സറീനയുടെ അരികിൽ പ്രാർത്ഥനയോടെയും കണ്ണീരോടെയും ഇരുന്ന മനാഫ് തന്റെ കൈക്കുള്ളിൽ സറീനയുടെ കൈ ചേർത്തുപിടിച്ചു………

പിറവി

എഴുത്ത്:-നവാസ് ആമണ്ടൂർ

ക്ലിനിക്കിൽ നിന്നും അവളെ സ്ട്രെക്ചറിൽ കിടത്തി ആംബുലൻസിലേക്ക് കയറ്റുമ്പോൾ നല്ല മഴയായിരുന്നു. നിർത്താതെ പെയ്യുന്ന പേമാരി.

ആംബുലൻസിൽ ഒരു നഴ്സും കൂടെ കയറി. ട്രിപ്പ്‌ ഇട്ടതും ഓക്സിജൻ മാസ്ക്കും ഒരിക്കൽ കൂടി നോക്കി. കണ്ണ് തുറന്നു കിടക്കുന്നുണ്ടെങ്കിലും കുറെയധികം ബ്ലഡ്‌ പോയത് കൊണ്ട് അവളുടെ ശരീരം തളർന്നു.

“പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തിക്കണം.. ബ്ലഡ് ഇപ്പോഴും പോകുന്നുണ്ട്.. രണ്ട് ജീവനുകളാണ്..”

ഗുരുവായൂരുപ്പന്റെ ഫോട്ടോയുള്ള മാലയുടെ ലോക്കറ്റിൽ മുത്തമിട്ട് ബിനീഷ് ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നു.

വണ്ടി സ്റ്റാർട്ട്‌ ചെയ്തു. അപായ സൈറൺ ഓൺ ആക്കി.. ആംബുലൻസ് പുറപ്പെട്ടു.

പരമാവധി വേഗത്തിൽ ബിനീഷ് വണ്ടി ഓടിച്ചു. പുലർച്ചെയായത് കൊണ്ട് റോഡിൽ തിരക്ക് കുറവായിരുന്നതിനാൽ തടസ്സങ്ങൾ ഇല്ലാതെ മഴത്തുള്ളികളെ തട്ടിത്തെറിപ്പിച്ച് ആംബുലൻസ് കുതിച്ചു.

സറീനയുടെ അരികിൽ പ്രാർത്ഥനയോടെയും കണ്ണീരോടെയും ഇരുന്ന മനാഫ് തന്റെ കൈക്കുള്ളിൽ സറീനയുടെ കൈ ചേർത്തുപിടിച്ചു.

ആഗ്രഹത്തിന് വേണ്ടി കണ്ണീരും പ്രാർത്ഥനയും കൊണ്ട് തുലാഭാരം നേർന്നപ്പോൾ പടച്ചവന്റെ അനുഗ്രഹമായാണ് നാല്പത്തിയഞ്ചാം വയസ്സിൽ സറീന ഗർഭിണിയായത്.

“യൂട്രസിന് കനം കുറവാണ്.ശ്രദ്ധിക്കണം. വേണമെന്ന് നിങ്ങൾ നിർബന്ധിക്കുമ്പോൾ എനിക്ക് കൂടെ നിൽക്കാനേ കഴിയൂ…”

“വേണം.. ഡോക്ടർ. ഇതോടെ ഞാൻ മരിച്ചു പോയാലും എനിക്ക് സങ്കടമില്ല.. സറീന മച്ചിയായിരുന്നെന്ന് ആരും പറയില്ലല്ലോ..”

ആദ്യമൊന്നും കുഴപ്പമുണ്ടായില്ല. ആറ് മാസം കഴിഞ്ഞപ്പോളാണ് ബി പി ലെവൽ കുറവ് തോന്നിത്തുടങ്ങിയത്.കാലിൽ നീര് വെച്ചു. നടക്കാനൊക്കെ കുറച്ചു ബുദ്ധിമുട്ട്. അങ്ങനെ കുറച്ചു കുറച്ചു അസ്വസ്ഥതകളുമായി അവളുടെ വയറിനുള്ളിലെ ജീവൻ തുടിച്ചു.

“ഇക്ക എന്തിനാ ഇങ്ങിനെ പേടിക്കുന്നത്..? പടച്ചവൻ നമുക്ക് തന്നല്ലോ.. ഇനി എന്തായാലും അവന്റെ കാവൽ ഉണ്ടാവും..”

“ഉണ്ടാവും.. ഉണ്ടാവട്ടെ..”

കാത്തിരിപ്പിന്റെ ഒടുവിൽ കിട്ടിയ അനുഗ്രഹമാണ്. എല്ലാവരും അവൾക്കൊപ്പം തന്നെയുണ്ട്. സന്തോഷത്തോടെ ദിവസങ്ങൾ എണ്ണി മനാഫ് അവളെ ചേർത്ത് പിടിച്ചു.

ആഗ്രഹങ്ങളും ആശകളും ചോദിച്ച് അവളെ സന്തോഷിപ്പിക്കാൻ മത്സരിച്ചവർ വൈകി വന്ന വസന്തത്തിന് വിരുന്നൊരുക്കി.

“ഹേയ്.. ഞാൻ കരുതിയപോലെ പ്രശ്നങ്ങൾ ഒന്നുമില്ല സറീന. ഇതിപ്പോ മാസം എട്ടായില്ലേ.. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ വെച്ചോണ്ടിരിക്കരുത്… ട്ടോ.”

“ശെരി.. ഡോക്ടർ..”

അന്ന് ഡോക്ടറെ കണ്ട് വീട്ടിൽ വന്ന രാത്രിയിലാണ് സറീനക്ക് വയറുവേദന തുടങ്ങിയത്. വേദന ആദ്യമൊന്നും കാര്യമായിട്ട് എടുത്തില്ല. ബ്ലീഡിങ് കണ്ടപ്പോൾ പേടിയായി.

ക്ലിനിക്കിലേക്ക് കൊണ്ടുപോയത് പാതിരാത്രിയാണ്. എന്നിട്ടും സറീനയെ നോക്കാൻ ക്ലിനിക്കിൽ ഡോക്ടറെത്തി.

ഡോക്ടർക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തെങ്കിലും സമയം കഴിയുന്തോറും മാറ്റമില്ലാതെ സറീന അപകടത്തിലേക്കാണ് പോകുന്നതെന്ന് തോന്നി.

“മനാഫെ… നമുക്ക് സറീനയെ പെട്ടെന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകണം.”

കുറച്ചകലെയുള്ള പള്ളിയിൽ നിന്നും സുബ്ഹിബാങ്ക് കേൾക്കുന്നുണ്ട്. ഉറക്കത്തിനെക്കാളും ശ്രേഷ്ടമാണ് ആരാധനയെന്ന് വിശ്വസികളെ ഓർമ്മിപ്പിക്കുന്നു.

നേരം പുലരുന്നതേയുള്ളു. മഴയുള്ളത് കൊണ്ട് ഇരുട്ടുപോലെ തെളിമയില്ലാത്ത പുതിയ ദിവസം.

“ചിലപ്പോൾ രണ്ടാളും അല്ലെങ്കിൽ രണ്ടിൽ ഒരാളെയേ നമുക്ക് കിട്ടൂ.. ഞാൻ അറിയുന്ന ഒരു ഡോക്ടർ അവിടെയുണ്ട്.. വിളിച്ചു പറഞ്ഞിട്ടുണ്ട്. ബ്ലഡ്‌ നിൽക്കുന്നില്ല.. ഇപ്പോൾ തന്നെ അവളുടെ ശരീരം തളർന്നു.”

മനാഫിന് സങ്കടം വരുന്നുണ്ട്. പക്ഷെ ഈ സമയം സങ്കടപ്പെട്ട് മാറി നിൽക്കാൻ ഉള്ളതല്ലല്ലോ.

കോരിച്ചൊരിയുന്ന മഴയിൽ രണ്ട് ജീവനുകളെ തിരികെ പിടിക്കാൻ ബിനീഷ് ആംബുലൻസിന്റെ വേഗത കൂട്ടി. വളവ് തിരിഞ്ഞപ്പോൾ പെട്ടെന്ന് ഒരാൾ റോഡിലൂടെ വട്ടം ചാടി.

ബീനിഷ് ബ്രേക്കിട്ടു.

ആംബുലൻസിന്റെ ഉള്ളിലിരുന്ന മനാഫും നഴ്‌സും തെറിച്ചു വീണു.

സറീനയെ കിടത്തിയ സ്ട്രെക്ച്ചർ തെന്നി വണ്ടിയുടെ ബോഡിയിൽ ഇടിച്ചു. ഒക്സിജൻ മാസക് ഊരിപ്പോയി. ഡ്രിപ്പിട്ട സൂചി വിട്ട് പോന്നു.

മനാഫും നേഴ്‌സും പതിയെ എഴുന്നേറ്റു ചെന്ന് സറീന കിടന്ന സ്ട്രെക്ച്ചർ നേരെയാക്കി. ഓക്സിജൻ മാസ്ക് തിരികെ വെച്ചു.

ആകെ ആടിയുലഞ്ഞ ആംബുലൻസ്. ഒരു മിനിറ്റ് പോലും നിർത്താൻ കഴിയില്ല. ബിനീഷ് വേഗത്തിൽ മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി യാത്ര തുടർന്നു.

ഇടിയുടെ ആഘാതം കൂടിയായപ്പോൾ സറീനയുടെ ബോധം മറഞ്ഞു.

മെഡിക്കൽ കോളേജിൽ എത്തി. അപ്പോൾ തന്നെ അവളെ ഓപ്പറേഷൻ തീയറ്ററിൽ കയറ്റി.

ബ്ലഡ്‌ വേണം.

ആരൊക്കെയോ വന്നു.

പലരുടെയും സഹായമുണ്ടായി. അറിയുന്നവരും അറിയാത്തവരും.

ഓപ്പറേഷൻ തീയറ്ററിന്റെ ഉള്ളിൽ രണ്ട് ജീവനുകൾ. അവർക്ക് വേണ്ടി പ്രാർത്ഥനയോടെ മനാഫിന്റെ കൂടെ കുറേ മനുഷ്യർ കൂട്ടുനിന്നു.

പതിനൊന്നാം ദിവസമാണ് സറീനക്ക് ബോധം വന്ന് കണ്ണുകൾ തുറന്നത്.

കണ്ണുകൾ തുറന്നപ്പോൾ അവൾ കൈ കൊണ്ട് വയറിൽ തടവി.

വയറിന്റെ വലിപ്പം കുറഞ്ഞു. വേദന മാത്രം ബാക്കി.

പിന്നെ അവൾ കട്ടിലിന്റെ അരികിൽ അവളുടെ കുട്ടിയെ തിരഞ്ഞു.

ഇല്ല.. കുട്ടിയില്ല.

മനാഫും ഉമ്മയും ഉപ്പയും ഇത്താത്തയും അവളുടെ അരികിൽ ഉണ്ട്.

അവരെല്ലാം അവളെ നോക്കി നിന്നു.

“സാരമില്ല.. എന്നെ കാണാതെ എന്റെ കുഞ്ഞ് പോയല്ലേ..? പോട്ടെ.. ഞാൻ നാളെ സ്വർഗ്ഗത്തിൽ വെച്ച് കണ്ടോളാം… എന്നാലും സറീന ഗർഭണി ആയല്ലോ.. പ്രസവിച്ചല്ലോ… മച്ചിയെന്ന് ആരും വിളിക്കില്ലല്ലോ.. പടച്ചവന് നന്ദി.”

കണ്ണീരോടെ അവൾ വിതുമ്പി.

മനാഫ് അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് അവളുടെ ചാരെ ഒരു കസേര വലിച്ചിട്ടിരുന്നു.നിറഞ്ഞ കണ്ണുകളിലെ കണ്ണീർ തുള്ളികളെ തുടച്ചു മാറ്റി.

“ഇക്കാടെ കോലം എന്താ ഇങ്ങനെ..?ടെൻഷനടിച്ചു സങ്കടപ്പെട്ട് ഇന്റിക്കാ പകുതിയായി.”

“സറീന.. നീ കണ്ണ് തുറന്നപ്പോൾ എന്റെ കണ്ണീരും ടെൻഷനും മാറിയല്ലോ.”

“ഇക്ക കണ്ടോ.. നമ്മുടെ…”

“ഉം.. കണ്ട്.. മോനാണ്.. നിനക്ക് കാണണ്ടേ നമ്മുടെ മോനെ.. മാസം തികയാത്തത് കൊണ്ടുള്ള പ്രശ്നങ്ങൾ മാത്രമേ ഉള്ളു..അവൻ എൻ ഐ സി യു വിൽ ഉണ്ട്. നിനക്ക് എപ്പോ വേണെങ്കിലും അവനെ കാണാം.. എന്തായാലും ഒരാഴ്ച കൂടി വാർമർ വേണമെന്നാ ഡോക്ടർ പറഞ്ഞത്.”

പുഞ്ചിരിയും സന്തോഷവും കണ്ണീരും..

എല്ലാവരുടെയും മുഖത്ത് ഒരേ ഭാവം. സന്തോഷം തെളിയുന്ന പുഞ്ചിരിയിലും ആരുടെയൊക്കെയൊ കണ്ണുകൾ നിറഞ്ഞു.

പതിനൊന്ന് ദിവസം.ആ ദിവസങ്ങളിലെ മനസിന്റെ വേദനയും കാത്തിരിപ്പും.
ഭക്ഷണവും ഉറക്കവുമില്ലാതെ കഴിഞ്ഞപോയ ദിനാരാത്രങ്ങളിൽ രണ്ട് ജീവിന് വേണ്ടി മരണത്തോടുള്ള പോരാട്ടാമായിരുന്നു.

ആഗ്രഹങ്ങൾ പ്രാർത്ഥനയിലൂടെ ചോദിച്ചു കൊണ്ടിരിക്കുക. ചിലപ്പോൾ ചോദിക്കുന്നത് തന്നെ കിട്ടും. അല്ലങ്കിൽ അതിനെക്കാൾ നല്ലത്…