ഹെലോ ഞങ്ങളേം കൂടി ഒന്ന് മൈൻഡ് ചെയ്തൂടെ…കാശ് ഞങ്ങളും തരാം.ബസ് ഇറങ്ങിയപ്പോൾ ആവണി കേട്ടതാണ് കവലയിൽ കൂടിനിൽക്കുന്ന ചെക്കൻമാരുടെ കമന്റ്……

_upscale

Story written by JK

ഹെലോ ഞങ്ങളേം കൂടി ഒന്ന് മൈൻഡ് ചെയ്തൂടെ…കാശ് ഞങ്ങളും തരാം..””””

ബസ് ഇറങ്ങിയപ്പോൾ ആവണി കേട്ടതാണ് കവലയിൽ കൂടിനിൽക്കുന്ന ചെക്കൻമാരുടെ കമന്റ്…

അവൾ മറുപടി ഒന്നും പറയാതെ നടന്നകന്നു…

അവൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല കാരണം തെറ്റ് അവളുടെ ഭാഗത്താണ് എന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു…

അച്ഛനും അമ്മയും അവളും അനിയത്തിയും അടങ്ങുന്ന ഒരു കുഞ്ഞു കുടുംബമായിരുന്നു അവളുടേത്….

വളരെ സന്തോഷപൂർവ്വം കഴിഞ്ഞുപോയിരുന്ന ഒരു കുടുംബം…. അച്ഛൻ ചുമട്ടു തൊഴിലാളിയായിരുന്നു.. നന്നായി അധ്വാനിക്കും… അധ്വാനിച്ച് കിട്ടുന്ന പൈസ ഒരു രൂപ പോലും ചെലവാക്കാതെ കൊണ്ടുവന്ന് ഭാര്യക്കും മക്കൾക്കുമായി ചെലവാക്കും അവർക്ക് എന്ത് വേണമെന്ന് പറഞ്ഞാലും അയാൾ വാങ്ങി കൊടുത്തിരുന്നു…

ഒരു അല്ലലും ഇല്ലാതെ ആ കുടുംബം അങ്ങനെ കഴിഞ്ഞു പോയി.. പെട്ടെന്നാണ് ഒരു ദുരന്തം അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നത്..

ലോറിയിൽനിന്ന് ചുമട് ഇറക്കി വെക്കുന്നതിനിടയിൽ അത് ബാലൻസ് തെറ്റി എല്ലാംകൂടി അയാളുടെ മേലേക്ക് മറിഞ്ഞു വീഴുകയായിരുന്നു…

നട്ടെല്ലിന് കാര്യമായ ക്ഷതം പറ്റി അച്ഛൻ കിടപ്പിലായി…

അതോടെ അവരുടെ കുടുംബത്തിന്റെ താളംതെറ്റി…അയാൾക്ക് യാതൊരുവിധ ജോലിക്കും പോകാൻ പറ്റാതെയായി…..

നല്ലൊരു സംഖ്യ ചെലവാക്കി ഒരു ഓപ്പറേഷൻ ചെയ്താൽ എല്ലാം നേരെയാവും എന്ന് ഡോക്ടർ പറഞ്ഞു…

അല്ലെങ്കിൽ ഈ കിടപ്പ് തന്നെ തുടരും അത്രേ അവസാനം വരെ…

അവർക്ക് അത്രയും വലിയ തുക കണ്ടെത്താൻ ഒരു മാർഗവും ഇല്ലായിരുന്നു..

സഹായിക്കാനും ആരുമുണ്ടായിരുന്നില്ല അവർ പരസ്പരം നോക്കി കണ്ണീർവാർത്തു അല്ലാതെ വേറൊന്നും അവർക്ക് കഴിയുമായിരുന്നില്ല…

ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്ന ആവണി യുടെയും എട്ടാം ക്ലാസുകാരി അനിയത്തി ആരതിയുടെയും പഠനം വഴിമുട്ടി…

അടുത്ത വീടുകളിൽ ജോലി ചെയ്തും മറ്റുംഅമ്മ അന്നന്നേക്കുള്ള അന്നത്തിനുള്ള വക കണ്ടെത്തി..

പക്ഷേ അതുകൊണ്ടൊന്നും വീട് മുന്നോട്ടുപോകുമായിരുന്നില്ല പിന്നെയും ഒരുപാട് കടമ്പകൾ ഉണ്ടായിരുന്നു…

അങ്ങനെയാണ് ആവണി ജോലിക്ക് പോകാം എന്ന് തീരുമാനിച്ചത്..

പഠിപ്പിച്ചു മകളെ വലിയ ആളാക്കണം എന്ന് ആഗ്രഹിച്ച അച്ഛനിൽ അവളുടെ ആ തീരുമാനം വലിയ വിഷമമുണ്ടാക്കി…

പക്ഷേ വേറെ വഴിയൊന്നും ഇല്ലാത്തത് കാരണം എല്ലാവരും മൗനം സമ്മതം നൽകി….

അങ്ങനെയാണ് ആ വലിയ ടെക്സ്റ്റൈൽസിൽ സെയിൽസ് ഗേൾ ആയി അവൾ ജോലി നോക്കാൻ തുടങ്ങിയത്….

അതിന്റെ ഓണർ ദേവിക മാഡം വളരെ നല്ല ഒരു സ്ത്രീയായിരുന്നു…

തന്റെ ജോലിക്കാരെ എല്ലാം ഒരു കൂടപ്പിറപ്പിനെ പോലെ അവർ സ്നേഹിച്ചു….

വളരെ പണക്കാരി ആണെങ്കിലും അതിന്റെ യാതൊരുവിധ അഹങ്കാരമൊ കാട്ടിക്കൂട്ടലുകളോ ഒന്നുമില്ലാത്ത ഒരു സ്ത്രീയായിരുന്നു അവർ….

ആവണി യുടെ അവസ്ഥ അറിഞ്ഞ് അവർക്ക് ഒരുപാട് വിഷമം തോന്നി പലരീതിയിലും അവർ ആവണിയെ സഹായിച്ചു….

പലപ്പോഴും അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടു പോകാനായി കുറെ പൈസ വായ്പ വാങ്ങേണ്ടി വന്നിട്ടുണ്ട് അവൾക്ക്..

എങ്കിലും അതൊന്നും നോക്കാതെ ശമ്പളം മുഴുവൻ തീർത്തു കൊടുക്കുമായിരുന്നു ദേവികാ മാഡം…

ദേവിക മേടത്തിന്റെ ഏറ്റവും വലിയ ദുഃഖം കുഞ്ഞുങ്ങളില്ല എന്നതായിരുന്നു… വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷം കഴിഞ്ഞു എന്നിട്ടും ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം അവർക്ക് ഉണ്ടായില്ല അതിലേറെ ദുഃഖിതയായിരുന്നു അവർ…

ഇനി കാണാത്ത ഡോക്ടർമാരോ ചെയ്യാത്ത ചികിത്സയോ ഒന്നുമുണ്ടായിരുന്നില്ല എല്ലാവരും പറഞ്ഞത് ഒന്നുതന്നെയായിരുന്നു…

അവരുടെ ഗർഭപാത്രത്തിന് ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ഉള്ള കഴിവില്ല എന്ന്….

അതുകൊണ്ടുതന്നെ ഒരു വാടക ഗർഭപാത്രം കിട്ടിയാൽ അവരുടെ കുഞ്ഞ് എന്ന മോഹം സഫലമാക്കാൻ കഴിയും എന്ന് ഡോക്ടർ പറഞ്ഞു….

അവർ അതിനായി പറ്റിയ ഒരാളെ അന്വേഷിച്ചു നടക്കുകയായിരുന്നു….

പെട്ടെന്നാണ് ആവണിയുടെ അച്ഛന് വീണ്ടും വയ്യാതായത്….

ഇൻഫെക്ഷൻ ആണ് എന്നും ഓപ്പറേഷൻ എത്രയും പെട്ടെന്ന് ചെയ്യണം എന്നും ഡോക്ടർമാർ പറഞ്ഞു…

വേറെ മാർഗമില്ലാതെ ആവണി തന്നെയാണ് ദേവികയോട് പോയി ചോദിച്ചത്,

അവരുടെ കുഞ്ഞിനെ അവൾ ഗർഭം ധരിക്കാൻ പകരമായി അച്ഛന്റെ ഓപ്പറേഷൻ ഉള്ള പൈസ കൊടുക്കാമോ എന്ന്….

വലിയൊരു തുക ഉണ്ടാകും അത് എന്നറിയാമായിരുന്നു ആവണിക്ക്….

അത്രയും അവർ കൊടുക്കുമോ എന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു…

ദേവിക ആദ്യം സംശയിച്ചു ആവണിയുടെ വിവാഹം പോലും കഴിഞ്ഞിട്ടില്ല ഇങ്ങനെ ഒരു കാര്യം ചെയ്താൽ അവളുടെ ഭാവി അതിനെപ്പറ്റി എല്ലാം ദേവിക അവളോട് പറഞ്ഞു…..

ഒന്നും ആവണിക്ക് പ്രശ്നമായിരുന്നില്ല അവളുടെ അച്ഛന്റെ ജീവൻ ഒഴികെ..

അവൾ എല്ലാം സമ്മതിച്ചു അങ്ങനെ ദേവികയുടെയും ഭർത്താവിന്റെയും കുഞ്ഞിനെ അവൾ സ്വന്തം ഗർഭപാത്രത്തിൽ ചുമന്നു പത്തുമാസം…

അത് കഴിഞ്ഞ് കുഞ്ഞിനെ അവർക്ക് തിരിച്ചു കൊടുത്തു അവൾ വീട്ടിലേക്ക് തിരികെ എത്തി അപ്പോഴേക്കും അച്ഛൻ സുഖംപ്രാപിച്ചിരുന്നു…

പക്ഷേ അവളെ അവർ ഒരു നികൃഷ്ട ജീവിയെ പോലെ കണ്ടു.. വീട്ടിൽ ആരും തന്നെ അവളോട് മിണ്ടാൻ പോയില്ല…

അവർക്ക് വേണ്ടിയാണ് അവൾ ഇതെല്ലാം ചെയ്തത് എന്ന് പറഞ്ഞിട്ടും അവരാരും അത് ഉൾക്കൊള്ളാൻ തയ്യാറായില്ല….

ഇതിലും ഭേദം ഞാൻ ചാവുന്നത് ആയിരുന്നു എന്നുപോലും അച്ഛൻ പറഞ്ഞു അവരെല്ലാം അവളെ ഒറ്റപ്പെടുത്തി….

അവൾക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു…

അവരെ ആരെയും മൈൻഡ് ചെയ്യാതെ ജോലിക്ക് പോകാൻ തുടങ്ങി കാരണം അവളുടെ മനസ്സാക്ഷിയുടെ മുന്നിൽ അവൾ തെറ്റുകാരി അല്ലായിരുന്നു അവൾ ചെയ്തത്ശ രിയായിരുന്നു…

നാട്ടുകാരും അവളെപ്പറ്റി അതുമിതും പറയാൻ തുടങ്ങി…

ഒടുവിൽ അവളുടെ അച്ഛൻ തന്നെ അവളോട് പറഞ്ഞു അവിടെ നിന്നും ഇറങ്ങി പോകാൻ…
കാരണം താഴെ വളർന്നുവരുന്ന ഒരു കുഞ്ഞുണ്ട് എന്നും അവൾ അവിടെ നിൽക്കുന്നത് ആ കുഞ്ഞിന് പോലും ദോഷമാണെന്നും അവർ പറഞ്ഞു….

അത് അവർക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു, അവൾ അവിടെ നിന്നും ഇറങ്ങിപ്പോയി….

ജോലി ചെയ്ത് സ്വന്തമായി വരുമാനമുണ്ടാക്കി ജീവിക്കാമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു അവർക്ക് പക്ഷേ സമൂഹം അവളെ മറ്റൊരു കണ്ണിലൂടെ മാത്രം നോക്കി കണ്ടു വിവാഹത്തിനു മുന്നേ ഗർഭിണിയായവൾ വഴിപിഴച്ചവൾ ഇത് മാത്രമായിരുന്നു അവൾക്ക് എല്ലാവരും ചാർത്തി കൊടുത്ത പേര് അതുകൊണ്ടുതന്നെ ആരും അവളെ അടുപ്പിച്ചില്ല…

ദേവിക മേടത്തിനെ കാണാൻ പോയി… അവൾ പ്രസവിച്ച കുഞ്ഞ് അവളോട് അടുക്കുമോ എന്ന ഭയം അവർക്ക് നന്നായി ഉണ്ടായിരുന്നു…. അതുകൊണ്ട് അവരും അവളെ ഏറ്റെടുക്കാൻ തയ്യാറായില്ല…. കുഞ്ഞിനെയുംകൊണ്ട് അവരും സ്ഥലംവിട്ടു അവൾ ആകെക്കൂടി ഒറ്റപ്പെട്ടു…

ജീവിക്കണം എന്ന മോഹം തന്നെ അവൾക്കില്ലായിരുന്നു…. പക്ഷേ മരിക്കാൻ മനസ്സില്ലായിരുന്നു…

ഒരു തെറ്റും ചെയ്യാതെ പഴികേട്ടതാണു തനിക്ക്…

എവിടേക്ക് പോണം എന്ന് നേരത്തെ വല്ലാതെ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് അവളെ,

ഒരമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… അവർ മെല്ലെ അരികിൽ വന്ന് അവളോട് എല്ലാം തിരക്കി..

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവർ അവളെ നോക്കി മനോഹരമായി ചിരിച്ചു അവരുടെ കൂടെ ചെല്ലാൻ പറഞ്ഞു അവർക്ക് അവരുടെ കൂടെ പോകാൻ തോന്നി….

അവർ അവളെ കൊണ്ടുപോയത് ഒരു ആശ്രമത്തിലേക്ക് ആയിരുന്നു അനാഥരായ കുഞ്ഞുങ്ങളെ തെരുവുകളിൽ നിന്ന് എടുത്തു വളർത്തുന്ന ഒരു ആശ്രമത്തിലേക്ക്… അവിടെ, ലാഭേച്ഛ കൂടാതെ പണി ചെയ്യാമോ എന്ന് അവളോട് അവർ ചോദിച്ചു… അവൾക്കൊരു നൂറുവട്ടം സമ്മതമായിരുന്നു ..

സ്വന്തക്കാരാൽ തിരസ്കരിക്കപ്പെട്ടവൾ സഹായിച്ചവർ പോലും കൈയൊഴിഞ്ഞവൾ….
അവൾ അവിടെയുള്ള ആരോരുമില്ലാത്ത കുഞ്ഞുങ്ങൾക്ക് ആരെല്ലാമോ ആയി….

ആ കുഞ്ഞുങ്ങൾ തിരികെ അവൾക്കും നിഷ്കളങ്കമായ സ്നേഹം അവർ അവൾക്ക് നൽകി …

ഇപ്പോൾ അവൾ പൂർണ സന്തോഷവതിയാണ്…

ഇപ്പോഴുള്ള ജീവിതത്തിൽ സംതൃപ്തയും…..

Leave a Reply

Your email address will not be published. Required fields are marked *