അന്തർമുഖൻ
Story written by Saji Thaiparambhu
സ്മിതക്ക് കുളി തെറ്റിയിട്ട് ഇപ്പോൾ ഒരാഴ്ചയായി. കല്യാണത്തിന് ഒരാഴ്ച മുമ്പായിരുന്നു അവസാനം മെ ൻസ സായത്.
അവൾക്ക് വയസ്സറിയിച്ചത് മുതൽ ക്രമം തെറ്റാതെ എല്ലാ മാസവും കൃത്യമായി പി രീഡ്സുണ്ടാവുമായിരുന്നു.
ഇപ്പോൾ ക്രമം തെറ്റിയിരിക്കുന്നത്, മറ്റൊന്നുമാകാൻ വഴിയില്ല. അതോർത്തപ്പോൾ അവളുടെ കപോലങ്ങൾ തുടുത്തു, ലജ്ജയാൽ മുഖത്തൊരു കള്ളച്ചിരി വിടർന്നു.
പക്ഷേ, സ്മിതയുടെ സംശയം അതല്ല, അദ്ദേഹത്തോട് ഇതെങ്ങനെ പറയും?കേൾക്കുമ്പോൾ എന്തായിരിക്കും പ്രതികരണം. ഇത് വരെ തനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു പ്രത്യേക കഥാപാത്രമാണ് തന്റെ ഭർത്താവ് എന്നവൾക്ക് തോന്നി.
ആദ്യ ദിവസം മുതലേ ആളൊരു അന്തർമുഖനാണെന്ന് അവൾക്ക് മനസ്സിലായിരുന്നു.
തന്റെ ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നല്കുന്ന തികഞ്ഞ ഒരു മൗനി. അധികം സംസാരിക്കില്ലെന്ന് മാത്രമല്ല, ആരോടും അതിര് കവിഞ്ഞ സ്നേഹപ്രകടനവുമില്ല, തന്നോട് പോലും ഇത് വരെ ആളിത് വരെ ഒന്ന് ചിരിക്കുന്നത് പോലും കണ്ടിട്ടില്ല…
എപ്പോഴും നിർവ്വികാരത തളം കെട്ടി നില്ക്കുന്ന ഒരു മുഖമായിരുന്നു സതീഷിന്റെത്…
രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് ജോലിക്ക് പോയാൽ പിന്നെ, വൈകുന്നേരം തിരിച്ച് വരുന്നത് വരെ ഇടയ്ക്കൊന്ന് ഫോൺ ചെയ്യുക കൂടിയില്ല.
സ്മിത അതിന്റെ പേരിൽ പല വട്ടം പരിഭവിച്ചെങ്കിലും യാതൊരു ഫലവുമില്ലായിരുന്നു.
പക്ഷേ, ദാമ്പത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പുള്ളിക്കാരൻ ചെയ്യുന്നുണ്ടെന്ന് അല്പം ലജ്ജയോടെ അവൾ ഓർത്തു.
ഞായറാഴ്ച ഓഫീസില്ലാത്തത് കൊണ്ട് ഉച്ചയൂണും കഴിഞ്ഞ് സതീഷ് ചെറിയ മയക്കത്തിലായിരുന്നു.
തെല്ല് ഭയപ്പാടോടെയാണവൾ സതീഷിന്റെയരികിലായി കട്ടിലിൽ വന്നിരുന്നത്.
ഉറക്കത്തിൽ ആരും ശല്യപ്പെടുത്തുന്നത് പുളളിക്കാരനിഷ്ടമല്ലാത്തത് കൊണ്ട് അയാൾ ഉണരുന്നത് വരെ അക്ഷമ യോടെ അവൾ കാത്തിരുന്നു.
പക്ഷേ, എന്തോ സ്വപ്നം കണ്ട് അയാൾ അപ്പോഴേക്കും ഞെട്ടിയുണർന്നിരുന്നു.
സ്മിതയെ കണ്ടപ്പോൾ ചോദ്യഭാവത്തിൽ അയാൾ അവളെ നോക്കി.
“അത് പിന്നെ…എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു”
നേരിയ വിറയലോടെ വിക്കി വിക്കി അവൾ പറഞ്ഞു.
“എന്ത് കാര്യം”
ഉറക്കം പാതിയിൽ മുറിഞ്ഞ നീര സത്തിൽ ഒട്ടും മയമില്ലാതെ അയാൾ ചോദിച്ചു.
“ഞാൻ ഗർഭിണി യാണോന്ന് ഒരു സംശയമുണ്ട്”
“ങ്ഹേ…എന്ത് സംശയം”
അത് കേട്ടതും ഒരു ഞെട്ടലോടെ അയാൾ ചാടിയെഴുന്നേറ്റു.
സ്മിത തന്റെ സംശയം അയാൾക്ക് വിശദീകരിച്ച് കൊടുത്തു.
“എങ്കിൽ പിന്നെ നമുക്ക് ഡോക്ടറുടെ അടുത്ത് നേരിട്ട് പോയിട്ട് അത് ഉറപ്പിക്കാം”
സതീശിന്റെ ആവേശം കണ്ട് സ്മിതയ്ക്ക് അത്ഭുതമായി, സന്തോഷം കൊണ്ട് അയാളുടെ കണ്ണുകൾ തിളങ്ങുന്നതും എവിടെയൊ ഒളിച്ചിരുന്ന ചിരിയുടെ ഒരു കുഞ്ഞ് കണം കവിളിലൂടെ ഒലിച്ചിറങ്ങുന്നതും വിസ്മയത്തോടെ അവൾ കണ്ടു.
“നീ വേഗമൊരുങ്ങ് ഞാൻ ബാത്റൂമിൽ പോയിട്ട് ഇപ്പോൾ വരാം”
ങ്ഹേ, ഞാനൊരു സംശയം പറഞ്ഞപ്പോഴേക്കും ഇത്രയും സന്തോഷമോ? അപ്പോൾ ഇത് സത്യമാകുവാണെങ്കിൽ?
ഈശ്വരാ അപ്പോഴെങ്കിലും അദ്ദേഹം എന്നോട് കുറച്ച് റൊമാൻറിക് ആവണേ..
അവൾ മനസ്സുരുകി പ്രാർത്ഥിച്ചു .
**************
“സംഗതി സത്യം തന്നെയാണ്, നിങ്ങൾ ഒരു കുട്ടിയുടെ അച്ഛനും അമ്മയുമാകാൻ പോകുന്നു”
പരിശോധനയ്ക്ക് ശേഷം ഡോക്ടർ ഒരു പുഞ്ചിരിയോടെ ആ സന്തോഷ വാർത്ത അവരെ അറിയിച്ചു.
പെട്ടെന്ന് അപ്രതീക്ഷിതമായിട്ടാണ് തൊട്ടടുത്ത കസേരയിലിരുന്ന സതീഷ്, സ്മിതയെ വലത് കൈ നീട്ടി തന്നിലേക്ക് ചേർത്ത് പിടിച്ചത്.
അയാളുടെ ആ പ്രകടനത്തിൽ സ്മിത ചൂളിപ്പോയി.
വീട്ടിൽ വച്ച് പോലും മറ്റുള്ളവരുടെ മുന്നിൽ വച്ച് തന്നെയൊന്ന് അരികിലിരുത്തുകയോ, എന്തിന് സ്നേഹത്തോടെ ഒന്ന് വിളിക്കുക പോലും ചെയ്യാത്ത ഈ മനുഷ്യനിതെന്ത് പറ്റി എന്നവൾ അത്ഭുതപ്പെട്ടു.
“നമുക്ക് കുറച്ച് നേരം ബീച്ചിൽ പോയിരിക്കാം, കുറച്ച് കാറ്റുകൊണ്ടിട്ട് വീട്ടിലോട്ട് പോയാൽ മതി, ശുദ്ധ വായു ശ്വസിക്കാമല്ലോ…ഗർഭിണികൾ എപ്പോഴും സന്തോഷമായിരുന്നാലേ നല്ല ആരോഗ്യമുള്ള കുഞ്ഞു ജനിക്കൂ “
ങ്ഹേ, അന്തർമുഖനാണെങ്കിലും ഇത്തരം കാര്യങ്ങളൊക്കെ നന്നായി അറിയാമല്ലോ?
സ്മിത മനസ്സിൽ പറഞ്ഞു .
“പതിയെ നോക്കി നടക്ക് സ്മിതേ…തട്ടി വീഴല്ലേ, ഈ സമയത്ത് നല്ല കെയറിങ്ങ് വേണമെന്ന് ഡോ: പറഞ്ഞത് കേട്ടില്ലേ ?
സതീഷ് അവളോട് പറഞ്ഞു.
“ഡോക്ടർ, എന്റെ വയറ് പരിശോധിച്ചിട്ട് മറ്റൊരു സംശയം കൂടി പറഞ്ഞിരുന്നു. അത് പക്ഷേ അടുത്ത പ്രാവശ്യം സ്കാൻ ചെയ്താലേ ഉറപ്പ് പറയാൻ കഴിയു എന്ന്”
അവൾ ആശങ്കയോടെ അയാളോട് പറഞ്ഞു.
“ഓഹ് അങ്ങനെയൊന്നുമുണ്ടാവില്ല. നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. നാളെ മലയാളമാസം ഒന്നാം തീയതിയല്ലേ? രാവിലെ നമുക്ക് ഒന്നിച്ച് അമ്പലത്തിൽ പോകണം വിഘ്നേശ്വരന് ഒരു തേങ്ങ ഉടയ്ക്കണം എല്ലാം ശരിയാവും”
ഈശ്വരാ, നിരീശ്വരവാദിക്ക് ദൈവ ചിന്തയും തുടങ്ങിയോ ?
സ്മിത പൊട്ടി വന്ന ചിരി, സതീഷ് കാണാതെ പാട് പെട്ടൊതുക്കി.
പിന്നീടുള്ള ദിവസങ്ങളിൽ സതീഷിലുണ്ടായ മാറ്റം അവിശ്വസനീയമായിരുന്നു.
സ്മിതയുടെ ഓരോ കാര്യങ്ങളിലും അയാൾ അതീവ ശ്രദ്ധാലുവായിരുന്നു.
ഓഫീസിൽ പോയി കഴിഞ്ഞാൽ തിരിച്ച് വരുന്നതിനുള്ളിൽ സ്മിതയെ അയാൾ പല തവണ ഫോൺ ചെയ്ത് വിശേഷങ്ങൾ അന്വേഷിക്കുമായിരുന്നു.
വൈകുന്നേരം വീട്ടിലേക്ക് വരുമ്പോൾ എപ്പോഴും ഒരു പൊതിയുണ്ടാകുമായിരുന്നു.
അതിനുള്ളിൽ ചിലപ്പോൾ മസാല ദോശയാവാം, അല്ലെങ്കിൽ പൊറോട്ടയും ബീ ഫും, അതുമല്ലെങ്കിൽ പൊരിച്ച കോഴിയും ചപ്പാത്തിയും.
ഇതെല്ലാം പിറക്കാൻ പോകുന്ന കുഞ്ഞിനോടുള്ള സ്നേഹം കൊണ്ടാണെന്നും പ്രസവം കഴിയും വരെയെ അതുണ്ടാവു എന്നും സ്മിതയ്ക്കറിയാമായിരുന്നു, അത് കൊണ്ട് തന്നെ അടുത്ത പ്രാവശ്യം സ്കാൻ ചെയ്യുമ്പോൾ തന്റെ ഉള്ളിൽ കിടക്കുന്ന കുഞ്ഞിന് ഒരാപത്തുമുണ്ടാവല്ലേ…എന്നവൾ മനസ്സുരുകി പ്രാർത്ഥിച്ചു.
ആ കുഞ്ഞ് ജനിക്കുംവരെയെങ്കിലും ഈ സ്നേഹം തനിക്ക് ആസ്വദിക്കാമല്ലോ എന്നവൾ ആശിച്ചു.
**************
“അടുത്തത് സ്മിത സതീഷ് കയറിക്കോളു”
ഡോക്ടറുടെ മുറിയുടെ ഹാഫ് ഡോർ തുറന്ന് പിടിച്ച് കൊണ്ട് അവരുടെ സഹായി ആയി നില്ക്കുന്ന നഴ്സ് വിളിച്ച് പറഞ്ഞു.
നെഞ്ചിടിപ്പോടെയാണ് സ്മിത സതീഷിനൊപ്പം ഡോക്ടറുടെ മുന്നിൽ ഇരുന്നത്.
“ഞാൻ സംശയിച്ചത് പോലെ തന്നെ സംഭവിച്ചു, യൂ ട്രസ്സിന് തീരെ വലിപ്പമില്ല, ഒരു പക്ഷേ വളർച്ചയുടെ ഘട്ടത്തിലെപ്പോഴെങ്കിലും ചിലപ്പോൾ യൂ ട്രസ്സ് വികസിച്ചെന്ന് വരാം, അങ്ങനെയെങ്കിൽ സുഖപ്രസവം നടക്കുകയും, അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യും. പക്ഷേ അതിന് എൺപത് ശതമാനമാണ് സാധ്യത. അങ്ങനെയാണെങ്കിൽ രണ്ടും കല്പിച്ച് മുന്നോട്ട് പോകുക”
സ്കാനിങ്ങ് റിപ്പോർട്ട് നോക്കി ഡോക്ടർ പറഞ്ഞ അഭിപ്രായം കേട്ട് രണ്ട് പേരുടെയും മുഖം വിളറി.
“അപ്പോൾ ബാക്കി ഇരുപത് ശതമാനം എന്ത് സംഭവിക്കും ഡോക്ടർ”
ഉത്ക്കണ്ഠയോടെ സതീഷ് ചോദിച്ചു.
“അത് പറയാൻ കഴിയില്ല, ചിലപ്പോൾ സിസ്സേറിയനിലൂടെ ആരോഗ്യമുള്ള കുഞ്ഞിനെ പുറത്തെടുക്കാൻ കഴിയും, പക്ഷേ അമ്മയുടെ കാര്യത്തിൽ ഉറപ്പ് പറയാൻ കഴിയില്ല, നിങ്ങൾക്ക് വേണമെങ്കിൽ പരീക്ഷണാർത്ഥം മുന്നോട്ട് പോകാം. മുൻപ് ഇങ്ങനെയുള്ള കേസ്സുകളിൽ അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്, അമ്മയും കുഞ്ഞും ഒരുപോലെ രക്ഷപെട്ടിട്ടുമുണ്ട്”
അവരുടെ ദയനീയ മുഖം കണ്ട് ഡോക്ടർ പറഞ്ഞു.
“വേണ്ട ഡോക്ടർ, ആ ഇരുപത് ശതമാനം മാത്രമുള്ള അപകട സാധ്യതയ്ക്ക് പോലും, എന്റെ ഭാര്യയെ ഒരു പരീക്ഷണ വസ്തു ആക്കാൻ ഞാൻ തയ്യാറല്ല. അവൾ ആരോഗ്യത്തോടെ ഇരുന്നാൽ ഇനിയും ഞങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാവും, അത് മതി, ഇത് എങ്ങനെയെങ്കിലും അ ബോ ർട്ട് ചെയ്ത് തരണം ഡോക്ടർ…മൂന്ന് മാസമല്ലേ ആയുള്ളു, പിറക്കാൻ പോകുന്ന കുഞ്ഞ് അമ്മയുടെ ജീവന് ഭീഷണിയാണെന്ന് അറിഞ്ഞാൽ അതിനെ ഇല്ലാതാക്കുന്നത് ഒരു തെറ്റല്ലല്ലോ ഡോക്ടർ”
വികാരധീനനായ് സതീഷ് അത് പറയുമ്പോൾ സന്തോഷാധിക്യത്താൽ സ്മിതയുടെ കണ്ണുകൾ നിറഞ്ഞു.
ഈ അന്തർമുഖന്റെ മനസ്സിനകത്ത് തന്നോട് ഇത്രയധികം സ്നേഹമുണ്ടായിരുന്നോ?
അബോ ർഷന് വേണ്ടിയുള്ള ഗുളികകൾ വാങ്ങാനുള്ള ചീട്ടും വാങ്ങി ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങുമ്പോൾ സതീഷ് അവളുടെ ചെവിയിൽ പറഞ്ഞു.
“നീ വിഷമിക്കണ്ടാട്ടോ, ഇത് പോയാൽ ഇതിന്റെയപ്പുറം വരും. നിനക്ക് ഞാനില്ലേ പിന്നെന്താ”
അത് കേട്ടാൽ മാത്രം മതിയായിരുന്നു അവൾക്ക്…