കല്യാണപ്രായം ആയപ്പോ ഉമ്മ പറഞ്ഞു… വാതിലും ജനലും കുറ്റിയിട്ടാ ഞ്ഞിയും ഓളും മാത്രാ ണ്ടാവാ……

പ്രവാസി

story written by Shabna Shamsu

“സൗദാബി ഇപ്പോ വിളിച്ചിനു….സിനു മോൾക്ക് വയസ്സറീച്ച്ക്ക്ണെന്ന്……ഈ റജബ് 23 ആയാ ഓൾക്ക് 11 പൂർത്തിയാവുള്ളൂ… ഇപ്പൾത്തെ കുട്ട്യോൾക്ക് ഇതിനൊന്നും നേരോം കാലോം ല്ല…”

മത്തങ്ങ കറിയും മത്തി മുളകിട്ടതും പപ്പടവും കൂട്ടി ചോറ് തിന്നോണ്ടിരിക്കുമ്പളാണ് ഉമ്മ വന്ന് ഷക്കീറിനോട് സിനു മോളെ കാര്യം പറയുന്നത്…

സൗദാബി ഷക്കീറിൻ്റെ മൂത്ത പെങ്ങളാണ്… അത് കൂടാണ്ട് രണ്ട് പെങ്ങമ്മാരൂടി ഉണ്ട്..
വാപ്പ നേരത്തേ മരിച്ച് പോയി… 3 പെങ്ങമ്മാരേം കെട്ടിച്ചതും ഷെക്കീറ് കല്യാണം കഴിച്ചതുമൊക്കെ ഒരു പ്രവാസി ആയതിന് ശേഷം ആണ്…

ഇരുപതാമത്തെ വയസില് തുമ്പീൻ്റെ മേല് കല്ല് വെച്ച പോലെ ഒരു ലോഡ് പ്രാരാബ്ധവും കൊണ്ട് കടല് കടന്നതാണ്… കല്ല് മാറ്റാണ്ട് തുമ്പിക്ക് സ്വൈര്യമായി വിഹരിക്കാൻ പറ്റൂല… പ്രാരാബ്ധം മാറാണ്ട് പ്രവാസിക്കും….

ഷക്കീറിപ്പോ ലീവിന് വന്നിട്ട് ഒന്നര മാസായി…

“മോനേ… ഷക്കീറേ… ഞമ്മക്കൊന്ന് അവിടം വരെ പോണായിനും… വെറും കയ്യോടെ പോവാൻ പറ്റൂലാലോ…. അയ്നൊക്കെ ഓരോ മാമൂലല്ലേ……”

“അയ്നെന്താണുമ്മാ… ഞമ്മക്ക് പോവാലോ.. എന്താ വാങ്ങണ്ടേന്ന് പറഞ്ഞാളീ… “

“ഒരു ജോഡി പൊന്നിൻ്റെ കമ്മല് വാങ്ങണം… പിന്നൊരു പൗത്ത നേന്ത്രക്കുല….കോയി മുട്ട 15 എണ്ണം ആമിന തരാന്ന് പറഞ്ഞ്ക്ക്ണ് .. ബാക്കി ഇവിടെള്ളത് എട്ക്കാ… പിന്നൊരു ഹോർലിക്സും ഒരു കുപ്പി മിൽമൻ്റെ നെയ്യും…പത്മനാഭൻ വൈദ്യരെ പീടിയേന്ന് കുറച്ച് നാടൻ മരുന്നും വാങ്ങണം…. മോശാക്കാൻ പാടില്ല.. ഞമ്മളെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയല്ലേ ഓള്….”

തിന്നോണ്ടിരുന്ന മത്തിയും മത്തനും കയ്യീന്നൂർന്ന് പ്ലേറ്റിലേക്കെന്നെ വീണു…. 36 ഉറുപ്പിയൻ്റെ രണ്ട് വിസ്പർ അൾട്രാ വിങ്സ് മതിയാവുംന്നാ വിചാരിച്ചത്… ഇതിപ്പോ ആദ്യത്തെ കുട്ടിൻ്റെ ആദ്യത്തെ മാമൂലം….

ഇങ്ങനെ അവസാനിക്കാത്ത എന്തോരം ആദ്യങ്ങളാണ്…

ആദ്യത്തെ കല്യാണം..

ആദ്യത്തെ പൊരേക്കൂടല്…

ആദ്യത്തെ തക്കാരം….

ആദ്യത്തെ പ്രസവം….

കഴിഞ്ഞ പ്രാവശ്യം ലീവിന് വന്നപ്പോ മോളെ കിടത്തിയ തൊട്ടിലിലേക്ക് മഴ വെള്ളം ചോർന്നൊലിച്ചപ്പളാണ് പുതിയൊരു വീടിനെ കുറിച്ച് ചിന്തിച്ചത്….

കെട്ടിയോളൊരിക്കൽ ഒരു പൂതി പറഞ്ഞു… പുതിയ വീട് വെച്ചിട്ട് അതിൻ്റെ ഡൈനിംഗ് ഹാളിലെ സോഫേല് ഇക്കാൻ്റെ മടിയില് കാല് കേറ്റി വെച്ചിട്ട് ഓൾക്ക് പേപ്പർ വായിക്കണംന്ന്..

പേപ്പർ വായന വല്ലാണ്ട് കൂടിയപ്പളാണ് മുക്കി മൂളി ഒരു തറ കെട്ടിയത്…. മേലോട്ട് പൊന്തിക്കാൻ കഴിഞ്ഞിട്ടില്ല…. ഇപ്പോ തറയില് നിറയെ മത്തൻ വള്ളിയും കാന്താരി മുളകിൻ്റെ തൈയ്യും അസർ മുല്ലയും നിറഞ്ഞ് കാട് പിടിച്ച് കിടക്കുന്നു…..

അല്ലേലും ചാട്ടം പിഴച്ച കുരങ്ങിനെ പോലെയാണ് ഓരോ പ്രവാസിയും…. പല ലക്ഷ്യങ്ങളും കൊണ്ട് ചാടി നോക്കും…. പ്രാരാബ്ധങ്ങള് തലക്ക് മീതെ നിന്ന് കൊഞ്ഞനം കുത്തും… പിടിവിട്ട് താഴേക്ക് ചാടും… പിന്നേം പിന്നേം ചാടി നോക്കി ആയുസിലെ നല്ല കാലം മുഴുവനും ചാടിത്തീരും…..

ഉമ്മാൻ്റെ ആങ്ങളൻ്റെ മോളെയാണ് ഷക്കീർ കല്യാണം കഴിച്ചത്… സ്ക്കൂളിൽ പഠിക്കുമ്പം തൊട്ട് തുടങ്ങിയ പ്രേമം… കല്യാണപ്രായം ആയപ്പോ ഉമ്മ പറഞ്ഞു… വാതിലും ജനലും കുറ്റിയിട്ടാ ഞ്ഞിയും ഓളും മാത്രാ ണ്ടാവാ… ഇന്നും നാളേം പോര… അനക്ക് നല്ലോണം ഇഷ്ടപ്പെട്ട്ക്ക്ണേൽ ഇയ്യ് കെട്ടിക്കോ….

ഓളെ പറ്റി ഉമ്മാക്കും ഉമ്മാനെ പറ്റി ഓൾക്കും ഒരു പരാതിയും ഇല്ലാത്തോണ്ട് ആ കാര്യത്തില് സമാധാനണ്ട്….

രാത്രി 8 മണി ആവുമ്പോ റ്റിവി ൻ്റെ മുമ്പീന്ന് ഉമ്മ നീട്ടി വിളിക്കും.. മോളേ.. ഞ്ഞി ന്താക്കാ… ദാ… ചന്ദന മയ തൊടങ്ങാനായീന്ന്…. അപ്പോ ഓള് മണ്ടിപ്പാഞ്ഞ് വരും… രണ്ടാളൂടി ഇരുന്ന് സീരിയല് കാണും.. സാധാരണ വീട്ടിലുണ്ടാവാറുള്ള കച്ചറകളൊന്നും ഇല്ലാത്തോണ്ട് നാട്ടില് വന്നാ തിരിച്ച് പോവാൻ വല്ലാത്തൊരു പ്രയാസാ… പോവാനിറങ്ങുമ്പോ വാതിലിൻ്റെ മറൂന്ന് കേക്കുന്ന ഓളേം ഉമ്മാൻേറം തേങ്ങല് അടുത്ത ലീവ് ആവോളം നെഞ്ചില് കിടന്ന് നീറിപ്പുകയും…

പിറ്റേ ദിവസം കമ്മലും നേന്ത്രക്കുലേം മറ്റ് സാധനങ്ങളും വാങ്ങി കൂട്ടുകാരൻ്റെ കാറ് കടം ചോയ്ക്കുമ്പോ ഓൻ കെ.എസ്.ഇ.ബി യിലേക്ക് വിളിച്ച പോലെ കടിച്ചാ പൊട്ടാത്തത് കുറേ പറയും.. അതിൻ്റെ ആനോഡ് പോയിക്ക്ണ്, കാഥോഡ് മാറ്റണം.. ഇലക്ട്രോഡ് കയിഞ്ഞ ആഴ്ച മാറ്റിയതാ..എന്നൊക്കെ പറയുന്ന പോലെ… അപ്പോ പിന്നെ ഒരു ഓട്ടോ വിളിച്ച് ഉമ്മാനേം ഭാര്യനേം മക്കളേം കൂട്ടി ഷക്കീറ് സൗദാബിൻ്റെ വീട്ടിലേക്ക് പോയി…….. ചുറ്റിലും സന്തോഷമുള്ള തെളിഞ്ഞ മുഖങ്ങള്…

വീണ്ടും വീണ്ടും പ്രവാസ ലോകത്ത് പിടിച്ച് നിർത്തുന്ന നിറഞ്ഞ ചിരികള്….

ഉമ്മാൻ്റെ മനസ് നിറഞ്ഞിട്ടുണ്ടാവും… പതിനഞ്ചും പതിനാറും വയസ്സുള്ള പെൺമക്കളെ സ്വന്തം ചിറകിൻ്റെ ഉളളീന്ന് പറിച്ചെടുത്ത് മറ്റൊരാളെ ഏൽപ്പിച്ചപ്പോ ഉണ്ടായ വിങ്ങലുകള് ഇത്തരം സന്തോഷങ്ങളിലായിരിക്കണം ഇല്ലാതാവുന്നത്….

എൻ്റെ ഉമ്മ കൊണ്ടോ ന്നതാന്ന് പറഞ്ഞ് ഭർത്താവിൻ്റെ വീട്ടിന്ന് സൗദാബി പത്രാസ് കാണിച്ചിട്ടുണ്ടാവും…

സിനു മോള് മാമാന്നും വിളിച്ച് കയ്യില് തൂങ്ങിയപ്പോ കുടുംബത്തില് എന്നും നിലനിൽക്കുന്ന സന്തോഷങ്ങളേക്കാൾ വലുതായി ഒന്നുമില്ലെന്ന് തോന്നി…. സൗദാബിൻ്റെ വീട്ടിലെ കുത്തനെയുള്ള പടി ഉമ്മാൻ്റെ കൈ പിടിച്ച് ഇറങ്ങുമ്പോ കൈക്ക് വല്ലാത്തൊരു മുറുക്കം തോന്നി…. ഉമ്മാൻ്റെ മനസ് നിറഞ്ഞ മുറുക്കം…. എനിക്ക് വേണ്ടി അള്ളാനോട് തേട്ടത്തിൻ്റെ കാവലിന് ഉയർത്തുന്ന ആ കൈകളിലെ മുറുക്കം… അതിലാണ് സന്തോഷങ്ങളൊക്കെയും എന്ന് ഷക്കീർ മനസിലുറപ്പിക്കും…

തിരിച്ച് വീട്ടിലെത്തി സിറ്റൗട്ടിലെ ചാരു കസേരയിലിരുന്ന് ഒരു ഗ്ലാസ് ചൂടുള്ള കട്ടൻ ചായ ഊതി കുടിച്ച് നെഞ്ചത്തെ മുടിയും പിടിച്ച് വലിച്ച് കാട് മൂടി കിടക്കുന്ന പുതിയ വീടിൻ്റെ തറയിലേക്ക് നോക്കി നിന്നപ്പോ ഉളളീന്നൊരു കാളല്..

ഈ പുല്ലും കാട്ടില് എവിടെയാ മുത്തുമണിയേ നമ്മള് സോഫ ഇടാ………