Story written by Pratheesh
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
ടീച്ചർ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഭർത്താവായ എബി സാറിനെ,
എന്നാൽ ക്ലാസിലെ നൈഷ്മികയാണ് സാറിന്റെ ആ രഹസ്യം ആദ്യം കണ്ടെത്തിയത് അവളതു വന്നു പറഞ്ഞപ്പോൾ എല്ലാവർക്കും ആശ്ചര്യമായിരുന്നു,
അങ്ങിനെ സംഭവിക്കോ ?
ഇത്ര ധൈര്യപ്പൂർവ്വം സാറതിനു മുതിരുമോ ?
അങ്ങിനെയൊരു സാധ്യത പോലും വിരളമായാണ് ഞങ്ങൾക്കു തോന്നിയത്,
പക്ഷെ സത്യം ചിലപ്പോൾ അങ്ങിനാവണമെന്നില്ലാല്ലോ ?
എല്ലാവരുടെയും സംശയങ്ങൾ ഒരേ ദിശയിലെക്ക് തന്നെയായിരുന്നു കടന്നു ചെന്നത്,
അവളതു പറഞ്ഞെങ്കിലും സത്യാവസ്ഥ നേരിട്ടറിയാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു,
കോളേജിലെ എല്ലാവർക്കും ഒരേ പോലെ സമ്മതനായ എബി സാറിനെ കുറിച്ചായതു കൊണ്ടാണ് ഞങ്ങൾക്കത് വിശ്വസിക്കാൻ വലിയ പ്രയാസമായി തോന്നിയത്,
മാത്രമല്ല സാറിന്റെ ഭാര്യ ട്രീസ ടീച്ചർ അതെ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറുമാണ്,
അതിനുമപ്പുറം ഈ കാലയളവിലും ടീച്ചർക്ക് സാറിനോട് വല്ലാത്തൊരു പ്രണയമാണ്,
കോളേജിൽ വെച്ചു തന്നെ കുറച്ചു നേരം കാണാതിരുന്ന് വീണ്ടും കുറച്ചു ദൂരത്തായി പലപ്പോഴും സാറിനെ കണ്ടു തുടങ്ങുമ്പോൾ തൊട്ട് ടീച്ചറുടെ മുഖത്ത് സ്നേഹവും പ്രണയവും കലർന്ന ഭാവങ്ങളും നോട്ടങ്ങളും മാറി മാറി വിടരുന്നത് ഞങ്ങൾക്കെല്ലാം എത്രയോ തവണ കണ്ടിട്ടുണ്ട്,
അതു പോലെ കോളേജിലെ വരാന്തയിലൂടെ സാറിനെ മറി കടന്നു പോകുന്ന ടീച്ചറെ കാണുമ്പോൾ സാറിന്റെ ഒരു നോട്ടമുണ്ട്,
സിനിമയിലെ ഒക്കെ പ്രണയനായകന്റെ ഒരു ഭാവമാണ് അപ്പോൾ സാറിന്റെ മുഖത്തു വിടരുക,
അങ്ങിനെയുള്ള സാറ് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യുമോ….?
സംശയം തീരുന്നതേയില്ല,.ആ സമയത്താണ് സാറ് യാദൃശ്ചീകമായി ഞങ്ങൾക്ക് മുന്നിലേക്ക് എത്തിപ്പെട്ടത് അതെ സമയം ഞാനെന്റെ കൂടെയുള്ളവളെ ഒന്നു നോക്കിയതും ഞാൻ നോക്കിയതിന്റെ അർത്ഥം പെട്ടന്നു തന്നെ ഗ്രഹിച്ച് അവൾ സാറിന്റെ മുന്നിലെക്ക് കയറി നിന്നു എന്തോക്കയോ ചോദിച്ചു,
ആ സമയം ഞാൻ സാറിന്റെ കൈവിരലുകളിലെക്ക് നോക്കി,
നൈഷ്മിക പറഞ്ഞത് ശരിയായിരുന്നു,
സാറിന്റെ വിരലിൽ രണ്ടു മോതിരമുണ്ടായിരുന്നു, ഒന്ന് ടീച്ചറുടെ പേരെഴുതിയതും മറ്റൊന്ന് മറ്റൊരു സ്ത്രീയുടെ പേരെഴുതിയതും !!
ടീച്ചറുടെ പേരേഴുതിയ മോതിരഭാഗം വിരലിനടിയിലായും മറ്റേ പേരുകാരിയുടെ മോതിരം വിരലിനു മുകൾ ഭാഗത്തുമായിട്ടാണ് സാറിന്റെ കൈയ്യിൽ കിടന്നിരുന്നത് !
അതു കണ്ടതോടെ സാറിനോടുള്ള ഇഷ്ടം ഞാനടക്കം സകലരുടെയും മനസ്സിൽ നിന്നും ഒറ്റയടിക്ക് മങ്ങി തുടങ്ങി,
പാവം ടീച്ചർ….!
സാറിനെ അത്രയേറെ ആഴത്തിലും ആത്മാർത്ഥയിലും സ്നേഹിക്കുന്നതിൽ ഉപരി,
ഒരു സ്ത്രീക്കു.തന്റെ ഭർത്താവിനെ എത്ര മനോഹരമായി സ്നേഹിക്കാനാവും എന്നതു കൂടി കാട്ടി തന്ന ടീച്ചറുടെ മുഖമായിരുന്നു അപ്പോൾ ഞങ്ങളുടെ മനസു നിറയേ,
മറ്റു പല പെണ്ണുങ്ങൾക്കും തന്റെ ഭർത്താവിനോട് ഇല്ലാത്ത വിധം എന്തോ ഒരു പ്രത്യേക ഇഷ്ടം സാറിനോട് ടീച്ചർക്കുണ്ടായിരുന്നു,
ടീച്ചറുടെ ഹൃദയമിടിപ്പുകൾ പോലും സാറിനു വേണ്ടി മാത്രമുള്ളവയാണെന്ന് ഞങ്ങൾക്ക് പലപ്പോഴും തോന്നിട്ടുണ്ട്.
അതു കൊണ്ടു തന്നെ അറിഞ്ഞ കാര്യം എങ്ങനെ ടീച്ചറോടു പറയും എന്നത് വളരെ പ്രയാസകരമായ കാര്യമായിരുന്നു,
എന്നാൽ അതിലും വിഷമകരമായിരുന്നു ഇതെല്ലാം അറിഞ്ഞിട്ടും അതെല്ലാം ടീച്ചറിൽ നിന്നു മറച്ചു പിടിക്കുകയെന്നത്,
അവസാനം രണ്ടും കൽപ്പിച്ച് ടീച്ചറോടു പറയാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു,
എന്നാൽ ഞങ്ങൾക്കു പറയാനുള്ളതെല്ലാം കേട്ട് ടീച്ചർ ഒന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്,
ആ പുഞ്ചിരിക്ക് രണ്ടർത്ഥമുണ്ട് ഒന്ന് എന്റെ ഭർത്താവിനെ എനിക്കറിയാം അവർ തന്നെ ചതിക്കില്ല എന്ന പൂർണ്ണ വിശ്വാസം ടീച്ചർക്കുള്ളതു കൊണ്ട്,
രണ്ട് എല്ലാം അറിയാമായിരുന്നിട്ടും മനപ്പൂർവ്വം എല്ലാവർക്കു മുന്നിലും ഇതുവരെ ടീച്ചർ അറിയാഭാവം നടിക്കുകയായിരുന്നു എന്നതു കൊണ്ട്,
അതെന്താണെന്നറിയാൻ ഞങ്ങൾ ടീച്ചറെ തന്നെ നോക്കിയതും ടീച്ചർ പറഞ്ഞു,
ഞാൻ കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് അവിടെ പിജിക്കു പഠിക്കുന്ന നിങ്ങളുടെ സാറിനെ കാണുന്നതും സ്നേഹിച്ചു തുടങ്ങുന്നതും, എന്നാൽ അങ്ങേര് എന്റെ കാര്യത്തിൽ ഒട്ടും താൽപ്പര്യം കാണിച്ചില്ല,
ആവശ്യകാരി ഞാനായതു കൊണ്ട് അങ്ങിനെ വിടാനുള്ള ഭാവം എനിക്കുമില്ലായിരുന്നു,
പിന്നാലെ നടന്നു നടന്നു രണ്ടു വർഷം പോയതല്ലാതെ ഒരു മാറ്റവും സംഭവിച്ചില്ല,
എന്നാൽ ആ രണ്ടു വർഷം കൊണ്ട് എനിക്ക് നല്ല മാറ്റമുണ്ടായി പ്രേമത്തിന്റെ വട്ടു മൂത്ത് എന്നെ അങ്ങേരു കെട്ടിയില്ലെങ്കിൽ അങ്ങേരെ കൊ ല്ലാൻ തന്നെ ഞാൻ തീരുമാനിച്ചുറപ്പിച്ചു,
അപ്പോഴാണ് ഇടിത്തി പോലെ ആ വാർത്തയെത്തിയത് നിങ്ങളുടെ സാർ മറ്റൊരുവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന് !
അതു കേട്ടതും ഭൂമി കറങ്ങുന്നതു പോലെ തോന്നി, അതോടൊപ്പം എന്റെ ഹൃദയം കത്തിയുരുകുന്നതിന്റെ ഗന്ധം എനിക്കു ചുറ്റും വലം വെക്കാനും തുടങ്ങി,
കാത്തിരിക്കാനും നഷ്ടമായ ആഗ്രഹങ്ങൾ വീണ്ടും വെച്ചു പുലർത്താൻ എന്തെങ്കിലും വഴിയുണ്ടോയെന്നു പിന്നെയും ഞാൻ ആലോചിക്കവേ,
എന്നെ പച്ചക്ക് വെട്ടിമുറിക്കുന്ന വേദനയോടെ അടുത്ത വാർത്തയുമെത്തി,
നിങ്ങളുടെ സാറും സ്നേഹയെന്ന ആ പെൺകുട്ടിയും തമ്മിൽ എട്ടാം ക്ലാസ്സിൽ വെച്ചു തുടങ്ങിയ ഇഷ്ടമായിരുന്നെന്ന്,
വീട്ടുകാർ എതിർക്കും എന്നറിയാവുന്നതു കൊണ്ട് ആരും അറിയാതെ വളരെ രഹസ്യമായാണ് സാറ് തന്റെ പ്രണയം സൂക്ഷിച്ചത്, അവസാനം വീട്ടുകാരോട് യുദ്ധം ചെയ്താണ് അവരേ കൊണ്ട് ആ വിവാഹത്തിനു സമ്മതിപ്പിച്ചതു പോലും,
അങ്ങിനെ അത്രയേറെ ആശയോടെയും സ്നേഹത്തോടെയും ആ ജീവിതത്തിനായി കാത്തിരിക്കുകയായിരുന്നു നിങ്ങളുടെ സാറ് അതൊന്നും അറിയാതെ അങ്ങേരേ സ്നേഹിച്ച ഞാനൊരു പൊട്ടിയായി,
അത്രയേറെ സ്നേഹിച്ച അവർ തമ്മിൽ പിരിയണം എന്നാഗ്രഹിക്കാനും എനിക്കാവില്ലായിരുന്നു,
അതോടെ തീർത്തും ഞാൻ പരാജയപ്പെട്ടു, എന്റെ എല്ലാ പ്രതീക്ഷകളും വേരോടെ അവസാനിച്ചു, !
മറ്റെല്ലാ വേദനകളോടൊപ്പം മരിച്ചാലോ എന്ന ചിന്തയേയും ഉള്ളിലൊതുക്കി ഞാൻ ദിവസങ്ങൾ തള്ളി നീക്കവേ,
വിവാഹനിശ്ചയത്തിനായി പള്ളിയിലെക്ക് പോകുകയായിരുന്ന സ്നേഹയും കുടുംബവും സഞ്ചരിച്ച കാറിൽ രംഗബോധമില്ലാത്ത കോമാളിയേപ്പോലെ കയറി വന്നിടിച്ച ഒരു ലോറി അവളുടെയും അവളുടെ അമ്മയുടെയും ജീവനെടുത്തു,
ആ സംഭവത്തോടെ ആകെ തളർന്നു പോയ നിങ്ങളുടെ സാറ് രണ്ടു വർഷമെടുത്താണ് വീണ്ടും പഴയ പോലെയായത്,
അതിനൊക്കെ ശേഷം ഒരു ദിവസം സ്നേഹയെ നിങ്ങളു സ്നേഹിച്ച പോലെ ഞാൻ നിങ്ങളെ സ്നേഹിച്ചോള്ളാമെന്നും,
അതിന്റെ കൂടെ എന്നെ കെട്ടിയില്ലെങ്കിൽ ഞാൻ ചത്തു കളയും എന്നും പറഞ്ഞു പേടിപ്പിച്ചാണ് അങ്ങേരേ കൊണ്ട് ഞാൻ എന്നെ കെട്ടിച്ചത്,
നിങ്ങളുടെ സാറിന്റെ മിന്ന് കഴുത്തിലണിഞ്ഞ ആ നിമിഷം ഞാൻ അനുഭവിച്ച ഒരാനന്ദമുണ്ട്, ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത അത്രയും ആഴത്തിലേക്ക് നഷ്ടപ്പെട്ടു പോയത് തിരിച്ചു കിട്ടുമ്പോഴുള്ള ആനന്ദം,
തന്റെ പ്രിയപ്പെട്ടവനെ കൈയ്യെത്തും ദൂരത്തിൽ നഷ്ടമായ സ്നേഹയെ ക്കുറിച്ചോർക്കുമ്പോൾ സങ്കടം തോന്നുമെങ്കിലും അപ്പോൾ ഞാൻ ഒാർക്കും അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലോയെന്ന്,
അന്നു തൊട്ട് ഇന്നു വരെ നിങ്ങളുടെ സാറ് എന്റെതായിരുന്നില്ലെന്നും എന്റെ ആഗ്രഹങ്ങളുടെ ആകെ തുക ഒരു ഭാഗ്യം പോലെ അതെന്നെ എൽപ്പിക്കുകയായിരുന്നു എന്നും വിശ്വസിച്ചാണ് ഞാനവരെ സ്നേഹിക്കുന്നത് !
നിങ്ങളുടെ സാറിന് ഇടക്കെ സ്നേഹയുടെ ഒാർമ്മകൾ കടന്നു വരുമ്പോൾ അലമാര തുറന്ന് അവൾക്കായി വാങ്ങിയ അവളുടെ വിരലിൽ അണിയിക്കാനാവാതെ പോയ ആ മോതിരം എടുത്ത് ഒന്നു തൊട്ടു നോക്കുന്ന ഒരു പതിവുണ്ടായിരുന്നു,
ഒന്നു രണ്ടു പ്രാവശ്യം അതു ശ്രദ്ധയിൽ പെട്ട ഞാൻ ഒരു ദിവസം ആ മോതിരമെടുത്ത് അവരുടെ വിരലിൽ എന്റെ പേരെഴുതിയ മോതിരത്തിനോടു തന്നെ ചേർത്തിട്ടു കൊടുത്തു,
എന്നാൽ നിങ്ങളുടെ സാറ് സ്നേഹയുടെ പേരെഴുതിയ ഭാഗം വിരലിന് അടിഭാഗത്തേക്കാക്കി ഇടുകയാണു ചെയ്തത് !
എങ്കിലും പിന്നീട് പലപ്പോഴും എന്നോട് ദേഷ്യം വരുമ്പോൾ എന്റെ പേരുള്ള മോതിരഭാഗം താഴെക്കാക്കി വെക്കുകയും സ്നേഹയുടെ പേര് മുകളിലേക്ക് ആക്കി വെക്കുകയും ചെയ്യും,
അപൂർവ്വമായേ ഞാനതിനുള്ള അവസരങ്ങൾ സൃഷ്ടിക്കാറുള്ളൂ,
എന്നാലും അതു കാണുമ്പോഴറിയാം നിങ്ങളുടെ സാറ് ദേഷ്യത്തിലാണെന്ന് എന്നലാപിണക്കത്തിന് അധികം സമയമൊന്നും ഞാൻ നൽകാറില്ല അപ്പോഴെക്കും എന്തെങ്കിലും കാര്യം പറഞ്ഞു ഞാനങ്ങോട്ട് ചെന്ന് കെഞ്ചിയാണെങ്കിലും ആ ദേഷ്യം ഞാൻ മാറ്റും,
കാരണം എന്നെക്കാൾ മനോഹരമായി സ്നേഹിക്കാൻ കഴിയുന്നൊരാളെ മറി കടന്നു എന്നിൽ വന്നു ചേർന്ന ഭാഗ്യമാണ് എന്റെ മാഷെന്നു അപ്പോൾ ഞാൻ ഒാർക്കും……!
ആ മോതിരം ചില ഒാർമ്മകളെ സൃഷ്ടിച്ചേക്കാം എന്നല്ലാതെ മറ്റൊരു ദോഷവും എനിക്കുണ്ടാക്കില്ലെന്ന് എനിക്കറിയാം,
ആ സംസാരത്തിനിടയിലാണ് സാറ് പെട്ടന്നങ്ങോട്ടു കയറി വന്നത്,
ടീച്ചറെ കണ്ടതും ” പോകാം ” എന്നു സാറ് ചോദിച്ചതും ടീച്ചർ വേഗം സാറിനരുകിലെക്ക് നടന്നു നീങ്ങി,
ആ സമയം സാറിന്റെ വിരലിൽ മേൽഭാഗത്തായി ടീച്ചറുടെ പേരു കൊത്തിയ മോതിരമായിരുന്നു,
ഞങ്ങളെ വിട്ടകന്ന്ടീ ച്ചറിന്റെ സ്വന്തം മാഷിനോടൊപ്പം നടക്കുമ്പോൾ ടീച്ചറിന്റെ നോട്ടം മുഴുവൻ സാറിന്റെ മുഖത്തായിരുന്നു,
കണ്ടു മടുത്തിട്ടില്ലാത്ത ഏതോ ഒരു പുതിയ കാഴ്ച്ച കണ്ടെത്തി പുഞ്ചിരിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ മുഖഭാവമായിരുന്നു അപ്പോൾ ടീച്ചർക്ക്…….!!