സ്നേഹനിധിയായ ഭർത്താവ് തന്നെയാണ് അദ്ദേഹം. കല്യാണം കഴിഞ്ഞു, എല്ലാ സ്നേഹവും ഒരുമിച്ചു ……

പ്രവാസിയുടെ ഭാര്യ….

Story written by Aswathy Joy Arakkal

എന്നെപ്പറ്റി ഒന്നും അന്വേഷിച്ചില്ലെങ്കിലും വിരോധല്ല, പക്ഷെ നന്ദുട്ടൻ അവൻ അവരുടെ കൂടെ ചോ രയല്ലേ സുധേ..അവന്റെ വിശേങ്ങൾ എങ്കിലും അവർക്കു ഇടക്കൊന്നു വിളിച്ചു അന്വേഷിച്ചുടെ.നിനക്കറിഞ്ഞുടെ വയ്യാത്ത കുഞ്ഞുമായി രണ്ടു ആഴ്ച കൊണ്ട് എത്ര തവണ ഞാൻ ആശുപത്രി കയറി ഇറങ്ങിയെന്നു. മോനു സുഖം ഇല്ലെന്നു ഞാൻ അറിയിച്ചതും ആണ്. ഇനി വേണുവേട്ടൻ വിളിക്കുമ്പോൾ എല്ലാവരും പരാതി കെട്ടഴിക്കും മായ വിളിച്ചില്ല, പറഞ്ഞില്ല…എല്ലാവർക്കും കുതിര കേറാൻ മായ ഉണ്ടല്ലോ. അല്ലെങ്കിലും ഒട്ടു മിക്ക പ്രവാസി ഭാര്യമാരുടെ അവസ്ഥയും ഇതാണ്. വല്ലാതെ മനസ്സു വിങ്ങുമ്പോൾ സുധയോടൊന്നു മനസ്സു തുറക്കുന്നതാണ് ആശ്വാസം.

പക്ഷെ അവള് ഇറങ്ങിയിട്ടും, ഓരോന്ന് ആലോചിച്ചു മനസ്സു വിങ്ങി കൊണ്ടിരുന്നു.

ഞാൻ കണ്ട ആദ്യ പ്രവാസി ഭാര്യ എന്റെ അമ്മ തന്നെ ആയിരുന്നു. അച്ഛന്റെ അഭാവത്തിൽ വീട് മുന്നോട്ടു കൊണ്ട് പോകാനും, ഞങ്ങളെ അഞ്ചു പേരെ നോക്കിയെടുക്കാനും അമ്മ പെട്ട കഷ്ടപ്പാട് ആരെക്കാളും നന്നായി എനിക്കറിയാം…അന്ന് തീരുമാനിച്ചതാണ് ഒരിക്കലും ഒരു പ്രവാസിയെ എനിക്ക് ഭർത്താവായി വേണ്ട എന്നു. പക്ഷെ എന്റെ വിധിയും വ്യത്യസ്തമായിരുന്നില്ല.

എന്റെ  ഇരുപത്തി മൂന്നാമത്തെ വയസ്സിലാണ് വേണുവേട്ടന്റെ ജീവിതത്തിലേക്ക് വന്നത്. അന്ന് അദ്ദേഹത്തിന് പ്രായം 36. വീടിനും, വീട്ടുകാർക്കും വേണ്ടി ഒരു ജന്മം ജീവിച്ചപ്പോൾ സ്വന്തം ജീവിതം നോക്കാൻ അല്പം വൈകി.

സ്നേഹനിധിയായ ഭർത്താവ് തന്നെയാണ് അദ്ദേഹം. കല്യാണം കഴിഞ്ഞു, എല്ലാ സ്നേഹവും ഒരുമിച്ചു തന്നു പ്രവാസത്തിലേക്കു മടങ്ങുമ്പോഴേക്കും  നന്ദുട്ടൻ എന്റെ വയറ്റിൽ ജനിച്ചിരുന്നു. അദ്ദേഹം തന്ന നല്ല ഓർമകളുടെ ഭൂതകാലത്തിൽ ആയിരുന്നു പിന്നീട് അങ്ങോട്ടുള്ള ജീവിതം.

ഓരോ മാസം ചെക്ക് അപ്പ്‌ന്  പോകുമ്പോഴും  ഒരുപാടു ആഗ്രഹിച്ചിട്ടുണ്ട് ഒരിക്കലെങ്കിലും അദ്ദേഹം ഒപ്പം ഉണ്ടായിരുന്നെങ്കിൽ എന്നു. ശർധിക്കുമ്പോ ഒന്ന് പുറം തടവാൻ , വലുതായി വരുന്ന വയറിൽ മുഖം ചേർത്തൊന്നു അനക്കം കേൾപ്പിക്കാൻ, വല്ലപ്പോഴുമൊരു മസാല ദോശ വാങ്ങി തരാൻ  ലേബർ റൂമിലേക്ക്‌ കയറുമ്പോൾ കൈ പിടിച്ച് സാരല്യ മോളെ എന്നൊരു നല്ല വാക്ക് കേൾക്കാൻ, അദ്ദേഹം കുഞ്ഞിനെ ഏറ്റു വാങ്ങി നിൽക്കുന്നത് കാണാനൊക്കെ ഒരുപാടൊരുപാട് കൊതിച്ചിട്ടുണ്ട്.

കുഞ്ഞിന്റെ നൂല് കെട്ടും, ചോറൂണുമൊക്കെ എല്ലാവരും ചേർന്ന് ആഘോഷം ആകുമ്പോൾ മനസ്സിലൊരു വിങ്ങലാണ്..എല്ലാത്തിനും മുന്നിൽ നിൽക്കേണ്ട ആൾ മൈലുകൾക്കകളെ ഫോണും പിടിച്ച് ഫോട്ടോകൾക്കായി കാത്തിരിക്കുന്നതോർക്കുമ്പോൾ..ആഘോഷങ്ങളും, ഉത്സവങ്ങളും എല്ലാം വരുമ്പോൾ ഉള്ളിൽ കരഞ്ഞിട്ടും , ചിരിച്ചു എല്ലാത്തിനും മുന്നിൽ  നിൽക്കേണ്ടി വന്നിട്ടുണ്ട് പലപ്പോഴും.

ഇതൊന്നും ആർക്കും അറിയില്ല..എല്ലാവർക്കും അറിയാവുന്നതു ഭർത്താവ് അയക്കുന്ന കാശു ധൂർത്തടിക്കുന്ന, തിന്നത് എല്ലിന്റെ ഇടയിൽ കുത്തിയിട്ടു ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു കാമുകന്മാരോടൊപ്പം നാട് വിടുന്ന പ്രവാസി ഭാര്യമാരെ പറ്റിയാണ്. മാസം മാസം പതിനായിരങ്ങളല്ലേ ഗൾഫ് പണം എത്തുന്നത്. അതു ധൂർത്തു അടിക്കലല്ലാതെ അവൾക്കെന്താണ് ജോലി എന്നാണ് പലരുടെയും ഭാവം.

എന്നാൽ ആ കാശിനു വീതം പറ്റാൻ ആളുകൾ ഉണ്ടെന്നും, ലോൺ, ചിട്ടി, വട്ടി എല്ലാം കഴിഞ്ഞു വരുന്ന കാശു കൊണ്ട് മക്കളുടെ പഠിത്തവും, കുടുംബ  ചിലവും എല്ലാം അഡ്ജസ്റ്റ് ചെയ്യുന്ന മിടുക്കിയായ പെണ്ണാണ് അവളെന്നും ആരും മനസിലാകില്ല.

അതിനിടക്ക് മക്കൾക്കൊരു അസുഖം വന്നാലോ, കുടുംബത്തിലൊരു കല്യാണമോ, നൂലുകെട്ടോ വന്നാലോ കണക്കു കൂട്ടലുകളുടെ താളം തെറ്റും. ഗൾഫ്കാരൻ അല്ലേ. പൈസ മരത്തിൽ നിന്ന് കുലുക്കി വീഴിക്ക ആണല്ലോ. അപ്പൊ ഒട്ടും കുറക്കാൻ പാടില്ല..

എല്ലാം നിർത്തിയിങ് പോരെ ഏട്ടാ…നമുക്ക് ഉള്ളത് കൊണ്ടിവിടെ ജീവിക്കാം എന്നു പലപ്പോഴും പറയാറുണ്ട്. നാട്ടിൽ വന്നിട്ടെന്തു ചെയ്യനാടി..നമുക്ക് ജീവിക്കണ്ടേ, പിന്നെ മോന്റെ പഠിത്തം, വീടിന്റെ ലോൺ അങ്ങനെ ആവശ്യങ്ങളുടെ നീണ്ട നിര കേൾക്കുമ്പോൾ മനസ്സിൽ കരഞ്ഞു കൊണ്ട് ചിരിക്കും. ഏട്ടനെ ചിരിപ്പിക്കും.

ഒട്ടുമിക്ക പ്രവാസികളും സ്വപ്നങ്ങളും, മോഹങ്ങളും ഉപേക്ഷിച്ചു മരുഭൂമിയിലേക്ക് പറക്കുന്നത് നിവർത്തി കേടു കൊണ്ടാണ്. കുടുംബ പ്രാരാബ്ദം ചുമലിൽ ഏറ്റി, പഠിത്തം പോലും പാതി വഴിയിൽ ഉപേക്ഷിച്ചു വിമാനം കേറിയവരാണ് പലരും. കുടുംബത്തെ ഒരു കരക്കെത്തിക്കുമ്പോഴേക്കും നല്ല പ്രായം കടന്നു പോയിരിക്കും. പിന്നെ വിവാഹം, കുട്ടികൾ എല്ലാം ആകുമ്പോഴേക്കും പ്രവാസം എന്ന കെണി കഴുത്തിൽ പിടി മുറുക്കി ഇരിക്കും. പിന്നെ രക്ഷ ഇല്ലല്ലോ…

സ്വന്തമായി ജീവിതം തുടങ്ങുമ്പോൾ, കുടുംബത്തേക്കുള്ള വരവിൽ ഒരു കുറവ് കണ്ടു തുടങ്ങുമ്പോൾ, കൂടപിറപ്പുകൾക്കു പോലും അന്യനായി തീരും. അവനെക്കാൾ, വന്നു കയറിയ പെണ്ണിനാകും കുറ്റപ്പെടുത്തലും, ഒറ്റപെടുത്താലും എല്ലാം അനുഭവിക്കേണ്ടി വരുന്നത്…ആ ദേഷ്യം അവരുടെ മക്കളോട് വരെ കാണിക്കുന്നവരും കുറവല്ല.

കുഞ്ഞുങ്ങൾക്കൊരു അസുഖം വന്നാൽ പോലും തിരിഞ്ഞു നോക്കാത്തവരും കുറവല്ല. എല്ലാം ഒരു നെടുവീർപ്പിൽ ഒതുക്കി ജീവിതം തള്ളി നീക്കുന്നവരാണ് മിക്കവരും.

പറഞ്ഞാൽ മോഹങ്ങൾ ഒരുപാടാണ്..ഓടിയോടി തളരുമ്പോൾ ആ ചുമലിലൊന്നു തല ചായ്ക്കാൻ, വല്ലാതെ മനസ്സു വിഷമിക്കുമ്പോൾ പൊട്ടടി, സാരമില്ല എന്നൊരു ആശ്വാസ വാക്ക് കേൾക്കാൻ, ഒരു വെഡിങ് അണിവേഴ്സറിയോ, പിറന്നാളോ ഒരുമിച്ചു ആഘോഷിക്കാൻ, വല്ലപ്പോഴും കടൽ തീരത്ത് പോയിരുന്നു കൈകൾ കോർത്തു സ്വപ്നങ്ങൾ എണ്ണാൻ, ആ ബൈക്കിന്റെ പുറകിൽ കയറി ചേർന്നിരുന്നൂ ഒന്ന് അമ്പലത്തിൽ പോകാൻ, നെഞ്ചോടു ചേർന്ന് കിടന്നൊന്നു ഉറങ്ങാൻ എല്ലാം വല്ലാത്തൊരു കൊതിയാണ്..

പക്ഷെ പ്രാരാബ്ധങ്ങൾ തീർക്കാൻ സ്വപ്ന ലോകത്തു ജീവിച്ചാൽ പോരല്ലോ..അതോർക്കുമ്പോൾ നെഞ്ച് പൊട്ടുന്നുണ്ട് എങ്കിലും, കണ്ണു നിറക്കാതെ, ചുണ്ടിലൊരു പുഞ്ചിരിയും വരുത്തി, നെറ്റിയിലൊരു ഉമ്മയും കൊടുത്തു യാത്രയ്ക്കും വീണ്ടും ആ മരുഭൂമിയിലേക്ക്..

പിന്നെ വീണ്ടും തുടങ്ങും, ആ മധുരം നിറഞ്ഞ അവധി കാലത്തിന്റെ ഭൂതകാല കുളിരും പേറി അടുത്തൊരു അവധി കാലത്തിനായ്..

സമർപ്പണം : എല്ലാ  പ്രവാസി കുടുംബങ്ങൾക്കുമായി..