വീണ്ടും ഒരു ചെറിയ കഥയുമായി വരികയാണ്. എൻ്റെ മറ്റു കഥകൾക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് ഇതിനും ഉണ്ടാവണം.
ജീവനെക്കാളേറെ താൻ സ്നേഹിച്ച, തന്നെ സ്നേഹിച്ച ശ്യാമ.
കുറെ വാക്കുകൾ കുത്തിക്കുറിച്ച് തന്നിട്ടു പോയതാണ്. അതിൽ പിന്നെ കാണുന്നത് ഇന്നലെ. അരവിന്ദിൻ്റെ മനസ്സിൽ എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നി. ഇന്നലെ കണ്ട കാഴ്ച അരവിന്ദിൻ്റെ കണ്ണിൽ നിന്നും പോയില്ല.
അതിനുശേഷമുള്ള ഓരോ നിമിഷവും മനസ്സിൽ മുറിവായി നോവിപ്പിക്കുന്നത് ആ കാഴ്ച ആണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച. കാഞ്ഞിരപ്പള്ളി ഓഫീസിൽ പോയി തിരിച്ചു വരും വഴി ആനക്കല്ല് സ്കൂളിനടുത്തുള്ള ചെറിയ കൂൾബാറിൽ ഒരിക്കൽ താൻ ജീവനായി സ്നേഹിച്ചവളെ കണ്ടു. മനസ്സിൽ മായാതെ നിന്ന അവളുടെ മുഖം എവിടെ വെച്ച് കണ്ടാലും തിരിച്ചറിയും. ഇത് അവൾ തന്നെ..
തൻെറ ശ്യാമ…
പതിവു തെറ്റിച്ച് ഓഫീസ് വിട്ട് ഫ്രണ്ട്സിനോട് സംസാരിച്ചു നിൽക്കാതെ പോന്നു. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അത്താഴം കഴിച്ചെന്നുവരുത്തി.
എന്തുപറ്റി ഉണ്ണീ നിനക്ക്…എന്താ വല്ലാതെ..ചോറുണ്ടില്ലല്ലോ…? അമ്മ ചോദിച്ചു.
ഒന്നുമില്ല അമ്മേ…വല്ലാത്ത ക്ഷീണം. ഒന്നുറങ്ങിയാൽ മാറും. മുറിയിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നും അമ്മ പറഞ്ഞു…പതിവുകൾ തെറ്റുന്നുവോ ഉണ്ണീ, ദാ ഇതും കൊണ്ടുപോകൂ…സ്റ്റെപ്പ് കേറാൻ വയ്യാൻ്റെ ഉണ്ണീ…ശരിയാണ് എന്നും ഊണുകഴിഞ്ഞ് ഉറങ്ങാൻ പോകുമ്പോൾ ചൂടുവെള്ളം ജഗ്ഗിൽ എടുക്കുന്നതാണ്. വർഷങ്ങളായിട്ടുള്ള ശീലവും ഇന്നു മറന്നു.
അമ്മയിൽനിന്നും ജഗ്ഗ് വാങ്ങി മുറിയിലേയ്ക്ക് നടന്നു. അരവിന്ദ് തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല. ആകെ ഒരസ്വസ്ഥത. എണീറ്റു..അലമാരയിൽ നിന്നും റെഡ് കളർ ഡയറി എടുത്തു. അതിൽ ഗോൾഡൻ കളറിൽ എഴുതിയതിൽ വിരൽ ഓടിച്ചു…
എൻ്റെ കോളേജ് ഡേയ്സ്….ഓർമ്മച്ചെപ്പ്….
വർഷങ്ങൾ എത്രയോ പിന്നിട്ടു. ഇതിനിടയിൽ ഒരിക്കൽ പോലും തുറന്നിട്ടില്ല. ഒരിക്കലും തുറക്കാൻ ആഗ്രഹിച്ചിരുന്നില്ല. അവൾ കാരണം മടക്കി വച്ചു. ഇന്ന് അവൾ കാരണം വീണ്ടും…അരവിന്ദ് ഡയറിയുമായി ജനലരികിൽ ഇട്ടിരുന്ന ചാരുകസേരയിൽ വന്നിരുന്നു.
മറ്റാർക്കും പങ്കുവെക്കാനാഗ്രഹിക്കാത്ത ഓർമ്മകൾ…ഓർമ്മകളാൽ ചൂഴ്ന്ന വേദനകൾ…അരവിന്ദ് ഡയറി തൻെറ നെഞ്ചോടു ചേർത്തു. കണ്ണുകൾ പതിയെ അടച്ചു.
*** *** *** ***
കോട്ടയം സി.എം.എസ് കോളേജ്…
നഗരത്തിലെ പ്രശസ്തമായ കോളേജ്…അവിടെ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയപ്പോൾ വളരെ സന്തോഷിച്ചു. കാരണം ഹോസ്റ്റലിൽ നിൽക്കേണ്ട പോയിവരാം. അതും ബസിൽ
കൂട്ടുകാരമായി അടിച്ചു പൊളിച്ച്. ആ സന്തോഷം ഹോസ്റ്റലിൽ നിന്നാൽ കിട്ടില്ലല്ലോ.
ഒരു വർഷം പെട്ടെന്നുപോയി. രണ്ടാംവർഷം ക്ളാസ് തുടങ്ങി ഒരാഴ്ച
പിന്നിട്ടതേ ഉള്ളൂ. ലൈബ്രറിയിലേക്ക്
പോവുകയായിരുന്നു അരവിന്ദ്.
അരവിന്ദ്…
ഉംം…ആരെന്നറിയാൻ തിരിഞ്ഞുനോക്കിയപ്പോൾ തൻെറ കൂടെ പഠിക്കുന്ന ശ്യാമ.
എന്താ ശ്യാമേ…? ഇത് ഒന്നുനോക്കി കറക്റ്റ് ചെയ്തു തരണം. ശ്യാമയുടെ കയ്യിൽ ഒരു ഡയറി.
എന്താ ഇതിൽ…? നോക്കൂ…ഇപ്പോൾ അല്ല. വീട്ടിൽ ചെന്ന് സമയംപോലെ മതി. ഓക്കെ നോട്സ് ആവും അല്ലേ…? നാളെ തരാം. ശരി. പിന്നൊന്നും പറയാതെ ശ്യാമ തിരിഞ്ഞു നടന്നു. താൻ ലൈബ്രറിയിലേയ്ക്കും…
വീടെത്തി, കുളിയെല്ലാം കഴിഞ്ഞ് ലൈബ്രറിയിൽ പോയി തിരിച്ചു വന്നപ്പോൾ പത്തരയായി. ഭക്ഷണം കഴിച്ചു കിടന്നു. രാവിലെയാണ് ശ്യാമ തന്ന ഡയറിയുടെ കാര്യം ഓർത്തത്.
ഡയറി തുറന്നപ്പോൾ കണ്ടത്, ആഗ്രഹിച്ചുപോയി…എൻ്റെയാണെന്ന്…എന്താ ഈ കുട്ടി എഴുതി വച്ചിരിക്കുന്നത്…അടുത്ത താളിൽ മറ്റൊന്ന്…ആഹാ കൊള്ളാലൊ…അരവിന്ദിന് ആകാംക്ഷയായി. ഓരോ താളും മറിച്ചുനോക്കി. അധികം ഒന്നും ഇല്ല ഓരോ ചെറിയ വാക്കുകളിൽ ശ്യാമയുടെ മനസ് അരവിന്ദിനു കാണാൻ കഴിഞ്ഞു.
അവസാനത്തെ താളിൽ കുറിച്ചിരുന്ന വരികൾ, അരവിന്ദിൻ്റെ മനസ്സിൽ അന്നുവരെ ഉണ്ടാകാത്ത ഒരു ലോകം തന്നെ തുറന്നു, പ്രണയത്തിന്റെ ലോകം. ആ വരികളിൽകൂടി വീണ്ടും വീണ്ടും കണ്ണോടിച്ചു. “ഈ ചിന്ത മനസ്സിൽ പതിഞ്ഞിട്ട് ഇന്ന് ഒരു വർഷമായി.” അരവിന്ദ് ഈ ഡയറിയിൽ കുറിച്ചിട്ട വരികളിൽ നീയാണ്.
നിനക്കുവേണ്ടിയാണ് ഞാൻ ഈ ഡയറി എഴുതിയത്. എന്നെങ്കിലും ഈ ഡയറി നിനക്കു തരാൻ എനിക്ക് ധൈര്യം ഉണ്ടാവുമോ എന്നുറപ്പില്ലായിരുന്നു. ഈ ഒരു വർഷത്തിനിടയിൽ നീ വേറെ ആരേയേലും ഇഷ്ടപ്പെട്ടിരുന്നു എങ്കിൽ, ഒരിക്കലും ഈ ഡയറി ഞാൻ തരില്ലായിരുന്നു. എൻ്റെ ഈ പ്രണയം നീയറിയാതെ എന്നിൽ ഒടുങ്ങിയേനെ.
നീ പോലുമറിയാതെ ഞാൻ നിന്നെ പിന്തുടർന്നു. ഒരുപക്ഷേ ഈ ഡയറി നീ നോക്കുക പോലുമില്ലായിരിക്കും. എന്നാലും ഡയറി നിനക്ക് തന്നു എന്ന് എനിക്ക് ആശ്വസിക്കാം. എനിക്ക് നിന്നോടു തോന്നിയ പ്രണയം നിനക്ക് എന്നോട് ഉണ്ടാവണമെന്നില്ലല്ലോ…
ഒരു കാര്യമേ പറയാനുള്ളൂ. എൻ്റെ ജീവിതം നിനക്കൊപ്പം ആണെങ്കിൽ അത് എൻ്റെ ഭാഗ്യമാകും. ഈ ഡയറി വായിച്ചുകഴിഞ്ഞ് എൻ്റെ പ്രണയം നിനക്ക് സ്വീകാര്യമെങ്കിൽ ഡയറി തിരിച്ചു തരരുത്. സ്വീകാര്യമല്ലെങ്കിൽ ഒരു വാക്കുപോലും പറയേണ്ട ഡയറി തിരിച്ചു തരിക. ഒരുവർഷമെടുത്തു ഈ കാര്യം പറയാൻ. അതു പോലെ ഈ ജന്മം വേണ്ടി വരും നിന്നെ മറക്കാൻ..നീ തീരുമാനിക്കുക….നിൻ്റെ ശ്യാമ എന്നു പറയുന്നില്ല.
അരവിന്ദ് എത്ര ആവൃത്തി വായിച്ചു എന്ന് ഓർമ്മയില്ല. വിശ്വസിക്കാൻ ആവുന്നില്ല. ഒരുവർഷമായി ഒരേ ക്ലാസിൽ ഇരുന്നു പഠിച്ചിട്ടും ഈ പ്രണയം താൻ അറിഞ്ഞില്ല എന്നത്. അന്ന് മനപ്പൂർവ്വം താമസിച്ചാണ് അരവിന്ദ് ക്ലാസ്സിൽ ചെന്നത്. ഗേൾസിൻ്റെ ഭാഗത്തോട്ടെ നോക്കിയില്ല. എന്നാൽ ഉച്ചയ്ക്ക് ശ്യാമ അരവിന്ദിൻ്റെ അടുത്തെത്തി.
അരവിന്ദ്…ശ്യാമ ശബ്ദം താഴ്ത്തി വിളിച്ചു. ഓ…ഞാൻ മറന്നു. ഇന്നു നോക്കിയിട്ട് നാളെ തരാം. ശ്യാമ വിശ്വാസം വരാത്തപോലെ അരവിന്ദിനെ നോക്കി. ഉറപ്പായും നാളെതരാം. അവൾ ഒന്നുംമിണ്ടാതെ പോയി. ശ്യാമയുടെ കണ്ണുനിറഞ്ഞപോലെ അരവിന്ദിനു തോന്നി.
ഒരുവർഷം ഈ ഇഷ്ടം പറയാതെ മനസ്സിൽ കൊണ്ടുനടന്നപ്പോൾ ഇത്രയും വിഷമം തോന്നിയില്ല. എന്നാൽ ഇപ്പോൾ മറുപടി അറിയാഞ്ഞിട്ട് മനസ്സ് സമ്മതിക്കുന്നില്ല. ശ്യാമയ്ക്ക് ഹൃദയം പൊട്ടിപ്പോകുന്ന സങ്കടം വന്നു. അരവിന്ദ് കള്ളം പറയുന്നു. ഡയറി വായിച്ചിട്ടുണ്ട്…ശ്യാമ മനസ്സിൽ ഉറപ്പിച്ചു.
ശ്യാമേ…ഒന്നുനിൽക്കൂ…ഈശ്വരാ അരവിന്ദ്…ശ്യാമ കണ്ണുകൾ തുടച്ചിട്ടാണ് തിരിഞ്ഞുനോക്കിയത്. ശ്യാമ കണ്ടു തൻെറ അടുത്തേയ്ക്ക് വേഗം വരികയാണ് അരവിന്ദ്. അരവിന്ദ് എന്താവും പറയുക…? നോ പറയല്ലേ ഈശ്വരാ…ശ്യാമ മനസുകൊണ്ട് പ്രാർത്ഥിച്ചു. അരവിന്ദ് അടുത്തെത്തി. ശ്യാമ മുഖം കുനിച്ചു നിന്നു.
ശ്യാമേ…ഡയറി…അരവിന്ദ് ഡയറി തൻെറ നേരേ നീട്ടിപ്പിടിച്ചിരിക്കുന്നു. രണ്ടു നിമിഷം, ശ്യാമ ധൈര്യം വീണ്ടെടുത്തു. തൻെറ പ്രണയം അരവിന്ദ് തിരസ്ക്കരിച്ചിരിക്കുന്നു. എൻ്റെ മനസ്സ് മുഴുവൻ ഞാൻ അതിൽ എഴുതിയിട്ടുണ്ടായിരുന്നില്ലേ…എന്നിട്ടും…ഇനി എന്തിനു സങ്കടം. ഡയറി വാങ്ങി പോവുക. വായിച്ചതിനു നന്ദിയും പറയുക.
വായിച്ചോ അരവിന്ദ്…ശ്യാമ സങ്കടം പുറത്തു കാണിക്കാതെ ചോദിച്ചു.
ഉംം..വായിച്ചു…
അതിലെ ലാസ്റ്റ് പേജും…?
അതും വായിച്ചു…
എന്നിട്ടും…എന്നാൽ ശരി. ശ്യാമ ഡയറി വാങ്ങാൻ കൈനീട്ടി. ഡയറിയിൽ തൊട്ടു എന്നായപ്പോൾ അരവിന്ദ് പെട്ടെന്ന് കൈ പിൻവലിച്ചു.
ഈ ഡയറി തിരിച്ചു തരാൻ അല്ല…ഇത് എനിക്കു വേണ്ടിയുള്ളതല്ലേ…ഒരുവർഷമായി നിൻ്റെ മനസ്സിൽ ഞാനല്ലേ…അതും മൗനമായി…ഇനി മൗനംവെടിയാം. ഇനി എൻ്റെ ശ്യാമ എന്നു പറഞ്ഞോളൂ…
അരവിന്ദ് പറഞ്ഞ ഓരോവാക്കും സ്വപ്നത്തിലെന്നപോലെയാണ് ശ്യാമയ്ക്ക് തോന്നിയത്. പരിസരബോധം വന്നപ്പോൾ താൻ അരവിനാദിൻ്റെ കരവലയത്തിൽ ആണെന്ന് മനസിലായി.
ഇത്രയും സ്നേഹം ഉണ്ടായിട്ടും എന്തേ എന്നോട് പറഞ്ഞില്ല…? എന്തോ പറയാൻ കഴിഞ്ഞില്ല. ഭാവിയിൽ ഒന്നിക്കേണ്ടവർ എന്നനിലയിൽ അവരുടെ സ്നേഹം മുന്നോട്ട് പോയി. ഡിഗ്രി പൂർത്തിയായി. പിജിയ്ക്കും ഒരേ ക്ലാസിൽ…
ഒന്നാം വർഷം ക്ലാസ് തീരാൻ ഒരാഴ്ച മാത്രം. രാവിലെ മുതൽ ശ്യാമയുടെ മുഖത്ത് വല്ലാത്ത സംഘർഷഭാവം കണ്ട് അരവിന്ദ് ചോദിച്ചു. എന്താഡാ…? ആ ചോദ്യം കേൾക്കാത്ത ഭാവത്തിൽ ശ്യാമ ഇരുന്നു.
ഒറ്റയ്ക്ക് അരവിന്ദിൻ്റെ മുന്നിൽ ചെന്നുപെടാതിരിക്കാനും ശ്രദ്ധിച്ചു. നാലുമണിയായപ്പോൾ അരവിന്ദിൻ്റെ കയ്യിൽ മടക്കിയ ഒരു പേപ്പർ കൊടുത്തിട്ടു ശ്യാമ പറഞ്ഞു. എന്നെ തിരക്കരുത്…കാണാൻ ശ്രമിക്കരുത്…പോകുന്നു…
അരവിന്ദിന് ഒന്നും മനസിലായില്ല. അരവിന്ദ് ആ പേപ്പറിലേയ്ക്കും തിരിഞ്ഞുപോലും നോക്കാതെ വേഗം നടന്നു പോകുന്ന ശ്യാമയേയും മാറിമാറി നോക്കി. കോളേജിലെ ശ്യാമയുടെ അവസാനത്തെ ദിവസമായിരുന്നു അന്ന്.
ആ കത്ത് വായിച്ച് അവൾ തന്ന ഡയറിയിൽ അന്നുവെച്ചതാണ്. പിന്നീട് ആരൊക്കെയോ പറഞ്ഞറിഞ്ഞു അവളുടെ കല്യാണം കഴിഞ്ഞെന്ന്. വലിയ പണക്കാർ ആണെന്നുമാത്രം അറിഞ്ഞു. ആരാണ് അവളെ കല്യാണം കഴിച്ചതെന്നോ എവിടേയ്ക്കാണ് വിവാഹം കഴിച്ചയച്ചത് എന്നോ തിരക്കിയതും ഇല്ല.
അപ്പോഴും ഒരു ചോദ്യം മാത്രം മനസ്സിൽ നിന്നു…എന്തിനായ് അവൾ സ്നേഹം അഭിനയിച്ചു. എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടിയില്ല.
ഡിഗ്രി പൂർത്തിയായതിനുശേഷം ജോലിതേടിയുള്ള അലച്ചിലിൽ നിരാശാകാമുകനായി നടക്കാനോ ശ്യാമയെപ്പറ്റി തിരക്കാനോ ഒന്നിനും സമയം ഉണ്ടായിരുന്നില്ല. ജോലി സൗകര്യമായി ആലാംപള്ളിയിൽ നിന്നും തിടനാട്ടേയ്ക്ക് താമസം മാറ്റിയിരുന്നു.
അമ്മ നിർബന്ധിച്ചിട്ടും ഒരു വിവാഹത്തേക്കുറിച്ച് ചിന്തിച്ചില്ല. മനസ്സിൽ മായാതെ നിറഞ്ഞു നിൽക്കുന്ന ശ്യാമയുടെ മുഖം. അവൾക്കു പകരം വേറൊരാളെ ആ സ്ഥാനത്തുകാണാൻ മനസ്സ് സമ്മതിച്ചില്ല. നീണ്ട പത്തു വർഷത്തിനുശേഷം വീണ്ടും അവളെ കണ്ടു മുട്ടും വരെ, നഷ്ടപ്പെട്ട പ്രതീക്ഷ വീണ്ടും തളിർക്കുന്നപോലെ.
അരവിന്ദ് അതിൽ മടക്കി വച്ച പേപ്പർ എടുത്തു.
എൻ്റെ ഈ ജീവിതത്തിൽ നീ വന്നു ചേരുമെന്ന് കരുതിയതല്ല. ആത്മഹത്യ ചെയ്യാതെ പിടിച്ചു നിൽക്കണം എന്നേ കരുതി ഉള്ളൂ. അപ്പോൾ ആണ് നീ വന്നത്, അത് എനിക്ക് വലിയ ആശ്വാസമായി. ഒരു പുനർജന്മം എന്നു പറയാം. എന്നാൽ എൻ്റെ സന്തോഷങ്ങൾക്ക് അല്പായുസ് ആണ്. ഇനി നമ്മൾ കാണില്ല. ഭാഗ്യഹീനയായ എന്നെ മറക്കണം.
സ്നേഹിക്കാനെ അറിയൂ…മറക്കാനോ വെറുക്കാനോ പറ്റില്ല എന്നതാണ് സത്യം. ഇങ്ങനാവും ഈ ബന്ധത്തിൻ്റെ അവസാനം എന്നുകരുതിയതല്ല. നല്ലതേ വരൂ…എന്നോ കണ്ട സ്വപ്നം ആയിരുന്നു ഇതൊക്കെ എന്നു കരുതണം. നിൻ്റെ ജീവിതം നല്ലതാവണം. എന്നെ ഓർത്ത് കളയാനുള്ളതല്ല. ശപിക്കരുത് എന്നു പറയില്ല….ശ്യാമ….
തങ്ങൾ ഒന്നിച്ചുണ്ടായിരുന്ന ആ നല്ല നിമിഷങ്ങൾ മാത്രം ഓർത്ത് അരവിന്ദ് ചാരുകസേരയിൽ തന്നെ കിടന്നു. ആ കിടപ്പിൽ കിടന്നുറങ്ങിയ അരവിന്ദ് രാവിലെ ആറുമണിയുടെ അലാറം കേട്ടാണ് ഉണർന്നത്. വേഗം കുളിച്ചു റെഡിയായി. അമ്മേ ഞാൻ പോകുന്നു.
ഇന്നെന്താ നേരത്തെ…കാഞ്ഞിരപ്പള്ളി വരെ പോയിട്ടുവേണം ഓഫീസിൽ പോകാൻ. കാറോടിക്കുമ്പോളും ശ്യാമയെപ്പറ്റി മാത്രമായിരുന്നു ചിന്തിച്ചത്. കാർ കൂൾബാറിനു കുറച്ചു മുന്നോട്ടു നീക്കി നിർത്തി.
സ്കൂൾ അവധി ആയതിനാൽ തിരക്കും ഇല്ല. അരവിന്ദ് കൂൾബാറിനുൾവശം ആകെ ഒന്നു നോക്കി. നല്ല വൃത്തിയും വെടിപ്പും ഒക്കെ ഉണ്ട്.
കുടിക്കാൻ എന്താ എടുക്കേണ്ടത്.. ” ശ്യാമ ചോദിച്ചു…
എത്രയോ വർഷങ്ങൾക്കു ശേഷമാണ് താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ശബ്ദം കേൾക്കുന്നത്.
ഒരു ഫ്രഷ് ലൈം ജൂസ്….തല ഉയർത്താതെ അരവിന്ദ് പറഞ്ഞു.
ഒരു നിമിഷം ശ്യാമ അവിടെത്തന്നെ നിന്നു.
തുടരും….