സുമതിയമ്മയ്ക്ക് മക്കൾ ,ഭർത്താവ് അങ്ങനെയൊരു പ്രത്യേക സ്നേഹ മൊന്നുമില്ലായിരുന്നു. സ്വന്തം കാര്യം എങ്ങനെയും നടക്കണം…….

_upscale

പശ്ചാത്താപം

Story written by Nisha Suresh Kurup

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“അമ്മ എന്തിനാ ഈ കുഴമ്പും പുരട്ടി ഹാളിൽ വന്നിരിക്കുന്നത് എന്തൊരു നാറ്റമാ ആരെങ്കിലും കയറി വന്നാൽ വീടു മുഴുവൻ ഇതിന്റെ  നശിച്ച  ഗന്ധമായിരിക്കും. അമ്മയുടെ മുറിയിൽ പോയി ഇരുന്നു കൂടെ “.

മൂത്ത മരുമകളാണ് ആതിര സുമതി അമ്മയോട് രാവിലെ തന്നെ കലി തുള്ളി നില്ക്കുന്നത്.

സുമതിയമ്മ ആതിരയെ നോക്കി  എന്തോ പറയാൻ അവരുടെ നാവു  പൊന്തിയെങ്കിലും അവളുടെ ദേഷ്യത്തോടെയുള്ള  നില്പിനു മുന്നിൽ പറയാനുള്ളത് വിഴുങ്ങി . ഒന്നും പറഞ്ഞിട്ട് കാര്യമില്ല ആതിര ഈയിടയായി ഇങ്ങനെയാണ് തൊട്ടതിനും പിടിച്ചതിനു മൊക്കെ കുറ്റം കണ്ടുപിടിയ്ക്കും  . അവരുടെ മോനും അവളുടെ ഭാഗമേ നില്ക്കു . ചെറുമകൾ ശ്രേയയും അതെ എന്തിനും മുത്തശ്ശിയോട് തട്ടിക്കയറും. സുമതിയമ്മ പതിയെ എഴുന്നേറ്റു . നേരെ  നടക്കാൻ പോലും കഴിയാതെ അവശയായിരിക്കുന്നു. കാലിന് മുട്ടിന് താഴോട്ട് നീര് വന്ന് വീർത്തിരിക്കുന്നു. ആ കാലുകൾ  ഏന്തി  വലിച്ചവരു തന്റെ മുറിയിലേക്ക് നടന്നു. കിടക്കയിൽ പോയിരുന്ന അവരുടെ മിഴികൾ നിറഞ്ഞിരുന്നു.  ഭർത്താവ് അച്യുതൻ നായരുടെ മുഖം  മനസിലേക്കു കടന്നു വന്നു. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിഞ്ഞില്ല. എത്ര കാര്യമായാണ് ഭർത്താവ് തന്നെ കൊണ്ട് നടന്നത്. തന്റെ  അഹങ്കാരം പിടിച്ച മനസിനു  ആ സ്നേഹം കാണാനുള്ള കഴിവില്ലാതെ പോയി. പണത്തെയല്ലാതെ ഒന്നിനെയും സ്നേഹിച്ചില്ല. സ്വന്തം കാര്യങ്ങളല്ലാതെ മറ്റുള്ളവർക്ക് ഒരു മനസുണ്ടെന്ന് ചിന്തിച്ചില്ല. മക്കളും മരുമക്കളും ഇന്നു തന്നോടിങ്ങനെ പെരുമാറുന്നുണ്ടെങ്കിൽ അതിനു കാരണക്കാരി താൻ മാത്രമാണ്

*********************

അച്യുതൻനായർക്കും സുമതിയമ്മക്കും രണ്ട് ആൺമക്കളാണുള്ളത്.  മൂത്തവൻ സുദർശൻ , ഇളയവൻ മാധവൻ .അച്യുതൻ നായർക്ക് ഗവൺമെന്റ് ജോലിയായിരുന്നു. മക്കൾ കുഞ്ഞായിരുന്നപ്പോഴേ  ജീവിക്കാൻ വേണ്ടി ജോലിക്ക് പോവുന്ന കൂടാതെ, ചെറിയ ചെറിയ തൊഴിലുകൾ അല്ലാതെയും അയാൾ ചെയ്യുമായിരുന്നു. പേരുകേട്ട കുടുംബത്തിലാണു പിറന്നതെങ്കിലും അച്യുതൻ നായർക്ക് സാമ്പത്തികം വളരെ മോശമായിരുന്നു. അത് കൊണ്ടു തന്നെ കുഞ്ഞിലേ എന്തെങ്കിലും തൊഴിലൊക്കെ ചെയ്യുമായിരുന്നു .അത്രയും കഷ്ടപ്പാടായിരുന്നു.  അന്നത്തെ കാലത്തു എന്തോ ഭാഗ്യത്തിന് ചെറുതെങ്കിലും ഗവൺമെന്റ് ജോലി   കിട്ടി. സുമതിയമ്മയെ വിവാഹം കഴിച്ചപ്പോൾ  സ്വർണ്ണ മൊന്നും കൊടുത്തിരുന്നില്ല. വസ്തു കൊടുക്കാമെന്ന് ഏറ്റിരുന്നു. സുമതിയമ്മ നല്ല പഠിത്തമുള്ള  സ്ത്രീയാണ്. അവരും കുടുംബപരമായി  അറിയപ്പെടുന്ന വീട്ടിലുള്ളതാണ്. അതിന്റെ അഹങ്കാരമെല്ലാം വന്നു കയറിയപ്പോഴേ അവർക്കുണ്ടായിരുന്നു.

അവരുടെ രണ്ട് പേരുടെയും നാട്ടിലല്ലാതെ തിരുവനന്തപുരത്തായിരുന്നു അച്യുതൻ നായരുടെ ജോലി. ആയതിനാൽ അവരിരുവരും അവിടെ വാടക വീട്ടിലാണ്  താമസിച്ചിരുന്നത്. കുറച്ചു വസ്തു വിലക്കുറച്ച് കിട്ടുമെന്നറിഞ്ഞു അതു വാങ്ങാൻ അച്യുതൻ നായർ ശ്രമിച്ചു. അപ്പോഴേക്കും അവർക്ക് മൂത്തമകൻ സുദർശൻ ജനിച്ചിരുന്നു. വസ്തു വാങ്ങുന്നതിനായി  സുമതിയമ്മയുടെ വീട്ടുകാരോട് സഹായം എന്തെങ്കിലും ചോദിച്ചെങ്കിലും സമയമായപ്പോൾ കൊടുക്കാമെന്ന് പറഞ്ഞ ഓഹരി പോലും ഇല്ലെന്നു പറഞ്ഞു കൈയ്യൊഴിഞ്ഞു.. അതിനെ ചൊല്ലി വഴക്കായെങ്കിലും ഒന്നും  വേണ്ട എന്റെ ഭാര്യയും കുഞ്ഞുമാണ് അതിലും വലുതെന്ന് പറഞ്ഞ് സുമതിയമ്മയെയും കൂട്ടി അച്യുതൻ നായർ  അവിടുന്ന് ഇറങ്ങി. അതിനുശേഷം കടം വാങ്ങിയും അയാളുടെ ചെറിയ സമ്പാദ്യവും എല്ലാം കൂടി സ്വരൂപിച്ച് വസ്തു വാങ്ങി.  എങ്ങനെയെങ്കിലും വീടും വെച്ചു.  രണ്ടാമത്തെ മകനും ജനിച്ചു. ഇത്രയൊക്കെയാണെങ്കിലും സുമതിയമ്മയ്ക്കു ഭർത്താവിനേക്കാൾ കൂറ് സ്വന്തം വീട്ടുകാരോടായിരുന്നു.

സുമതിയമ്മയ്ക്ക് മക്കൾ ,ഭർത്താവ് അങ്ങനെയൊരു പ്രത്യേക സ്നേഹ മൊന്നുമില്ലായിരുന്നു. സ്വന്തം കാര്യം എങ്ങനെയും നടക്കണം. ഭർത്താവിനേക്കാൾ പഠിത്തവും കുലമഹിമയും തനിയ്ക്കാണ് കൂടുതലെന്നുള്ള  ഗർവായിരുന്നു എപ്പോഴും. ഭർത്താവിനെ ബഹുമാനിക്കാനോ, വിലകല്പിക്കാനോ മുതിർന്നില്ല. ചെറിയ ചെറിയ വഴക്കോ പിണക്കമോ പോലും നാട്ടുകാരെയെല്ലാം  അറിയിച്ചു സന്തോഷം കണ്ടെത്തും. നാട്ടുകാരുമായും, സ്വന്തം ബന്ധുക്കളുമായും നല്ല അടുപ്പവുമാണ് സുമതിയമ്മക്ക് .ഇത്രയൊക്കെയാണെങ്കിലും അച്യുതൻ നായർക്കു ഭാര്യയെ മറ്റെന്തിനെക്കാളും ജീവനായിരുന്നു. മക്കൾ വലുതായി വന്നതോടെ  അമ്മയുടെ സ്വഭാവം മനസിലായതോടെ അവർക്കു അച്ഛനോടായിരുന്നു അടുപ്പം.

വർഷങ്ങൾ കഴിയവേ മക്കൾ രണ്ടു പേരും വിവാഹം കഴിച്ചു. ഇളയവന്റ ഭാര്യ സുനിത. രണ്ട് മരുമക്കളെയും സുമതി അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു.. അവരെ തൊട്ടതിനും പിടിച്ചതിനുമൊക്കെ    ചീത്ത പറയും.മൂത്ത മകൻ നാട്ടിൽ ബിസിനസും  കാര്യങ്ങളുമായും ,ഇളയ മകൻ വിദേശത്തുമാണ് . മരുമക്കളെ തമ്മിലടിപ്പിക്കുക .അടുക്കളയിൽ അവരെന്തു ചെയ്താലും കുറ്റം കണ്ടുപിടിയ്ക്കുക. ചെയ്യാതിരുന്നാൽ അതിന്റെ പേരിലാകും പോര്. പക്ഷെ അച്യുതൻ നായർക്ക് മരുമക്കളെ കാര്യമായിരുന്നു. സ്വാർത്ഥയായ അവർക്കു അതും ദേഷ്യ മായിരുന്നു. ഒടുവിൽ ആതിരക്ക് മകൾ ശ്രേയയും , സുനിതക്ക് മകൻ വൈശാഖും ജനിച്ചു. സുമതിയമ്മയ്ക്കു പെൺകുഞ്ഞിനെയായിരുന്നു കൂടുതൽ ഇഷ്ടം. ശ്രേയയെ എടുത്ത് പൊക്കി കൊണ്ട് എപ്പോഴും  നടക്കും. വൈശാഖിനെ കൊഞ്ചിക്കാനൊന്നും ശ്രമിക്കാറുമില്ല. കുഞ്ഞിനെ ആരും കാണാതെ ഉപദ്രവിക്കുന്നതിലും അവര് മിടുക്കിയായിരുന്നു. അവരു ആലോചിച്ചു  നടത്തിയ വിവാഹമാണ് ആതിരയും സുദർശനുമായിട്ടുള്ളത്. എന്നാൽ മാധവൻ  പ്രണയിച്ചു ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ചെയ്തതായിരുന്നു സുനിതയെ .അത് കൊണ്ടു തന്നെ സുനിതയെ കാണിക്കാനായി ആതിരയോട് അടുപ്പം കാണിയ്ക്കുകയും, ശ്രേയയെ തറയിൽ വയ്ക്കാതെ കൊണ്ടു നടക്കുകയും ചെയ്യുമായിരുന്നു.എന്നിട്ടും അവരുടെ കൂടെ ജീവിക്കാൻ വയ്യെന്ന് പറഞ്ഞ് ആതിരയാണ്  ഭർത്താവും കുഞ്ഞുമായി ഒരു പാട് ദൂരയല്ലാത്തടുത്തേക്ക് ആദ്യം താമസം മാറിയത്…

വിദേശത്തായിരുന്ന  മാധവിനെ ഇവിടെ നടക്കുന്നത് കൂടുതൽ ഒന്നും അറിയിക്കാതെ സുനിത കുറച്ചു കാലം കൂടി പിടിച്ചു നിന്നു. എന്നാൽ നാട്ടിലുള്ള സമയത്ത് വൈശാഖിനോടു പോലും ക്രൂരത കാണിക്കുന്ന അമ്മയെ മനസിലാക്കിയ മാധവനും ഭാര്യയും മകനുമായി ഭാര്യയുടെ സ്ഥലത്ത്  വീടുവെച്ചു താമസം മാറി. അച്യുതൻ നായരും സുമതിയമ്മയും ഒറ്റയ്ക്കായി. കാലങ്ങൾ നീങ്ങവെ ചെറുമക്കൾ  വളർന്നു.ഇളയ മകൻ നാട്ടിൽ  സ്ഥിരമായി .അച്യുതൻ നായർ പെൻഷനും ആയി. മരുമക്കളെ ദ്രോഹിക്കാൻ പറ്റാത്തതിലുള്ള ദേഷ്യവും അവരു തന്റെ മക്കളോടൊത്തു സുഖമായി ജീവിക്കുന്നതിലുള്ള അസൂയയുമെല്ലാം സുമതിയമ്മ തീർത്തതു തന്റെ ഭർത്താവിനോടാണ്.  എന്തെല്ലാം കാര്യത്തിനു കാശു കൊടുത്താലും അവർക്കു തികയില്ല. പിന്നെയും വേണമെന്ന വാശിയാണ്. കിട്ടുന്നതൊക്കെ അപ്പോൾ തന്നെ ചെലവഴിച്ചു തീർക്കാനും മുന്നിലായിരുന്നു. എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു കാരണം അവരു ചോദിയ്ക്കുന്ന സമയത്തു ഭർത്താവു  കൊടുക്കാതിരുന്നാൽ അതിന് അയാളെ അന്നു കിടത്തിപ്പൊറുപ്പിക്കില്ല. മക്കളും മാസമാസം  സുമതിയമ്മയ്ക്ക്  ആവശ്യങ്ങൾക്കായി പൈസ കൊടുക്കും. എങ്ങാനും കൊടുക്കുന്നതു താമസിച്ചാൽ  അതിനും പഴി മുഴുവൻ അച്യുതൻ നായർ കേൾക്കേണ്ടി വരും.

ഇത്രയും കാലവും  കുടുംബത്തിനു വേണ്ടി  ഭാരം ചുമന്ന അച്യുതൻ നായർക്കു പെൻഷനായി ഇനിയെങ്കിലും വിശ്രമിക്കാം എന്നു വിചാരിച്ചാൽ സമയത്ത് ആഹാരം പോലും നേരെ ഉണ്ടാക്കി കൊടുക്കാൻ സുമതി അമ്മയ്ക്കു താല്പര്യ മില്ലായിരുന്നു. ജോലി ചെയ്യാൻ ആരോഗ്യമില്ല സുഖമില്ലെന്ന മട്ടിൽ അനങ്ങാതിരിക്കും. പുറത്തു നിന്നു വാങ്ങി കഴിക്കുന്നതാണ് അവർക്കേറെ ഇഷ്ടം. അല്ലെങ്കിൽ അവരുടെ ഇഷ്ടത്തിന് മാത്രം ഉണ്ടാക്കുകയും കഴിക്കുകയും വേണമെങ്കിൽ കഴിച്ചാൽ മതിയെന്ന മട്ടിൽ എന്തെങ്കിലും ഭർത്താവിനും കൊടുക്കുകയും ചെയ്യും. എന്തെങ്കിലും കഴിക്കാനുള്ള ആഗ്രഹങ്ങൾ അച്യുതൻനായർ പറഞ്ഞാലും അവരു കേട്ട ഭാവം നടിക്കില്ല.  നാട്ടിലെ എല്ലാ കാര്യത്തിലും മുന്നിൽ നില്ക്കുന്ന അച്യുതൻ നായർ നാട്ടുകാർക്ക് ഇതിനിടയിൽ പ്രിയങ്കരനായി മാറിയിരുന്നു. സുമതിയമ്മയുടെ വീട്ടുകാർക്കും ഇപ്പോൾ പിണക്കമൊന്നുമില്ല അച്യുതൻ നായരെ കാര്യമാണ്. മക്കളും മരുമക്കളും നാട്ടുകാരും ബന്ധുക്കളും എല്ലാം പറഞ്ഞു സുമതിയമ്മയെ നിലയക്ക് നിർത്താൻ പക്ഷെ അയാൾ ഒരു ചിരിയോടെ പറയും

“അവൾക്ക് പിണങ്ങാനം ദേഷ്യപ്പെടാനും ‘പരിഭവം കാണിക്കാനും എല്ലാം ഞാൻ മാത്രമല്ലേയുള്ളു “..ആ സ്നേഹമൊന്നും സുമതിയമ്മയ്ക്ക് അറിയില്ല. അവര് ആരെ കണ്ടാലും ഭർത്താവിന്റെ കുറ്റങ്ങൾ മാത്രം പറയും. ഭർത്താവ് മരിച്ചാൽ പിന്നെ ഒന്നും അറിയണ്ട ആളിന്റെ പെൻഷൻ കിട്ടുന്നതു കൊണ്ടു സുഖമായി കഴിയാമെന്ന് സുമതിയമ്മ ഒരിക്കൽ ഒരു ബന്ധുവിനോടു പറഞ്ഞതു  അച്യുതൻ നായരുടെ ചെവിയിലുമെത്തി.അതറിഞ്ഞ മക്കൾ അമ്മയോട് കയർത്തു സംസാരിക്കാൻ തുടങ്ങിയപ്പോഴും അച്യുതൻ നായർ പറഞ്ഞു. “അവള് അറിവില്ലാതെ എന്തെങ്കിലും പൊട്ടത്തരം പറഞ്ഞതിന് അതൊന്നും കാര്യമാക്കണ്ട പാവം അവൾക്കു എന്താ എവിടെയാ പറയേണ്ടതെന്നു അറിയില്ല “. അതു കേട്ടിട്ടു പോലും  കുറ്റബോധമൊന്നും സുമതിയമ്മയിലുണ്ടായില്ല.

അതിനിടയിൽ കാലിനു നീരൊക്കെ വന്നതിനെ തുടർന്ന് തീരെ അവശയാണെന്നും പറഞ്ഞു സുമതിയമ്മ വിശ്രമിക്കാൻ തുടങ്ങി  .ഒടുവിൽ ആഹാരവും അച്യുതൻ നായരു തനിയെയുണ്ടാക്കി അവർക്കും കൂടി കൊടുത്തു. രാത്രി ചപ്പാത്തിയും മറ്റും അയാളുണ്ടാക്കിയാൽ  കൂടെ കഴിക്കാൻ അവർക്കിഷ്ടമുള്ള കറിയല്ലെങ്കിൽ  അവര് പിണങ്ങി കിടക്കും. അയാൾ കൊച്ചു കുഞ്ഞിനെപ്പോലെ നിർബന്ധിച്ചു കൊണ്ടു വന്ന് കഴിപ്പിക്കാൻ നോക്കും. അച്ഛന്റെ  കഷ്ടപ്പാട് കണ്ട് ആതിര വീട്ടിൽ നിന്ന് ആഹാര മൊക്കെയുണ്ടാക്കി കൊടുത്തു നോക്കി. അടുത്ത് താമസിക്കുന്നത് അവരാണല്ലോ . .  സുമതിയമ്മ അത് കഴിക്കാതിരിക്കും. മക്കൾ പോയി കഴിയുമ്പോൾ ഭർത്താവിന്റെ മെക്കിട്ട് കയറും. പിന്നെ പിന്നെ മക്കളും മടുത്തു. അയാൾ കഷ്ടപ്പെടാൻ മാത്രം വിധിയ്ക്കപ്പെട്ടവനായി.

ആശുപത്രിയിൽ കാലു നീരായും, ശ്വാസതടസമായുമൊക്കെ സുമതിയമ്മ കിടന്നപ്പോഴും മരുമക്കളെ കൂടെ നിർത്താൻ സമ്മതിച്ചില്ല. അവരുടെ വാശിയറിയാവുന്ന ഭർത്താവ് ഒരു മടിയും കൂടാതെ ആരെയും ബുദ്ധിമുട്ടിക്കാതെ പരിചരിച്ചു. എങ്കിലും ഒരു നന്ദി വാക്കോ സ്നേഹത്തോടെയൊരു നോട്ടമോ പോലും അച്യുതൻ നായരോട് കാട്ടിയില്ല. അയാൾക്കതിൽ പരാതിയുമില്ലായിരുന്നു.

ഒടുവിൽ ഒരു അറ്റാക്കിന്റെ രൂപത്തിൽ അച്യുതൻ നായർ ഈ ലോകം വിട്ടു പോയി. സ്നേഹിക്കാനോ , മനസിലാക്കാനോ ശ്രമിക്കാതെ പണത്തിനെയും ,സ്വന്തം ആരോഗ്യത്തെയും മാത്രം സ്നേഹിച്ച ഭാര്യയെ വിട്ടു,സ്വസ്ഥമായി സമാധാനമായി വിശ്രമിക്കാൻ അയാൾ പോയി.

അവരിൽ അത് വല്യ വിഷമം ഒന്നും ഉണ്ടാക്കിയില്ല. പെൻഷൻ എന്നു മുതൽ കിട്ടുമെന്നായിരുന്നു ചിന്ത. പക്ഷെ പോകെ പോകെ അവർക്ക് മനസിലായി പണത്തിന് കൊടുക്കാൻ പറ്റാത്ത പലതുമുണ്ടെന്ന് .കാലിനു നീരു കെട്ടി അതു കീറേണ്ട അവസ്ഥയും മറ്റും വന്നു .ഒറ്റയ്ക്ക് സുഖമില്ലാത്ത അവരെ വീട്ടിൽ നിർത്താൻ പറ്റാത്തത് കൊണ്ട് മക്കൾ മാറി മാറി കൊണ്ടു നിർത്തി. അച്യുതൻ നായരെ പോലെ ക്ഷമയുള്ളവരായിരുന്നില്ല മക്കളും മരുമക്കളും ചെറുമക്കളും അവരുടെ ഭരണം മുളയിലേ നുള്ളി കളഞ്ഞു. അവരെ അനുസരിച്ച് ജീവിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ വന്നു. ഒറ്റയ്ക്ക് പോകാനോ വരാനോ കാലിനു സുഖമില്ലാത്ത അവർക്ക് കഴിയുമായിരുന്നില്ല. എന്തിനും ആശ്രയം വേണ്ടി വന്നു.

******************

സുമതിയമ്മ പഴയ ഓർമ്മകളിൽ കുറ്റബോധത്താൽ നീറി. ജീവനായി തന്നെ സ്നേഹിച്ച ഭർത്താവിനെ ഒരു ദിവസം പോലും തിരികെ സ്നേഹിച്ചിട്ടില്ല. താനാണ് വലുതെന്ന ഭാവമായിരുന്നു. ഭർത്താവ് തനിക്കു തട്ടി കളിയ്ക്കാൻ ഒരാൾ മാത്രമായിരുന്നു . മക്കളെയും സ്നേഹിച്ചില്ല . മക്കളുടെ സന്തോഷകരമായ ജീവിതത്തിലും അസൂയയാണ് തോന്നിയത്. നശിച്ച ജന്മമാണ് തന്റേത്. ഭർത്താവും മക്കളുമൊരുമിച്ചു സ്നേഹത്തോടെ ജീവിയ്ക്കുന്നതിനു പകരം എല്ലാവരെയും തമ്മിൽ അകറ്റാൻ നോക്കി. നിറഞ്ഞ മിഴികളോടെ അവരങ്ങനെയിരുന്നു. ആതിര ആ സമയം അങ്ങോട്ടു കയറി വന്നു.

“എന്തിനാ ഇപ്പോൾ ഇരുന്ന് കള്ള കണ്ണീരൊഴുക്കുന്നത് നിങ്ങളുടെ അഭിനയമൊക്കെ കണ്ട് മനസലിഞ്ഞ് കൂടെ നില്ക്കുന്നയൊരാളുണ്ടായിരുന്നു .

നിങ്ങൾ മനസിലാക്കിയോ അദ്ദേഹത്തെ? ഈ ജൻമം എന്തെങ്കിലും സുഖമോ സമാധാനമോ ആ മനുഷ്യൻ അറിഞ്ഞോ ? മക്കളെ നിങ്ങൾ സ്നേഹിച്ചോ ? ഞങ്ങൾ വന്നു കയറിയ മരുമക്കൾ അവിടെ ഒരു അമ്മയുണ്ടല്ലോ എന്ന സമാധാനത്താൻ അല്ലെ വലതുകാൽ വെച്ച് ആ വീട്ടിൽ കയറിയത്. എന്നിട്ടോ സമാധാനം തന്നിട്ടുണ്ടോ ? ഇങ്ങോട്ട് തരുന്നതേ അങ്ങോട്ടുo കിട്ടു കേട്ടിട്ടില്ലെ വിതച്ചതേ കൊയ്യൂ . ഇനിയെങ്കിലും ആ മനുഷ്യനെ ഓർത്ത് പശ്ചാത്തപ്പിക്ക് ” ?

ആതിര പരിഹാസത്തോടെ  ഇറങ്ങി പോയി.

പശ്ചാത്താപത്തിന്റെയും, ഒറ്റപ്പെടലിന്റെയും ഒരു വിങ്ങൽ സുമതിയമ്മയുടെ  നെഞ്ചിനെ കുത്തി വലിച്ചു. അത് കണ്ണുനീരായി പുറത്തേക്ക് ഒഴുകി …. ആ മാസത്തെ പെൻഷൻ തുക മേശപ്പുറത്ത് കാറ്റിനൊപ്പം ഒന്നു ഇളകിയാടി….