മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
എന്ത് കൊണ്ടോ ബീനയുടെ അവസാന വാക്കുകൾ അവന്റെ മനസ്സിനെ വല്ലാതെ കലുഷിതമാക്കി.
കുറച്ചു സമയം കൂടി മാനത്തു നോക്കിയിരുന്ന ശേഷം അവൻ മിഴികൾ അടച്ചു.
ചിരിച്ചു കൊണ്ട് നിൽക്കുന്ന മാളുവിന്റെ മുഖമാണ് ആദ്യം മനസ്സിലേക്ക് വന്നത്. ഒരു ഞെട്ടലോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു.
“ഞാനെന്തിനാ ഇപ്പൊ അവളെ കുറിച്ച് ആലോചിച്ചത് അവൾ ആരെ വേണമെങ്കിലും കെട്ടട്ടെ എനിക്കെന്താ”. അവൻ അവനെ തന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു.
കുറച്ചു നേരം കൂടി അവിടിരുന്ന ശേഷം വീണ്ടും വീണ്ടും അവളുടെ മുഖം തന്നെ മനസ്സിലേക്ക് വരുവാണെന്ന് മനസ്സിലാക്കി അവൻ ദേഷ്യത്തോടെ റൂമിലേക്ക് പോയി.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
രാവിലെ എണീറ്റ് വന്ന മാളു കാണുന്നത് ഹാളിൽ ഇരുന്ന് ചായ കുടിക്കുന്ന മനീഷിനെയാണ്.
ഒരു നിമിഷം അവൾ അവിടെ ഞെട്ടി നിന്നു. പിന്നെ ഓടി അവന്റെ അടുത്തേക്ക് ചെന്നു. “ഏട്ടാ…. ഇതെപ്പോ വന്നു. ഒന്നും പറഞ്ഞില്ലല്ലോ ഇന്നലെ. “
മനീഷ് അവളെ ചേർത്തു പിടിച്ചു. “വരേണ്ട കാര്യം ഉണ്ടെന്ന് കൂട്ടിക്കോ. നീ ഇന്ന് ലീവ് എടുക്ക്”.
മാളുവിന്റെ മുഖം പെട്ടെന്ന് വാടി. “നേരത്തെ പറഞ്ഞൂടായിരുന്നോ ഏട്ടാ. ഇന്ന് രാവിലെ തന്നെ ഒരു important മീറ്റിംഗ് ഉണ്ട്. നാളെ ലീവ് എടുക്കാം ഞാൻ. “
“ഇന്നത്തെ കാര്യത്തിന് നാളെയാണോ മാളു ലീവ് എടുക്കുന്നേ”. മനീഷിന്റെ മുഖത്തു പെട്ടെന്ന് ഗൗരവം നിറഞ്ഞു.
“ഇന്നെന്താ വിശേഷം”. മാളു അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി. അവർ രണ്ടും വലിയ തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി നൽകി അവൾക്ക്.
“ഇന്ന് വൈകുന്നേരം നിന്നെ ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നുണ്ട്. അതാണ് വിശേഷം.”
മാളു ഞെട്ടിക്കൊണ്ട് അവനെ നോക്കി. അവൾക്ക് വിശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
“നടക്കില്ല ഏട്ടാ. ഏട്ടന് അറിയാവുന്നതല്ലേ എന്റെയും ഗൗതംമേട്ടന്റെയും കാര്യം. ഈ മാളുവിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് ഗൗതം വാസുദേവിന്റെ ആയിരിക്കും”. മാളു ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
മനീഷിന്റെ മുഖം വലിഞ്ഞു മുറുകി. “നിന്നോട് ആരും അഭിപ്രായം ചോദിച്ചില്ല. കാലം കുറേ ആയല്ലോ അവന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് .എന്നിട്ടെന്തായി. അങ്ങനെ ഉള്ള ഒരുത്തനു വേണ്ടി കളയാനുള്ളതല്ല നിന്റെ ജീവിതം. ഞാൻ തീരുമാനം എടുത്തിട്ടുണ്ട്. ഇന്ന് വൈകുന്നേരം ദർശൻ നിന്നെ പെണ്ണ് കാണാൻ വരുമ്പോൾ നീ ഇവിടെ ഉണ്ടായിരിക്കണം.”
“ദർശൻ.”. മാളു പുച്ഛത്തോടെ ചിരിച്ചു. “വേറെ ആരെയും കിട്ടിയില്ലേ ഏട്ടന്. ഒരിക്കൽ നിങ്ങൾ രണ്ട് പേരും കൂടി ഗൗതമേട്ടന്റെ ജീവിതം നശിപ്പിച്ചു. എന്തിന് വേണ്ടിയായിരുന്നു എന്നും ആർക്ക് വേണ്ടി ആയിരുന്നു എന്നും എല്ലാം എനിക്ക് നന്നായി അറിയാം. മാളുവിനെ അതിനു കിട്ടില്ല.”
വീണ്ടും മനീഷ് സംസാരിക്കാൻ തുടങ്ങുമ്പോളെക്ക് മോഹൻ ഇടക്ക് കയറി. “മനു നീ പോ. ദർശൻ വരുമ്പോൾ മോളിവിടെ ഉണ്ടായാൽ പോരെ. ഇപ്പൊ അതിനെ കുറിച്ചു ഒരു സംസാരം വേണ്ട”.
മനീഷ് ദേഷ്യത്തോടെ പുറത്തേക്ക് പോയി. മാളു നിറ കണ്ണുകളോടെ അച്ഛനെ നോക്കി.
മോഹൻ അവളുടെ മിഴികൾ തുടച്ചു. “മോള് വിഷമിക്കണ്ട. നിന്റെ സമ്മതം ഇല്ലാതെ ഒന്നും ആരും നടത്തില്ല. പെണ്ണ് കാണൽ നടത്താം എന്ന് അവൻ വാക്ക് കൊടുത്തതല്ലേ. അത് തെറ്റിക്കണ്ട. മോളിപ്പോ ഓഫീസിലേക്ക് പൊയ്ക്കോ. ഒരു രണ്ട് മണിക്കൂർ നേരത്തെ ഇറങ്ങിയാൽ മതി” . അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
മാളു കുറച്ചു നേരം കൂടി അച്ഛന്റെ തോളിൽ തല ചായ്ച്ചു നിന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഓഫീസിൽ എത്തിയിട്ടും മനസ്സ് ശെരിയല്ലാത്ത പോലെ തോന്നി മാളുവിന് . ഗൗതം നേരത്തെ വരുമെന്നറിയാവുന്നത് കൊണ്ട് നേരേ ക്യാബിനിലേക്ക് പോയി.
“സർ ഫയൽ. “അവൾ ഫയൽ ഗൗതമിനു നേരേ നീട്ടി.
അവിടെ വെച്ചിട്ട് പൊക്കോ. ഗൗതം അവളെ നോക്കാതെ പറഞ്ഞു.
ഒന്നും മിണ്ടാതെ അവൾ ടേബിളിൽ വച്ചിട്ട് പോകുന്നത് കണ്ടിട്ടാണ് ഗൗതം അവളെ നോക്കുന്നത്. സാധാരണ അവൻ അങ്ങനെ പറയുമ്പോൾ ദേഷ്യം കൊണ്ട് ഓരോന്ന് പിറുപിറുത്തു കൊണ്ടാണ് പോകാറ്.
മാളു അവളുടെ പ്ലേസിൽ ചെന്നിരുന്നിട്ടും എന്തോ അവന് അവന്റെ കണ്ണുകൾ പിൻവലിക്കാൻ തോന്നിയില്ല. കിഷോറും ശ്രുതിയും എല്ലാം അവളോട് എന്തോ പറയുന്നുണ്ട്. പക്ഷേ അവൾ അതിലൊന്നിലും ശ്രെദ്ധിക്കാതെ വേറെ ഏതോ ലോകത്താണെന്ന് അവന് തോന്നി. എന്തോ അവളെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ട്. ആ ചിന്ത അവനിലും വല്ലാത്ത പരവേശം ഉണ്ടാക്കി.
ഇന്നത്തെ പെണ്ണുകാണൽ ഓർത്തിട്ട് മാളുവിന് സമാധാനം പോകാൻ തുടങ്ങി. ഏറ്റവും കൂടുതൽ അവളെ വിഷമിപ്പിച്ചത് ഏട്ടന്റെ വാശി ആണ്. എങ്ങനെ എങ്കിലും ഒന്ന് വീട്ടിൽ ചെന്നാൽ മതി എന്ന് തോന്നി അവൾക്ക്. ഒന്നിലും ശ്രെദ്ധിക്കാൻ കഴിയുന്നില്ല.ഇവിടിരിക്കാൻ വയ്യ. വീട്ടിൽ പോകാൻ ലീവ് ചോദിക്കാം. അതും വിചാരിച്ചു അവൾ നടന്നു.
അകത്തേക്ക് വന്ന മാളുവിനെ കണ്ട് ഒരു നിമിഷം ഗൗതം വല്ലാതെ സ്തംഭിച്ചു പോയി. അവളെ എന്തോ വല്ലാതെ ഡിസ്റ്റർബ് ചെയ്യുന്നുണ്ടെന്ന് അവന് തോന്നി.
“Sir എനിക്കെന്തോ ഒരു വയ്യായ്ക. ഞാൻ വീട്ടിലേക്ക് പൊയ്ക്കോട്ടേ. ഇന്നത്തെ എല്ലാ വർക്കും ചെയ്തു തീർത്തിട്ടുണ്ട് .അഡിഷണൽ ആയി എന്തെങ്കിലും ഉണ്ടെങ്കിൽ നാളെ രാവിലെ നേരത്തെ വന്നു ചെയ്യാം.” അവനെ നോക്കാതെ നിലത്തേക്ക് മാത്രം നോക്കി അവൾ പറഞ്ഞൊപ്പിച്ചു .
അവൾ സംസാരിക്കുമ്പോൾ എല്ലാം ഗൗതമിന്റെ കണ്ണുകൾ അവളെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. എന്ത് കൊണ്ടോ അവളുടടെ കലങ്ങിയ കണ്ണുകൾ അവനിൽ വല്ലാത്ത അസ്വസ്ഥത നിറച്ചു. മറിച്ചൊന്നും പറയാതെ അവൻ സമ്മതം മൂളി.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ദർശനു മുൻപിൽ ചായയും ആയി എത്തുമ്പോൾ അവൾ ആദ്യം നോക്കിയത് മനീഷിനെയാണ്. ഒരു വിജയിയുടെ ചിരിയോടെ അവൻ നിൽക്കുന്നുണ്ടായിരുന്നു.
അച്ഛനെ നോക്കിയപ്പോൾ കണ്ണടച്ചു ഒന്നും ഇല്ലെന്ന് കാണിച്ചു. അവൾ മറ്റാരെയും നോക്കാതെ ചായ കൊടുത്തു.
“എനിക്ക് ദർശനോട് സംസാരിക്കാനുണ്ട്.” അവളുടെ വാക്കുകൾ അവിടെ ഇരിക്കുന്നവരുടെ ഭാവം മാറ്റുന്നതറിഞ്ഞു. കൂടുതൽ ഒന്നും പറയാതെ അവൾ പുറത്തേക്ക് നടന്നു. പിന്നാലെ ദർശനും.
വീട്ടിൽ നിന്നും കുറച്ചു അകലെ ആയ ഉടനെ മാളു പറഞ്ഞു തുടങ്ങി. “ഈ വിവാഹം നടക്കില്ല. എനിക്ക് താല്പര്യമില്ല. “
ദർശന്റെ ചിരി കേട്ടിട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്.
“നീ ഇതൊക്കെ തന്നെയേ പറയു എനിക്കറിയാമായിരുന്നു. ഈ കല്യാണം നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ നടക്കും. നിനക്കറിയാല്ലോ ദർശനെ.” അവളെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് അവൻ അകത്തേക്ക് പോയി.
എല്ലാം തീരുമാനിച്ചുറപ്പിച്ച പോലുള്ള അവന്റെ സംസാരത്തിന്റെ ഞെട്ടലിൽ ആയിരുന്നു മാളു.
അൽപ സമയം കൂടി നിന്ന് മനസ്സൊന്നു ശാന്തമായ ശേഷം അകത്തേക്ക് പോയി.
അവളെ കണ്ടപ്പോൾ എല്ലാവരും ഒരു നിമിഷം സംസാരം നിർത്തി. ദർശന്റെ അമ്മ എണീറ്റ് അവളുടെ അടുത്തേക്ക് വന്നു. “മോളെ ഞങ്ങൾക്കിഷ്ടപ്പെട്ടൂ. ഇനി മോളുടെ സമ്മതം കൂടി അറിഞ്ഞാൽ മതി. മോൾക്ക് എതിർപ്പൊന്നും കാണില്ല എന്ന് ദർശൻ പറഞ്ഞു”.
മാളു ദർശനെ കത്തുന്ന ഒരു നോട്ടം നോക്കി. അവൻ അവളെ നോക്കി വല്ലാത്ത ഒരു ചിരി ചിരിച്ചു.
“എനിക്ക് എതിർപ്പുണ്ട്. ഈ വിവാഹത്തിന് എനിക്ക് താല്പര്യമില്ല. എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്”. പറഞ്ഞു നിർത്തിയതും അവളുടെ കവിളിൽ അടി വീണതും ഒന്നിച്ചായിരുന്നു.
തുടരും….