മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
നിനക്ക് ഭയമില്ലേ രുദ്രു.. ബാൽക്കണിയിലെ ചൂരൽ കസേരയിലിരിക്കുമ്പോൾ സഞ്ജു ചോദിച്ചു. രുദ്ര നട്ടുവളർത്തിയ മുല്ലപ്പടർപ്പിൽ നിന്നുമൊരു പൂവ് പൊട്ടിച്ച് അതിന്റെ സുഗന്ധം ആസ്വദിച്ചുകൊണ്ടാണവൻ ചോദിച്ചത്.
അവളിൽ നിന്നും മറുപടി വരാതായപ്പോൾ അവനവളെ തല തിരിച്ചൊന്നു നോക്കി.
പാർക്കിലേക്കാണവളുടെ ശ്രദ്ധ നിലനിൽക്കുന്നതെന്നറിഞ്ഞവൻ അവളുടെ മുടിയിൽ പിടിച്ച് വലിച്ചു.
ആഹ്… പോടാ പട്ടീ തിരിഞ്ഞവൾ അവന്റെ ചുമലിൽ ആഞ്ഞടിച്ചു.
അയ്യോ.. എന്റെ പുറം നീ പള്ളിപ്പറമ്പാക്കിയല്ലോടീ ദുഷ്ടേ..അടിച്ച ഭാഗം അമർത്തി തിരുമ്മിക്കൊണ്ടവൻ ചുണ്ട് കൂർപ്പിച്ചു.
നീയെന്തിനാടാ എന്റെ മുടിയിൽ പിടിച്ച് വലിച്ചത് രുദ്ര ചോദിച്ചു.
ചോദിച്ചതിന് മറുപടി നൽകാതെ സ്വപ്നം കണ്ടിരിക്കുന്ന പിന്നെ എന്ത് ചെയ്യാനാ..
സോറി ടാ രണ്ട് കൈയിലും കാതിൽ വച്ചവൾ പറയുന്നത് കേട്ടവന് ചിരി വന്നു.
നീയെന്താ ചോദിച്ചത് അവൾ ചോദിച്ചു.
നിനക്ക് ഭയമില്ലേയെന്ന്.. അവളെ നോക്കിക്കൊണ്ട് സഞ്ജു ചോദ്യം ആവർത്തിച്ചു.
ഭയം.. കേവലം അതൊരു വികാരം മാത്രമല്ലേ സഞ്ജു. നഷ്ടപ്പെടാൻ കൈമുതലുള്ളവർക്ക് മാത്രം തോന്നാവുന്ന വികാരം. നഷ്ടപ്പെടാൻ മാത്രം വിലമതിച്ചതൊന്നും ഇന്ന് രുദ്രയ്ക്ക് സ്വന്തമായില്ല. കൈവശമുണ്ടായിരുന്ന അമൂല്യമായവ ഒരിക്കലും തിരികെ ലഭിക്കാനിടയില്ലാത്ത വിധം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രുദ്ര ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.. അന്നത്തെ രുദ്രയിൽ നിന്നൊക്കെ ഒരുപാട് മാറിയിരിക്കുന്നു ഇന്നത്തെ രുദ്ര. ഇത് പുതിയ രുദ്രയല്ലേ ഉലയിൽ വച്ച് പഴുപ്പിച്ചെടുത്ത ഇരുമ്പുപോലെ ചുട്ടുപഴുത്തവൾ. രുദ്രയൊരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തുമ്പോൾ സഞ്ജുവിന്റെ മിഴികൾ രുദ്രയുടെ മിഴികളിൽ തെളിഞ്ഞു കത്തുന്ന പുതിയൊരു ഭാവത്തിലായിരുന്നു.
രാത്രിയിലെ കനത്ത നിശബ്ദത രുദ്രയുടെ കഴിഞ്ഞുപോയ പല ജീവിതമുഹൂർത്തങ്ങളും മുൻപിൽ കൊണ്ട് വരുന്നുണ്ടായിരുന്നു. ഓർമ്മിക്കാൻ ഇഷ്ടമല്ലാത്തതുപോലെ അവൾ മിഴികൾ ഇറുകെയടച്ച് തലയണയിലേക്ക് മുഖം പൂഴ്ത്തി.
പിറ്റേന്ന് രാവിലെ സിറ്റൗട്ടിൽ ചായ കുടിച്ചു കൊണ്ടിരിക്കെയാണ് ഒരമ്മയും മകളും ഗേറ്റ് കടന്നെത്തിയത്.
ആരാണെന്ന ചോദ്യമെറിയുന്നതിന് മുൻപേ അവർ സംസാരിച്ചു തുടങ്ങി…
മാഡം.. എന്റെ പേര് സുമലത എന്നാണ്. ഇതെന്റെ മകളാണ് കൃഷ്ണപ്രിയ. മോൾക്ക് ഹൃദയവാൽവ് തകരാറാണ്. അത്യാവശ്യമായി ഓപ്പറേഷൻ നടത്തേണ്ടതുണ്ട്. എന്റെ കൈയിൽ പൈസയൊന്നുമില്ല നിറഞ്ഞൊഴുകിയ മിഴികൾ തുടച്ചു കൊണ്ടവർ തുടർന്നു. എനിക്കെന്റെ മോൾ മാത്രമേയുള്ളൂ. കുറേ ദിവസമായി വീടുകൾ കയറിയിറങ്ങുന്നു. നാട്ടുകാർ പിരിവെടുത്ത് കുറച്ച് തുക സംഘടിപ്പിച്ചു തന്നിട്ടുണ്ട്. എന്നാൽ അതുകൊണ്ട് മാത്രം കൂട്ടിയാൽ കൂടില്ല. എന്റെ മോളെ എനിക്ക് രക്ഷിക്കണം എന്നെ സഹായിക്കണേ മാഡം.
നിങ്ങളുടെ ഭർത്താവ്.. സംശയത്തോടെ രുദ്ര ചോദിച്ചു.
ജീവനോടെയുണ്ട് മാഡം. ജോലിക്ക് പോകുന്ന പൈസ അദ്ദേഹത്തിന് കുടിക്കാനേ തികയുള്ളൂ. വീട്ടിൽ കൂട്ടുകാരോടൊപ്പം ഇരുന്നാണ് കള്ളുകുടി. പ്രായമായ എന്റെ കൊച്ചിനെ ഒറ്റയ്ക്ക് നിർത്തി വരാനുള്ള മനക്കട്ടി ഇല്ലാത്തതുകൊണ്ടാ രോഗം പിടിച്ച കൊച്ചിനെയും കൊണ്ട് നടക്കുന്നത്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത കാലമാ.എന്റെ കൊച്ചിന്റെ മാനം പോയിട്ട് പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ….വിതുമ്പിക്കൊണ്ടവർ പറഞ്ഞു നിർത്തി.
മുൻപിൽ നിൽക്കുന്ന പതിനാറ് വയസ്സോളം പ്രായം തോന്നിക്കുന്ന കുട്ടിയെ രുദ്ര സൂക്ഷിച്ചു നോക്കി. മെലിഞ്ഞ കുട്ടിയാണ്. അലട്ടുന്ന രോഗാവസ്ഥയ്ക്ക് പുറമേ വിഷാദം മുറ്റിയ മിഴികളും.
ഓർമ്മകളുടെ കുത്തൊഴുക്കിൽ കടപുഴകിയെത്തിയ ഏതോ ഓർമ്മകൾ ഞൊടിയിടയിലവൾ ബന്ധിച്ചു.
ശേഷമവരെ സിറ്റൗട്ടിൽ കയറ്റിയിരുത്തി ചായ നൽകി. ചായ ഊതിക്കുടിക്കുമ്പോഴും അവരുടെ മുഖത്ത് വിഷാദം മൊട്ടിട്ടു നിന്നിരുന്നു.
പെട്ടെന്ന് റെഡിയായി വന്ന രുദ്ര അവരെയും വണ്ടിയിൽ കയറ്റി ആശുപത്രിയിലേക്ക് വണ്ടി വിട്ടു. കൈയിലുണ്ടായിരുന്ന രോഗാവസ്ഥയെ സംബന്ധിക്കുന്ന ഫയൽ കാണിക്കുമ്പോഴും ഉടൻ ഓപ്പറേഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുവാൻ പറയുമ്പോഴും അവർ നടന്നതൊന്നും വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു.
അധികo വൈകാതെ ഓപ്പറേഷൻ നടത്താമെന്ന് തീരുമാനിച്ച് അവരോട് യാത്ര പറഞ്ഞിട്ട് ഒരുനിമിഷം രുദ്ര തിരിഞ്ഞുനിന്നു.
ചേച്ചീ.. മോളുടെ രോഗം ഭേദമാകണമെന്ന് ചേച്ചി ആഗ്രഹിച്ചത് അവളെ പൂർണ്ണ ആരോഗ്യത്തോടെ തിരികെ കിട്ടാനല്ലേ.
അതേയെന്നവർ തലയനക്കി.
ഓപ്പറേഷനിലൂടെ അവളുടെ ശരീരത്തിനെ മാത്രമേ ഭേദമാക്കാനാകൂ. അവളുടെ മനസ്സിനെ ശരിയാക്കാനാവില്ല. മകൾ മനസ്സ് തുറന്ന് ചിരിച്ചു കണ്ടിട്ടെത്ര നാളായെന്ന് ചേച്ചി ആലോചിച്ചു നോക്കൂ. തന്റെ അച്ഛന്റെ പ്രായമുള്ളയാൾ ഉപദ്രവിക്കാൻ വന്ന ഷോക്ക് ഇനിയും മോളെ വിട്ട് പോയിട്ടില്ല. രോഗം വന്നാൽ എന്ത് ചെയ്യും ഒന്നുകിൽ മരുന്ന് കഴിക്കും അത് കൊണ്ട് മാറാത്ത രോഗമാണെങ്കിൽ രോഗം വന്ന അവയവം മുറിച്ചു മാറ്റും. ഇത്രയും വർഷം സഹിച്ചില്ലേ. കൂലിപ്പണി ചെയ്തും നിങ്ങളിത്രയും കാലം വളർത്തിക്കൊണ്ടു വന്ന മകളെ തുടർന്നും വളർത്താമെന്ന ഉറപ്പ് നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തെ ബാധിച്ച രോഗത്തെ മൂടോടെ നശിപ്പിക്കാൻ നിങ്ങൾക്ക് കഴിയും നിങ്ങൾക്കേ കഴിയൂ. കാരണം ഒരമ്മയ്ക്ക് മാത്രമേ.. ഒരു സ്ത്രീയ്ക്ക് മാത്രമേ അതിനാകുള്ളൂ. അമ്മയേക്കാൾ വലിയ പോരാളി ലോകത്ത് മറ്റാരുമില്ല ചേച്ചീ….
അവളുടെ വാക്കിലും നോക്കിലും നിറഞ്ഞുനിന്ന ഭാവത്തെ അമ്പരപ്പോടെ നോക്കിക്കൊണ്ട് തലയാട്ടുമ്പോൾ എന്തോ നിശ്ചയിച്ചുറപ്പിച്ച ഭാവം അവരിൽ കൈവന്നിരുന്നു.
പതിനാറ് വയസ്സേ ആയിട്ടുള്ളൂ മോൾക്ക്. ശരീരത്തിനേക്കാൾ ഒരു പെണ്ണിന് വേണ്ടത് മനസ്സിന്റെ പവിത്രതയാണ്. നിന്റെ ഇളം മനസ്സ് കളങ്കം തട്ടിയിട്ടില്ലെന്ന പൂർണ്ണ ബോധ്യം നിനക്കുണ്ടെങ്കിൽ ഉയർത്തെഴുന്നേൽക്കാനും നിനക്കാകും. നിനക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ. ഓപ്പറേഷൻ കഴിഞ്ഞ് തിരികെ ജീവിതത്തിലേക്ക് വരുമ്പോൾ പുതിയൊരു കൃഷ്ണപ്രിയ ആയി വേണം ജീവിതത്തിലേക്ക് പ്രവേശിക്കാൻ. സ്വന്തമെന്ന് പറയാൻ അമ്മയുണ്ട് മോൾക്ക്. സ്ത്രീ എന്നാൽ കണ്ണുനീരൊഴുക്കുന്നവൾ മാത്രമല്ലെന്ന് തെളിയിച്ചു കാണിക്കണം. ഇതിനെയൊക്കെക്കാൾ വലിയ അപകടങ്ങളും അവസ്ഥകളുമൊക്കെ തരണം ചെയ്ത് വന്ന ഒരു പെണ്ണിന്റെ വാക്കുകളായി കരുതിയാൽ മതി. പോട്ടെ..ഞാൻ വരാം യാത്ര പറഞ്ഞ് തിരിഞ്ഞതും രുദ്രയുടെ കൈകളിൽ പിടി വീണിരുന്നു.
താങ്ക്സ് ചേച്ചീ.. കൃഷ്ണയത് പറയുമ്പോൾ വിഷാദം നിറഞ്ഞ മിഴികളിൽ അത് മാറി പ്രത്യാശ തെളിയുന്നത് അവൾക്ക് കാണാൻ കഴിഞ്ഞു.
അധരങ്ങൾ അവളുടെ മൂർദ്ധാവിൽ അമർത്തി ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ രുദ്ര പുറത്തേക്കിറങ്ങി. ചേർത്ത് പിടിക്കാൻ ആളുണ്ടാകുമ്പോൾ.. തളർച്ചകളിൽ ഒരു കൈത്താങ്ങ് മാത്രം മതി പലർക്കും പ്രത്യാശയുടെ പുത്തൻ കിരണങ്ങൾ ആവാഹിച്ച് ഉന്മേഷത്തോടെ ജീവിച്ച് തുടങ്ങുവാൻ.
തിരികെ ഓഫീസിലെത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. ക്യാബിനിലെത്തുമ്പോൾ കണ്ടു ഫയലുകൾ നോക്കുന്ന സഞ്ജുവിനെ. അവനെ ശല്യം ചെയ്യാതെ തന്റെ ക്യാബിനിലെത്തിയവൾ ചെയറിലേക്ക് ചാഞ്ഞു.
ആരോ മുൻപിൽ നിൽക്കുന്നതായി അനുഭവപ്പെട്ടപ്പോൾ അവൾ പെട്ടെന്ന് അടച്ചു വച്ച മിഴികൾ വലിച്ചു തുറന്നു.
മുൻപിൽ നിൽക്കുന്ന സിദ്ധുവിനെ കണ്ടപ്പോൾ എന്താണെന്ന ഭാവത്തിൽ പിരികം ചുളിച്ചു.
എനിക്ക് സംസാരിക്കണം നിന്നോട്. ഇപ്പോൾ തന്നെ. എന്താ നിന്റെ ഭാവം. എന്റെ കണ്മുൻപിൽ തോന്ന്യവാസത്തോടെ ജീവിക്കാൻ ഞാൻ അനുവദിക്കില്ല നിന്നെ. മറ്റന്നാൾ നാട്ടിലേക്ക് പോകുമ്പോൾ നീ ഉണ്ടായിരിക്കണം എന്റെ കൂടെ. മനസ്സിലായല്ലോ ഉറച്ച സ്വരത്തിൽ പറഞ്ഞു കൊണ്ടവൻ വെട്ടിത്തിരിഞ്ഞ് നടന്നു.
ഒന്ന് നിൽക്കണം മിസ്റ്റർ സിദ്ധാർഥ് നാരായൺ. എന്റെ ക്യാബിനിൽ കയറിവന്ന് എന്നോട് തട്ടിക്കയറാൻ തനിക്കാരാ അനുവാദം തന്നത്. ഞാനെങ്ങനെ ജീവിക്കുന്നു എന്നത് സിദ്ധാർഥിനെ ബോധിപ്പിക്കേണ്ട കാര്യമെനിക്കില്ല അതിനുതക്ക ബന്ധവും നമ്മൾ തമ്മിലില്ല. മേലിൽ അനുവാദം കൂടാതെ എന്റെ ക്യാബിനിൽ വന്നു പോകരുത്. ഗെറ്റ് ഔട്ട് കോപം കൊണ്ട് ജ്വലിച്ചു കൊണ്ടവൾ പറഞ്ഞു നിർത്തിയപ്പോഴേക്കും സിദ്ധാർഥ് അവൾക്കരികിലേക്ക് പാഞ്ഞെത്തിയിരുന്നു.
ഒരിക്കൽക്കൂടി പറയെടീ ഞാൻ നിനക്ക് ആരുമില്ലെന്ന്. ഞാൻ താലികെട്ടിയ പെണ്ണാണ് നീ. എന്റെ ഭാര്യ. മേലിൽ നിന്റെ നാവിൽനിന്നും ഞാനത് കേൾക്കരുത്. ആരെക്കാളും നിന്നിൽ അവകാശമുള്ളവൻ തന്നെയാ ഞാൻ. അത് ഞാൻ ഇനിയും തെളിയിക്കണോ. പറയെടീ അവളുടെ ഇരു ചുമലിലും പിടിച്ചു കുലുക്കികൊണ്ടവൻ അലറി.
അലർച്ച കേട്ട് ക്യാബിനിന് പുറത്ത് സ്റ്റാഫ് വന്നുകൂടി. സഞ്ജു അകത്തേക്ക് പാഞ്ഞുകയറിയതും പടക്കം പൊട്ടുന്ന ഒച്ചയോടെ ഉയർന്നുതാഴ്ന്ന അവളുടെ കൈയും കവിളിൽ കൈ വച്ച് നിൽക്കുന്ന സിദ്ധുവിനെയുമാണ് കാണാൻ കഴിഞ്ഞത്.
തന്റെ മുൻപിൽ നിൽക്കുന്നത് സാക്ഷാൽ സംഹാരരുദ്രയാണെന്നവന് ഒരുനിമിഷം തോന്നിപ്പോയി. രുദ്രയുടെ ഇങ്ങനൊരു ഭാവം ആദ്യമായി കണ്ട സഞ്ജുപോലും വിറങ്ങലിച്ചു നിന്നുപോയി.
തുടരും….