ആത്മസഖി – രചന: GauriLekshmi S
ഡോക്ടറുടെ ഫോൺ റിങ് ചെയ്യുന്നു…സൂസന്ന സിസ്റ്റർ ഫോണെടുത്തു അവനു നേർക്കു നീട്ടി. പരിചയമില്ലാത്ത നമ്പർ ആണ്. ആദ്യമൊന്നു സംശയിച്ചെങ്കിലും അവൻ കാൾ അറ്റൻഡ് ചെയ്തു.
ഹലോ ഹരി ഞാൻ ഗൗരിയാണ്…
ഹരി ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു. കേൾക്കാമോ…?വീണ്ടും അവളുടെ ശബ്ദം.
കേൾക്കാം പറയു…യാന്ത്രികമായി അവൻ പറഞ്ഞു. ഫ്രീയാണോ…?
അല്ല ഒരു സർജറിയുണ്ട്…
പിന്നീട് വിളിക്കാൻ ഒരുപക്ഷേ പറ്റിന്നുവരില്ല. ഒഴിവാക്കുകയാണ് എന്നറിയാം. ബട്ട് ഒരിക്കൽകൂടി ചോദിച്ചില്ല എന്നൊരു കുറ്റബോധം തോന്നരുതല്ലോ. അതാ വിളിച്ചത്…
ഗൗരി പ്ളീസ് ഇങ്ങനൊന്നും പറയരുത്. ഒഴിവാക്കിയതല്ല. നാളെ നിന്റെ നിശ്ചയമാ. അതു നമ്മൾ മറക്കരുത്. ഇത്രയും കാലം നീ എന്റെ പെണ്ണായിരുന്നു. എന്നാൽ നാളെ നീ മറ്റൊരാളുടേതാകുവാ. അതോണ്ടല്ലേ…
അതിനെപ്പറ്റി ചോദിക്കാന് ഞാൻ വിളിച്ചത്. എനിക്കിങ്ങനൊന്നും പറ്റില്യ ഹരി. ഹരിയെയല്ലാതെ മറ്റൊരാളെ എന്റെ ജീവിതത്തിൽ സങ്കൽപ്പിക്കാൻ പോലും ആകില്ല എനിക്ക്. ഹരി പറയൂ, എങ്ങോട്ടു വേണേലും ഞാൻ വരാം. ഇപ്പൊ ഞാൻ പുറത്താ. ഒന്നും വേണ്ട നമുക്ക്. എനിക്ക് ഹരിയോടൊപ്പം ജീവിച്ചാൽ മതി.
അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു…കണ്ണുനീരിന്റെ നിശബ്ദമായ താളം അവന്റെ കാതുകളിലേയ്ക്കും അലയടിച്ചു.
ഗൗരി മതി…പ്ളീസ് തന്റെ അച്ഛനേം അമ്മേം താൻ മറക്കുവാ. അവർക്കല്ലേ തന്നിൽ എന്നേക്കാൾ അവകാശം. അവരെ തൽക്കാലം അനുസരിക്കു. നിശ്ചയം അല്ലെ നാളെ. കല്യാണത്തിന് മുൻപ് അവരെ നമുക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം…പ്ളീസ് കൂടുതലൊന്നും ഇപ്പൊ താൻ ഓർക്കരുത്. എനിക്ക് നിന്റെയൊപ്പം ജീവിക്കണം എന്നുണ്ട്. പക്ഷെ അതാരെയും വേദനിപ്പിച്ചിട്ടാകരുത്. താൻ നാട്ടിലേയ്ക്ക് പോകുവല്ലേ. അധികം വൈകാതെ ഞാനും വരാം. സമാധാനിക്കു ഞാൻ വെയ്ക്കുവാ…തിരക്കുണ്ട്.
അത്രയും പറഞ്ഞു ഹരി കാൾ കട്ടാക്കി. വല്ലാത്ത സങ്കടം തോന്നി ഹരിക്ക്. പാവം അവൾ തന്നെ എത്രത്തോളം സ്നേഹിക്കുന്നു. താനായിട്ടു വലിച്ചിട്ടതാ അവളെ ഈ ബന്ധത്തിലേയ്ക്കു…എന്നിട്ടും…ഹരിയുടെ കണ്ണിൽ അവളെ ആദ്യം കണ്ട കാഴ്ച്ച അപ്പോഴും മാഞ്ഞിരുന്നില്ല…
കോളേജിലേയ്ക്കുള്ള അവളുടെ ആദ്യ വരവ് കണ്ണിലേക്ക് തെളിഞ്ഞുവന്നു. തിളക്കമുള്ള വൈഡൂര്യ കല്ലിന്റെ മൂകുത്തിയും മഞ്ഞൾകുറിയും നല്ല ചുവന്ന ചുരിദാറും മുട്ടോളം നീളമുള്ള മുടിയും മായാത്ത ചിരിയും ഓടിനടന്നുള്ള എല്ലാരോടുമുള്ള ഇടപെടലും…പെട്ടെന്നാണവൾ തന്റെ മനസിൽ മായ്ക്കാനാകാത്ത ഒരാളായി മാറിയത്.
ഇഷ്ടമാണെന്ന് പറഞ്ഞപ്പോ, അച്ഛന് അതൊന്നും അംഗീകരിക്കാനാകില്യ എന്നവൾ പറഞ്ഞതാണ്. ഞാൻ സമ്മതിപ്പിച്ചോളാം എന്നുപറഞ്ഞു പലവട്ടം വാക്കുകൊടുത്തു സമ്മതിപ്പിച്ചു. സെക്കന്റ് ഇയർ ആയപ്പോ ആ ഇഷ്ട്ടം ഒരുപാട് വളർന്നു…ജൂനിയർ ആയിട്ടുകൂടി ഹരി എന്നെ അവൾ വിളിക്കുമായിരുന്നുള്ളൂ.
ഫൈനൽ ഇയർ മെഡിസിന് ഏറ്റവും മാർക് വാങ്ങിയപ്പോ അവൾ സന്തോഷം കൊണ്ട് വാങ്ങിത്തന്ന സമ്മാനം വിലകൂടിയ കല്ലുവെച്ച ഒരു പേനയാണ്. ഇപ്പോഴും ഏതു നല്ലകാര്യത്തിനും അതു വെച്ചിട്ടാണു എഴുതാറ്. അവൾ മറ്റൊരാളുടേതെന്നു സങ്കൽപ്പിക്കാൻ പോലുമാക്കില്ല ഇപ്പോഴും…
പഠിത്തം കഴിഞ്ഞു സ്വന്തം ഹോസ്പിറ്റലിൽ ജോലിക്കു കേറുമ്പോഴും അവളുമായുള്ള കല്യാണമായിരുന്നു മനസ്സിൽ. അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ ഒറ്റമകന്റെ ഏതാഗ്രഹത്തിനും അവരും എതിരല്ലാന്നു പറഞ്ഞു. മനസ്സിലപ്പൊ കിട്ടിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. എല്ലാം തകർന്നടിയാൻ നിമിഷങ്ങൾ മതിയായിരുന്നു.
വാര്യത്തേയ്ക്കു കല്യാണലോചനയുമായി കേറിച്ചെന്നത് ISRO യിലെ സീനിയർ സയന്റിസ്റ്റും ഭാര്യയായ ഡോക്ടറും ആണെന്ന് പോലും നോക്കാതെ ജാതിയുടെ പേരിൽ നടക്കില്ലാന്നുറപ്പിച്ചു പറഞ്ഞു ഗൗരിയുടെ അച്ഛൻ. അന്ന് കരഞ്ഞുകലങ്ങിയ കണ്ണുമായി അകത്തേയ്ക്കോടിയ ഗൗരി പിന്നീട് വിളിക്കുന്നത് പുതിയൊരു ആലോചനയുടെ കാര്യം പറയാനാണ്.
അവളുടെ അച്ഛന്റെ അകന്ന ഒരു ബന്ധുകൂടിയായ ആദർശ്. ആള് വക്കീലാണ്. നടക്കില്ലെന്ന് പറഞ്ഞ അവളെ ഒറ്റമകളാണെന്നു പോലും നോക്കാതെ ഒരുപാടടിച്ചു അവളുടെ അച്ഛൻ. അതും പറഞ്ഞു കരഞ്ഞു വിളിച്ചപ്പോ ഒരിക്കൽകൂടി അവളുടെ അച്ഛനെ പോയി കണ്ടു. ആട്ടിയിറക്കി അയാൾ.
അന്ന് വിളിച്ചിറക്കികൊണ്ടു പോരാൻ തോന്നിയതാ. പക്ഷെ ഒരച്ചന്റെ മനസോർത്തപ്പോ…അവളുടെ എതിർപ്പു കാരണം അവളെ ബാംഗ്ലൂരുള്ള വല്യമ്മയുടെ വീട്ടിലേയ്ക്കു മാറ്റി. തൊട്ടടുത്തുണ്ടായിട്ടും അവളെ കാണാൻ പോലും ശ്രമിച്ചില്ല. പക്ഷെ ഇനി പറ്റില്ല. അവളെ ഇനി വേദനിപ്പിക്കാൻ വയ്യ.
നാളെ നിശ്ചയം നടക്കട്ടെ. കല്യാണം നടക്കണത്തിന് മുൻപ് ഒന്നൂടെ കണ്ടു സംസാരിക്കും. സമ്മതിച്ചില്ലെങ്കിൽ വിളിച്ചിറക്കി കൊണ്ടുപോരും. രാജകുമാരിയായി നോക്കിക്കോളും തന്റെ അമ്മ…അത്രയും ഉറപ്പിച്ചു അവളെ ഒന്നുകൂടി വിളിക്കാൻ തീരുമാനിച്ചു. തിരിച്ചു വിളിച്ചപ്പോ ഔട്ട് ഓഫ് കവറേജ്. അവൾ സങ്കടത്തിലാകും. നാളെ വിളിക്കാം…അവൻ ഫോൺ വെച്ചിട്ട് തീയേറ്ററിലേയ്ക്കു പോയി.
ഗൗരി ബസ് സ്റ്റോപ്പിലായിരുന്നു. ബാംഗ്ലൂരിൽ നിന്നും വൈകീട്ടത്തെ ഫ്ലൈറ്റിന് നാട്ടിലേയ്ക്ക് പോകണം. നിശ്ചയം ആണ് നാളെ പുലർച്ചെ. മറ്റൊരു പുരുഷൻ തന്റെ വിരലിൽ മോതിരം അണിയിക്കും. താൻ വിവാഹത്തിന് സമ്മതിക്കാതിരുന്നിട്ടും കാര്യമില്ല. അച്ഛൻ ആത്‍മഹത്യ ഭീഷണി മുഴക്കിയിരിക്കുകയാണ്.
ഒറ്റ മകൾ. അച്ഛന്റേം അമ്മേടേം എല്ലാ സ്വപ്നങ്ങളും ആണ് ഈ വിവാഹം…പക്ഷെ ഹരിയെ മറക്കാൻ ഈ ജന്മം പറ്റില്ല്യ. കൂട്ടുകാരിയോട് യാത്ര പറയാൻ ഇറങ്ങിയതാണ്. തിരിച്ചു ചെന്നാലുടൻ പാക്കിങ്…പ്രതീക്ഷ അറ്റു പോയിടത്തു നിന്നും ഒന്നുകൂടി ശ്രമിക്കാം എന്നു കരുതി ഇറങ്ങിയതാണവൾ. ഹരിയെ വിളിച്ചതും അതുകൊണ്ടാ…ഇനി ആലോചിക്കാനൊന്നും ഇല്ല.
അവൾ തന്റെ സ്കൂട്ടർ എടുത്തു. പലരും ശ്രദ്ധിച്ചു, തന്നെ. അവരുടെ മുഖത്തേയ്ക്ക് നോക്കാൻ തോന്നിയില്ല. വണ്ടിയെടുക്കുമ്പോൾ പലതും അവളുടെ മനസിലേക്കോടിവന്നു…ആദ്യമായി ഹരിയെ പരിചയപ്പെട്ടത്. അവനുമായി അടുത്ത്. അവന്റെ അമ്മ വന്നു പരിചയപ്പെട്ടത്. വിവാഹമാലോചിച്ചു വന്നത്. ഒക്കെ…
പതിയെ അവൾ വണ്ടിയുടെ ആക്‌സിലറേറ്റർ കൂട്ടി. നല്ല സ്പീഡിൽ വണ്ടിയോടിച്ചു അവൾ പോയി. വണ്ടിയുടെ സ്പീഡ് കൂടി കൂടി വന്നു. മെഡിസിൻ കഴിഞ്ഞു ന്യൂറോളജി പഠിക്കാനുള്ള സ്കോളർഷിപ് കിട്ടിയതു കഴിഞ്ഞ ആഴ്ചയാണ്. അടുത്ത മാസം വിദേശത്തേയ്ക്ക് പോകാം. ലോകത്തിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റിയുടെ കീഴിൽ പഠിക്കാനുള്ള ഗോൾഡൻ ചാൻസ്. എല്ലാം നന്മയ്ക്ക്.
ആദർശിന് അവിടെ ഒരു ബിസിനസ്സ് തുടങ്ങാൻ പ്ലാനുണ്ട്. സോ ഒന്നിച്ചു പോകാമല്ലോ…അമ്മയുടെ ആ പറച്ചിൽ തറച്ചത് തന്റെ സ്വപ്നങ്ങളിലാണ്. എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചതും അതുകൊണ്ടാണ്.
ബൈ ടു മൈ ഡ്രീംസ്…മൈ വേൾഡ്…മൈ പേരേന്റ്‌സ്…ആൻഡ് ഹരി…
കണ്ണുകൾ അവൾ പതിയെ അടച്ചു. കണ്ണീർ തുള്ളികൾ താഴേയ്ക്ക് വീണു. എതിരെ വരുന്ന ലോറിയിലേക്കാനു അവൾ കണ്ണു തുറന്നു നോക്കിയത്. നീണ്ട ഹോണടി ശബ്ദം അവൾ കേട്ടു. പിന്നെ ഒരു ചെറിയ ശബ്ദം വണ്ടി തെറിച്ചു പോകുന്നത് കണ്ടു താൻ വീണോ…റോഡാണ് ചുറ്റും…ചോര കണ്ണിന്റടുത്തേയ്ക്കു ഒഴുകി വന്നു. വല്ലാത്തൊരു മരവിപ്പ്…ആരൊക്കെയോ ഓടി വരുന്നു. തന്നെ നോക്കുന്നു. കണ്ണിന്റെ കാഴ്ച മങ്ങിവരുന്നത് അവൾ മനസിലാക്കി…
അവൾക്കു ചിരി വന്നു…ഈ ലോകത്തോട് മുഴുവൻ പുച്ഛഭാവത്തിൽ ചിരിക്കാൻ തോന്നി…എന്തൊക്കെയോ ശബ്ദം. തന്നെ ആരോ എടുത്തു കിടത്തി. ആംബുലൻസിനകം…നെഞ്ചിൽ വല്ലാത്തൊരു വേദന…കൈ അനക്കാൻ പറ്റുന്നില്ല. ചുറ്റും ചോരയുടെ ഗന്ധം. ഓക്സിജൻ മാസ്‌ക് വെച്ചപ്പോ വേദന കുറഞ്ഞു. അവൾ കണ്ണടച്ചു. കണ്ണിൽ നിറയെ ഹരിയുടെ ചിരിച്ച മുഖം. അമ്മ കരയും…അച്ഛനും സങ്കടമാകും…സാരോല്യ അവസാനമായി ഈ മകൾ തരുന്ന സമ്മാനം…
കണ്ണുകൾ തുറന്നപ്പോ ചുറ്റും ആരൊക്കെയോ ഉണ്ട്. തന്റെ കൈ ആരോ പിടിച്ചിരിക്കുകയാണ്. കണ്ണു തുറക്കാൻ നല്ല പാടുണ്ട്. കയ്യുടെ അരികിലേക്ക് നോക്കിയപ്പോ അച്ഛൻ കരയുകയാണ്. അമ്മ ആകെ തളർന്നു നിൽക്കുന്നു. ഡോക്ടറുടെ വേഷത്തിൽ ഹരി അടുത്തുണ്ട്. കണ്ണൊക്കെ കലങ്ങി തകർന്നു നിൽക്കുകയാണ്. അവനോടു ഒരുപാട് പറയാൻ ഉണ്ടായിരുന്നു. പക്ഷെ കഴിയുന്നില്ല
ദേഹം മുഴുവൻ ആരോ തല്ലി ചതച്ച പോലത്തെ വേദന. നുറുങ്ങുന്ന പോലെ…കണ്ണുകളിലെ കാഴ്ചകൾ മങ്ങുന്ന പോലെ. ശ്വാസം കിട്ടുന്നില്ല. ഹരി തന്റെ നെഞ്ചിൽ കൈ വെച്ചിട്ട് അമർത്തി തരുന്നുണ്ട്. ഓക്സിജന്റെ അളവ് കൂട്ടിയോ. പയ്യെ അവൾ അറിഞ്ഞു എവിടൊക്കെയോ മാഞ്ഞുപോകുന്ന ഓർമകൾ…
മരണം…
ഹരിക്കരികിലേയ്ക്കു അവൾ കൈ നീട്ടി അവനതിൽ പിടിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി…കാഴ്ചകൾ മറഞ്ഞു…ഓർമകളും…അമ്മയുടെ നിലവിളി കേട്ടു. പിന്നീടവൾ ഒന്നും കേട്ടില്ല. അനങ്ങിയില്ല. കൈകൾ താഴേയ്ക്കു വീണുപോയി.
ഹരി എന്തു ചെയ്യണം എന്നറിയാതെ നിലക്കുകയായിരുന്നു. ഇന്നലെ ഓപ്പറേഷൻ തീയേറ്ററിന് വന്നപ്പോൾ ഫോണിൽ ഒരു ഇരുപത് മിസ് കാൾ. ഗൗരി മുൻപ് വിളിച്ച നമ്പറീന്നു. തിരിച്ചുവിളിച്ചു. ഒരു തമിഴനാണ് എടുത്ത്. ആരാണ് ചോദിച്ചപ്പോ ഫോണിന്റെ ഉടമയ്ക്ക് ഒരാക്‌സിഡന്റ പറ്റി എന്നു പറഞ്ഞു
ചങ്കിൽ വല്ലാത്തൊരു മിടിപ്പാണ് തോന്നിയത്. വേഗം ഇങ്ങോട്ടു കൊണ്ടുവരാൻ പറഞ്ഞു. ആംബുലൻസിനായുള്ള നോട്ടമായിരുന്നു പിന്നെ. ദേഹമൊക്കെ തളരുന്ന പോലെ തോന്നി. കുഴപ്പമൊന്നും കാണില്ല എന്നു സ്വയം ആശ്വസിച്ചു. പിന്നെ ആംബുലൻസ് വന്നപ്പോ ഓരോട്ടമായിരുന്നു. അതിനകത്തേയ്ക്കു നോക്കിയപ്പോ ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ ഗൗരി…
താങ്ങാനായില്ല ആ കാഴ്ച. വീഴാതെ പിടിച്ചു നിന്നതെങ്ങനാണെന്നു ഒരു പിടിയുമില്ല. കണ്ടിഷൻ മോശമാണെന്നു അപ്പോഴേ മനസിലായി. അവളുടെ വീട്ടിലൊക്കെ വിളിച്ചു പറയാൻ ഗായത്രി ഡോക്ടറെ ഏൽപ്പിച്ചു. അവൾക്കു സംശയം തോന്നിട്ടാ തന്റെ വീട്ടിലും പറഞ്ഞേ. ICU പിന്നെ വെന്റിലേറ്റർ. അവൾ തിരിച്ചു വരുമെന്ന് പ്രതീക്ഷ ഉണ്ടായത് ബോധം വീണപ്പോഴാ. പക്ഷെ…
അവന്റെ കണ്ണുകളിൽ ഇരുട്ടു വീണു. ഹരീന്നുള്ള അമ്മേടെ വിളിപോലും കേട്ടില്ല. അവൻ വീണു. ട്രിപ്പ് സ്റ്റാണ്ടും അമ്മേടെ കണ്ണീരും ആണ് ഉണർന്നപ്പോ കണ്ടത്. എത്ര നേരം അങ്ങനെ കിടന്നൂന്നറിയില്ല. ഇടയ്ക്കു അവളെ കുറിച്ചുള്ള ഓർമ വന്നപ്പോ അവളെ കൊണ്ടുപോയൊന്നു അമ്മയോട് ചോദിച്ചു. അമ്മ ഒറ്റ കരച്ചിലായിരുന്നു.
അവളെ ഒന്നൂടെ കാണാനാണ് ബിസിനെസ്സ് ക്ലാസ്സ് ടിക്കറ്റുമെടുത്തു നാട്ടിലേയ്ക്ക് പോയത്. അമ്മയും അച്ഛനും താങ്ങിയാണ് ഹരിയെ നിർത്തിയതും. വെള്ള പുതപ്പിൽ പൊതിഞ്ഞ അവളുടെ ശരീരം കണ്ടപ്പോ ഒരു നിമിഷം ചിരിച്ചുകൊണ്ടു ആദ്യം കോളേജിൽ വന്ന രൂപമാണ് ഓരമവന്നത്. അവളുടെ അച്ഛനും അമ്മയും തകർന്നു ഇരിക്കുകയായിരുന്നു.
അമ്മ അവൾ മരിച്ചെപ്പിന്നെ ഒന്നും സംസാരിച്ചിട്ടില്ല. കരയുന്നു ചിരിക്കുന്നുമില്ല. വെള്ളം പോലും അവരാരും ഇറക്കിട്ടില്ല. ഹരി എല്ലാരേയും മാറിമാറി നോക്കി. അവളുടെ ദേഹത്തെങ്ങും ചോരപാടില്ല.
ചിരിച്ചു ചുവന്നപോട്ടു തൊട്ടു വെള്ളതുണിയിൽ പൊതിഞ്ഞു കിടത്തിയ അവളുടെ കാലിലേക്ക് മുഖം പൊത്തി അവൻ കരഞ്ഞു. നിലവിളിക്കുകയായിരുന്നു അവൻ. അവിടെ കൂടിനിന്നവരെല്ലാം ആ കരച്ചിൽ കണ്ടു കൂടെ കരഞ്ഞു പോയി.
ശരീരം എടുത്തു കുഴിമൂടുന്ന വരെ അവൻ അവിടെ തന്നെ ഇരുന്നു. പിന്നെ പതിയെ എണീറ്റു അകത്തു അവൾ ഏറ്റവും സ്നേഹിച്ച അവളുടെ മുറിയിൽ ചെന്നു. ആ വീട് കണ്ടിട്ടില്ലെങ്കിലും അവൾ പറഞ്ഞു ഓരോ കോർണറും അവനു അറിയാമായിരുന്നു. അവിടെ ചെന്ന് ആ കട്ടിലിൽ ഇരുന്നു കുറെ നേരം കരഞ്ഞു.
അമ്മ പോകാൻ വന്നു വിളിക്കുന്നിടം വരെ കരച്ചിൽ നിന്നില്ല. അന്ന് ബാംഗ്ളൂരിലേയ്ക്കു പോയില്ല. നാട്ടിലെ വീട്ടിൽ ചെന്ന് കുളി കഴിഞ്ഞു അവൻ കിടന്നു. ക്ഷീണം കൊണ്ടു പെട്ടെന്നു ഉറങ്ങിപോയത്. ആരും വിളിച്ചുമില്ല
പിറ്റേന്നു അമ്മ വന്നു വിളിച്ചു കണ്ണു തുറന്നപ്പോ ഉച്ചയായി. അവന്റെ കണ്ണെല്ലാം വീങ്ങി വീർത്തിരുന്നു. അവൻ ഒന്നു കുളിച്ചു. പിന്നെ അമ്മ കഴിക്കാൻ നിർബന്ധിച്ചപ്പോ ഒരു ഇഡലി കഴിച്ചുന്നു വരുത്തി. അമ്മേ നമുക്ക് തിരികെ പോകാം…എന്നാണവൻ പിന്നീടാകെ സംസാരിച്ചത്. അവർ അന്നത്തെ ഫ്ലൈറ്റിന് തന്നെ തിരികെ ബാംഗ്ളൂരിയ്ക്കു പോയി.
ഗൗരിയുടെ വീട്ടിലെ ചടങ്ങുകളെല്ലാം പതിനാറ് ദിവസം കൊണ്ട് തീർന്നു. ആളുകളൊഴിഞ്ഞ ആ വീട്ടിൽ മാധവ വാര്യരും ശാരദയും മാത്രമായി. ശാരദ ഒന്നും മിണ്ടിയില്ല. ഗൗരി മരിച്ചപ്പോൾ മോളേന്നു ഒറ്റ അലർച്ച മാത്രം അതായിരുന്നു അവസാനം അവർ സംസാരിച്ചത്. പിന്നെ ഇന്നീ നിമിഷം വരെ ഒന്നും മിണ്ടിയിട്ടില്ല.
മാധവ വാര്യരെ കാണാൻ ഇടയ്ക്കിടെ ചേട്ടൻ വരുന്നുണ്ടായിരുന്നു. അവൾ ഒരു അന്യ ജാതിക്കാരനുമായി ഇഷ്ടത്തിലാണെന്നറിഞ്ഞപ്പോ വല്ലാത്ത ദേഷ്യം തോന്നി. അന്ന് അവളെ കുറ്റപെടുത്താനും ശിക്ഷിക്കാനും നിന്നവരെല്ലാം ഇപ്പൊ അവരവരുടെ കാര്യം നോക്കി പോയി. ഇപ്പൊ നമ്മൾ മാത്രയി. താനൂടെ ഇങ്ങനെ എന്നെ ശിക്ഷിക്കല്ലേടോ. ആരുമില്ല എനിക്ക്. താൻ എന്നോടെന്തേലുമൊന്നു മിണ്ട്…
ശാരദയോടതു പറയുന്നത് കെട്ടുണ്ടാണ് മാധവ വാര്യരുടെ ചേട്ടൻ കയറിച്ചെന്നത്. നീ ഇങ്ങനെ തളരാതെ. നീ കൂടെ തളർന്നാൽ ഇവൾ പിന്നെ എങ്ങനാ ഒന്നു റെക്കവർ ആകുന്നേ. ആദ്യം ഇവളെ ഒരു ഡോക്ടറെ കാണിക്കു. ഇതൊക്കെ ആ ചെക്കന്റെ ശാപാണെന്നാ തോന്നണെ. അന്നാ പയ്യന്റെ കരച്ചിൽ കണ്ടപ്പോ ഞാനുൾപ്പടെ കരഞ്ഞുപോയി. കഷ്ട്ടം
ഒന്നും പറയാനില്ലാത്തോണ്ടാ അവനോടു ഒന്നും മിണ്ടാഞ്ഞത്. അന്നതങ്ങു സമ്മതിച്ചിരുന്നേൽ ഇന്ന് നമ്മുടെ കൊച്ചു ജീവനോടെങ്കിലും കണ്ടെനേ…മാധവ വാര്യരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ചേട്ടനിരിക്കു. ഞാൻ കുടിക്കാനെന്തേലുമെടുക്കാം…വേണ്ട മാധവാ. ഞാൻ നാളെ സൗദിക്ക് പോകുവാ. അച്ചൂന്റെ പെണ്ണിന് വയ്യാണ്ടിരിക്കുവാ. മീനാക്ഷി അവിടെ വേണം. അവൾ കൂടെ പോയാൽ ഒറ്റയ്ക്കിവിടെ ഞാനെന്തു ചെയ്യാനാ. ഞങ്ങൾ അങ്ങു പോകുവാ. അതു പറയാനാ വന്നേ.
നീ ഒരു ഹോം നഴ്‌സിനെ വെയ്ക്കണം. ശാരദ ഈ അവസ്ഥയിൽ എന്തു ചെയ്യാനാ…മാധവ വാര്യർ അയാളെ കുറച്ചു നേരം നോക്കി നിന്നു. പിന്നെ പറഞ്ഞു, ചേട്ടനും പോകുവാണല്ലേ…ആയിക്കോളൂ. എടാ അല്ലാണ്ട് എനിക്കൊന്നും ചെയ്യാനില്ല. ഞാൻ ഇവിടെ…
മതി ഏട്ടാ, ഏട്ടൻ ചെല്ലു എനിക്കൽപ്പം കിടക്കണം. എനിക്കും ഇവർക്കും ആരും വേണ്ട. മുൻപ് ഏട്ടൻ പറഞ്ഞപോലെ ആ ഹരിയുടെ ശാപമാകും ഇത്…ന്റെ പൊന്നുമോളുടെ കണ്ണീരിന്റെ ശാപം. നിങ്ങളുടെ ഒക്കെ വാക്കുകെട്ടു ചില്ലറയല്ല അവളെ ഞാൻ വേദനിപ്പിച്ചത്. എല്ലാം ഇങ്ങനായിത്തീർന്നു. ഇപ്പൊ ഞാനും ദ ഇവളും ഒറ്റയ്ക്കായി. മതി…അയാൾ ഒന്നും പറയാതെ ഇറങ്ങിപ്പോയി. മാധവ വാര്യർ തകർന്നു പടിക്കൽ നിന്നു.
ഹോസ്പിറ്റലിൽ വീണ്ടും പോയി തുടങ്ങിയിട്ടും ഹരിക്ക് ജോലിയിൽ ശ്രദ്ധിക്കാനായില്ല. ഗൗരിയുടെ മുഖം മനസു നിറഞ്ഞു നിൽക്കുകയാണ്. മറക്കാൻ പോയിട്ടു ഒരു നിമിഷം വരെ ചിന്തിക്കാൻ പോലും ആകുന്നില്ല. അവൻ അന്ന് നേരത്തെ വീട്ടിലേയ്ക്കു പോയി.
ആ വീടും ഏകദേശം മരിച്ചതുപോലെയായിരുന്നു. ഓടിനടന്നു കിന്നാരം പറഞ്ഞു നടന്ന തന്റെ മോൻ ചിരിക്കണതുപോലും കാണാതായപ്പോ തകർന്നുപോയ ഒരഛനും അമ്മയും അവിടെയുമുണ്ടായിരുന്നു. അവന്റെ കാറിന്റെ ശബ്ദം കേട്ടപ്പോൾ അവർ ഇറങ്ങി ചെന്നു. അവൻ ഒന്നും മിണ്ടാതെ മുറിയിലേയ്ക്ക് പോയി. കുളി കഴിഞ്ഞു വന്നപ്പോൾ അവർ അവനു ചായ കൊടുത്തു.
അമ്മേ അച്ഛൻ വന്നില്ലേ…? അവൻ ചോദിച്ചു. മുറീലുണ്ട് വിളിക്കാംടാ…അവർ വിശ്വനാഥനെ വിളിച്ചു. അയാൾ ഇറങ്ങിവന്നപ്പോൾ അവൻ പറഞ്ഞു.
രണ്ടാളോടും കൂടിയാ ഞാൻ ചോദിക്കണെ. എന്റെ ഗൗരി ഞാൻ കാരണമാ ഇല്ലാണ്ടായത്. അവളുടെ അച്ഛനും അമ്മയും ഞാൻ കാരണം അനാഥരായി. ഒരു താലി കെട്ടിയില്ലെങ്കിലും അവൾ എന്റെ പെണ്ണാ…സോ അവരെ നോക്കാനുള്ള കടമ എനിക്കാണ്. ഞാൻ നാട്ടിലേയ്ക്ക് പോയി അവരെ ഒന്നു കാണട്ടെ. അവർക്ക് ആവശ്യമുള്ളതൊക്കെ ചെയ്തുകൊടുക്കട്ടെ. കൂടെ നിൽക്കുമോ നിങ്ങൾ…
അവർ പരസ്പരം നോക്കി. നിന്റെ തീരുമാനം എന്താണോ അതു ചെയ്യുക. വിശ്വനാഥൻ പറഞ്ഞു. നീ താലികെട്ടി കൊണ്ടു വന്നിരുന്നേൽ ഇന്നു ഞങ്ങളുടെ കൂടെ മകളായേനെ അവൾ. അല്ലേലും ഞങ്ങളുടെ മരുമകളുടെ സ്ഥാനത്തു അവളെ ഞങ്ങൾ കണ്ടുപോയി. അവർക്ക് സമ്മതാണെങ്കിൽ അവർക്ക് എന്തു ആവശ്യം ഉണ്ടേലും നമുക്കത് ചെയ്യാം.
എങ്കിൽ നാളെ ഞാൻ നാട്ടിലേയ്ക്ക് പോകുവാ…
പിറ്റേന്ന് പുലർച്ചയുള്ള ഫ്ലൈറ്റിന് അവൻ നാട്ടിലെത്തി. ഗൗരിയുടെ വീട്ടിൽ ചെന്ന് വാതിലിൽ തട്ടിയപ്പോൾ ആക്കെ ക്ഷീണിച്ചു തകർന്നുപോയ ഒരച്ഛനെ അവൻ കണ്ടു. അയാൾ കുറച്ചുനേരം അവനെ നോക്കി നിന്നു. പിന്നെ അകത്തേയ്ക്കു വിളിച്ചു. അവൻ ശാരദയെയും കണ്ടു. പിന്നെ അവരുടെ അടുത്തിരുന്നു അമ്മേന്നു വിളിച്ചു. മറുപടി വന്നില്ലേലും രണ്ടുതുള്ളി കണ്ണീർ അവന്റെ കയ്യിലേക്ക് വീണു.
എല്ലാം വിധിയാണ്. ഇവിടിപ്പോ ആരുണ്ട്
സഹായത്തിനു…അവൻ ചോദിച്ചു. ഞാനും ഇവളും അല്ലാണ്ടാരാ…മാധവ വാര്യർ പറഞ്ഞു. ആ സ്വരം ഇടറുന്നുണ്ടായിരുന്നു. നിന്നോട് ചെയ്‌തേനൊക്കെ അനുഭവിച്ചു തീർക്കെണ്ടേ…
അങ്ങനൊന്നുമില്ല. ഒരു താലികെട്ടിയില്ലെന്നേയുള്ളൂ. ഗൗരി എന്റെ പെണ്ണാ. അവളുടെ അച്ഛനും അമ്മയും എന്റേതു കൂടെയാണ്. ആരുമില്ലാതെ നിങ്ങൾ ഒറ്റയ്ക്കാകില്ല. അമ്മയെ നല്ലൊരു സൈക്കോളജിസ്റ്റിനെ കാണിക്കണം. നല്ല ട്രീട്മെന്റ് കൊടുക്കണം. ഒപ്പം അച്ഛനും നല്ലൊരു ഡോക്ടറെ കാണണം. മരുന്നു കഴിക്കണം. ഷുഗർ ഉള്ളതല്ലേ. ഞാനുണ്ട് നിങ്ങളുടെ കൂടെ. ഇനി എന്നും…
മോനെ പറയുന്നതുകൊണ്ടു ഒന്നും കരുതരുത്. നീ ചെറുപ്പമാണ്. നിനക്കിനിയും ഒരു ജീവിതം ഉള്ളതാണ്. മറ്റൊരു പെണ്കുട്ടി നിന്റെ ജീവിതത്തിൽ വരും. അന്ന് ഞങ്ങൾ നിനക്കൊരു ബാദ്ധ്യതയാകും. നീ എല്ലാം മറന്നേയ്ക്കു. ഇതു ഞാനും അവളും ക്ഷണിച്ചു വരുത്തിയതാ. അനുഭവിക്കണം. എന്നും വാര്യത്തെ അമ്പലത്തിൽ കുളിച്ചു വിളക്ക് കൊളുത്തണം എനിക്ക്. എല്ലാം അവിടെ സമർപ്പിക്കണം. നല്ലൊരു ജീവിതം നിനക്കുണ്ടാകാൻ ഞാനും പ്രാർത്ഥിക്കാം…
ഇനി മറ്റൊരു ജീവിതം എനിക്കുണ്ടാകില്ല. അവൾക്ക് വല്യ മോഹായിരുന്നു അച്ഛനേം അമ്മയെയും നന്നായി നോക്കണം എന്നു. അവളുടെ ആഗ്രഹങ്ങൾ ഞാനായിട്ട് നടത്തും. അവളുടെ ഭർത്താവായിട്ടു ഇനി ഞാൻ ജീവിക്കും. അതുകൊണ്ടാണ് ആദ്യം അവളോടൊപ്പം പോകാമെന്ന് വെച്ചിട്ടും വേണ്ടാന്നു വെച്ചു നിന്നതു. അവളുടെ ആഗ്രഹങ്ങൾ എല്ലാം ഞാനായിട്ട് നടത്തും. അവളുടെ സ്ഥാനത്തു നിന്നു അവളുടെ കടമകളെല്ലാം ഞാൻ നടത്തും. അത്രയും പറഞ്ഞു അവൻ അവളുടെ മുറിയിലേയ്ക്കു പോയി.
ആ മുറിയുടെ ഓരോ ചുവരിലെ അവളുടെ ചിത്രങ്ങൾ നിറഞ്ഞിരുന്നു. ആ കിടക്കയിൽ മുഖം അമർത്തി അവൻ കിടന്നു. അവൾ അരികിൽ വന്നു പതിയെ മുടിയിൽ തലോടുന്നപോലെ തോന്നി…പതിയെ ഉറങ്ങിത്തുടങ്ങി.
അപ്പോഴും മറ്റൊരു ലോകത്തു നിന്നൊരു പുതിയ നക്ഷത്രം കണ്ണുചിമ്മുന്നുണ്ടായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ അവന്റെ പാതിയായി പിറക്കുവാൻ…
*** ശുഭം ***
തുടർകഥകൾ എഴുതിതുടങ്ങുന്നതിനൊരുപാട് മുൻപേ എഴുതിയ ഒരു കഥയാണ്. ആശയം ഒരുപാട് പഴയതാണെന്നറിയാം. എങ്കിലും, പ്രണയം നഷ്ടപ്പെടുമ്പോൾ തേപ്പെന്നും മറ്റും പറഞ്ഞു പരസ്പരം ചെളി വാരി എറിയുന്നവരും പെട്രോളിലും മണ്ണെണ്ണയിലും പാതിയായി കരുതിയിരുന്നവരുടെ ജീവിതം ഇല്ലാതാക്കുന്നവരും ഇങ്ങനെയും ഒരു ജീവിതമുണ്ടെന്നറിയണം എന്നു തോന്നി…..ഇഷ്ടമായാലും ഇല്ലെങ്കിലും ഒരുവാക്കു എനിക്കായി കുറിക്കുക. – സസ്നേഹം ഗൗരി..