മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
പിന്നെയെല്ലാം പെട്ടെന്നായിരുന്നു ഐഷുവും വിഹാനും ദീപുവും ആവണിയും ഒട്ടും വൈകാതെ തന്നെ വയനാട്ടിലേക്ക് തിരിച്ചു.
യാത്രയുടെ ദൈർഘ്യമൊന്നും അവരെ ബാധിച്ചതേയില്ല. കാരണം ശ്രാവു അവർക്കത്രമേൽ പ്രിയപ്പെട്ടവളായിരുന്നു. ദീപുവാണ് ഡ്രൈവ് ചെയ്തത്.
സിറ്റിയിലെ ട്രാഫിക്കിനെയും തിരക്കിനെയും പിന്തള്ളി വണ്ടി ഓടിക്കൊണ്ടിരുന്നു.
തണൽ മാത്രം നിറഞ്ഞുനിൽക്കുന്ന പച്ചപ്പിലേക്കവർ പറിച്ചു നട്ടു.
രണ്ടര വർഷങ്ങൾക്കിപ്പുറം വിഹാന്റെ മുഖം ഇത്രമേൽ തെളിഞ്ഞു കാണുന്നത് ആദ്യമായാണെന്ന് ഐഷു ഓർത്തു.കാരണം അവരുടെ വിഹാൻ ദുഃഖത്താൽ ആവരണം ചെയ്യപ്പെട്ടവനല്ലായിരുന്നു.കുസൃതിയും തിളക്കവും നിറഞ്ഞു നിന്നിരുന്ന മിഴികൾ വിഷാദം നിറഞ്ഞു കാണപ്പെട്ടുവെങ്കിൽ അതിനൊരൊറ്റ കാരണമേയുണ്ടായിരുന്നുള്ളൂ..ശ്രാവണി എന്ന ശ്രാവു..വിഹാന്റെ ശ്രീക്കുട്ടി..അവന്റെ നെഞ്ചിൽ അവൻ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന അവന്റെ പെണ്ണ്.ശരിക്കും അവരുടെ പ്രണയം കാണുമ്പോൾ അസൂയ തോന്നിയിട്ടുണ്ട്.എന്നാൽ എല്ലാം അവസാനിക്കാൻ നിമിഷങ്ങളെ മാത്രമേ വേണ്ടി വന്നുള്ളൂ.പിന്നെയവന്റെ ലോകം ” ശ്രാവണവിഹാറിൽ ” ആയിരുന്നു.ആ ചുവരുകൾക്കുള്ളിൽ അവൾ മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത്.
അത്രമേൽ ഗാഢമായി..അത്രമേൽ നിസ്വാർത്ഥമായി..അവനവളെ പ്രണയിച്ചിരുന്നു.അവളെപ്പറ്റിയുള്ള ഓർമ്മകളിലാണവൻ ജീവിച്ചിരുന്നത്.
“ദേ വിഹാൻ വേണ്ടാട്ടോ.. നിന്റെ കുറുമ്പിത്തിരി കൂടുന്നുണ്ട്. കോളേജ് ആണ് ആരെങ്കിലും കണ്ടുകൊണ്ട് വന്നാൽ മാനം പോകും.. “
പ്രണയം ജ്വലിച്ചു നിൽക്കുന്ന മിഴികളും കുറുമ്പ് നിറഞ്ഞ മുഖവുമായി തന്റെ പെണ്ണ് കൊഞ്ചുന്നു.അവളുടെ വാക്കുകളെ അതേ കുസൃതിയോടെ നേരിട്ടുകൊണ്ടവൻ അവളിലേക്ക് അടുത്തു കൊണ്ടിരുന്നു. ഒടുവിൽ അവന്റെ കരവലയത്തിനുള്ളിൽ അവനോടൊട്ടിയവൾ നിന്നു.
“ദേ പെണ്ണേ വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം. വോളിബോളിൽ നമ്മുടെ ടീം വിജയിച്ചാൽ നീ എനിക്ക് തരാമെന്ന് പറഞ്ഞിരുന്നതാ.. “
അവളുടെ നാണത്താൽ ചുവന്ന മൂക്കിൻത്തുമ്പിലവൻ ചൂണ്ടുവിരലാൽ തട്ടി.
അവളുടെ മൂക്കുത്തിയിൽ അധരമടുപ്പിച്ചതും അവൾ മിഴികൾ കൂമ്പിയടച്ചു.
“വിഹാൻ ടാ സ്ഥലമെത്തി..”
ആവണിയുടെ ശബ്ദമാണവനെ ഓർമ്മകളിൽ നിന്നുണർത്തിയത്. അവളുടെ കൂടെയുള്ള ഓരോ നിമിഷവും അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. ഓർക്കുന്തോറും ആ ഓർമ്മകളുടെ മാധുര്യം കൂടുന്നതേയുള്ളൂ.
അപ്പോഴേക്കും വണ്ടിയുടെ ശബ്ദം കേട്ട് സഞ്ജുവും പുറത്തേക്ക് വന്നിരുന്നു.
കാറ്റുപോലെ വിഹാൻ സഞ്ജുവിനരികിലെത്തി.
ടാ.. എവിടെയാടാ എന്റെ ശ്രീക്കുട്ടി. നീ അവളെവിടെയാണെന്ന് കണ്ടെത്തിയോ… ആകാംഷയ്ക്കുമപ്പുറം തന്റെ പെണ്ണ് ജീവനോടെയുണ്ട് എന്ന ആഹ്ലാദമായിരുന്നു അവനിൽ.
ക്യാമറയിൽ എടുത്ത ഫോട്ടോസ് അവൻ എല്ലാവർക്കുമായി കാണിച്ചു കൊടുത്തു.
നിനക്കൊരു സർപ്രൈസ് ആകട്ടേയെന്ന് കരുതിയാണ് ഫോട്ടോസ് അയക്കാതിരുന്നത്.
വിഹാന്റെ കണ്ണുകൾ നിറഞ്ഞു. അതെ അവൾ തന്നെ ശ്രീക്കുട്ടി. ചുമലൊപ്പം മുറിച്ചിട്ട മുടികൾക്ക് പകരം നീളമുള്ള മുടി.. മോഡേൺ വേഷത്തിന് പകരം നീളൻ പാവാടയും ബ്ലൗസുമാണ് വേഷം. മൂക്കിൻ തുമ്പിലെ മുക്കുത്തിയും കാട്ടുതേനിന്റെ നിറമുള്ള കൃഷ്ണമണികളും… അവനാ ക്യാമറ നെഞ്ചോട് ചേർത്തു.
നാടൻ പെൺകുട്ടിയിലേക്കുള്ള മാറ്റമൊഴിച്ചാൽ ഇതവൾ തന്നെ. നമ്മുടെ ശ്രാവു..
ആവണിയുടെ മിഴികൾ നനഞ്ഞു.
നീയെവിടെയാ അവളെ കണ്ടത്.. ദീപു ചോദിച്ചു.
അപ്പോഴാണ് വിഹാനും അതോർത്തത്. അവൾ ജീവനോടെയുണ്ടെന്ന സത്യവും അവളെ ഫോട്ടോയിലൂടെ കണ്ടപ്പോഴുള്ള അവസ്ഥയും അവനെ അവരിരുവരുടെയും പ്രണയകാലത്തിലേക്ക് വഴിതിരിച്ചിരുന്നു.
ഇവിടുന്ന് കുറച്ചു കിലോമീറ്ററുകൾക്കപ്പുറം ഒരു കാടുണ്ട്. നല്ല വ്യൂ ആണവിടെ. അവിടെയുള്ള വെള്ളച്ചാട്ടത്തിനരികിലാണ് ഞാനവളെ കണ്ടത്.
കൂടെ കുറച്ചു പിള്ളേരുമുണ്ടായിരുന്നു. അവളുടെ അടുത്തേക്ക് പോകാനൊരുങ്ങുമ്പോഴാണ് കാലിൽ മുള്ള് കൊണ്ടത്. പിന്നീട് ഞാൻ അവിടെയൊക്കെ നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല. എത്രയും വേഗം നിന്നെയറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ മനസ്സിൽ..
അവരുടെ നോട്ടം അവന്റെ കാലിലേക്കായി. വെളുത്ത തുണികൊണ്ട് അവൻ കാൽ കെട്ടിവച്ചിരുന്നത് അപ്പോഴാണവർ കണ്ടത്.
ടാ.. നീ ഓക്കേ ആണോ.. ഐഷു അവന്റെ ചാരത്തണഞ്ഞു. അവളുടെ കണ്ണുകളിലെ ഉൽഘണ്ഠയും പ്രണയവും ഒരു നിമിഷം ഇരുവരുടെയും നോട്ടങ്ങൾ തമ്മിലിടഞ്ഞു.
അതേടീ അവനവളുടെ ചുമലിൽ കൈവച്ച് ചേർത്തു പിടിച്ചു.
ഇരുവരെയും നോക്കിയശേഷം മറ്റുള്ളവർ ബാഗുമായി അകത്തേക്ക് കയറി.
ഐഷു പതിയെ പ വയലറ്റ് പൂക്കൾ നിറഞ്ഞ പടർന്നുകിടന്ന വള്ളിക്കരികിലേക്ക് നീങ്ങി. അവളുടെ പരിഭവം മനസ്സിലായെന്നവണ്ണം അവൻ ചിരിയോടെ അവൾക്കരികിലേക്ക് നീങ്ങി .
ഐഷു..
അവൾ വിളികേട്ടില്ല.
ഐഷാനീ..
പോടാ..അവളവന്റെ നെഞ്ചിൽ തുരുതുരെ കൈകൾ കൊണ്ടിടിച്ചു.
വേദനിക്കുന്നെടീ… അവനവളുടെ കൈകൾ പിന്നിലേക്ക് ലോക്ക് ചെയ്ത് അവളെ നെഞ്ചോടടുപ്പിച്ചു.
അവളുടെ ഉടൽ വിറച്ചു. അവനോട് ചേർന്നുള്ള നിൽപ്പും അവന്റെ നോട്ടവും ശരീരത്തിലാകമാനം മിന്നല്പിണരുകൾ പായുന്നതിനോടൊപ്പം തന്നെ വിയർത്തുതുള്ളികൾ മേൽച്ചുണ്ടിൽ സ്ഥാനം പിടിച്ചു.
നിന്നോട് പറയാത്തത് നിന്റെ സെന്റി കേൾക്കാതിരിക്കാനാണ്. എനിക്ക് ഒരു പോറൽ പോലുമേൽക്കുന്നത് സഹിക്കാൻ എന്റെ പെണ്ണിനാകില്ലെന്ന് എനിക്കറിയാമല്ലോ..
അവളുടെ നനവ് പൊടിഞ്ഞ മിഴികളിലേക്കവൻ ആർദ്രമായി അധരം പതിപ്പിച്ചു .
പതിയെ അത് പിന്നെ കീഴ്ച്ചുണ്ട് ലക്ഷ്യമാക്കി യാത്ര തുടങ്ങിയപ്പോൾ അവളവന് വിധേയായി നിന്നു. അധരം പരസ്പരം അവരുടെ ഇണയെ കണ്ടെത്തുമ്പോഴും ദീർഘമായ ചുംബനത്തിലേക്കത് വഴി മാറിയപ്പോഴും അതിൽ ഇത്രനാളും കാണാതിരുന്നതിന്റെ ആവേശവും പരിഭവവും അണയാത്ത പ്രണയവുമെല്ലാം ആവോളo അടങ്ങിയിരുന്നു.
ഉമ്മനും ഉമ്മിച്ചിയും കൂടി കണ്ടപ്പോഴേക്കും തുടങ്ങിയല്ലോ.. പിന്നിലെ ശബ്ദം കേട്ടവർ അകന്നുമാറി.
ചുംബനത്തിന്റെ മാധുര്യം ആവോളം നുണയാൻ സാധിക്കാത്തതിന്റെ അമർഷം സഞ്ജുവിൽ പ്രകടമായിരുന്നു.
നിനക്കെപ്പോഴും ഇതാണോടാ പണി. ആ ഡോറയിലെ കുറുനരിയെപ്പോലെ എപ്പോഴും തലയിടൽ..
പൊന്നുമോനേ തിളയ്ക്കുന്ന ചോരയാ നിന്റെയീ ഞരമ്പുകളിലൂടെ പായുന്നത്. ദേ ഇവളെ കണ്ടാൽ നിനക്കതിന്റെ തിളപ്പ് കൂടുകയേയുള്ളൂ അതെനിക്കറിയാം. അങ്ങനെ നീ മാത്രം സുഖിക്കേണ്ട. തൊട്ടാൽ പൊട്ടുന്ന പ്രായമാണ് സൂക്ഷിക്കേണ്ട ചുമതല നിനക്കൊക്കെ ഇല്ലെങ്കിലും എനിക്കുണ്ട്..ദീപു പറഞ്ഞപ്പോൾ സഞ്ജുവിന്റെ മുഖത്ത് ചിരി തെളിഞ്ഞു.
ഇത്തിരി നേരം കൊണ്ട് നീയവളെ ഈ കോലത്തിലാക്കിയല്ലോടാ…
അപ്പോഴാണ് സഞ്ജുവും ശ്രദ്ധിക്കുന്നത്. അവന്റെ കൈകളുടെ ബലത്തിലാകാം മുടി അഴിഞ്ഞുലഞ്ഞിട്ടുണ്ട്. കണ്മഷി പടർന്നിട്ടുണ്ട്. ചുണ്ടിൽ ചോര പൊടിഞ്ഞ് നിൽപ്പുണ്ട്.
സഞ്ജുവിന്റെ നോട്ടം കണ്ട് കാര്യങ്ങൾ പന്തിയല്ലെന്ന് തോന്നിയതുകൊണ്ടാകാം അവൾ അകത്തേക്ക് ഓടിയതും.
ഒരു മണിക്കൂറിനകം അവർ റെഡിയായി വന്നു. സഞ്ജു പറഞ്ഞ സ്ഥലം ലക്ഷ്യമാക്കിയവർ സഞ്ചരിച്ചു. നിറയെ മരങ്ങളും ചെടികളുമെല്ലാം ഇടതിങ്ങി നിൽക്കുന്നത് കൊണ്ടുതന്നെ അന്തരീക്ഷത്തിൽ നല്ല തണുപ്പുണ്ടായിരുന്നു.
സഞ്ജു ഐഷുവിന്റെ കൈകൾ കോർത്തു പിടിച്ചിട്ടുണ്ടായിരുന്നു. വിഹാൻ ആയിരുന്നു മുൻപിൽ നടന്നിരുന്നത്. അവന്റെ ഹൃദയം ഇപ്പോൾ അവളെ കണ്ടെത്താനാകും എന്ന ചിന്തയിൽ മാത്രമായിരുന്നു തുടിച്ചതെന്ന് തോന്നിപ്പോയി.
പാൽ പതഞ്ഞൊഴുകുന്നതുപോലെ പാറക്കെട്ടിൽ നിന്നും വെള്ളം പതിച്ചുകൊണ്ടിരുന്നു. ആ കാഴ്ചയുടെ മാസ്മരിക വലയത്തിൽ മയങ്ങിയെന്നോണം ആവണിയുടെ വായ തുറന്നു. കുളിർമ്മയേകിയ അന്തരീക്ഷം.
ആ വെള്ളത്തിന് കീഴിലായി പൊട്ടിച്ചിരിച്ചുകൊണ്ട് കൈകൾ കൊണ്ട് വെള്ളം ചിതറിച്ചുകൊണ്ട് ശ്രീക്കുട്ടി നിൽക്കുന്നത് വിഹാൻ കണ്ടു. അവന്റെ മിഴികൾ വിടർന്നു. തന്നെ അവളും കണ്ടെന്നവന് മനസ്സിലായി. മിഴികൾ പരസ്പരം ഇടഞ്ഞു. അവനിലേക്ക് അണയാനെന്നവണ്ണം അവൾ കൈകൾ വിരിച്ചു നിന്നു.
ശ്രീക്കുട്ടീ… വിഹാൻ മുന്നോട്ട് കുതിച്ചു.
ഐഷുവും സഞ്ജുവും ആവണിയും ദീപും അന്തംവിട്ട് നിന്നു. പിന്നെന്തോ ഓർത്തതുപോലെ അവർ അവന് പിന്നാലെ കുതിച്ചു. പാറക്കല്ലുകളിൽ ചവിട്ടി തെന്നി വീഴാൻ പോയിട്ടും അവൻ ബാലൻസ് ചെയ്ത് മുന്നോട്ട് പോയി.
വിഹാൻ.. ടാ ഇല്ലെടാ ആരും.. ദീപു അവനെ പിന്നിൽനിന്നും പിടിച്ചു.
ടാ എന്റെ ശ്രീക്കുട്ടി.. വിരൽ ചൂണ്ടിയയിടം ശൂന്യമായിരുന്നു. വിഹാന്റെ കണ്ണുകൾ നിറഞ്ഞു. കണ്ടതെല്ലാം മായയായിരുന്നു. അവന്റെ വിരലുകൾ മുടിയിൽ കോർത്തു വലിച്ച് കൊണ്ടിരുന്നു. അവനനുഭവിക്കുന്ന ആത്മസംഘർഷം അവർക്ക് മനസ്സിലായി. സഞ്ജു ഒരാശ്വാസത്തിനെന്നവണ്ണം അവനെ ഇറുകെ പുണർന്നു. വിഹാന് ആ സമീപനം അപ്പോൾ ആവശ്യമായിരുന്നു. കുഞ്ഞുങ്ങളെപ്പോലെ അവൻ വിങ്ങിക്കരഞ്ഞു കൊണ്ടിരുന്നു.
നീയല്ലേ സഞ്ജു പറഞ്ഞത് എന്റെ ശ്രീക്കുട്ടി ഇവിടുണ്ടെന്ന്. എനിക്ക് വേണമെടാ അവളെ. അവളില്ലാത്ത രണ്ടര വർഷങ്ങൾ ഉരുകി തീരുകയായിരുന്നു ഞാൻ.
അവളിവിടെ എവിടെയോ ഉണ്ടെന്നെന്റെ മനസ്സ് പറയുന്നു പക്ഷേ അപ്പോഴും അവളെന്റെ മുന്നിലില്ലെടാ. കൈയെത്തും ദൂരെയുണ്ടെന്ന് മനസ്സ് മന്ത്രിക്കുന്നുണ്ട് എന്നിട്ടും എനിക്കവളെ കാണാൻ കഴിയുന്നില്ലെടാ. മരിച്ചുവെന്ന് ഏവരും പറഞ്ഞിട്ടും കണ്മുന്നിൽ എരിഞ്ഞടങ്ങിയിട്ടും മനസ്സ് പറഞ്ഞിരുന്നു എന്നെങ്കിലുമൊരിക്കൽ അവൾ വരുമെന്ന്. എന്നിട്ടും എല്ലാമെന്റെ ഭ്രാന്തൻ ചിന്തകളാണെന്ന് അടിവരയിട്ട് ഉറപ്പിക്കാൻ ശ്രമിച്ചവനാണ് ഞാൻ. പക്ഷേ നീയല്ലേടാ പറഞ്ഞത് അവൾ ജീവനോടെയുണ്ടെന്ന്. എന്നിട്ടെവിടെ.. കാണിച്ചു താടാ എനിക്കവളെ.. സഞ്ജുവിനെ പിടിച്ചുലച്ചു വിഹാൻ.
അവന്റെ വാക്കുകളോരോന്നും കൂട്ടുകാരുടെ ഹൃദയത്തിലാണ് പതിച്ചത്.
ഹൃദയം നൊന്തവൻ ആർത്ത് കരയുമ്പോഴും വെള്ളച്ചാട്ടത്തിന്റെ എറിച്ചിൽ അവനെ നനയിപ്പിച്ചു കൊണ്ടിരുന്നു. നിസ്സഹായരായി കൂട്ടുകാർ അവനെ അപ്പോഴും പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു .കറകളഞ്ഞ സൗഹൃദത്തിനുള്ളിൽ അവരുടെ ശ്രാവുവിനെ അവരും ഒരുപാട് ആഗ്രഹിച്ചിരുന്നു…പഴയ കുറുമ്പോടെ അവൾ തങ്ങളിലേക്ക് അണയുന്നത് അവരും പ്രതീക്ഷിച്ചിരുന്നു.
തുടരും….