പ്രവാസിയാണ്
Story written by Navas Amandoor
രാവിലെത്തന്നെ ഒരു കട്ടൻ ചായയിൽ നിന്നാണ് സംസാരം തുടങ്ങിയത്.
“ഇന്നെന്താണ് കട്ടൻ..?”
“വെറുതെ ഉടുത്തു ഒരുങ്ങി നടന്നിട്ട് ഞാൻ എവിടെന്ന് കൊടുക്കും പാൽക്കാരന് ക്യാഷ്.”
ഇന്നിപ്പോ പാൽക്കാരൻ എന്തായാലും അവൾക്ക് പറയാൻ ഓരോന്ന് ഉണ്ടാവും. കുടുംബശ്രിയിൽ നിന്നും എടുത്ത ലോണിന്റെ അടവോ.. അല്ലങ്കിൽ പണയം വെച്ച സ്വർണത്തിന്റെ യൊ.. ചിട്ടിയുടെ അടവ് മുടങ്ങിയതൊ..കുട്ടികളുടെ സ്കൂളിലെ കാര്യമോ..അങ്ങനെ പറഞ്ഞു തുടങ്ങിയാൽ അവളുടെ സംസാരം എത്തുക അലിയുടെ പ്രവാസത്തിലാണ്.
“ഒരു കാര്യവുമില്ലാതെ ഗൾഫിലെ ജോലി കളഞ്ഞു നാട്ടിൽ വന്നപ്പോൾ കഷ്ടകാലം തുടങ്ങി. അവിടെ ആയിരുന്നങ്കിൽ ഇങ്ങിനെയൊരു പ്രശ്നവും ഉണ്ടാവില്ലായിരുന്നു.. “
അവൾക്കും ആഗ്രഹം ഉണ്ടായിരുന്നു അലി നാട്ടിൽ വേണെമെന്ന്. പക്ഷെ ഇപ്പോൾ അവളുടെ സംസാരത്തിൽ എല്ലാം അലിയുടെ മാത്രം പ്രശ്നമാണ്. അതിനെ മാറ്റി പറയാനും അലി നിക്കാറില്ല.
ഒരു കാര്യം ഉറപ്പാണ്. സാധാരണക്കാരന്റെ ജീവിതത്തിലെ വില്ലൻ ആരാണെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളു..’പണം.’
“ഗൾഫിൽ ആയിരുന്നങ്കിൽ എനിക്ക് ഇത്ര ടെൻഷൻ ഉണ്ടാവില്ലായിരുന്നു.. നാട്ടിൽ വന്ന് ബിസിനസ് തുടങ്ങി എല്ലാം പോയി. വീട് ഉള്ളത് കൊണ്ട് ഇവിടെന്ന് ആരും ഇറക്കി വിടില്ല.”
ചിലപ്പോൾ സുലു വിന്റെ സംസാരത്തിൽ അലിക്ക് ദേഷ്യം വരും. അയാളും തിരിച്ചു പറയും. അങ്ങനെ സംസാരിക്കുമ്പോൾ രണ്ടാളുടെയും ഒച്ച ഉയരും.
അതൊരു പതിവ് സംഭവം ആയപ്പോൾ മക്കൾ പറഞ്ഞു തുടങ്ങി.. വാപ്പയും ഉമ്മയും തീരെ റൊമാൻ്റിക് അല്ലെന്ന്.
“നിങ്ങള് രണ്ടും ഇപ്പോഴും എന്താണ് ഇങ്ങനെ…?”
മക്കൾ അറിയാത്തതോ അറിയുന്നതൊ ആയിട്ടുള്ള ഒരായിരം പ്രശ്നങ്ങളുടെ നടുവിൽ കുടിങ്ങി കിടക്കുകയാണ് വാപ്പയും ഉമ്മയും.പരസ്പരം സ്‌നേഹം ഇല്ലാഞ്ഞിട്ട് അല്ല…
“സുലു മക്കളെ മുൻപിൽ വെച്ച് സംസാരം ഒഴിവാക്കണം.. മക്കൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട്..”
മക്കൾ ചോദിച്ചു തുടങ്ങിയപ്പോളാണ് സുലുവും അലിയും അതേപറ്റി ചിന്തിച്ചു തുടങ്ങിയത്.
പിന്നെ കുറച്ചു ദിവസം മക്കളുടെ മുൻപിൽ വാക് പോര് ഒഴിവാക്കാൻ ശ്രമിച്ചു.
പക്ഷെ മക്കൾക്ക് അറിയില്ല സുലുവിനെ.
എന്തൊക്കെ പറഞ്ഞാലും അവളുടെ ലോകം അലി തന്നെയാണ്. രാത്രിയിൽ എല്ലാം മറന്ന് അവനെ പറ്റി ചേർന്ന് കിടക്കുമ്പോൾ അവളിലെ പെണ്ണിന്റെ പ്രണയം കാണാം.
“എന്റെ സങ്കടവും ടെൻഷനും കൊണ്ട് പറഞ്ഞു പോകുന്നതാ ഓരോന്ന്.. അല്ലാതെ എന്റെ ഇക്കനോട് എനിക്ക് പിണക്കമൊന്നും ഇല്ല.. മനസ്സിൽ ഇഷ്ടമം മാത്രമെ ഉള്ളു.”
കല്യാണം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞപ്പോൾ പോയതാണ് ഗൾഫിൽ. രണ്ട് കൊല്ലം കഴിയുമ്പോൾ രണ്ടോ മൂന്നോ മാസം ലീവിൽ നാട്ടിൽ.. വർഷങ്ങൾ അങ്ങനെ പോയപ്പോൾ ജീവിതം നഷ്ടപ്പെടുകയാണെന്ന് തോന്നി തുടങ്ങി.
ആ തോന്നലിലാണ് നാട്ടിൽ നിക്കാൻ ഉറപ്പിച്ചത്. അവളുടെ സ്വർണവും അതുവരെ കൂട്ടിവെച്ചതും എടുത്തു ഒരു ടെക്സ്റ്റയിൽ ഷോപ്പ് ഓപ്പൺ ചെയ്തു.
അലിയേക്കാൾ അലിയും സാമിപ്യം ആഗ്രഹിക്കുന്ന സുലു അലിയുടെ ഒപ്പം നിന്നു.
തുടങ്ങി കുറച്ചു കഴിഞ്ഞു കൊറോണയുടെ ഒന്നാം തരംഗം.. ഒന്നാം തരംഗത്തിന് മുൻപ് സീസൺ മുൻകൂട്ടി പലരിൽ നിന്നും കടം വാങ്ങി സ്റ്റോക്ക് ഇറക്കി. മൊത്തം ലോക്ക് ആയപ്പോൾ ടെൻഷനയി.
വീണ്ടും ഓപ്പണായി കച്ചവടം നന്നേ കുറവ്.ഇറക്കി വെച്ച മോഡൽ ഡ്രസ്സുകളുടെ മോഡൽ പോയി.വീണ്ടും അടുത്ത സീസൺ.പിന്നെയും കടം വാങ്ങി കുറച്ചുകൂടെ സ്റ്റോക്ക് ഇറക്കി.
രണ്ടാമത്തെ തരംഗം തുടങ്ങി.വീണ്ടും ലോക്കായി.
രണ്ടാം തരംഗത്തിന് ശേഷം ഇനിയും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തോന്നി.വേറെ വഴിയില്ലാതെ ഷോപ്പ് കൊടുക്കേണ്ടി വന്നു.
പുറത്തുള്ള കടങ്ങൾ വീട്ടി.വീട്ടിലെ കടങ്ങൾ ബാക്കിയായി.വീട്ടിലെ കടങ്ങളും തീർക്കാൻ കഴിയാത്ത പ്രശ്നങ്ങളും.
“നിങ്ങക്ക് ഇങ്ങനെ മിണ്ടാതെ നടന്നാൽ മതിയല്ലോ.. ലോണും കുറിയും എല്ലാം എന്റെ പേരിലാ.. എല്ലാവരോടും പറഞ്ഞു പറഞ്ഞു മടുത്തു.. വല്ലാത്തൊരു ജീവിതമായിപ്പോയി എന്റെ.”
“എല്ലാം ശെരിയാവും.. കട്ടൻ ചായ കണ്ടപ്പോൾ പാലില്ലെന്ന് ചോദിച്ചത്.. എന്റെ തെറ്റ്… നിന്നെ കൊണ്ട് മനുഷ്യന് സമാധാനം ഇല്ലാണ്ടായി.”
“ആഹാ… ഞാൻ ആണല്ലോ എപ്പോഴും നിങ്ങക്ക് പ്രശ്നം.”
അവളുടെ കണ്ണുകൾ നിറഞ്ഞു. എന്നും അവളുടെ കണ്ണുകൾ നിറഞ്ഞ് കാണുന്നത് അലിക്ക് സങ്കടമാണ്.
“നിന്റെ കണ്ണിൽ കണ്ണീർ കാണുന്നതും.. കാലിൽ പാദസരം കാണാത്തതും എനിക്ക് ഇഷ്ടല്ല.”
ഇപ്പൊ ഇടക്കിടെ കണ്ണും നിറയും കാലിൽ പാദസരവും ഇല്ല. രണ്ടും ഇങ്ങനെയാക്കിയത് പ്രവാസം അവസാനിപ്പിച്ചപ്പോളാണ്.
യാത്ര പറയാതെ അലി പുറത്തേക്ക് ഇറങ്ങിപ്പോയി.
രാത്രിയായിട്ടും അലിയെ കാണാതെ ആയപ്പോൾ സുലുവിന് സങ്കടമായി.
“മോളേ.. നിന്നോട് പറഞ്ഞ വാപ്പിച്ചി എവിടെ പോണെന്ന്…?”
“ഉമ്മാനെ പേടിച്ചു വാപ്പി ചിലപ്പോൾ നാട് വിട്ട് കാണും..”
മൊബൈലിൽ വിളിച്ചപ്പോൾ സ്വിച് ഓഫ്.
“”പടച്ചോനെ എന്റെ ഇക്കയെ കാത്തോളണേ.”
അവൾക്ക് അറിയാം ചിലപ്പോളക്കെ വായിൽ നിന്നും വീണുപോകുന്നത് ഏറെ വിഷമം ആകുന്നുണ്ടെന്ന്. പലപ്പോഴും അങ്ങനെ സംഭവിച്ചു പോകുന്നു.
സമയമേറേ ആയിട്ടും വഴിയിലേക്ക് നോക്കി സുലു ഇരുന്നു. രാവിലെ എവിടേക്കോ പോകാൻ ഒരുങ്ങി ഇറങ്ങിയതാണ്.
വൈകിയെങ്കിലും അലി വീട്ടിൽ എത്തി.
“നിങ്ങളിത് മൈബൈൽ ഓഫ് ആക്കി വെച്ച് എവിടെ പോയതാണ്..?”
“മൈബൈൽ ചാർജ് തീർന്നു ഓഫായി.. ഞാൻ പറഞ്ഞിട്ടില്ലേ ഒരു മാസത്തോളം വിസ തീർന്നിട്ടും വിസ പുതുക്കാൻ പറ്റാതെ ഒരാളെ ഞാൻ എന്റെ മുറിയിൽ താമസിപ്പിച്ചത്..അന്ന് അയാളെ പോലിസ് പിടിക്കാതെ മുറിയിൽ നിർത്തി ഭക്ഷണം കൊടുത്തു ഉറങ്ങാൻ ഒരിടവും.
“ആ… എനിക്ക് ഓർമ്മയുണ്ട്.. അങ്ങനെ കുറേ ഉണ്ടല്ലോ… എന്നിട്ടും നിങ്ങളെ സഹായിക്കാൻ ആരെയും കണ്ടില്ല.”
“ആരിൽ നിന്നും തിരിച്ചു കിട്ടുമെന്ന് കരുതി ഒന്നും ചെയ്യാറില്ല.. പക്ഷെ ചിലത് പ്രതീക്ഷിക്കാതെ തിരിച്ചു കിട്ടും.അയാൾ നാട്ടിൽ ഉണ്ട്.. എന്നെ കാണണമെന്ന്.. പറഞ്ഞു.. പുള്ളിടെ ഒപ്പം ഒരു ഷോപ്പ് ഗൾഫിൽ.. ഓപ്പൺ ചെയ്യണം.. അടുത്ത മാസം പോകണം.. വിസയൊക്കെ റെഡിയാണ്.”
അത് പറഞ്ഞപ്പോളും അവളുടെ കണ്ണുകൾ നിറഞ്ഞു.!!
“ഇനിയന്തിനാ എന്റെ പെണ്ണിന് സങ്കടം.. വീണ്ടും നല്ല കാലം വരികയല്ലേ.”
“പെട്ടന്ന് ഇങ്ങനെ കേട്ടപ്പോൾ… ഇക്ക പോകുമെന്ന് കേട്ടപ്പോൾ… “
“പോകണം…പോയാലല്ലെ…”
“സമാധാനം കിട്ടു അല്ലെ..”
“അങ്ങനെയല്ല.. സുലു. നീ പറയുന്നതൊക്കെ ചില നേരങ്ങളിൽ കുറച്ചു സങ്കടം ഉണ്ടാക്കുമെങ്കിലും നിന്നെ എനിക്ക് അറിയുന്ന പോലെ ആർക്കും അറിയില്ലല്ലോ..”
സുലു അലിയുടെ കൈപിടിച്ച് ചുംബിച്ചു. ആ സമയം അടുത്ത് മക്കളും ഉണ്ടായിരുന്നു.
വഴക്കിടുന്നത് മാത്രമല്ല മാതാപിതാക്കൾ സ്‌നേഹത്തോടെ സംസാരിക്കുന്നതും അവർ കാണണം.
“കീരിയും പാമ്പും ജോയിന്റ് ആയ സ്ഥിതിക്ക് നമുക്ക് ഒരു സെൽഫി എടുത്താലോ..”
ഇനിയും അലി കടൽ കടന്ന് പോകും.പ്രവാസികളുടെ ജീവിതം ഇങ്ങനെയൊക്കെയാണ്.പുതിയ പുതിയ പ്രശ്നങ്ങളും. ബാധ്യതകളും… എല്ലാത്തിനും വഴിയായി പ്രവാസവും.
നവാസ് ആമണ്ടൂർ.