സമയം – ഭാഗം 7 – വൈഗ വസുദേവ് എഴുതുന്ന നോവൽ

ആറാമത്തെ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഇനി എന്താ ചെയ്യുക”

അരവിന്ദിന് ഒരെത്തും പിടിയും കിട്ടിയില്ല.” ശ്യാമയാണേൽ ലത തൻെറ ഭാര്യയാണെന്ന്
തെറ്റിദ്ധരിച്ചിരിക്കുകയാണ്. ശ്യാമ മനസുതുറന്ന് സംസാരിക്കുന്നതിനുവേണ്ടി അവൾ ചോദിച്ചപ്പോൾ മൂളി എന്നുമാത്രം.

അല്ലാതെ താനായിട്ട് ഭാര്യയും മക്കളും ഉണ്ടെന്ന് പറഞ്ഞിട്ടില്ല. ഇപ്പോൾ അമ്മയും കരുതുന്നു തനിക്ക് ഭാര്യയും മക്കളും ഉണ്ടെന്ന്.അപ്പോൾ പറഞ്ഞ കള്ളം തനിക്ക് പാരയാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.”

” അമ്മേ ..എനിക്ക് ചിലകാര്യങ്ങൾ പറയാനുണ്ട്. ” ” വേണ്ട ഉണ്ണീ നീപിന്നെയും കള്ളംപറയാൻ ശ്രമിക്കേണ്ട ” ” അമ്മേ അവൾക്കറിയില്ല ഞാൻ കള്ളം പറഞ്ഞതാണെന്ന്. അവൾ എന്നോട് ചോദിച്ചു ഭാര്യയും മക്കളും സുഖമായിരിക്കുന്നോ എന്ന് .ഞാൻ അതെ എന്നുപറഞ്ഞു..

കഴിഞ്ഞ ദിവസം അവൾ ബാങ്കിൽ വന്നു .ഞങ്ങൾ ഒന്നിച്ചു കോഫീഹൗസിൽ പോയി കോഫിയും കുടിച്ചു. അത് എൻ്റെ കൂടെജോലിചെയ്യുന്ന ലത കണ്ടു . ആ ലത എൻ്റെ ഭാര്യയാണെന്ന് അവൾ തെറ്റിദ്ധരിച്ചുകാണും അതാവും അവൾ അങ്ങനെ ചോദിക്കാൻ കാരണം.
അല്ലാതെ എനിക്ക് ഭാര്യയും മക്കളും ഒന്നുമില്ല ആകെ ഈ അമ്മമാത്രേ ഉള്ളൂ. മനസിലായോ എൻ്റെ രുക്മിണിയമ്മയ്ക്ക്.”

“നീ ഈ പറയുന്നത് സത്യാണോ ഉണ്ണീ ..” ” അതെ അമ്മേ ..ഞാൻ വിവാഹം കഴിച്ചിട്ടില്ല എന്നുപറഞ്ഞാൽ അവൾ അവളുടെ ജീവിതത്തെക്കുറിച്ച് പറയില്ല. പലതും ഒളിക്കാൻ നോക്കും .എനിക്ക്…”അരവിന്ദ് ഒരുമാത്ര മിണ്ടാതിരുന്നു.

” അമ്മേ.. അവൾ ..എൻ്റെ ..”അരവിന്ദിന് വാക്കുകൾ മുറിപ്പെട്ടു.” എന്താടാ ..എന്താ നിനക്ക് പറ്റിയേ ..” അമ്മ കാര്യം അറിയാതെ ചോദിച്ചു.”

അമ്മേ അവളെ നമുക്ക് ഇങ്ങോട്ടു കൊണ്ടുവരാം .അമ്മയുടെ മോളായി “. അരവിന്ദ് പ്രതീക്ഷയോടെ അമ്മയെ നോക്കി.

എന്നാൽ രുക്മിണിയമ്മ ഒരക്ഷരം പോലും മിണ്ടാതെ മുറിയിലേയ്ക്ക് പോയി.

°°°°°°°. °°°°°°°° °°°°°°°°

അരവിന്ദും ആ അമ്മയും പോയതിനുശേഷം ശ്യാമയുടെ ഉള്ളിൽ അവർ തമ്മിലുള്ള ഓരോ നോട്ടവും അമ്മയുടെ മുഖഭാവവും തങ്ങി നിന്നു. അരവിന്ദിനെ അറിയാം എന്നുപറഞ്ഞു .എന്നാൽ ആരാണ് എന്നുപറഞ്ഞുമില്ല. രണ്ടുപേരും എന്തോ മറയ്ക്കുന്ന പോലെ .

സ്വന്തക്കാരല്ലെങ്കിൽ പിന്നെ എന്തിനാണ് അരവിന്ദ് ഭാര്യയും മക്കളും സുഖമായിരിക്കുന്നു എന്നുപറഞ്ഞപ്പോൾ ആ അമ്മയുടെ ഭാവം മാറിയത്. കൂടാതെ തൻെറ ഓരോ ചോദ്യത്തിനും ഉത്തരം പറയുമ്പോൾ അരവിന്ദ് ആ അമ്മയുടെ മുഖത്തോട്ടു നോക്കിയത്. വാ പോകാം എന്നു പറഞ്ഞപ്പോൾ അമ്മ കൂടെയും പോയി.

പരസ്പരം അറിയുന്നവർ ആണെന്നത് ഉറപ്പ്. ആകെക്കൂടി ഒരു പൊരുത്തമില്ലായ്മ.
ഇനി കാണുമ്പോൾ ചോദിക്കാം.

” ചേച്ചീ ഒരു സോഡ..ചേച്ചീ എനിക്കും ..

കൂൾബാറിൽ തിരക്ക് കൂടിവന്നു.

°°°°° °°°° °°°°°

വീണ്ടും ശ്യാമയ്ക്ക് ബാങ്കിൽ പോകേണ്ടി വന്നു.ടോക്കൺ എടുത്ത് കാത്തിരുന്നു . ടോക്കൺ നമ്പർ 45 പതിനഞ്ച് ആയതേഉള്ളൂ.ശ്യാമ പ്രതിക്ഷയോടെ അരവിന്ദിൻ്റെ സീറ്റിലേയ്ക്ക് നോക്കി. അവിടെ വേറൊരാൾ . അരവിന്ദ് ലീവ് ആവും .ലതയുണ്ട് തന്നെ കണ്ടില്ല. ഭാഗ്യം .

കുറ്റബോധം വല്ലാതെ മനസിനെ വേദനിപ്പിക്കുന്നു. ” പാവം എത്ര വേദനിച്ചു കാണും .അവളുടെ ഭർത്താവിനെ അടിച്ചെടുക്കാൻ വന്നവളാണെന്നാവും തന്നെക്കുറിച്ച് ചിന്തിക്കുന്നത്. എന്നെങ്കിലും സംസാരിക്കാൻ അവസരം കിട്ടിയാൽ സത്യം പറയണം. ക്ഷമ ചോദിക്കണം .താനോ ഭാഗ്യമില്ലാത്തവൾ . താൻ ഒരുവാക്ക് പറഞ്ഞിരുന്നു എങ്കിൽ ലതയുടെ സ്ഥാനത്ത് താനായിരുന്നേനെ. യോഗമില്ല .ഭാഗ്യവുമില്ല.എന്തിനെന്നറിയാതെ ” ശ്യാമയുടെ കണ്ണു നിറഞ്ഞു.

ടോക്കൺ നമ്പർ 45 കൗണ്ടർ നമ്പർ 3
ശ്യാമ ചിന്തകളിൽ നിന്നും ഉണർന്നു. തൻെറ നമ്പർ .അവൾ വേഗം കൗണ്ടർ നമ്പർ രണ്ടിനുമുന്നിൽ എത്തി. കൗണ്ടറിനടുത്ത സീറ്റാണ് ലതയുടെ.കൗണ്ടറിനു മുന്നിൽ നിൽക്കുന്ന ശ്യാമയെ ലത കണ്ടു.
ശ്യാമ ഒന്നു പുഞ്ചിരിച്ചു. എന്നാൽ ലത ഗൗരവത്തോടെ നോക്കിയതേ ഉള്ളൂ.

” ഇതുതന്നെ നല്ല അവസരം.
ശ്യാമേ ..ഒരു മിനിറ്റ് .” ലത പറഞ്ഞു
” എനിക്ക് സംസാരിക്കാനുണ്ട്..ഒരഞ്ചു മിനിറ്റ്.” ” ഉംം.. ശരി ഞാൻ കാത്തിരിക്കാം”
” ഓക്കെ താങ്ക്യൂ ” ശ്യാമ ലതയെ കാത്ത് കസേരയിൽ ചെന്നിരുന്നു. ” എന്താവും ലതയ്ക്ക് ചോദിക്കാനുള്ളത്. എൻ്റെ ദേവീ ധൈര്യം തരണേ..” അഞ്ചു മിനിറ്റിനുള്ളിൽ ലത എത്തി .”

വരൂ..നളുക്കൊരു കോഫികുടിക്കാം. ” ലതയോടൊപ്പം ശ്യാമ നടന്നു. അരവിന്ദും താനും കയറിയ അതേ കോഫീഹൗസിൽ കയറി . ” യാതൊരു തിരക്കും ഇല്ല .ലത തന്നോട് മോശമായി പറഞ്ഞാൽതന്നെ ആരും കേൾക്കില്ല. ” ശ്യാമയ്ക്ക് അൽപം ആശ്വാസം തോന്നി. കൗണ്ടറിൽ ഇരുന്നയാൾ ലതയെ നോക്കി പുഞ്ചിരിച്ചു. ലത തിരിച്ചും.

” രണ്ടു കോഫി ” ലത പറഞ്ഞു. ” ടേയ്… രണ്ടു കോഫി….” കൗണ്ടറിൽ ഇരുന്നയാൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. ലത കോണിലായുള്ള കസേരയിൽ ചെന്നിരുന്നു.

” ഇരിക്കൂ ..” ശ്യാമയോടായി ലത പറഞ്ഞു.
ശ്യാമ ലതയ്ക്ക് എതിരായി ഇരുന്നു.
” പറയൂ ശ്യാമ ..കൂൾബാർ എങ്ങനെ പോകുന്നു.നല്ല കച്ചവടം ഉണ്ടോ ..”
” സ്കൂൾ ടൈമിൽ ഉള്ള കച്ചവടമേ ഉള്ളൂ..”
” ഒന്നു കണ്ടെങ്കിലും നമ്മൾ പരിചയപ്പെട്ടില്ല.
ഞാൻ ലത അരവിന്ദിൻ്റെ..”

” എനിക്കറിയാം “.ശ്യാമ ഇടയ്ക്ക് കയറി പറഞ്ഞു. ” എങ്ങനറിയാം എന്നെപ്പറ്റി അരവിന്ദ് പറഞ്ഞിട്ടുണ്ടോ . എന്നെപ്പറ്റി പറയാൻ ചാൻസില്ല . എനിക്കറിയെണ്ടത് ഒന്നേഉള്ളൂ ” ” എന്താണ് .? ” നിങ്ങൾ തമ്മിലുള്ള ബന്ധം . പലപ്രാവശ്യം ഞാൻ കണ്ടു നിങ്ങളെ ഒരുമിച്ച് . പറയ് ശ്യാമയുടെ ആരാണ് അരവിന്ദ് .” ശ്യാമയുടെ കണ്ണിൽ തറച്ചുനോക്കിക്കൊണ്ട് ശബ്ദം താഴ്ത്തി ലത ചോദിച്ചു.

ലതയുടെ നോട്ടത്തെ നേരിടാനാവാതെ ശ്യാമ മുഖം താഴ്ത്തി. ” പറയാൻ, എനിക്കറിയണം. ” ലത ചോദ്യം ആവർത്തിച്ചു. ” അത് ഞങ്ങൾ .” ബാക്കി പറയാൻ തുടങ്ങിയ ശ്യാമ തങ്ങളുടെ നേരെ വരുന്നയാളെ കണ്ട് അമ്പരന്നു . ശ്യാമയുടെ മറുപടിയ്ക്കുവേണ്ടി കാതോർത്തിരുന്നു .എന്നാൽ മറുപടിക്കു പകരം ശ്യാമയുടെ അമ്പരന്ന നോട്ടം കണ്ട് ആഭാഗത്തേക്ക് നോക്കിയ ലതയുടെ മുഖം വിളറിവെളുത്തു. ലത വേഗം മുഖം തിരിച്ചു.


ശ്യാമയുടെ ആദ്യത്തെ അമ്പരപ്പ് സന്തോഷത്തിനു വഴിമാറി .അന്ന് കൂൾബാറിൽ വന്ന അമ്മ.
രുക്മിണിയമ്മ പുഞ്ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു. ” വാ അമ്മേ ഇവിടെ ഇരിക്കാം” ശ്യാമ പറഞ്ഞു. ” മോൾ ഇന്ന് കൂൾബാർ തുറന്നില്ലേ. “

” തുറന്നു അച്ഛൻ ഉണ്ട് അവിടെ .” ” അമ്മ ബാങ്കിൽ വന്നതാണോ ” ലത ചോദിച്ചു. അപ്പോളാണ് രുക്മിണിയമ്മ ലതയെ ശ്രദ്ധിച്ചത് .

” ആഹാ മോളാരുന്നോ നിങ്ങൾ കൂട്ടുകാരാണോ . “
” അതെ .”.ലത പറഞ്ഞു
” ഇന്നെന്തെ അരവിന്ദ് ലീവ് എടുത്തത് .”.ലത ചോദിച്ചു. “ഞങ്ങൾക്ക് അത്യാവശ്യമായി ഒരിടം പോകേണ്ടി വന്നു .”ശ്യാമയ്ക്ക് അവർ പറഞ്ഞത് പിടികിട്ടിയില്ല. അരവിന്ദ് ലീവെടുത്ത് ലത അറിഞ്ഞിട്ടില്ല. ഈ അമ്മ പറഞ്ഞത് ഞങ്ങൾക്ക് ഒരിടം പോകേണ്ടി വന്നു എന്നും എന്താ രണ്ടാളും ഇങ്ങനെ പറയുന്നത് . ഭർത്താവ് ലീവെടുത്തത് ഭാര്യ അറിഞ്ഞിട്ടില്ല എന്നല്ലേ ..എന്താ അതിനർത്ഥം . ഈശ്വരാ ഒന്നും മനസിലാവുന്നില്ലല്ലോ .

” മോൾക്ക്‌ ഒന്നും മനസിലാവുന്നില്ല അല്ലേ ..” ശ്യാമയുടെ നോട്ടം കണ്ടിട്ട് രുക്മിണിയമ്മ ചോദിച്ചു. ” അല്ല ..അത് .. അരവിന്ദ് ..”ശ്യാമ എന്തോ ചോദിക്കാൻ തുടങ്ങി.” അരവിന്ദ് ദാ നിൽക്കുന്നു. ” അമ്മ കൗണ്ടറിനരികെ നിൽക്കുന്ന അരവിന്ദിനെ ചൂണ്ടിക്കാട്ടി. ” ഉണ്ണീ….”അമ്മ വിളിച്ചു “ങേ.. ഇത് അരവിന്ദിൻ്റെ അമ്മ തന്നെ” ശ്യാമയ്ക്ക് വിശ്വാസം വന്നില്ല “

വന്നു അമ്മേ…” അരവിന്ദ് തിരിഞ്ഞു നോക്കി പറഞ്ഞു.
” മോളിന്നു ലീവാണോ “അമ്മ ലതയോടു ചോദിച്ചു. ” അല്ല ..ശ്യാമയെ കണ്ടപ്പോൾ കോഫികുടിക്കാൻ ഇറങ്ങി വന്നതാ .
എന്നാൽ നിങ്ങൾ സംസാരിക്കൂ ഞാൻ പൊക്കോളാം ..” ലത എണീറ്റു.

” ഇരിക്കൂ മോളെ ഞങ്ങളും അല്പം ധൃതി യിലാണ് .എന്നാലും മോളോടും ചിലത് പറയാൻ ഉണ്ട് .” ലതയ്ക്ക് അവരുടെ ഒപ്പം ഇരിക്കേണ്ടുവന്നു .”ഈശ്വരാ എന്താണോ തന്നോട് പറയാനുള്ളത്. ലത ഇരുന്നു വിയർത്തു. താൻ ശ്യാമയുടെ മുന്നിൽ ഉണ്ടാക്കിയ ഇമേജ് പൊളിയും . ഇത് താൻ കുഴിച്ച കുഴി .താൻ തന്നെ വീണു.”

രണ്ട് കോഫിക്ക് പറഞ്ഞിട്ട് അരവിന്ദ് അവരുടെ അടുത്തുവന്ന് ഇരുന്നു.ശ്യാമ ലതയെ ശ്രദ്ധിച്ചു ലത മുഖം കുനിച്ച് ഇരുന്നതല്ലാതെ അരവിന്ദിനെ നോക്കിയതേ ഇല്ല. ” ശ്യാമ ബാങ്കിൽ വന്നതാണോ ” “അതെ .. ” ” നിങ്ങൾ തമ്മിൽ എങ്ങനെ അറിയാം ” ലതയെ നോക്കി അരവിന്ദ് ശ്യാമയോട് ചോദിച്ചു ” കൂൾബാറിൽ വന്നിട്ടുണ്ട്. പിന്നെ ബാങ്കിൽ വച്ചും ഉള്ള പരിചയം .”

” ലത ആരാന്ന് അറിയോ ” അരവിന്ദ് ചോദിച്ചു. ലതയ്ക്ക് തല കറങ്ങുംപോലെ തോന്നി . ഈശ്വരാ ഏതുനേരത്താണോ തനിക്ക് കോഫികുടിക്കാൻ വരാൻ തോന്നിയത് . ശ്യാമയുടെ മനസ് അറിയാനുള്ള ആഗ്രഹം കൊണ്ട് ഉണ്ടായ പൊല്ലാപ്പ് ..

” അറിയാം “

” ഇല്ല ശ്യാമ തെറ്റിദ്ധരിച്ചതാ .ഞങ്ങൾ സഹപ്രവർത്തകർ മാത്രമാണ്. “
അരവിന്ദ് പറഞ്ഞതുകേട്ട ലതയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാക്കുകൾ .

” അരവിന്ദ് ഞാൻ കരുതി നിങ്ങൾ ..” ബാക്കി പറഞ്ഞത് അരവിന്ദാണ് .
“ഭാര്യാഭർത്താക്കന്മാർ ആണെന്ന് അല്ലേ..
തെറ്റിദ്ധാരണമാറ്റാൻ ഇതാണ് നല്ലൊരു ല അവസരം .അതല്ലേ ഇപ്പോൾ നമുക്ക് ഒന്നിച്ചു കാണാൻ കഴിഞ്ഞത്. “

” മോളെ നീ പറഞ്ഞ വാക്ക് കേട്ട് ഞാൻ എൻ്റെ ഉണ്ണിയെ ഒരുപാട് സങ്കടപ്പെടുത്തി.” രുക്മിണിയമ്മ ശ്യാമയോട് പറഞ്ഞു
” ഞാൻ ..ഞാൻ എന്തുപറഞ്ഞു “
” നീ ഉണ്ണിയോട് ചോദിച്ചില്ലേ ഭാര്യയും മക്കളും സുഖായിരിക്കുന്നോ എന്ന് . ” അതുചോദിച്ചു വഴക്കായി .

” ഞാൻ കരുതിയത് അരവിന്ദിൻ്റെ കല്യാണം കഴിഞ്ഞു എന്നാണ് . “
” ഒരുകണക്കിന് അതു നന്നായി . രണ്ടുപേരോടും ഒരുകാര്യം പറയാണ് . ഉണ്ണിക്ക് ഒരു കുട്ടിയെ ഇഷ്ടമായി താമസിയാതെ കല്യാണം ഉണ്ടാവും . രണ്ടുപേരുടെയും തെറ്റിദ്ധാരണമാറ്റി കല്യാണത്തിനു വന്ന് ആശീർവദിക്കണം .”

ലതയ്ക്ക്തോന്നി തൻെറ ഹൃദയം നിന്നുപോകുമെന്ന് .ഇനി ഇവിടിരുന്നാൽ താൻ കരയുന്നത് ഇവർ കാണും .ലത എണീറ്റു. ” വരും അമ്മേ.. ഞാൻ പൊക്കോട്ടെ..” ” ശരി മോളെ.. “
ശ്യാമയും അരവിന്ദും കണ്ടു ലതയുടെ കണ്ണുനിറഞ്ഞത്. എന്നാൽ ലത അവർക്ക് മുഖം കൊടുക്കാതെ മുഖം തിരിച്ചു നടന്നു.

” അപ്പോൾ മോളെ ..കല്യാണം ഉടനുണ്ടാവും .
അതിൻെറ കാര്യങ്ങൾക്കായി ഞങ്ങൾ എൻ്റെ ആങ്ങളെ കാണാൻ പോയതാ. പെണ്ണിൻ്റെ വീട്ടിൽ പോയി. കാര്യങ്ങൾ പറഞ്ഞുറപ്പിച്ചു.”
അമ്മ പറഞ്ഞതെല്ലാം പുഞ്ചിരിയോടെ കേട്ടിരുന്നു എങ്കിലും ഉള്ളിൽ ഒരു വിങ്ങൽ ,നീറുന്ന വേദന കൂടിക്കൂടി വരുന്നതായി ശ്യാമയ്ക്ക് തോന്നി.
ഉള്ളിൻ്റെ ഉള്ളിൽ ഒരു വിഷമം ഉണ്ടായിരുന്നു താൻ കാരണമാണല്ലോ അരവിന്ദ് ഇത്രനാളും കല്യാണം കഴിക്കാതിരുന്നത് .ഇനി ആ വിഷമം വേണ്ടല്ലോ . ഈശ്വരാ അരവിന്ദിന് എല്ലാ നന്മകളും കൊടുക്കേണമേ..ആ മനസിൻ്റെ നന്മ തനിക്കല്ലാതെ മറ്റാർക്കാണ് അറിയിവുന്നത്.

” എന്താമോളെ നീ ആലോചിക്കുന്നത് “
” ഒന്നുമില്ല അമ്മേ . “
” അരവിന്ദ് ..എവിടാണ് പെണ്ണിൻ്റെ വീട് “
” അടുത്തുതന്നെയാണ്..”
” ഞാൻ പൊക്കോളാം .. അമ്മേ..”
” ഞങ്ങളും ഇറങ്ങുവാ മോളെ സ്റ്റാൻഡിൽ വിടാം .”

°°°°°° °°°°°° °°°°°°°
ശ്യാമ ആനക്കല്ലിൽ എത്തിയപ്പോൾ കൂൾബാർ അടച്ചിട്ടിരിക്കുന്നു.
“ഈശ്വരാ എന്താ സംഭവിച്ചത് ..”
ശ്യാമ ഫോണെടുത്തു കോൾ ചെയ്തു .
അച്ഛൻ്റെ ഫോൺ റിഗ് ചെയ്യുന്നതല്ലാതെ എടുത്തില്ല.
വീണ്ടും കോൾ ചെയ്തു ചെവിയോടു ചേർത്തു.ഇപ്രാവശ്യം എടുത്തു
” ഹലോ. അച്ഛാ ..എന്താ കൂൾബാർ അടച്ചിട്ടത് അച്ഛനെന്നാപറ്റിയത് ” ശ്യാമ ഒറ്റശ്വാസത്തിൽ ചോദിച്ചു.

” ഒന്നുംപറ്റിയില്ല നീ ഒരു ഓട്ടോ വിളിച്ചു വാ ..”
“ഹലോ.. അച്ഛാ. .. ” ബാക്കി കേൾക്കാൻ നിൽക്കാതെ അച്ഛൻ കോൾ കട്ട് ചെയ്തു.
അതെന്തിനാ വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞത്. എന്തോ ഉണ്ട് .. ഈശ്വരാ സമാധാനം എന്നത് എനിക്ക് പറഞ്ഞിട്ടില്ലേ ..ശ്യാമ ഓട്ടോ സ്റ്റാൻൻ്റ് ലക്ഷ്യമാക്കി വേഗം നടന്നു.

തുടരും…