കിലുക്കാംപെട്ടി ~ ഭാഗം 20, എഴുത്ത്: ശിഥി

ഭാഗം 19 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

പിറ്റേന്ന് അതിരാവിലെ തന്നെ മുംബൈലേക്ക് തിരിച്ചു..ഫ്ലൈറ്റിൽ പോയത്കൊണ്ട് തന്നെ രാവിലെ തന്നെ അവിടെയെത്തി..എയർപോർട്ടിന്റെ പുറത്ത് തന്നെ കിരൺ കാത്തുനിൽപ്പുണ്ടായിരുന്നു. പരിചയമുള്ള കെട്ടിടങ്ങൾ കണ്ടപ്പോഴേ മനസ്സിലായി സിദ്ധുവിനോടൊപ്പം താമസിച്ചിരുന്ന സ്ഥലത്തേക്കാണ് പോക്കെന്ന്… ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ മാളുവിന്റെ ഹൃദയം വല്ലാതെ ഹൃദയം വല്ലാതെ മിടിച്ചു… എന്തിനോ ഉള്ളിൽ ഒരാളൽ.. ഫ്ലാറ്റിനെ ഡോർ തുറന്നത് വൈഗയാണ്.. മാളുവിനെ കണ്ടതും അവൾ വേഗം വന്നു കെട്ടിപ്പിടിച്ചു.

“വാ മാളു… മനു അകത്തേക്ക് കേറു.” വൈഗ അവരെ വിളിച്ച് അകത്തേക്ക് കയറുമ്പോൾ മാളുവിന്റെ കണ്ണുകൾ സിദ്ധുവിന് വേണ്ടി എല്ലായിടവും പരതി… കാമ്‌നാ , കിരൺ അങ്ങനെ കുറച്ചു പേരുണ്ടായിരുന്നു.. സിദ്ധുവിനെ മാത്രം കണ്ടില്ല… ഹാൾ ഒക്കെ നല്ല രീതിയിൽ ഡെക്കറേറ്റ് ചെയ്തിട്ടുണ്ട്… ഹാപ്പി ബർത്തഡേ വലിയ അക്ഷരങ്ങളിൽ എഴുതി ബലൂണുകൾക്കിടയിൽ കെട്ടി തൂക്കിയിട്ടുണ്ട്.

“ആഹ് നിങ്ങൾ വന്നോ..എന്ന വാ നമുക്ക് കേക്ക് മുറിക്കാം..” പരിചയമുള്ള സ്വരം കേട്ട് മാളു പെട്ടെന്ന് തിരിഞ്ഞു നോക്കി.. കയ്യിൽ ഒരു കുഞ്ഞു കുട്ടിയെ എടുത്ത് സിദ്ധു മാളുവിന് ഒരു പുഞ്ചിരി നൽകി കടന്നു പോയി..വൈഗയെ ചേർത്തുപിടിച്ച് ആ കുഞ്ഞി പെണ്ണിന്റെ കയ്യിൽ കത്തി പിടിപ്പിച്ച് മൂന്നുപേരും ചേർന്ന് നിന്ന് ആ കേക്ക് മുറിച്ചു.. ഒന്നും മനസ്സിലാവാതെ മാളു അവരെ തന്നെ നോക്കി നിന്നു.. അപ്പോഴാണ് മാളു ശരിക്കും വൈഗയെ ശ്രദ്ധിക്കുന്നത്… നെറുകിൽ ഒരു കുഞ്ഞു പൊട്ടുപോലെ സിന്ദൂര ചുവപ്പ് കഴുത്തിൽ മംഗൾസൂത്രം..

ആലോചിച്ചു നിൽക്കേ മാളുവിന്റെ വായിലേക്ക് ആ കുഞ്ഞു കൈകൾ കൊണ്ട് കേക്ക് വെച്ചുകൊടുത്തു സിദ്ധു.. അമ്പരപ്പോടെ നോക്കുന്ന അവളെ ഒന്ന് കണ്ണുചിമ്മി കാണിച്ചു… എല്ലാവരും അവരുടെതായ ലോകത്തണെന്നു തോന്നിയ നിമിഷം മാളു ബാൽക്കണിയിലേക്ക് ഇറങ്ങി… പല ചിന്തകളായിരുന്നു മനസ്സിൽ..

” എല്ലാം മാറി അല്ലെടോ”സിദ്ധു മാളുവിന്റെ അടുത്ത് വന്നുനിന്നു.. അതെയെന്ന അർത്ഥത്തിൽ മാളു അവനെ നോക്കാതെ തന്നെ ഒന്നു മൂളി.

“അന്ന് തന്നെ രക്ഷിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. തന്നെ രക്ഷിച്ചു പക്ഷേ ഭായ് ” സിദ്ധു ഒന്ന് നിർത്തി..

” എല്ലാംകൊണ്ടും സ്വയം നിയന്ത്രിക്കാൻ പറ്റാതായിരുന്നു… നിന്നെ രക്ഷിചെങ്കിലും ഭായിയോട് അവൻ ചെയ്തതിന് പകരം വീട്ടണമെങ്കിൽ അവനെ കൊല്ലുക തന്നെ ചെയ്യണമായിരുന്നു.. അത് ചെയ്തു.. എന്റെ ഒപ്പമുള്ള നിന്റെ ജീവിതം ഒരിക്കലും സേഫ് ആവില്ല… പിന്നെ നിന്നെപ്പോലുള്ള ഒരാൾക്ക് ഞാൻ ചേരില്ല.. നിന്റെയും മനുവിന്റെയും കല്യാണം കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി.. നീ അവനിൽനിന്നും അകന്നു നിൽക്കുന്നു എന്നറിഞ്ഞപ്പോൾ ഞാനാണോ കാരണം എന്നൊരു തോന്നൽ അതാ ഇന്നുതന്നെ അവനോട് നിന്നെ കൂട്ടി വരാൻ പറഞ്ഞത്… നിനക്ക് അവനെ ഒരിക്കലും വേണ്ടെന്നുവയ്ക്കാൻ ആവില്ല മാളു.. അവനോടുള്ള നിന്റെ ഇഷ്ടം ഞാൻ കണ്ടറിഞ്ഞതാണ്… നീ എന്നിൽ നിന്നും അത് ഒളിപ്പിക്കാൻ ശ്രമിച്ചപ്പോഴും ഞാനത് മനസ്സിലാക്കിയിരുന്നു… അപ്പോഴൊക്കെ നീ നിന്നെത്തന്നെ ചതിച്ചു കൊണ്ട് കഷ്ടപ്പെട്ട് എന്നെ സ്നേഹിക്കാൻ ശ്രമിക്കുകയായിരുന്നു… പിന്നെ എന്തുകൊണ്ടാണ് ഇപ്പൊ അവനിൽ നിന്ന് ഈ അകൽച്ച??” സിദ്ധു മാളുവിനെ നോക്കി…എങ്ങോ നോക്കി നിൽപ്പാണ്.

“ഞാൻ മാത്ര സിദ്ധുവേട്ടാ മനുവേട്ടനെ സ്നേഹിച്ചേ.. ഈ കല്യാണം പോലും മുത്തശ്ശിക്ക് വേണ്ടിയാ “

“അതൊക്കെ നിന്റെ തോന്നലാ മാളു”

“ശരിയാ എല്ലാം ന്റെ തോന്നലുകളാ.. എപ്പോഴും തോന്നലുകളാണ് എന്നെ കരയിപ്പിച്ചുട്ടുള്ളത്.. എല്ലാരെയും കുറിച്ച് എനിക്ക് തോന്നലുകളാണ് ” അവളുടെ കണ്ണുകൾ പെയ്തിറങ്ങി… സിദ്ധു അവളുടെ കൈക്കുമേൽ കൈ വെച്ചു.. ഇരുവർക്കുമിടയിൽ അൽപനേരം മൗനം തളം കെട്ടി നിന്നു.

“വൈഗ..” മൗനത്തെ ഭേദിച്ചുകൊണ്ട് മാളു ചോദിച്ചു.

” ഇഷ്ടമായിരുന്നു എന്നെ… സ്വയമുള്ള വിലയിരുത്തലുകൾ അത് എന്നോട് പറയുന്നതിന് തടസ്സമായി.. എന്റെ ഇഷ്ടം നീയാണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് വിഷമിച്ചിട്ടുണ്ട് പാവം… അന്ന് ഹോസ്പിറ്റലിൽ ആയപ്പോൾ ഒരു നിഴലായി എപ്പോഴും കൂടെയുണ്ടായിരുന്നു.. നിന്നെ മനുവിനെ ഏൽപ്പിക്കുമ്പോൾ ആ മുഖത്ത് ഒരു ആശ്വാസം ഞാൻ കണ്ടിരുന്നു.. പിന്നീട് പലപ്പോഴായി ആ സ്നേഹവും തിരിച്ചറിഞ്ഞു.. എല്ലാ കുറവുകളും ഉൾക്കൊണ്ടുതന്നെ ഒപ്പംകൂട്ടി.. ഒരു നല്ല ജീവിതം സ്വപ്നം കണ്ടു മുംബൈയിലേക്ക് വന്നതാണ്… ആരൊക്കെയോ ചേർന്ന് ചതിച്ച അവളെ അങ്ങനെ ആക്കി തീർത്തത്… ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഈ കാലയളവിൽ എന്നിൽ എത്തിപ്പെടും വരെ.. അറിയാതെ തോന്നിയ ഇഷ്ടം മറച്ചു വെച്ച് എന്നിൽ നിന്നും അകന്നു പോകുമ്പോഴും ഒരുപാട് വേദനിച്ചിട്ടുണ്ടാവും… ഒരുപാട് അനുഭവിച്ചവള… അതുകൊണ്ടുതന്നെ എന്തും നേരിടാനുള്ള മനസ്സുണ്ട് അവൾക്ക്.. എന്തുകൊണ്ടും എന്നെപ്പോലെ ഒരാൾക്ക് അവളെ പോലെ ഒരാളെയാ വേണ്ടത്.. വേറെ ഒന്നും ചിന്തിച്ചില്ല ഒപ്പംകൂട്ടി…അനുഭവിച്ച സങ്കടങ്ങളൊക്കെ പറ്റുന്ന വിധത്തിൽ സന്തോഷം നൽകി… ഒടുക്കം ഈ കുഞ്ഞു” ഒരു നെടുവീർപ്പോടെ സിദ്ധു പറഞ്ഞു നിർത്തി.

“സിദ്ധു… മാളു.. വാ കഴിക്കാം” വൈഗ വന്നു വിളിച്ചപ്പോൾ അവളുടെ പിന്നാലെ ചെന്നു..

“മാളു…” സിദ്ധുവിന്റെ വിളികേട്ട് അവൾ തിരിഞ്ഞു നോക്കി.

“അന്ന് എനിക്ക് തോന്നിയ മനുവിന്റെ മുഖത്തെ നഷ്ടബോധം വെറുതെ അല്ലാട്ടോ.. പിന്നെ നിന്നെ കല്യാണം കഴിച്ചത് മുത്തശ്ശിയുടെ ആഗ്രഹം കൊണ്ടൊന്നുമല്ല.. വേണ്ടപോലെ ചോദിച്ച എല്ലാം പുറത്തുവരും” കള്ളച്ചിരിയോടെ സിദ്ധു അത് പറഞ്ഞപ്പോൾ മാളുവിന്റെ കണ്ണുകൾ വിടർന്നു..

അവിടുന്ന് എല്ലാരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ വല്ലാത്ത ആശ്വാസം തോന്നി മാളുവിന്… യാത്രയിലുടനീളം അവളുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് മനുവിനെ തേടിപ്പോയി.. ചെറുതായെങ്കിലും അതുവരെ തോന്നിയിരുന്ന ദേഷ്യവും അകൽച്ചയും അലിഞ്ഞില്ലാതാവുന്നത് അറിഞ്ഞു ഒപ്പം മനസ്സിനെ ഒരുതരം കുളിർ വന്നു മൂടുന്നതും.. രാത്രിയോടെ വീട്ടിലെത്തി… രാത്രി പതിവ് തെറ്റിച്ചുകൊണ്ട് മാളു ബെഡിൽ കിടന്നു.

” ഇതെന്താ ഒന്നും ചോദിക്കാതെ.. ഇനി ഞാൻ ഇവിടെ കിടന്നത് ശ്രദ്ധിച്ചില്ലേ… അതിന് എങ്ങനെയാ ഒന്നല്ലെങ്കിൽ ഫോൺ അല്ലെങ്കിൽ ബുക്ക്.. എപ്പോഴും കാണും എന്തെങ്കിലും ഒരു കുന്തം കയ്യിൽ” പിറുപിറുത്തുകൊണ്ട് മാളു തല ചിരിച്ച് അവനെ തിരിഞ്ഞു നോക്കി.. വീണ്ടും ഇടയ്ക്കിടയ്ക്ക് തല ചെരിച്ചു നോക്കിക്കൊണ്ടിരുന്നു… മൂന്ന് നാല് വട്ടം ആയപ്പോഴേക്കും മനു ലൈറ്റ് ഓഫ് ആക്കി ഒരു കള്ളച്ചിരിയോടെ ബെഡിലേക്ക് നിവർന്നു കിടന്നു..

രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റു… അല്ലെങ്കിൽ തന്നെ രാത്രി ഉറങ്ങിയിട്ട് വേണ്ടേ.. വേഗം കുളിച്ച് അടുക്കളയ്ക്ക് ചെന്ന ദേവി അമ്മയോട് ഇന്നലെ നടന്നതൊക്കെ പറഞ്ഞു കൊണ്ട് ഓരോ പണികളും ചെയ്തു.. പതിവിലും ആവേശത്തിൽ മനുവിന് ഓരോ കാര്യങ്ങളും ചെയ്തു കൊടുത്തു.. പഴയ മാളുവിലേക്ക് വീണ്ടും ഒരു മടക്കയാത്ര.. മനു പോയതിനു ശേഷം വീട്ടിൽ ചെന്ന് മീനുവിനെ കൂട്ടി അമ്പലത്തിലേക്ക് പോയി… മീനു ഇപ്പൊ 5 മാസം ഗർഭിണിയാണ്… തന്റെ കള്ള കൃഷ്ണനോട് പണ്ട് ആവശ്യപ്പെട്ട കാര്യം ഇത്ര സങ്കടങ്ങൾ തന്നിട്ട് ആണെങ്കിലും തനിക്ക് തന്നതിന് ഒരുപാട് നന്ദി പറഞ്ഞു… വീട്ടിലുള്ള എല്ലാവർക്കും മാളുവിന്റെ മാറ്റം വല്ലാത്ത ആശ്വാസമായിരുന്നു.. അന്ന് മനുവിനു വേണ്ടി അവൾ കുറേനേരം കാത്തിരുന്നു.. കാത്തിരുന്നു മുഷിഞ്ഞ ദേവി അമ്മ പോയി കിടന്നു.. എപ്പോഴോ ആ കസേരയിലിരുന്ന് അവൾ മയങ്ങിപ്പോയി.. തുടരെത്തുടരെ വാതിലിൽ കൊട്ട്‌ കേട്ടാണ് അവൾ വാതിൽ തുറന്നത്.. മനുവാണ്… എന്തൊക്കെയോ ചോദിക്കണമെന്നുണ്ടെങ്കിലും എന്തോ ഒന്ന് അവളെ പിന്നിലേക്ക് വലിച്ചു.

“അമ്മയോ..” കോണി കയറി അവൻ ഒന്ന് തിരിഞ്ഞു നോക്കി.

“കിടന്നു… മനുവേട്ടൻ കഴിക്കാണില്ലേ ” ശബ്ദം താഴ്ത്തി ചോദിച്ചു.

“വേണ്ട…” കോണി കയറി പോകുന്നവനെ കണ്ട് എന്തിനോ മനസ്സ് വിങ്ങി.

” ഇത്രയും നേരം വെറുതെ കാത്തിരുന്നു.. ഊണ് കഴിച്ചോ എന്നെങ്കിലും ചോദിക്കാർന്നില്ലേ.. അല്ലെങ്കിലും എന്തിനാ വെറുതെ ചോദിക്കുമെന്ന് വിചാരിച്ചേ… അമ്മ പറഞ്ഞപ്പോൾ വെറുതെ വേണ്ട പറഞ്ഞു.. ഇത്രയും നേരം കാത്തിരുന്നത് അല്ലേ വെറുതെ ഒന്ന് എന്തെങ്കിലും ചോദിച്ചുടെ.. അല്ലെങ്കിലും ഞാൻ ആരാ… വെറുതെ സിദ്ധുവേട്ടൻ പറയുന്നതൊക്കെ കേട്ട് വീണ്ടും ഓരോന്ന് ആഗ്രഹിച്ചു കൂട്ടി. “ഒലിച്ചിറങ്ങുന്ന കണ്ണീര് ഇടയ്ക്കിടയ്ക്ക് പുറം കൈകൊണ്ട് തുടച്ച് സിങ്കിലെ പാത്രങ്ങളോട് തന്റെ ദേഷ്യവും സങ്കടവും തീർത്തു..

“കഴിക്കാൻ എന്താ ഉള്ളെ ” അടുക്കള തുടക്കുമ്പോൾ പിന്നിൽ ആ നിശ്വാസം പതിഞ്ഞപ്പോൾ അവൾ ഞെട്ടിത്തിരിഞ്ഞു.

“കഴിക്കാൻ എന്താ ഉള്ളെ… ടേബിളിൽ ഒന്നും കണ്ടില്ല ” മിഴിച്ച് നോക്കുന്ന അവളോട് ഒന്നുകൂടി ചോദിച്ചു.

“ഏഹ്.. എന്താ “

” വിശന്നിട്ടു വയ്യ മാളു… കഴിക്കാൻ ഒന്നുമില്ലേ എന്ന് ” അവൻ ചോദിക്കുന്നത് കേട്ട് വെള്ളമൊഴിച്ച് വെച്ച് ചോറിലേക്ക് അവളുടെ കണ്ണു പോയി..

” ചോറ് ആയിരുന്നു രാത്രിക്ക്… കഴിക്കുന്നില്ല പറഞ്ഞപ്പോൾ വെള്ളമൊഴിച്ചു വെച്ചു… ഫ്രിഡ്ജിൽ മാവ് ഇരിപ്പുണ്ട് ഞാൻ ദോശ ഉണ്ടാക്കി തരാം.. “ഫ്രിഡ്ജ് തുറന്ന് മാവെടുത്ത് പുറത്തേക്ക് വെച്ചു… മാവ് തണുപ്പു വിടുമ്പോമ്പോഴേക്കും ചെറിയ ഉള്ളികൊണ്ട് ഉണക്കമുളകും ചേർത്ത് ചമ്മന്തി അരച്ചു..

” വേണ്ടെന്നു പറഞ്ഞ് കേറി പോയിട്ട്…എവിടുന്നാ ഇപ്പൊ വിശപ്പു വന്നേ.. ഇടക്ക് ഒന്ന് പറയും അടുത്ത നിമിഷം അത് മാറ്റി പറയും.. മ്മ്ഹ് ” മനസ്സിൽ പറഞ്ഞുകൊണ്ട് ദോശ ചുടാൻ തുടങ്ങി… എല്ലാതും വെപ്രാളപ്പെട്ട് ചെയ്യുന്ന മാളുവിനെ അവൻ വാതിൽപ്പടിയിൽ ചാരി നിന്ന് കൈരണ്ടും മാറിൽ പിണച്ച് ഒരു ചിരിയോടെ നോക്കിനിന്നു… രണ്ട് ദോശ ഒരു പാത്രത്തിലേക്കിട്ട് അവന് നേരെ നീട്ടിയപ്പോൾ അതവിടെ വാങ്ങിവെച്ച് സ്റ്റാൻഡിൽ നിന്നും ഒരു പാത്രം എടുത്തു കഴുകി അത് അവൾക്ക് നേരെ നീട്ടി.

“നീ കഴിച്ചില്ലലോ.. ഇതിലും ഇട്.” സംശയത്തോടെ അവനെ നോക്കുന്നവളോട് പറഞ്ഞുകൊണ്ട് പാത്രം നീട്ടികൊണ്ട് അവൻ അടുക്കള തിണ്ണയിൽ കയറി ഇരുന്നു.. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞുപോയിരുന്നു.. രണ്ടു പ്ലേറ്റ് ദോശ ആയതും അവളെ കൊണ്ട് അവൻ ഡൈനിംഗ് ടേബിളിലേക്ക് നടന്നു.. യാന്ത്രികമായി കഴിക്കുമ്പോഴും മനസ്സ് എതിർവശത്തായി ഇരിക്കുന്ന ആളിൽ കുരുങ്ങിക്കിടന്നു..
തുറന്നിട്ട ജനലിലൂടെ ഇരുട്ടിനെ നീക്കി കൊണ്ട് കടന്നുവരുന്ന നിലാവെളിച്ചത്തിൽ അവന്റെ മുഖം മതിവരാതെ അത്രയും പ്രണയത്തോടെ നോക്കി കിടക്കുമ്പോൾ അന്നും അവൾക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു.

തുടരും