ഷാൻ ഉമ്മയോട് ഒന്നും പറഞ്ഞില്ല. പിറ്റേ ദിവസം മുതല്‍ യൂണിഫോം അവന്‍ അലക്കാൻ തുടങ്ങി. ഇത് കണ്ട ഉമ്മക്ക് ദേഷ്യം കൂടി……

പെരുന്നാൾ

Story written by Shaan Kabeer

“ഉമ്മാ, പെരുന്നാക്ക് ഞങ്ങൾക്ക് പുതിയ ഉടുപ്പ് മേടിച്ചു തരോ”

അഞ്ചു വയസ്സുള്ള മകൻ ഷാൻ കബീറിന്റെ ചോദ്യം കേട്ട് ആ ഉമ്മയുടെ മനസ്സൊന്നു പിടഞ്ഞു. മകനെ ചേർത്ത് പിടിച്ച് അവർ വിതുമ്പി.

ഉമ്മയുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ ഷാൻ തന്റെ മുഷിഞ്ഞ കുപ്പായം കൊണ്ട്‌ തുടച്ചു നീക്കി.

“ന്തിനാ ന്റെ ഉമ്മ കരയണേ, എനിക്ക് ഉടുപ്പൊന്നും വേണ്ട. അനിയൻ കുട്ടന് മാത്രം മേടിച്ചു കൊടുത്താൽ മതി”

അവൻ ഉമ്മയെ നോക്കി കണ്ണിറുക്കി കാണിച്ചോണ്ട് പുഞ്ചിരിച്ചു.

“ഉമ്മയുടെ അടുത്ത് പൈസ ഇല്ല മോനെ, കാലിന് വയ്യാത്തോണ്ട് പണിക്കും പോവാൻ വയ്യ”

ഷാൻ ഉമ്മയുടെ കണ്ണിലേക്ക് നോക്കി

“ന്നാ ഞാൻ പണിക്ക് പോട്ടെ ഉമ്മാ”

ഉമ്മ അവനെ ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു.

ഷാൻ കബീർ, എല്ലാവരും ഷാനു എന്ന് വിളിക്കും. അഞ്ച് വയസ്സ് പ്രായം. വളരെ പ്രാരാബ്ധങ്ങളുള്ള ഒരു കുടുംബത്തിലാണ് അവന്‍ ജനിച്ചത്. ഉപ്പ കുഞ്ഞിലേ മരിച്ചു പോയി. ഉമ്മ വീട്ടു ജോലി ചെയ്താണ് അവനേയും അവന്റെ ഒരു വയസ്സിന് താഴെയുള്ള അനിയനെയും പോറ്റുന്നത്. തന്റെ മക്കള്‍ക്ക് നല്ല വസ്ത്രങ്ങളോ, നല്ല ഭക്ഷണമോ നൽകാൻ ആ ഉമ്മക്ക് സാധിച്ചിരുന്നില്ല. വീടിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുകയായിരുന്നു ആ പാവം. അതിനിടയിൽ കാലിൽ നീര് വന്ന് കിടപ്പിലും ആയി.

ചെറിയ പെരുന്നാൾക്ക് മറ്റുള്ള കുട്ടികൾ പുത്തൻ വസ്ത്രങ്ങള്‍ അണിഞ്ഞ് തങ്ങളുടെ വീടിനോട് ചേര്‍ന്നുള്ള മൈതാനത്ത് കളിക്കുമ്പോൾ മുഷിഞ്ഞ വസ്ത്രത്തിലേക്ക് നോക്കി അനിയനേയും ചേര്‍ത്ത് പിടിച്ച് തന്റെ ചെറ്റ കുടിലിലിരുന്ന് ഷാൻ അവരുടെ കളികൾ കണ്ടിരിക്കുമായിരുന്നു. കുട്ടികള്‍ മൈതാനത്ത് കളിക്കുന്ന കളികളും പാട്ടുകളും ഷാനും അനിയനും തങ്ങളുടെ വീടിന്റെ മുറ്റത്ത് നിന്ന് അതേപോലെ അനുകരിക്കും. തന്റെ മക്കളുടെ ഈ കളികൾ കാണുമ്പോള്‍ ഉമ്മയുടെ മനസ്സ് പിടയാറുണ്ടായിരുന്നു. പൊട്ടിക്കരയാനല്ലാതെ ആ ഉമ്മക്ക് വേറെ ഒന്നിനും സാധിക്കില്ലായിരുന്നു.

ഷാനിനെ സ്കൂളില്‍ ചേര്‍ത്ത അന്ന് രണ്ട് കൂട്ട് യൂണിഫോം അവന് കിട്ടി. അതില്‍ ഒരു യൂണിഫോം ഉമ്മയുടെ പെട്ടിയില്‍ ഷാൻ പൂട്ടിവെച്ചു. മറ്റേ യൂണിഫോം സ്കൂളില്‍ പോകുമ്പോള്‍ അണിഞ്ഞു. ഉമ്മ ഷാനിനെ വഴക്ക് പറഞ്ഞു

“രണ്ട് യൂണിഫോം ഉണ്ടായിട്ട് ഒന്ന് മാത്രം ഉപയോഗിക്കുന്നത് എന്തിനാ, എപ്പോഴും നിന്റെ യൂണിഫോം അലക്കാൻ എനിക്കാവില്ല വേണെങ്കിൽ സ്വയം അലക്കിക്കോ”

ഷാൻ ഉമ്മയോട് ഒന്നും പറഞ്ഞില്ല. പിറ്റേ ദിവസം മുതല്‍ യൂണിഫോം അവന്‍ അലക്കാൻ തുടങ്ങി. ഇത് കണ്ട ഉമ്മക്ക് ദേഷ്യം കൂടി

“ഇത്ര ചെറുപ്പത്തിലേ ഇത്രയും വാശി നല്ലതല്ല. കാണാലോ നീ എത്ര ദിവസം അലക്കുമെന്ന്”

ഷാൻ ഉമ്മയുടെ മുന്നില്‍ തല താഴ്ത്തി നിന്നു.

കുറച്ച് മാസങ്ങള്‍ക്ക് ശേഷം. നാളെ പെരുന്നാളാണ്. ഷാൻ അന്ന് രാത്രി താന്‍ സ്ഥിരമായി ഉപയോഗിക്കുന്ന യൂണിഫോം അലക്കിയിട്ട് ഉണക്കാനിടുന്നത് ഉമ്മ ശ്രദ്ധിച്ചു. പക്ഷെ ഉമ്മ അവനോട് ഒന്നും ചോദിച്ചില്ല. നേരം വെളുത്തു. എല്ലാ വീടുകളിലും പെരുന്നാൾ ആഘോഷം പൊടിപൊടിക്കുകയാണ്. അന്ന് പതിവിലും നേരത്തെ എഴുന്നേറ്റ് കയ്യില്‍ എന്തോ പിടിച്ച് അപ്പുറത്തെ വീട്ടിലേക്ക് ഷാൻ ഓടുന്നത് ഉമ്മ കണ്ടു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ വളരെ സന്തോഷത്തോടെ പുഞ്ചിച്ച മുഖവുമായി അവന്‍ ഉമ്മയുടെ മുന്നില്‍ വന്നു നിന്നു. എന്നിട്ട് ഉമ്മക്ക് ഒരു സൂത്രം കാണിച്ചു തരാം എന്നും പറഞ്ഞ് അനിയനേയും കൊണ്ട് മുറിയില്‍ കയറി വാതിലടച്ചു. കുറച്ച് സമയം കഴിഞ്ഞ് ഷാനും അനിയനും മുറി തുറന്ന് പുറത്തു വന്നു. ഷാനിന്റേയും അനിയന്റെയും മുഖത്ത് താന്‍ ഇത്രയും കാലം കാണാത്ത ഒരു സന്തോഷം ആ ഉമ്മ കണ്ടു.

ഷാനിന് സ്കൂളില്‍ നിന്നും കിട്ടിയ യൂണിഫോം ആയിരുന്നു അവര്‍ രണ്ടു പേരും ധരിച്ചിരുന്നത്. ഉപയോഗിക്കാതെ അമ്മയുടെ പെട്ടിയില്‍ അടച്ചു വെച്ചിരുന്ന യൂണിഫോം ഈ പെരുന്നാക്ക് തന്റെ അനിയന് ധരിക്കാൻ വേണ്ടി മാറ്റി വെച്ചതായിരുന്നു ഷാൻ. പുലര്‍ച്ചക്ക് അയൽ വീട്ടിലേക്ക് പോയത് തന്റെ അലക്കിയിട്ട യൂണിഫോം ഇസ്തിരി ഇടാന്‍ വേണ്ടിയായിരുന്നു. അവര്‍ രണ്ടുപേരും ഉമ്മയുടെ അടുത്തേക്കോടി. മക്കളെ തന്റെ മാറോട് ചേര്‍ത്ത് ആ ഉമ്മ പൊട്ടിക്കരഞ്ഞു.

ഉമ്മ ഉണ്ടാക്കിയ കപ്പയും ചമ്മന്തിയും കഴിച്ച് ഷാൻ അനിയന്റെ കയ്യും പിടിച്ച് മൈതാനത്തിലോട്ട് ഓടി… ഈ ലോകം വെട്ടി പിടിച്ച ചക്രവർത്തിയെ പോലെ…

വായിക്കാത്തവർക്ക് വേണ്ടി മാത്രം വീണ്ടും പോസ്റ്റുന്നു…