വീട്ടുകാരുടെ മുമ്പിലും ഫങ്ഷനുകളിലും ഒക്കെ ഇവള് പക്കാ ഡീസന്റ്. പേര് ആരേലും ചോദിച്ചാൽ അതിനു പോലും റിപ്ലൈ തരില്ല പക്ഷേ…..

സൗഹൃദം

Story written by Sumayya Beegum T A .

ഇതിപ്പോ നന്നായീ കുറച്ചൂടെ കഴിഞ്ഞു പറഞ്ഞാൽ മതിയാരുന്നല്ലോ എന്തേ നേരത്തെയാക്കി ?

ഇഞ്ചി കടിച്ച കുരങ്ങിനെപോലെ ഒറ്റ നോട്ടത്തിൽ തോന്നും എങ്കിലും വേണേൽ മതി എനിക്കൊരു നിർബന്ധവുമില്ല എന്ന മട്ടിൽ ഫാനിലേക്കു കണ്ണും നട്ടിരിക്കുന്ന അവളെ കണ്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു.

അടുത്ത സ്റ്റെപ് ഒരു വടിയെടുക്കുക ആ വടിയുടെ മുമ്പിൽ അവളും പുറകിൽ ഞാനും ഒരു ടോം ആൻഡ് ജെറി എപ്പിസോഡ് തീർക്കുക. ലാസ്റ്റ് കയ്യിൽ കിട്ടുമ്പോൾ സാക്ഷാൽ ജെറിയെപോലെ അവൾ രക്ഷപ്പെടുക എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ കാറിക്കൊണ്ടാണ്. ഇതുകേൾക്കേ വീട്ടിലുള്ള മുതിർന്നവർ വഴി അവൾക്കു തലോടൽ സ്വാന്തനം എനിക്കു ഒരു കൂർത്ത നോട്ടവും.

മിനക്കിടാൻ വയ്യ സോ വർധിച്ചുവന്ന കോപത്തെ ക്ഷമ ആട്ടിന്സൂപിന്റെ ഗുണം ചെയ്യും എന്ന ചൊല്ല് അവർത്തിച്ചുറപ്പിച്ചു അടക്കി.

ചില സമയങ്ങളിൽ എനിക്കു തന്നെ തോന്നാറുണ്ട് എന്റെ മോന്റെ കാലിൽ സ്പ്രിങ് ആണ് വെച്ചിട്ടുള്ളതെന്നു ലവന് ഫുൾ ടൈം ചാടണം ഓടണം. ഇത്തിരി ഉള്ള അവന്റെ ഒത്തിരി വലിയ തോന്ന്യാസങ്ങൾക്കു പുറകെ പാഞ്ഞു അനങ്ങാൻ കൂടി വയ്യാതിരിക്കുമ്പോൾ ഇനി ഒരു ടോം ആൻഡ് ജെറി എപ്പിസോഡ് അവന്റെ ചേച്ചിയായ ഇവളുമായി നടക്കില്ല മക്കളെ നടക്കില്ല.

ഇനി കാര്യം എന്താന്നു പറഞ്ഞു തരാം ?എന്റെ കടിഞ്ഞൂൽ പുത്രി ലവള് ഒന്നിലാണ് ക്ലാസ്സിൽ സംസാരമെന്നു പറഞ്ഞു ടീച്ചേർസ് മിക്കവാറും എഴുനേൽപ്പിച്ചു നിർത്തും. ഞാൻ കാര്യമാക്കാറില്ല മത്തൻ കു ത്തിയാൽ കുമ്പളം മുളക്കാറില്ല. അതങ്ങനെ ഇരിക്കട്ടെ പക്ഷേങ്കിൽ ആവശ്യമുള്ള ഒരു കാര്യത്തിനും അവളുടെ നാവു അനങ്ങില്ല.

വീട്ടുകാരുടെ മുമ്പിലും ഫങ്ഷനുകളിലും ഒക്കെ ഇവള് പക്കാ ഡീസന്റ്. പേര് ആരേലും ചോദിച്ചാൽ അതിനു പോലും റിപ്ലൈ തരില്ല പക്ഷേ സോഡാകുപ്പി പോലെ തല തെറിച്ച ഇവളുടെ അത്രേം ഉള്ള എതേലും ഒന്നിനെ കണ്ടാൽ മതി ഇവള് പുലിയാവും അത് മുതിർന്നവർക്കും അറിയില്ല.

ഇവൾ വീട്ടിൽ വന്നു അധികമൊന്നും സംസാരിക്കാത്തതുകൊണ്ടു തീർന്നു പോയ ടൂത്തപേസ്റ്റിന്റെ കവറിൽ നിന്നും പേസ്റ്റ് എടുക്കുന്ന പോലെ മണിക്കൂറുകൾ കഷ്ടപ്പെട്ടാണ് ഞാൻ ന്യൂസ്‌ പിടിക്കുന്നത്.

ഇന്ന് ഇവൾ ഇതുവരെ പറയാത്ത ഒരു വർക്ക്‌ നാളെ ഇവൾക്ക് സബ്മിറ്റ് ചെയ്യണമെന്ന് അമ്മമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഞാൻ അറിയുന്നു . പറഞ്ഞിട്ട് ഒന്ന് രണ്ടു ദിവസായി പ്രൊജക്റ്റ്‌ ആണ് അബാക്കസ് ഉണ്ടാക്കണം. ഇവൾ ഇതുവരെ മിണ്ടിയിട്ടില്ല.

കേട്ടപ്പോൾ തലചുറ്റുന്ന പോലെയോ വേറെ എന്തൊക്കെയോ പോലെയോ തോന്നി കേൾക്കുമ്പോൾ നിസാരം എങ്കിലും ഓൾടെ ഫസ്റ്റ് ടാസ്ക് ആണ്. ഇപ്പോൾ ടൈം രാത്രി 8. 30, മോൻ അന്നത്തെ കലാപരിപാടികളോട് ബൈ പറഞ്ഞു കലാശക്കൊട്ടിനിറങ്ങുന്നു. ആ സമയത്തു കുഞ്ഞിനെ മേയ്ക്കാൻ ഇത്തിരി പാടാണ് നിർബന്ധം വാശി കരച്ചിൽ. പിന്നെ ഉറങ്ങിക്കൊള്ളും.

ഇതിപ്പോ എവിടുന്നു കൊണ്ടുവരും ഈ പ്രൊജക്റ്റ്‌ ചെയ്യാനുള്ള സാധനാ സാമഗ്രികൾ. വണ്ടി ഉണ്ടേലും ഡ്രൈവിംഗ് അറിയില്ല. ന്റെ സ്വഭാവം നന്നായി അറിയാവുന്ന കൊണ്ടു ആങ്ങള സഹോ എന്നെ ഒരല്പം ഗ്രാമപ്രദേശത്തേക്കാണ് അനുഗ്രഹിച്ചു വിട്ടത്.അതിനവൻ പറഞ്ഞ ന്യായം നീ എന്തേലും കാരണത്താൽ ഭർത്താവിനോട് പിണങ്ങി എന്നിരിക്കട്ടെ ഈ കാടും മലയും താണ്ടി ബസ് സ്റ്റോപ്പിൽ എത്തുന്ന ടൈം വരെ നിനക്ക് ആലോചിക്കാൻ ടൈം കിട്ടും ശരിയോ തെറ്റോ എന്ന്. ഇത്രയും ബുദ്ധിമാനായ ദീർഘ ദർശിയായ ഒരു ആങ്ങള നിങ്ങൾ കല്യാണം കഴിക്കാത്തവർക്കുണ്ടെൽ ചുമ്മാ സൂക്ഷിച്ചോളിൻ.

മ്മടെ കെട്യോന് കടയിൽ നിന്നും ഇറങ്ങാൻ പറ്റില്ല തിരക്കാവും മൂപ്പരുടെ തിരക്കു കഴിയുമ്പോൾ ലേഡീസ് സ്റ്റോർ, സൂപ്പർ മാർക്കറ്റ് ഒക്കെ അടയ്ക്കും പിന്നെ എങ്ങനെ തെർമോക്കോൾ ഉൾപ്പെടെ ഉള്ള സാധനങ്ങൾ വാങ്ങും. കുറച്ചു മാറിയുള്ള തറവാട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോൾ തെർമോകോൾ ഉണ്ട് ഇങ്ങു പോരാൻ പറഞ്ഞു.

പോകേണ്ടത് ഒരു ഇടവഴിയിൽ കൂടിയാണ് ഒരൊറ്റ വഴിവിളക്ക് പോലും ഇല്ലാത്ത അപലക്ഷണം പിടിച്ച ഏരിയ പോരാത്തതിന് നിറം പിടിപ്പിച്ച ഒത്തിരി കഥകളും. അച്ഛനെ കൂട്ടുപിടിച്ചു മോളുമായി ടോർച്ചെടുത്തു പോകാനിറങ്ങി . നമ്മുടെ കുസൃതിയെ അമ്മയെ ഏല്പിച്ചു.

നല്ല പേടി ഉണ്ടെങ്കിലും അതുമാറാനായി നേരത്തെ ഇതൊന്നും പറയാതിരുന്ന മകളെ വാതോരാതെ ശാസിച്ചു വീടെത്തി. പിന്നെ മാലകൾ പൊട്ടിച്ചു മുത്തെടുക്കലായി, തെർമോകോൾ മുറിക്കലായി തെങ്ങു ചോട്ടിൽ ചെന്നു ഈർക്കിൽ എടുക്കലായി ജഗപൊഗ. കൊച്ചച്ചന്റെ മക്കളുടെ നിസ്വാർത്ഥ സഹകരണം കൊണ്ടു ഇതങ്ങു പുരോഗമിക്കവേ മ്മടെ ഫോൺ ചിലക്കാൻ തുടങ്ങി. അറിയാത്ത നമ്പർ. തൊട്ടുമുമ്പിൽ ഇരിക്കുന്ന അച്ഛനെയും കൊച്ചച്ചന്റെ ഭാര്യയേയും ഒക്കെ നോക്കി ഞാൻ ഫോൺ എടുത്തു.

സുമയ്യ അല്ലെ ?ന്നെ മനസിലായോ? എന്നൊക്കെ ആണ് ചോദിക്കുന്നത്.

സൗണ്ട് കേട്ടിട്ടു നിക്ക് ഒട്ടു മനസിലാവുന്നുമില്ല.

സ്ലാങ് ഒക്കെ വടക്കൻ ജില്ലക്കാരുടെ.

അബാക്കസ് ഉണ്ടാക്കാൻ നോക്കിയിട്ട് ഈർക്കിൽ ഒടിഞ്ഞുപോകുകയും മുത്തുകൾ പല കളർ കിട്ടാതെ വരുകയും ഉറക്കം വന്നു ഭ്രാന്ത് പിടിക്കുകയും ചെയ്യുന്ന അവസ്ഥയിൽ എനിക്കു കണ്ട്രോൾ പോയി. ന്റെ ശബ്ദം പരുക്കനായി.

ആരാന്നു പറ ഇല്ലേ പിന്നെ വിളിക്കു ഞാൻ സ്വല്പം തിരക്കിലാണ് എന്ന് പറഞ്ഞു.

അപ്പൊ മ്മടെ കിളി വീണ്ടും കൊഞ്ചുകയാണ്.

ആരാന്നു കണ്ടുപിടിക്കു എന്നൊക്കെ പറഞ്ഞു.

ഇതിപ്പോ പുര കത്തുമ്പോൾ ഞാൻ വാഴ വെട്ടുന്ന പോലെ എനിക്കു ചുറ്റും ഉള്ള പട എനിക്കിട്ടു തന്നെ നോക്കി ഇരിക്കുന്നത് കൊണ്ടു കൂടുതൽ ഒന്നും ചോദിക്കാതെ ഞാൻ അതങ്ങു കട്ട്‌ ചെയ്തു.

പിന്നെ അതേപ്പറ്റി ഓർത്തെ ഇല്ല. ഇന്ന് ഉച്ചവരെ. ഉച്ചക്ക് മോനുമായി ഇരുന്നപ്പോൾ തോന്നി ആ നമ്പർ കണ്ടുപിടിക്കണം എന്ന് ആ ടൈമിൽ തന്നെ നോട്ടിഫിക്കേഷൻ വരുന്നു മ്മടെ ടൈം ലൈനിൽ മ്മക്ക് fb വഴി കിട്ടിയ ഒരു ചങ്കത്തി എന്തോ പോസ്റ്റിയിട്ടുണ്ട് എന്ന് നോക്കിയപ്പോൾ പോസ്റ്റ്‌ അന്നത്തെ ഫോൺ കാൾ കഥ ആണ്, അപ്പൊ കക്ഷി ലവള് ആരുന്നു.

സത്യം പറയാല്ലോ ഈ fb സൗഹൃദങ്ങളിൽ എനിക്കു യാതൊരു വിശ്വാസവും ഇല്ല എന്നുമാത്രല്ല ഒത്തിരി പേടികളും ഉണ്ട്. ഒരു പെൺകുട്ടി ഇത്തയെ എന്ന് പറഞ്ഞു ഇടിച്ചു കേറി മ്മടെ ഖൽബിൽ ഇരുന്നു ഓൾടെ ഫോട്ടോ ഒക്കെ ഇൻബോക്സിൽ ഇട്ടു തന്നു കൂടെപ്പിറപ്പായി കൂടെ കൂടി. എന്നിട്ട് പെട്ടന്ന് മാഞ്ഞു. എവിടെ എന്ന് ചോദിച്ചാൽ അറിയില്ല.ഒത്തിരി വിഷമം തോന്നി തൂലികയിൽ ആയിരം ലൈക്കിൽ കൂടുതൽ വാങ്ങിയിരുന്ന കഥകൾ എഴുതിയിരുന്ന അവളെ കാണാണ്ട് വന്നപ്പോൾ. പക്ഷേ ആരോടു ചോദിക്കാൻ എവിടെ അന്വേഷിക്കാൻ. ഇത്രയും ഉള്ളു മഴവിൽ പോലെ മറഞ്ഞു പോകുന്ന സൗഹൃദങ്ങൾ.

അങ്ങനെ ഓർത്തൊക്കെ ഇരിക്കുമ്പോൾ ആണ് ഇവളെ കിട്ടുന്നത് മ്മടെ ഫോൺ കാൾ കൂട്ടുകാരി. അവളെ പറ്റി എന്താ പറയുക ആർത്തലച്ചു പെയ്ത സങ്കടപ്പെരുമഴയിൽ ഒരു ജന്മം മൊത്തം ഒറ്റയ്ക്ക് തുഴയേണ്ടവൾ. കടലോളം സങ്കടങ്ങളെ കനവുകളാക്കാൻ ജീവിതം ഹോമിച്ചവൾ, ഞാൻ അറിഞ്ഞതിലേക്കും സഹനത്തിന്റെ പര്യായം. എന്തോ ഞാൻ തൂലികയിൽ അവളുടെ കഥ വായിച്ചു ഇൻബോക്സിൽ ചെല്ലുക ആരുന്നു. അത്രക്ക് ഇഷ്ടായി അവളിലെ അമ്മയെ.

ഫേസ് ബുക്കും, മൊബൈലും വരുന്നതിനു മുമ്പ് കത്തുകളിലൂടെ ചങ്കായ മ്മടെ സുജാനയുടെ കൂടെ പുതിയ ആളെയും കൂട്ടി.

ഒരു whtsup ഗ്രൂപ്പ്‌ ഉണ്ടാക്കി അതവളുടെ ആവശ്യം ആരുന്നു അങ്ങനെ നേരിൽ കാണാത്ത ഒരാൾക്ക് ആദ്യായി എന്റെ നമ്പർ കിട്ടി. എന്നിട്ടും ഞാൻ അറിഞ്ഞില്ല അവൾക്കു ഞാൻ ആരെന്നു. കണ്ണീരും ഇച്ഛാശക്തിയും ഇഴപിരിച്ച അവളുടെ വരികൾ അനേകർ ഇഷ്ടപെടുമ്പോൾ അവൾ എനിക്കായി ഒരിടം സൂക്ഷിച്ചു വെക്കും എന്നൊന്നും ഓർത്തില്ല. അതുകൊണ്ട് തന്നെ ആ നമ്പർ സേവ് ചെയ്യുകയോ ഒരു തവണ പോലും വിളിക്കുകയോ ചെയ്തില്ല.

ഇടക്കിടെ msg അയച്ചു സമാധാനിപ്പിക്കുമ്പോൾ അവളുടെ നൊമ്പരങ്ങൾ കരൾ പിളർക്കുമ്പോൾ ഒക്കെ പ്രാർത്ഥനയോടെ കാത്തിരുന്നു റബ്ബ് അവളെ അനുഗ്രഹിക്കുന്ന ദിവസങ്ങൾ സ്വപ്നം കണ്ട്.

ആ അവൾ വിളിച്ചിട്ടാണ് ഞാൻ മൈൻഡ് ചെയ്യാതിരുന്നത്.

ജീവിതത്തിൽ ഇത്രയും സർപ്രൈസ് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. അത്രക്ക് അവളെനിക് പ്രിയപ്പെട്ടതാണ്. മക്കളുടെ ബഹളത്തിനിടയിൽ ഞാൻ ആ നമ്പറിലേക്ക് ഡയല് ചെയ്തു. അവൾ എടുത്തു ആദ്യം ഇത്തിരി കുറുമ്പ് കാട്ടിയെങ്കിലും അവൾ ന്റെ ചങ്കായി ഒത്തിരി സംസാരിച്ചു. അവളുടെ പൊന്നുമോളുടെ വിശേഷങ്ങൾ, വയ്യാത്ത മോൾക്കായി ഓടി തീർക്കുമ്പോൾ ഇളയകുഞ്ഞിനു നൽകാൻ പറ്റാതെ വരുന്ന മാതൃവാത്സല്യത്തിന്റെ നെടുവീർപ്പുകൾ, പ്രിയതമൻ അടുത്തില്ല എന്ന നിസഹായത അങ്ങനെ എല്ലാം

. ഈ സമയം ഒക്കെ എഴുതിയാൽ തീരാത്ത വികൃതികളുമായി എന്റെ മകൻ ആസ്വദിച്ചു. അവസാനം ബോറടിച്ചു തുടങ്ങി എന്ന് തോന്നുന്നു അവൻ ഒരു വല്യ ജാർ മാങ്ങാ ഉപ്പിലിട്ടത് താങ്ങി എടുത്തു മേശമേൽ വെച്ചു സച്ചിൻ അടിക്കുന്ന പോലൊരു സിക്സ്. ദാണ്ടെ കിടക്കുന്നു അടപ്പു തുറന്നു കിച്ചണിൽ മൊത്തം ഉപ്പുവെള്ളം വിത്ത്‌ മാങ്ങ. ന്നെ സഹായിക്കാനായി ചേച്ചിപ്പെണ്ണ് അത് പെറുക്കാൻ തുടങ്ങിയപ്പോൾ കളി കാര്യമാകും എന്ന് മനസിലായി ഞാൻ എന്റെ കൂട്ടുകാരിയോട് ബൈ പറഞ്ഞു. ഇല്ലെങ്കിൽ ടൈലിൽ തെന്നി രണ്ടാളും തലപൊട്ടിക്കും.

അരമണിക്കൂർ എടുത്തു തറ ക്ലീൻ ചെയുമ്പോളും കാതിൽ അവളുടെ സ്വരം ആയിരുന്നു അതോണ്ട് തന്നെ മക്കളോട് ഇത്തവണ ദേഷ്യം തോന്നിയില്ല എന്ന് മാത്രല്ല ഒരു പുഞ്ചിരി ചുണ്ടിൽ നിറഞ്ഞു. ആത്മാർത്ഥ സൗഹൃദത്തിന്റ കൂട്ടുകാരി എന്ന പദത്തിന്റെ പരസ്പരമുള്ള കരുതലിന്റെ..

എന്റെ തൂലികയെ ഒത്തിരി നന്ദിയുണ്ട് അവളെപ്പോലൊരാളെ എനിക്കും സുജാനക്കും നൽകിയതിൽ. എണ്ണമറ്റ അവളുടെ പ്രയാസങ്ങളിൽ വാക്കുകൾ കൊണ്ടെങ്കിലും അവൾക്കൊരു താങ്ങാവാൻ കഴിഞ്ഞതിൽ.

ഒത്തിരി നന്ദിയോടെ സുമയ്യ…