കൂട്ടുകാ൪
എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി
നീ രുചി റെസ്റ്റോറന്റിൽ പോയിട്ടുണ്ടോ..? എന്തൊരു രുചിയാടാ അവിടുത്തെ പറോട്ടയും ചിക്കൻ കറിയും…
ജിജോ അങ്ങനെയാണ്. എവിടെച്ചെന്നാലും അവിടുത്തെ ആഹാരത്തിന്റെ രുചിയാണ് അവന്റെ നാവിൽ എന്നും തങ്ങിനിൽക്കുന്നത്. എന്തുപറഞ്ഞ് തുടങ്ങിയാലും അത് ഭക്ഷണത്തിലേ അവസാനിക്കുകയും ഉള്ളൂ.. കലക്ട്രേറ്റിൽ ഓഫീസറാണ് ജിജോ. ഭാര്യ സിതാര ടീച്ചറാണ്. രണ്ട് പിള്ളേരുണ്ട്.
അവർ ആറ് സുഹൃത്തുക്കളും അവരുടെ ഭാര്യമാരും മക്കളും മൂന്നാറിൽ ടൂർ പോയതായിരുന്നു. എല്ലാവർഷവും ഉള്ളതാണ് ഈ പരിപാടി. പഠിച്ചത് ഏകദേശം ഒരേ സമയത്ത്, ജോലി ലഭിച്ചത് ഏകദേശം ഒരേ സമയത്ത്, വിവാഹം കഴിഞ്ഞതും ഒരേ സമയത്ത്, മക്കൾ ഉണ്ടായതും ഏതാണ്ട് ഒരേ സമയങ്ങളിൽ..
അങ്ങനെ അവർ യാദൃച്ഛികമായി ഒത്തുചേർന്നവരാണ്. അവരുടെ കഥകളിലൊക്കെ ഒരുപാട് സാമ്യത ഉള്ളതുകൊണ്ടുതന്നെ പെട്ടെന്ന് അവരങ്ങ് കൂട്ടായി. നഗരത്തിൽ ഉയർന്നുവന്ന ഫ്ലാറ്റുകളിൽ ആറെണ്ണം അടുത്തടുത്തായി അവർ വാങ്ങുകയും ചെയ്തു. അതുകൊണ്ട് അവരുടെ ഭാര്യമാരും സുഹൃത്തുക്കളായി. മക്കളും സുഹൃത്തുക്കളായി. പൊതുവേ നല്ലൊരു അന്തരീക്ഷം അവരുടെ ഇടയിൽ എപ്പോഴും ഉണ്ട്.
ജിജോ, നീ സുഹാസിന്റെ അച്ഛന്റെ വീട്ടിൽ പോയപ്പോൾ കണ്ടിരുന്നോ..? എന്തൊരു നീറ്റായാണ് അവർ ആ വീട് സൂക്ഷിക്കുന്നത്…
അത് പ്രമോദ് ആണ്. അവന് ബാങ്കിലാണ് ജോലി. എവിടെപ്പോയാലും വൃത്തിയോടെ നടക്കുന്ന ആളുകൾ, സ്ഥലങ്ങൾ ഒക്കെ പ്രമോദ് നോക്കിവെക്കും. പിന്നീട് പോകാൻ അവസരം വരുമ്പോഴും അത്തരം സ്ഥലങ്ങളിൽമാത്രം പോകാനാണ് പ്രമോദിന് താൽപര്യം. ഭാര്യയും മക്കളും ഒക്കെ വൃത്തിയോടെ നടന്നില്ലെങ്കിൽ വളരെ കണിശമായി ശാസിക്കുന്നവനാണ് പ്രമോദ്. ഭാര്യ നീന ഡാൻസറാണ്. സ്വന്തമായി ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. മകൾ അപ൪ണ അഞ്ചിലാണ്.
പ്രമോദിന്റെ അതിരുകടന്ന ശുചിത്വബോധം കാരണം കൂട്ടുകാരുടെ ഇടയിൽ അവനൊരു ഇരട്ടപ്പേരുണ്ട് ‘നമ്പൂരി’.
ദാ, വന്നല്ലോ നമ്മടെ നമ്പൂരി.. ഇജ്ജ് ഇങ്ങട് ഇത്തിരി മാറി നിന്നള..
സൗരവ് പ്രമോദിനെ ഒന്ന് ചൊറിഞ്ഞുകൊണ്ട് ഭാര്യയോട് പറഞ്ഞു. കൂട്ടത്തിൽ ഏറ്റവുമധികം തമാശ പറയുന്നത് സൗരവാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും ഇടയ്ക്കിടെ അവന്റെ കൈയ്യിൽ നിന്നും ചില തട്ടും തലോടലു മൊക്കെ കിട്ടും. സൗരവ് റെവന്യൂ ഡിപ്പാർട്ട്മെന്റിലാണ്. ഭാര്യ ഷൈമ വീട്ടമ്മയാണ്. ഷൈമയാണ് കൂട്ടത്തിൽ ഏറ്റവും സുന്ദരി. അവൾക്ക് എപ്പോഴും ഫാഷനായി നടക്കുക എന്നത് വളരെ നിർബ്ബന്ധമുള്ള കാര്യമാണ്. അതിന്റെ പേരിൽ സൗരവ് എപ്പോഴും അവളുമായി വഴക്കുമാണ്. കിട്ടുന്ന ശമ്പളത്തിൽ പാതിയും അവളുടെ മേയ്ക്കപ്പ് സാധനങ്ങൾ വാങ്ങാനേയുള്ളൂ എന്നതാണ് അവന്റെ പ്രധാന പരാതി. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള കുടുംബത്തിൽ നിന്നും വന്നതുകൊണ്ടുതന്നെ അവളുടെ ആഗ്രഹങ്ങൾ നിവർത്തിച്ചു കൊടുക്കാഞ്ഞാൽ അവളുടെ കണ്ണുനിറയുന്നത് കാണേണ്ടിവരും എന്നതുകൊണ്ട് സൗരവിന് മറുത്തൊന്നും പറയാനും പറ്റുകയില്ല.
വല്ലപ്പോഴും വായ തുറക്കുന്നയാൾ നിധിനാണ്. പക്ഷേ അവൻ പറഞ്ഞാൽ ഇരിപ്പതായിരിക്കും എന്ന് എല്ലാവർക്കും അറിയാം. മറ്റൊരാൾ ഗൗരീശങ്കരാണ്. ശങ്കരന് ആകെ ഒരു ബലഹീനതയേ ഉള്ളൂ.. ഉത്സവങ്ങൾ. എവിടെ ചെണ്ടപ്പുറത്ത് കോലുവീഴുന്നുണ്ടെങ്കിലും, ആന ഉണ്ടെങ്കിലും ഗൗരീശങ്കർ അവിടെയെത്തും. കൂട്ടുകാരെല്ലാം ഒത്തൊരുമിച്ചിരിക്കുമ്പോൾ ഗൗരീശങ്കറിന് പ്രധാനമായും സംസാരിക്കാനുള്ളത് നാട്ടിലെ പലപല ക്ഷേത്രങ്ങളിൽ ഉത്സവത്തിനുപോയ കഥകളായിരിക്കും.
ശങ്കരാ, ഈപ്രാവശ്യം കാവിലെ ഉത്സവത്തിന് ആന വിരണ്ടു എന്ന് കേട്ടല്ലോ..
എന്നൊന്ന് തുടങ്ങിക്കൊടുക്കുകയേ വേണ്ടൂ.. പിന്നീട് രണ്ടുമണിക്കൂർ നേരത്തേക്ക് ഗൗരീശങ്കർ ആ കഥകളൊക്കെ നിർത്താതെ പറയും. അയാളുടെ തലയാട്ടിക്കൊണ്ടും ചിരിച്ചുകൊണ്ടും കൈകളാൽ മുദ്രകൾ കാണിച്ചുകൊണ്ടുമുള്ള രസിച്ച വർത്തമാനം എല്ലാവർക്കും ഇഷ്ടവുമാണ്.
കൂട്ടത്തിൽ ഇത്തിരി മയത്തിൽ ഇരിക്കുന്ന ഒരേ ഒരാൾ സുഹാസാണ്. എഞ്ചിനീയറാണ്. എല്ലാറ്റിലുമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, പക്ഷേ സ്വന്തമായി ഒരു അഭിപ്രായം പറയുകയോ എന്തിനെങ്കിലും വാശി പിടിക്കുകയോ ചെയ്യുന്നതായി ആരും ഇതുവരെ കണ്ടിട്ടില്ല. ഭാര്യ സുധർമയും അങ്ങനെതന്നെയാണ്. എപ്പോഴും ചിരിച്ചുകൊണ്ടും എല്ലാവരെയും ശ്രദ്ധിച്ചുകൊണ്ടും എല്ലാവരുടെ കൂട്ടത്തിൽ കൂടിയും അവരങ്ങനെ നിറഞ്ഞുനിൽക്കുകയും ചെയ്യും.
പതിവുപോലെ മൂന്നുദിവസത്തേക്കാണ് അവ൪ മൂന്നാറിൽ എത്തിയത്. രണ്ടുദിവസം ചിരിയും കളിയുമായി അങ്ങനെ കുട്ടികളോടൊപ്പം എല്ലാവരും രസിച്ചുകഴിഞ്ഞു. മൂന്നാംദിവസം മടങ്ങുന്നതിന് തൊട്ടുമുമ്പായി എല്ലാവരും വട്ടത്തിലിരുന്ന് ഓരോ കാര്യം പറഞ്ഞു ചിരിക്കുകയായിരുന്നു. പെട്ടെന്ന് സൗരവ് ഷൈമയോട് എന്തിനോ ദേഷ്യപ്പെട്ടു. അത്രനേരവും ഉണ്ടായിരുന്ന രസങ്ങളൊക്കെ പെട്ടെന്ന് മാറി. എല്ലാവരും ഗൗരവത്തിലായി. ഷൈമയുടെ മുഖം വല്ലാതെ മാറി.
തന്നെ സൗരവ് ദേഷ്യപ്പെട്ടതിൽ ആയിരുന്നില്ല അവൾക്ക് പരിഭവം, എല്ലാവരും അത് കേട്ടതിലായിരുന്നു. പെട്ടെന്ന് ജിജോ പറഞ്ഞു:
സൗരവേ, നിനക്കിത് വീട്ടിൽവെച്ച് പറഞ്ഞാൽപ്പോരേ..? എല്ലാ പ്രാവശ്യവും ടൂർ പോയാൽ നിനക്കുള്ള പരിപാടിയാണിത്.. എല്ലാവരുടെ മുന്നിലുംവെച്ച് ഷൈമയെ കൊച്ചാക്കുന്ന പരിപാടി…
അല്ല ജിജോ.. ഞാൻ എന്താ പറഞ്ഞത് എന്നുവെച്ചാൽ…
നീ ഒന്നും പറയണ്ട..
പ്രമോദ് എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
നമുക്ക് പുറപ്പെടാം… എല്ലാവരും പെട്ടെന്നുതന്നെ വാഹനത്തിലേക്ക് കയറി. കുട്ടികളെ എല്ലാവരും സുരക്ഷിതരായി വാഹനത്തിലേക്ക് കയറ്റി. അവരുടെ മുഖം മ്ലാനമായിരുന്നു. ഇത്രയുംനേരം ചിരിച്ചുകളിച്ചതിന്റെ യാതൊരു അലയുമില്ലാതെ ഒരു സങ്കടം വന്നതുപോലെ അവർ അടങ്ങി യിരുന്നപ്പോൾ എല്ലാവർക്കും സൗരവിനോട് ദേഷ്യം തോന്നി.
സൗരവിന് അങ്ങനെ ചില സ്വഭാവങ്ങൾ കൂടിയുണ്ട്.. ആരുടെ മുന്നിലാണ് എന്ന് നോട്ടമില്ലാതെ വെട്ടിത്തുറന്ന് എന്തും പറഞ്ഞുകളയും. തിരിച്ച് ഫ്ലാറ്റിൽ എത്തിയിട്ടും ഷൈമയുടെ മുഖത്ത് ഒട്ടുംതന്നെ തെളിച്ചമില്ലായിരുന്നു. സൗരവ് എന്തോ പറഞ്ഞുകൊണ്ട് അടുത്തുവന്നപ്പോൾ ഷൈമ പൊട്ടിത്തെറിച്ചു. സൗരവ് അതേ ശബ്ദത്തിൽ തിരിച്ചും ഉത്തരം പറഞ്ഞു.
നിനക്ക് നിന്റെയിഷ്ടത്തിന് പണം ചെലവ് ചെയ്യണമെങ്കിൽ നീ വല്ല ജോലിക്കും പോകണം.. വീട്ടിലിരുന്നുകൊണ്ട് നിന്റെ ധൂ൪ത്തൊന്നും നടക്കുകയില്ല..
ആ സംഭാഷണം അവിടെത്തീർന്നു എന്ന് എല്ലാവരും കരുതി. പക്ഷേ ഷൈമയുടെ മനസ്സ് പുകഞ്ഞുതുടങ്ങി. എങ്ങനെയാണ് തനിക്കൊരു വരുമാനം ഉണ്ടാവുക… അങ്ങനെ അവൾ ചിലതൊക്കെ തീരുമാനിച്ചുറച്ചു.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഒരു ദിവസം എല്ലാവരും കൂടിയിരിക്കുമ്പോൾ സൗരവ് സ്വകാര്യമായി സുഹൃത്തുക്കളോട് പറഞ്ഞു:
ഷൈമയുടെ കൈയ്യിൽ ധാരാളം പണം കാണുന്നുണ്ട്… എങ്ങനെയാണ് ഇത്രയും പണം എന്ന് എനിക്ക് മനസ്സിലാകുന്നില്ല.. അവൾ ധാരാളം മേയ്ക്കപ്പ് സാധനങ്ങളും വസ്ത്രങ്ങളുമൊക്കെ വാങ്ങുന്നുണ്ട്. എപ്പോഴും ഒരുങ്ങിനടക്കുന്നത് കാണാം.. ഒന്നുംതന്നെ അങ്ങോട്ട് ചോദിക്കാനോ പറയാനോ പറ്റുന്നില്ല. അന്നത്തെ സംഭവത്തിനുശേഷം എന്നോട് വലിയ അകൽച്ചയാണ്.. എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ല.
നീന പറഞ്ഞു:
ഞാനും ഈയിടെ ശ്രദ്ധിക്കുവാൻ തുടങ്ങിയിരുന്നു.. ഷൈമക്ക് എന്തെങ്കിലും ജോലി ശരിയായിട്ടുണ്ടോ എന്ന് ചോദിക്കാമെന്ന് കരുതി.. പിന്നെ വിഷമമാകണ്ട എന്ന് വിചാരിച്ചാണ് ചോദിക്കാതിരുന്നത്..
ഷൈമ കേൾക്കാതെ അവരെല്ലാവരും ആ വിഷയം കുറച്ചുനേരം ചർച്ച ചെയ്തു. എങ്ങനെയാണ് ഇത് അവളുടെ മുന്നിൽ അവതരിപ്പിക്കേണ്ടത് എന്ന് അവർക്കാർക്കും ഒരു പിടിയും ഇല്ലായിരുന്നു. അടുത്തദിവസം സൗരവിന് ഒരു ഫോൺ വന്നു. ഗൗരീശങ്കർ ആയിരുന്നു.
എടാ, നീ എന്താ വൈകുന്നത്…? ഷൈമയോടൊപ്പം ഫ്ലാറ്റിൽ ആരോ സംസാരിച്ചിരിക്കുന്നുണ്ട്..
സൗരവ് ഓടിപ്പിടച്ചുവരുമ്പോഴേക്കും ഫ്ലാറ്റിനുമുന്നിൽ മറ്റെല്ലാവരും കൂടിക്കഴിഞ്ഞിരുന്നു. അകത്തുനിന്നും രണ്ടുപേരുടെ സംസാരം ചെറുതായി പുറത്ത് കേൾക്കാൻ പറ്റുന്നുണ്ട്. സൗരവ് സധൈര്യം കോളിംഗ്ബെൽ അടിച്ചു.
ഷൈമ വാതിൽതുറന്നതും നന്നായി ഡ്രസ്സ് ചെയ്ത സുമുഖനായ ഒരാൾ ഷൈമയോട് ബൈ പറഞ്ഞ് പെട്ടെന്ന് ഇറങ്ങിപ്പോയി.
അതാരാണ് എന്ന് ചോദിക്കുന്നതിനുപകരം സൗരവ് കൈനീട്ടി ഷൈമയുടെ കവിളത്ത് പടക്കം പൊട്ടുന്നതുപോലെ ഒരെണ്ണം പൊ ട്ടിച്ചു. ഷൈമ ആകെ അന്ധാളിച്ചുനിന്നു. പെട്ടെന്നുതന്നെ അവൾ അകത്തു പോയി ഹാൻഡ്ബാഗെടുത്ത് പുറത്തേക്കിറങ്ങിപ്പോയി.
കൂട്ടുകാരെല്ലാം സൗരവിനെ കുറ്റപ്പെടുത്തി. ഇങ്ങനെയാണോ പെരുമാറേണ്ടത്..? നിനക്കത് സമാധാനത്തിൽ ആരാണ് എന്ന് ചോദിച്ചറിയാമായിരുന്നു..
കുറേദിവസമായി എന്റെ മനഃസ്സമാധാനം നശിച്ചിട്ട്.. എന്തെങ്കിലുമുണ്ടെങ്കിൽ അവൾക്കെന്നോട് പറഞ്ഞുകൂടെ.. ഞാൻ അറിയാതെ കുറെ കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്.. എപ്പോഴും മൊബൈലിൽ ആണ്..
സൗരവ് കലികയറിയതുപോലെ എന്തൊക്കെയോ പുലമ്പി. സുധർമ ഫോണിൽ അന്വേഷിച്ചപ്പോൾ ഷൈമ സ്വന്തം വീട്ടിലേക്ക് പോയിട്ടില്ല എന്ന് മനസ്സിലായി. പകരം അവൾ ഒരു കൂട്ടുകാരിയുടെ ഫ്ലാറ്റിലാണ് താമസിക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്നറിയാൻ കഴിഞ്ഞു. കുറച്ചുദിവസം അങ്ങനെ കഴിഞ്ഞു. കുട്ടികൾക്ക് അമ്മയെ കാണാൻ കൊതിയായിത്തുടങ്ങി. അവർ ഒരു ദിവസം അമ്മയെ കാണാൻ ചെന്നു. അപ്പോഴാണ് അറിഞ്ഞത് ഷൈമ കുറച്ചുനാളായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട്.. തന്റെ ബ്യൂട്ടി ടിപ്സ് ഒക്കെ അവൾ അതിലൂടെ പറയുമായിരുന്നു. അവൾക്ക് അതിലൂടെ ചെറുതായി വരുമാനമൊക്കെ ലഭിച്ചുതുടങ്ങിയതായിരുന്നു. ഇതുകണ്ട് ചാനലിലെ ഒരാൾ പ്രോഗ്രാം അവതരിപ്പിക്കാൻ സാധിക്കുമോ എന്ന് ചോദിക്കാൻ വന്നതായിരുന്നു. അവൾ സമ്മതിക്കുകയും ചെയ്തു. അങ്ങനെ അവൾ ഇപ്പോൾ ജോലിക്ക് പോകുന്നുണ്ട്.
കാര്യങ്ങൾ അറിഞ്ഞപ്പോൾ സൗരവിന്റെ ദേഷ്യമൊക്കെ പമ്പകടന്നു. അവളെ തിരിച്ചു കൊണ്ടുവരാൻ ആവുന്ന ശ്രമങ്ങളൊക്കെ നടത്തി. ഷൈമ സമ്മതിച്ചില്ല.. ഒടുവിൽ അറ്റകൈക്ക് സൗരവ് പറഞ്ഞു:
എങ്കിൽ ഡൈവോഴ്സ് ചെയ്യാം..
ഷൈമയും പെട്ടെന്നുതന്നെ സമ്മതിച്ചു, പേപ്പറിൽ ഒപ്പിട്ടുതരാം…
കൂട്ടുകാരൊക്കെ വല്ലാതായി.. എങ്ങനെയാണ് രണ്ടുപേരെയും ഒന്ന് ഒന്നിപ്പിക്കേണ്ടത് എന്ന ചിന്തയായി എല്ലാവർക്കും.
സൗരവ് ഒരു ദിവസം രാവിലെതന്നെ ഓഫീസിലേക്ക് പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു. രാവിലെ ഉണർന്നെണീറ്റ് ഉടനെ അടുക്കളയിൽ കയറുന്നതുകൊണ്ട് സൗരവിന് സമയം ഒന്നിനും മതിയാകുമായിരുന്നില്ല. മക്കളെ രണ്ടുപേരെയും ഒരുക്കി സ്കൂളിലേക്ക് അയച്ചതിനുശേഷം ബ്രേക്ഫാസ്റ്റും കഴിച്ച് ഡ്രസ്സ് ചെയ്യുകയായിരുന്നു അയാൾ. കോളിംഗ്ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്നുനോക്കിയതാണ്. ഷൈമ ഉണ്ട് മുന്നിൽ നിൽക്കുന്നു.
സൗരവിന് എന്താണ് പറയേണ്ടത് എന്നറിയാതായി. അയാളുടെ മനസ്സൊക്കെ തണുത്തുറഞ്ഞിരുന്നു. അവളുടെ കൈയ്യിൽ ഡ്രസ്സ് നിറച്ച ബാഗോ മറ്റോ കണ്ടില്ല.. ഓഫീസിൽ പോകാൻ ഇറങ്ങിയതുപോലെയായിരുന്നു വേഷം. ചെറിയ ഹാൻഡ്ബാഗ് മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്. ഏതായാലും ഇവിടേക്ക് താമസംമാറി വന്നതൊന്നുമല്ല എന്ന് സൗരവിന് മനസ്സിലായി.
അയാൾ ഒന്നുംതന്നെ ചോദിക്കാൻ പോയില്ല. പെട്ടെന്നുതന്നെ റെഡിയായി പോകാൻ അക്ഷമനായതുപോലെ ഡോറിനടുത്ത് പോയിനിന്നു. ഷൈമയുടെ മുഖം വിവ൪ണമായത് അയാൾ കാണുന്നുണ്ടായിരുന്നു. പക്ഷേ യാതൊന്നും പറഞ്ഞ് ഇനി അവളെ ആശ്വസിപ്പിക്കാനോ സുഖവിവരങ്ങൾ അന്വേഷിക്കാനോ തനിക്ക് മനസ്സില്ലെന്ന് അയാൾക്ക് മനസ്സിലായി.
ഏതാണ്ട് പത്തിരുപത് മിനിറ്റുകളോളം അവരുടെ ഇടയിൽ മൗനംനിറഞ്ഞ് കടന്നുപോയി. ഒടുവിൽ ഷൈമ തന്നെ സംസാരിച്ചുതുടങ്ങി. ജോലിസ്ഥലത്ത് ചെറിയൊരു പ്രശ്നം.. ഷൂട്ട് ചെയ്യാൻവരുന്ന ക്യാമറമാൻ അരുതാത്ത ചില കാര്യങ്ങൾ പറഞ്ഞു…
ആരാണവൻ…?
സൗരവിന്റെ ശബ്ദം ഉയർന്നു.
എനിക്കവനെ കാണണം… എനിക്കവനോട് സംസാരിക്കണം..
സൗരവ് കയർത്തു. ഷൈമ, ‘പതിയെ’, ‘ശബ്ദമുയർത്താതെ’.. എന്നൊക്കെ അപേക്ഷിച്ചുനോക്കി. സൗരവ് ഒട്ടുംതന്നെ വിട്ടുകൊടുക്കാതെ ഷൈമയോട് കലഹിച്ചു. കയ്യിലുള്ള ബാഗ് വലിച്ചെറിഞ്ഞു. ടീപ്പോയിയുടെ മുകളിൽ ഉണ്ടായിരുന്ന പേപ്പറും മറ്റ് സാധനങ്ങളും തട്ടിയെറിഞ്ഞു. ഹാളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ദേഷ്യം കുറക്കാനെന്നവണ്ണം നടന്നു. ഒടുവിൽ വാശിയോടെ ഡോർ വലിച്ചുതുറന്നു. വാതിലിനുമുന്നിൽ കൂട്ടുകാരെല്ലാവരും നിന്നുചിരിക്കുന്നു. അപ്പോഴാണ് സൗരവിന് മനസ്സിലായത് എല്ലാവരും നാടകം കളിച്ചതാണ് എന്ന്.. സൗരവിന് ചെറിയൊരു ചമ്മൽ ഉണ്ടായി. എങ്കിലും ഗൗരവം വിടാതെ പറഞ്ഞു:
അവൾക്കും ആളുകളുണ്ട് എന്ന് കാണിച്ചുകൊടുക്കണമല്ലോ.. അങ്ങനെ ആർക്കും എന്തും പറയാവുന്ന നാടൊന്നുമല്ല.. ഇതെന്താ വെള്ളരിക്കാപട്ടണമോ…
വേഗം ഡൈവോഴ്സ് നോട്ടീസ് ഒപ്പിട്ട് കൊടുത്തേ… അവൾ എന്താണെന്ന് വെച്ചാൽ ചെയ്തോട്ടെ.. പോലീസും നിയമവും കോടതിയുമൊക്കെയുണ്ടല്ലോ..
സുഹാസ് മെല്ലെ പറഞ്ഞു. മറ്റുള്ളവർ ആർത്തു ചിരിച്ചു.