നിവേദ്യം ~ ഭാഗം 03, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അമ്പലത്തിൽ ഉത്സവത്തിനു പുറപ്പെട്ടത് ആണെങ്കിലും വൈശാഖന്റെ മനസിലെ കണക്കുകൂട്ടലുകൾ വേറെ ആണ്.

ചുമ്മാ ആ പെണ്ണിനെ ഒന്നു കണ്ടുകളയാം… വെറുതെ ഇരുന്ന തന്നെ എല്ലാവരും കൂടി മൂപ്പിച്ചു..

“എടാ നിനക്ക് ടെൻഷൻ ഉണ്ടോ? വിഷ്ണു പതിയെ ഒരു വശം തിരിഞ്ഞു വൈശാഖനെ നോക്കി.

നേരെ നോക്കി വണ്ടി ഓടിക്കെടാ.. എന്തോന്ന് ടെൻഷൻ… അവൻ വിഷ്‌ണുവിനോട് ദേഷ്യപ്പെട്ടു.

അങ്ങനെ അവർ രണ്ടാളും കൂടി അമ്പലത്തിൽ എത്തി… നിറയെ ജനങ്ങൾ ആയിരുന്നു ആനക്കൊട്ടിലിലും ശ്രീകോവിലിന്റെ മുൻപിലും എല്ലാം…

എടാ… ഈ കൂട്ടത്തിൽ നിന്നു ആ പെണ്ണിനെ എങ്ങനെ കണ്ടുപിടിക്കും… വിഷ്ണു നിരാശയോടെ വൈശാഖനെ നോക്കി.

നടപടി ഉണ്ടാകില്ല… വാ പോകാം… അവൻ പിന്നെയും പറഞ്ഞു…

നീ മിണ്ടാതിരിക്കാൻ നോക്ക്, ഒരഞ്ചുമിനിറ്റ്… ഞാൻ വിജിയെ ഒന്നു വിളിക്കട്ടെ… അവൻ ഫോണും പിടിച്ചുകൊണ്ടു ഒരു വശത്തേക്ക് മാറി.

എടാ… സോറി.. എനിക്ക് വരാൻ പറ്റിയില്ല… അമ്മക്ക് ബി പി കൂടി, ഞാൻ ഹോസ്പിറ്റലിൽ ആണ്.. വിജിയുടെ ഓരോ വാചകങ്ങൾ കേട്ടതും അവൻ കലികൊണ്ട് നിൽക്കുക ആണ്..

നീ എന്ത് വർത്തമാനം ആണ് ഈ പറയുന്നത്… കോപ്പെടപാട്… വെച്ചിട്ട് പോടീ… അവൻ ദേഷ്യം കൊണ്ട് ഫോൺ കട്ട്‌ ആക്കി.

വിഷ്ണുവിനെ നോക്കിയപ്പോൾ അവൻ അവിടെ എങ്ങും കണ്ടില്ലായിരുന്നു.

വിഷ്ണുവിനെ നോക്കികൊണ്ട് തിരഞ്ഞ വൈശാഖൻ ഒരു പെൺകുട്ടിയുമായി അറിയാതെ കൂട്ടി ഇടിച്ചു.

കണ്ണുകണ്ടുകൂടെ തനിക്കു..രാവിലെ ഓരോന്ന് ഒക്കെ വന്നോളും . അവൾ അവനോട് ദേഷ്യപ്പെട്ടു.

സോറി കുട്ടി.. റിയലി ആം സോറി… അവൻ ആ പെൺകുട്ടിയോട് ക്ഷമ പറഞ്ഞിട്ട് മുന്നോട്ട് നടന്നു…

വിഷ്ണു ഇതെവിടെ പോയി… വൈശാഖനു ദേഷ്യം കൊണ്ട് കണ്ണ് ചുവന്നു.

ഫോൺ വിളിച്ചു നോക്കാം എന്ന് കരുതി അവൻ ഫോൺ വീണ്ടും പോക്കറ്റിൽ നിന്നെടുത്തു..

വിജി യുടെ കുറെ മിസ്സ്ഡ് കാൾ..

അവൻ അവള് വിളിച്ചപ്പോൾ എല്ലാം ഫോൺ കട്ട്‌ ചെയ്തു വിട്ടു.

വിഷ്ണു ആണെങ്കിൽ ആൽമരത്തറയിൽ ഇരുപ്പുണ്ടെന്നു വിളിച്ചു പറഞ്ഞു.

.വേഗം തന്നെ വൈശാഖൻ കൊടിമരത്തിന്റെ ചുവട്ടിൽ പോയി നിന്നു ശ്രീകോവിലിലേക്ക് നോക്കി പ്രാർത്ഥിച്ചു..

ഇതുവരെ കണ്ടിട്ടില്ല ആ പെണ്ണിനെ, അതുപോലെ തന്നെ ഇവിടെ നിന്നു നോക്കിയാൽ നിന്നെയും കാണത്തില്ലലോ ഭഗവാനെ… ഒരു കാര്യം ചെയാം, അടുത്ത തവണ ഞാനും എന്റെ ഭാര്യയും കൂടി നിന്നെ കാണാൻ വരാം കെട്ടോ… കണ്ണടച്ചുകൊണ്ട് അവൻ പ്രാർത്ഥിച്ചു.

നേദ്യം ആണ്…. എല്ലാവരും പിന്നോട്ട് മാറണം… ആരോ ഒരാൾ ശ്രീകോവിലിൽ നിന്നും വിളിച്ചു പറഞ്ഞു.

പിന്നെ അങ്ങോട്ട് ഒരു തള്ളൽ ആയിരുന്നു.

ഈ പെണ്ണുങ്ങൾക്ക് ഒക്കെ എന്തിന്റെ കേടാണ്… അവനു ദേഷ്യം വന്നു.

അതേയ്… ഇങ്ങനെ തള്ളാതെ ചേച്ചി… ഞാൻ ഇപ്പോൾ വീഴില്ലാരുന്നോ.. അവൻ ഒരു സ്ത്രീയോട് ദേഷ്യപ്പെട്ടു.

പക്ഷെ എല്ലാം പെട്ടന്നായിരുന്നു..

ആരോ ശക്തമായി തള്ളിയതും വൈശാഖനു ഒരിടത്തും പിടിത്തo കിട്ടിയില്ല, അവൻ പിറകിലേക്ക് മറിഞ്ഞു.

ഒരു സെക്കന്റ്‌ കൊണ്ട് എല്ലാം കഴിഞ്ഞു…

നേരത്തെ താൻ കേറി ഇടിച്ച പെൺകുട്ടിയും അവന്റെ ദേഹത്തൊട്ടു വീണു കിടക്കുന്നു.

ആരൊക്കെയോ ചേർന്ന് അവളെ പിടിച്ചു മാറ്റി..

ഒരു തരത്തിൽ വൈശാഖൻ എഴുനേറ്റു.

എടോ… കുറച്ചു നേരം ആയി താൻ തുടങ്ങിയിട്ട്… ആ പെൺകുട്ടി അവന്റെ കോളറിൽ കയറി പിടിച്ചിരിക്കുക ആണ്.

നീ പോടീ മിണ്ടാതെ… വൈശാഖൻ ആണെങ്കിൽ ആകെ ദേഷ്യം പിടിച്ചു ഇരിക്കുക ആയിരുന്നു.

പെട്ടന്നു ആണ് അവളുടെ വലതുകരം അവന്റെ കവിളിൽ പതിഞ്ഞത്..

വൈശാഖൻ പകച്ചു പോയി..

ഇതെന്താ കുട്ടി ഈ കാണിച്ചത്.

പിന്നിൽ നിന്നും ആരൊക്കെയോ ചോദിക്കുന്നുണ്ട്.

ഇയാൾ കുറെ നേരം ആയി തുടങ്ങിയിട്ട്, ഇതൊക്കെ ഓരോരോ ഞരമ്പ് രോഗം ആണ്.. പെൺകുട്ടികൾക്ക് മര്യാദക്ക് വഴിയേ നടക്കാൻ പറ്റാത്തത് ഇവനെ പോലുള്ള ആണുങ്ങൾ കരണം ആണ്… അവൾ എന്തൊക്കെയോ പുലമ്പുന്നുണ്ട്..

വൈശാഖൻ ഒന്നും പറയാതെ വെളിയിലേക്ക് നടന്നു.

അപമാനഭാരത്താൽ അവന്റെ തല കുനിഞ്ഞിരുന്നു.

എന്റെ മോളേ… ആ പയ്യൻ ഇവിടെ വന്നു തൊഴുതു നിൽക്കുവായിരുന്നു, പിറകിൽ നിന്നും തള്ളൽ വന്നത് കൊണ്ട് ആണ്, ഞാനും ആ കൊച്ചന്റെ അടുത്തു നിൽപ്പുണ്ടായിരുന്നു… ഏതോ ഒരു സ്ത്രീ നിന്ന് പറയുകയാണ്..

പക്ഷേ അവൾ അതൊക്കെ പാടെ അവഗണിച്ചു. അയാൾ അദ്യം തന്റെ ദേഹത്തു വന്നു ഇടിച്ചിട്ട് പോയതാ, എന്നിട്ട് ഇപ്പോൾ വീണ്ടും… അവൾക്ക് കലി അടങ്ങിയില്ല..

വൈശാഖൻ വന്നപ്പോൾ വിഷ്ണു ആൽത്തറയിൽ ഇരുപ്പുണ്ട്..

എടാ…. നീ ഇത് എവിടെ ആയിരുന്നു, ഞാൻ എത്ര നേരം ആയി ഇവിടെ ഇരിക്കുന്നു.. വിഷ്ണു അവനെ നോക്കി.

പോകാം… എഴുന്നേൽക്ക്… അവൻ വിഷ്ണുന്റെ കൈയിൽ പിടിച്ചു.

ങേ… പോകാനോ.. അവളെ നീ കണ്ടോ.. നിനക്ക് ഇഷ്ടപ്പെട്ടോ… വിഷ്ണു ആശ്ചര്യം പൂണ്ടു.

കണ്ടില്ലാ… നീ വാ… വൈശാഖൻ മുന്നോട്ട് നടന്നു.

ഒന്നും മനസിലാകതെ വിഷ്ണു പിറകെയും.

***********

ഹോ അവൾ ഏതാ ഇനം, നിനക്ക് രണ്ടെണ്ണം പൊട്ടിക്കാൻ മേലായിരുന്നോ,, ഞാൻ ഇത് വെല്ലോം അറിഞ്ഞോ? വിവരങ്ങൾ അറിഞ്ഞ വിഷ്ണു അവനോട് തട്ടി കയറി.

ആഹ് പോട്ടെടാ… ഇനി ആ മാരണത്തിനെ എവിടെ എങ്കിലും വെച്ചു കണ്ടാൽ ഒന്നു പൊട്ടിക്കാം.. വൈശാഖൻ വല്ലാണ്ട് വിഷമിച്ചു ഇരിക്കുക ആണ്.

ആഹ് വിട്ടുകള…. പോട്ടെടാ… അവൾ അങ്ങനെ തെറ്റിദ്ധരിച്ചത് കൊണ്ട് അല്ലേ.. സാരമില്ല… നീ വാ… നമ്മൾക്ക് പോകാം… അനൂപ് അവനെ വിളിച്ചു.

ആഹ് അനൂപേ… ആളു വരുന്നുണ്ടല്ലോ… വിഷ്ണു ചിരിച്ചപ്പോൾ എല്ലാവരും നോക്കി.

അനൂപ് സ്നേഹിക്കുന്ന പെണ്ണാണ് പ്രിയ, അവളെ കണ്ടിട്ടാണ് വിഷ്ണുവിന്റെ കമന്റ്‌.

എടാ വാടാ… നമ്മൾക്ക് ഇനി കട്ടുറുമ്പ് ആകെണ്ടായേ.. വിഷ്ണുവും വൈശാഖും കൂടി അവിടെ നിന്നും പെട്ടന്ന് തന്നെ തിരികെ പോന്നു.

—————————–

എടാ… നീ ഒന്നു ക്ഷമിക്കേടാ… പ്ലീസ്… ഞാൻ വരാൻ തുടങ്ങിയപ്പോൾ ആണ് അമ്മക്ക് തല കറക്കം ഉണ്ടായത്. പിന്നെ വേഗം ഞങ്ങൾ ഹോസ്പിറ്റലിൽ പോയെടാ…അതാണ്.. പ്ലീസ്.. നീ ഒന്നു വാടാ… ആ കൊച്ചിനെ ഒന്നു കണ്ടു നോക്ക്.. വിജി എത്ര ഒക്കെ പറഞ്ഞിട്ടും അവൻ മറുപടി പറഞ്ഞില്ല.

എന്തായാലും പോയി ഒന്നു കാണാം മോനേ… നീ പറഞ്ഞതുപോലെ ആ വീട്ടിലെ മൂത്ത പയ്യൻ എൻജിനീയർ ആയ സ്ഥിതിക്ക് ഈ വിവാഹം അവർ വേണ്ടെന്നു വെച്ചോളും… ശേഖരൻ മകനെ അനുനയിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ്..

അല്ലമ്മേ….എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ ഈ ഏട്ടന് കാലത്തെ ഇവിടെ നിന്നു പോകുന്നത് വരെ യാതൊരു പ്രോബ്ളവും ഇല്ലായിരുന്നു, എന്നിട്ട് ഇപ്പോൾ പെട്ടന്നു എന്താ പറ്റിയത്.. വീണ സംശയ ദൃഷ്ടിയോടെ അവനെ നോക്കി.

മ്… പോട്ടെ… പോട്ടെ.. നാളെ എന്തായാലും മോൻ അവിടെ വരെ ഒന്നു പോകണം കെട്ടോ… സുമിത്ര ആണ് ഒടുവിൽ വൈശാഖനെ കൊണ്ട് സമ്മതിപ്പിച്ചത്..

————————–

രാത്രി…. 8.30…

ലക്ഷ്മി വിലാസം…

മോള് നേരത്തെ കഴിച്ചോടി… അശോകൻ ഭാര്യയെ നോക്കി ചോദിച്ചു..

മ്… അവൾക്ക് അമ്പലത്തിൽ നിന്നു വന്നപ്പോൾ മുതൽ വല്ലാത്ത തലവേദന ആയിരുന്നു.

ഈ പൊള്ളുന്ന വെയിലത്തു അല്ലേ ഉത്സവത്തിന് പോയത്… ശ്യാമള ചിരിച്ചു..

ജാതകം ചേർന്ന സ്ഥിതിക്ക് ഇത് എങ്ങനെ എങ്കിലും നടന്നാൽ മതിയായിരുന്നു അല്ലേ അശോകേട്ടാ… ശ്യാമള ഊണ് വിളമ്പുക ആണ് ഭർത്താവിന്…

മ്… പയ്യന്റെ സ്വഭാവം ഒക്കെ നല്ലതാണ്… ഞാൻ കരയോഗത്തിൽ വിളിച്ചു അന്വഷിച്ചതാണ്…ഒരു കുഴപ്പവും ഇല്ലാത്ത വീട്ടുകാർ ആണെന്ന്… പിന്നെ നമ്മുടെ ദീപമോളുടെ വീട്ടുകാരുടെ അത്രയും പണം ഇല്ലാ… അശോകൻ ഭാര്യയെ നോക്കി.

അതൊക്ക ശരി ആയിരിക്കും, പക്ഷേ മോളുടെ ഈ നാള് വെച്ചു അവൾക്ക് ചേരുന്ന ഒരെണ്ണം കിട്ടണ്ടേ. . തന്നെയുമല്ല ഈ പയ്യൻ ആണെങ്കിൽ വിദ്യാഭ്യാസം ഉള്ളത് അല്ലേ… അതാണ് ഏറ്റവും വലുത്… ശ്യാമള വിശദീകരിച്ചു.

ഇതാകുമ്പോൾ കുടുംബം നല്ലതാണ്, തന്നെയുമല്ല ആ വിജി ഒക്കെ നല്ല മര്യാദ ഉള്ള പെൺകുട്ടി ആണ് കെട്ടോ…. എല്ലാവർക്കും നല്ല അഭിപ്രായം ആണ് വിജിയെ പറ്റി.. ശ്യാമള കറികൾ ഓരോന്നായി ഭർത്താവിന് വിളമ്പി വെച്ചു..

എന്തായാലും നാളെ അവർ വരട്ടെ.. എന്നിട്ട് ബാക്കി നോക്കാം… അശോകൻ പറഞ്ഞു.

ലക്ഷ്മിക്ക് ആണെങ്കിൽ ആകെ സങ്കടം ആണ്..അവൾ പറയുന്നത് ഒരു രണ്ട് വർഷം കഴിയട്ടെ എന്നാണ്.. ഈ ചിങ്ങത്തിൽ നടന്നില്ലെങ്കിൽ പിന്നെ 32വയസ് കഴിയണം… അതല്ലേ…..ശ്യാമളക്ക് അതു പറഞ്ഞപ്പോൾ കണ്ഠം ഇടറി.

നാളെ പയ്യൻ വന്നു പോകട്ടെ… എന്നിട്ടല്ലേ ബാക്കി.. അയാൾ അതു തന്നെ ആവർത്തിച്ച്…

————————–

അനൂപിനെ കൂടി കൂട്ടികൊണ്ട് പോയാലോ എന്നു വൈശാഖൻ ചിന്തിച്ചതാണ്, പക്ഷേ ശേഖരൻ സമ്മതിച്ചില്ല..

നീ തനിച്ചു പോയാൽ മതി, അവിടെ ചെല്ലുമ്പോൾ വിജിയും ഗോപനും ആരെങ്കിലും കാണും… ഒടുവിൽ മനസില്ലാമനസോടെ വൈശാഖൻ തനിച്ചു ആണ് പുറപ്പെട്ടത്.

കരിനീല നിറം ഉള്ള ഷർട്ടും ക്രീം നിറം ഉള്ള പാന്റും ആണ് അവന്റെ വേഷം…

നേരെ വിജിയുടെ വീട്ടിലേക്കാണ് അവൻ പോയത്. അവിടെ ചെന്നപ്പോൾ ഗോപൻ കടയിൽ ആയിരുന്നു. അതുകൊണ്ട് വിജി ആണ് ആങ്ങളയെ കൂട്ടികൊണ്ട് പോകാൻ നിന്നത്.

നീ ആണോടി വരുന്നത്… അളിയൻ എവിടെ..? ബൈക്ക് ഒതുക്കി നിർത്തിയിട്ടു വൈശാഖൻ ഇറങ്ങി.

എടാ തല്ക്കാലം ഞാൻ ആണ് വരുന്നത്… ആ പെങ്കൊച്ചിനെ എനിക്കും പരിചയം ഉള്ളത് കൊണ്ട് സാരമില്ല… വിജി ചുരിദാറിന്റെ ഷോൾ നേരെ ഇട്ടുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.

അളിയൻ വരാമെന്ന് അല്ലേ ആദ്യം പറഞ്ഞത് എന്നിട്ട് എന്താ പറ്റിയത്… അവൻ മുടി ചീകിക്കൊണ്ട് അവളെ നോക്കി.

ഗോപേട്ടന് സമയം ഇല്ലാരുന്നു. കടയിലെ ഒരു സ്റ്റാഫ്‌ ഇന്ന് ഇല്ലാ. അതുകൊണ്ട് ആണ്… നീ വാ, നമ്മൾക്ക് വേഗം പോകാം.. വിജി ദൃതി കാണിച്ചു.

അമ്മ എവിടെ? അവൻ അകത്തേക്ക് നോക്കി m

അമ്മ കിടക്കുവാടാ…. തിരിച്ചു നീ ഇങ്ങോട്ട് വന്നിട്ടല്ലേ പോകു…അപ്പോൾ കാണാം.. അവൾ അതു പറഞ്ഞപ്പോൾ വൈശാഖ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത്.

ലക്ഷ്മി വിലാസം എന്നെഴുതിയ ഒരു ഇരു നില വീടിന്റെ മുന്നിൽ വന്നു ബൈക്ക് നിന്നു..

ആഹ് കയറി വരൂ വിജി…. വിജിയുടെ ബ്രദർ ആണ് അല്ലേ… അശോകൻ ചിരിച്ചു കൊണ്ട് വൈശാഖനെ നോക്കി..

ഞാൻ അശോകൻ….. എന്റെ ഇളയ മകൾ ആണ് ലക്ഷ്മി… അയാൾ പരിചയപ്പെടുത്തുക ആണ്…

തന്റെ സഹോദരനെ അവർക്ക് നന്നായി പിടിച്ചു എന്ന് വിജിക്ക് മനസിലായി .

അല്ലെങ്കിലും ഒറ്റ നോട്ടത്തിൽ ആർക്കായാലും വൈശാഖനെ ഇഷ്ടപെടും…

എവിടെ… ലക്ഷ്മി…. വിജി ശ്യാമളയോട് ചോദിച്ചു.

അവൾ റൂമിൽ ഉണ്ട് മോളേ… വിളിക്കാം എന്നു പറഞ്ഞു കൊണ്ട് ശ്യാമള ഒരു മുറിയിലേക്ക് കയറി പോയി.

ഞാനും വരാം എന്നു പറഞ്ഞു കൊണ്ട് വിജിയും പിറകെ കയറി പോയി.

ഒരു റെഡ് കളർ സൽവാർ ആണ് ലക്ഷ്മിയുടെ വേഷം.

വിജിയെ നോക്കി അവൾ ചിരിച്ചു.

മോളേ… വരൂ… ശ്യാമള അവളോട് പറഞ്ഞു.

മിടിക്കുന്ന ഹൃദയത്തോടെ ലക്ഷ്മി അവരെ പിന്തുടർന്ന്.

ആദ്യത്തെ പെണ്ണുകാണൽ ആണ്..

അതിന്റ ഒരു അങ്കലാപ്പ് അവളുടെ മുഖത്തു കാണാം..

ലക്ഷ്മി,,, ഇതാണ് കെട്ടോ പയ്യൻ, ഇനി കണ്ടില്ലെന്ന് പറയരുതേ.. വിജി അതു പറയുമ്പോൾ ലക്ഷ്മി അവനെ ഒന്നു പാളി നോക്കി.

പെട്ടന്നുണ്ടായ പരിഭ്രമം മറക്കാൻ അവൾ പാടുപെട്ടു.

ഇന്നലെ അമ്പലത്തിൽ വെച്ചു താൻ വഴക്കുണ്ടാക്കിയ ചെറുക്കൻ…

വൈശാഖനും സ്തംഭിച്ചു ഇരിക്കുക ആണ്.

ഇവളരുന്നോ….. എത്രയും പെട്ടന്ന് അവിടെ നിന്ന് ഒന്നു പോയാൽ മതി എന്നായി അവനു.

അവൾ അവനു ചായ കൊണ്ടുപോയി കൊടുത്തു.

നിങ്ങൾക്ക് പരസ്പരം എന്തെങ്കിലും പറയാൻ കാണില്ലേ… സംസാരിക്ക്‌ കെട്ടോ…. വൈശാഖനും ലക്ഷ്മിയും എന്തെങ്കിലും പറയും മുൻപേ അശോകൻ അവിടെ നിന്ന് എഴുനേറ്റു.

അതു ശരിയാ എന്നും പറഞ്ഞു വിജിയും ശ്യാമളയും അടുക്കളയിലേക്ക് നടന്നു

ശ്യാമളക്ക് അവനെ നന്നേ ബോധിച്ചു.

ലക്ഷ്മി ആണെങ്കിൽ ഈ സമയം വൈശാഖനെ നേരിടാൻ തീരുമാനിച്ചതായിരുന്നു..

എടോ… താൻ ആരുന്നല്ലേ…തന്നെ പോലെ ഒരുത്തനെ കിട്ടുന്നതിലും ഭേദം, ഇവിടെ ഇങ്ങനെ നിൽക്കണത് ആണ്, വന്ന വഴിയേ വേഗം പൊയ്ക്കോണം…. അവൾ ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു. പിന്നെ . ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… ലക്ഷ്മി എന്തെങ്കിലും പറയും മുൻപേ അവൻ സെറ്റിയിൽ നിന്ന് എഴുനേറ്റു.

എടോ… ഞാൻ മാന്യത വിട്ടു ആരോടും പെരുമാറുന്ന ടൈപ്പ് അല്ല.. താൻ ഇപ്പോൾ കൂടുതൽ ഒന്നുo പറയേണ്ട, എന്നെ ഇഷ്ടമായില്ല എന്നു ഇവിടെ എല്ലാവരോടും പറഞ്ഞാൽ മതി.. വൈശാഖൻ മെല്ലെ പുറത്തേക്ക് നടന്നു.

എടി അശോകന്റെ മോളേ… നിന്നെ കെട്ടിപൂട്ടും ഈ വൈശാഖൻ…അതു രണ്ടുതരം… അവൻ പതിയെ ഒന്നു മന്ദഹസിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി…

അമ്മേ…. ലക്ഷ്മി വിളിച്ചപ്പോൾ വിജിയും ലക്ഷ്മിയും തിരിഞ്ഞു നോക്കി.

ആഹ്ഹാ ഇത്ര പെട്ടന്ന് സംസാരിച്ചു കഴിഞ്ഞോ… വിജി ചിരിച്ചു..

മോൾക്ക് ഇഷ്ടക്കുറവ് വെല്ലോം ഉണ്ടോ… വിജി അവളോട് ചോദിച്ചു.

ഒരു ഇഷ്ടക്കുറവും ഇല്ലാ…. അല്ലേ മോളേ…. ശ്യാമള ചിരിച്ചുകൊണ്ട് മകളെ നോക്കി.

ലക്ഷ്മി അതിനു മറുപടി ഒന്നും പറഞ്ഞില്ല, ഇവർ പോയിട്ട് എല്ലാം പറയാമെന്നു അവൾ ഓർത്തു..

മൗനം സമ്മതം ആണല്ലോ അല്ലേ ലക്ഷ്മി….വിജി അതുo പറഞ്ഞുകൊണ്ട് അടുക്കളയിൽ നിന്നും പുറത്തേക്കു വന്നു.

അശോകൻ അപ്പോൾ വൈശാഖിനോട് പഠിച്ച കോളേജിലെ പേരും വിവരങ്ങളും ഒക്കെ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു.

ഇറങ്ങാം അല്ലേ… വിജിയെ കണ്ടതും വൈശാഖൻ അവളെ നോക്കി..

മോനെ ഒരു മിനിറ്റ്… കുറച്ചുസമയം കൂടി ഒന്ന് വെയിറ്റ് ചെയ്യണം. ഞാൻ കണിയാനോട്‌ ഇവിടേക്ക് വരാൻ പറഞ്ഞിട്ടുണ്ട്….കഴിഞ്ഞ ദിവസo ശ്യാമള പോയി ഒന്നു നോക്കിയിരുന്നു, അപ്പോൾ ചേരും എന്നു പറഞ്ഞതാണ്, ഇതു നമ്മൾക്ക് കുറച്ചു കൂടി വിശ്വസിക്കാവുന്ന ആൾ ആണ്.. അശോകൻ അതും പറഞ്ഞു കൊണ്ട് അയാളുടെ ഫോൺ കയ്യിൽ എടുത്തു.

എന്നിട്ടയാൾ ആരെയോ ഫോണിൽ വിളിച്ച് സംസാരിക്കുന്നത് അവർ കേട്ടു. അത് കണിയാൻ ആണെന്ന് വൈശാഖന് മനസ്സിലായി.

ഒരു 10 മിനിറ്റ് അയാൾ ഇപ്പോൾ തന്നെ വരും.,…

വരൂ നമുക്ക് അകത്തേക്ക് ഇരിക്കാം അശോകൻ വീണ്ടും, അവന്റെ കയ്യിൽ പിടിച്ച് അവനെ അകത്തേക്ക് ക്ഷണിച്ചു.

ഗത്യന്തരമില്ലാതെ വൈശാഖ് നും അയാളെ പിന്തുടർന്നു.

കുറച്ചു കഴിഞ്ഞതും കണിയാൻ അവിടെ എത്തിച്ചേർന്നു.

രണ്ടുപേരുടെയും ഗ്രഹനില വെച്ച് അയാൾ പരിശോധിച്ചു.

കുറ്റം പറയരുതല്ലോ അശോകാ, ഈ കുട്ടിക്ക് ഇത്രയും യോജിച്ച ഒരു വരനെ ഇനി കിട്ടുകയില്ല. അത്രയ്ക്ക് പൊരുത്തമാണ് രണ്ടാളുടെയും ജാതകം തമ്മിൽ. ഒന്നും നോക്കണ്ട നിങ്ങൾ ഇത് ഉറപ്പിച്ചോളൂ. പിന്നെ പയ്യന് സർക്കാർ ജോലിക്ക് യോഗം ഉള്ള ജാതകം ആണ്.. 100% എന്നെ നിങ്ങള്ക്ക് വിശ്വസിക്കാം… കണിയാൻ അശോകനെ നോക്കി പറഞ്ഞു.

എല്ലാവരുടെയും മുഖത്ത് സന്തോഷം ആയി…ഈ കണിയാൻ ആണ് മൂത്ത മകൾ ദീപയുടെ ജാതകവും നോക്കിയത്, അവൾക്കെന്താ ഒരു കുഴപ്പം.. അശോകൻ മനസ്സിൽ ഓർത്തു..

ലക്ഷ്മി ഈ സമയം മുറിക്കകത്ത് ആയിരുന്നു.

അവൾ പിന്നീട് ഇവരോടെല്ലാം പറഞ്ഞ മനസ്സിലാക്കുമെന്നു വൈശാഖൻ വിശ്വസിച്ചു.

എന്തായാലും ജാതകം ചേർന്ന സ്ഥിതിക്ക് നമ്മൾക്ക് മുന്നോട്ട് പോകാം അല്ലേ… വൈശാഖന്റെ വീട്ടിൽ നിന്നും വേണ്ടപ്പെട്ടവർ എല്ലാവരുo വന്നു ലക്ഷ്മിമോളെ കാണട്ടെ അല്ലേ …..അശോകൻ അത്യാഹ്ലാദത്തിൽ ആണ്..

ഇയാൾക്ക് ജാതകത്തിൽ ഭയങ്കര വിശ്വാസം ആണെന്ന് വൈശാഖൻ ഓർത്തു… അതാണ് ഇയാൾക്ക് ഇത്ര തിടുക്കം… അവൻ ഊറി ചിരിച്ചു..
.
വിജി അവിടെ വെച്ചു തന്നെ അച്ഛനെയും ഗോപനെയും എല്ലാം വിളിച്ചിരുന്നു.

അശോകൻ ആണെങ്കിൽ വിജിയോട് നമ്പർ മേടിച്ചു വൈശാഖന്റെ അച്ഛനോട് കാര്യങ്ങൾ സംസാരിച്ചു.

നിങ്ങൾ വേണ്ടപ്പെട്ടവരോടും മകളുടെ ഭർത്താവിനോടും ഒക്കെ സംസാരിച്ചിട്ട് വിളിക്കാൻ ആണ് ശേഖരൻ മറുപടി കൊടുത്തത്.

എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.. വൈശാഖൻ അല്പം ദൃതി കാണിച്ചു.

മോളേ… ലക്ഷ്മി…. അശോകൻ അകത്തേക്ക് നോക്കി വിളിച്ചു.

കുറച്ചു കഴിഞ്ഞതും ലക്ഷ്മി ഇറങ്ങി വന്നു..

അപ്പോൾ ആണ് വൈശാഖൻ അവളെ നേരിട്ടു കണ്ടത്.

വീണമോളേക്കാൾ പ്രായം കുറവാണു.. ഇപ്പോളും കുട്ടിത്തം വിട്ടു മാറിയിട്ടില്ല എന്ന് മുഖം കണ്ടാൽ അറിയാം. വിജി പറഞ്ഞത് പോലെ ഒരു കൊച്ചു സുന്ദരി ആണ്…

ഇവളുടെ കഴുത്തിൽ ആരെങ്കിലും ഒരാൾ താലി കെട്ടുവാൻ ഇവൾക്ക് യോഗം ഉണ്ടെങ്കിൽ അതു ഈ വൈശാഖൻ ആണ് മോളേ……

മോളേ ഇവർ യാത്ര പറഞ്ഞു ഇറങ്ങുക ആണ്…. ശ്യാമള മകളോട് പറഞ്ഞു

ഇവനിന്നു തന്നെ മടങ്ങണം.. അതോണ്ട് ഞങ്ങൾ മടങ്ങുവാ കെട്ടോ… വിജി ആണെങ്കിൽ ലക്ഷ്മിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

ശരി ചേച്ചി…. അവൾ പറഞ്ഞു.

വരട്ടെ…. വൈശാഖൻ അവന്റെ കവിൾത്തടം ഒന്നു തലോടി കൊണ്ട് അവളോട് പറഞ്ഞു.

അവൾ ഒന്നു പുച്ഛിച്ചു ചിരിക്കുക ആണ് ചെയ്തത്..

————————–

എടാ… നിനക്ക് ഇഷ്ടപ്പെട്ടോ പെണ്ണിനെ… ബൈക്കിൽ പോകുമ്പോൾ വിജി അവനോട് ചോദിച്ചു.

എന്റെ കൂടെ കൊണ്ടുപോകുമ്പോൾ ആരെങ്കിലും കുറ്റം പറയുവോടി…. അവൻ പെങ്ങളോട് ചോദിച്ചു.

അയ്യോ… ഒരു… ഷാരൂഖ് ഖാൻ വന്നേക്കുന്നു… ഒന്നു പോടാ ചെറുക്കാ…അവൾക്കെന്താ ഒരു കുഴപ്പം… നല്ല മിടുക്കി പെൺകുട്ടിയാണ് അവൾ. വിജി സഹോദരനോട് പറഞ്ഞു.

എടാ പിന്നെ ഒരു കാര്യം, ആ കൊച്ച് ഫസ്റ്റ് ഇയർ ആയതേയുള്ളൂ, അവളെ ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ വിടണം എന്നു ശ്യാമളച്ചേച്ചി പറഞ്ഞു. അതിനു നിനക്ക് സമ്മതക്കുറവ് വെല്ലോം ഉണ്ടോ..

എനിക്കൊരു സമ്മതക്കുറവും ഇല്ലാ…. അവൻ പറഞ്ഞു.

അവൾ ഈ ബന്ധത്തിന് സമ്മതിക്കുക ഇല്ലെന്നു അവനു ഉറപ്പായിരുന്നു.

————————–

ഏട്ടാ ആ കുട്ടിക്ക് മുടി ഉണ്ടോ?ഉണ്ണിമോളും വീണയും ആണെങ്കിൽ ഇത് തന്നെ ചോദിച്ചോണ്ട് ഇരിക്കുക ആണ് അവനോട്…

മുടി ഉണ്ടോ, നിറം ഉണ്ടോ, മെലിഞ്ഞതാണോ, ഈ നാട്ടിൽ ആരുടെ എങ്കിലും ഷേപ്പ് ഉണ്ടോ…. ഇങ്ങനെ പോകുന്നു അവരുടെ ചോദ്യങ്ങൾ.

എന്നാലും അവർ ഇത്ര പെട്ടന്ന് സമ്മതിക്കുമെന്നു ഞാൻ ഓർത്തില്ല കെട്ടോ… സുമിത്ര താടിക്ക് കൈ ഊന്നി പറഞ്ഞു.

അച്ഛനെന്താ ഒന്നുo പറയാത്തത്… വീണ അച്ഛനെ സമീപിച്ചു.

ശേഖരന് ആണെങ്കിൽ ഒരു എത്തും പിടിയും കിട്ടുന്നില്ല… ആ പെൺകുട്ടിയുടെ വീട്ടുകാർ ഇങ്ങനെ ഒക്കെ വിളിച്ചു സംസാരിക്കും എന്നു അയാൾ ഓർത്തില്ല..തന്നെയുമല്ല ആദ്യത്തെ മരുമകൻ എൻജിനിയർ ആയ സ്ഥിതിക്ക് ഇത് ഒരു കാരണവശാലും അവർ ഇഷ്ടപ്പെടില്ല എന്നാണ് അയാളോട് വൈശാഖനും പറഞ്ഞിരുന്നത്…

ഗോപൻ പറഞ്ഞ സ്ഥിതിക്ക് വെറുതെ അവിടെ വരെ ഒന്നു പോയിട്ട് വരട്ടെ…. അത്രമാത്രം ഞാൻ ചിന്തിചൊള്ളൂ. ഒടുവിൽ അയാൾ മൗനം ഭഞ്ജിച്ചു..

ആഹ് ബെസ്റ്റ്… ഈ അച്ഛൻ ഇതെന്താ ഈ പറയണത്… ചിങ്ങത്തിൽ കല്യാണം നടത്തണം എന്നാണ് അവർ പറയുന്നത് എന്നു വിജിച്ചേച്ചി വിളിച്ചു പറഞ്ഞത്… വീണ എല്ലാവരെയും നോക്കി പറഞ്ഞു.

നീ എന്ത് അറിഞ്ഞിട്ടാണ് കുട്ടി.. ഒരു വിവാഹം ഒക്കെ നടത്താൻ ഉള്ള ഒരു കെൽപ്പുണ്ടോ നമ്മൾക്ക് ഇന്ന്.. തന്നെയുമല്ല ഇവന് സ്വന്തം ആയിട്ട് ഒരു ജോലി ഉണ്ടോ… അച്ഛൻ പറയുന്നതിലും കാര്യം ഉണ്ടെന്നു വൈശാഖന് മനസിലായി .

അതുകൊണ്ട് അവൻ കൂടുതൽ ഒന്നുo പറഞ്ഞില്ല..

അമ്മേടെ ഫോൺ അടിക്കുന്നു…വീണ അതു പറഞ്ഞപ്പോളേക്കും ഉണ്ണിമോൾ അതു എടുക്കാനായി അകത്തെ മുറിയിലേക്ക് പോയി.

അമ്മാവൻ വീട്ടിൽ എത്തി എന്നു പറയുവാനായി അമ്മായി വിളിച്ചതായിരുന്നു. അതും പറഞ്ഞു കൊണ്ട് ഉണ്ണിമോൾ വീണ്ടും അവരുടെ അടുത്തേക്ക് വന്നു.

സുമിത്രയുടെ ഫോൺ വീണ്ടും ശബ്ദിച്ചു, അമ്മേ ദചേച്ചിയാണ്, അവൾ ഫോൺ അമ്മക്ക് കൈമാറി…എടീ.. ഞാൻ അച്ഛന്റെ കയ്യിൽ ഫോൺ കൊടുക്കാം അതും പറഞ്ഞു കൊണ്ട് സുമിത്ര ഫോൺ ശേഖരനു കൊടുത്തു.

ആഹ്… മോളെ… അയാൾ ഫോൺ മേടിച്ചു കാതോട് ചേർത്തു.

നീ എന്തൊക്കെയാണ് ഈ പറയുന്നത്, എനിക്കാണെങ്കിൽ പ്രായമായി വരികയല്ലേ, നിനക്ക് താഴെ രണ്ടു അനിയത്തിമാരും കൂടി ഇല്ലേ, ആ കുട്ടികളെ കൂടി ആരുടെയെങ്കിലും കൈപിടിച്ചു കൊടുക്കാതെ എങ്ങനെയാണ്, ഉത്തരവാദിത്വം കൂടിയാൽ വൈശാഖിനെ കൊണ്ട് പിന്നെ ഒന്നിനും പറ്റില്ലത് വരും.. അയാൾ ഉള്ള കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ വിജിയോട് വിശദീകരിച്ചു, അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും എന്ന് അയാൾക്ക് അറിയാമായിരുന്നു.

എന്റെ അച്ഛാ, ഞാൻ പറയുന്നതെല്ലാം അച്ഛൻ കേൾക്കു… എന്നെ ഇപ്പോൾ അശോകൻ ചേട്ടൻ വിളിച്ചിരുന്നു….മൂത്തമകളുടെ വീട്ടുകാർ ഒക്കെ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചു. അവനു ജോലി ഇല്ലാത്തത് കൊണ്ട്, പക്ഷെ ഇവന്റെ വിവാഹം കഴിയണം നല്ല സമയം തെളിയാൻ എന്നാണ് ആ കണിയാൻ പറഞ്ഞത്, തന്നെയുമല്ല ഈ ദോഷം ഉള്ളതുകൊണ്ടും ജാതകം ചേർന്നത് കൊണ്ടും അവർക്കൊക്കെ സമ്മതം ആണെന്ന്. ആ കുട്ടിക്ക് ഇപ്പോൾ വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഒരുപാട് കാലതാമസം ഉണ്ടെന്നു, ബഹു ജനം പല വിധം അല്ലേ… അതുകൊണ്ട് ഇനി കൂടുതൽ ആരോടും ചിക്കി ചികഞ്ഞു പറയാൻ നിൽക്കണില്ല എന്നാണ് ആ ചേട്ടൻ പറഞ്ഞത്..അവർക്ക് നൂറു വട്ടം സമ്മതം ആണ്.. വിജി അച്ഛനോട് പറഞ്ഞു.

നീ ഇത് എന്തൊക്കെ ആണ് മോളേ പറയുന്നത്… ഇവന് ഒരു ജോലി എങ്കിലും ഉണ്ടായിരുന്നു എങ്കിൽ….ഈ വിവാഹo…. അതു നടപടി ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല… ശേഖരൻ മകളോടു പറഞ്ഞു.

തുടരും…