10 മിനിറ്റ് കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയ സുലൈമാനികക്ക് കണ്ണ് കാണാത്ത വിധം ആ ഹാളിൽ പുക നിറഞ്ഞിരുന്നു..…

എഴുത്ത്:-സൽമാൻ സാലി

നാട്ടിൽ ഫ്രീക്കനായി ചെത്തിനടന്നോണ്ടിരിക്കുമ്പോളാണ് ഒരുദിവസം വാപ്പാന്റെ ഫോൺ വന്നത്..

“” ഇയ്യ് നാളെ മമ്മദ്കാന്റെ പോരേൽ പോണം അവിടെ നിന്റെ വിസ ഉണ്ട്.. നോമ്പിനു മുന്നേ ഇങ്ങോട്ട് കേറിക്കോ.. “”

വാപ്പ ഫോൺ വെച്ചപ്പോൾ കുറച്ചുസമയത്തേക് ചുറ്റിലുമുള്ള ശബ്ദങ്ങളൊന്നും കേൾക്കുന്നില്ല.. കാതിൽ ആകെ ഒരു’ ണീ ” അടിക്കുന്നു.. പടച്ചോനെ പണിപാളിയല്ലോ.. ഈ പെരുന്നാക്ക് പോകാനുള്ള ടൂർ വരെ പ്ലാൻ ചെയ്‌തത…

അങ്ങിനെ നോമ്പിന്റെ തലേനാൾ ഇത്തിഹാദിന്റെ 17F വിന്ഡോ സീറ്റിലിരുന്ന് അബുദാബിയിൽ വന്നിറങ്ങി… നല്ല കരിഞ്ഞുപോകുന്ന ചൂടിൽ പുറത്തിറങ്ങിയ അതെ സ്പീഡിൽ തിരിച്ചങ്ങോട് തന്നെ കയറിയാലോന്ന് വരെ ചിന്തിച്ചു….

എമിഗ്രേഷനും നൂലാമാലകളൊക്കെ കഴിഞ്ഞു പുറത്തിറങ്ങി ഉപ്പാന്റെ കൂടെ റൂമിലെത്തി.. അവിടെ കിടന്നുറങ്ങി… പിറ്റേ ദിവസം തന്നെ ജോലിക്ക് കയറാനും പറഞ്ഞു ജോലി എന്താണെന്നുപോലും അറിയാതെ ഞാൻ കട്ടിലിൽ കിടന്നു ഉരുണ്ടു… എപ്പോയോ ഉറങ്ങിപ്പോയി……

വൈകിട്ട് സുലൈമാനിക്ക വന്നു വിളിച്ചപ്പോഴാണ് ഉറക്കം തെളിഞ്ഞത്…

കുളിച്ചു ഡ്രെസ്സും മാറ്റി പുറത്തിറങ്ങി സുലൈമാനിക്കന്റെ വണ്ടിയിൽ കയറിയപ്പോൾ നല്ല ബിരിയാണി മണം.. നോമ്പാണെങ്കിലും വായിൽ വെള്ളം ഊറി…

ഉപ്പ ഒരു കാറ്ററിങ് കമ്പനിയിലാണെന്നു പറഞ്ഞിരുന്നു അവിടുത്തെ ഡ്രൈവർ ആണ് സുലൈമാനിക്ക.. വാൻ ഒരു വലിയ വീടിനു മുന്നിൽ നിർത്തി പുറത്തിറങ്ങി എന്റെ കയ്യിൽ വലിയ ഒരു തളിക തന്നു ഫോയിലിൽ ചുറ്റിയ ബിരിയാണിയാണെന് മണം അടിച്ചപ്പോൾ അറിഞ്ഞു… അതുമായി ആ വീട്ടിലേക് പോയി.. വലിയ ഒരു ഹാളിൽ കാർപെറ്റ് വിരിച്ചു മനോഹരമാക്കിയിരിക്കുന്നു.. നല്ല മണം അവിടെമാകെ… നിറഞ്ഞു നില്കുന്നു….

എന്റെ കയ്യിൽ നിന്നും തളിക വാങ്ങി ഉള്ളിലേക്ക് നടന്നു സുലൈമാനിക്കയോട് അവിടെ പുകഞ്ഞുകൊണ്ടിരിക്കുന്ന സാദനം ചൂണ്ടി ഞാന് ചോദിച്ചു അതെന്താ സുലൈമാനിക്ക… ? “”അത് ഊദ് “” എന്നും പറഞ്ഞു ഇക്ക അകത്തേക്ക് പോയി….

10 മിനിറ്റ് കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയ സുലൈമാനികക്ക് കണ്ണ് കാണാത്ത വിധം ആ ഹാളിൽ പുക നിറഞ്ഞിരുന്നു… ഒരു വിധം തപ്പിത്തടഞ്ഞു പുറത്തേക്കു വന്ന സുലൈമാനിക്ക കണ്ടത് മുട്ടുകുത്തി ഇരുന്നു ഊദിൽ ശക്തിയായി ഊതുന്ന എന്നെയാണ്…

“” ഇയ്യെന്താ ഹമുക്കേ ഈ കാണിക്കണേ എന്നും ചോദിച്ചു ഷർട്ടിൽ പിടിച്ചു വലിച്ചു പുറത്തേക്കു നടന്നു…

“”നിങ്ങളല്ലേ അത് ഊതാൻ പറഞ്ഞത്…

“” ഹമുക്കേ അത് ഊതാനല്ല… അത് ഊദ് ആണെന്ന പറഞ്ഞത്…..

പടച്ചോനെ പണി പാളിയല്ലോ എന്നോർത്ത് വണ്ടിയിലിരുന്നപ്പോൾ ആ ഹാളിൽ നിന്നും ഊദ് പുകഞ്ഞുകൊണ്ടിരുന്നു…

ഗൾഫിലെ ആദ്യ ദിവസം തന്നെ പുകയാക്കിയ ഞാന് ഒന്നും മിണ്ടാതെ വണ്ടിയിലിരുന്നു…… അപ്പോഴും നെഞ്ചിൽ ആ ഊദ് പുകയുന്നുണ്ടായിരുന്നു….. .

സൽമാൻ ..

ഇത് തള്ള് അല്ല ബായിച്ചിട്ട് ബെല്യ കമന്റ് ഇട്ടോളി ..