സൗന്ദര്യം ശരീരത്തിനല്ല മനസ്സിനാണ് വേണ്ടതെന്ന് വെറും പത്താം ക്ലാസ്സുകാരനായ ഞാനെങ്ങനെയാ ബാങ്ക് മാനേജരായ അവനെ പറഞ്ഞ് മനസ്സിലാക്കുക….

കൊല്ല പരീക്ഷ

രചന: Magesh Boji

പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ പിന്നെന്ത് എന്ന ചോദ്യത്തിന് മേസ്തിരി രാജേട്ടനും മൂത്താശ്ശാരി കൃഷ്ണേട്ടനും എന്നായിരുന്നു എന്നിലെ ഉത്തരം..

അതുകൊണ്ട് തന്നെ പത്താം ക്ലാസ്സിലെ ജയപരാജയങ്ങള്‍ എന്നെ ഒരിക്കലും ബാധിക്കുമായിരുന്നില്ല. കിണറ്റിന്‍ വക്കത്തിരുന്നു ഉമിക്കരിയിട്ട് പല്ലമര്‍ത്തി തേക്കുമ്പോഴാണ് വടക്കേതിലെ ഗോപന്‍ വന്ന് പറഞ്ഞത്, നമ്മള് തോറ്റെടാ ന്ന്.

നിര്‍വ്വികാരനായിരുന്നു ഞാന്‍….

ഓല വീട്ടിലെ മണ്ണെണ്ണ വിളക്കിന്‍റെ ചോട്ടിലിരുന്ന് പഠിച്ചാ പിന്നെ റാങ്ക് കിട്ടും എന്ന് പരിഹസിച്ച് ഞാന്‍ കുലുക്കുഴിഞ്ഞ് തുപ്പി….

തെരുവു വിളക്കിന്‍റെ വെട്ടത്തിലിരുന്ന് പഠിച്ച് മഹാന്‍മാരായവരുടെയൊക്കെ പ്രാക്കാണോന്നറിയില്ല , ഈര്‍ക്കിലെടുത്ത് നാക്ക് വടിച്ചപ്പോള്‍ ഓക്കാനിച്ച് പണ്ടാറമടങ്ങി.

മുഖം തുടച്ച് തിരിഞ്ഞപ്പോള്‍ മുന്നിലതാ ആക്രി പെറുക്കി നടക്കണ അണ്ണാച്ചി.

വരാന്‍ പറഞ്ഞിട്ട് വന്നതാണത്രേ….

ഒരു കെട്ട് പുസ്തകവും രണ്ട് മൂന്ന് ചളുങ്ങിയ പാത്രവുമായി അമ്മയതാ അണ്ണാച്ചിക്ക് മുന്നില്‍.

എന്‍റെ പത്താം ക്ലാസ്സിലെ പുസ്തകങ്ങളായിരുന്നത് .

അത്രക്കുണ്ടായിരുന്നു അമ്മയുടെ ദീര്‍ഘവീക്ഷണം…

മുറ്റത്തേക്കിറങ്ങി നടക്കുമ്പോള്‍ പുറകീന്നൊരു വിളിയും പറച്ചിലും , വരുമ്പോള്‍ കറി വെക്കാന്‍ ലേശം ഉണക്ക ചെമ്മീന്‍ വാങ്ങണേന്ന്.ഉണക്കച്ചെമ്മീനും ചക്കക്കുരുവും കൂട്ടി മടുത്തിരുന്ന ഞാന്‍ വരിക്ക പ്ലാവിന്‍റെ തന്തക്ക് പലവുരു വിളിക്കാന്‍ മറന്നില്ല.

ഒരു രൂപ കീശയില്‍ തന്നെയുണ്ടെന്ന് തപ്പി നോക്കി ഉറപ്പിച്ചു. നേരെ ചെന്ന് കയറിയത് ഗോപാലേട്ടന്‍റെ ചായകടയിലേക്ക് .

ഒരു ചായ പറഞ്ഞ് രംഭയുടെ മുഴുനീള ചിത്രമുള്ള കലണ്ടറിലേക്ക് നോക്കിയിരുന്നു. അപ്പോഴാണ് മൂത്താശ്ശാരി കൃഷ്ണേട്ടനും കൂട്ടരുമങ്ങോട്ട് കേറി വന്നത്.

പൊറാട്ടയും കോഴിപാട്സും ചൂടുവെള്ളവും അവരുടെ മുന്നിലതാ നിരന്ന് കഴിഞ്ഞു .

പുറം ലോകം കാണാതെ കോഴിയുടെ വയറ്റില്‍ കിടന്നിരുന്ന കുഞ്ഞ് കുഞ്ഞ് മുട്ടകള്‍ ആ പാത്രത്തില്‍ കിടന്നെന്നെ കണ്ണിറുക്കി കാണിച്ചോന്നൊരു സംശയം.

മൂത്താശ്ശാരി കൃഷ്ണേട്ടന്‍റെ രൂപം കയ്യിലൊരു ലഡുവുമായി ഇരിക്കണ ഗണപതി ഭഗവാനെ പോലെ തോന്നിച്ചു.

ആവശ്യം പറഞ്ഞപ്പോള്‍ വീതുളി മൂര്‍ച്ചം നോക്കണ പോലെ ആഞ്ഞൊന്നെന്നെ നോക്കി മൂപ്പര് പറഞ്ഞു , നാളെ മുതല്‍ ഷെഡ്ഡിലേക്ക് പണിക്ക് പോന്നോളാന്‍.

ടേംസ് അന്‍ഡ് കണ്ടീഷന്‍സൊന്നും ഞാന്‍ ചോദിച്ചില്ല . പകരം ഗോപാലേട്ടനോട് രഹസ്യമായി ചോദിച്ചു , കോഴി പാട്സും പൊറോട്ടയും എന്നും ഉണ്ടാക്കാറുണ്ടല്ലോ ല്ലേ ന്ന്.

തീര്‍ത്തും അനുകൂലമായ മറുപടിയാണ് ഗോപാലേട്ടന്‍റെ കയ്യീന്ന് കിട്ടിയത് . കൂടെ ഇതും കൂടി പറഞ്ഞു , നല്ല ഭാഗ്യമുണ്ടെങ്കില്‍ കോഴീന്‍റെ കരളും കിട്ടുംന്ന്…

അത്യുത്സാഹത്തോടെ വീട്ടിലെത്തിയപ്പോള്‍ അടുക്കളപ്പുറത്തുള്ള കൂട്ടീന്നൊരു കോഴി കൊക്കി പാറി.

അയല്‍ വീട്ടിലെ കോഴിയാണ് . വീട്ടിലെ കൂട്ടില്‍ കയറി മുട്ടയിട്ടതാണ് . അല്ലെങ്കിലും മനുഷ്യനല്ലേ അതിരും മതിലുമുള്ളൂ.

തൊട്ട് പുറകെ അയല്‍ക്കാരി അധികാര ഭാവത്തോടെ വന്ന് കൂട്ടിലേക്ക് കയ്യിട്ട് മുട്ടയെടുത്തങ്ങ് ഒരൊറ്റ നടത്തം.

എല്ലാം കണ്ട് പൂവന്‍ കോഴി എന്നെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. കോഴിക്കൂടും അയല്‍ക്കാരിയേയും മുട്ടയേയും പൂവന്‍ കോഴിയേയും ഞാന്‍ കുറെ നേരം ചിന്തയിലിട്ടുന്തി.

‘അയല്‍ക്കാരായാല്‍ ഒരു മര്യാദയൊക്കെ വേണ്ടേ ,

‘ മുട്ടയെടുത്തോണ്ട് പോവുമ്പോള്‍ ഒന്ന് പറഞ്ഞിട്ട് പോണ്ടേ ,

‘ആ മുട്ടയുടെ മറ്റൊരവകാശി എന്‍റെ വീട്ടിലെ പൂവന്‍ കോഴി അല്ലെ ‘

‘അവനെത്രയോ വട്ടം പുറകെ ഓടിയിട്ടാണ് അവളെ മുട്ടയിടാന്‍ പ്രാപ്തയാക്കിയത് ‘

‘എന്തൊരു ലോകമാണിത് ‘

ഇജ്ജാതി അനവധി നിരവധി ചോദ്യങ്ങള്‍ എന്‍റെ മനസ്സിലിങ്ങനെ വന്ന് നിറഞ്ഞു.

ചേലൊത്ത വാലും ചുവന്ന പൂവുമൊക്കെയായി എന്ത് ഭംഗിയാ ആ പൂവന്‍ കോഴിയെ കാണാന്‍ , ആണഴകന്‍ , പറഞ്ഞിട്ടെന്താ കാര്യം , ഒന്നും അനുഭവിക്കാന്‍ യോഗമില്ല..

വിശദമായ നിരീക്ഷണത്തിനൊടുവിലും ചിന്തകള്‍ക്കൊടുവിലും ജീവിതത്തിലെ ആദ്യ പാഠം ഞാനന്ന് പഠിച്ചു…

ഈ പഠിച്ച പാഠം സ്കൂള് പോയിട്ട് കോളേജ് പോയിട്ട് സായിപ്പിന്‍റെ സര്‍വ്വകലാശാലേല്‍ പോലും പഠിപ്പിക്കൂല്ലാന്ന് എനിക്കുറപ്പായിരുന്നു.

പിറ്റേന്ന് മുതല്‍ ഞാന്‍ ഷെഡ്ഡില് പണിക്ക് പോവ്വാന്‍ തുടങ്ങി. ആദ്യത്തെ കൂലി വീട്ടില്‍ കൊടുത്തപ്പോള്‍ അനിയന്‍മാരും പെങ്ങന്‍മാരും ചുറ്റും കൂടി. ചോറ് വിളമ്പാനും കൂട്ടാന്‍ ഒഴിച്ച് തരാനും മത്സരമായിരുന്നു.

അനിയന്‍ കഴിച്ചിട്ട് പാത്രത്തില്‍ ബാക്കി വന്ന ചോറ് കണ്ട് അമ്മ പറഞ്ഞു , അതാ പൂവന്‍ കോഴിക്ക് ഇട്ട് കൊടുത്തേക്ക് , അവനങ്ങ് തടിച്ച് കൊഴുക്കട്ടെ , നേര്‍ച്ച കോഴിയാന്ന്….

മനശ്ശാസ്ത്രം പഠിപ്പിക്കുന്ന കോളേജ് പ്രൊഫസറെ പോലെ തോന്നിച്ചു അമ്മയെ. വീണ്ടും വീണ്ടും പല പല പാഠങ്ങള്‍ പലരും പല രൂപത്തില്‍ എന്നെ പഠിപ്പിച്ച് കൊണ്ടേയിരുന്നു.

അങ്ങനെ പഠിച്ച പാഠങ്ങളുടെയൊക്കെ അര കൊല്ല പരീക്ഷയും മുക്കാല്‍ കൊല്ല പരീക്ഷയും വന്ന് പോയി.

ആ പാഠങ്ങളിലൊക്കെയും ഒരു ന ഗ്ന തത്വം ഞാന്‍ കണ്ടു , കടമകള്‍ നിര്‍വ്വഹിക്കുന്നതിനോടൊപ്പം സ്വന്തം കാര്യം കൂടി നോക്കാന്‍ മറക്കരുതെന്നും , മറന്നാല്‍ നേര്‍ച്ച കോഴിക്ക് സമമാവുമെന്നും .

പുതിയ വീട് വച്ചു . പെങ്ങന്‍മാരെ കെട്ടിച്ച് വിട്ടു . അനിയന്‍മാരെ അത്യാവശ്യം പഠിപ്പിച്ച് കുഴപ്പമില്ലാത്ത നിലയിലെത്തിച്ചു .

ഒരു ബൈക്ക് വാങ്ങി . നാല് ചിട്ടി ചേര്‍ന്നു . പത്ത് സെന്‍റ് സ്ഥലം വാങ്ങി.

സ്ഥലം വാങ്ങിയപ്പോള്‍ പലരും ചോദിച്ചു , നീനക്കെന്തിനാ വേറൊരു വീട് , നീ കഷ്ടപ്പെട്ടുണ്ടാക്കിയ വീടല്ലേ ഇപ്പോ ഉള്ളതെന്ന്.

ആ വീട് എന്‍റെ ഇളയ അനിയനുള്ളതാണെന്ന് പറയാന്‍ ഈ പത്താം ക്ലാസ്സുകാരന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.

നാട്ടുനടപ്പ് അങ്ങനെയാണെന്ന് അറിയാഞ്ഞിട്ടല്ല. എന്നാലും കുനുഷ്ട് ചോദ്യം ചോദിക്കുമ്പോള്‍ ഒരു സുഖമാണ് പലര്‍ക്കും.പെണ്ണ് കാണാന്‍ പോയതും കല്ല്യാണം കഴിച്ചതും എന്‍റെ താല്പര്യത്തിന് തന്നെയായിരുന്നു.

പെണ്ണിനെ കണ്ട് കൂട്ടുകാരന്‍ ചോദിച്ചു , നിനക്ക് ഇതിനേക്കാള്‍ കുറച്ചൂടെ സൗന്ദര്യമുള്ള ഒരു പെണ്ണിനെ കിട്ടുമായിരുന്നല്ലോ എന്ന്.

സൗന്ദര്യം ശരീരത്തിനല്ല മനസ്സിനാണ് വേണ്ടതെന്ന് വെറും പത്താം ക്ലാസ്സുകാരനായ ഞാനെങ്ങനെയാ ബാങ്ക് മാനേജരായ അവനെ പറഞ്ഞ് മനസ്സിലാക്കുക….

അമ്മയെ ആഴ്ച്ചയിലൊരിക്കല്‍ വൈദ്യരുടെ അടുത്ത് കൊണ്ട് പോയി തിരിച്ച് വരുമ്പോള്‍ ഒരു ദിവസം കണക്ക് പഠിപ്പിച്ച രാഘവന്‍ മാഷ് ചോദിച്ചു ,

അമ്മയെ വൈദ്യരുടെ അടുത്ത് കൊണ്ട് പോവ്വാന്‍ നീ മാത്രമുള്ളോ മകനായിട്ടെന്ന്.

കണക്ക് ഒരുപാട് പഠിക്കാഞ്ഞത് എത്ര നന്നായി എന്ന് അന്നെനിക്ക് മനസ്സിലായി….

നടുമുറ്റത്തിട്ട് തേന്‍വരിക്കനൊരു ചക്ക വെട്ടിമുറിച്ച് ചുള പറിച്ച് മുറത്തിലിടും നേരം അമ്മക്ക് കൂട്ടിന് ഞാനെന്നുമുണ്ടാവുമായിരുന്നു.

ആണ്ട്രതിക്കും സംക്രാന്തിക്കും കാരണവന്‍മാര്‍ക്ക് നേര്‍ച്ച വെച്ച് കൊടുത്തത് ഞാന്‍ തന്നെയായിരുന്നു.

സുഖംല്ല്യാണ്ട് കിടക്കണ വല്ല്യമ്മാവന് ഓണത്തിനും വിഷുവിനും കോടി വാങ്ങി കൊടുക്കാന്‍ എന്നെ ആരും ഓര്‍മ്മപ്പെടുത്തേണ്ടി വന്നില്ല.

അയല്‍പക്കത്തെ നാണിയമ്മക്ക് വെറ്റിലയും അടക്കയും എന്‍റെ കൈകൊണ്ട് പതിവായിരുന്നു.

കാര്യങ്ങളെല്ലാം സമയാസമയങ്ങളില്‍ നടന്ന് കൊണ്ടിരുന്നു. വീടും പറമ്പും ഞങ്ങള്‍ മക്കളെല്ലാവരും സന്തോഷത്തോടെ വീതിച്ചെടുത്തു.

തറവാടിന് ചുറ്റുമുള്ള സ്ഥലത്ത് ഞങ്ങളെല്ലാ മക്കളും പുതിയ വീട് വെച്ച് മാറാന്‍ തുടങ്ങി. അതിരും മതിലുകളുമില്ലാത്ത ആ വലിയ തൊടിയിലെ ഓരോ വീടും ഓരോ സ്വര്‍ഗ്ഗങ്ങളായി മാറി.

അവസാനമായി വീട് വച്ച് മാറിയത് ഞാനായിരുന്നു. ചടങ്ങെല്ലാം കഴിഞ്ഞ് എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി.

തൊട്ടടുത്ത തറവാട്ടില്‍ അമ്മയുണ്ടെങ്കിലും അമ്മയുടെ അസാന്നിധ്യം മനസ്സില്‍ വിങ്ങലുണ്ടാക്കി കൊണ്ടിരുന്നു.

പുതിയ വീട്ടില്‍ കിടന്നിട്ട് ഉറക്കം വരാതെ ഞാന്‍ മുറ്റത്തിറങ്ങി തറവാട്ടിലേക്ക് നോക്കി.

വന്ന് കിടക്കാന്‍ ഭാര്യ വന്ന് പറഞ്ഞപ്പോള്‍ അകത്തേക്ക് കയറി.

ഇല്ല . കിടക്കാന്‍ കഴിയുന്നില്ല . ഞാന്‍ ചാടിയെണീറ്റു. എങ്ങോട്ടാണെന്ന് ചോദിക്കുന്നതിന് മുന്‍പേ ഞാനവളോട് പറഞ്ഞു , ഞാനമ്മയെ ഒന്ന് കണ്ടിട്ട് വരാമെന്ന്.

അമ്മ ഉറങ്ങികാണുമെന്നവള്‍ പറഞ്ഞത് എന്നെ പിന്‍തിരിപ്പിച്ചില്ല.

കൊലായിലെ വാതില്‍ തുറന്നപ്പോള്‍ ഞാന്‍ ഞെട്ടി.

അമ്മയതാ മുന്നില്‍…. ചുറ്റും എല്ലാവരുമുണ്ട്. എല്ലാവരുടെ മുഖത്തും പുഞ്ചിരി നിറഞ്ഞിരിക്കുന്നു . പക്ഷെ അമ്മയുടെ മുഖം മാത്രം കനത്തിരിക്കുന്നു . ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.

ഏട്ടനെ കാണണം എന്ന് പറഞ്ഞ് വാശി പിടിച്ചപ്പോള്‍ കൂട്ടിക്കൊണ്ട് വന്നതാണെന്ന് കുഞ്ഞനിയനാണ് പറഞ്ഞത് .

എല്ലാവരുടേയും പൊട്ടിച്ചിരിക്കിടയിലൂടെ അമ്മ അകത്തേക്ക് കയറി.

എല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ ഞാനെന്‍റെ വീടിന്‍റെ മുറ്റത്തിറങ്ങി. ദൂരേന്ന് കാണുന്നുണ്ടായിരുന്നു , തറവാട്ടിലെ ആ കിണറ്റിന്‍ തടം.

തണുത്ത കാറ്റിന്‍ ലാളനയേറ്റ് ഞാനവിടേക്ക് നടന്നു. ആ കിണറ്റിന്‍ വക്കത്തിരുന്നപ്പോ ഞാനറിഞ്ഞു , കൊല്ല പരീക്ഷ ജയിച്ചവന്‍റെ അഭിമാനവും സന്തോഷവും…