മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
പിറ്റേന്ന് പ്രഭാതത്തിൽ തന്നെ പോകാൻ തയ്യാറായി ഐഷുവും ആവണിയും സഞ്ജുവും ദീപുവും ഇറങ്ങി.എല്ലാവരുടെയും ചുമലിൽ ബാഗുകൾ ഉണ്ടായിരുന്നു.കുട്ടികളും മല്ലിയമ്മയും വേലുവും മുത്തുവുമെല്ലാം ദുഃഖം നിറഞ്ഞ മുഖത്തോടെ നിലകൊണ്ടു.ആ ദുഃഖത്തിൽ പങ്കുചേരാനെന്നവണ്ണം കാടും നിശബ്ദമായിരുന്നു.
അകത്തുനിന്നും വിഹാനും ശ്രാവണിയും സീതയും ചിന്നപ്പയും ഇറങ്ങി വന്നു.വിഹാൻ സഞ്ജുവിനടുത്തേക്ക് നിന്നു.അവിടെയുള്ളവരെല്ലാം ശ്രാവണിയുടെ ചുറ്റും കൂടി.എല്ലാവരുടെയും നിറഞ്ഞ കണ്ണുകൾ അവൾ അവർക്ക് എത്രത്തോളം പ്രിയപ്പെട്ടവളാണെന്ന് വിളിച്ചോതുന്നുണ്ടായിരുന്നു.
അതേ മാനസ്സികാവസ്ഥയിലായിരുന്നു ശ്രാവണിയും.ആരുമല്ലാത്തവളായിരുന്നിട്ടും അകറ്റി നിർത്താതെ ചേർത്തു പിടിച്ചവരാണവർ.സ്നേഹം കൊണ്ടവളെ വീർപ്പുമുട്ടിച്ചവർ.ഒരുപക്ഷേ വിഹാന്റെ വന്നില്ലായിരുന്നുവെങ്കിൽ ഇന്നും താൻ അവരുടെ മൊഴിയായി ഇവിടെ കഴിഞ്ഞേനെ. എന്നിരുന്നാലും ഇപ്പോൾ ഓർമ്മയിൽ ഇവർ മാത്രമേയുള്ളൂ അതിനാൽ തന്നെ അവർക്കിടയിൽ നിന്നും പോകാൻ അവൾക്ക് സങ്കടം തോന്നി.അവളുടെ നിസ്സഹായമായ നോട്ടം വിഹാനിൽ പതിഞ്ഞു.അതിനർത്ഥം മനസ്സിലായിട്ടും അവനത് കണ്ടില്ലെന്ന് നടിച്ചതേയുള്ളൂ.
ചിന്നപ്പയുടെയും സീതയുടെയും അവസ്ഥ ദയനീയമായിരുന്നു.കൊണ്ടുപോകുന്നത് അവളുടെ യഥാർത്ഥ അവകാശികളാണ്. കൊണ്ടുപോകരുതെന്ന് പറയാൻ യാതൊരു അവകാശവും തങ്ങൾക്കില്ല.ജന്മം നൽകിയ മകളുടെ വേർപാടിന്റെ വേദന അൽപ്പമെങ്കിലും കുറഞ്ഞത് അവൾ വന്നതിന് ശേഷമാണ്.സ്വന്തമായിട്ടേ കണ്ടിട്ടുള്ളൂ.രണ്ടരവർഷത്തെ ജീവിതത്തിന് അർത്ഥവും വ്യാപ്തിയും പകർന്നത് അവളായിരുന്നു.അവൾ പോകുന്നത് അവളുടെ സ്വന്തബന്ധങ്ങൾക്കിടയിലേക്കാണ്.തങ്ങളിനി അവൾക്ക് അന്യരാണ് എന്ന ചിന്ത അവരെ കുത്തി നോവിച്ചു കൊണ്ടിരുന്നു.
വിഹാൻ അവർക്കരികിലേക്ക് നടന്നു.ശ്രാവണി കുട്ടികൾക്കൊപ്പം വിതുമ്പുകയാണ്.അവൻ ചിന്നപ്പയുടെ കൈകൾ പിടിച്ചു.അലിവോടെ അവൻ ആ മനുഷ്യനെ നോക്കി.വേർപാടിന്റെ വേദന അവന് മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല.
എനിക്ക് മനസ്സിലാക്കുവാൻ കഴിയും നിങ്ങളെ.മകളാകാൻ ജന്മം നല്കണമെന്നില്ല.അവർ നിങ്ങളുടെ മകൾ തന്നെയാണ്.അവൾക്ക് നിങ്ങൾ നൽകിയ സ്നേഹവാത്സല്യങ്ങൾ അതിന് പകരം വയ്ക്കാൻ ഒന്നിനുമാകില്ല.അവളെന്നും നിങ്ങളുടെ മൊഴി തന്നെയായിരിക്കും.കുട്ടിക്കാലം മുതൽക്കേ ഒരച്ഛന്റെയും അമ്മയുടേയുടെയും സ്നേഹവാത്സല്യങ്ങൾ ലഭിക്കാതെ വളർന്നവളാണവൾ.അതുകൊണ്ടുതന്നെ നിങ്ങളുടെ സ്നേഹം മായ്ച്ചു കളയാൻ ആർക്കുമാകില്ല.എനിക്ക് മനസ്സിലാക്കുവാൻ കഴിയും.അവൾക്ക് ഓർമ്മകൾ തിരികെ കിട്ടുവാൻ ആഗ്രഹിക്കുമ്പോഴും ആ ഓർമ്മകളിൽ നിങ്ങളുണ്ടാകുമോ എന്ന ഭയവും നിങ്ങൾക്കുണ്ടെന്ന്.
ചിന്നപ്പ അതിശയത്തോടെ അവനെ നോക്കി. അതിന് മറുപടിയായി അവനൊന്ന് ചിരിച്ചു.
ഞങ്ങൾ വരും അവളുടെ ഈ അപ്പയെയും അമ്മയെയും കാണാനും നിങ്ങളുടെ കൂടെ നിൽക്കുവാനും.അവളുടെ ഓർമ്മകൾ തിരികെ കിട്ടിയാലുടനെത്തും ഞങ്ങൾ. കഴിഞ്ഞ രണ്ടര വർഷമായി നീറി കഴിയുന്ന ചിലരുണ്ട് .ഇവളുടെ വേർപാട് തീർത്ത വേദന ഉള്ളിലൊതുക്കി കഴിയുന്നവർ. ഈ അമ്മന്റെ അനുഗ്രഹം ഞങ്ങളുടെ കൂടെയുണ്ടായാൽ മതി.കൊണ്ടുപോയ്ക്കോട്ടെ ഞാനവളെ..അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
എനിക്കറിയാം അമ്മയുടെ വിഷമം.അവൾ അവളെ തിരിച്ചറിയട്ടെ അമ്മേ. എനിക്കുറപ്പുണ്ട് ഈ അമ്മയെയും അപ്പയെയും കാടിനേയും ഒന്നും മറക്കാൻ അവൾക്കാകില്ല. അവൾ ഒരമ്മയുടെയും അപ്പയുടെയും സ്നേഹം അനുഭവിച്ചത് നിങ്ങളിൽ നിന്നാണ്. അതുപോലെ അവളുടെ ഓർമ്മകളുടെ മടിത്തട്ടിൽ മയങ്ങിക്കിടക്കുന്ന ചിലരുണ്ട്. അവൾക്ക് ജന്മം നൽകിയവർ. ജന്മം നൽകാതെ മകളായി ചേർത്തുപിടിച്ചവരൊക്കെ. എല്ലാവരെയും അവൾ തിരിച്ചറിയണം. സ്നേഹിക്കാൻ മാത്രമറിയാവുന്ന പെണ്ണാ അവൾ.എല്ലാം തിരിച്ചറിയുന്ന നാൾ ഈ അപ്പയെയും അമ്മയെയും കാണാൻ അവളും ഞാനും എത്തും. ഒരമ്മയ്ക്ക് മകൻ നൽകിയ വാക്കായിരുന്നു അത്.അതുമാത്രം മതിയായിരുന്നു സീതയ്ക്ക്.
കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുവാൻ അല്പം പ്രയാസപ്പെടേണ്ടി വന്നു. തേങ്ങലോടെ മൊഴി എല്ലാവരെയും പുണർന്നു. നിറകണ്ണുകളോടെ നിറഞ്ഞ മനസ്സോടെ അവർ അവരെ യാത്രയാക്കി.മുരുകണ്ണൻ അവർക്കൊപ്പമുണ്ടായിരുന്നു.
ചിന്നപ്പ വിഹാന്റെ കൈകൾ നെഞ്ചോട് ചേർത്തു.ഒരച്ഛന്റെ നിർവൃതിയോടെ അവനെ ചേർത്തു പിടിച്ചു.അവനും ആ വാത്സല്യച്ചൂടിൽ ഒതുങ്ങി നിന്നു.ശ്രാവണിയുടെ കൈകൾ അവന്റെ കൈകളിലേക്ക് ചേർത്ത് വയ്ക്കുമ്പോൾ തന്റെ മകളെ അനുയോജ്യമായ ഒരാളുടെ കൂടെ പറഞ്ഞയക്കുന്നതിന്റെ ഒരച്ഛന്റെ നിർവൃതി ചിന്നപ്പയിലുണ്ടായിരുന്നു.മനസ്സ് നിറഞ്ഞുതന്നെ ആ കാടും ആളുകളും അവരെ അനുഗ്രഹിച്ചു.
കാടിറങ്ങുമ്പോൾ ശ്രീക്കുട്ടിയുടെ കൈകളിൽ വിഹാന്റെ കൈ അമർന്നു. അവൾ കൈ വലിക്കാൻ ശ്രമിച്ചെങ്കിലും അവൻ കുസൃതിച്ചിരിയോടെ അവളെ നോക്കി.
അന്നവർ സഞ്ജുവിന്റെ ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്. പിറ്റേന്ന് നാട്ടിലേക്ക് തിരിക്കാമെന്ന് തീരുമാനിച്ചു.
യാത്ര പറഞ്ഞിറങ്ങുമ്പോൾ മുരുകൻ ശ്രാവണിയുടെയും വിഹാന്റെയും മുൻപിൽ നിന്നു.
സ്നേഹിക്കുന്ന പെണ്ണിനെ എന്ത് വന്നാലും ദേ ഇങ്ങനെ വിട്ടുകളയാതെ ചേർത്തു പിടിക്കുവാനും അവളുടെ കൂടെ നിൽക്കുവാനും കഴിയുക എന്നത് ചെറിയ കാര്യമല്ല.പരസ്പരം താങ്ങും തണലുമായി ഏഴ് ജന്മങ്ങളിലും ഒന്നിച്ചു ജീവിക്കാൻ സാധിക്കട്ടെ. അവരുടെ നെറുകയിൽ കൈ വച്ചയാൾ ആത്മാർത്ഥമായി അനുഗ്രഹിച്ചു.മോളുടെ ഓർമകളെല്ലാം തിരികെ കിട്ടും. അപ്പോൾ വരണം ഇവിടേക്ക്.
വിഹാനും ശ്രാവണിയും അയാളുടെ പാദത്തിൽ തൊട്ട് അനുഗ്രഹം നേടി.
ഇവളിപ്പോൾ എന്നോടൊപ്പം നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം മുരുകണ്ണനാണ്. അണ്ണാനില്ലായിരുന്നുവെങ്കിൽ എനിക്കെന്റെ പെണ്ണിനെ കിട്ടില്ലായിരുന്നു.ഒരുപാട് നന്ദിയുണ്ട്.. വിഹാന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.അയാളവനെ ചേർത്ത് പിടിച്ചു.
വൈകുന്നേരത്തെ ഭക്ഷണം ഉണ്ടാക്കിയത് പെണ്ണുങ്ങൾ മൂവരും ചേർന്നായിരുന്നു. അധികമൊന്നും സംസാരിച്ചില്ലെങ്കിലും ശ്രാവണിയും അവരോടൊപ്പം ചേർന്നു. കോളേജ് നാളിലെ തമാശകൾ പറഞ്ഞുകൊണ്ട് ശ്രാവണിയെ ഉൾപ്പെടുത്താൻ അവർ ശ്രമിച്ചപ്പോഴെല്ലാം ഓർമ്മയുടെ ലാഞ്ചന പോലും തന്നിലില്ലല്ലോ എന്നോർത്തവൾ വ്യാകുലപ്പെട്ടു.
രാത്രി ഭക്ഷണം കഴിഞ്ഞ് സഞ്ജുവിനെ ദീപുവും വിഹാനും ചേർന്ന് റൂമിലേക്ക് കൊണ്ടുപോയി.
ഇന്നലെ മുടങ്ങിപ്പോയ ആദ്യരാത്രി ഇന്ന് കളർ ആക്കിയേക്കെടാ.. ദീപു ചിരിയോടെ പറഞ്ഞു.
അപ്പോഴേക്കും ആവണി ഐഷുവിനെയും കൊണ്ട് അങ്ങോട്ടേക്ക് വന്നു. പിന്നാലെ ശ്രാവണിയും.
എന്നാൽ ശരി നിങ്ങൾ ഫസ്റ്റ് നൈറ്റ് ആഘോഷിച്ചോളൂ.. വിഹാൻ കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി.
ഐഷുവിന്റെ മുഖം അരുണാഭമാകുന്നത് തെല്ലൊരു കൗതുകത്തോടെയാണ് ശ്രാവണി നോക്കിയത്.
സഞ്ജുവിനെയും ഐഷുവിനെയും അവരുടേതായ ലോകത്ത് വിഹരിക്കുവാൻ അനുവദിച്ചുകൊണ്ട് എല്ലാവരും പുറത്തേക്കിറങ്ങി. ഹാളിൽ വന്നപ്പോഴേക്കും ദീപു സോഫയിൽ കിടന്നു കഴിഞ്ഞിരുന്നു.
ആവണി ദിവാനിലേക്കും പോയി കിടന്നു.
ഇതെന്താ നിങ്ങൾക്കുറക്കമൊന്നുമില്ലേ.. പോകാതെ അവിടെത്തന്നെ നിൽക്കുന്ന ശ്രാവണിയെയും വിഹാനെയും നോക്കിക്കൊണ്ട് ആവണി ചോദിച്ചു.
ശ്രാവണിയുടെ മുഖം വിവർണ്ണമായി. തലേന്ന് രാത്രി അപ്പയുടെയും അമ്മയുടെയും കൂടെയാണ് കിടന്നത്.അവൾ പകപ്പോടെ വിഹാനെ നോക്കി.
വാ… അവനവളുടെ കൈപിടിച്ച് റൂമിലേക്ക് കയറി.തിരിഞ്ഞ് വാതിലിന്റെ ബോൾട്ടിട്ടു.
അവളുടെ വിറയലും പരിഭ്രമവും നോക്കിക്കാണുകയായിരുന്നു വിഹാൻ. അവനവളോട് വല്ലാത്ത അലിവ് തോന്നി.തങ്ങൾ ഇരുവരും ഒരുപാടാഗ്രഹിച്ച നിമിഷങ്ങളായിരുന്നു ഇതെന്ന് അവനോർത്തു.ഒരുപക്ഷേ ഓർമ്മകൾ വില്ലനായി വന്നില്ലായിരുന്നുവെങ്കിൽ തന്റെ മാറോട് ചേർന്നവൾ നിന്നേനെ.ഭയത്തിന് പകരം നാണവും സന്തോഷവും അവളുടെ മുഖത്ത് സ്ഥാനം പിടിച്ചിരുന്നേനെ .അവന്റെ കണ്ണുകൾ നനഞ്ഞു.
പേടിക്കേണ്ട.. വിഹാൻ പറഞ്ഞ വാക്ക് തെറ്റിക്കില്ല.ഓർമ്മകൾ തിരികെ ലഭിച്ച് എന്ന് നീയെന്ന് എന്റെ ശ്രീക്കുട്ടിയാകുന്നോ അന്നേ നമ്മളൊരുമിച്ച് ജീവിതം തുടങ്ങുകയുള്ളൂ .എങ്കിലേ അതിനൊരു അർത്ഥം കാണൂ.എനിക്ക് വേണ്ടത് എന്റെ ശ്രീക്കുട്ടിയെയാണ്.. അവന്റെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു.നാളെ രാവിലെ പോകേണ്ടതല്ലേ നാട്ടിലേക്ക്. അവിടെ നിന്നെ സ്നേഹിക്കുന്ന കുറച്ചുപേരുണ്ട്.നീ നഷ്ടമായെന്ന വേദനയിൽ ഇന്നും നീറി ജീവിക്കുന്നവർ.പറഞ്ഞിട്ടില്ല നീ ജീവനോടെയുണ്ടെന്ന്.നിന്നെ മുന്നിൽ കൊണ്ടുപോയി നിർത്തുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം അതാണ് ഇക്കഴിഞ്ഞ രണ്ടരവർഷത്തെ വേദനയ്ക്ക് പുരട്ടാവുന്ന മരുന്ന്.
അവൾ അവന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി.അതിന്റെ അർത്ഥം മനസ്സിലായെന്നവണ്ണം അവൻ അവളെ നോക്കി.
തനിക്ക് കഴിഞ്ഞതൊന്നും ഓർമ്മയില്ല എന്നത് അവർക്കൊരു ആഘാതമായിരിക്കും പക്ഷേ താൻ ജീവനോടെയുണ്ട് എന്നതിനേക്കാൾ വലുതല്ല മറ്റൊന്നും.കിടന്നോളൂ. നാളെ കാണാം നീ ഒരിക്കൽ ഒരുപാട് സ്നേഹിച്ചിരുന്ന നിന്റെ പ്രിയപ്പെട്ടവരെ..അവൻ പുഞ്ചിരിയോടെ കട്ടിലിൽ കിടന്നു.അവൾ അപ്പോഴും പരുങ്ങി നിന്നതേയുള്ളൂ.
ഒരു കട്ടിലിൽ കിടന്നെന്ന് കരുതി പേടിക്കണ്ട കേട്ടോ.എനിക്ക് നല്ല കൺട്രോൾ ആണ്.
അവളവനെ തുറിച്ചു നോക്കിക്കൊണ്ട് കട്ടിലിന്റെ മറുവശത്തായി കിടന്നു.
നാളെ കാണാൻ പോകുന്നവർ എങ്ങനെയാണെന്ന് അവൾ വെറുതെ സങ്കല്പിച്ചുനോക്കി.
തന്നെ കാണുമ്പോഴുണ്ടാകുന്ന അവരുടെ ഭാവമെന്താകും.പലപ്പോഴും തനിക്ക് കൂടുതലെങ്കിലും ഓർമ്മിക്കുവാൻ കഴിയുന്നോ എന്നവൾ കിണഞ്ഞു പരിശ്രമിച്ചു.ആകെ തെളിയുന്ന കാടാണ്.. അവിടെയുള്ളവരും.പിന്നെല്ലാം ഇരുട്ട് മാത്രമാണ്. എത്രത്തോളം ഇറങ്ങി ചെല്ലുവാൻ ശ്രമിച്ചാലും കഴിയാത്ത അന്ധകാരം മാത്രം.
പിറ്റേന്ന് ആദ്യമുണർന്നത് ശ്രാവണിയായിരുന്നു.തനിക്ക് അഭിമുഖമായി ചരിഞ്ഞു കിടക്കുന്ന വിഹാനിലാണ് അവളുടെ മിഴികൾ ആദ്യം പതിഞ്ഞത്.നെറ്റിയിൽ വീണുകിടക്കുന്ന അലസമായ ബ്രൗൺ കലർന്ന മുടിയിലും വെട്ടിയൊതുക്കി ഭംഗിയാക്കിയ മീശയിലും അതിന് താഴെ കാണുന്ന നിറമാർന്ന അധരങ്ങളിലും നോട്ടം തട്ടിത്തടഞ്ഞു.ആ അധരങ്ങൾ പലതവണ അധരങ്ങളുമായി ഇണചേർന്നിട്ടുണ്ടെന്ന അന്നത്തെ ആവണിയുടെ വാക്കുകൾ അവളിൽ തെളിഞ്ഞുവന്നു. എന്തിനെന്നറിയാതെ ആ ഓർമ്മയിൽ അവളുടെ മുഖം ചുവന്നുപോയി. വല്ലാത്തൊരു അടുപ്പം അവനോട് തോന്നുന്നുണ്ടെന്ന് അവൾക്ക് തോന്നി.വിഹാനും അവളെ നോക്കി കിടക്കുകയായിരുന്നു.എപ്പോഴോ പരസ്പരം മിഴികൾ കോർത്തപ്പോൾ അത് പിൻവലിക്കാനാകാതെ ഇരുവരും കിടന്നു.പെട്ടെന്ന് അബദ്ധം പറ്റിയതുപോലെ ചാടിയെഴുന്നേറ്റ് അവൾ വാഷ്റൂമിലേക്കോടി.വിഹാൻ ചിരിയോടെ കണ്ണുകളടച്ചു.
ഇതേസമയം സഞ്ജുവിന്റെ കരവലയത്തിനുള്ളിലായിരുന്നു ഐഷു.അവന്റെ ന ഗ്നമായ നെഞ്ചിലെ ഇളംചൂട് അവളുടെ ന ഗ്നമേനിയിൽ പകർന്നുകൊണ്ടേയിരുന്നു.മിഴികൾ കോർത്തപ്പോൾ ഐഷു നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു.
ഇനിയും നാണമാണോ പെണ്ണേ.. അവൻ കുസൃതിയോടെ ചോദിച്ചു.ചുവന്നുപോയ അവളുടെ മുഖത്ത് പ്രണയാർദ്രമായി അധരം അർപ്പിച്ചു.പടർന്നുകിടന്ന സിന്ദൂരവും അഴിഞ്ഞുലഞ്ഞ മുടിയും അവന് ആവേശം കൂട്ടിയതേയുള്ളൂ.അത് മനസ്സിലായെന്നപോലെ അവൾ അവനിലേക്ക് അഭയം തേടി.
എത്താറായി കേട്ടോ..കാറിന്റെ വിൻഡോയിലൂടെപുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു ശ്രാവണി.ദീപു പറയുന്നത് കേട്ടവൾ ആശങ്കയോടെ ഐഷുവിനെ നോക്കി.അത് മനസ്സിലായെന്നവണ്ണം ആശ്വസിപ്പിക്കാനെന്നപോലെ അവളുടെ കൈകൾ ശ്രാവണിയുടെ കൈയിലമർന്നു.
ഗേറ്റിനരികിൽ എത്തിയപ്പോൾ സഞ്ജു ഇറങ്ങി ഗേറ്റ് തുറന്നു.ഗേറ്റിന് പുറത്തായി ശ്രാവണവിഹാർ എന്ന ബോർഡ് കണ്ടവൾ വിഹാനെ നോക്കി.
ഇരുവശത്തും പൂച്ചട്ടികൾ നിറഞ്ഞ ചെത്തിയും മന്ദാരവും ചെമ്പരത്തികളും നിൽക്കുന്ന വീട്.
ബാക്കിയുള്ളവർ ഇറങ്ങിയപ്പോഴും ശ്രാവണി അതിനകത്ത് ഇരുന്നതേയുള്ളൂ.അവൾക്ക് വല്ലാത്ത സങ്കോചം തോന്നി.വീടിന് മുൻപിൽ സൈക്കിൾ ചവിട്ടി കൊണ്ടിരുന്ന ഇഷാൻ വിഹാനടുത്തേക്ക് പാഞ്ഞെത്തി.വിഹാൻ അവനെ എടുത്തുയർത്തുന്നതും കവിളിൽ ചുംബിക്കുന്നതും അവൾ നോക്കിയിരുന്നു .
അച്ഛമ്മേ.. കൊച്ചച്ചൻ വന്നൂ..അവനകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
അകത്തുനിന്നും വിഹാന്റെ അമ്മയും അച്ഛനും നിഹാറും പിറകെ നവനീതയും ഇറങ്ങി വന്നു.
വിഹാന്റെ മുഖത്തിലെ തെളിച്ചം ഒറ്റനിമിഷം കൊണ്ട് അവരുടെ മുഖത്തേക്കും പകർന്നു.രണ്ടരവർഷമായി നഷ്ടമായെന്ന് കരുതിയ പുഞ്ചിരിയാണ് മകനിൽ തെളിഞ്ഞു കാണുന്നത്.ആ അമ്മയുടെ മനസ്സ് നിറഞ്ഞു. അവരവനെ ചേർത്തു പിടിച്ചു.
ഞാൻ നിങ്ങൾക്കൊക്കെ ഒരു സമ്മാനവുമായാണ് വന്നിരിക്കുന്നത്.ഒരിക്കൽ നഷ്ടപ്പെട്ട് പോയെന്ന് കരുതിയത്.അമ്മയുടെ മോന്റെ സന്തോഷവും ജീവിതവുമെല്ലാംഅതാണ്. വിഹാൻ പറഞ്ഞതുകേട്ട് മനസ്സിലാകാത്തതുപോലെ അവർ പരസ്പരം നോക്കി.
വിഹാൻ ഇഷാനെ താഴെയിറക്കി.
കാറിനടുത്തേക്ക് ചെന്ന് ഡോർ തുറന്നു.അവന്റെ കൈപിടിച്ച് ആ മുറ്റത്തേക്കിറങ്ങിയ പെൺകുട്ടിയിൽ അവരുടെ നോട്ടം പതിഞ്ഞു.എല്ലാവരുടെയും കണ്ണുകളിൽ അവിശ്വാസം നിറഞ്ഞു.നിറഞ്ഞ കണ്ണുകളുമായി ആദ്യം പാഞ്ഞെത്തിയത് ആ അമ്മയായിരുന്നു.
എന്റെ മോളേ..തന്റെ ചുറ്റും നിറകണ്ണുകളോടെ സന്തോഷത്തോടെ ചുറ്റും കൂടിയവരെ അവൾ നോക്കിക്കാണുകയായിരുന്നു.അവൾക്ക് പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല.പക്ഷേ അവരെല്ലാം തന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്ന് മാത്രം അവൾക്ക് മനസ്സിലായി. പരിഭവവും സങ്കടവും പങ്കുവയ്ക്കുമ്പോൾ അവൾ അപരിചമായ സ്ഥലത്തെത്തിയ പ്രതീതിയിൽ നിലകൊണ്ടു.
ഒരിക്കൽ ഈ വീട്ടിൽ തുമ്പിയെപ്പോലെ പറന്നുനടന്നവളാണ്.ഇവരുടെയെല്ലാം കൂടെ സന്തോഷത്തിൽ വായാടിയായി നടന്നവൾ. അവൾ ഒരു അപരിതയെപ്പോലെ നിൽക്കുന്നത് കണ്ട് വിഹാന് വേദന തോന്നി.
മുഖത്തൊരു സന്തോഷവുമില്ലാതെ പകപ്പോടെ നിൽക്കുന്ന അവളെ അവർ പരിഭവം പറയുന്നതിനിടെ അപ്പോഴാണ് ശ്രദ്ധിച്ചത്.
എന്താ മോളേ.. എന്ത് പറ്റി.? അച്ഛൻ ആകുലതയോടെ ചോദിച്ചു.
അതിനുമവൾ മറുപടി പറഞ്ഞില്ല . എല്ലാവരുടെയും നോട്ടം വിഹാനിൽ തറഞ്ഞു.
അവൾക്ക് ആരെയും അറിയില്ലമ്മേ.അവൾക്ക് കഴിഞ്ഞതൊന്നും ഓർമ്മയില്ല.അവളാരാണെന്നോ നമ്മളൊക്കെ ആരാണെന്നോ അവൾക്കറിയില്ല.ശ്രാവണി എന്നാണ് അവളുടെ പേരെന്നോ ഈ വിഹാന്റെ ജീവശ്വാസം പോലും അവളായിരുന്നെന്നോ പോലും അവൾക്കറിയില്ല..കണ്ണുനീരോടെ വിഹാൻ ശബ്ദിച്ചു.
തുടരും….