മോട്ടു ഓർ പട്ളൂ കി ജോഡി
എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്
വിനുച്ചേട്ടാ, ഒരാഴ്ച്ച ഞാൻ വീട്ടിൽ പോയപ്പോൾ നിങ്ങൾക്കെന്നെ മിസ് ചെയ്താ…??? സുകന്യയുടെ ചോദ്യത്തിന്, വിനോദ് പുഞ്ചിരി കൊണ്ടാണ് മറുപടി നൽകിയത്…..
സമയം രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു. എട്ടുവയസ്സുകാരി മോളുറക്കമായിരിക്കുന്നു. പകൽ മുഴുവൻ, അമ്മവീട്ടിൽ മദിച്ചു കളിച്ചിട്ടായിരിക്കണം ഏഴരയാകുമ്പോഴേക്കും ഉറങ്ങിയത്…. മോൻ ഇനിയും ഉറങ്ങീട്ടില്ല…. മിഴികൾ കൂമ്പുന്നുണ്ട്, എങ്കിലും, കണ്ണുകൾ വിടർത്തി അവനങ്ങനേ കിടന്നു….
” വിനുച്ചേട്ടാ, അവന് എന്തെങ്കിലും കോമഡി വീഡിയോസ് വച്ചു കൊടുക്ക്…. നിങ്ങളു പഠിപ്പിച്ച ശീലമല്ലേ…. ഇത്തിരി നേരം, കണ്ടാൽ ഉറങ്ങിക്കോളും… കണ്ണടഞ്ഞു പോകുന്നുണ്ട്….”
അര മണിക്കൂർ കഴിഞ്ഞു…. ഒരു മണിക്കൂറും പിന്നിട്ടു…. ആദ്യം ആലസ്യത്തിലിരുന്ന പത്തു വയസ്സുകാരനിപ്പോൾ ഉഷാറായിരുന്നു മൊബൈലിൽ വീഡിയോ കാഴ്ച്ച തുടരുകയാണ്….
“ൻ്റെ പൊന്നുമോനെ, ഒന്നുറങ്ങടാ…. നേരം പാതിരയാകാറായി… വിനുച്ചേട്ടാ, ഞാനുറങ്ങാൻ പൂവ്വാ… ഇന്നൊരു കാര്യവും നടക്കില്ല….”
സുകന്യ, മോളുടെ അടുത്തേക്കു തിരിഞ്ഞു കിടന്നു…. ഉറക്കത്തിൽ, പെൺകുട്ടി അമ്മയേ ഗാഢം പുണർന്നു….
അരമണിക്കൂർ കൂടി കഴിഞ്ഞു…. ഉറക്കത്തിലേക്കു വഴുതി വീണുപോയ ഭാര്യയെ കുലുക്കി യുണർത്തി, വിനോദ് മന്ത്രിച്ചു….
“ഉറങ്ങീടീ….. പതിയേ ഇങ്ങോട്ടു തിരിഞ്ഞു കിടക്ക്…”
സുകന്യ, സ്വന്തം കൈത്തണ്ടയിൽ നിന്നും, മകളുടെ ശിരസ്സു, തലയിണയിലേക്കു ചേർത്തു വച്ചു. പതിയേ, വിനോദിനേ പുണർന്നു….
“നിങ്ങള് ആ കാർട്ടൂൺ വീഡിയോ ഓഫ് ചെയ്യ് മനുഷ്യാ…. എന്നിട്ട്, ലൈറ്റ് ഓഫ് ചെയ്ത്, ഫാൻ ഒന്നു കൂട്ടിയിട്…. ഉഷ്ണിക്കുന്നു….”
വിനോദ് എഴുന്നേറ്റു… വീഡിയോ ഓഫ് ചെയ്തു, ലൈറ്റണയ്ക്കാൻ പോകുമ്പോൾ ഒരു നേർത്ത സ്വരം കേട്ടു.
“ഇത്രനേരം അവന് വീഡിയോ വച്ചു കൊടുത്തൂലേ…. എനിക്കും കാണണം… സമ്മതിക്കില്ല്യാ ഞാൻ….”
മോളുണർന്നു….. അഞ്ചു മണിക്കൂറോളം ഉറങ്ങിയുള്ള, ഉണരലാണ്….. ഇനിയൊരു പ്രതീക്ഷയും വേണ്ട….
വിനോദ്, മൊബൈൽ ഫോൺ ഭാര്യയേ ഏൽപ്പിച്ചു….. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അയാളുടെ കാതുകളിലേക്ക് ആ വീഡിയോയുടെ ശബ്ദം വന്നെത്തി ക്കൊണ്ടിരുന്നു….
“മോട്ടു ഓർ പട്ളൂ കി ജോഡി….”
വിനോദ്, പുതപ്പെടുത്തു മൂടിപ്പുതച്ചു… എന്നിട്ട്, ഉറക്കവും കാത്തു കിടന്നു…… സുകന്യ, ഇനിയും കിട്ടാത്ത പേനിനെയും ശപിച്ച്,.തല കോതി,തിരിഞ്ഞും മറിഞ്ഞും കിടന്നു…. മുറിയകത്ത്, ചെറുചിരിയലകൾ ശേഷിച്ചു…