എന്റെ മനുഷ്യന്…
എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ
ആ വീട്ടിൽ നിന്ന് എന്തായാലും ഒരിക്കൽ ഇറങ്ങേണ്ടി വരുമെന്ന് പ്രതീക്ഷിച്ചതാണ്, പക്ഷെ ഇത്ര പെട്ടെന്ന്, അതും ഈ രാത്രിയിൽ…..
എന്നെപ്പറ്റി കുറ്റങ്ങൾ പറഞ്ഞ് അനിയന്റെ ഭാര്യ അനിയന്റെ സ്വസ്ഥത നശിപ്പിക്കുന്നത് അറിഞ്ഞപ്പോഴേ ചെറിയ ബാഗിൽ അത്യാവശ്യഡ്രെസ്സും സർട്ടിഫിക്കറ്റുകളും എടുത്തു വച്ചിരുന്നത് കൊണ്ട് പ്രത്യേകിച്ചൊന്നും ആ വീട്ടിൽ നിന്നെടുക്കാൻ ഇല്ലായിരുന്നു….
ബാഗുമെടുത്ത് ഉമ്മറത്തേക്ക് ഇറങ്ങുമ്പോഴും അനിയന്റെ മുറിയിൽ നിന്നവന്റെ ഭാര്യയുടെ കുറ്റപ്പെടുത്തലുകളും, പ്രാക്കുകളും കേൾക്കുന്നുണ്ടായിരുന്നു, അപ്പോഴും ഒന്നും മിണ്ടാതെ അവൻ തല കുമ്പിട്ട് ഹാളിലെ സെറ്റിയിൽ ഇരിപ്പുണ്ട്….
മുറ്റം കഴിഞ്ഞ് ചെറിയ വഴിയിലേക്ക് ഇറങ്ങുമ്പോൾ മുന്നിലെ ഇരുട്ട് ഭയപ്പെടുത്തിയിരുന്നെങ്കിലും, മനസ്സിൽ ധൈര്യം സംഭരിച്ച് മുന്നോട്ട് നടന്നു…
വർഷങ്ങൾക്ക് മുൻപ് സേവ് ചെയ്ത് വച്ച, ജീവിതത്തിൽ ഇതുവരെ ഒരുതവണ പോലും വിളിചിട്ടില്ലാത്ത ആ നമ്പറിലേക്ക് കാൾ ബട്ടൺ അമർത്തുമ്പോൾ കൈകൾ വിറയ്ക്കുന്നതിനൊപ്പം നെഞ്ചിടിപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു…
” ഹലോ…. “
ആദ്യ ബെല്ലിൽ തന്നെ അപ്പുറത്ത് നിന്നുള്ള ശബ്ദം കേട്ടപ്പോൾ പെട്ടെന്നെന്തു പറയണമെന്നറിയാതെ നിന്നുപോയി…
” ഹലോ… ഗൗരി…. “
പിന്നെയും മറുവശത്ത് നിന്ന് ശബ്ദം ഉയർന്നു…
” വീട്ടിലുണ്ടോ…. “
വിറയാർന്ന ശബ്ദത്തോടെയാണ് ഞാൻ ചോദിച്ചത്…
” കവലയിലാണ്…. എന്താ.. “
” പെട്ടെന്ന് വീട്ടിലേക്ക് വരുമോ.. ഞാൻ അങ്ങോട്ട് വരുന്നുണ്ട്…. “
പെട്ടെന്ന് അത് പറഞ്ഞ് കാൾ കട്ടാക്കും മുന്നേ പിന്നെയും അവിടെനിന്ന് എന്തൊക്കെയോ ചോദ്യങ്ങൾ ഉയർന്നിരുന്നു…
റോഡിന്റെ വശം ചേർന്ന് മുന്നോട്ട് നടക്കുമ്പോൾ,പലരുടെയും മുഖം എന്റെ നേർക്ക് തിരിഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ മനസ്സ് നിറയെ ആ മനുഷ്യനെ കുറിച്ചുള്ള ചിന്തഭാരവുമായി മുന്നോട്ട് ചുവടുകൾ വച്ചു…
ഒരുപക്ഷെ ഈ ലോകത്ത് ഏറ്റവും കൂടുതൽ അവഗണിച്ചിട്ടുള്ളത് ആ മനുഷ്യനെ ആകും, ആ മനസ്സ് മനസ്സിലാക്കിയിട്ടില്ലെന്ന് അഭിനയിച്ചു നടന്നത് അങ്ങേരോടുള്ള സ്നേഹം കൊണ്ടാണോ അതോ ഈയുള്ളവൾ അങ്ങേർക്ക് ചേരില്ലെന്ന ചിന്തകൊണ്ടണോ ആവോ…. പക്ഷേ അത്ര അവഗണിച്ചാലും ആ മനുഷ്യൻ വിട്ടുപോകില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെയാണ് ഈ രാത്രി സഹായത്തിനു മറ്റൊരു മുഖം മനസ്സിൽ തെളിയാതെ ഇരുന്നത്….
റോഡ് കഴിഞ്ഞ് ഇടവഴിയിലൂടെ നടന്ന് ആ പഴയ വീട്ടിന്റെ ഉമ്മറത്തെ അര ഭിത്തിയിൽ ഇരിക്കുമ്പോൾ വല്ലാതെ ഭയം പിടി കൂടിയിരുന്നു, പെട്ടന്ന് ആശ്വാസമെന്നോണം അകലെ നിന്ന് ബൈക്കിന്റെ ശബ്ദം കേട്ട് തുടങ്ങി , പലതവണ തന്റെ അരികിലൂടെ കടന്ന് പോയിട്ടുള്ള ആ ശബ്ദം ഒരുനാൾ തനിക്കിത്രയും ആശ്വാസം തരുമെന്ന് കരുതിയിരുന്നില്ല….
” എന്താ ഗൗരി… എന്താ സംഭവിച്ചേ…”
മുറ്റത് ബൈക്ക് നിർത്തി ഓടി തന്റെ അരികിലേക്ക് വരുന്ന മനുഷ്യനെ കണ്ടപ്പോൾ ഉള്ളിൽ സംഭരിച്ചു വച്ചിരുന്ന ധൈര്യമെല്ലാം ചോർന്നു പോയി കഴിഞ്ഞിരുന്നു…
“ഗൗരി….”
പിന്നെയും ആ ശബ്ദം ഉയർന്നപ്പോൾ കരഞ്ഞു കൊണ്ടാണ് ആ മനുഷ്യനെ കെട്ടിപ്പിടിച്ചത്, ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നിന്ന ആ മനുഷ്യന്റെ കൈകൾ എന്നെ ചേർത്ത് പിടിക്കാൻ തുടങ്ങുമ്പോൾ അതുവരെ കാണിച്ച അവഗണനകൾക്ക് മാപ്പ് പറഞ്ഞു കൊണ്ട് ആ നെഞ്ചിൽ മുഖം ചേർത്ത് പൊട്ടി കരഞ്ഞു തുടങ്ങി….
ആ നിൽപ്പ് എത്ര നേരം നിന്നെന്നറിയില്ല, മനസ്സിനൊരു ആശ്വാസം കിട്ടുന്നത് വരെ കരഞ്ഞ് തീർന്ന്, ആ ശരീരരത്തോട് ചേർന്ന് നിന്ന് തന്നെ മുഖമുയർത്തി നോക്കുമ്പോൾ ആ കണ്ണുകളും നിറഞ്ഞൊഴുകുന്നത് ഉമ്മറത്ത് കത്തുന്ന ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽ കണ്ടു….
” എന്താടോ പറ്റിയത്… “
ആ മനുഷ്യൻ ആർദ്രമായി ചോദിക്കുമ്പോൾ പിന്നെയും ആ നെഞ്ചിൽ പെറ്റിച്ചേർന്ന് നിന്നു…
” ഞാൻ അവിടെ നിന്നിറങ്ങി, അവളിപ്പോൾ നാട്ടിലുള്ള മൊത്തം ആണുങ്ങളെയും ചേർത്താണ് ഓരോ കഥകൾ അപ്പുവിനോട് പറയുന്നത്….. ഇനിയും വയ്യ ഒന്നും കണ്ടില്ലെന്ന് നടിച്ചു അവിടെ നിൽക്കാൻ… അപ്പുവിനെങ്കിലും അൽപ്പം സമാധാനം കിട്ടിക്കോട്ടേ…. “
അത് പറഞ്ഞു കഴിയുമ്പോൾ അനുസരണ ഇല്ലാതെ പിന്നെയും കണ്ണുനീർ ഒഴുകി തുടങ്ങിയിരുന്നു, ആശ്വാസിപ്പിക്കാനെന്നോണം ആ മനുഷ്യന്റെ കൈകൾ എന്റെ തലമു ടിയിൽ തഴുകുമ്പോൾ , അറിയാതെ എന്റെ കൈകൾ ഒന്നുകൂടി ബലമായി ആ മുനുഷ്യനെ ചേർത്ത് പിടിച്ചു….
” വാ ഉള്ളിലേക്ക് കയറാം…. “
കുറച്ചു നേരം കൂടി അങ്ങനെ നിന്ന് കഴിഞ്ഞാണ് ആ മനുഷ്യൻ പറഞ്ഞത്. വീട്ടിലേക്ക് കയറി പഴയ പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുമ്പോൾ രണ്ടുപേരും പരസ്പരം നോക്കാതെ, ഒന്നും മിണ്ടാതെ ഇരുന്നപ്പോഴാണ് എനിക്ക് മാത്രമല്ല ആ മനുഷ്യനും നാണം വന്നെന്ന് മനസ്സിലായത്….
” രാത്രിക്ക് കഴിക്കാൻ ഞാൻ എന്തേലും ആഹാരം വാങ്ങി വരാം… “
അത് പറഞ്ഞ് മുഖത്ത് പോലും നോക്കതെ ആ മനുഷ്യൻ എഴുന്നേറ്റു…
” ഇവിടെ ഒന്നുമിരുപ്പില്ലേ…. “
” മാവെന്തോ ഇരിപ്പുണ്ട്, ചപ്പാത്തിയോ, പുട്ടോ ഉണ്ടാക്കേണ്ടി വരും… “
അതുവരെ ഞാൻ കണ്ട മനുഷ്യനിൽ നിന്ന് മാറി ആ മുഖത്ത് മനോഹരമായ പുഞ്ചിരി വിരിയുന്നത് ഞാൻ ആദ്യമായിയാണ് കാണുന്നത്…
” ഇനി പോകേണ്ട, ഞാൻ എന്തേലും ഉണ്ടാക്കാം വാ… “
അത് പറഞ്ഞ് ഞാൻ അടുക്കളയിലേക്ക് നടന്നത് ആ മനുഷ്യനെ അരികിൽ കിട്ടാൻ വേണ്ടിയായിരുന്നു…
അധികാരത്തോടെ അടുക്കളയിൽ ഓരോന്ന് എടുക്കുമ്പോൾ എന്നെയും നോക്കി കൈകൾ കെട്ടി ആ മനുഷ്യൻ ഭിത്തിയും ചാരി നിൽക്കുന്നത് ഇടങ്കണ്ണിട്ട് നോക്കി ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു….
” ഈ രാത്രീയെയുള്ള ഈ ബുദ്ധിമുട്ട് നാളെ ഞാൻ ഹോസ്റ്റലിലേക്ക് മാറും….”
ചപ്പാത്തിക്ക് കുഴയ്ക്കാനുള്ള മാവ് പാത്രത്തിലേക്ക് തട്ടി ആ മനുഷ്യന്റെ നേർക്ക് നീട്ടി പിടിച്ചു കൊണ്ടാണ് ഞാനത് പറഞ്ഞത്, ഒന്നും മിണ്ടാതെ എന്നിൽ നിന്ന് പാത്രം വാങ്ങുമ്പോൾ ആ മുഖത്തെ പുഞ്ചിരി മാറുന്നത് ഞാൻ കണ്ടിരുന്നു…
” രണ്ട് മാസമെങ്കിൽ രണ്ട് മാസം ഞാൻ മറ്റൊരാളുടെ ഭാര്യ ആയിരുന്നു, അങ്ങനെയൊരു പെണ്ണിനെ കെട്ടണോ വേണ്ടയോ ന്ന് നല്ലതുപോലെ ആലോചിച്ചിട്ട് തീരുമാനം എടുത്താൽ മതി…. “
ഞാനത് പറയുമ്പോഴുള്ള ദേഷ്യം കൊണ്ടാകും, മാവിലേക്ക് ആ കൈകൾ ശക്തിയായി പതിക്കുന്നുണ്ടായിരുന്നു, അത് കാണുമ്പോൾ ചിരി വന്നെങ്കിലും അത് പുറത്തു കാണിക്കാതെ യിരിക്കാൻ ഞാൻ ശ്രമിച്ചു…
” എന്നോടുള്ള ദേഷ്യം മാവിനോട് തീർക്കേണ്ട, അല്ലേ സാരമില്ല ചപ്പാത്തിക്ക് നല്ല മയം കിട്ടും…. “
ചിരി അടക്കി ഞാൻ പറയുമ്പോൾ ആ മനുഷ്യൻ കൈകൾ കഴുകി അടുക്കളവാതിൽ പടിയിൽ പുറത്തേക്ക് നോക്കിയിരുന്നു…
” അല്ലെങ്കിലും തനിക്കെന്നെ മനസ്സിലാകില്ല, എന്റെ സ്നേഹം കാണില്ല, എപ്പോഴും സ്വന്തം കാര്യം മാത്രം, എല്ലാം തന്റെ തീരുമാനം ആണല്ലോ…. “
ആ മനുഷ്യൻ പരിഭവത്തിന്റെ ഭാണ്ഡകെട്ട് അഴിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ചപ്പാത്തി പരത്താൻ തുടങ്ങി…
” പിന്നേ എന്ത് സ്നേഹം, ഞാൻ കെട്ടി പോകുന്നതിന് മുൻപ് ഉള്ളിലെ സ്നേഹം പറഞ്ഞില്ലല്ലോ, അപ്പൊ വല്യ ത്യാഗി കളിച്ചു, കല്യാണത്തിന് പന്തൽ കെട്ടുന്നു, സദ്യ വിളമ്പുന്നു, പാത്രം കഴുകുന്നു എന്തൊക്കെ ആയിരുന്നു, അന്നും നമ്മുടെ ഇഷ്ടം ചില മാന്യന്മാർ കണ്ടില്ല…”
ചപ്പാത്തിയുടെ പുറത്ത് ചട്ടുകം വച്ചമർത്തി പറയുമ്പോൾ ആ മനുഷ്യൻ ഒന്നും മിണ്ടിയില്ല….
” എന്നിട്ട് കെട്ടിയവന്റെ വീട്ടിലെ പ്രശ്നം പറഞ്ഞു തീർക്കാൻ അച്ഛനൊപ്പം വന്നേക്കുന്നു,…. വല്യ കാർന്നോര് ആണല്ലോ… എന്നിട്ട് എന്തായി അവസാനം കെട്ടിയോനും പോയി അച്ഛനും പോയി… ഞാൻ മാത്രം തനിച്ച്…”
മുൻപ് പല നാൾ പറയാൻ ആഗ്രഹിച്ചതൊക്കെ ഞാനറിയാതെ തന്നെ പുറത്തേക്ക് വന്നു….
” ഗൗരി ഞാൻ….. “
ആ മനുഷ്യൻ എന്തോ പറയാൻ തുടങ്ങുമ്പോൾ ഞാൻ ചട്ടുകം ഉയർത്തി കാണിച്ചതും പിന്നെയൊന്നും മിണ്ടാതെ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു….
” എനിക്ക് ഇഷ്ടമായിരുന്നു പണ്ടേ, അത് നിങ്ങൾക്ക് അറിയുകയും ചെയ്‌യായിരുന്നു. പിന്നേ അച്ഛന്റെ കൂടെ നടന്നിട്ട് എന്നെ ഇഷ്ടം ആണെന്ന് പറയാൻ നിങ്ങടെ ആത്മാഭിമാനം സമ്മതിച്ചില്ല…. എന്നിട്ടിപ്പോ രണ്ട് പേർക്കും എന്ത് കിട്ടി, കുറെ നഷ്ടങ്ങളും, കണ്ണുനീരും, ഒറ്റപ്പെടലും അല്ലാതെ…. “
അത് പറയുമ്പോൾ കണ്ണുനീർ പിന്നെയും ഒഴുകാൻ തുടങ്ങി….
ഒരു പാത്രത്തിലേക്ക് മൂന്ന് നാല് ചപ്പാത്തി ഇട്ട്, ആ മനുഷ്യനെ ചേർന്ന് ഞാനും അടുക്കള വാതിൽ പടിയിൽ ഇരുന്നു…
” ഇനിനിയിപ്പോ കറിയൊന്നും വേണ്ട, കണ്ണുനീർ മുക്കി തിന്നാം…. “
അത് പറഞ്ഞ് ലേശം ചപ്പാത്തി നുള്ളി ആ മനുഷ്യന്റെ വായിലേക്ക് വച്ച് കൊടുത്തു….
” ഞാൻ ഹോസ്റ്റലിലേക്ക് പോകുന്നതിന്റെ ദേഷ്യമാണോ…”
എന്റെ മുഖത്ത് നോക്കാതെയിരിക്കുന്ന ആ മനുഷ്യന്റെ തോളിൽ എന്റെ തോളുകൊണ്ട് തട്ടി ചോദിക്കുമ്പോൾ എന്നെയൊന്നു നോക്കി…
” ഇത്ര നാൾ രണ്ടാളും മസിലും പിടിച്ചു നടന്നതല്ലേ ഇനി കുറച്ചു നാൾ നമുക്ക് ചുറ്റി നടന്ന് പ്രണയിക്കാം, പുലരും വരെ നമുക്ക് സ്വപ്നങ്ങൾ പങ്കിടാം, ഇടയ്ക്ക് പിണങ്ങി മിണ്ടാതെ യിരിക്കാം, പിന്നേ പരസ്പരം പരിഭവം പറഞ്ഞു തീർത്ത് പിന്നെയും സ്നേഹിക്കാം…”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു നോക്കുമ്പോൾ ആ മനുഷ്യന്റെ മുഖത്തും പുഞ്ചിരി വിടർന്നു…..
” ഇടയ്ക്ക് സായാഹ്നങ്ങളിൽ നമുക്ക് ഒത്തു ചേരാം, കൈകൾ കോർത്ത് ഏറെ ദൂരം സഞ്ചരിക്കാം, തമാശകൾ പറഞ്ഞ് ഉച്ചത്തിൽ പൊട്ടി ച്ചിരിക്കാം, അവസാനം പിരിയുമ്പോൾ, രണ്ട് തുള്ളി കണ്ണുനീർ പൊഴിച്ചു കൊണ്ട് പുഞ്ചിരിക്കാം…. “
” ആഹാ, ഈ മനസ്സിൽ ഇത്രേം റൊമാൻസ് ഉണ്ടായിരുന്നോ…. “
ചിരിച്ചു കൊണ്ട് ഞാൻ പറയുമ്പോൾ ആ മനുഷ്യനും പൊട്ടി ചിരിച്ചു കൊണ്ട് എന്റെ വായിലേക്ക് ഒരു നുള്ള് ചപ്പാത്തി വച്ചു തന്നു…
” ഇതൊക്കെ എല്ലാവരുടെയും ഉള്ളിൽ ഉള്ളത് തന്നെ, പിന്നേ സമയം ആകുമ്പോൾ പുറത്തേക്ക് ചാടുമെന്നേ യുള്ളൂ…. “
ചിരിച്ചു കൊണ്ട് ആ മനുഷ്യൻ ദൂരേക്ക് നോക്കി എന്നെ ചേർന്നിരുന്നു…
” ആർക്കും വിട്ട് കൊടുക്കാതെ ഈ മനുഷ്യനെ എനിക്കായി വച്ചല്ലോ ദൈവം തമ്പുരാനെ… നിനക്ക് നന്ദി…. “
ആകാശത്തേക്ക് നോക്കി അത് പറഞ്ഞ് ആ തോളിലേക്ക് തല ചായ്ച്ച് ഇരിക്കുമ്പോൾ തണുത്ത ഒരിളം തെന്നൽ ഞങ്ങളെ തഴുകി കടന്ന് പോയി…..