ഇന്നെന്റെ ചരമവാർഷികം ആണ്. ഞാൻ ആരാണെന്നോ? നിങ്ങൾക്കെന്നെ കുഞ്ഞാവ എന്ന് വിളിക്കാം.
വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും കുട്ടികൾ ആയില്ലേ എന്നുളള നാട്ടുകാരുടെ ചോദ്യത്തിനും, മറ്റു കുത്തു വാക്കുകൾക്കും ഉള്ള മറുപടിയെന്നോണം ഞാൻ എന്റെ അമ്മയുടെ ഉദരത്തിൽ ഒരു പൊട്ട് പോലെ രൂപം കൊണ്ടു.
എന്റെ അമ്മയും അച്ഛനും സന്തോഷം കൊണ്ട് മതിമറന്നു. രണ്ടു വീട്ടിലെ അപ്പൂപ്പൻമാരും, അമ്മൂമ്മമാരും വളരെ സന്തോഷിച്ചു. അമ്മയുടെ വീട്ടിലെ ആദ്യത്തെ കുട്ടിയെ വരേവൽക്കാനും, അച്ഛന്റെ കുടുംബത്തിൽ മകൻെറ കുട്ടിയെ വരവേൽക്കാനും തയ്യാറായി.
അമ്മയെ ഒരു രീതിയിലും ഞാൻ ബുദ്ധിമുട്ടിച്ചില്ല, അമ്മക്ക് ജോലിക്ക് പോകണ്ടതല്ലേ എന്ന് ഓർത്തു. അങ്ങനെ സ്കൂട്ടറിൽ പോയി കൊണ്ടിരുന്ന അമ്മയെ അച്ഛൻ കാറിൽ കൊണ്ടുപോകാനും വരാനും തുടങ്ങി. എന്താണ് സംഭവിച്ചത് എന്നറിയില്ല, ഞാൻ പതിയെ ഇല്ലാതെ ആയി തുടങ്ങി.
അമ്മയ്ക്ക് ചെറിയ രീതിയിൽ ബ്ളീഡിങ് ഉണ്ടാവാൻ തുടങ്ങി. ആശുപത്രിക്കാർ കുഴപ്പമില്ല എന്നും ചിലർക്ക് തുടക്കത്തിൽ ഇങ്ങനെ ഉണ്ടാകും എന്നും പറഞ്ഞു. അങ്ങനെ അമ്മ ലീവെടുത്ത് വീട്ടിൽ ഇരിപ്പായി. ആരോടും പറഞ്ഞില്ല എങ്കിലും അമ്മയ്ക്ക് മനസ്സിൽ പേടിയായിരുന്നു. ഇതൊക്കെ മനസ്സറിഞ്ഞ് അച്ഛനും കൂടെ നിന്നു.
അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷ കണ്ടപ്പോൾ ഞാനില്ലാതെ ആകുകയാണ് എന്ന് വിളിച്ചു പറയാൻ തോന്നി…കഴിഞ്ഞില്ല. അങ്ങനെ സ്കാനിങ്ങ് ദിവസം വന്നെത്തി. അച്ഛനെ വരാന്തയിൽ ഇരുത്തി അമ്മ അകത്തേക്ക് പോയി.
പിന്നീട് അച്ഛൻ കാണുന്നത് സ്കാനിങ്ങ് മുറിയിലേക്ക് ഓടിയെത്തുന്ന ഡോക്ടറെയും, നഴ്‌സുമാരെയും ആണ്. അങ്ങനെ ഞാനില്ലാതെ ആയ വിവരം എല്ലാവരും അറിഞ്ഞു. അച്ഛൻ അമ്മയെ ആശ്വസിപ്പിക്കാൻ പണിപ്പെട്ടു. അച്ഛന്റെ സങ്കടം ഞാനും കണ്ടു. പതിയെ എല്ലാവരും സത്യവുമായി പൊരുത്തപ്പെട്ടു.
അങ്ങനെ കാര്യങ്ങൾ പഴയ പോലെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. അങ്ങനെ അമ്മയ്ക്ക് കേരളത്തിനു പുറത്തേക്ക് ട്രാൻസ്ഫർ ആയി. ഒരു മാറ്റം അനിവാര്യമായതിനാൽ അച്ഛൻ അമ്മയെ പോകാൻ അനുവദിച്ചു.
കാര്യം ഒന്നും അറിയില്ല എങ്കിലും ഒന്ന് മനസ്സിലായി, അച്ഛനും അമ്മയും തമ്മിൽ അകന്നു തുടങ്ങി. ഇനിയും അവരുടെ കുഞ്ഞായി ജന്മം കൊള്ളാൻ ആശിച്ചിരിക്കുന്ന എന്നെ മറന്നു പോയോ? മനസ്സിലെങ്കിലും എന്നെപറ്റി ഓർക്കുന്നുണ്ടാവുമോ?
സ്വന്തം വാശികൾ മുറുകെ പിടിച്ചിരിക്കുന്ന അവരുടെ മനസ്സ് മാറി വരുമെന്ന പ്രതീക്ഷയിൽ കുഞ്ഞാവ ഒന്നുറങ്ങിയുണരട്ടെ….