എന്റെ ഭർത്താവ്
Story written by Shaan Kabeer
” ഹലോ, നന്ദുവല്ലേ..?”
“അതെ പറയൂ, ആരാണ്”
” ഞാന്‍ ആരാണന്നൊക്കെ നേരിൽ കാണുമ്പോള്‍ പറയാം. എനിക്ക് നിങ്ങളുടെ ഭാര്യയെ കുറിച്ച് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. എപ്പോഴാണ് ഫ്രീ എന്ന് വെച്ചാല്‍ പറഞ്ഞാല്‍ മതി ഞാന്‍ വന്നു കാണാം”
” ഭാര്യയെ കുറിച്ചോ..? നിങ്ങള്‍ കാര്യം പറയൂ”
” അതൊന്നും ഫോണിലൂടെ പറയാന്‍ പറ്റിയ കാര്യമല്ല സുഹൃത്തേ”
” ഓകെ, ഇന്ന് വൈകീട്ട് നമുക്ക് നേരില്‍ കാണാം”
ഓഫീസിലെ തിരക്കിനിടയിലായിരുന്നു നന്ദുവിന് ആ ഫോണ്‍ കോള്‍ വന്നത്.
വൈകുന്നേരം ഓഫീസില്‍ നിന്നും ഇറങ്ങിയ ഉടന്‍ നന്ദു ആ നമ്പരിലേക്ക് തിരിച്ചു വിളിച്ചു. നന്ദു നില്ക്കുന്ന സ്ഥലം അയാള്‍ക്ക് പറഞ്ഞു കൊടുത്തു. ഉടന്‍ അവിടെയെത്താം എന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്തു.
നന്ദു അയാളെയും കാത്ത് അവിടെ നിന്നു. കുറച്ച് സമയത്തിന് ശേഷം സുമുഖനായ ഒരു ചെറുപ്പക്കാരന് നന്ദുവിന്റെ അടുത്ത് വന്നു
” ഹായ് നന്ദു, എന്റെ പേര് സന്തോഷ്. ഗള്ഫിലിലായിരുന്നു. രണ്ട് ദിവസം മുന്നേയാണ് എത്തിയത്”
” ഹായ് സന്തോഷ്, എന്നോടെന്തോ പറയാനുണ്ടെന്ന് പറഞ്ഞു”
” പറയാം, ഞാന്‍ പറയുന്ന കാര്യം നന്ദു എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല. പക്ഷെ എനിക്കിത് പറഞ്ഞേ പറ്റൂ”
നന്ദു സന്തോഷിനെ ഒന്നു നോക്കി
” നിങ്ങള്‍ കാര്യം പറയൂ സന്തോഷ്”
സന്തോഷ് നന്ദുവിനെ ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് കൊണ്ടുപോയി
” ഞാനും ഒരു പെണ്‍കുട്ടിയും തമ്മില്‍ വര്‍ഷങ്ങളോളം തീവ്ര പ്രണയത്തിലായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പല സ്വപ്നങ്ങളും കണ്ടിരുന്നു. എന്തിനേറെ പറയുന്നു, ഞങ്ങള്‍ക്ക് ജനിക്കാൻ പോകുന്ന കുട്ടികളുടെ പേര് വരെ ഞങ്ങള്‍ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു”
സന്തോഷ് പറയുന്നതിന്റെ ഇടക്ക് കയറി നന്ദു
” ഇതൊക്കെ എന്തിനാണ് സുഹൃത്തേ എന്നോട് പറയുന്നത്..? നിങ്ങള്‍ എന്നോട് പറയാന്‍ വന്ന കാര്യം മാത്രം പറയൂ”
സന്തോഷ് ഒന്ന് പുഞ്ചിരിച്ചു
” പറയാം, ഞാന്‍ അതിലേക്ക് തന്നെയാണ് വരുന്നത്. ഞാന്‍ എന്റെ ജീവന് തുല്യം സ്നേഹിച്ച പെണ്ണ് ഇന്ന് വേറെ ഒരാളുടെ ഭാര്യയാണ്. എന്നേക്കാൾ നല്ല സാമ്പത്തിക ശേഷിയും സൗന്ദര്യവുമുള്ള ഒരു പയ്യനെ കണ്ടപ്പോള്‍ അവള് എന്റെ പ്രണയം മറന്നു. നാളെ അവള് സ്വന്തം ഭര്‍ത്താവിനേയും ചതിക്കും, അതെനിക്ക് ഉറപ്പാണ്”
” ഇപ്പോഴും നിങ്ങള്‍ എന്നോട് പറയാന്‍ വന്ന കാര്യം പറഞ്ഞില്ല”
നന്ദു തന്റെ കയ്യില്‍ പിടിച്ചു നിന്ന ഫോണില്‍ നിന്നും അവനും കാമുകിയും ഒരുമിച്ചുള്ള ഫോട്ടോകള്‍ നന്ദുവിന് കാണിച്ചു കൊടുത്തു
” ഇതാണ് എന്നെ ചതിച്ച എന്റെ കാമുകി. ഇപ്പോള്‍ നിങ്ങളുടെ ഭാര്യ”
തന്റെ ഭാര്യയുടെ പൂർവകാല കഥകള്‍ അറിഞ്ഞപ്പോള്‍ നന്ദുവിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും വന്നില്ല. വളരെ ശാന്തനായി നന്ദു സന്തോഷിനെ നോക്കി
” സന്തോഷ്, ഒരു പക്ഷെ നിങ്ങള്‍ എന്റെ അടുത്ത് നിന്നും ഇങ്ങനെ ഒരു പ്രതികരണമാവില്ല പ്രതീക്ഷിച്ചിട്ടുണ്ടാവുക. സ്വന്തം ഭാര്യക്ക് കല്യാണത്തിന് മുമ്പ് ഒരു തീവ്ര പ്രണയം ഉണ്ടായിരുന്നു എന്ന് അറിയുന്ന തൊണ്ണൂറ്റി ഒമ്പത് ശതമാനം ഭര്ത്താക്കൻമാരും പൊട്ടിത്തെറിക്കും. പക്ഷെ ഞാന്‍ ആ തൊണ്ണൂറ്റി ഒമ്പത് ശതമാനത്തില്‍പ്പെട്ട ഭര്‍ത്താവല്ല. ഞാന്‍ ഒരു ശതമാനത്തില്‍പ്പെട്ട ഭര്‍ത്താവാണ്”
നന്ദു ഒന്ന് നിറുത്തിയിട്ട് തുടര്‍ന്നു
” ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസമേ ആയൊള്ളൂ, വേണമെങ്കില്‍ സന്തോഷ് പറഞ്ഞ കാര്യങ്ങള്‍ വെച്ച് എനിക്ക് അവളെ വീട്ടില്‍ കൊണ്ടാകാം. അതാണ് സന്തോഷിന് വേണ്ടതും. പക്ഷെ ഞാന്‍ അങ്ങനെ ചെയ്യണം എന്നുണ്ടെങ്കിൽ, കല്യാണത്തിന് മുമ്പ് ഞാന്‍ ഒരു പെണ്ണിന്റെ മുഖത്ത് പോലും നോക്കാത്ത, മനസ്സ് കൊണ്ട് പോലും ആഗ്രഹിക്കാത്ത ഒരാളായിരിക്കണം”
സന്തോഷ് നന്ദുവിനെ പുച്ഛത്തോടെ ഒന്ന് നോക്കി
” നിങ്ങളെ പോലുള്ള പെൺ കോന്തൻമാരാണടോ ആണുങ്ങളുടെ ശാപം”
നന്ദു പുഞ്ചിരിച്ചു
” അതെ ശാപമാണ്. സന്തോഷ് നിങ്ങളോട് ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ, നിങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്ണ് മനസ്സ് കൊണ്ട് പോലും ഒരു ആണിനെ പ്രണയിച്ചിട്ടില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പ് വരുത്താന്‍ പറ്റോ…?”
നന്ദുവിന്റെ ആ ചോദ്യത്തിന് സന്തോഷിന് ഉത്തരമില്ലായിരുന്നു.
” നമ്മുടെ ഭാര്യ കല്യാണത്തിന് മുന്നേ എങ്ങനെയായിരുന്നു എന്നല്ല നമ്മള് അന്വേഷിക്കേണ്ടത്. നമ്മള് താലി കെട്ടിയതിന് ശേഷം എങ്ങനെയാണ് എന്നാണ് നോക്കേണ്ടത്. കല്യാണത്തിനു മുമ്പ് മനസ്സ് കൊണ്ട് പോലും ആണിനെ ആഗ്രഹിക്കാത്ത പെണ്ണോ, പെണ്ണിനെ ആഗ്രഹിക്കാത്ത ആണോ ഉണ്ടാകില്ല. നിങ്ങളുടെ പ്രണയം സത്യമായിരുന്നെങ്കിൽ ഒരിക്കലും നിങ്ങള്‍ എന്റെ മുന്നില്‍ ഇങ്ങനെ വന്ന് നില്‍ക്കില്ലായിരുന്നു”
ഇത്രയും പറഞ്ഞ് നന്ദു നടന്നു നീങ്ങി. കുറച്ചു ദൂരം നടന്നിട്ട് ഒന്നു നിന്നു, എന്നിട്ട് സന്തോഷിനെ നോക്കി
” എന്നെ തേടി വരുന്നതിന് മുന്നേ തീര്‍ച്ചയായും നിങ്ങള്‍ എന്റെ ഭാര്യയുടെ അടുത്ത് സംസാരിച്ചിട്ടുണ്ടാവും, അവള് ഒന്ന് വഴങ്ങിയിരുന്നെങ്കിൽ ഒരിക്കലും നിങ്ങള്‍ എന്റെ മുന്നില്‍ വരില്ലായിരുന്നു. സുഹൃത്തേ നിങ്ങളില്‍ ഒരു ക്രിമിനല്‍ ഒളിഞ്ഞു കിടപ്പുണ്ട്, അത് തിരിച്ചറിഞ്ഞത് കൊണ്ടാവാം നിങ്ങളെ അവള് ഉപേക്ഷിച്ചത്. ആത്മാർത്ഥമായ പ്രണയത്തിന് കാശോ സൗന്ദര്യമോ ഒരു വിഷയമേ അല്ലടോ”
ഇത്രയും പറഞ്ഞ് തന്റെ ബൈക്കില്‍ കയറി നന്ദു യാത്രയായി. ബൈക്കില്‍ കയറുന്നതിന് മുന്നേ നന്ദു ഫ്രീ ആയിട്ട് ഒരു ഉപദേശവും നല്‍കിയിരുന്നു.
“മുത്തേ, ചക്കരേ, പൊന്നൂസേ എന്ന് വിളിച്ച് മണിക്കൂറോളം ഫോണിലൂടെ സംസാരിക്കുന്നതല്ല പ്രണയം. നട്ടെല്ലുള്ള ആണിന്റെയും ചങ്കൂറ്റമുള്ള പെണ്ണിന്റെയും പ്രണയം തോറ്റ ചരിത്രമില്ല. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവരാണ് പെണ്ണ് ചതിച്ച കഥയും പറഞ്ഞ് എന്നേപ്പോലുള്ള സമാധാനത്തോടെ ജീവിക്കുന്ന ഭര്ത്താക്കൻമാരുടെ മുന്നിലേക്ക് ഫോട്ടോയും പൊക്കി പിടിച്ചു വരുന്നത്. സുഹൃത്തേ പഴയ കാമുകിയോടുള്ള പ്രതികാരമൊക്കെ മറന്ന് ഒരു കല്യാണമൊക്കെ കഴിച്ച് സുഖമായി ജീവിക്കൂ…, അന്ന് നിങ്ങളെ തേടി ഇങ്ങനെ ഒരു കാമുകൻ വരാതിരിക്കട്ടെ…
ഷാൻ കബീർ
വായിക്കാത്തവർക്ക് വേണ്ടി മാത്രം വീണ്ടും പോസ്റ്റുന്നു…