മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ചിക്കൂസ് എന്നെഴുതിയ വലിയ ബോർഡ് ഉള്ള ഒരു ബേക്കറിയിൽ ആണ് ലക്ഷ്മിയും വൈശാഖനും കൂടെ കയറിയത്..
അവൾ എന്തൊക്കെയോ വാങ്ങിക്കൂട്ടി..
പണത്തിന്റെ വില അറിയാത്തവൾ ആണെന്ന് അവനു നേരത്തെ മനസ്സിലായിരുന്നു..
എന്തായാലും അച്ഛൻ കൊടുത്ത കാശു പകുതിയും തീർന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യം അവനു ബോധ്യമായി…
“ഇത് കുറഞ്ഞു പോയോ ആവോ…” ലക്ഷ്മി ആരോടെന്നല്ലാതെ പറഞ്ഞു
“ങേ… കുറഞ്ഞു പോയെന്ന് ആണോ ഇവളുടെ വിഷമം, എങ്കിൽ തൊട്ടടുത്തുള്ള ബേക്കറിയിൽ കൂടി അവൾക്ക് കേറി മേടിക്കാൻ വയ്യാരുന്നോ.. “….വൈശാഖൻ ഓർത്തു.
അങ്ങനെ ലക്ഷ്മി നിവാസിൽ കാർ വന്നു നിന്നു…
ലക്ഷ്മി ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങിയപ്പോൾ, രാജീവന്റെ മുഖത്തു ഒരു പരിഹാസം നിറഞ്ഞു നിന്നതായി വൈശാഖന് തോന്നി … കണ്ടില്ലെന്നു നടിക്കുക അല്ലാതെ വേറെ മാർഗം ഇല്ലാ എന്നു അവനു അറിയാമായിരുന്നു.
“ഹലോ വൈശാഖൻ… വരൂ.. വരൂ… അശോകൻ ഓടി വന്നു മരുമകന്റെ കരം കവർന്നു.
ഓഹ്… വൈശാഖേട്ടനെ മാത്രം മതിയോ… എന്നെ വേണ്ട അല്ലേ….ലക്ഷ്മി മുഖം വീർപ്പിച്ചു.
നീ മേടിക്കും കെട്ടോ,,,,,… അശോകൻ മകൾക്ക് നേരെ കൈ ഓങ്ങി..
ശ്യാമളയും ദീപയും ലക്ഷ്മിയും പരസ്പരം കെട്ടിപിടിച്ചു നിൽക്കുക ആണ്..
ഇവരുടെ ഒക്കെ കോപ്രായം കണ്ടാൽ അഞ്ചു വർഷത്തിന് ശേഷം അമേരിക്കയിൽ നിന്നു വന്ന മകൾ ആണെന്ന് തോന്നും,,,, എന്നു രാജീവൻ ഓർത്തു…
“അമ്മേ…. ദേ….ഇത് എന്തൊക്കെ ആണെന്ന് നോക്കിക്കേ…” ലക്ഷ്മി കാറിന്റെ ഡിക്കി ഓപ്പൺ ചെയ്തു..
മൂന്നു വാഴക്കുലയും, കുറെയേറെ പച്ചക്കപ്പയും, പിന്നെ പച്ചക്കറികളും ഒക്കെ ആയിരുന്നു… അതിൽ വേണ്ട, മത്തൻ, വെള്ളരി, പയർ, പാവൽ, വഴുതന… എന്നുവേണ്ട കുറെ സാധനങ്ങൾ ഉണ്ടായിരുന്നു…
“അയ്യോ, ഇത് എന്തൊക്കെ ആണ് മോളേ… ഇത് എന്തിനാണ് ഇത്രയും സാധനങ്ങൾ… ങ്ങൾ രണ്ടുപേരല്ലേ ഒള്ളു..”. ശ്യാമള മൂക്കത്തു വിരൽ വെച്ചു..
ദീപേചിക്കും കൂടെ തന്നു വിട്ടതാണ് അമ്മേ… ലക്ഷ്മി അകത്തേക്ക് കയറി..
മുത്തശ്ശി എന്താ പെട്ടന്ന് പോയത്.. അവൾ വിഷമത്തോടെ എല്ലാവരെയും നോക്കി..
രാധികയ്ക്ക് നിർബന്ധം അമ്മയെ കൂട്ടിക്കൊണ്ടു പോകണമെന്ന് അതുകൊണ്ടാണ് അമ്മ ഒന്നും പറയാതെ പോയത്,,, ശ്യാമള മകളെ ആശ്വസിപ്പിച്ചു..അശോകന്റെ ഇളയ അനുജൻ മഹേഷിന്റെ കൂടെ ആണ് മുത്തശ്ശി നിൽക്കുന്നത്…. അവന്റെ ഭാര്യ ആണ് രാധിക…
വൈശാഖനും രാജീവും പരസ്പരം ഹസ്തദാനം ചെയ്തു.
“പണ്ടത്തെ ബാർട്ടർ സമ്പ്രദായം ആണോ വൈശാഖ…. “രാജീവൻ അവനെ നോക്കി ചോദിച്ചു.
വൈശാഖന് ആ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല.
അവൻ രാജാവിന്റെ മുഖത്തേക്ക് നോക്കി.
” അല്ല ഞാൻ ഓർക്കുകയായിരുന്നു, ഇവിടുന്ന് കാർ തന്നപ്പോൾ കാർ നിറച്ച് ഇങ്ങോട്ടേക്ക് സാധനങ്ങൾ വൈശാഖിന്റെ വീട്ടിൽനിന്നും തന്ന് വിട്ടില്ലേ….”
രാജീവൻ കളിയാക്കിയത് ആണെന്ന് അപ്പോൾ വൈശാഖിനു മനസ്സിലായി.
ലക്ഷ്മിയുടെ ശീതീകരിച്ച മുറിയിലേക്ക് വൈശാഖൻ കടന്നു, ചെന്നു.
വല്ലാത്തൊരു കുളിർമ്മ അവന് അനുഭവപ്പെട്ടു, ” വെറുതെയല്ല, അവൾ ഏസി വേണം എന്ന് നിർബന്ധം പിടിച്ചത്”
ലക്ഷ്മി ഡ്രസ്സിംഗ് റൂമിലേക്ക് കയറിപോയി വേഷം മാറി വന്നു…
വൈശാഖന്റെ കയ്യിലേക്ക് അവർ ഒരു ടീ ഷർട്ടും മുണ്ടും എടുത്തു കൊടുത്തു…
” വൈശാഖേട്ടന് എന്താ ഒരു അസ്വസ്ഥത പോലെ, ഞാൻ ഇവിടെ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ്, “
” നീ അധികം ശ്രദ്ധിക്കാതെ നിന്റെ കാര്യം നോക്കിക്കോളൂ,, ” എടുത്തടിച്ച പോലെ അവൻ പറഞ്ഞു
” മോളെ ലക്ഷ്മി,,,,, രണ്ടാളും കൂടെ ഇറങ്ങി വരു….ഭക്ഷണം കഴിക്കാം,,,,, ” താഴത്തെ നിലയിൽ നിന്ന് ലക്ഷ്മിയുടെ അമ്മ വിളിച്ചപ്പോൾ അവർ രണ്ടാളും കൂടി ഇറങ്ങിച്ചെന്നു…
വിഭവസമൃദ്ധമായ സദ്യ ആയിരുന്നു മേശമേൽ നിരന്നത്…..
“അമ്മേ…. വൈശാഖേട്ടന്റെ അമ്മ ഉണ്ടാക്കിയ വറുത്തരച്ച നാടൻ കോഴി കറി,,,, എന്താ ഒരു ടേസ്റ്റ് എന്നോ… “
“ആണോ… ഞങ്ങൾ എല്ലാവരും കൂടി വരുമ്പോൾ ഇനി ഉണ്ടാക്കണം കെട്ടോ.. “… ശ്യാമള മകളുടെ പാത്രത്തിലേക്ക് കുറച്ചു കൂടി ബീഫ് വരട്ടിയത് ഇട്ടു കൊടുത്തു..
“ഒരു ദിവസം വരണം അമ്മേ,,, അവിടുത്തെ അമ്മയും അച്ഛനും പ്രേത്യേകം പറഞ്ഞാണ് വിട്ടത്… “
വൈശാഖൻ എന്താ ഒന്നും മിണ്ടാത്തത്?ഇടയ്ക്കു അശോകൻ ചോദിച്ചു..
“ലക്ഷ്മി ഗ്യാപ് തരുന്നില്ല അച്ഛാ, അതുകൊണ്ട് ആണ്… “
അവൻ അതു പറയുമ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു..
ഊണ് കഴിഞ്ഞതും പെൺപടകൾ എല്ലാവരും കൂടി വട്ടം കൂടിയിരുന്നു സംസാരം ആണ്..
രാജീവൻ ആണെങ്കിൽ ലാപ്ടോപ്പിൽ എന്തൊക്കെയോ വർക്കുകൾ ചെയുവാണ്….
അശോകനും വൈശാഖനും കൂടി ഓരോരോ നട്ടുവർത്തമാനങ്ങൾ പറഞ്ഞു ഇരിക്കുകയാണ്..
അശോകൻ പതിയെ അയാളുടെ ബിസിനസും ആയി ബന്ധപെട്ട കാര്യങ്ങളെ കുറിച്ച് ആയി പിന്നീടുള്ള സംഭാഷണം..
“വൈശാഖനെ ഇനി ഏൽപ്പിക്കാം എന്നോർത്ത് ആണ് ഇനി ലക്ഷ്മി ടെക്സ്ടൈൽസിന്റെ താക്കോൽ. “.. അശോകൻ അതു പറയുമ്പോൾ രാജീവന്റെ കണ്ണുകൾ തന്നിലാണെന്നു വൈശാഖൻ കണ്ടു.
തൽക്കാലം അതൊന്നും വേണ്ട അച്ഛാ,,,,, എനിക്ക് അതിനുമുമ്പ് ഒരു ജോലി ശരിയാകും, ഇത്രയും കാലം അച്ഛൻ നോക്കി നടത്തിയിരുന്ന ബിസിനസ് അല്ലേ അത് മുൻപോട്ടും അങ്ങനെ തന്നെ മതി,,,, വൈശാഖ് മന്ദഹസിച്ചു കൊണ്ട് പറഞ്ഞു.
അശോകൻ അവനെ മിഴിച്ചു നോക്കി.
കാരണം, അവൻ സമ്മതിക്കും എന്നാണ് അയാൾ കരുതിയത്.. അവനു നിലവിൽ ഒരു തൊഴിലും ഇല്ലാലോ എന്നാണ് അശോകൻ ചിന്തിച്ചത്..
വൈശാഖൻ സമ്മതിക്കില്ല എന്നു മനസ്സിലായതും പിന്നെ അയാൾ കൂടുതൽ ഒന്നും അതിനെക്കുറിച്ച് സംസാരിച്ചിലാ…
ദീപയും അമ്മയും കൂടി ലക്ഷ്മിയോടും ഈ കാര്യത്തെ പറ്റി സംസാരിച്ചു അവൾക്കപ്പോൾ വലിയ സന്തോഷം ആയി. കാരണം, വൈശഖനൊരു സ്വന്തമായി ജോലി ആകുമല്ലോ എന്നായിരുന്നു അവൾ ഓർത്തത്…
“എടി, അവിടുത്തെ അമ്മ ഒക്കെ പാവം ആണോ, അല്ലെങ്കിലും അതു ഒരു കുശുമ്പും, കുന്നായ്മയും അറിയത്തില്ലാത്ത അമ്മയാണ്… “
അതും പറഞ്ഞു കൊണ്ട് ദീപ എഴുനേറ്റു.
“ചേച്ചി പറഞ്ഞത് സത്യം ആണ്… അമ്മ മാത്രം അല്ല, എല്ലാവരും പാവം ആണ്, ഒരു കുഴപ്പവും ഇല്ലാ “
ആകെ ഉള്ള വിഷമം, വൈശാഖേട്ടന് ഒരു സ്ഥിരവരുമാനം ഉള്ള ജോലി ഇല്ലാ എന്നത് ആയിരുന്നു.. ഇനി ആ കാര്യത്തിലും വിഷമം വേണ്ട… ലക്ഷ്മിക്ക് ആകെ ഒരു ഉന്മേഷം തോന്നി..
“എന്നാൽ ഞങ്ങൾ ഇറങ്ങുവാ, ഇനി വൈകുന്നില്ല, നാളെ രണ്ടാളും കൂടി അവിടെ എത്തിയേക്കണം… “ദീപയും രാജീവനും കൂടി പുറപ്പെടാനുള്ള തയായറെടുപ്പ് ആണ്.
ഇവിടുന്നു ഊണും കഴിഞ്ഞു അങ്ങ് വരും……. അല്ലേ മോളേ… ശ്യാമള പറഞ്ഞു.
നാളെ കാലത്തേ വിജിയുടെ വീട്ടിൽ പോകണം, അതു കഴിഞ്ഞു അങ്ങോട്ട് വരാം എന്നു വൈശാഖൻ പറഞ്ഞു.
വൈശാഖൻ…. അപ്പോൾ നാളെ കാണാം കേട്ടോ എന്നും പറഞ്ഞു കൊണ്ട് രാജീവ് കാറിൽ കയറി. ഒപ്പം ദീപയും….
ലക്ഷ്മി കൊണ്ടുവന്ന കുറെ പച്ചക്കറിയും കപ്പയും എല്ലാം ശ്യാമള അവൾക്കും കൊടുത്തു വിട്ടായിരുന്നു.
അശോകന്റെ മുഖത്തു ചെറിയൊരു വാട്ടം ആണ്..
കാരണം വൈശാഖൻ ആളുടെ ഓഫർ നിരാകരിച്ചത് കൊണ്ട് ആയിരുന്നു.
“എങ്കിൽ നിങ്ങൾ രണ്ടാളും കൂടി കുറച്ചു സമയം പോയി റസ്റ്റ് എടുക്ക്.. അപ്പോളേക്കും ലക്ഷ്മിക്ക് ഇഷ്ട്ടമുള്ള ഒരു കൂട്ടം അമ്മ ഉണ്ടാക്കി വെയ്ക്കാം..” ശ്യാമള പറഞ്ഞു.
“വൈശാഖേട്ടാ… അച്ഛൻ കാര്യങ്ങൾ ഒക്കെ പറഞ്ഞായിരുന്നു അല്ലേ “
റൂമിലെത്തിയതും ലക്ഷ്മി വൈശാഖനെ നോക്കി ചോദിച്ചു..
“അച്ഛൻ പല കാര്യങ്ങളും പറഞ്ഞു, അതിൽ ഏതു കാര്യം ആണ് “
ലക്ഷ്മി പറഞ്ഞു വരുന്നത് എന്താണെന്നു മനസിലായെങ്കിലും അവൻ അറിയാത്ത ഭാവം നടിച്ചു..
“അച്ഛന്റെ ടെക്സ്റ്റിൽസ് ഷോപ്പ് ഇനി വൈശാഖേട്ടൻ നോക്കി നടത്താൻ പറഞ്ഞില്ലേ…”
അതീവ സന്തോഷം ആണ് അവൾക്ക്.
“മ്…. പറഞ്ഞു… “.
“നെക്സ്റ്റ് വീക്ക് മുതൽ ഏട്ടൻ അവിടെ പോകാൻ തുടങ്ങണം “
അവൾ അവന്റെ അരികിലേക്ക് കുറച്ചു കൂടി നീങ്ങി ഇരുന്നു.. എന്നിട്ട് അവന്റെ കൈ പിടിച്ചു അവളുടെ മടിയിലേക്ക് വെച്ചു.. തൊട്ടുപോകരുത് എന്നു പറഞ്ഞവൾ ആണ്… അവന്റെ മുഖത്തു ഒരു ചിരി വിരിഞ്ഞു. എന്നാലും ഉള്ള കാര്യം മകളോട് പറയണമല്ലോ…
“ഏട്ടൻ കാലത്തെ പോകുമ്പോൾ എന്നെ ടൗണിൽ ഇറക്കിയാൽ മതി,, ഞാൻ കോളേജിലേക്ക് പോയ്കോളാം, തിരിച്ചു വരുമ്പോൾ ഞാൻ അവിടെ ഇറങ്ങാം, വൈകിട്ട് നമ്മൾക്ക് ഒരുമിച്ചു വരാമല്ലോ… “
“അതൊന്നും നടക്കില്ല ലക്ഷ്മി,ഞാൻ അച്ഛനോട് പറയുകയും ചെയ്തു, “
പെട്ടന്ന് അവൾ കട്ടിലിൽ നിന്ന് എഴുനേറ്റു…
“അതെന്താ… എന്താന്ന്… കാര്യം പറയു… “
“പറയാം… നീ ഇവിടെ ഇരിക്ക്.. “
അവൻ കുറച്ചു ബലം ആയിട്ട് അവളെ പിടിച്ചു തന്റെ ഒപ്പം ഇരുത്തി, എന്നിട്ട് അവളുടെ കൈ എടുത്തു അവൻ തന്റെ നെഞ്ചിലേക്ക് ചേർത്തു വെച്ചു.. അവൾ അതു വിടുവിക്കുവാൻ ശ്രമം നടത്തി.
“അച്ഛന്റെ അധ്വാനം കൊണ്ട് അച്ഛൻ പടുത്തുയർത്തിയ സംരംഭം അല്ലേ, അതു അച്ഛൻ തന്നെ നോക്കി നടത്തിക്കോളും, എനിക്ക് ഒരു ജോലി ഞാൻ ശരിയാക്കി എടുത്തോളാം, “
അവൾ അവനിൽ നിന്നു തന്റെ കൈകൾ എടുത്തു മാറ്റി..
“പഠിത്തം കഴിഞ്ഞിട്ട് ഇത്രയും നാൾ ആയില്ലേ, ഒരു ജോലി സ്വന്തം ആയിട്ട് ആയില്ലലോ, എന്നിട്ട് ഇപ്പോൾ എന്റെ അച്ചൻ പറഞ്ഞപ്പോൾ അതിനു സമ്മതവും അല്ല “
“കല്യാണം കഴിഞ്ഞിട്ട് 4ദിവസം ആയതേ ഒള്ളു, അപ്പോളേക്കും ഭാര്യ വീട്ടിൽ കയറി ഇതൊക്കെ കൈ കടത്തുന്നത് ശരിയല്ല എന്റെ പ്രിയതമേ.. “
അവൻ പറഞ്ഞുവെങ്കിലും അവൾ അവനെ മനസിലാക്കിയിരുന്നില്ല എന്ന് അവനു തോന്നി.
“ആഹ്… എന്നും അച്ഛന്റെ കൈയിൽ നിന്നും മേടിച്ചുകൊണ്ട് ഇറങ്ങാം അല്ലേ “
അവൾ പുച്ഛത്തിൽ പറഞ്ഞു.
“നീ ഇത്രയും വറീഡ് ആകേണ്ട കാര്യം ഇല്ലാ ലക്ഷ്മി, നിനക്ക് ചിലവിനു ഉള്ളത് ഞാൻ തരും, അതിനു അച്ഛന്റെ മുന്നിൽ കൈ നീട്ടേണ്ട കാര്യം ഇല്ലാ “
“എങ്ങനെ… എങ്ങനെ ആണെന്ന് കൂടി പറഞ്ഞു തരുമോ, ” ലക്ഷ്മിക്ക് കലി കയറി
“താമസിയാതെ പറയാം എന്റെ ലക്ഷ്മിക്കുട്ടി… “..അവൻ തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു എങ്കിലും അവൾ അവനെ തള്ളിമാറ്റി..
“മര്യാദക്ക് ഇരുന്നോണം, വെറുതെ സീൻ ഉണ്ടാക്കരുത്, “അതും പറഞ്ഞു കൊണ്ട് ലക്ഷ്മി എഴുനേറ്റു വാതിൽക്കലേക്ക് പോയി..
വൈശാഖൻ കട്ടിലിൽ മലർന്നു കിടക്കുക ആണ്.
അച്ചിവീട്ടിൽ കയറിപറ്റി അവരുടെ ബിസിനസ്സും നോക്കി നടത്തി, അതിൽ നിന്നൊരു വിഹിതവും പറ്റി ജീവിക്കാൻ താനൊരു അച്ചികോന്തൻ അല്ല… മേലേടത്തു ശേഖരന്റെ മകനാണ് താൻ…അന്തസും ആഭിജാത്യവും ഉള്ള കുടുംബം ആണ് തന്റേതു… അല്ലാതെ “അച്ചികോന്തൻ “എന്ന പേര് ഇപ്പോളെ എടുത്തു തലയിലേക്ക് ഇടുന്നില്ല. അതു അശോകൻ അല്ല അയാളുടെ വല്യച്ഛൻ പറഞ്ഞാലും നടക്കില്ല, വൈശാഖന് ഒറ്റ വാക്കേ ഒള്ളു……
“സാരമില്ല മോളേ… അയാൾക്ക് അതു താല്പര്യം ഇല്ലാ, ഒരുകണക്കിന് അതാണ് നല്ലത്, വെറുതെ നാട്ടുകാരെ കൊണ്ട് അതുമിതും പറയിക്കേണ്ടല്ലോ…. “
അശോകൻ ഒരു വിശദീകരണം നടത്തുക ആണ്.
“എന്നാലും അച്ഛാ…. ഇത് ഒരു നല്ല കാര്യം അല്ലായിരുന്നോ, എന്നിട്ട് ഏട്ടൻ “..
“വൈശാഖൻ അന്തസുള്ളവൻ ആണ് മോളെ, ഈ സ്ഥാനത്തു രാജീവ് ആയിരുന്നു എങ്കിൽ എപ്പോൾ കൈക്കലാക്കി എന്നു ഓർത്താൽ മതി.. “
ശ്യാമള അതു പറയുമ്പോൾ അശോകനും തോന്നി അതാണ് സത്യം എന്നു.
കുറെയേറെ സമയം എടുത്താണ് മകളെ ഒന്നു മനസിലാക്കി കൊടുത്തത്.
സുമിത്രയും വീണയും ഉണ്ണിമോളും ഒക്കെ ലക്ഷ്മിയെ വിളിച്ചിരുന്നു.
ഇടയ്ക്ക് വിജിയും അവളെ വിളിച്ചിരുന്നു, അവിടേക്ക് നാളെ കാലത്തേ ചെല്ലണം എന്നു അവൾ പറഞ്ഞു.
–––——
“ഏടത്തി പോയിട്ട് ഒരു രസവും ഇല്ലാ,അല്ലേ അമ്മേ ” ഉണ്ണിമോൾ അതു പറയുമ്പോൾ സുമിത്രക്കും തോന്നി അതു ശരിയാണ് എന്നു..
നേരാണ്… ഏട്ടനും ഏടത്തിയും പോയപ്പോൾ വീട് ഉറങ്ങി പോയി… വിജി തുണികൾ എല്ലാം നനച്ചിടാനായി മുറ്റത്തേക്ക് ഇറങ്ങി.
ശേഖരൻ അപ്പോളേക്കും പറമ്പിൽ നിന്നും കയറി വരുന്നുണ്ടായിരുന്നു..
“നാത്തൂൻ എങ്ങനെ ഉണ്ടെടി ഉണ്ണിമോളേ??? “
മകൾ കൊടുത്ത ചായ മേടിച്ചു ചുണ്ടോടുപ്പിച്ചു കൊണ്ട് ശേഖരൻ ചോദിച്ചു.
“അവർ പോയതിൽ ഇവർക്ക് രണ്ടാൾക്കും ആകെ വിഷമം ആണ്, ” കൊഴുക്കട്ട ഉണ്ടാക്കുക ആയിരുന്നു സുമിത്ര.
വൈശാഖന് ഒരു ജോലി കൂടി ഉണ്ടായിരുന്നു എങ്കിൽ നല്ലതായിരുന്നു എന്നു ശേഖരൻ പറഞ്ഞപ്പോൾ മക്കൾ രണ്ടാളും സുമിത്രയും ശരി വെച്ചു.
**********************
“ഹലോ… എടാ വൈശാഖ… മറ്റന്നാൾ ആണ് ഇന്റർവ്യൂ.നീ ഒന്നു പോയി നോക്കണം കെട്ടോ.. . “
വിഷ്ണു അതു പറയുമ്പോൾ വൈശാഖന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു..
ന്റെ മഹാദേവാ… ഇനിയും എന്നെ പരീക്ഷിക്കല്ലേ. അവൻ ഒരു നിമിഷം കണ്ണുകൾ അടച്ചു…
“എടാ എനിക്ക് കിട്ടുമോടാ,” എന്നു ചോദിച്ചു എങ്കിലും വൈശാഖന് ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു…
“കിട്ടും, നീ നോക്കിക്കോ.തല്ക്കാലം നീ ഇപ്പോൾ വേറെ ആരോടും പറയേണ്ട കെട്ടോ,”
വിഷ്ണുവിന്റെ വാചകം ശരിയാണെന്നു അവനും തോന്നി, കാരണം അഥവാ ജോലി റെഡി ആയില്ലെങ്കിൽ ആകെ നാണക്കേട് ആകും….
“നീ എവിടാ… ഭാര്യ വീട്ടിൽ പരമസുഖം ആണോ?? “
“പിന്നല്ലാതെ… സുഖം കൂടുതലാണെങ്കിലെ ഒള്ളു.. “
“ശരിയെടാ അപ്പോൾ മറ്റന്നാൾ കാണാം “…
വൈശാഖൻ ഫോൺ വെച്ചിട്ട് തിരിഞ്ഞതും ലക്ഷ്മി കുറച്ചു പരിപ്പുവടയും ആയിട്ട് അവിടേക്ക് കയറി വന്നു.
അവൾ ഒരെണ്ണം കഴിച്ചു കൊണ്ട് ആണ് വരുന്നത്…
ഇതാ….എങ്ങനെ ഉണ്ടെന്നു നോക്കിക്കേ.. അമ്മ ഉണ്ടാക്കിയത് ആണ്.. അവൾ പ്ലേറ്റ് അവന്റെ നേരെ നീട്ടി.
അടിപൊളി ആണല്ലോ…നല്ല ടേസ്റ്റ് ഉണ്ട്…അവൻ ഒരെണ്ണം എടുത്തു കഴിച്ചുകൊണ്ട് പറഞ്ഞു
മ്……. അവളും ആസ്വദിച്ചിരുന്നു കഴിക്കുക ആണ്.
“നീനക്ക് ഇത് ഇത്രക്ക് ഇഷ്ടമാണോ… എന്നിട്ട് ഞാൻ ഇത് മേടിച്ചു കൊണ്ട് വന്നപ്പോൾ എന്തേ നീ കഴിച്ചില്ല.. “
“ഓഹ്… അതു അപ്പോൾ കണ്ടപ്പോൾ എനിക്ക് ഒരു രസവും തോന്നിയില്ല “
ലക്ഷ്മി അതു പറഞ്ഞു കൊണ്ട് തടി തപ്പി….
താൻ നിന്നപ്പോൾ അതു ഉണ്ണിമോൾടെ കൈയിൽ കൊണ്ട് പോയി കൊടുത്ത കുശുമ്പിന് ആണ് അവൾ അതു കഴിക്കാതെ ഇരുന്നതു. … എന്നു ലക്ഷ്മിക്ക് അറിയാമായിരുന്നു എങ്കിലും ഇപ്പോൾ അതു വൈശാഖനും മനസിലായി……
———–
രാജീവനും ദീപയും കൂടി കുറെ ഷോപ്പിംഗ് ഒക്കെ നടത്തി കഴിഞ്ഞാണ് വിട്ടിൽ എത്തിയത്.
“ഇത് എന്തൊക്ക ആണ് മോളേ… “രാജീവന്റെ അമ്മ ദീപയോട് ചോദിച്ചു.
കുറച്ചു കക്കഇറച്ചിയും, ബീഫും ആണ് അമ്മേ… പിന്നെ ഫ്രൈ ചെയുവാൻ കുറച്ചു പൊടിമീനും, കിളിമീനും മേടിച്ചു. അവൾ അതെല്ലാം എടുത്തു നിരത്തി..
അത്യാവശ്യം പച്ചക്കറികൾ എല്ലാം മേടിച്ചു.. കുറെ സാധനങ്ങൾ ലക്ഷ്മിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്നിരുന്നു…..അതെല്ലാം എടുത്തു അവൾ അമ്മയെ കാണിച്ചു.
അവർക്കത് കണ്ടപ്പോൾ സന്തോഷം ആയിരുന്നു….
“അവൻ അപ്പോൾ അശോകന്റെ പ്ലാൻ പൊളിച്ചു അല്ലേ…. “രാജീവന്റെ അച്ഛൻ ഒരു പെഗ് അടിച്ചുകൊണ്ട് മകൻ പറയുന്നതും കേട്ടു ഇരിക്കുക ആണ്.
“അതേ അച്ഛാ, അയാൾ പഠിച്ച പണി പതിനെട്ടും നോക്കിയതാ, പക്ഷെ നടന്നില്ല, അവൻ അതു സ്നേഹപൂർവം നിരസിച്ചു.. “
“എന്തായാലും അവൻ ആളു മിടുക്കനാ,,,, അന്തസ് ഉള്ളവനും, അതാണ് അവൻ അതു വേണ്ടന്ന് വെച്ചത് “…
“വരട്ടെ അച്ഛാ,,, ഇനി അവന്റെ പ്ലാൻ വേറെ ആണോന്നു അറിയില്ലലോ “
“മ്… അതും ശരിയാണ്…. നമ്മൾക്ക് നോക്കാം… “
ചുവരിന് മറഞ്ഞു നിന്നുകൊണ്ട് ദീപ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു..
അപ്പോൾ വൈശാഖന് സമ്മതം അല്ലേ,,,, രാജീവേട്ടനും അച്ഛനും പറഞ്ഞതിന്റെ പൊരുൾ അതല്ലേ എന്നു ദീപ ഓർത്തു.
തന്റെ അച്ഛന് അപകടം ഉണ്ടായി എന്നറിഞ്ഞ നിമിഷം, താൻ തകർന്നു പോയപ്പോൾ, തന്നെ ചേർത്തു നിർത്തി ആശ്വസിപ്പിക്കുന്നതിനു പകരം,…… അച്ഛനും മകനും കൂടി സന്തോഷിക്കുക ആയിരുന്നു..
തന്റെ അച്ഛന് എന്തേലും സംഭവിച്ചാൽ ആ നിമിഷം എല്ലാം കൈക്കൽ ആക്കാൻ ആണ് ഇയാൾ കാത്തിരിക്കുന്നത്…
പതിവ് ഇല്ലാതെ ഇന്ന് മാർക്കറ്റിൽ കയറി എല്ലാം വാരി കൂട്ടിയപ്പോൾ താൻ അതിശയിച്ചു പോയി..
വൈശാഖൻ അതു നിരസിച്ചതിന്റെ സന്തോഷം ആയിരുന്നു എല്ലാം….
ദീപയുടെ കണ്ണുകൾ നിറഞ്ഞു വന്നു..
പതിയെ അവൾ അടുക്കളയിലേക്ക് പിൻവാങ്ങി..
നാളത്തേക്ക് ഉള്ളത് എല്ലാം ദീപയും അമ്മയും സഹായത്തിനു നിക്കുന്ന സ്ത്രീയും കൂടി റെഡി ആക്കി വെച്ചു.
എല്ലാം കഴിഞ്ഞു രാത്രിയിൽ കിടക്കാനായി വന്നപ്പോൾ 10മണി കഴിഞ്ഞിരുന്നു..
അവൾ നോക്കിയപ്പോൾ രാജീവൻ ചെരിഞ്ഞു കിടക്കുക ആണ്..
ഹാവൂ… ഉറങ്ങി….. അല്ലെങ്കിലും തന്റെ നടു ഒടിഞ്ഞു…
ദീപ വന്നു ലൈറ്റ് അണച്ചതും, രാജീവൻ വേഗം കിടക്കയിൽ നിന്നെഴുന്നേറ്റു..
നീ എന്താ ഉറങ്ങാൻ പോകുക ആണോ… മണി 10കഴിഞ്ഞതേ ഒള്ളു… അയാൾ അലമാര തുറന്നു..
ഇതാ… രാജീവൻ ഒരു ഗുളിക അവൾക്ക് നേരെ എറിഞ്ഞു..
ദീപ അനുസരണയോടെ അതു കഴിച്ചു… അല്ലാതെ വേറെ നിവർത്തി ഇല്ലാ എന്നു അവൾക്കറിയാമായിരുന്നു..
വിവാഹം കഴിഞ്ഞ അന്ന് രാത്രി മുതൽ ഇതാണ് രാജീവന്റെ രീതി.
അമ്മയും അമ്മായിമ്മയും എല്ലാ മാസവും ചോദിക്കും, “വിശേഷം ഉണ്ടോ മോളേ എന്നു “…..
ഒരു തവണ താൻ അതു സൂചിപ്പിച്ചപ്പോൾ രാജീവൻ അന്ന് ഉണ്ടാക്കിയകോലാഹലo ഒന്നും പറയേണ്ടായിരുന്നു…
അയാൾക്കിപ്പോൾ കുട്ടി ഒന്നും വേണ്ട.. അങ്ങനെ ഒരു താല്പര്യം തോന്നുമ്പോൾ അറിയിക്കാം എന്നാണവന്റെ മറുപടി…
പിന്നീട് ദീപ ഒരിക്കലും അയാളോട് ആ ആവശ്യത്തെ കുറിച്ച് പറഞ്ഞിട്ടില്ല…
———————-
മോളേ.. എങ്കിൽ പോയി കിടന്നോളു… നേരം ഇത്രയും ആയില്ലേ….ശ്യാമള മകളോട് പറഞ്ഞു.
അവൾ ടീവി യും നോക്കി ഇരിക്കുകയാണ്….
“അമ്മേ…. ഈ സിനിമ ഇപ്പോൾ തീരും, ഒരു അരമണിക്കൂർ കൂടി… “അവൾ പറഞ്ഞതും ശ്യാമള പിന്നെ ഒന്നും പറഞ്ഞില്ല.
വൈശാഖൻ അവിടെ ഒറ്റക്ക് കിടക്കട്ടെ എന്നാണ് അവൾ ഓർത്തത്.. തന്റെ അച്ഛനോട് എതിർത്തു സംസാരിച്ചത് കൊണ്ട് അവൾക്ക് ആകെ ദേഷ്യം ആയിരുന്നു….. ഒരു പണിയും ഇല്ലാതെ നടക്കട്ടെ… അവൾ ചിറികോട്ടി…..
അശോകൻ വന്നു നിർബന്ധിച്ചപ്പോൾ ആണ് അവൾ എഴുനേറ്റു മുറിയിലേക്ക് പോയത്.
അവൾ ചെന്നപ്പോൾ വൈശാഖനെ അവിടെ കണ്ടില്ല..
അവൻ വാഷ്റൂമിൽ ആയിരുന്നു..
അവൾ വേഗം ബെഡിലേക്ക് കിടന്നു.
വൈശാഖൻ ഇറങ്ങി വന്നപ്പോൾ അവൾ അവൾ ഉറക്കം നടിച്ചു കിടക്കുക ആണ്..
ഇവളുടെ അഹങ്കാരം ഒക്കെ മാറ്റണം, എന്റെ വരുതിയിൽ കൊണ്ടുവരാൻ അറിയാൻ മേലാഞ്ഞിട്ടല്ല….
പക്ഷേ… അതിനു തനിക്കു കുറച്ചു സമയം വേണം.. എന്തായാലും എടുത്തു ചാടി വിവാഹം കഴിച്ചത് മോശം ആയി പോയി എന്നു കെട്ടു കഴിഞ്ഞ അന്ന് അവനു മനസിലായി..
അവനും കട്ടിലിൽ കയറി കിടന്നു.
എടീ പുല്ലേ… നിന്നെ ഞാൻ ആരാണെന്നു കാണിച്ചു തരാൻ പോകുന്നതേ ഒള്ളു….കെട്ടോടി…
തുടരും..