നിനക്കെന്നെ കുറച്ചു വർഷങ്ങളായല്ലേ അറിയൂ. നിനക്ക് അറിയാത്ത ഒരു കാര്യമുണ്ട്…

ഉമ്മാന്റെ മോൾ

Story written by Murali Ramachandran

~~~~~~~~~~~~~~~

“നീയെന്താ പെണ്ണേ ഇന്ന് വൈകിയേ..? എന്തുപറ്റി..? നിന്റെ മുഖത്ത്‌ പതിവില്ലാത്തൊരു വാട്ടമുണ്ടല്ലോ..” സുമിത്ര അതു ചോദിച്ച് എന്റെ അടുത്തേക്ക് വന്നു. തോളിൽ കൈവച്ചു കൊണ്ടു അവൾ തുടർന്നു.

“വീട്ടിൽ ഉമ്മയോട് വഴക്കിട്ടാണോ ഇറങ്ങിയേ..? കണ്ടിട്ട് അങ്ങനെ തോന്നുന്നുണ്ടല്ലോ..”

അവൾ പറഞ്ഞതും എനിക്ക് സങ്കടം സഹിക്കാൻ ആയില്ല. ഞാൻ അവൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.

“നീ എന്താ ഇങ്ങനെ കരയുന്നേ..? കാര്യം പറ, എന്താ ഉണ്ടായേ..?”

ഞാൻ ഷാൾ കൊണ്ട് കണ്ണീര് തുടച്ചെടുത്തിട്ട് പറഞ്ഞു.

“നിനക്കെന്നെ കുറച്ചു വർഷങ്ങളായല്ലേ അറിയൂ. നിനക്ക് അറിയാത്ത ഒരു കാര്യമുണ്ട്. എനിക്ക് ഒരു ഇത്ത കൂടി ഉണ്ടായിരുന്നു. ഉമ്മാക്ക് ഞങ്ങള് മൂന്ന് മക്കളാ.. ഇത്തയും, ഞാനും, റഹിമും.”

“ആണോ..?”

“ഏഴു വർഷം മുന്നേ.. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുവാ, ഇത്ത പത്തിലും.. അന്ന് റഹിമ് കൊച്ചു ക്ലാസ്സിൽ ആയിരുന്നു. ഉപ്പ മരിച്ചെപ്പിന്നെ ഉമ്മയുടെ കഷ്ടപ്പാട് കൂടുതലായി, അതു കണ്ട ഇത്ത പഠിത്തം നിർത്തി. കുടുംബത്തിന്റെ അവസ്ഥ കണ്ടു നാട്ടുകാര് ഇത്തയ്ക്ക് കയർ ഫാക്ടറിയിൽ ഒരു ജോലി ശരിപ്പെടുത്തി കൊടുത്തു. പിന്നെ, ഞങ്ങളുടെ ഏക വരുമാനം അതായിരുന്നു. ഒരുവിധം കുടുംബം മുന്നോട്ട് പോയി. അപ്പോളാ ആ ഫാക്റ്ററിയിൽ പുതുതായി ഒരു സൂപ്പർവൈസർ ജോയിൻ ചെയ്തത്.”

“എന്നിട്ടോ..?”

“അയാൾക്ക് എന്റെ ഉപ്പാന്റെ പ്രായം കാണും.. ഇത്തയെ വല്യ കാര്യമായിരുന്നു, ‘മോളെ ‘ന്നേ.. വിളിക്കാറുള്ളു. അയാളുടെ കുടുംബമൊക്കെ വടക്കെങ്ങോ ആണ്. രണ്ടു തവണ ഞങ്ങടെ വീട്ടിലേക്ക് വന്നിട്ടുണ്ട്, എന്റെ ഉമ്മാനെ കാണാൻ. ഒരിക്കല് ഇത്ത ഉമ്മയോട് പറഞ്ഞു, മൂവാറ്റുപുഴയിലെ അപ്പച്ചി മരിക്കുന്നതായി സ്വപ്നം കണ്ടൂന്നു. ഒന്നു പോയി അവരെ കണ്ടെച്ചും പിറ്റേന്നു പോരാമെന്നും പറഞ്ഞപ്പോ.. ഉമ്മ അതു സമ്മതിച്ചു. ഉപ്പ മരിച്ചപ്പോ അപ്പച്ചി ഞങ്ങളെ ഒരുപാടു സഹായിച്ചിട്ടുള്ളതാ..”

പിന്നീട് സുമിത്രയോട് ഒന്നും പറയാൻ ആവാതെ ഞാൻ ആ കസേരയിൽ ഇരുന്നു. പതിയെ വിതുമ്പി കൊണ്ട് വീണ്ടും തുടർന്നു..

“അന്ന് ഇത്ത വീട്ടീന്ന് പുറപ്പെടുമ്പോൾ നല്ല മഴയുണ്ടായിരുന്നു. ഉമ്മച്ചി ‘ഇന്ന് പോണോ..?’ ന്നു ചോദിക്കുമ്പോ.. ‘സാരമില്ല ഉമ്മ.. കുടയുണ്ടല്ലോ..’ എന്നും പറഞ്ഞു. റോഡ് വരെ ഉമ്മച്ചി ഇത്തയെ കൊണ്ടാക്കി. രാത്രീല് ഉമ്മ അപ്പച്ചിയെ വിളിച്ചു തിരക്കിയപ്പോളാ അറിയുന്നേ.. ഇത്ത അവിടേക്ക് ചെന്നിട്ടില്ലാന്ന്. പിന്നെ എന്ത് ചെയ്യണോന്നു ഒരെത്തും പിടിയും ഇല്ലാണ്ടായി. നാട്ടുകാരോട് പറഞ്ഞപ്പോൾ അവര് പോലീസിലും അറിയിച്ചു. ഒരുപാടു അന്വേഷിച്ചു, കണ്ടെത്താൻ പറ്റിട്ടില്ല. പിന്നെയാ അറിഞ്ഞത്, ആ സൂപ്പർവൈസറെയും രണ്ടു ദിവസായി കാണാനില്ലെന്നു. മൊത്തത്തിൽ അന്വേഷിച്ചു നോക്കിട്ടും രണ്ടാളെക്കുറിച്ചും ഒരു തുമ്പും കിട്ടീട്ടില്ല. ഇത്ത ജീവനോടെയുണ്ടോ, അയാളെ കെട്ടിയോ, അതോ.. അയാള് ഇത്തയെ വെല്ലോർക്കും വിറ്റോ.. ഒന്നും അറിയില്ല. അന്ന് തളർന്നു വീണതാ എന്റെ ഉമ്മ, പിന്നീട് എണീറ്റിട്ടില്ല.”

“എടി, നീ കരയാതെ.. നിന്റെ വിഷമം എനിക്കു മനസിലാവും.”

“അതല്ലടി.. ഇന്നാ, എന്റെ ഇത്ത പോയ ആ ദിവസം. ഇന്നും ഞാൻ വീട്ടിന്നു ഇറങ്ങുമ്പോ അന്നത്തെപോലെ മഴ പെയ്തു. ഉമ്മ എന്നോട് പറയുവാ.. ‘സൂക്ഷിച്ചു പോയിട്ട് വരണേ മോളെ..’ അതു കേട്ടപ്പോൾ എന്റെ ചങ്ക് തകർന്നു പോയെടി. എന്റെ ഉമ്മക്ക് ഇനി ഞാനേ ഉള്ളു.”

പൊട്ടിക്കരഞ്ഞു കൊണ്ടു സുമിത്രയെ ഞാൻ കെട്ടിപിടിച്ചു. എന്റെ സങ്കടം കണ്ണുകളിലൂടെ ഊർന്നിറങ്ങി. ഉമ്മയുടെ പ്രതീക്ഷ ഇനി എന്നിലാണ്, ഞാൻ തിരിച്ചു വരുമെന്ന്.

അപ്പോഴും പുറത്ത് ശക്തമായി ആ മഴ പെയ്യുന്നുണ്ടായിരുന്നു. അതിന്റെ തണുപ്പ് ഈ മുറികളിൽ ആകെ പടർന്നു. നീറുന്ന എന്റെ മനസിനെ തണുപ്പിക്കാൻ ഈ മഴയ്ക്ക് ആവില്ലല്ലൊ.. പക്ഷേ, ഇത്തയുടെ അവസ്ഥ എനിക്കു ഒരിക്കലും വരില്ല. ഞാൻ അതിനു ഇടം കൊടുക്കുകയും ഇല്ല.

©® ✍🏻: മുരളി. ആർ