സാറിന് അറിയുമോ.. ഞാൻ ഇതൊന്നും വിൽക്കാതെ എന്റെ മോളെയും എടുത്തു ആരുടെയെങ്കിലും മുന്നിൽ പോയി കൈ നീട്ടിയാൽ എനിക്കിതിലേറെ സമ്പാദിക്കാം…

എഴുത്ത്:- നൗഫു ചാലിയം

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“ടാ ഫുഡ്‌ എന്തേലും വാങ്ങണ്ടേ… റൂമിൽ എത്തിയിട്ട് കഴിക്കാം…”

കൂടേ ഉള്ളവനോട് പറഞ്ഞപ്പോൾ അവനും സമ്മതം ആയിരുന്നു…

“സാധാരണ ഏതെങ്കിലും ഹോട്ടലിൽ നിന്നും കഴിച്ചു പോവുകയാണ് പതിവെങ്കിലും…

പുറത്തെ അതി കഠിനമായ ചൂടിൽ നിന്നും എങ്ങനെലും റൂമിൽ എത്തി കിട്ടിയാൽ മാത്രം മതി എന്ന് തന്നെ ആയിരുന്നു എന്റെ ചിന്ത…”

“കഴിഞ്ഞ മാസത്തെ കടുത്ത ചൂട് കഴിഞ്ഞു ഒരു ആശ്വാസം പോലെ കുറച്ചു ദിവസങ്ങൾ കുറച്ചു തണുത്ത കാറ്റ് കിട്ടിയപ്പോൾ ഇനി ചൂടൊന്നും ഉണ്ടാവില്ല തണുപ്പിലേക് പോവുകയായിരിക്കും എന്ന് കരുതിയ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് പോകുന്ന പോക്കിൽ ഒരു ആണി കൂടേ കിടക്കട്ടെ എന്ന പോലെ ഒന്ന് രണ്ടു ദിവസായി കത്തുന്ന ചൂടാണ് പുറത്ത്…”

“പുറത്തേക്കൊന്ന് ഇറങ്ങാൻ പോലും തോന്നില്ലെങ്കിലും കസ്റ്റമർ വിളിച്ചു തന്ത ക്കും തള്ളക്കും വിളിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ഉച്ചക്ക് മുന്നേ തന്നെ ഏകദേശം പണി മുഴുവൻ കഴിച്ചിരുന്നു…

ഇനി ഒരു കസ്റ്റമർക്ക് കൂടേ മൂന്നോ നാലോ ബോട്ടിൽ വെള്ളം കൊടുക്കാനുണ്ട്.. അത് പോകുന്ന വഴിക്ക് ആയത് കൊണ്ട് തന്നെ അടുത്ത് കണ്ട അഫ്കാനി ഹോട്ടലിൽ നിന്നും ഹാഫ് അൽ – ഫാമും ബുഹാരി ചോറും വാങ്ങി…

അവസാനം കൊടുക്കേണ്ട കസ്റ്റമറുടെ അടുത്തേക് എത്തി…”

“വണ്ടി പാർക്ക്‌ ചെയ്യാൻ സ്ഥലമില്ലാത്തത് കൊണ്ട് തന്നെ പാട്ണർ വെള്ളം കൊണ്ട് കൊടുത്തോളാം എന്നും പറഞ്ഞു വണ്ടിയിൽ നിന്നും ഇറങ്ങി പോയപ്പോൾ ആയിരുന്നു ഞാൻ മുന്നിൽ ഒരു കാഴ്ച കാണുന്നത്…”

“ഒരു പെണ്ണ് കയ്യിൽ ചെറിയ ഒരു കവറിലെ എന്തോ ഒരു സാധനമെടുത്തു അവളുടെ അരികിലൂടെ പോകുന്നവരെ എല്ലാം കാണിച്ചു കൊണ്ട് വേണോ എന്ന് ചോദിക്കുന്നു…”

“അവരെല്ലാം അവളോട്‌ വേണ്ടാ എന്നും പറഞ്ഞു അവളെ കടന്നു പോകുമ്പോൾ അവളുടെ മുഖത് മിന്നി മറഞ്ഞു പോകുന്ന വിഷാദ ഭാവം…

അവളുടെ കയ്യിൽ ഒരു ഒന്നോ രണ്ടോ വയസുള്ള കുഞ്ഞും ഇരിക്കുന്നുണ്ട്…

അവൾ എന്റെ അരികിലേക് ആണ് വരുന്നതെന്ന് കണ്ടപ്പോൾ സാധനം വാങ്ങേണ്ടി വരുമല്ലോ എന്ന് കരുതി ഞാൻ അവളെ നോക്കാതെ പാട്ണർ വരുന്നുണ്ടോ എന്ന് നോക്കുവാൻ എന്ന പോലെ എതിർ വശത്തേക് നോക്കി ഇരുന്നു…

“മുദീർ (സാർ ) ഇതിൽ നിന്നും ഒന്ന് വാങ്ങിക്കുമോ…?”

“അവളുടെ ദയനീയ ഭാവം സംസാരത്തിലും നിറഞ്ഞിരുന്നു…”

“കൈയിൽ ഇവിടുത്തെ അറബികൾ എപ്പോഴും വായിലിട്ടു ബ്രഷ് ചെയ്തു നടക്കുന്ന (മിസ്വാക്) മരത്തിന്റെ കുഞ്ഞു കമ്പ് എന്റെ നേരെ നീട്ടിയാണ് അവൾ ചോദിക്കുന്നത്…”

“അല്ലെങ്കിൽ തന്നെ പല്ലിന്റെ എനാമൽ പോകുമെന്ന് കരുതി ആഴ്ചയിൽ ഒരിക്കൽ മാത്രം പല്ലറിയാതെ ബ്രഷ് ചെയ്തു പോകുന്ന എന്നോട് തന്നെ അവൾ അത് വാങ്ങുവാനായി പറയണം…”

“വേണ്ടാ എന്ന് പറയുവാനായി നാവ് ചലിക്കാനായി തുടങ്ങിയ എന്റെ കണ്ണിലേക്കു ആദ്യം തന്നെ കാണുന്നത് നിസ്‌ക്കളങ്കമായി അതിലേറെ മനോഹരമായി എന്നെ നോക്കി പുഞ്ചിരിക്കുന്ന അവരുടെ മകളെയായിരുന്നു..

ഒരു നിമിഷം ഒരൊറ്റ നിമിഷം കൊണ്ട് തന്നെ ഞാൻ അതേ പ്രായത്തിലുള്ള നാട്ടിലുള്ള എന്റെ മകളെ ഓർത്തു പോയി…

ഒരു ഉമ്മ അവരുടെ മകളുടെ വിശപ്പ് അടക്കുവാൻ ആയിരിക്കാം ഈ ഒന്നോ രണ്ടോ റിയാലിന് വിൽക്കുവാൻ പറ്റുന്ന സാധനവുമായി കാണുന്നവരോടെല്ലാം വേണേ വേണോ എന്നും ചോദിച്ചു ഈ കത്തുന്ന ചൂട് പോലും വക വെക്കാതെ നടക്കുന്നത്…

അല്ലാതെ ഒരിക്കലും ഈ വിക്കുന്നത് കൊണ്ട് അവർക്കൊരിക്കലും ആയിരമോ അഞ്ഞൂറോ…എന്തിന് ഒരു അൻപതു റിയാൽ പോലും ഉണ്ടാക്കുവാൻ കഴിയുമോ എന്നത് സംശയമാണ്…”

“കം

(എത്രയാ…) ?”

“റിയാലേയ്ൻ…”

അവൾ എന്നോട് അവളുടെ രണ്ടു വിരലുകൾ കൂടേ ഉയർത്തി പിടിച്ചു കൊണ്ട് പറഞ്ഞു…

“രണ്ട് റിയാൽ…”

“ഒന്ന് തരൂ…”

“മിസ്വക് ഉപയോഗിച്ച് എനിക്ക് പരിചയമില്ലെങ്കിലും അവരുടെ കയ്യിൽ നിന്നും അത് വാങ്ങാതെ പറഞ്ഞയക്കാൻ എന്റെ മനസ് സമ്മതിക്കാത്തത് കൊണ്ട് തന്നെ ഞാൻ അവളോട് പറഞ്ഞു…”

“അവൾ പെട്ടന്ന് സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട് കവറിൽ നിന്നും ഒരു നാലഞ്ചു മിസ്വക് എന്റെ നേരെ നീട്ടി ഇതിൽ ഇഷ്ട്ടമുള്ളത് എടുക്കാനായി പറഞ്ഞു…”

“ഞാൻ അതിൽ നിന്നും ഒന്നെടുത്തു… അതിന്റെ വിലയായ രണ്ട് റിയാൽ കൊടുക്കുവാനായി കൈയിൽ ഉണ്ടായിരുന്ന പത്തു റിയാൽ നീട്ടി…”

അവൾ അത് വാങ്ങി കവറിലേക്കിട്ട് കൊണ്ട് അതിന്റെ ബാക്കിയായ എട്ട് റിയാൽ തിരികെ എടുക്കുന്ന നേരം ഞാൻ അവളോട്‌ പറഞ്ഞു…

“ബാക്കി വേണ്ടാ… താൻ വെച്ചോ…”

എന്റെ വാക് കേട്ട് അവൾ എന്റെ മുഖത്തേക് ഒന്ന് സൂക്ഷിച്ചു നോക്കി.. പിന്നെ കൈയിൽ പിടിച്ചിരുന്ന എട്ട് റിയാൽ എന്റെ നേരെ നീട്ടി പിടിച്ചു… എന്നിട്ട് പറഞ്ഞു

“എനിക്ക് വേണ്ടാ മുദീർ …

ഞാൻ അധ്വാനിച്ചാണ് ജീവിക്കുന്നത്..

എനിക്ക് അതിനുള്ള ആരോഗ്യം എന്റെ റബ് തന്നിട്ടുണ്ട്..

ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാനാണ് എന്റെ റബ് എന്നെ പഠിപ്പിച്ചിട്ടുള്ളത്..

ആരോഗ്യം ഉള്ളെടുത്തോളം കാലം ഞാൻ അങ്ങനെ തന്നെ ജീവിക്കുകയും ചെയ്യും…”

അവൾ വല്ലാത്ത ആത്മവിശ്വാസത്തോടെ എന്നെ ഒന്ന് നോക്കി.. എന്നിട്ട് വീണ്ടും തുടർന്നു…

സാറിന് അറിയുമോ.. ഞാൻ ഇതൊന്നും വിൽക്കാതെ എന്റെ മോളെയും എടുത്തു ആരുടെയെങ്കിലും മുന്നിൽ പോയി കൈ നീട്ടിയാൽ എനിക്കിതിലേറെ സമ്പാദിക്കാം…

അതെനിക്കും അറിയാം.. പക്ഷെ എന്റെ ആരോഗ്യം തന്ന റബ്ബിന്റെ മുന്നിൽ മറ്റൊരാളുടെ മുന്നിൽ ഞാൻ കൈ നീട്ടിയതിന് കുറ്റക്കാരിയായി വിചാരണനാളിൽ നിൽക്കേണ്ടി വരുമോ എന്നൊരു ഭയം എന്റെ ഉള്ളിലുണ്ട്..

അത് കൊണ്ട് ഈ ബാക്കി പൈസ സാറ് വാങ്ങിക്കണം… എനിക്ക് ഇതിന്റെ വില മാത്രം മതി…”

“അള്ളോ… ഇത് ഭിക്ഷയല്ല…

ഹദിയ യാണ്…ഞാൻ സന്തോഷത്തോടെ തരുന്നത്… ഇത് തനിക് വാങ്ങിക്കാമല്ലോ…”

ഞാൻ അവളോട് പറഞ്ഞെങ്കിലും അവൾ എന്നിട്ടും എന്റെ നേരെ ആ പൈസയും നീട്ടി പിടിച്ചു കൊണ്ട് തന്നെ നിന്നു…

“പടച്ചോനെ ഇതെന്ത് പെണ്ണ്… ഞാൻ പോലും കസ്റ്റമറിന് വെള്ളം കൊടുക്കുമ്പോൾ അവർ സ്നേഹത്തോടെ നീട്ടുന്ന അഞ്ചോ പത്തോ റിയാൽ ഒരു ശുക്രൻ (നന്ദി) എന്ന് പറഞ്ഞു കീശയിലേക്ക് ഇടുകയാണ് പതിവ്…

അവിടെ മറ്റൊന്നും ചിന്തിക്കാറില്ല…

ഒരാൾ സന്തോഷത്തോടെ നമുക്കായ് തരുന്നത് വാങ്ങിക്കാമെന്ന് തന്നെയാണ് ഞാൻ പഠിച്ചിട്ടുള്ളത്…”

“എന്നാൽ ഒരു കാര്യം ചെയ്യൂ…

ആ ബാക്കി പൈസക്ക് കൂടേ മിസ്വാക് തന്നാൽ മതി…എനിക്ക് ബാക്കി വേണ്ടാ…”

“ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക് സന്തോഷമായി… അവൾ കവറിൽ നിന്നും നാലു മിസ്വാക് കൂടേ എന്റെ നേരെ നീട്ടി നന്ദി എന്നും പറഞ്ഞു പോകുബോയാണ് വണ്ടിയിൽ നേരത്തെ വാങ്ങി വെച്ചിരുന്ന ഭക്ഷണം മുന്നിൽ കണ്ടത്…

ഞാൻ ഉടനെ തന്നെ അവരെ വിളിച്ചു..

അവരുടെ കയ്യിലെക് ആ ഭക്ഷണത്തിന്റെ പൊതി വെച്ച് കൊടുത്തു…”

“ഇനി ഇതും വാങ്ങിക്കാതെ ഇരിക്കുമോ എന്ന് കരുതി ഞാൻ ആദ്യമേ അവളോട് പറഞ്ഞു…

ഇത് ഹദിയ യാണോ….

മോൾക് കൊടുക്കണം…”

“അവൾ അത് സന്തോഷത്തോടെ എന്റെ കയ്യിൽ നിന്നും വാങ്ങി പടച്ചവനോട് നന്ദിയും പറഞ്ഞു…

എനിക്ക് പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നും പറഞ്ഞു നടന്നു നീങ്ങി…”

“സംഭവമെല്ലാം ജോർ ആയെങ്കിലും ഇനി എന്റെ പാട്ണർ വരുമ്പോൾ അവന്റെ ഫുഡ്‌ എവിടെ എന്ന് ചോദിക്കുമ്പോൾ എന്ത് പറയുമെന്ന ചിന്ത എന്റെ മനസിൽ നിറഞ്ഞത്..

അവൻ എന്നെ തല്ലി കൊ ന്നില്ലേൽ അടുത്ത കഥയുമായി വീണ്ടും കാണുന്നത് വരെ…😍😍😍”