പുതിയൊരു ജീവിതം…
എഴുത്ത്:-വസു
” എങ്ങോട്ടാടാ ഈ പെണ്ണിനേം കൊണ്ട്..? “
മുന്നിൽ വന്നു ചോദിക്കുന്ന എസ് ഐ നന്ദഗോപനെ കണ്ടപ്പോൾ ശിവനിൽ ഒരു ഭയം ഉടലെടുത്തു. ഒപ്പം ആ കണ്ണുകൾ കൂടെ നിൽക്കുന്ന ഗംഗയിലേക്ക് ഒരു മാത്ര പോകുന്നത് അവൻ കണ്ടു.
” എങ്ങോട്ടായാലും അത് സാറിനെ ബാധിക്കുന്ന കാര്യമല്ല.. “
ഗൗരവത്തോടെ തന്നെയാണ് ശിവൻ മറുപടി പറഞ്ഞത്. കവലയിൽ ആയതുകൊണ്ട് തന്നെ അത്യാവശ്യം ആളു കൂടിയിട്ടുണ്ട്. എസ് ഐ യേ ഭയന്നു നിൽക്കുന്നത് തന്റെ പ്രതിച്ഛായയെ ബാധിക്കും എന്ന് അറിയുന്നതു കൊണ്ട് തന്നെ ശിവൻ കുറച്ചധികം നിഷേധം കാണിച്ചു.
” അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ശിവ..? ഈ നിൽക്കുന്ന നാട്ടുകാർ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞതു കൊണ്ടാണ് ഞാനിപ്പോൾ ഇവിടേക്ക് വന്നത്. ഈ പെൺകുട്ടിയെ നീ ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്നാണ് ഇവരൊക്കെ പറയുന്നത്. പരാതി കിട്ടിയ സ്ഥിതിക്ക് അത് വന്ന് അന്വേഷിക്കേണ്ടത് എന്റെ ചുമതല ആണല്ലോ..!”
അത് പറയുമ്പോൾ നന്ദന്റെ കണ്ണുകൾ ഗംഗയിൽ ആയിരുന്നു. വെളുത്ത് തുടുത്ത ഒരു കുഞ്ഞു സുന്ദരി. ഒറ്റനോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടമാകുന്ന പ്രകൃതം. ഭയം കൊണ്ടാകണം ആ കൈകൾ വിറക്കുന്നത്. മുഖം കുനിച്ചു നിൽക്കുന്നതു കൊണ്ട് തന്നെ മുഖസൗന്ദര്യം ആസ്വദിക്കാൻ നന്ദഗോപന് കഴിഞ്ഞില്ല. അതിൽ അവന് നിരാശ തോന്നുകയും ചെയ്തു.
” ഈ നിൽക്കുന്നത് എന്റെ അമ്മാവന്റെ മോളാണ്. എന്റെ മുറപ്പെണ്ണ്. എനിക്ക് അവകാശമുള്ള പെണ്ണിനെ തന്നെയാണ് ഞാൻ എന്റെ ഒപ്പം നിർത്തിയിരിക്കുന്നത്. അത് സാർ ഇത്ര വലിയ പ്രശ്നമാക്കാനും മാത്രം ഒന്നുമില്ല..”
അവൻ കൂസൽ ഇല്ലാതെ പറയുമ്പോൾ അത് ശരിയാണോ എന്നറിയാൻ നന്ദഗോപൻ ഗംഗയെ നോക്കി. പക്ഷേ അവിടെ നടക്കുന്ന സംഭാഷണങ്ങൾ പോലും അവൾ കേൾക്കുന്നില്ല എന്ന് അവന് തോന്നി. അതോടെ അവൻ നാട്ടുകാർക്ക് നേരെ തിരിഞ്ഞു.
” ഇയാൾ പറയുന്നത് ശരിയാണോ..? “
നന്ദൻ ഉറക്കെ ചോദിച്ചു.
” സാറേ.. കാര്യം അവൻ പറഞ്ഞതുപോലെ അവന്റെ അമ്മാവന്റെ മോള് തന്നെയാണ് ആ കൊച്ച്..പക്ഷേ ഇവൻ ഈ പറയുന്നതുപോലെ അമ്മാവനും കുടുംബവുമായി ഇവനു യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഈ കൊച്ചിന്റെ അച്ഛനും അമ്മയും മരിച്ചപ്പോഴാണ് ഇവൻ അതിന്റെ കാര്യകാരനായി ആ വീട്ടിലേക്ക് കയറിയത്. അവിടെ ഈ കുട്ടിയും ഇതിന്റെ അച്ഛമ്മയും ആണ് താമസം.. “
നാട്ടുകാരിൽ ഒരാൾ വിശദമായി തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു.
” അങ്ങനെയൊക്കെ ആണല്ലേ കാര്യങ്ങൾ..? അപ്പോൾ പിന്നെ ഇല്ലാത്ത സ്നേഹവും പറഞ്ഞ് നീ എങ്ങോട്ടാ ഈ കൊച്ചിനെ കൊണ്ട് പോകുന്നത്..?”
നന്ദ ഗോപന്റെ ചോദ്യത്തിന്റെ രീതി മാറി.
” ഇവനെ കൊണ്ട് നാട്ടുകാർ ആകെ പൊറുതി മുട്ടിയിരിക്കുകയാണ് സാറേ. കiള്ളും കുuടിച്ചു കൊണ്ട് കാണുന്നവരെ തiല്ലുന്നതാണ് ഇവന്റെ ഇപ്പോഴത്തെ ശീലം. ചില ദിവസങ്ങളിൽ കiള്ളുകുടിക്കാൻ കാശ് കിട്ടിയില്ലെങ്കിൽ കാണുന്നവരിൽ നിന്നും പിടിച്ചു വാങ്ങും.. ആകെ സ്വൈര്യക്കേടാണ് ഇവനെ കൊണ്ട്.”
കൂടി നിന്നവരിൽ ആരോ ഉറക്കെ വിളിച്ചു പറഞ്ഞു.
” അങ്ങനെയാണെങ്കിൽ കുറച്ചുദിവസം നീ അകത്ത് വന്ന് റസ്റ്റ് എടുക്ക്..”
അത് പറയലും അവനെ തൂക്കിയെടുത്ത് വണ്ടിയിൽ ഇടലും ഒപ്പം കഴിഞ്ഞു.
” എടി കൊച്ചെ..നിനക്ക് പരാതിയുണ്ടോ..?”
ജീപ്പിലേക്ക് കയറുന്നതിനു മുൻപ് നന്ദൻ അന്വേഷിച്ചു. തലകുനിച്ചുകൊണ്ടുതന്നെ അവൾ ഇല്ല എന്ന് തല അനക്കി.
ദിവസങ്ങൾ കടന്നു പോയപ്പോൾ ശിവൻ ജാമ്യത്തിൽ ഇറങ്ങി. ഇനി ഒരിക്കലും ആ പെൺകുട്ടിയെയും അതിന്റെ അച്ഛമ്മയെയോ ശല്യം ചെയ്യരുത് എന്ന താക്കീത് കൊടുത്താണ് അവനെ സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്.
പക്ഷേ പിന്നീട് ഒരിക്കൽ ഒരു രാത്രിയിൽ തന്റെ താമസസ്ഥലത്തേക്ക് പോവുകയായിരുന്നു നന്ദൻ. പെട്ടെന്ന് അവന്റെ ജീപ്പിനു മുന്നിലേക്ക് ഒരു പെൺകുട്ടി വന്നു വീണു. പെട്ടെന്ന് ബ്രേക്ക് പിടിച്ചതുകൊണ്ട് ആ കുട്ടിയുടെ ദേഹത്തേക്ക് കയറിയിറങ്ങാതെ രക്ഷപ്പെട്ടു.
വണ്ടിയിൽ നിന്ന് അവൻ പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും ആ പെൺകുട്ടിക്ക് പിന്നാലെ ഓടി വന്ന ആളുടെ കാലുകൾ നിശ്ചലമായിരുന്നു. അത് ശിവൻ ആയിരുന്നു..!
” നിൽക്കടാ അവിടെ.. “
നന്ദൻ ശിവന്റെ നേർക്കു പാഞ്ഞു. പക്ഷേ ആ നേരം കൊണ്ട് ശിവൻ ഓടി രക്ഷപ്പെട്ടിരുന്നു. അവൻ തിരിഞ്ഞ് വീണു കിടക്കുന്ന പെൺകുട്ടിയെ നോക്കി. കമിഴ്ന്നു കിടന്ന പെൺകുട്ടിയെ നിവർത്തി കിടത്തിയപ്പോൾ അത് ഗംഗയാണ് എന്ന് അവൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു.
അവളെ അവിടെ നിന്ന് ആശുപത്രിയിൽ എത്തിക്കുമ്പോൾ അഹിതമായ തൊന്നും സംഭവിക്കല്ലേ എന്നായിരുന്നു അവന്റെ പ്രാർത്ഥന
“തനിക്ക് ഇപ്പോൾ എങ്ങനെയുണ്ട്..? ഭേദമായോ..? ഇന്നലെ ശരിക്കും എന്താ ഉണ്ടായത്..?”
പിറ്റേന്ന് അവൾക്ക് ബോധം വന്നപ്പോൾ അവന് അറിയാൻ ഉണ്ടായിരുന്നത് ഇതൊക്കെയാണ്. അവൾ അവനെ നിർവികാരതയോടെ നോക്കി.
“അച്ഛമ്മ.. അച്ഛമ്മ മരിച്ചു..ഇന്നലെ ആയിരുന്നു അടക്കം.. അത് കഴിഞ്ഞതിന് പിന്നാലെ ഇന്നലെ രാത്രിയിൽ അയാൾ ഒരാളെയും കൂട്ടി വീട്ടിൽ വന്നിരുന്നു. അയാളോടൊപ്പം ഞാൻ കിiടക്കണം അതായിരുന്നു ആവശ്യം.. പറ്റില്ലെന്ന് എതിർത്തപ്പോൾ ഒരുപാട് ഉപദ്രവിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട് ഓടി വരുമ്പോഴാണ് സാറിന്റെ വണ്ടിക്ക് മുന്നിൽ വീണത്..”
അത്രയും പറഞ്ഞുകൊണ്ട് അവൾ തലകുനിച്ചിരുന്നു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ അവളെ അവൻ അവന്റെ താമസസ്ഥലത്തേക്ക് ആണ് കൊണ്ടുപോയത്.
” എന്നെ എന്റെ വീട്ടിൽ തന്നെ കൊണ്ടാക്കിയാൽ മതി സാറേ.. അല്ലെങ്കിൽ ഞാൻ തനിയെ പൊക്കോളാം. ഞാനിവിടെ നിന്നാൽ അത് സാറിനു നാണക്കേടായിരിക്കും.”
അവനെ എതിർത്തുകൊണ്ട് അവൾ പറയുമ്പോൾ അവൻ ഒന്ന് കടുപ്പിച്ചു നോക്കി.
” ശിവനെ പോലെയല്ല ഞാൻ. പെൺകുട്ടികളെ ഉപദ്രവിക്കുന്ന ശീലം ഒന്നും എനിക്കില്ല. ആ ഒരു ഭയം കൊണ്ടാണ് താൻ എന്നോടൊപ്പം നിൽക്കാൻ മടിക്കുന്നതെങ്കിൽ അതിന്റെ ആവശ്യമില്ല. പിന്നെ തന്റെ വീട്ടിലേക്ക് പോവുകയാണെങ്കിൽ തന്നെ,മുൻപ് നടന്നതൊക്കെ വീണ്ടും ആവർത്തിച്ചുകൂട എന്നൊന്നും ഇല്ലല്ലോ..! ആ സ്ഥിതിക്ക് താൻ ഇവിടെ തന്നെ നിന്നാൽ മതി.. അതാകുമ്പോൾ എനിക്ക് വായ്ക്ക് രുചിയായി എന്തെങ്കിലും ആഹാരവും കഴിക്കാം..”
പകുതി കളിയായും പകുതി കാര്യമായും പറഞ്ഞുകൊണ്ട് അവൻ അകത്തേക്ക് നടക്കുമ്പോൾ അവന് പിന്നാലെ ചുവടുവെക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ.
അവൻ പറഞ്ഞതുപോലെ പിന്നീടുള്ള ദിവസങ്ങളിൽ അവൾ അവന് ഒരു സഹായിയായിരുന്നു. അവന് ഇഷ്ടമുള്ള ആഹാരങ്ങൾ വച്ചു വിളമ്പാനും, അവന്റെ വസ്ത്രങ്ങൾ അലക്കാനും, രാത്രിയിൽ വൈകി വരുന്ന അവനെ കാത്തിരിക്കാനും ഒക്കെയായി ഒരാൾ..! ആദ്യമൊക്കെ അവൾ അത് തന്റെ ജോലിയായിട്ടാണ് കണ്ടിരുന്നത് എങ്കിലും, പോകെ പോകെ വളരെ ഇഷ്ടത്തോടെ ചെയ്യുന്ന ഒന്നായി അത് മാറി.
അവനോട് അവൾക്കുണ്ടാകുന്ന വികാരം പ്രണയമാണെന്ന് ഞെട്ടലോടെയാണ് അവൾ തിരിച്ചറിഞ്ഞത്. ഒരിക്കലും അവൻ അറിയാതിരിക്കാൻ അവൾ പരിശ്രമിച്ചു.
” നീ ഒന്ന് നിന്നെ.. “
ഒരു രാത്രിയിൽ അവനുള്ള ആഹാരം എടുത്തു വച്ചിട്ട് മുറിയിലേക്ക് പോകാൻ നിൽക്കുമ്പോൾ അവൻ പിന്നിൽ നിന്ന് വിളിച്ചു. കുറച്ചുനാളുകളായി അവനെ കാണാനുള്ള അവസരങ്ങൾ അവൾ ഒഴിവാക്കി വിടുകയായിരുന്നു.
“എന്നിൽ നിന്നും എന്തെങ്കിലും മറക്കുന്നുണ്ടോ..?”
മുഖവുരയൊന്നും കൂടാതെ ചോദിച്ചു. അതോടെ നെഞ്ചിടിപ്പ് കൂടി.
” അത്… പിന്നെ.. “
” നിനക്ക് വിക്കൊന്നും ഇല്ലല്ലോ..? അപ്പോൾ ഒരു കാര്യം ചോദിച്ചാൽ വ്യക്തമായ മറുപടി വേണം.. “
ഗൗരവത്തോടെ അവൻ പറയുമ്പോൾ അവൾക്ക് ഭയം തോന്നി. പക്ഷേ അത് പുറത്ത് പ്രകടിപ്പിക്കാതെ തന്റെ ഉള്ളിൽ തോന്നിയ ആ തെറ്റിനെ അവനോട് തുറന്നുപറയാൻ തന്നെ അവൾ തീരുമാനിച്ചു.
” സാർ എന്നോട് ക്ഷമിക്കണം..എനിക്ക് ഒരു അബദ്ധം പറ്റി.”
അവൾ പതിയെ പറഞ്ഞു തുടങ്ങി. അപ്പോഴേക്കും അവൻ കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റിരുന്നു.
” ഞാൻ അറിയാതെ തന്നെ സാറിനെ ഇഷ്ടപ്പെട്ടു പോയി. ആദ്യമായിട്ടാണ് ഒരു പുരുഷൻ എന്നെ ഇത്രത്തോളം കരുതലോടെയും സ്നേഹത്തോടെയും പരിപാലിക്കുന്നത്. അങ്ങനെയാവണം എനിക്ക് സാറിനോട് ഇഷ്ടം തോന്നിയത്. അതൊരു തെറ്റാണെന്ന് എനിക്കറിയാം. എന്റെ മനസ്സിൽ നിന്ന് അതൊക്കെ മായിച്ചു കളയാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.”
അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ സ്വരം ഇടറുന്നുണ്ടായിരുന്നു.
” അങ്ങനെ മറന്നു കളയണ്ടല്ലോ..”
അവളെ പിന്നിൽ നിന്ന് ചേർത്തുപിടിച്ചുകൊണ്ട് അവൻ പറയുമ്പോൾ അതിന്റെ അർത്ഥം അറിയാതെ അവനെ തുറിച്ചു നോക്കുകയായിരുന്നു അവൾ.
” നിന്റെ ഉള്ളിൽ തോന്നിയ ആ ഇഷ്ടം നീ മറന്നു കളയണ്ട എന്ന്.. നിന്നോട് ഈ ഒരു കാര്യം പറയാൻ വേണ്ടി കുറച്ചു നാളായി കാത്തിരിക്കുകയാണ്. എന്നെ കാണുമ്പോൾ പരുങ്ങി കളിക്കുന്ന നിന്നെ ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസ്സിലായി നിനക്ക് എന്നോട് താല്പര്യം ഉണ്ടെന്ന്.. എന്നെങ്കിലും ഒരിക്കൽ നീ അത് എന്നോട് വന്നു പറയും എന്നുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ. പക്ഷേ എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി എന്നെ ഒഴിവാക്കുകയാണ് നീ ചെയ്തത്.. “
പരിഭവം പോലെ അവൻ പറയുമ്പോൾ അവളുടെ കണ്ണുകൾ സന്തോഷ കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു. പിന്നീട് ഒരു നിമിഷം പോലും ചിന്തിച്ചു നിൽക്കാതെ അവന്റെ നെഞ്ചിലേക്ക് ചായുമ്പോൾ, പുതിയൊരു ജീവിതം സ്വപ്നം കണ്ട് തുടങ്ങുകയായിരുന്നു ഇരുവരും..!