വാടാത്ത മൊട്ടുകൾ
എഴുത്ത്:- ഭാവനാ ബാബു(ചെമ്പകം)
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“അല്ല റഹീമേ നീ തന്നെ പറയ്, ഈ പന്ന മോൻ കാണിച്ചത് പോക്രിത്തരമല്ലേ? നമ്മൾ മൂന്നാളും കൂടി ഷെയറിട്ടെടുത്ത ലോട്ടറിക്ക് ഫസ്റ്റ് പ്രൈസ് അടിച്ചിട്ട് അത് ഇവനൊറ്റക്ക് കൊണ്ടോയി തിന്നുന്നത് ശരിയാണോ.”?
എന്റെ നേർക്ക് വിരൽ ചൂണ്ടി കൊണ്ട് ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ് സുധി.
സുധിയുടെ ചോദ്യം കേട്ടിട്ടും റഹീമിന്റെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവഭേദമൊന്നുമുണ്ടായില്ല. അവനപ്പോഴും ഓരോന്ന് പറഞ്ഞു സുധിയെ സമാധാനപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.
“കുറച്ചു നേരമായല്ലോ, ഈ കവലേടെ നടുക്ക് നീ ഞങ്ങൾ രണ്ടാളേം ഇടം വലം തിരിയാൻ സമ്മതിക്കാതെ ചോദ്യം ചെയ്യാൻ തുടങ്ങീട്ട്. അല്ല ഞാൻ ചെയ്ത തെറ്റെന്താണെന്ന് കൂടി നീ പറ “
സുധിയോടായിരുന്നു എന്റെ ചോദ്യം.
“ഓ ഒന്നുമറിയാത്തൊരു നിഷ്കളെങ്കൻ ..പറയാമെടാ രഘു ഞാനെല്ലാം പറയാം…. എന്റെ ചുണ്ടത്തിരുന്ന് പുകഞ്ഞു കൊണ്ടിരുന്ന സി ഗരറ്റ് വലിച്ചെടുത്ത് പുറത്തേക്കൊരു പുക വിട്ടുകൊണ്ട് അവൻ ദേഷ്യത്തോടെ പറഞ്ഞു തുടങ്ങി.
“ഈ കഴിഞ്ഞ ഓണത്തിന് , നമ്മളൊരുമിച്ച് ഓണം ബംമ്പറെടുത്തു . അടിച്ചാൽ തുല്യമായി വീതിച്ചെടുക്കണം . അതായിരുന്നല്ലോ നമ്മുടെ അഗ്രിമെന്റ്.
“അതിന് അതടിച്ചില്ലല്ലോ? നിസ്സഹായത്തോടെ ഞാൻ കൈമലർത്തികൊണ്ടു ചോദിച്ചു.
“എടാ തോക്കിൽ കേറി വെ ടി വയ്ക്കാതെടാ.” എന്റെ നേർക്ക് വിരൽ ചൂണ്ടി കൊണ്ടവൻ ക്ഷുഭിതനായി പറഞ്ഞു.
“എടാ രഘു നീ ഒന്ന് മിണ്ടാതിരുന്നേ. അവന്റെ മനസ്സിലുള്ളത്തൊക്കെ അവൻ പറഞ്ഞു തീർക്കട്ടെ “
രംഗം ശാന്തമാക്കാനെന്നോണം റഹിം പറഞ്ഞു
“അതല്ലേലും റഹീമേ ഇവനൊരു കള്ളനാണ്. ഈ കൂട്ട് കൃഷിയിൽ താല്പര്യമില്ലെന്നും പറഞ്ഞു മിണ്ടാതെ പോയ ഇവനെ ഇതിലേക്ക് വലിച്ചിഴച്ച് കൊണ്ട് വന്നത് നീയൊറ്റൊരുത്തനാണ്.”
സുധിയുടെ കുറ്റപ്പെടുത്തൽ കേട്ടതും റഹീം ആകെ ധർമ്മ സങ്കടത്തിലായി.
“പോട്ടെ അളിയാ, നീ കഴിഞ്ഞതൊക്കെ വിട്ട് കാര്യത്തിലേക്ക് വാ….”
“അന്ന് നമ്മൾ നിന്റെ ഉറപ്പിന്മേൽ ടിക്കറ്റ് ഇവനെയാണല്ലോ ഏൽപ്പിച്ചത്. ഫോട്ടോ ഇവൻ നമുക്ക് വാട്ട്സ് അപ്പിൽ അയച്ചു തരികയും ചെയ്തു. .”
“അന്ന് നമുക്ക് അഞ്ചു പൈസ പോലും അടിച്ചില്ലെന്ന് നീ തന്നെയല്ലേ പറഞ്ഞത് “?
റഹിമിന്റെ തല ചൊറിഞ്ഞും കൊണ്ടുള്ള ചോദ്യം കേട്ടതും സുധി അടങ്ങുന്ന മട്ടില്ല. അവൻ രൂക്ഷമായി റഹിമിനെയൊന്ന് നോക്കികൊണ്ട് വീണ്ടും എന്റെ നേർക്ക് തിരിഞ്ഞു കൊണ്ട് സംസാരം തുടർന്നു.
“എടാ അവൻ പറഞ്ഞത് ശരിയാണ്. റിസൾട്ട് വന്ന ദിവസം നമുക്ക് വല്ലതും അടിച്ചോ എന്നറിയാൻ അന്നത്തെ പത്രം ഫുള്ള് ഞാൻ അരിച്ചു പെറുക്കി നോക്കി . ഒടുക്കം 500 രൂപ പോലും കിട്ടിയില്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ കലി മൂത്താ പത്രം ദൂരേക്ക് വലിച്ചെറിഞ്ഞു “
“എന്നിട്ടാണോ കുറച്ചു മുൻപ് രഘു നമ്മളെ ചതിച്ചെന്നും പറഞ്ഞ് നീ അവനെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞത് “?
റഹിമിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടതും സുധിയുടെ നിയന്ത്രണം കൈവിട്ടു
“എടാ കോപ്പേ കൊറേ നേരമായി നിന്നോട് ഞാൻ പറയുന്നു. മുഴുവൻ കേൾക്കാതെ എന്റെ മറ്റെയിടത്തിലേക്ക് കേറി വെടി വയ്ക്കരുതെന്ന് ” ക്രോധത്തോടെ റഹിമിന്റെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടുകൊണ്ട് സുധി പറഞ്ഞു
ഇത് കണ്ടതും ഞാനൊന്നു ഭയന്നു. ദേഷ്യം വന്നാൽ നാലാൾ കൂട്ടി പിടിച്ചാൽ പോലും സുധി മല പോലെ ഒറ്റക്ക് നിന്നു പൊരുതും . ഇതിപ്പോ അവനൊരൽപ്പം മിനുങ്ങിയിട്ടുമുണ്ട് .
“റഹീമേ, സുധിയെ……. രണ്ടാളും ഒന്ന് മിണ്ടാതിരിക്ക്. ദേ ആളുകളൊക്കെ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്. ഒരു മുന്നറിയിപ്പ് പോലെ ഞാനവരോട് പറഞ്ഞു.
“ഒക്കെ വരുത്തി വച്ചിട്ട് ഇപ്പൊ ഇവൻ നമ്മളെ പിടിച്ചു മാറ്റാൻ വന്നിരിക്കുന്നത് കണ്ടോ”? . ദേഷ്യം മൂത്ത് നിൽക്കുന്ന സുധിയെ കണ്ടപ്പോൾ എനിക്കെന്തോ ചെറിയൊരു കുറ്റബോധം തോന്നി.
“എടാ നിനക്കറിയോ, അന്ന് നമ്മളെടുത്ത ലോട്ടറിയിൽ നൂറ് രൂപ അടിച്ചിരുന്നു. ഇവനാ പൈസയ്ക്ക് പകരമായി കാരുണ്യയുടെ രണ്ട് ടിക്കറ്റെടുത്തു. അതിലൊന്നിനു ഫസ്റ്റ് പ്രൈസ് അടിച്ചു.എന്നിട്ടിവനത് വെളിയിൽ മിണ്ടിയോ?”
ആവേശം മൂത്ത് സുധി സത്യം വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ ഞാനാകെ ഞെട്ടി.
ഈശ്വരാ,ഇതൊക്കെ ഇവനെങ്ങനെ അറിഞ്ഞു . നെഞ്ചിൽ കൈ വച്ചും കൊണ്ട് ഞാൻ മേൽപ്പോട്ട് നോക്കി.
“അല്ല ഇതൊക്കെ വള്ളി പുള്ളി തെറ്റാതെ നിനക്കാരാ ന്യൂസ് തന്നത്?”
ആകാംഷയോടെ ഞാനവനോട് ചോദിച്ചു.
“ലോട്ടറി കാണാരേട്ടൻ .” എന്നെ നോക്കികൊണ്ടവൻ പറഞ്ഞു.
“ചെ റ്റ തെ ണ്ടി….. വെറുതെയല്ല അവനെ നാട്ടുകാരൊക്കെ ഇടയ്ക്കിടെ ശകുനി കാണാരനെന്ന് വിളിക്കുന്നത്
ദേഷ്യത്തോടെ പല്ലിറുമ്മി കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു.
“എടാ അന്ന് ഞാനാ നൂറ് രൂപ നിനക്കൊക്കെ പകുത്ത് തന്നിരുന്നെങ്കിൽ ഇപ്പൊ ഞാനീ ചീത്തപ്പേര് കേൾക്കേണ്ടി വരില്ലായിരുന്നു. ഒക്കെ എന്റെ മാത്രം തെറ്റ് “
സ്വയം കുറ്റപ്പെടുത്തിയുള്ള എന്റെ വാക്കുകൾകേട്ടിട്ടും സുധിക്ക് യാതൊരു മാറ്റവും ഉണ്ടായില്ല . അവനപ്പോഴും മനസ്സിലെന്തൊക്കെയോ കണക്കു കൂട്ടുകയാണെന്നെനിക്ക് മനസ്സിലായി. ഞാൻ ചോദ്യ ഭാവത്തിൽ മെല്ലെ ഇടങ്കണ്ണിട്ട് റഹിമിനെയൊന്ന് നോക്കി.
“എടാ കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനിയിപ്പോ അതും പറഞ്ഞു നമ്മൾ പരസ്പരം തല്ല് കൂടിയിട്ടൊരു കാര്യവുമില്ല. നിനക്കിനി എന്താണ് വേണ്ടത്. കിട്ടുന്ന വിഹിതത്തിൽ നിന്നും പാതി വേണോ?”
എന്റെ മനസ്സറിഞ്ഞു തന്നെയായിരുന്നു റഹീമിന്റെ ചോദ്യം.
“എനിക്കിവന്റെ പൈസയൊന്നും വേണ്ട. അതൊക്കെ ഞാൻ അധ്വാനിച്ചുണ്ടാക്കുന്നുണ്ട്.”
“പിന്നെ നിനക്കെന്താണ് വേണ്ടതെന്നു പറഞ്ഞു തൊലയ്ക്കെടാ “.
ക്ഷമ കെട്ടുകൊണ്ട് റഹീം ചോദിച്ചു
“അത് പിന്നെ രഘു,……..മടിച്ചു മടിച്ചാണ് അവനെന്നോട് എന്തോ പറയാൻ തുടങ്ങിയത്
“ചോദിക്കുന്നത് കൊണ്ട് നിനക്കൊന്നും തോന്നരുത് എനിക്ക് നിന്റെ പെങ്ങൾ തുളസിയെ വല്യ ഇഷ്ടമാണ്. അവളെ എനിക്ക് കല്യാണം…..”
അവനാ വാചകം മുഴുമിപ്പിക്കും മുന്നെ ദേഷ്യത്തോടെ ഞാനവനെ കടന്നു പിടിച്ചു.
” ജീവനെ പോലെ ഞാൻ കൊണ്ടു നടക്കുന്ന എന്റെ പെങ്ങളെയല്ലാതെ നിനക്ക് മറ്റൊന്നും ചോദിക്കാനില്ല ല്ലേടാ. “
വലിഞ്ഞു മുറുകിയ എന്റെ മുഖം കണ്ടതും അവന്റെ മുഖം താണു
.”എടാ ഈ സമയം ഇതൊന്നും പറയാൻ പറ്റിയതല്ലെന്ന് എനിക്കറിയാം. നിന്നെ മുതലെടുക്കണമെന്ന് കരുതി ചോദിച്ചതുമല്ല. സത്യത്തിൽ എനിക്കവളെ അത്രക്ക് ഇഷ്ടമാടാ. പൊന്നു പോലെ ഞാനവളെ നോക്കിക്കോളാം “സുധി തികച്ചും സംയമനത്തോടെയാണത് പറഞ്ഞത് “
” നിനക്കവളെ ഇഷ്ടമായിരുന്നെങ്കിൽ നേരത്തെ പറഞ്ഞുകൂടായിരുന്നോ ഇതിപ്പോ നിന്റെ സ്നേഹം സത്യമാണെങ്കിൽ കൂടി ഇവൻ നിന്നെ വിശ്വസിക്കുമോ?
റഹിമിന്റെ ചോദ്യത്തിന് സുധിക്ക് പ്രത്യേകിച്ചൊരു മറുപടിയൊന്നു മുണ്ടായി രുന്നില്ല.
“ഒരനാഥനായ എനിക്ക് ഇവൻ പെങ്ങളെ കെട്ടിച്ചു തരുമോ എന്നൊരു പേടി കൊണ്ടാണ് ഞാനിത്രയും നാൾ എന്റെ ഇഷ്ടം പുറത്തുപറയാതെ ഉള്ളിലടക്കി വച്ചത്.”
കണ്ണ് നിറച്ചുള്ള അവന്റെ വാക്കുകൾ കേട്ടതും ഞാൻ വല്ലാതെയായി
സത്യത്തിൽ തുളസി ഇല്ലായിരുന്നെങ്കിൽ ഞാനും സുധിയെ പോലെ ആരോരുമില്ലാത്തവൻ ആയേനെ.ആ നിമിഷം ഞാനതാണ് ഓർത്തത്
” വിധി കാരണം ഒറ്റപ്പെട്ടു പോകുന്നത് ഒരു തെറ്റല്ല സുധി . എന്റെ പെങ്ങൾക്ക് നിന്നെ വിവാഹം കഴിക്കാൻ പൂർണ്ണ സമ്മതമാണെങ്കിൽ ഞാനീ ബന്ധത്തിന് എതിര് നിൽക്കില്ല.എന്നാൽ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ നീ അവളെ മറന്നേക്കണം ” ഒരു മുന്നറിയിപ്പ് പോലെ ഞാൻ പറഞ്ഞു
എന്റെ ഉറപ്പ് കിട്ടിയതും അവൻ സന്തോഷം കൊണ്ട് എന്നെയും റഹീംമിനേം കെട്ടിപ്പിടിച്ചു.
എല്ലാം കഴിഞ്ഞ് അവൻ യാത്ര പറഞ്ഞു പോയപ്പോൾ അവന്റെ ആഗ്രഹം വല്ലാത്തൊരസ്വസ്ഥതയായി എന്റെ മനസ്സിലവശേഷിച്ചു.
“എന്താടാ നീയിങ്ങനെ ആലോചിച്ചു തലപുകയ്ക്കുന്നത് “?
” അവനില്ലേ ആ സുധി അവനെന്റെ പെങ്ങൾക്ക് ചേരുമോന്നൊരാധി. “
” ഞാനും കൂടി ചേർന്നവനെ വിഡ്ഢിയാക്കുകയായിരുന്നു എന്നറിഞ്ഞിരുന്നേൽ അവനെന്നെ കൊന്നേനെ . എന്നാലും നിനക്കവനോട് തുടക്കം മുതൽക്കേ എല്ലാം തുറന്നു പറയാമായിരുന്നു. ലോട്ടറി അടിച്ചതും, എനിക്ക് തരുന്നത് പോലെ പതിനഞ്ച് ലക്ഷം നീ അവനും കൊടുക്കുമെന്ന് പറഞ്ഞതും ഒക്കെ. ഇതിപ്പോ എല്ലാം മൂടി വച്ചു കാര്യങ്ങൾ കൈവിട്ടു പോയി “.
റഹിമിന്റെ കുറ്റപ്പെടുത്തൽ കേട്ടപ്പോൾ അവൻ പറയുന്നതിലും കാര്യമുണ്ടെന്നെനിക്ക് തോന്നി.
“റമീമേ നിനക്കറിയാല്ലോ ഞാനെന്തിനാണ് അവനോടെല്ലാം മറച്ചു വച്ചതെന്ന്. ക ള്ള് കുടിയും ചീ pട്ട് കളയുമായി നടക്കുന്ന അവന്റെ കൈയിൽ പൈസ കിട്ടിയാൽ ഒറ്റദിവസം കൊണ്ട് അവനെല്ലാം അടിച്ചു തീർക്കും. അവനോരത്യാവശ്യം വരുമ്പോൾ കൊടുക്കാമെന്നു കരുതി. ഇന്നത്തെ കാലത്ത് സ്നേഹത്തിനും ആത്മാർത്ഥതയ്ക്കുമൊന്നും ഒരു വിലയുമില്ലെടാ “
ഒരൽപ്പം നിരാശയോടെ ഞാൻ പറഞ്ഞു.
“തുളസിയുടെ കാര്യം ആലോചിച്ചു നീ ടെൻഷൻ അടിക്കേണ്ട. നിനക്കവനെ കുറച്ചു നാളത്തെ പരിചയമല്ലേയുള്ളു? എനിക്ക് നിന്നെപ്പോലെത്തന്നെയാണ് അവനും അല്ലെങ്കിൽ തന്നെ എന്താണ് സുധിക്ക് ഒരു കുറവ്.കാണാൻ യോഗ്യൻ,സ്വന്തമായി വീടുണ്ട്, മാർക്കറ്റിൽ നിന്നെക്കാൾ വലിയൊരു പച്ചക്കറി കടയുണ്ട്. പിന്നെ സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന ചെറുക്കനാണ്. ഇതിൽ കൂടുതൽ എന്താടാ നമ്മുടെ പെങ്ങൾക്ക് വേണ്ടത് “
സുധിയെ പുകഴ്ത്തി കൊണ്ടുള്ള റഹീമിന്റെ സംസാരം എനിക്കെന്തോ അത്ര പിടിച്ചില്ല. അല്ലേലും അവർ തമ്മിൽ വർഷങ്ങളായുള്ള കൂട്ടുകെട്ടാണല്ലോ എന്നോർത്തപ്പോൾ മറുത്തൊന്നും പറയാനും എനിക്ക് കഴിഞ്ഞില്ല.
“നീ കണ്ടു പിടിച്ചൊരു യോഗ്യൻ….. അപ്പൊ അവന്റെ ക ള്ളു കുടിയും, ചീ ട്ടു കളിയുമോ? അതൊന്നും നിന്റെ കണ്ണിൽ പെട്ടില്ലേ “?
പുച്ഛം നിറഞ്ഞ എന്റെ ചോദ്യം കേട്ടതും റഹീമൊന്നു ചൂളി.
“അത് പിന്നെ നിയന്ത്രിക്കാൻ ആരുമില്ലാത്തതിന്റെ ചില പ്രശ്നങ്ങളൊക്കെ അവനുണ്ട്. എന്തായാലും തുളസി അവനെ നേരെ ആക്കും. അതെനിക്കുറപ്പുണ്ട്. ആ കാന്താരി ആളത്ര പാവോന്നുമല്ലല്ലോ “?
ചിരി നിറച്ചുള്ള അവന്റെ വാക്കുകൾക്കൊന്നും എന്റെ ഉള്ളിലെരിയുന്ന തീയണയ്ക്കുവാൻ കഴിഞ്ഞില്ല.
അങ്ങനെ ഓരോന്ന് ചിന്തിച്ചും, പറഞ്ഞും വീട്ടിലെത്തിയപ്പോൾ സിറ്റ് ഔട്ടിൽ നിലവിളക്കും കത്തിച്ചു കണ്ണടച്ചിരുന്നു നാമം ജപിക്കുകയായിരുന്നു തുളസി.കുറച്ചു തന്റെടിയും,വായാടിയുമൊക്കെയാണെങ്കിലും ഞാനെന്നു വച്ചാൽ അവൾക്ക് ജീവനാണ്.
അവളെ കണ്ടതും എന്റെ നെഞ്ചോന്നു വിങ്ങി. ശബ്ദമുണ്ടാക്കാതെ നേരെ റൂമിലേക്ക് പോയി കട്ടിലിൽ കിടന്നു.
“ഇതെന്താ പതിവില്ലാത്ത ചില കാര്യങ്ങളൊക്കെ. വന്നിട്ട് എന്നെയൊന്നു വിളിച്ചില്ല, കാപ്പി കുടിച്ചില്ല, കുളിച്ചില്ല, നേരെ കട്ടിലിൽ മലർന്നൊരു കിടപ്പ്. ഇനി പനിയോ തല വേദനയോ മറ്റോ ഉണ്ടോ “
എന്റെ നെറ്റിയിൽ കൈവച്ചു കൊണ്ട് തുളസി ചോദിച്ചു.
അവളെ കണ്ടതും ഞാനെണീറ്റ് കട്ടിലിലിരുന്നു.
“ഒന്നുമില്ല മോളെ. ആകെയൊരു ക്ഷീണം. അലസമട്ടിൽ ഞാൻ പറഞ്ഞു.
“ഏയ് ഇത് വെറും ക്ഷീണമല്ല.മുഖമാകെ വാടിയിരിക്കുന്നു.കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. എന്താ ഏട്ടാ കാര്യം “? ഒടുവിൽ അവളുടെ നിർബന്ധത്തിന് വഴങ്ങി കവലയിൽ നടന്നതെല്ലാം ഞാൻ അവളോട് പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞ് അവളൊന്നു ദേഷ്യപ്പെട്ടെങ്കിലും ഒടുക്കം അവൾ മെല്ലെയൊന്നയഞ്ഞു.
“എന്റെ ഏട്ടൻ ഞാൻ കാരണം ആരുടെ മുന്നിലും തോൽക്കാൻ പാടില്ല. ഏട്ടൻ ഇഷ്ടമുള്ളത് തീരുമാനിച്ചോളൂ.എന്തായാലും എനിക്ക് എതിർപ്പൊന്നുമില്ല “
അവളുടെ വാക്കുകൾ അത്രയേറെ ഉറച്ചതായിരുന്നു. അത് കേട്ടപ്പോൾ അടക്കി വച്ച എന്റെ സങ്കടം ഒന്നു കൂടി ഇരട്ടിച്ചു.
“മോളെ, ഇവിടെ ജയമോ, തോൽവിയോ ഒന്നുമില്ല. നിനക്ക് സമ്മത മാണെങ്കിൽ മാത്രം നമുക്കി വിവാഹം നടത്താം.”
ഞാൻ അവളെ സ്നേഹത്തോടെ സാന്ത്വനിപ്പിച്ചു.
“ശരി ഏട്ടാ, അങ്ങനെയാണെങ്കിൽ എനിക്ക് ഒന്ന് രണ്ടു ദിവസം ഒന്നാലോചിക്കണം. ഏട്ടനോടുള്ള വാശിപ്പുറത്താണോ സുധിയേട്ടനെനെന്നെ വിവാഹം കഴിക്കാനൊരുങ്ങുന്നതെന്ന് ആദ്യമെനിക്ക് അറിയണം.”
എല്ലാം സാവകാശം ചിന്തിച്ചു മാത്രമേ തുളസി ഓരോ തീരുമാനങ്ങളും എടുക്കാറുള്ളു. അതോർത്തപ്പോൾ എനിക്കവളെ കുറിച്ച് അഭിമാനം തോന്നി.
ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോളാണ് അവൾക്ക് സുധിയെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് എന്നെ അറിയിച്ചത്. അവളുടെ മറുപടിയിൽ എനിക്കത്ര സന്തോഷമൊന്നും തോന്നിയില്ല.
അങ്ങനെ ഒരു മാസം കൊണ്ട് വിവാഹത്തിനുള്ള തിയതിയും മറ്റു കാര്യങ്ങളുമൊക്കെ ഏർപ്പാടാക്കി.
സാരിയും, ആഭരങ്ങളുമൊക്കെ എടുക്കാൻ നേരം തുളസിയുടെ മ്ലാനമായ മുഖം കണ്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി.
“മോളെ, ഏട്ടന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് നിന്റെ വിവാഹം. അപ്പോൾ നീയിങ്ങനെ വിഷമിച്ചിരുന്നാൽ ഏട്ടനെങ്ങനെ സമാധാനത്തോടെ നിന്നെ അവന്റെ കൈയിലേൽപ്പിക്കും?
“ശരി …. ഇനി ഏട്ടന്റെ പുന്നാര വെറുതെ സങ്കടപ്പെട്ടു നടക്കില്ല….. ദേ നോക്കിയേ സ്മൈലി ഫേസ്.”
കുസൃതിച്ചിരിയോടെ അവൾ പറഞ്ഞു.
അങ്ങനെ കാത്തിരുന്ന വിവാഹദിവസം വന്നെത്തി….തുളസിയും, സുധിയും നിശ്ചയിച്ച മുഹൂർത്തത്തിൽ താലികെട്ടി.
അത് കണ്ട് സന്തോഷം കൊണ്ടു ഞാനെന്റെ കണ്ണുംതുടച്ചു നടക്കാനൊരുങ്ങി യപ്പോഴാണ് ആരോ എന്നെ പിറകിൽ നിന്നും വിളിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ കണാരേട്ടൻ, അല്ല ശകുനി. അയാളെ കണ്ടതും ഞാൻ ദേഷ്യത്തോടെ പല്ലിറുമ്മി.
“എടാ രഘു നന്നായെടാ. തുളസിക്ക് പറ്റിയ ചെക്കൻ തന്നെ . നോക്കിയെടാ എന്തൊരു ചേർച്ചയാണെന്ന് “
ഇയാളെയാരാ കല്യാണം ക്ഷണിച്ചതെന്നോർത്ത് ദേഷ്യത്തോടെ ഞാനയാളെ പിടിച്ചു വലിച്ചു മണ്ഡപത്തിന്റെ പിന്നാമ്പുറത്തേക്ക് കൊണ്ട് പോയി.
എന്റെ പ്രവർത്തിയിൽ ആദ്യമൊന്നമ്പരന്നുവെങ്കിലും വലിഞ്ഞു മുറികിയ എന്റെ മുഖം കണ്ടപ്പോൾ അയാളൊന്നും ശബ്ദിച്ചില്ല
എന്താടാ നിനക്ക് ഭ്രാന്ത് പിടിച്ചോ? എന്റെ പിടുത്തത്തിൽ നിന്ന് അയാളുടെ കൈ വിടുവിച്ചും കൊണ്ടു ചോദിച്ചു.
“തന്നോട് ഞാൻ നല്ല ഭാഷയിലല്ലെടോപറഞ്ഞത്,ലോട്ടറി അടിച്ച കാര്യം സുധിയോട് മിണ്ടരുതെന്ന്. എന്നിട്ട് എല്ലാം കുളമാക്കിയിട്ട്, ഒരു ഉളുപ്പുമില്ലാതെ പറയുന്നത് കേട്ടില്ലേ അതോർക്കുമ്പോൾ തന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കുകയാണ് വേണ്ടത് “അരിശത്തോടെ ഞാൻ അയാളോട് പറഞ്ഞു.
“നീ എന്തൊക്കെയാടാ ഈപ്പറയുന്നത്? ഞാൻ സുധിയോട് ഒന്നും പറഞ്ഞിട്ടില്ല. അവനെ കണ്ടിട്ട് തന്നെ എത്രയോ ദിവസങ്ങളായി”
കാണാരേട്ടന്റെ മറുപടി കേട്ടതും ഞാൻ സ്തംഭിച്ചു നിന്നു.
“ഞാനാണ് നിന്നോട് പറഞ്ഞതെന്നവൻ പറഞ്ഞോ. എന്നാൽ വാ നമുക്കിപ്പോ തന്നെ കൂട്ടി ചോദിക്കാം “
കാണാരേട്ടനോടൊപ്പം ഒന്ന് രണ്ട് ചുവട് ഞാൻ നടന്നെങ്കിലും, നല്ലൊരു ദിവസമായിട്ടു അവന്റെ ജീവിതത്തിലൊരു കരിനിഴൽ വീഴ്ത്താൻ ഞാനാഗ്രഹിച്ചില്ല.
കാണാരേട്ടനെ സമാധാനിപ്പിച്ചു പറഞ്ഞയച്ചപ്പോഴും എന്നെ ഒറ്റി കൊടുത്തതാരാണെന്ന ചോദ്യം ഒരു കരട് പോലെയെന്റെ മനസ്സിൽ ബാക്കിയായി
തുളസി സുധിയോടൊപ്പം എന്നെന്നേക്കുമായി പോകുമല്ലോ എന്നോർത്തപ്പോൾ ഉള്ളിൽ വല്ലാത്തൊരു സങ്കടം നിറഞ്ഞു. അപ്പോഴാണ് കുറച്ചകലെ കാറുകളുടെ ഇടയിൽ ചിരിച്ചും കളിച്ചും സംസാരിക്കുന്ന സുധിയേയും, തുളസിയെയും ഞാൻ കണ്ടത്. മനസ്സ് നിറയ്ക്കുന്നൊരു കാഴ്ച്ച കണ്ടപ്പോൾ വല്ലാത്തൊരാശ്വാസം തോന്നി. പോടുന്നനെയാണ് അവളൊന്ന് വിഷമിച്ചതും, സുധിയോട് എന്തൊക്കെയോ കുറച്ചു ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങിയതും.
സുധിയും അവളുമായി തല്ല് കൂടുകയാണോ? ഓർത്തപ്പോൾ എന്തോ ഒരു ടെൻഷൻ… അവരെന്താണ് പറയുന്നത്തെന്നറിയാൻ വല്ലാത്തൊരാകാംഷയോടെ ഞാൻ അവരിൽ നിന്നും മാറി കുറച്ചകലെയായി മറഞ്ഞിരുന്നു.
സംസാരത്തിനിടയിൽ ആയത് കൊണ്ട് അവരിതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ചെയ്യുന്നത് തെറ്റാണെന്ന് ഒരു നിമിഷത്തേയ്ക്ക് എനിക്ക് തോന്നിയെങ്കിലും തുളസിയുടെ മുഖം കണ്ടപ്പോൾ ഞാൻ മറ്റൊന്നും ഓർത്തില്ല. ഇപ്പോഴെനിക്ക് അവളുടെ ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയുന്നുണ്ട്.
“ഞാൻ നിന്നോട് മുൻപേ പറഞ്ഞതാണ് എന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാൻ.അപ്പോൾ നീയത് കേട്ടില്ല. ഏട്ടന് ലോട്ടറി അടിച്ച കാര്യം നിന്നോട് പറഞ്ഞത് ഞാനാണെന്നറിഞ്ഞാൽ ആ പാവം തകർന്നു പോവുകയെ ഉള്ളൂ . അത് മാത്രമോ രണ്ട് വർഷമായി നീയുമായി പ്രണയത്തിലായ ഞാൻ നിന്നെ ആലുവ മണ പ്പുറത്തു കണ്ട ഭാവം പോലും കാണിച്ചില്ല. എന്തൊക്കെയാണ് ഞാനേട്ടന് മുന്നിൽ അഭിനയിച്ചു തകർത്തത്. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ എനിക്കെന്തോ വല്ലാത്തൊരു കുറ്റബോധം തോനുന്നു.എല്ലാം നമ്മളൊരുമിക്കാൻ വേണ്ടിയായിരുന്നു, എന്നാലും….”
കൂടുതലൊന്നും കേൾക്കാൻ ശക്തിയില്ലാത്തത് കൊണ്ട് ഞാൻ പിന്നെ അവിടെ നിന്നില്ല. ഇരുപത്തി മൂന്നു വർഷം കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടു നടന്ന കുഞ്ഞനുജത്തിയെന്നെ ചതിച്ചുവെന്നറിഞ്ഞപ്പോൾ ഞാനാകെ തകർന്നു പോയി. ശരീരത്തിന് പെട്ടെന്ന് ഭാരം കുറഞ്ഞത് പോലെ. ഒടുവിൽ വേച്ചു വേച്ചു ഞാനാ പടിക്കെട്ടിൽ തളർന്നിരുന്നു
എന്തിനാണ് അവളെന്നോട് എല്ലാം മറച്ചു വച്ചത്?. ഇന്നു വരെ ഞാനവളുടെ ഒരിഷ്ടത്തിനും എതിര് നിന്നിട്ടില്ലല്ലോ എന്നോർത്തപ്പോൾ സങ്കടം കൊണ്ടെന്റെ മിഴികൾ നിറഞ്ഞൊഴുകി.
എത്ര നേരം ഞാനങ്ങനെ തളർന്നിരുന്നതെന്ന് എനിക്ക് പോലും അറിയില്ല. പെട്ടെന്നാണ് ആരോ എന്റെ കാൽക്കൽ നമസ്ക്കരിക്കുന്നത് ഞാനറിഞ്ഞത് ഞെട്ടിയുണർന്ന് നോക്കിയപ്പോൾ തുളസിയും, സുധിയും.
“ഏട്ടൻ ഞങ്ങളെ അനുഗ്രഹിക്കണം.” പതിഞ്ഞ ശബ്ദത്തിൽ തുളസി പറഞ്ഞു.
“നിങ്ങൾക്കെന്നും ഏട്ടന്റെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകും “ഇടറിയ ശബ്ദത്തിൽ ഞാൻ പറഞ്ഞു.
“ഏട്ടൻ കരയുകയാണോ “?
“ഉം….. നീയെന്നെ വിട്ട് പോകുകയാണെന്നോർ ത്തപ്പോൾ അറിയാതെന്റെ കണ്ണ് നിറഞ്ഞതാ.”
ജീവിതത്തിലാദ്യമായിട്ടാണ് ഞാനവളോടൊരു കളവ് പറയുന്നത്.
“എന്തിനാ മോളെ ഏട്ടനോടിങ്ങനെയൊക്കെചെയ്തത്”? എന്നെനിക്കവളോട് ചോദിക്കണമെന്നു ണ്ടായിരുന്നു. പക്ഷെ എന്തു കൊണ്ടോ എനിക്കവളെ സങ്കപ്പെടുത്താൻ തോന്നിയില്ല.
“രഘു, നീ ഇവളുടെ കാര്യമോർത്തു വിഷമിക്കേണ്ടെടാ. ഇവൾക്കൊരു സങ്കടവുമുണ്ടാകാതെ നോക്കിക്കോളാമെന്ന് ഞാൻ നിനക്ക് മാത്രമല്ല, റഹിമിനും വാക്ക് കൊടുത്തിട്ടുണ്ട്. പുറമെ ഞാനൊരു പരുക്കനാണെങ്കിലും, സ്നേഹിക്കാൻ കഴിയുന്നൊരു മനസ്സുണ്ടെടാ എനിക്ക് “
ജീവിതത്തിലാദ്യമായി എനിക്ക് സുധിയോടാ നിമിഷം വല്ലാത്തൊരു ബഹുമാനം തോന്നി.
നിറമിഴികളോടെ തുളസിയെ സുധിയെ കൈപിടിച്ചേൽപ്പിച്ചു യാത്രയാക്കുമ്പോൾ നെഞ്ചിനു വല്ലാത്തൊരു ഭാരം തോന്നി . അവൾ പോയതിന്റെ ശൂന്യതയാണോ അതോ ഒരു നിമിഷം കൊണ്ടു അവളെന്നെ അന്യനാക്കിയതിന്റെ വേദനയാണോ എന്ന് വേർതിരിച്ചറിയാൻ കഴിയാത്തൊരു സങ്കടം ഹൃദയത്തെ വേട്ടയാടി കൊണ്ടിരുന്നു.
അപ്പോഴാണ് എന്റെ വിഷമം കണ്ടിട്ട് എന്റെ അടുക്കലേക്ക് ഓടിയണച്ചു വരുന്ന റഹിമിനെ ഞാൻ കണ്ടത്. ആരൊക്കെ പോയാലും നിനക്ക് ഞാനില്ലേ എന്ന് നിശബ്ദം പറയുന്ന അവനെ കണ്ടപ്പോൾ എന്റെ l ചുണ്ടിലൊരു ചിരി പടർന്നു…. ഞാൻ ഒറ്റക്കല്ലെന്ന തോന്നലിൽ മനസ്സു നിറച്ചൊരു ചിരി……..