അവിഹിതം…
എഴുത്ത്:-സൽമാൻ സാലി
കുറച്ചു നാളായി അവളുടെ പെരുമാറ്റത്തിൽ ഒരു മാറ്റം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്.. എപ്പോഴു ഓഫീസിൽ നിന്നും ഞാൻ വരുന്നത് കാണുമ്പോൾ തന്നെ എന്റെ അടുത്തേക് ഓടി വരുന്ന അവൾ ഇപ്പോൾ എന്തോ എന്നെ കണ്ട ഭാവം പോലും നടിക്കുന്നില്ല..
എപ്പോഴും എന്നെ തൊട്ട് തലോടി കൊണ്ടിരിക്കുന്നവൾ ഇപ്പോൾ വേറെ ഏതോ സ്വപ്നലോകത്തെന്നപോലെ മാറി നിൽക്കാൻ തുടങ്ങിയത് മുതൽ ഞാൻ അവളെ നോട്ട് ചെയ്തതാണ്.. ഇനി വല്ല ചുറ്റികളിയും ആണോ.. എന്നിലെ സദാചാരൻ ഉണർന്നു.. അവളെ വീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…
ഈയിടെ അവളിൽ മാറ്റങ്ങൾ വരാൻ തുടങ്ങി ആദ്യമാദ്യം പുറത്തിറങ്ങി നടക്കുന്ന അവൾ ഇപ്പോൾ വീടിനുള്ളിൽ തന്നെ അടങ്ങി കൂടാൻ തുടങ്ങി.. ഒരു ദിവസം ദൂരെ നിന്നും അവളെ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത് അവൾ ഒന്ന് തടിവെച്ചിരിക്കുന്നു.. വയർ അല്പം വീർത്തു തുടങ്ങിയത് കണ്ടപ്പോൾ എനിക്ക് ബോധ്യം ആയി.. അതെ അവൾ ഗർഭിണി ആയിരിക്കുന്നു..
പക്ഷെ അപ്പോഴും ഒരു സംശയം ആരാണ് ഈ പണി അവളിൽ ഒപ്പിച്ചത്.. ഏതായാലും കണ്ടുപിടിച്ചിട്ട് തന്നെ കാര്യം.. പിറ്റേ ദിവസം ഞായറാഴ്ച ആയതുകൊണ്ട് തന്നെ അവളെ നിരീക്ഷിക്കാൻ തീരുമാനിച്ചു…
പൊതുവെ മാറ്റമൊന്നും ഇല്ല ഞാൻ ഭക്ഷണം കഴിച്ചു ഉമ്മറത്തിരുന്നു ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അവൾ എണീറ്റു അടുക്കളഭാഗത്തേക്ക് പോയി. ഞാൻ കണ്ടതായി നടിക്കാതെ അവൾ പോയ ഉടനെ വീടിന്റെ ടെറസിലേക് കയറി ചുറ്റും വീക്ഷിക്കാൻ തുടങ്ങി…
അവൾ പിന്നിലെ പറമ്പിൽ കൂടി അപ്പുറത്തെ വീട്ടിലെ മതിലിനടുത്തു പോയി ചുറ്റും ഒന്ന് നോക്കി എന്നിട്ട് എന്തോ ശബ്ദം ഉണ്ടാക്കി..
എന്നിൽ ആകാംഷ വര്ധിച്ചുകൊണ്ടിരുന്നു.. അടുത്ത നിമിഷം എന്താണ് നടക്കാൻ പോകുന്നത് എന്ന് ഞാൻ മനസ്സിൽ എന്ത് കരുതിയോ അത് തന്നെ സംഭവിച്ചു മതിലിനപ്പുറത്തുനിന്നും ഒരു തല പതിയെ പൊങ്ങി വന്നു… യെസ്.. ഞാൻ മനസ്സിൽ പറഞ്ഞു അതെ.. ഞാൻ കണ്ടുപിടിച്ചിരിക്കുന്നു അവളുടെ മാറ്റത്തിന് കാരണക്കാരൻ അവളുടെ ഗർഭത്തിന് ഉത്തരവാദിയായ അടുത്ത വീട്ടിലെ കണ്ടൻ പൂച്ചയെ ഞാൻ ഒന്നൂടെ നോക്കി.. എന്നിട്ട് ഞാൻ അവളെ വിളിച്ചു
“”ഡീ മണിക്കുട്ടീ…
പെട്ടെന്ന് തിരിഞ്ഞു മുകളിലേക്കു നോക്കിയ മണിക്കുട്ടി എന്നെ കണ്ടതും ഓടി വീടിനുള്ളിലേക് വന്നു..
താഴെ ഇറങ്ങി ഉമ്മറത്തെ കോലായിൽ ഒന്നും അറിയാത്തപോലെ ഭാവിച്ചു നിൽക്കുന്ന മണികുട്ടിയെ കണ്ടപ്പോൾ എനിക്ക് ചിരിവന്നു.ഞാൻ അവളോടായി പറഞ്ഞു.
“” ഡീ ഇനി തട്ടുമ്പുറത് പെറ്റ് പെരുകുന്നതൊക്കെ കൊള്ളാം തിന്നാനുള്ളത് ആ കണ്ടൻ പൂച്ചയോട് തന്നെ തരാൻ പറയണം..
മ്യാവു എന്നും പറഞ്ഞു അവൾ അപ്പുറത്തേക്ക് ഓടി പോയി…….