വെറുതെ ഇരുന്നാൽ ആണേൽ മുടിഞ്ഞ വിശപ്പ് ആണ് .. ഭക്ഷണം കഴിക്കാൻ ഇരുന്നിട്ടും ഒരു രസമില്ല…….

എഴുത്ത്:-സൽമാൻ സാലി

രണ്ടീസായിട്ട് ന്റെ ഫോണിന് ഒരേ ഏനക്കേട്‌ തുടങ്ങീട്ട് .. ഒന്നിനും ഒരുഷാർ കിട്ടുന്നില്ല ..

ഒന്ന് തുറന്ന് കിട്ടണമെങ്കി വയസായ ഉമ്മാമനെ കഞ്ഞികുടിക്കാൻ വിളിച്ചപോലെ ആണ് ഒന്ന് എണീറ്റ് വരാൻ വലിയ സമയം വേണം ..

വാട്സാപ്പുംഫേസൂകും തുറന്നലോ സ്കൂളിൽ പോകാൻ നേരം മോളേ വിളിച്ചപ്പോലെ ആണ് ഒന്ന് കണ്ണ് തുറന്നു പിന്നേം കിടക്കും .. അതേപോലെയാണ് ഒന്ന് വാട്സാപ്പ് തുറന്നു അതേപോലെ ഓഫായി പോകും ..

എനിക്കാണേൽ ന്റെ പൊരേലെ ഫ്രിഡ്‌ജുപോലെ ഒന്നുമില്ലെങ്കിലും ഇടക്കിടയ്ക്ക് ഒന്ന് തുറന്നു നോകീലെങ്കിൽ ഒരു സമാധാനോം കിട്ടേലാ ..

അവസാനം ഒന്ന് ശരിയാക്കാൻ വേണ്ടി മ്മളെ ചങ്ക് ഫോൺഡോക്ടർ റഫീഖിന്റെ അടുത്ത കൊണ്ടുകൊടുത്തപ്പോ ഓൻ പറയുവാ ഫോണിന്റെ വയറ് നിറഞ്ഞക്കണ് കുറെ ഡിലീറ്റ് ആക്കണം എന്ന് ..

ഗാലറി തുറന്നുനോക്കുമ്പോൾ ഓരോ ഫോട്ടോയും വിഡിയോയും അരഡസൻ വീതം ഉണ്ട് ഗാലറിയിൽ .. അതെങ്ങനാ നാട്ടിലെ സകല ഗ്രൂപ്പിലും അംഗത്വം ഉണ്ട് അതിൽ ഒരു കുരിപ്പ് തന്നെ എന്തെങ്കിലും കിട്ടിയാൽ ആറ്‌ ഗ്രൂപ്പിലും കൊണ്ടോയി നിക്ഷേപിക്കും …

ന്തായാലും ഫോൺ തൽക്കാലത്തേക്ക് ഓൻ അവിടെ അഡ്മിറ്റാക്കി .. തിരിച്ചു വീട്ടിലെത്തിയിട്ടും ന്തോ നഷ്ട്ടമായ ഫീൽ ആയിനു .. ഇടെക്കിടെക്ക് പോക്കറ്റിൽ കൈ ഇടും വെറുതെ .. ഫോൺ ഇല്ലാ എന്നറിയുമ്പോൾ ” ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ എന്തിന് നീ എന്നെ വിട്ടകന്നു .. എന്ന പാട്ട് വെറുതെ മനസ്സിൽ തെളിയും …

വീട്ടിലെത്തി ഉമ്മറത്തിരിക്കുമ്പോളാണ് ഞാൻ പുറത്തേക്ക് ശ്രദ്ധിക്കുന്നത് .. കുറച്ചു മുന്നേ നട്ട അത്തിമരം നന്നായി വളർന്നു വലുതായിക്കണ് .. പേരക്ക മരം നിറയെ പേരക്ക ഉണ്ട് പക്ഷെ പാതിയും കിളി കൊത്തിയിരിക്കുന്നു .. എന്നാലും ഞാൻ എന്തേ കാണാഞ്ഞത് എന്നാലോചിച്ചപ്പോ മനസ്സ് പറയുവാ വല്ലപ്പോഴും ഒന്ന് ഫോണിന്ന് കണ്ണെടുത്തു പുറത്തോട്ട് നോക്കണമെന്ന് ..

വെറുതെ ഇരുന്നാൽ ആണേൽ മുടിഞ്ഞ വിശപ്പ് ആണ് .. ഭക്ഷണം കഴിക്കാൻ ഇരുന്നിട്ടും ഒരു രസമില്ല .. എന്നും ഒരു കയ്യിൽ ഫോണും പിടിച്ചോണ്ട് ഭക്ഷണം കഴിച്ചു ശീലമായത് കൊണ്ടാവാം .. പാതി കഴിച്ചു എണീറ്റ് പോയി ..

കുറെ നേരം വെറുതെ ഇരുന്നു .. പിന്നെ പറമ്പിലൊക്കെ ഒന്ന് നടന്നു ചുമ്മാ ഇരുന്ന വാഴയുടെ കൈ വെട്ടി മാറ്റി അവിടെ ഇവിടെ ഉണ്ടായ തെങ്ങിനും മാവിനുമൊക്കെ വെട്ടുകത്തികൊണ്ട് നാല് വെട്ടും കൊടുത്തു കുറെ നേരം ആയെന്ന് കരുതി വീട്ടിൽ കേറിയപ്പോൾ അരമണിക്കൂർ ആയതേ ഉള്ളൂ ..

ഫോണുള്ളപ്പോൾ ഇരുപത്തിനാല് മണിക്കൂർ തികയാതെ തോന്നിയിട്ടുണ്ട് .. ഇതിപ്പോ അരമണിക്കൂർ ചിലവഴിക്കാൻ എന്തൊരു കഷ്ടമാണ് .. ഒന്നുറങ്ങാമെന്നു വെച്ചാൽ അതും ഫോണില്ലാതെ പറ്റില്ല കുറെ നേരം കിടന്നുകൊണ്ട് ഫോൺ നോക്കി വല്ല പാട്ടും കേട്ട് ഉറങ്ങി ശീലിച്ചതുകൊണ്ട് കിടക്കയിൽ കിടന്നു ഉരുണ്ടുമറിഞ്ഞു നോക്കി ഉറക്കം വരുന്നില്ല …

അവസാനം ഞാൻ ഒന്നും നോകീല റഫീഖിന്റെ കടയിൽ പോയി എന്റെ ഫോൺ തിരിച്ചു വാങ്ങി വീട്ടിലേക്ക് പോന്നു ….അത് വാങ്ങി പോക്കറ്റിൽ ഇട്ടപ്പോഴാണ് എനിക്ക് എന്റെ ജീവൻ തിരിച്ചു കിട്ടിയത് ..

ഫോൺ കിട്ടിയ സ്ഥിതിക്ക് ഇനി ബാക്കി എഴുതാൻ നേരമില്ല .. നിർത്തുന്നു ..

nb: കോമഡി സ്റ്റോക് തീർന്നതുകൊണ്ട് വെറുതെ ഇരുന്നത് എന്നാ പിന്നെ എന്തേലും തട്ടിക്കൂട്ടി ഇവിടെ ഇടാം എന്ന് കരുതി .. ഇങ്ങള് ആ ലഡ്ഡുവിന് ലവ് വെച്ച ഇമോജി എങ്കിലും ഇടണേ ..

സൽമാൻ