Story written by SARAN PRAKASH
ജനലഴികൾക്കിടയിലൂടെ അപരിചിതമായ ആ കണ്ണുകളെന്നെ എത്തിനോക്കിക്കൊണ്ടേയിരുന്നു…
“ആരാ..?” ഞാൻ സംശയത്തോടെ മിഴിച്ചു…
ആ കണ്ണുകൾ പിന്തിരിഞ്ഞു ചുറ്റിലും പരതി..
”നിങ്ങളോട് തന്നെയാ ചോദിച്ചേ… ആരാന്ന്..??”
അയാൾ സ്വയം അടിമുടിയൊന്നു നോക്കി…
”എന്നെ മനസിലായില്ലേ..??”
ആ കണ്ണുകളിൽ പ്രതീക്ഷകൾ നഷ്ടപെട്ടവന്റേതുപോലെ വിഷാദം നിഴലിച്ചു…
ഞാൻ കണ്ണുകളിറുമ്മി… മനസ്സിലായില്ലെന്നോണം…!!
”ഇത് ഞാനാണ്… കാ ലൻ…!!”
ആ കണ്ണുകളിൽ ആവേശം തുളുമ്പി…
കിടന്നിടത്തുനിന്നും തലയുയർത്തി ഞാനയാളെ സസൂക്ഷ്മം നോക്കി… പിന്നെ ചിരിച്ചു…. നിലയുറപ്പിക്കാനാകാതെ ആ ചിരി എന്നെയുംകൊണ്ട് പോയികൊണ്ടേയിരുന്നു…!!
അയാളുടെ മുഖത്ത് വീണ്ടും നിസ്സംഗത നിഴലിച്ചു…
”ദേ പോത്ത് ഒക്കെയുണ്ട്…”
ഇടവഴിയോരത്തേക്ക് അയാൾ കൈചൂണ്ടിയിടത്ത്,, ഒരു പോത്തെന്നെ നോക്കി അലമുറയിട്ടു…
കഥകളിൽ പറഞ്ഞുകേട്ട കിരീടമോ കൊമ്പൻ മീശയോ കറുത്ത വേഷമോയില്ലാത്ത കാലൻ… ആരായാലുമൊന്നു സംശയിക്കില്ലേ..!!!
എന്റെ കണ്ണുകളിലുളവെടുത്ത ആ സംശയം തിരിച്ചറിഞ്ഞെന്നോണം അയാൾ മൃദുവായി പുഞ്ചിരിച്ചു..
”അത് നിങ്ങൾ മനുഷ്യർ സൗകര്യപൂർവ്വം മെനഞ്ഞെടുത്ത രൂപമല്ലേ…??”
ഞാനൊന്നും മിണ്ടിയില്ല… അല്ലേലും എന്ത് പറയാനാണ്… വൈകൃതമായ ചില മനുഷ്യരെ പോലെ, വെറുതെ തർക്കിച്ചു നിൽക്കാമെന്നല്ലാതെ….!!
അണയാത്ത ചിരിയോടെ തന്നെ ഞാനയാളെ നോക്കി…
“പോകാം…?”
അത്രനേരം പുഞ്ചിരിച്ചിരുന്ന ആ കണ്ണുകളിൽ കണ്ണിമ ചിമ്മാൻ പോലുമാകാതെ അത്ഭുതമേറിയിട്ടുണ്ട്…
നാളിതുവരെ തന്റെ കൈപ്പിടിയിൽനിന്നും ഓടിയൊളിക്കാൻ ശ്രമിച്ചവരെ അയാൾ ആ നിമിഷം ഓർത്തിരിക്കാം… മരിച്ചുവെന്നവരെ ബോധ്യപ്പെടുത്തുമ്പോൾ,,കാതടപ്പിക്കുന്ന അവരുടെ പഴികൾ ആ കാതിലിപ്പോൾ വീണ്ടും വീണ്ടും മുഴങ്ങുന്നുണ്ടാകും…!!
അയാൾ നടന്നു… പുറകെ ഞാനും…
”ദൂരമേറെയുണ്ട്..!!”
കൈപ്പിടിയിലൊതുക്കിയിരുന്ന ഒരു കുപ്പി വെള്ളമയാൾ എനിക്ക് നേരെ നീട്ടി…
ഞാനതുവാങ്ങിയില്ല….
”കാടും മലയും പുഴകളും താണ്ടണം…!!”
അയാൾ പിന്നെയും പിന്നെയും ആവർത്തിച്ചുകൊണ്ടിരുന്നു…
ഞാൻ തല തിരിച്ചു… ആവശ്യമായിരുന്നപ്പോൾ കിട്ടാതെ പോയതിനോടുള്ള അമർഷമെന്ന പോലെ…
”നടക്കാൻ ബുദ്ധിമുട്ടെങ്കിൽ പോത്തിന്റെ പുറത്തിരിക്കാം…”വീണ്ടും ആ കണ്ണുകളിൽനിന്നും കരുണ തുളുമ്പി…!!
“അപ്പൊ നിങ്ങൾ..?” സംശയത്തോടെ ഞാനയാളെ നോക്കി..
”ഞാൻ നടന്നല്ലേ പറ്റൂ… ഭൂമിയിൽ മരണമെന്നൊന്നില്ലെങ്കിൽ, ഈ ഞാനില്ലല്ലോ… അങ്ങനെ നോക്കുമ്പോൾ, നിങ്ങളെന്റെ കസ്റ്റമറാണ്… കസ്റ്റമറെ തൃപ്തിപ്പെടുത്തുകയെന്നുള്ളതല്ലേ ഒരു കച്ചവടക്കാരന്റെ വിജയം…!!!”
അയാൾ ചിരിച്ചു… വീണ്ടും വീണ്ടും മരിക്കാൻ തോന്നിപ്പിക്കുംവിധം…!!!
“ദൈവത്തിന്റെ പ്രതിരൂപങ്ങളെക്കാൾ എത്രയോ ബേധം…!!!” എന്റെ ഉള്ളം മൊഴിഞ്ഞു…
കെട്ടിവലിക്കാൻ കഴുത്തിൽ കയറില്ലാത്ത ആ പോത്തെൻറെ ഓരം ചേർന്നു..പുറത്തേറുവാൻ ക്ഷണിക്കുന്നതാകാം…!!
”പേടിക്കണ്ട… അനുസരണയുള്ളവനാ…”
അയാൾ എന്നെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു…
മുൻപേ പോയവർ ഇരുന്നിരുന്ന് പതം വന്ന ആ പോത്തിന്റെ പുറത്തൊന്ന് പതിയെ തലോടിക്കൊണ്ട് ഞാനാ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു…
ഇനിയാർക്കുമൊരു ഭാരമാകരുതെന്ന് ഉറപ്പിച്ച മനസ്സാണെന്റേത്…!!!
അകലെ വീട്ടുപടിക്കൽ കൂടിനിന്നവർക്കിടയിൽ നിന്നും മകളുടെ കരച്ചിലുയർന്നുകേട്ടു…
”അവസാന നേരത്ത് ഒരു തുള്ളി വെള്ളം നല്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ…!!!”
എനിക്ക് ചിരി വന്നു..
പലയാവർത്തി വിളിച്ചുനോക്കിയിട്ടും ആരും തിരിഞ്ഞുനോക്കാതെ, അരികിലെ മേശപ്പുറത്തുനിന്നും കയ്യെത്തിച്ചെടുക്കുന്നതിനിടയിൽ തട്ടിവീണ ഒരു കോപ്പ വെള്ളം എന്റെ കട്ടിലിനടിയിൽ നിന്നും എഴുന്നേറ്റെന്നെ നോക്കി പല്ലിളിക്കും പോലെ….
”വീൽ ചെയറിലിരുത്തി ഇന്ന് രാവിലേം കൂടി പറമ്പിലൊക്കെ നടന്നതാ ഞങ്ങൾ…!!”
മകന്റെ തൊണ്ടയിടറുന്നുണ്ട്… കൂടിനിന്നിരുന്നവർ അവനുവേണ്ടി ആശ്വാസവാക്കുകളർപ്പിക്കുന്നുണ്ട്….
പക്ഷേ,, അവരാരും കണ്ടില്ലെന്ന് തോന്നുന്നു… നാളുകളായി മുറിക്കുള്ളിൽ പൊടിപിടിച്ചിരിക്കുന്ന എന്റെ ആ വീൽ ചെയർ…
മരണമുറപ്പാക്കാനെത്തിയ ഡോക്ടർ, ഹോം നഴ്സിനോട് കാര്യങ്ങൾ തിരക്കുന്നുണ്ട്…
അവരുടെ മുഖത്തൊരു പരിഭ്രമമേറിയിട്ടുണ്ട്…
എനിക്ക് നൽകിയെന്ന് പറഞ്ഞ മരുന്നുകളുടെ കൂട്ടത്തിൽ രാത്രി എന്നെ പഴിച്ചുകൊണ്ട്, ജനലഴിയിലൂടെ പുറത്തേക്കെറിഞ്ഞവയും ഉൾപ്പെടുത്താൻ മറന്നിരുന്നില്ല അവർ…!!!
കച്ചവടത്തിൽ മാന്യത പുലർത്താത്ത ദൈവത്തിന്റെ പ്രതിരൂപങ്ങൾ…!!!
”തിരിച്ചു പോകാൻ തോന്നുന്നുണ്ടാകുമല്ലേ…??”
അരികിൽ എന്റെ തോളിലായ് അയാളുടെ ആ നേർത്ത കൈകളമർന്നു…സ്നേഹത്തോടെ… കരുണയോടെ… സഹതാപത്തോടെ…!!
ഞാനൊന്നു പുഞ്ചിരിച്ചു…
ആ കണ്ണുകളെന്നെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു…
മുൻപുവന്നവരെല്ലാം ഒരു തിരിച്ചുപോക്കിനായ് കൊതിച്ചിരുന്നെന്ന്…
“ഭാഗ്യം ചെയ്തവർ…!!!” അകലങ്ങളിലേക്ക് നോക്കി ഞാൻ നെടുവീർപ്പിട്ടു..
“പക്ഷേ കഴിയില്ല…!!”
സരസ്സമായി ഓർമ്മിപ്പിച്ചുകൊണ്ട് അയാൾ വീണ്ടും മുന്നോട്ടാഞ്ഞു… യാന്ത്രികമായി കൂടെ ഞാനും…
അയാളുടെ ഓരം ചേർന്ന് നടന്നിരുന്ന ആ പോത്ത് എന്തോ തിരിച്ചറിഞ്ഞെന്നപോലെ ഒരു നിമിഷം തല തിരിച്ചെന്നെ നോക്കി…
”വിളിച്ചു വരുത്തിയതാണല്ലേ ഞങ്ങളെ…!!”
മറുപടിയെന്നോണം ഞാനവന്റെ തഴമ്പേറിയ പുറത്തൊന്ന് പതിയെ തഴുകി..
“പറഞ്ഞില്ലേ… ആർക്കുമൊരു ഭാരമാകരുതെന്നുറപ്പിച്ച മനസ്സാണെന്റേതെന്ന് …!!!”
വീട്ടുപടിക്കലിൽ അവർ മൂവരും ചേർന്നുനിന്നു… മേശപ്പുറത്തെ മരുന്നുപെട്ടിയിൽനിന്നും കാണാതായ ഉറക്ക ഗുളികകളുടെ ഒഴിഞ്ഞ കവറുകൾ ഡോക്ടർ കൈവെള്ളയിൽ ഒളിപ്പിച്ചിരുന്നു… എന്റെ കട്ടിലിനടിയിൽ നിന്നും കണ്ടെടുത്തതാകാം…!!!
മകനും മകളും കാര്യമായെന്തോ സംസാരിക്കുന്നുണ്ട്…!!! നിശബ്ദമായ പൊട്ടിത്തെറികൾ അവരുടെ മുഖത്ത് നിഴലിച്ചിരുന്നു… ഡോക്ടർ ഇടയ്ക്കുകയറി അവരെ അനുനയിപ്പിക്കുന്നുണ്ട്…
തർക്കങ്ങൾക്കും, പേശലുകൾക്കുമൊടുവിൽ എനിക്കൊരു വിലയിട്ടുകൊണ്ടവർ പരസ്പരം കൈകോർത്ത് പുഞ്ചിരിച്ചു… കൂടി നിൽക്കുന്നവർ കാണാത്ത വിധം,, കണ്ണുകൾകൊണ്ട്….!!!
എല്ലാത്തിനുമൊടുവിൽ, തന്റെ കയ്യിലെടുത്ത വെള്ളക്കടലാസിൽ ഡോക്ടർ എന്റെ ആത്മഹത്യയെ ഇപ്രകാരമെഴുതി…
”ഹൃദയസ്തംഭനം…!!!”