സമയം – ഭാഗം 2 – വൈഗ വസുദേവ് എഴുതുന്ന നോവൽ

ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

ൻെറ മുന്നിൽ ഇരിക്കുന്ന ആളെ ശ്യാമ ശ്രദ്ധിച്ചു. ഇത് തൻെറ…

മനസ്സിനെ കുത്തി മുറിവേൽപ്പിക്കുന്ന പലതും ഞൊടിയിടൽ മനസ്സിൽ മിന്നിമറഞ്ഞു. മിന്നൽപിണർ പോലെ നെഞ്ചിൽ അള്ളിപ്പിടിക്കുന്ന വേദന. ശ്യാമയ്ക്ക് നിമിഷങ്ങൾ വേണ്ടി വന്നു ധൈര്യം വീണ്ടെടുക്കാൻ.

ഈ ശബ്ദം ഏയ്, അല്ല. ഇവിടെ വരാൻ യാതൊരു സാധ്യതയുമില്ല…ശ്യാമ മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ജ്യൂസ് എടുത്ത് അരവിന്ദിൻ്റെ മുന്നിൽ ടേബിളിൽ വച്ചു. അപ്പോളും അരവിന്ദ് മുഖം ഉയർത്തിയില്ല.

ആ മുഖം ഒന്നു കണ്ടിരുന്നെങ്കിൽ…ശ്യാമ ആഗ്രഹിച്ചു. മുഖം ഒന്നു കണ്ടോട്ടെ എന്നു എങ്ങനെ ചോദിക്കും…എന്തെങ്കിലും വേണോ എന്നു ചോദിക്കുക തന്നെ.

വേറെ എന്തെങ്കിലും…?

വേണം…നേരെ നോക്കാതിരിക്കാൻ അരവിന്ദിനായില്ല. അരവിന്ദ് മുഖം ഉയർത്തി.

അരവിന്ദ്…ശ്യാമ സന്തോഷത്തോടെ വിളിച്ചു. അതെ അരവിന്ദ് ആണ്. ഇവിടെ എങ്ങനെ എന്നാവും അല്ലേ…? ശ്യാമ എന്നെ ഒരിക്കലും പ്രതീക്ഷിച്ചില്ല അല്ലേ…? ചെറുചിരിയോടെ ചോദിച്ചു. പൊടുന്നനെ ശ്യാമയുടെ മുഖം മ്ലാനമായി. ശരീരം തളരുന്നതുപോലെ അവൾ അരവിന്ദിന് എതിരെ കസേരയിൽ ഇരുന്നു. നെറ്റിയിൽ വിയർപ്പ് ഉരുണ്ടുകൂടി. അവൾ തൻെറ കയ്യിൽ തലതാങ്ങി ഇരുന്നു.

അരവിന്ദ്….എനിക്ക്…ബാക്കി പറയാൻ ശ്യാമയ്ക്കായില്ല.

ദാ ഇതുകുടിക്ക്…അരവിന്ദ് ജ്യൂസ് എടുത്ത് നീട്ടി. അവൾ ഗ്ലാസ് വാങ്ങി. ചുണ്ടോടുചേർത്തു. കണ്ണുകൾ നിറഞ്ഞൊഴുകി. കുറ്റബോധം വല്ലാതെ മഥിക്കുന്നുണ്ടെന്ന് മുഖം വ്യക്തമാക്കുന്നുണ്ട്. അവളുടെ മുഖം വല്ലാതെ ചുവന്നു. ഇതൊക്കെ കണ്ടിട്ടും അരവിന്ദിൻ്റെ മുഖത്തെ പുഞ്ചിരി മാഞ്ഞില്ല.

സോറി അരവിന്ദ് ജ്യൂസ് വേറെ എടുക്കാം. അതുസാരമില്ല…എന്തായാലും ജ്യൂസ് കുടിച്ചിട്ടേ പോകുന്നുള്ളൂ. സന്തോഷത്തോടെ തരണം എന്നേ ഉള്ളൂ…

സന്തോഷമേ ഉള്ളൂ…വീണ്ടും കാണാൻ പറ്റും എന്നു കരുതിയതല്ല. എന്തിനാണ് അന്വേഷിച്ചു വന്നത്. കൂടുതൽ എന്തുപറയാൻ…ജീവിതവും ജീവിതസാഹചര്യവും മാറി. ഇപ്പോൾ ജീവിക്കാൻ ഇതു നടത്തുന്നു. കടയിൽ തിരക്കില്ലാത്തതിനാൽ അവർക്ക് സംസാരിക്കുന്നതിന് തടസം നേരിട്ടില്ല.

അരവിന്ദിന് ഞാൻ ഇവിടെ ഉണ്ടെന്ന് എങ്ങനെ മനസിലായി.

കഴിഞ്ഞദിവസം ഇതിലെ പോയപ്പോൾ കണ്ടു. ഇന്ന് ശ്യാമയെ കാണാൻ മാത്രമായി വന്നു കണ്ടു.

സുഖാണോ…? ചോദിക്കാമോ എന്നറിയില്ല…ഭാര്യ, മക്കൾ ഒക്കെ…? ശ്യാമ പാതിയിൽ നിർത്തി.

എല്ലാവരും സുഖായിരിക്കുന്നു. ഈ കൂൾബാർ ആരുടെ…?

എൻ്റെ…

ശ്യാമയ്ക്ക് ഇങ്ങനെയൊരു കട നടത്തേണ്ട ആവശ്യം..?

വേണ്ടി വന്നു.

ഭർത്താവ്, കുട്ടികൾ..? എൻ്റെ അറിവ് നല്ല സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലേയ്ക്കാണ് വിവാഹം കഴിപ്പിച്ചയച്ചത് എന്നാണ്.

കേട്ടത് ശരിയാണ്. ഉംം..

ഭർത്താവ് എന്തു ചെയ്യുന്നു…? ശ്യാമ തുടരാൻ താൽപര്യമില്ലാത്തപോലെ മിണ്ടാതെ നിന്നു പിന്നെ പറഞ്ഞു…സുഖായിരിക്കുന്നു. അരവിന്ദിൻ്റെ വിശേഷങ്ങൾ പറയൂ…എവിടാണ് താമസിക്കുന്നത്…?

തിടനാട് അമ്പലത്തിനടുത്ത്..

ഭാര്യ എന്തുചെയ്യുന്നു. ജോബ് ഉണ്ടോ…?

ഇല്ല…

ബാക്കി ഞാൻ പറയാം മക്കൾ രണ്ടുപേർ. മൂത്തത് മോൻ, ഇളയത് മോൾ. ശരിയല്ലേ അരവിന്ദ്….

അതെ എന്ന് അരവിന്ദ് തലയാട്ടി.

എനിക്കറിയാം…അതായിരുന്നില്ലേ നമ്മൾ സ്വപ്നം കണ്ടിരുന്നത്. ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു. അരവിന്ദ് ശ്യാമയുടെ കണ്ണിലേയ്ക്ക് തറച്ചു നോക്കി. ആ നോട്ടം നേരിടാനാവാതെ ശ്യാമ മുഖം താഴ്ത്തി. കുറച്ചു നേരം രണ്ടുപേരും മിണ്ടാതെ ഇരുന്നു. അരവിന്ദ് അവളുടെ മുഖത്തെ ഭാവം ശ്രദ്ധിക്കുകയായിരുന്നു.

ഇപ്പോഴും അതൊക്കെ ഓർക്കുന്നുണ്ടോ…? അരവിന്ദ് സങ്കടത്തോടെ ചോദിച്ചു.

ഉണ്ട്. അതൊക്കെ മറന്നാൽ പിന്നെ ഞാനില്ല.

എന്തിന്…? മറക്കേണ്ടതൊക്കെ മറക്കണം. മറ്റൊരു ജീവിതം തിരഞ്ഞെടുത്തതല്ലേ. ഭർത്താവ്, മക്കൾ എല്ലാവരും ഉണ്ട്. പിന്നെയും പഴയകാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ട ആവശ്യം ഇല്ല.

ഉംം…ശരിയാണ്. അങ്ങനെയാണ് വേണ്ടതും…എന്നാൽ അതിനു കഴിയേണ്ടേ…അതുവിടൂ…ഇവിടെ അടുത്താണോ വീട്…?

അതെ…ഇനിയും കാണാം…

പോകുവാണോ…അരവിന്ദ് ഇനി വരുമ്പോൾ ഭാര്യയേയും മക്കളേയും കൊണ്ടു വരണം.

ഓക്കെ…ശ്യാമയുടെ ഭർത്താവിനേയും മക്കളേയും കാണാൻ ഞാൻ വരുന്നുണ്ട്. അവൾ ഒന്നും പറഞ്ഞില്ല. നിർവ്വികാരതയോടെ നിന്നു….

ശ്യാമ പറഞ്ഞതെല്ലാം കളവാണെന്നു അരവിന്ദിന് തോന്നി. അവൾ സന്തോഷവതിയല്ല. ഒരുപാട് സങ്കടങ്ങൾ ഉള്ളപോലെയാണ് മുഖഭാവം.

ശ്യാമേ, സങ്കടങ്ങൾ എല്ലാവർക്കും ഉണ്ടാകും. അതൊക്കെ തരണം ചെയ്ത് വേണം മുന്നോട്ടു പോകാൻ.

എനിക്ക് ഒരു സങ്കടവുമില്ല അരവിന്ദ്…പ്രതീക്ഷിക്കാതെ അരവിന്ദിനെ കണ്ടപ്പോൾ കഴിഞ്ഞതൊക്കെ ഓർത്തുപോയി. അല്ലാതെ ഒന്നുമില്ല…ശ്യാമ ചിരിക്കാൻ ശ്രമിച്ചു.

ബൈ കാണാം…അരവിന്ദ് യാത്ര പറഞ്ഞിറങ്ങി. അരവിന്ദ് പോകുന്നതുംനോക്കി അവൾ നിന്നു. കാറിന്റെ ചില്ലിൽകൂടി അരവിന്ദ് കണ്ടു തന്നെ നോക്കി നിൽക്കുന്ന ശ്യാമയെ…അന്ന് അവളുടെ ഡയറി വായിച്ചപ്പോഴുള്ള അതേ വികാരമാണ് ഇപ്പോൾ. പ്രണയമെന്ന വികാരം…

മിഴിയറിയാതെ വന്നു നീ….മിഴിയൂഞ്ഞാലിൽ
മനമറിയാതെ ഏതോ കിനാവുപോലെ…

തന്റെ പ്രിയഗാനം മൂളി അരവിന്ദ് ഡ്രൈവ് ചെയ്തു.

*** *** ***

അരവിന്ദ് സാറേ ഇന്നെന്തേ ലേറ്റായേ…സഹപ്രവർത്തക ലത ചോദിച്ചു.

ലേറ്റായാ ഇറങ്ങിയത്.

ഞാൻ ആനക്കല്ലിൽ വച്ച് കണ്ടല്ലോ.

അവിടെ ഒരാളെ കാണാനുണ്ടായിരുന്നു.

ആ കൂൾബാറിലെ സുന്ദരിയെ ആണോ.

ആണെങ്കിൽ….

ഒന്നുമില്ല. ഇന്ന് സാറിൻ്റെ മുഖത്ത് പതിവില്ലാത്ത സന്തോഷം കാണുന്നുണ്ട്. ആ കൂൾബാറിലെ സുന്ദരിയെ ഞാൻ എന്നും കാണുന്നതാണ്. ഞാൻ കയറിയ ബസ് വന്നപ്പോൾ ആണ് സാർ അവിടെനിന്നും ഇറങ്ങിയത്. സാറിനെ നോക്കിയുള്ള അവരുടെ നിൽപ്പ് കണ്ടപ്പോൾ….ബാക്കി ലത പറഞ്ഞില്ല.

ഉംം..ജോലി നടക്കട്ടെ….അരവിന്ദ് ഗൗരവത്തോടെ പറഞ്ഞു.

*** *** ***

അന്നു മുഴുവൻ ശ്യാമയ്ക്ക് ഓർക്കാൻ തങ്ങളുടെ കോളേജ് ലൈഫ് മാത്രേ ഉണ്ടായിരുന്നുള്ളൂ. അന്ന് യാത്ര പറഞ്ഞ് പോരുമ്പോൾ എത്രമാത്രം വേദനിച്ചിട്ടുണ്ടാവും അരവിന്ദിന്…ശ്യാമയുടെ കണ്ണുകൾ നിറഞ്ഞുവന്നു.

അർഹതയുള്ളതേ കിട്ടൂ…ഈശ്വരാ എന്തിനാ വീണ്ടും എൻ്റെ മുന്നിൽ അവനെ എത്തിച്ചത്. ഈ ജീവിതം ഇങ്ങനെ തീരുമായിരുന്നല്ലോ. എന്തിനാ ഇങ്ങനെ സങ്കടപ്പെടുത്തുന്നത്. ഇനിയും എനിക്ക് കള്ളംപറഞ്ഞ് നിൽക്കാൻ ആവില്ല. അരവിന്ദ് ഇനിയും വരും. കള്ളം പറഞ്ഞേ പറ്റൂ. തൻെറ അവസ്ഥ അറിഞ്ഞാൽ ആ മനസ്സ് വേദനിക്കും. അതുപാടില്ല. പിടിച്ചു നിൽക്കാൻ ധൈര്യം തരണേ ഈശ്വരാ…ശ്യാമ മനമുരുകി പ്രാർത്ഥിച്ചു.

ആഴ്ചകൾ പിന്നിട്ടു. സാധാരണ രണ്ടാം ശനിയാഴ്ച കൂൾബാറിൽ തിരക്കുണ്ടാവില്ല. ആരെങ്കിലും വന്നാലായി. അതിനാൽ അന്നേദിവസം എല്ലാം തൂത്തുതുടച്ചു വയ്ക്കും. പതിവുപോലെ ശ്യാമ തൻെറ ജോലിയിൽ വ്യാപൃതയായിരുന്നു.

ഹലോ..ആരുമില്ലേ..ഹലോ..? ഒരു സ്ത്രീ ശബ്ദം.

ശ്യാമ ആരെന്നറിയാൻ അകത്തു നിന്നും ഇറങ്ങിവന്നു. സാരിയുടുത്ത സുന്ദരി.

എന്താ വേണ്ടത്…? ശ്യാമ ചോദിച്ചു.

എന്നെ ഇയാൾക്ക് അറിയില്ല. ഞാൻ അരവിന്ദിൻ്റെ…

തുടരും…