കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ അമലിനെ പരിചയപ്പെടുന്നത്. പരിചയം പതിയെ പ്രണയത്തിനു വഴിമാറി. ഒന്നരവർഷത്തേ പ്രണയം എന്റെ വീട്ടിലറിഞ്ഞു……

ശ്രീയേട്ടന്റെ പെണ്ണ്

രചന: അഭിരാമി അഭി

താലി കഴുത്തിൽ മുറുകുമ്പോൾ എനിക്കെന്തോ ശ്വാസം മുട്ടുന്നത് പോലെ തോന്നി.

എന്റെ ഹൃദയമിടുപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടേയിരുന്നു. കരയിൽ പിടിച്ചിട്ട മത്സ്യത്തിന്റെ അവസ്ഥയായിരുന്നു അപ്പോൾ എനിക്ക്.

നെറുകയിൽ സിന്ദൂരച്ചുവപ്പ് പടരുമ്പോൾ ഇനിയൊരു രക്ഷപെടൽ ഉണ്ടാവില്ല എന്ന തിരിച്ചറിവിൽ എന്റെ മിഴികൾ നിറഞ്ഞൊഴുകി.

ശ്രീയേട്ടന്റെ വീട്ടിലേക്കു പോകാൻ നേരം നിറഞ്ഞൊഴുകിയ അമ്മയുടെ കണ്ണുനീരിനെയും ഏട്ടന്റെയും അച്ഛന്റെയും കണ്ണീരൊളിപ്പിച്ചുളള പുഞ്ചിരിയെയും അവഗണിച്ചു

കാറിലേക്ക് കയറുമ്പോൾ സാധാരണ പെൺകുട്ടികളെപോലെ വീട് വിട്ടു പോകുന്ന ഒരുവളുടെ നൊമ്പരമായിരുന്നില്ല എന്നിൽ.

ഒരിക്കലും പൊരുത്തപെടാൻ കഴിയില്ല എന്നറിഞ്ഞിട്ടും എന്റെ ജീവിതം ഈ വിധമാക്കിയ വീട്ടുകാരോടും

ജീവൻ കൊടുത്തു സ്നേഹിച്ചവളെ ചേർത്ത് പിടിക്കാൻ ചങ്കുറപ്പില്ലാതിരുന്ന വനോടുമുള്ള പകയിൽ നീറിപുകയുകയായിരുന്നു ഉള്ളു മുഴുവൻ.

” വിപഞ്ചിക ” എന്ന വീട്ടിലേക്ക് വലതുകാൽ വച്ച് കയറുമ്പോൾ ” ഇനിയെന്ത് ” എന്ന ചോദ്യമായിരുന്നു മനസ്സ് നിറയെ.

പുതുപെണ്ണിനെ കാണാനെത്തിയവരുടെ മുന്നിൽ പുഞ്ചിരിയോടെ നിൽക്കാൻ ഞാൻ നന്നേ ബുദ്ധിമുട്ടി.

” മോള് വന്നൊന്ന് കുളിക്ക്. എന്നിട്ട് ഈ വേഷമൊക്കെ ഒന്നുമാറ്റ്. ”

സ്വർണത്തിന്റെ തൂക്കം നോക്കാൻ മത്സരിക്കുന്ന സ്ത്രീകളുടെ ഇടയിൽ നിന്നും എന്റെ മനസ്സറിഞ്ഞത് പോലെ അമ്മ വിളിച്ചു.

” രാവിലെ മുതൽ ഇങ്ങനെ കെട്ടിയൊരുങ്ങിയുള്ള നിൽപ്പല്ലേ പാവം. നല്ല ക്ഷീണമുണ്ട് അതിന്. ”

മുകളിലേക്ക് നടക്കുമ്പോൾ കേട്ടു അഥിതികൾക്ക് മുഷിച്ചിൽ തോന്നാതിരിക്കാൻ എന്നോണമുള്ള അമ്മയുടെ വാക്കുകൾ.

ഒരു പരിചയവുമില്ലാത്ത ഈ വീട്ടിൽ അമ്മയൊരു വലിയ താങ്ങുതന്നെ യായിരുന്നു.

അമ്മയുടെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുണ്ടായിരുന്നു. നര പാകിയതെങ്കിലും നീണ്ട മുടി പിന്നിൽ ഉരുട്ടി കെട്ടിയിരുന്നു.

നെറ്റിയിലെ ചന്ദനക്കുറിയും സീമന്തരേഖയിലെ സിന്ദൂരച്ചുവപ്പും അമ്മയിൽ ഒരു പ്രത്യേക ഐശ്വര്യമായിരുന്നു.

കുളിച്ചിറങ്ങി കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ ഒരുതരം നിസ്സഗതയായിരുന്നു മനസ്സിൽ.

ടേബിളിലെ ചെറിയ ചെപ്പിൽ നിന്നും വിരൽതുമ്പിലെടുത്ത സിന്ദൂരം നെറുകയിൽ ചാർത്തുമ്പോൾ എന്തുകൊണ്ടോ ഉള്ളൊന്നു പിടഞ്ഞു.

മുറിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ കണ്ടു ചിരിയോടെ കോണിപ്പടികൾ കയറിവരുന്ന അമ്മ.

” മോള് കുളിച്ചോ ”

” എല്ലാരും പോയി ഇനി നമുക്ക് വല്ലതും കഴിക്കാം വാ ”

അമ്മയുടെ പിന്നാലെ ഞാനും താഴെക്കിറങ്ങി. ഊണ് മുറിയിൽ അച്ഛനും ശ്രീയേട്ടനും അനിയൻ ശ്രീകാന്തും കാത്തിരിക്കുന്നുണ്ടായിരുന്നു.

” ആ വാ മോളെ ”

എന്നെ കണ്ടപ്പോൾ ചിരിയോടെ അച്ഛൻ വിളിച്ചു. അച്ഛൻ മി ലിറ്ററിയിൽ നിന്നും വിരമിച്ച ആളാണ്. എപ്പോഴും ചിരിച്ച മുഖമായിരുന്നു അച്ഛനും. ചിരിച്ചു കളിച്ച് അത്താഴം കഴിഞ്ഞു.

“മോളിവിടെ നിക്കുവാണോ?? മുകളിലേക്ക് ചെല്ല് ”

അടുക്കളയിൽ നിന്ന എന്റെ കയ്യിലേക്ക് വെള്ളം നിറച്ച ജഗ്ഗ് വച്ചുതന്നുകൊണ്ട് അമ്മ പറഞ്ഞു. മടിച്ചുമടിച്ച് ഞാൻ മുകളിലേക്കു കയറി. മുകളിൽ എത്തുമ്പോൾ ബെഡിൽ ശ്രീയേട്ടൻ ഉണ്ടായിരുന്നു.

” കേറിവാടോ ”

വാതിൽക്കൽ ശങ്കിച്ചുനിന്ന എന്നെ നോക്കി ചിരിയോടെ ഏട്ടൻ വിളിച്ചു.

” ശ്രീയേട്ടാ എനിക്കൊരു…”

” എനിക്കറിയാം അഞ്ജലി ”

എന്നെ മുഴുമിപ്പിക്കാനനുവധിക്കാതെ ശ്രീയേട്ടൻ പറഞ്ഞുതുടങ്ങി.

” വിവാഹമണ്ഡപം മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ട്. ഞാനുമായോ ഈ വീടുമായോ പൊരുത്തപ്പെടാൻ നിനക്ക് കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം.

പിന്നെ ഈ കണ്ണീരിന്റെ കാരണവും ഞാൻ ചോദിക്കുന്നില്ല. എന്റെ ഭാര്യയാവാൻ എത്ര ടൈം വേണമെങ്കിലും അഞ്ജലിക്കെടുക്കാം. ”

നിറഞ്ഞുതൂവിയ എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് ഏട്ടൻ പതിയെ ബെഡിലേക്ക് ചാഞ്ഞു.

വിപഞ്ചികയിലെ എന്റെ ദിനങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. പതിയെപതിയെ ഞാൻ ശ്രീജിത്തിന്റെ അഞ്ജലിയിലേക്കുള്ള വഴിയേ നടന്നുതുടങ്ങിയിരുന്നു.

പെണ്മക്കൾ ഇല്ലാത്ത ആ വീട്ടിൽ ഞാൻ അച്ഛനും അമ്മയ്ക്കും സ്വന്തം മകളും അനിയന്റെ പ്രീയപ്പെട്ട ഏട്ടത്തിയുമായി കഴിഞ്ഞിരുന്നു.

പക്ഷേ , എനിക്കും ശ്രീയേട്ടനും ഇടയിൽ മാത്രം എപ്പോഴും ഒരകലം ഉണ്ടായിരുന്നു.

അന്ന് ഏട്ടൻ മുറിയിലേക്ക് വരുമ്പോൾ ഞാൻ ബെഡിൽ കിടന്നിരുന്നു. പകലേ ഉണ്ടായിരുന്ന ജലദോഷം നന്നേ കൂടിയിരുന്നു.

ഏട്ടൻ അടുത്ത് വന്ന് നെറ്റിയിൽ വിരൽ ചേർക്കുമ്പോൾ കഠിനമായ പനികൊണ്ട് എന്റെ വരണ്ട ചുണ്ടുകൾ വിറകൊണ്ടിരുന്നു.

ഏട്ടൻ എന്നെ കൈകളിൽ കോരിയെടുക്കുന്നതും കാറിന്റെ പിൻസീറ്റിൽ അമ്മയുടെ മടിയിൽ തലവച്ച് കിടത്തിയതും പാതി മയക്കത്തിൽ ഞാനറിഞ്ഞു.

ബോധം വന്നപ്പോൾ ഹോസ്പിറ്റൽ ബെഡിൽ എന്റെ മുടിയിൽ തലോടിക്കൊണ്ട് അമ്മ അരികിൽതന്നെയുണ്ടായിരുന്നു.

” എങ്ങനുണ്ട് മോളെ ”

ഞാൻ കണ്ണുതുറന്നത് കണ്ട് അമ്മയുടെ ചോദ്യത്തിന് ഞാൻ ഒന്ന് പുഞ്ചിരിച്ചു.

എന്റെ ഉള്ളുനിറയെ അപ്പോൾ ശ്രീയേട്ടന്റെ മുഖമായിരുന്നു. ഇത്ര നാളായിട്ടും ഏട്ടന്റെ നല്ല ഭാര്യയാവാൻ കഴിയാഞ്ഞതോർത്ത് അന്നാദ്യമായി എന്റെ മിഴികൾ നിറഞ്ഞു.

” ശ്രീയേട്ടൻ എവിടെ ?? ”

ഞാൻ അമ്മയെ നോക്കി ചോദിച്ചു.

” അവൻ പുറത്തുണ്ട് ഞാനിപ്പോ പറഞ്ഞുവിടാം ”

പറഞ്ഞുകൊണ്ട് അമ്മ പുറത്തേക് പോയി.

” എങ്ങനുണ്ടിപ്പോൾ?? ”

ചോദിച്ചുകൊണ്ട് ശ്രീയേട്ടൻ മുറിയിലേക്ക് വന്നു.

” കുഴപ്പമില്ല ”

” എന്റടുത്തൊന്നിരിക്കുമോ ??? ”

ആ കണ്ണുകളിലേക്ക് നോക്കിയുള്ള എന്റെ ചോദ്യം കേട്ട് ആളെന്റെ അരികിലായിട്ട് ബെഡിൽ ഇരുന്നു.

കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ അമലിനെ പരിചയപ്പെടുന്നത്. പരിചയം പതിയെ പ്രണയത്തിനു വഴിമാറി. ഒന്നരവർഷത്തേ പ്രണയം എന്റെ വീട്ടിലറിഞ്ഞു.

അച്ഛന്റെയും ഏട്ടന്റെയും എതിർപ്പുകൾക്ക് മുന്നിലും ഞാൻ പിടിച്ചുനിന്നു. പക്ഷേ , ഏട്ടന്റെ ഭീഷണിക്ക് വഴങ്ങിയുള്ള അമലിന്റെ പിന്മാറ്റം എന്നെ തളർത്തിക്കളഞ്ഞു .

ആ സമയത്താണ് ശ്രീയേട്ടന്റെ വിവാഹാലോചന വരുന്നത്. അങ്ങനെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ ഏട്ടന്റെ താലിക്ക് കഴുത്ത് നീട്ടിതന്നത്.

പക്ഷേ , പിന്നീട് ഞാൻ ഏട്ടന്റെ ഭാര്യയാവാൻ മനസ്സുകൊണ്ട് തയ്യാറെടുക്കുക യായിരുന്നു. എന്തുകൊണ്ടോ എനിക്കതിനു കഴിഞ്ഞില്ല.

നിറമിഴികളോടെ ഞാൻ പറഞ്ഞുനിർത്തുമ്പോൾ ശ്രീയേട്ടൻ എന്നെതന്നെ നോക്കിയിരിക്കുകയായിരുന്നു.

” പോട്ടെടോ നിന്നിലൊരു കനലെരിയുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. പതിയെ എല്ലാം കെട്ടടങ്ങട്ടെന്ന് ഞാനും കരുതി. ”

എന്നെ ചേർത്ത് പിടിച്ച് നെറുകയിലെ സിന്ദൂരചുവപ്പിൽ ചുണ്ട് ചേർത്തുകൊണ്ട് ഏട്ടൻ പറഞ്ഞു. മാസങ്ങളായി ഞാനുള്ളിലടക്കിയ കണ്ണീരെല്ലാം ആ നെഞ്ചിൽ പെയ്തിറങ്ങി.

“ഇനി നമുക്കൊന്ന് ജീവിച്ചുതുടങ്ങണ്ടേ??? ”

എന്റെ മുടിയിൽ തഴുകിക്കൊണ്ടുളള ശ്രീയേട്ടന്റെ ചോദ്യത്തിന് ഒരു പുഞ്ചിരിമാത്രമായിരുന്നു എന്റെ മറുപടി.