക്കുകൾ വാങ്ങി വീട്ടിലെത്തിയ അച്ഛൻ എന്നെ വിളിച്ചു

“നിലാ…. ഇവടെ വാ…. “

” അടുക്കളയിൽ നിന്ന് അമ്മ എത്തി നോക്കി

“നീയിന്ന് ആരുടെ കൂടെയാ വൈകിട്ട് വന്നത് “

“അത്…. പിന്നെ…. ഗിരിയേട്ടൻ……” ഞാൻ പറഞ്ഞു

“ഞാനറിഞ്ഞു…. അങ്ങാടിയിൽ നിന്ന് ഗോപാലനാ പറഞ്ഞത്…. അതും അത്രയും ആളുകൾക്കിടയിൽ വച്ച്…. പെമ്പിള്ളേരെ സൂക്ഷിച്ച് വളർത്തമെന്ന് ….. നിനക്ക് താഴെ രണ്ട് പേരുണ്ട് ട്ടോ … എന്നൊക്കെ….

“ആര്…. ഗിരിയോ…. ടീ… നിനക്കെന്താ വെളിവില്ലാതായോ.,,, ചീത്തപ്പേര് കേൾപ്പിക്കരുത് നീ…വേണ്ടാത്ത വല്ല ചിന്തയുമുണ്ടേൽ കളഞ്ഞേക്ക് എന്ന്…..

എനിക്കാകെ പെരുത്ത് കേറി.,,,,

നടന്ന കാര്യങ്ങൾ മുഴുവൻ ഞാൻ പറഞ്ഞു…… ആ സമയത്ത് ഗിരിയേട്ടൻ അവിടെ വന്നില്ലാർന്നേൽ…… ചീത്തപ്പേരല്ല…. പറഞ്ഞു നടക്കാനൊരു പേര് മാത്രമായി ഞാൻ മാറിയേനെ

അച്ഛനും അമ്മയും അമ്പരന്ന് നിൽക്കുവായിരുന്നു… “എന്തേ നീ എന്നിട്ടൊന്നും പറയാഞ്ഞത് “

ഗിരിയേട്ടൻ തന്നെയാ പറഞ്ഞത്… പറഞ്ഞ് വീട്ടുകാരെ പേടിപ്പിക്കണ്ട എന്ന്….

അച്ഛാ…. നമ്മൾ താന്തോന്നികളായി കാണുന്ന എല്ലാവരുമൊന്നും അങ്ങനെ യാവണമെന്നില്ല’. അവർക്ക് അവരുടെതായ ന്യായങ്ങളുണ്ടാകും….. പ്രതികരിക്കുന്ന എല്ലാവരെയും താന്തോന്നികളാക്കി മാറ്റരുത്….

അച്ഛനും ഒരു കുറ്റബോധം തോന്നിക്കാണണം “നാളെ എനിക്കവനെയൊന്നു കാണണം… നന്ദി പറയണം… ഞാനൊരച്ഛനല്ലേ…. ഒരു നെടുവീർപ്പോടെ അതും പറഞ്ഞ് അച്ഛൻ മുറിയിലേക്ക് പോയി

മനസിൽ വരച്ചിട്ട താന്തോന്നിയായ ഗിരിയേട്ടൻ്റെ രൂപത്തിന് ഞാൻ മാറ്റം വരുത്തി….

നിങ്ങൾക്കും ചിലപ്പോൾ ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം.,,,

( വായിച്ചാൽ ഒരു വരി കുറിക്കുമല്ലോ ഇഷ്ടമായാൽ ലൈക്ക് ചെയ്യണേ )