എഴുത്ത്:- കാർത്തിക
“”” അച്ഛാ ഇതു കൊണ്ടുപോയി പണയം വെച്ചോളൂ!!””
എന്നും പറഞ്ഞ് മോളുടെ കഴുത്തിൽ കിടക്കുന്ന നൂലുപോലത്തെ ചെയിൻ ഊരിക്കൊടുത്തു സതി അത് കണ്ടതും അയാളുടെ കണ്ണുകൾ നിറഞ്ഞു..
“” വേണ്ട മോളെ നീയാ ചക്രം ചവിട്ടി കിട്ടുന്ന പണം കൊണ്ട് വാങ്ങിയതല്ലേ അത് അവളുടെ കഴുത്തിൽ തന്നെ കിടക്കട്ടെ ഞാൻ മറ്റെന്തെങ്കിലും മാർഗം ഉണ്ടോ എന്ന് അന്വേഷിച്ചോളാം!!””
അതും പറഞ്ഞ് അയാൾ പുറത്തേക്കിറങ്ങിയപ്പോൾ സതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ഭർത്താവിന്റെ അച്ഛനാണ്… ഹൃദ്രോഗിയായ ആ പാവത്തിന് ഈ മാസത്തെ മരുന്നു മേടിക്കാനുള്ള പൈസയ്ക്ക് വേണ്ടി കിടന്ന് ഓടുകയാണ്..
ഗവൺമെന്റ് ജോലിക്കാരനായ സ്വന്തം മകൻ ഇങ്ങോട്ടൊന്ന് തിരിഞ്ഞു പോലും നോക്കില്ല.. അവൾ സ്വന്തം വിധിയോർത്ത് സ്വയം ഒന്ന് പുച്ഛിച്ചു.
പതിനെട്ടു വയസ്സ് തികഞ്ഞപ്പോൾ തന്നെ വീട്ടിൽ കല്യാണാലോചന നോക്കാൻ തുടങ്ങിയിരുന്നു അങ്ങനെയാണ് ഇവിടത്തെ രാജീവേട്ടന്റെ വിവാഹാലോചന വരുന്നത്.. വില്ലേജ് ഓഫീസിൽ ക്ലർക്ക്.. പിന്നെ കൂടുതൽ അന്വേഷണം ഒന്നും ഉണ്ടായില്ല ആളുടെ സ്വഭാവത്തെ പറ്റി പോലും ഒന്ന് നോക്കാതെ എല്ലാവരും ചേർന്ന് കല്യാണം കഴിച്ചു കൊടുക്കുകയായിരുന്നു വിവാഹം കഴിഞ്ഞ് ഒരു രാത്രി കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് അയാൾക്ക് വേറെ ഒരു പെണ്ണുമായി ബന്ധമുണ്ട് എന്ന്.. അയാളുടെ വീട്ടിൽ ആരൊക്കെയോ അടക്കം പറയുന്നത് എന്ന് ഞാൻ മനസ്സിലാക്കി എടുത്തത് ആയിരുന്നു അത്.
അന്യ മതക്കാരി ആയതുകൊണ്ട് വീട്ടിൽ സമ്മതിച്ചില്ല അന്നേരം വാശിപിടിച്ച് വീട്ടുകാരെല്ലാം ചേർന്ന് നടത്തിയതാണത്രേ ഈ വിവാഹം.
സ്വത്ത് തന്റെ പേരിൽ എഴുതി വയ്ക്കില്ല എന്നുകൂടി പറഞ്ഞപ്പോൾ അയാൾ അവരുടെ കൂടെ നിന്നു..?മറ്റൊരു പെണ്ണുമായി ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു എന്ന് പറഞ്ഞു അവരെ വിശ്വസിപ്പിച്ചു..
ആ സമയത്താണ് എന്റെ വീട്ടിലേക്ക് കല്യാണാലോചനയുമായി വന്നതും ഈ വിവാഹം നടത്തിയതും..
പക്ഷേ രഹസ്യമായി അയാൾ ആ പെണ്ണുമായുള്ള ബന്ധം തുടരുന്നുണ്ടായിരുന്നു അതിനൊപ്പം തന്നെ ഇവിടെ ഞാനുമായി അയാൾ കഴിഞ്ഞു ഞാൻ ഗർഭിണിയായപ്പോഴാണ് അയാൾ ആ പെണ്ണുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നുണ്ട് എന്ന കാര്യം എല്ലാവരും അറിഞ്ഞത്..
എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഷോക്കായിരുന്നു എല്ലാവരും അയാളോട് അത് ഒഴിവാക്കി വരാൻ പറഞ്ഞു അയാൾക്ക് എന്നെ ഒഴിവാക്കാൻ കുഴപ്പമില്ല ആ പെണ്ണിനെ ഒഴിവാക്കാൻ വയ്യ എന്ന്..
എന്നെക്കാൾ മുമ്പ് ഇഷ്ടപ്പെട്ടതും കൂടെ താമസിപ്പിച്ചതും അവളെയാണ് ഞാൻ അതിൽ കുറ്റം പറയില്ല പക്ഷേ എന്റെ ജീവിതം അത് ഇതിലേക്ക് വലിച്ചിട്ട് തകർക്കണ്ടായിരുന്നു അത് മാത്രമേ എനിക്ക് അയാളോട് ദേഷ്യം ഉള്ളൂ..
ഞാനൊരു മോളെ ആണ് പ്രസവിച്ചത്.. എന്റെ വീട്ടിൽ അവളുമായി കുറച്ചുകാലം നിന്നപ്പോഴേക്ക് ആങ്ങളമാരുടെ ഭാര്യമാർ പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങിയിരുന്നു അവർ ഒന്നും അന്വേഷിക്കാതെ എന്റെ തലയിൽ കെട്ടിവച്ചതാണ് അങ്ങനെ ഒരാളെ എന്നുപോലും ഓർക്കാതെ അവർ അവിടെ നിന്ന് എന്റെ ഭർത്താവിന്റെ വീട്ടിലേക്ക് വിളിച്ച് എന്നെ കൂട്ടിക്കൊണ്ടു പോകാൻ പറഞ്ഞു രാജീവേട്ടന്റെ അച്ഛനും അമ്മയും എത്തിയിരുന്നു എന്നെയും മോളെയും കൊണ്ട് പോകാൻ..
അവിടുത്തെ അച്ഛൻ, മിലിട്ടറിയിൽ നിന്ന് പിരിഞ്ഞു വന്നതായിരുന്നു അദ്ദേഹം സെക്യൂരിറ്റി ജോലിക്കും മറ്റും പോയി ഞങ്ങളെ നന്നായിത്തന്നെ നോക്കി പക്ഷേ അവിടെയും വിധി ഞങ്ങളെ തോൽപ്പിച്ചു അദ്ദേഹത്തിന് ഒരു ഹൃദ്രോഗത്തിന്റെ രൂപത്തിൽ പിന്നീട് മുൻപ് പഠിച്ച കൈത്തൊഴിൽ ഞാനങ്ങ്പൊടിതട്ടി എടുത്തു അത്യാവശ്യം തയ്ക്കാൻ ഒക്കെ കിട്ടിത്തുടങ്ങി ..
ഇതിനിടയിൽ എന്തോ പ്രശ്നം കാരണം അച്ഛന്റെ പെൻഷനും നിന്നു. അതോടെ മുന്നോട്ടുപോകാൻ വളരെ ബുദ്ധിമുട്ടായി.
ഈ സമയത്തൊന്നും അയാൾ ഒന്നു വരികയോ കുഞ്ഞിനെ പോലും ഒന്ന് കാണാൻ ശ്രമിക്കുകയോ സ്വന്തം അച്ഛനുവേണ്ടി ഒരു രൂപ ചെലവാക്കുകയോ ചെയ്തില്ല..
തയ്യൽ കൊണ്ട് ഇരുന്നാൽ ഒരു കാര്യവുമില്ല എന്ന് മനസ്സിലായി അങ്ങനെയാണ് ഒരാൾ വഴി അറിഞ്ഞ് അടുത്തുള്ള ടെക്സ്റ്റൈൽസിലേക്ക് സെയിൽസ് ഗേൾ ആയി പോകുന്നത്.
ആളുകൾ അവിടെ നിന്ന് സെലക്ട് ചെയ്യുന്ന റെഡിമെയ്ഡ് ഡ്രസ്സ് അവരുടെ ഷേപ്പിന് അനുസരിച്ച് ആൾട്ടർനേറ്റ് ചെയ്തു കൊടുക്കുക അതായിരുന്നു എനിക്കുള്ള ഡ്യൂട്ടി.
ഞാനത് നന്നായി തന്നെ ചെയ്തു അവർക്ക് എന്റെ കഴിവിൽ വിശ്വാസം വന്നതുകൊണ്ടാണ് ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിക്കാൻ അവരുടെ ചെലവിൽ തന്നെ ഞങ്ങളെ കുറച്ചുപേരെ വിട്ടത് അതിൽ എനിക്ക് നന്നായി ശോഭിക്കാൻ കഴിഞ്ഞു….
പണ്ടുമുതലേ തയ്ക്കുമ്പോൾ ഓരോ ഡിസൈൻ നോക്കി അതുപോലൊക്കെ ഞാൻ ശ്രമിച്ചു നോക്കിയിരുന്നു അതെല്ലാം ഇപ്പോൾ ഉപകാരപ്രദമായി ഞാൻ ഡ്രെസ്സിൽ നിർമ്മിക്കുന്ന പുതിയ മോഡലുകൾ വളരെ പോപ്പുലർ ആയി അതോടെ വലിയൊരു വഴിത്തിരിവായി എന്റെ ജീവിതത്തിൽ അത്..
മണിക്കൂറുകൾക്ക് പോലും വിലയുള്ള ഡ്രസ്സ് ഡിസൈനറായി ഞാൻ.. എന്റെ കൂടെ നിന്ന അച്ഛനെയും അമ്മയെയും ഞാൻ കൂടെ കൂട്ടി അവിടെ നിന്ന് മാറി താമസിച്ചു ഒരു വലിയ ലക്ഷ്വറി ഫ്ലാറ്റിലേക്ക്..
അന്നേരമാണ് ഞാൻ അറിഞ്ഞത് എന്റെ ഭർത്താവ് എന്ന് പറയുന്ന ആൾ, ആത്മഹ ത്യക്ക് ശ്രമിച്ചു എന്ന് ഒരു കൈക്കൂലി കേസിൽ പെട്ടതാണ് അതോടെ ജോലിയും പോയി… നാണക്കേടുകൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു, ദേഹം മുഴുവൻ തളർന്ന് കിടക്കുകയാണ് അയാൾ..?അതോടെ അത്ര കാലം കൂടെ താമസിച്ചിരുന്നവൾ ഇട്ടിട്ടു പോയത്രേ..
എന്നിട്ട് ആരെയോ പറഞ്ഞയച്ചിരിക്കുകയാണ് കുഞ്ഞിനെ ഒന്ന് കാണണം എന്ന്..!!!
ഇന്നുവരെ അയാൾ ഇങ്ങനെ ഒരു ആവശ്യം കൊണ്ട് വന്നിട്ടില്ല ഇപ്പോൾ എല്ലാവരും കൈയൊഴിഞ്ഞു ഇനി മുന്നോട്ടു ജീവിക്കണം എന്നൊരു അവസ്ഥ വന്നപ്പോഴാണ് കുഞ്ഞിനെ ആവശ്യം വന്നത് അതിലൂടെ ഇങ്ങോട്ട് കയറിപറ്റാം എന്നായിരിക്കും വിചാരം..
ഞാനെന്റെ കുഞ്ഞിനെ കാട്ടിക്കൊടുത്തില്ല അതിനുള്ള അർഹത അയാൾക്കില്ല എന്ന് തോന്നി ആരൊക്കെ കുറ്റപ്പെടുത്തിയാലും അതുതന്നെയാണ് ശരി എന്നെനിക്കറിയാമായിരുന്നു.. പിന്നെയും പറഞ്ഞു വിട്ടിരുന്നു ആളുകളെ, അച്ഛനെ കാണണം അച്ഛനോട് ഒന്ന് ഇതുവരെ വരാൻ പറയണം എന്നെല്ലാം പറഞ്ഞുകൊണ്ട് അമ്മയ്ക്ക് ചെറിയൊരു ചാഞ്ചാട്ടം ഉണ്ടായിരുന്നു പക്ഷേ അച്ഛൻ എന്റെ കൂടെ ഉറച്ചുതന്നെ നിന്നു. അങ്ങനെ ഒരു മകൻ അദ്ദേഹത്തിനില്ല എന്നും പറഞ്ഞുകൊണ്ട്..
അമ്മയ്ക്ക് കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ തടഞ്ഞില്ല കാരണം എന്റെ കുഞ്ഞിനെ ഞാൻ എങ്ങനെയൊക്കെയാണോ നോക്കി വളർത്തി ഉണ്ടാക്കിയത് അതേ രീതിക്കാവുമല്ലോ കുറച്ചുകാലം മുൻപ് വരെ അയാളെ അമ്മ നോക്കിയത് അതുകൊണ്ട് അതിൽ എനിക്ക് ഒരു തെറ്റും തോന്നിയില്ല അമ്മയോട് പോയി കണ്ടോളാൻ പറഞ്ഞു..
അന്നേരം അമ്മയോട് പറഞ്ഞയച്ചിരുന്നു എന്നോട് മാപ്പ് പറയണം ഇനിമുതൽ നമുക്ക് ഒരുമിച്ച് ജീവിക്കണം എന്നെല്ലാം!!!
അത് കേട്ടതും ചിരിയാണ് വന്നത്!!
“” ആരെങ്കിലും വേണ്ടാതെ കളയുന്ന കറിവേപ്പിലകൾ ഞാൻ എടുത്തു വയ്ക്കാറില്ല അമ്മേ!!””
എന്നായിരുന്നു എന്റെ മറുപടി അമ്മ പിന്നെ ഒന്നും പറയാൻ നിന്നില്ല മിണ്ടാതെ എന്റെ കൂടെ തന്നെ നിന്നു..?ഒരുപക്ഷേ എന്റെ ഭാഗത്താണ് ശരി എന്ന് തോന്നിക്കാണും..
ഇന്നയാൾ ഏതോ ഒരു സ്നേഹാലയത്തിൽ ആരുടെയൊക്കെയോ കാരുണ്യത്തിൽ കിടക്കുകയാണ് എനിക്ക് യാതൊരു കുറ്റബോധവും തോന്നിയില്ല ഈ കുഞ്ഞിനെ എനിക്ക് ഉണ്ടാക്കിത്തന്നു എന്നല്ലാതെ എന്റെ ജീവിതത്തിൽ അയാൾ ഒന്നും ചെയ്തു തന്നിട്ടില്ല ഒരു ഭർത്താവ് എന്നുപോലും എനിക്ക് അയാളെ വിളിക്കാൻ പറ്റില്ല..
എന്റെ കുഞ്ഞിന് നല്ല വിദ്യാഭ്യാസം കൊടുക്കാൻ ഇന്നെനിക്ക് കഴിയുന്നുണ്ട് അവളെ നല്ല രീതിയിൽ വളർത്താനും കഴിയുന്നുണ്ട് അതുമതി..!!